2026 ഏപ്രിൽ 14, ചൊവ്വാഴ്ച

The Divine Mercy

ലഘുനാടകം:
കഥാപാത്രങ്ങൾ:
1. ആൻ്റോ: ലഹരിക്കടിമയായ യുവാവ്.
2. ​രാഹുൽ: പ്രണയനൈരാശ്യവും ജീവിതഭയവുമായി കഴിയുന്ന യുവാവ്.
3. ​ആനി: ഐ.ടി. പ്രൊഫഷണൽ, മാനസികസമ്മർദ്ദത്തിൽ കഴിയുന്ന യുവതി.
4. ​ജ്യോതി: സോഷ്യൽമീഡിയ ലോകത്ത് ജീവിക്കുന്ന യുവതി.
5. ​വിനോദ്: ലഹരിക്കടിമയായ യുവാവ്.
6. ​അദ്ധ്യാപകൻ: പഴയ മതബോധനാദ്ധ്യാപകൻ.
7. ​ക്രിസ്തുരാജൻ: കുരിശടിയിലെ രൂപം (യഥാർത്ഥക്രിസ്തുവായി മാറുന്നു).

​രംഗം 1: കവലയിലെ കുരിശടി

​(രാത്രിയുടെ നിശബ്ദതയിലേക്ക്, ചീവീടുകളുടെ ശബ്ദം, നായ്ക്കളുടെ കുര, അകലെ വാഹനങ്ങൾ പോകുന്ന ശബ്ദം തുടങ്ങിയവ ഇടയ്ക്കു കടന്നുവരുന്നു. മങ്ങിയ വെളിച്ചത്തിൽ കുരിശടിയിലെ ക്രിസ്തുരാജൻ്റെ രൂപം തെളിഞ്ഞു നിൽക്കുന്നു. ആൻ്റോയും രാഹുലും അവിടെ ഇരിക്കുന്നു.)

​ആൻ്റോ: എടാ രാഹുലേ... സൺഡേ സ്കൂളിലൊക്കെ പോയിരുന്നപ്പോൾ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാൽ വലിയ സ്വാതന്ത്ര്യം കിട്ടുമെന്നാ കരുതിയത്. പക്ഷേ ഇതിപ്പോ...

ജീവിതത്തെ  ശരിക്കും പേടിച്ചുതുടങ്ങി… എന്തിനെന്നില്ലാത്ത ഒരു പേടി!

​രാഹുൽ: (വേദനയോടെ ചിരിക്കുന്നു) 
പേടിയോ... എനിക്ക്.... ഉള്ളിലൊക്കെ ശൂന്യതയാടാ. 
എല്ലാം ഇരുട്ടിലാണ്.... മൂന്നുകൊല്ലം, കൂടെ നടന്നവളാ... 

ഇന്നു വൈകുന്നേരം ഒറ്റ മെസ്സേജ്, "It’s over" എന്ന്! എടാ, ദൈവമുണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കുമോ? ദൈവമുണ്ടെങ്കിൽ ഈ ചതിയൊക്കെ നോക്കി വെറുതെ നിൽക്കുമോ?

​ആൻ്റോ: (പോക്കറ്റിൽനിന്ന് ഒരു ചെറിയ പാക്കറ്റ് പുറത്തെടുക്കുന്നു) 

ദൈവത്തിൻ്റെ പുറകേ നടന്ന് സമയം കളയണ്ട. ഇതാ... ഇത് ഒരെണ്ണം എടുത്താൽ മതി. നിൻ്റെ ലോകം അങ്ങ് ഓഫ് ആകും. പിന്നെ വേദനയില്ല, നിരാശയില്ല... ഒന്നുമില്ല!

​(ഈ സമയം കുരിശടിയിലെ സ്റ്റാച്യൂവിൽ ഒരു പ്രകാശമാറ്റം സംഭവിക്കുന്നു.  സ്റ്റാച്യൂ വിറയ്ക്കുന്നതുപോലെ തോന്നണം.)

​(വെളിച്ചം മങ്ങിത്തെളിയുമ്പോൾ ആനി തൻ്റെ സ്കൂട്ടർ സ്റ്റേജിനു മുമ്പിൽ നിറുത്തി സ്റ്റേജിലേക്കു കയറി വരുന്നു. അവൾ ക്ഷീണിതയാണ്.)

​ആനി: ഹേയ്… നിങ്ങൾ ഇവിടെയിരിക്കുന്നോ!
എത്ര നാളായെടാ നിങ്ങളെയൊക്കെ കണ്ടിട്ട്…

​ആൻ്റോ: (പരിഹാസത്തോടെ) ഓ... ഐടി സിറ്റിയിലെ വലിയ എഞ്ചിനീയർ എത്തിയല്ലോ! ലക്ഷങ്ങൾ ശമ്പളം, എ.സി. റൂം... നീയിപ്പോ കോസ്റ്റ്ലിയായ ലൈഫ് എൻജോയ് ചെയ്യുകയല്ലേ? പിന്നെ ഞങ്ങളെയൊക്കെ എങ്ങനെ കാണാനാണ്?

​ആനി: (നെടുവീർപ്പോടെ) ജോലിയും ശമ്പളവുമുണ്ട് ആൻ്റോ... പക്ഷേ സമാധാനമില്ല. ഉറക്കഗുളിക കഴിച്ചാൽപ്പോലും ഉറങ്ങാൻപറ്റാത്ത അവസ്ഥയാണ. ടാർഗറ്റ്, മീറ്റിംഗ്, സ്ട്രെസ്സ്... ഒരു യന്ത്രത്തെപ്പോലെ ഓടുകയാ. എന്തിനാ ഓടുന്നതെന്നുപോലും എനിക്കറിയില്ല.

​(ദ്രുതതാളത്തിലുള്ള റീൽസ് മ്യൂസിക്. ഒരു വശത്തുനിന്ന് ജ്യോതി ഫോണുമായി പ്രവേശിക്കുന്നു. അവൾ റീൽസ് ഷൂട്ട് ചെയ്യുകയാണ്.)

​ജ്യോതി: (ഫോണിലേക്ക് നോക്കി) "Hi Guys എല്ലാരുമുണ്ടല്ലോ! ഞാൻ നൈറ്റ് ലൈഫിനെക്കുറിച്ച് ഒരു റീൽസെടുക്കാനിറങ്ങിയതാ...! 

അപ്പോ ഇന്നു നമ്മൾ നമ്മുടെ അരാശുപുരത്തെത്തിയിരിക്കുന്നു. അരാശുപുരം ജംഗ്ഷനിലെ നൈറ്റ് വൈബ്സ് ആണ് ഇപ്പോൾ നമ്മൾ എക്സ്പ്ലോർ ചെയ്യുന്നത്..." 

രാഹുൽ: (ദേഷ്യത്തോടെ) പോടീ അവളുടെ ഒരു റീൽസ്! ജീവിതം കൈവിട്ടു നിക്കുമ്പോളാണ്.... നിനക്കു ലൈക്കും ഷെയറും മതിയല്ലോ! വാരിക്കൂട്ടി പുഴുങ്ങിത്തിന്നാം!

ജ്യോതി: ഹേയ് രാഹുൽ! ദേഷ്യപ്പെടാതെ! ദിസ് ഈസെ പെർഫെക്റ്റ് ടൈമിംഗ്. നമുക്കൊരു റീൽ എടുക്കാം. "Night vibes with old friends!" വാടാ, വാ...  ആനീ, എല്ലാവരും ഒന്നു ചിരിക്ക്!
(​വെളിച്ചം മങ്ങിത്തെളിയുന്നു.)


​(വിനോദ് ആടിയാടി കടന്നുവരുന്നു. അവൻ്റെ വേഷവിധാനം അലക്ഷ്യമാണ്.)

​വിനോദ്: എടാ ആൻ്റോ... സാധനം ഉണ്ടോടാ? ഒന്ന് സെറ്റാക്ക്... തല പൊട്ടിപ്പോകുന്നു.

(ലൈറ്റ് ചെറുതായി ഡിം, mood shift)

​മീര: വിനോദേ... നീ... നീ എന്താ ഇങ്ങനെ..!  ഇത്രയും തറയായിപ്പോയോ? നമ്മുടെ കാറ്റിക്കിസം ഗ്രൂപ്പിലെ ലീഡറായിരുന്നു നീ!

​വിനോദ്: (ഉറക്കെ ചിരിക്കുന്നു) അന്ന് ഞാൻ ലീഡറായിരുന്നു, ഹീറോ! ഇന്ന് ഞാൻ സീറോ! ബിഗ് സീറോ!

പക്ഷെ ... ഞാനിപ്പോൾ ഫ്രീയാണ്! ടെൻഷനില്ല, ഭാവിയില്ല... എവിടേം തെണ്ടിത്തിരിഞ്ഞു നടക്കാം... അൾട്ടിമേറ്റ് ഫ്രീഡം! 

​(അവൻ കുരിശടിക്കു നേരെ തിരിയുന്നു.)

"കണ്ടോ, നിക്കണതു കണ്ടോ?  കർത്താവിനിവിടെ ഇങ്ങനെ സ്റ്റാച്യു ആയി നിന്നാൽപ്പോരേ? ഒന്നുമറിയേണ്ടല്ലോ!"

(സ്റ്റേജ് ഇരുണ്ടു തെളിയുന്നു.
അപ്പോൾ പഴയ കാറ്റിക്കിസം അദ്ധ്യാപകൻ അവിടേയ്ക്കു വരുന്നു.)

​അദ്ധ്യാപകൻ:(അതിശയത്തോടും സ്നേഹതോടും കൂടെ)
മക്കളെ... എത്ര കാലമായി നിങ്ങളെയൊക്കെ ഇങ്ങനെ ഒരുമിച്ചു കണ്ടിട്ട്.

​രാഹുൽ: സാറേ സ്തോത്രം; ഇനിയെങ്കിലും ഉപദേശമൊക്കെ നിറുത്തി, സാറിനൊന്നു നന്നായിക്കൂടെ?

(അദ്ധ്യാപകൻ നിശ്ശബ്ദമായി അവനെയും മറ്റുള്ള വരെയും നോക്കുന്നു)

രാഹുൽ: സാറേ... പഴയ ഉപദേശമൊന്നും ഇപ്പോ എൽക്കില്ല. ഞങ്ങളുടെ ജീവിതം ഞങ്ങളുടേതാണ്. സ്തോത്രം പറഞ്ഞ് ഇനീം ഞങ്ങളെ വെറുപ്പിക്കല്ലേ.

​അദ്ധ്യാപകൻ: (ശാന്തമായി) ഉപദേശിക്കാനല്ല മക്കളെ ഞാൻ വന്നത്. നിങ്ങൾ ഒരുപാടു മാറിപ്പോയി. പക്ഷേ ... ഈ കുരിശടി ഇപ്പോഴും മാറിയിട്ടില്ല, ക്രിസ്തുവും മാറിയിട്ടില്ല. നിങ്ങളുടെ സ്നേഹത്തിനായി നിങ്ങളെ നോക്കി നിൽക്കാൻ തുടങ്ങിയിട്ട് എത്ര നാളായി.

​ആൻ്റോ: സാറേ, പ്രാക്ടിക്കലായി ചിന്തിക്ക്. പ്രാർത്ഥിച്ചാൽ ജോലി കിട്ടുമോ? ലോൺ അടയ്ക്കാൻ കാശ് കിട്ടുമോ?

​അദ്ധ്യാപകൻ: എല്ലാം കിട്ടും. പക്ഷേ കാശുകൊണ്ടോ ജോലികൊണ്ടോ കിട്ടാത്ത ഒന്ന് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങൾ ഒരിക്കലെങ്കിലും നിങ്ങളുടെ സങ്കടം അവനോട്, ആത്മാർത്ഥതയോടെ പറഞ്ഞിട്ടുണ്ടോ? ഒരു മറുപടിക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടോ?

ജ്യോതി: ഞങ്ങൾ പ്രാർത്ഥിച്ചുമടുത്തു സാറേ...

അദ്ധ്യാപകൻ: വെറുതേ പ്രാർത്ഥിച്ചാൽ മാത്രം പോര! പ്രാർത്ഥനയും പ്രാർത്ഥനയ്ക്കൊപ്പം വിശ്വാസത്തിനു ചേർന്ന പ്രവൃത്തികളും വേണം… ക്രിസ്തുവിൻ്റെ പ്രകാശം ഹൃദയത്തിൽ നിറയുമ്പോൾ ജീവിതത്തിൽ സമാധാനവും സംതൃപ്തിയുമുണ്ടാകും. നിങ്ങൾ ഹൃദയപരമാർത്ഥതയോടെ, നിങ്ങളുടെ സങ്കടങ്ങൾ… അവനോടു പറഞ്ഞാൽ അതിനുത്തരം കിട്ടും.

​അനി: സാറേ... ഞങ്ങൾ ചോദിച്ചിട്ടുണ്ട്. പക്ഷേ ഉത്തരമൊന്നും കിട്ടിയില്ല.

​അദ്ധ്യാപകൻ: അവൻ ഉത്തരംതരികയല്ല മക്കളെ ചെയ്യുന്നത്... അവൻതന്നെയാണ് ഉത്തരം! ആ സുന്ദരമായ മുഖത്തേക്ക് ഒന്നുകൂടെ സൂക്ഷിച്ചു നോക്ക്. അവൻമാത്രമാണ്, എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമെന്ന് നിങ്ങളറിയും ...

​(അദ്ധ്യാപകൻ പതുക്കെ പിൻവാങ്ങുന്നു. ലൈറ്റുകൾ മെല്ലെ ഡിം ആകുന്നു.)


​(ആൻ്റോ ലഹരി ഉപയോഗിക്കാൻ തുടങ്ങുന്നു. പെട്ടെന്ന് ഇടിമിന്നൽപോലൊരു ശബ്ദവും എക്കോ ഇഫക്റ്റും കേൾക്കുന്നു.)

​ക്രിസ്തു (വോയിസ് ഓവർ): "മകനേ... നീ തിരയുന്നത് ഇതിലല്ല കിട്ടുന്നത്... നിനക്കു വേണ്ടത് എന്നെയാണ്."

​(എല്ലാവരും ഭയന്ന് കുരിശടിയിലേക്കു നോക്കുന്നു. പ്രകാശവലയത്തിൽ ക്രിസ്തുരാജൻ്റെ രൂപത്തിനു ജീവൻ വയ്ക്കുന്നു. ഈശോ അതിസുന്ദരമായ രൂപത്തിൽ കൈകൾ നീട്ടി താഴേക്കിറങ്ങി വരുന്നു. ഹൃദയഭാഗത്തുനിന്ന് ചെമപ്പും വെള്ളയും പ്രകാശകിരണങ്ങൾ)

​ക്രിസ്തു: (മൃദുവായ സ്വരത്തിൽ) എത്ര കാലമായി ഞാൻ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങൾ എന്നെ മറന്നു... പക്ഷേ  ഒരു നിമിഷംപോലും ഞാൻ നിങ്ങളെ മറന്നിട്ടില്ല. നിങ്ങൾ മനുഷ്യരുടെ സ്നേഹത്തിലും ജോലിയിലും ലഹരിയിലുമാണ്  തിരയുന്നത്. അവിടെ നിങ്ങൾ സമാധാനം കണ്ടെത്തുകയില്ല... നിങ്ങൾ തിരയേണ്ടത് എന്നെയാണ്. കാരണം, നിങ്ങളെ ഞാൻ സൃഷ്ടിച്ചത് എൻ്റെ സ്നേഹത്തിനുവേണ്ടിയാണ്.

എന്നിലാണ്.... എന്നിലൂടെയാണ്... നിങ്ങൾക്കു പൂർണ്ണത കൈവരുന്നത്.

​(പശ്ചാത്തലത്തിൽ "കർത്താവിൻ കരുണ..." എന്ന ഗാനം മെല്ലെ ഉയരുന്നു. യുവാക്കൾ ഓരോരുത്തരായി വിറയലോടെ മുട്ടുകുത്തുന്നു.)

​ആൻ്റോ: (ലഹരി പാക്കറ്റ് വലിച്ചെറിഞ്ഞ്)  ഈശോയേ... എൻ്റെ കർത്താവേ... എനിക്ക് .... എനിക്കു യോഗ്യതയില്ല കർത്താവേ.... ഞാൻ പാപിയാണ്...

​രാഹുൽ: എന്നെ ആരും സ്നേഹിക്കുന്നില്ലെന്നു ഞാൻ കരുതി... പക്ഷേ കർത്താവേ, നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടായിരുന്നു !  ഞാനതു തിരിച്ചറിഞ്ഞില്ല. ഞാൻ നിന്നെ സ്നേഹിച്ചില്ല.... കർത്താവേ നിൻ്റെ കരുണയ്ക്ക് ഞാൻ  അർഹനല്ലാതെ പോയല്ലോ....

​ആനി: ലോകം മുഴുവൻ നേടിയാലും… കർത്താവേ,
നിന്നെ നഷ്ടപ്പെട്ടാൽ ഒന്നുമില്ലെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു…
ഞാൻ അഹങ്കരിച്ചു…
ഞാൻ പാപിയാണേ…
എന്നെ ഒന്നു ചേർത്തുപിടിക്കണേ…
എൻ്റെ ഈ ശൂന്യത... ഇതൊന്നു മാറ്റിത്തരണേ 

​ജ്യോതി: (ഫോൺ താഴെവയ്ക്കുന്നു) ഈ ഫിൽട്ടറുകൾ ഒന്നുമില്ലാതെ... ഈശോയേ,  എനിക്കിപ്പോൾ അങ്ങയെ കാണാം.

ഈ ഫിൽട്ടറുകളെല്ലാം കള്ളമാണ്…
എൻ്റെ യഥാർത്ഥമുഖം… നീമാത്രമാണറിയുന്നത്… ഞാൻ പാപിയാണേ…
പാപിയായ എന്നെ തള്ളിക്കളയരുതേ!

​വിനോദ്: എൻ്റെ ജീവിതം ഞാൻ തന്നെ നശിപ്പിച്ചു…
എന്നെ ആരും രക്ഷിക്കില്ലെന്ന് കരുതി…
പക്ഷേ… നീ ഇപ്പോഴും എന്നെ വിളിക്കുന്നു… എൻ്റെ
ഈശോയേ…
എനിക്കിനി തിരികെവരാനാകുമോ കർത്താവേ…? 
.
​(ക്രിസ്തു ഓരോരുത്തരെയും തൊട്ടനുഗ്രഹിക്കുന്നു. പുക ഇഫക്റ്റും സ്വർണ്ണനിറത്തിലുള്ള പ്രകാശവും സ്റ്റേജ് നിറയുന്നു. എല്ലാവരും ക്രിസ്തുവിൻ്റെ പാദങ്ങളിൽ ചേർന്നു നിൽക്കുന്നു.)

ക്രിസ്തുവിൻ്റെ ശബ്ദം (വോയ്സ് ഓവർ) : മക്കളേ…
നിങ്ങൾ നിങ്ങളുടെ വീഴ്ചകൾ ഇപ്പോൾ നിങ്ങൾ തിരിച്ചറിയുന്നു... അനുതാപത്തോടെ സ്വയം പാപികളെന്ന് വിളിക്കുന്നു…
എന്നാൽ ഞാൻ നിങ്ങളെ എൻ്റെ മക്കളെന്നാണു വിളിക്കുന്നത്…
നിങ്ങളുടെ പാപത്തേക്കാൾ വലുതാണ് എൻ്റെ കരുണ…
നിങ്ങൾ എത്ര ദൂരെയായാലും… എത്ര വലിയ പാപികളായാലും
എൻ്റെ കരുണയിലാശ്രയിച്ചാൽ ഒരിക്കലും ഞാൻ നിങ്ങളെ കൈവിടില്ല!
എന്നിലേക്കു തിരികെ വരൂ…
ഞാൻ നിങ്ങളെ വിശുദ്ധിയിലേക്കു നയിക്കാം…
എൻ്റെ ഹൃദയം… നിങ്ങൾക്കായി തുറന്നിരിക്കുന്നു…

​ആൻ്റോ: (കണ്ണുനീരോടെ സദസ്സിനെ നോക്കി) ഈശോയേ…
ഞങ്ങൾ യോഗ്യരല്ല…
പക്ഷേ നിൻ്റെ കരുണ ഞങ്ങൾക്ക് മതി…
ഇനി ഞങ്ങൾ എവിടെയും പോകുന്നില്ല…
നിൻ്റെ ചാരെ മാത്രം…

​(ഗാനം പൂർണ്ണ ശബ്ദത്തിൽ മുഴങ്ങുന്നു. എല്ലാവരും ക്രിസ്തുവിനെ നോക്കി നിൽക്കേ തിരശ്ശീല വീഴുന്നു.)

രചന: ജോസ് ആറുകാട്ടി.

ഇതിൽചേർത്തിട്ടുള്ള ഗാനം 👇🏻

2026 ഏപ്രിൽ 12, ഞായറാഴ്‌ച

റീൽസ്


A nod to the original Biblical parable

സ്കിറ്റ്

✍🏻 ജോസ് ആറുകാട്ടി

കഥാപാത്രങ്ങൾ:

1. ത്രേസ്യാമ്മ: വീട്ടുടമസ്ഥ
​2. ഷൈനി: വീട്ടുജോലിക്കാരി  (ആധുനികരീതിയിലുള്ള വസ്ത്രധാരണം, എപ്പോഴും ഫോണിൽ)
3. ​ടിനു
4. മീനു,
5. മോനു
6. അപ്പു
7. അമ്മു
(ത്രേസ്യാമ്മയുടെ കൊച്ചുമക്കൾ)

​രംഗം 1: 

​(ത്രേസ്യാമ്മ മുടി ഒതുക്കിക്കൊണ്ട്  അകത്തുനിന്നു സ്വീകരണമുറിയിലേക്കുവരുന്നു, കൈയിൽ ഒരു ഹാൻഡ്ബാഗും കുടയുമുണ്ട്. കുട്ടികൾ അഞ്ചുപേരും സോഫയിലും കസേരകളിലുമായി ഇരിക്കുന്നു - പഠനം/വായന)

​ത്രേസ്യാമ്മ: "ഷൈനീ.. എടീ ഷൈനീ.. നീ എവിടെപ്പോയി കിടക്കുവാ?"

ഷൈനി: "ദാ വരുന്നു അമ്മച്ചീ..."

(ഫോണിൽ വിരൽ തോണ്ടിക്കൊണ്ടു കടന്നുവരുന്നു)

"രാവിലെയിട്ട റീൽസിനൊരു കമൻ്റു വന്നതാ. ഒരു കിടിലൻ മറുപടിയിട്ടോട്ടേ, അമ്മച്ചി.."

ത്രേസ്യാമ്മ: "നിൻ്റെയൊരു റീൽസ്! ഈ ഫോൺ നിന്നെ നശിപ്പിക്കും. ങ്ഹാ, പിന്നേ, ഇന്ന് ഇടവകപ്പള്ളീല് കൃപാസനത്തിലെ ജോസഫച്ചൻ്റെ ഏകദിനധ്യാനമുണ്ട് ഞാനതിനു പോകുവാ. വരാൻ വൈകുന്നേരമാകും."

ഷൈനി:
(നോട്ടം ഫോണിൽത്തന്നെയാണ്.) "അതിനെന്നാ അമ്മച്ചീ, അമ്മിച്ചി പോയിട്ടു വാ."

ത്രേസ്യാമ്മ: "നീയെൻ്റെ മുഖത്തേക്കൊന്നു നോക്കെടി പെണ്ണേ, ഞാൻ പറേണതു നല്ലോണം കേൾക്ക് "

(ഷൈനി അനിഷ്ടത്തോടെ ത്രേസ്യാമ്മയുടെ നേരേ നോക്കുന്നു)

ത്രേസ്യാമ്മ: "ഫ്രീസറിൽ മീനിരുപ്പുണ്ട്. അതു വെട്ടിത്തേച്ചു കറിയാക്കണം. പച്ചക്കറിയെടുത്ത് എന്തെങ്കിലും തോരനുമുണ്ടാക്ക്. പിള്ളേർക്ക് സമയത്തുതന്നെ ഭക്ഷണം കൊടുത്തേക്കണം." 

ഷൈനി: "ഓ, കൊടുക്കാമമ്മച്ചീ" (അവൾ വീണ്ടും ഫോണിലേക്കു നോക്കുന്നു.)

ത്രേസ്യാമ്മ: "ഇങ്ങോട്ടു നോക്കടീ; നീയീ കുന്ത്രാണ്ടത്തേൽ കുത്തിക്കൊണ്ടിരുന്നാൽപ്പോര, പിള്ളേരു പഠിക്കണൊണ്ടോന്നും നോക്കണം. പിന്നെ ആ മുറീൽക്കെടക്കണ തുണിയെല്ലാം വാഷിംഗ് മെഷീനിലിട്ടലക്കി, അഴേൽ വിരിക്കണം"

ഷൈനി: "അതൊക്കെ ഞാൻ നോക്കിക്കോളാം. അമ്മച്ചി ധൈര്യമായിട്ട് പോയി ധ്യാനം കൂട്.

ത്രേസ്യാമ്മ: (കുട്ടികളോട്) മക്കളേ, ഷൈനിയാൻ്റി പറയുന്നത്  അനുസരിക്കണം കേട്ടോ. തമ്മിൽ വഴക്കിടരുത്. സമയം കളയാതെ ഇരുന്നു പഠിച്ചോണം.

(ത്രേസ്യാമ്മ പോകുന്നു. ഷൈനി പുറകേ ചെന്ന്, വാതിൽക്കലെത്തി പുറത്തേക്കു നോക്കി നിൽക്കുന്നു. ത്രേസ്യാമ്മ ഗേറ്റ് കടന്നെന്നുറപ്പായതും ഷൈനി തിരിഞ്ഞുനിന്ന് നെടുവീർപ്പിടുന്നു.)

​ഷൈനി: "ഹാവൂ! ആ തള്ള പോയല്ലോ." 

(പിള്ളേരുടെ നേരേ തിരിഞ്ഞ്) "മക്കളെ.. ഇന്നു നമുക്കാഘോഷിക്കണം. മീൻ കറീം ചോറും ആർക്കു വേണം? നമുക്കിന്ന് നല്ല കുഴിമന്തി ഓർഡർ ചെയ്യാം. "'

ടിനു: "കുഴിമന്തിയോ? അതിനു പൈസയെവിടെ? അമ്മൂമ്മ ഒന്നും തന്നില്ലല്ലോ.

ഷൈനി: (കുസൃതിയോടെ) അതൊക്കെ നമുക്കു ശര്യാക്കാടാ.  അലമാരയുടെ താക്കോലേ, അതിൻ്റെ മുകളിൽത്തന്നെയിരിക്കുന്നുണ്ട്. 
നീയതെടുത്തിട്ട്, അലമാരേന്ന് 1000 രൂപയെടുക്ക്. അമ്മൂമ്മ അറിയാൻപോകുന്നില്ല. ഞാൻ സ്വിഗിയില് കുഴിമന്തീം ഐസ്ക്രീമും ഓർഡർ ചെയ്യാം." 

(ടിനുവിനെ നിർബ്ബന്ധിച്ച് അകത്തേയ്ക്കുവിട്ടിട്ട്, ഷൈനി ഫോണിൽ കുത്തി, ഓർഡർ ചെയ്യുന്നു. ടിനു അകത്തുപോയി പൈസയുമായി വരുന്നു). 

ഷൈനി: "മിടുക്കൻ
ദാ.. ഞാൻ കുഴിമന്തീം ഐസ്ക്രീമും ഓർഡർ ചെയ്തുകഴിഞ്ഞു. അതു വരുന്നതുവരെ നമുക്കൊരടിപൊളി റീൽസെടുക്കാം."

മീനു: "അയ്യോ, വേണ്ട ഷൈനിയാൻ്റീ, അമ്മൂമ്മ വന്നാൽ വഴക്കു പറയും."

ഷൈനി: "അമ്മൂമ്മ വരാൻ വൈകുന്നേരമാകും കൊച്ചേ. നീ ഇങ്ങു വന്നേ.. ഇപ്പൊഴത്തെ ട്രെൻഡിങ് പാട്ടിന് നമുക്കൊരു റീൽസ് ചെയ്യാം."

​(ഷൈനി സ്റ്റാൻഡിൽ ഫോൺ സെറ്റുചെയ്യുന്നു. ഉച്ചത്തിൽ പാട്ടു വയ്ക്കുന്നു.)

ടിനു: "അല്ല ഷൈനിയാൻ്റീ ....."

ഷൈനി: "നീ പേടിക്കേണ്ടടാ ടിനൂ, നമ്മൾ റീൽസെടുത്ത്, കുഴിമന്തീം കഴിച്ച്, ഇവിടേക്കെ വൃത്തിയാക്കിക്കഴിയുമ്പൊളേ അമ്മുമ്മ വരത്തൊള്ളു കൊച്ചേ!"

(ഷൈനിയും മീനുവും മോനുവും ചേർന്ന് കോമഡി രീതിയിൽ ഡാൻസു ചെയ്യുന്നു. ടിനു അവ
രോടു ചേരാതെ മാറിയിരിക്കുന്നു.
അപ്പുവും അമ്മുവും അകത്തുപോയി ഫോണെടുത്തുവന്ന് ഗെയിം കളിച്ചുതുടങ്ങുന്നു.

റീൽസിൻ്റെ ബഹളത്തിനിടയിൽ വീടാകെ അലങ്കോലമാകുന്നു. ഇതിനിടയിൽ, "എനിക്കു തിങ്കളാഴ്ച ക്ലാസ്സ് ടെസ്റ്റ് ഉള്ളതാ" എന്നു പറഞ്ഞ്, പുസ്തകവുമെടുത്തു വരുന്ന ടിനുവിനെ ഷൈനി കളിയാക്കുന്നു.)

​ഷൈനി: "എടാ, നീയാ പുസ്തകം അവിടെ വച്ചിട്ട് ഇങ്ങോട്ട് വാ. എനിക്കൊരൈഡിയയുണ്ട്! നമുക്കൊരു സൂപ്പർ 'പ്രാങ്ക്' വീഡിയോ എടുക്കാം."

ടിനു: "എനിക്കു വയ്യാൻ്റീ. നമ്മള് പൈസയെടുത്തതും വലിയ തെറ്റാണ്. ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല."

ഷൈനി: "ഓ.. വല്യ പുണ്യാളൻ വന്നിരിക്കുന്നു! നീ പോയി അവിടെ ഇരുന്നോ. ബാക്കിയുള്ളവർ വാ.. നമുക്ക് ഈ സോഫയിൽ കയറിനിന്ന്, വേറൊരു സ്റ്റൈലിൽ ഡാൻസുചെയ്യാം!" 

(കുട്ടികൾ സോഫയിൽക്കയറുമ്പോൾ ഷൈനി ടിനുവിനോടു പറയുന്നു.)

ഷൈനി: "പൈസയുടേം കുഴിമന്തീടേം കാര്യംവല്ലതും നീ അമ്മുമ്മയോടു പറഞ്ഞാൽ, നീയാണു കാശു കട്ടതെന്നു ഞാൻ പറയും, ഓർത്തോ"

​(റീൽസിൻ്റെ ബഹളം മുറുകുന്നു.) 

​പുറത്ത് ഒരു സ്ത്രീശബ്ദം: "അല്ല ത്രേസ്യാമ്മച്ചേടത്തീ, ധ്യാനം പെട്ടെന്നു കഴിഞ്ഞോ?"

ത്രേസ്യാമ്മ: "എന്നാ പറയാനാ രമണീ, ധ്യാനം അടുത്താഴ്ചേലാ, ശനിയാഴ്ചേന്നു പറഞ്ഞ്, അവടച്ചെന്നപ്പളാണറിഞ്ഞത്, അത് അടുത്ത ശനിയാഴ്ചേണെന്ന്'"

​(പാട്ടും ബഹളവും കാരണം പുറത്തെ ശബ്ദമൊന്നും ആരും കേൾക്കുന്നില്ല. സെക്കൻഡുകൾക്കുള്ളിൽ അപ്രതീക്ഷിതമായി ത്രേസ്യാമ്മ വാതിൽ തുറന്ന് അകത്തേക്കു വരുന്നു. വീട്ടിലെ കാഴ്ചകൾ കണ്ട് ത്രേസ്യാമ്മ പകച്ചുനിൽക്കുന്നു.)

​ത്രേസ്യാമ്മ: (ഉച്ചത്തിൽ) "ഇതെന്താ ഇവിടെ ചന്തയോ?"

​(പാട്ട് പെട്ടെന്നു നിൽക്കുന്നു. എല്ലാവരും പ്രതിമപോലെ നിൽക്കുന്നു. ഷൈനി ഫോൺ സ്റ്റാൻഡെടുക്കുന്നു.)

​ത്രേസ്യാമ്മ: "ഷൈനീ! നീയിതെന്തു കാണിക്കുവാ? കുട്ടികളെ നോക്കാനേൽപ്പിച്ചിട്ട് നീയവരെ നശിപ്പിക്കുകയാണോ?"

ഷൈനി: (പരിഭ്രമത്തോടെ) "അമ്മച്ചീ... അത്.. ഞാൻ..."

(വാതിലൂടെ അകത്തേയ്ക്കു നോക്കിയ ത്രേസ്യാമ്മ, അലമാര തുറന്നുകിടക്കുന്നതു കാണുന്നു.)

ത്രേസ്യാമ്മ: "ആ അലമാര ആരാണു തുറന്നത്?"

(ടിനുവിൻ്റെ മുഖത്ത് ഭയം. അവൻ പോക്കറ്റിൽനിന്ന് പൈസയെടുത്ത് ത്രേസ്യാമ്മയുടെ നേരേ നീട്ടുന്നു. ത്രേസ്യാമ്മ ദേഷ്യത്തോടെ ഷൈനിയെ നോക്കുന്നു.)

ഷൈനി: "പിള്ളേർക്ക് വിശക്കുന്നൂന്ന് പറഞ്ഞപ്പോ...."

ടിനു: "അല്ല അമ്മൂമ്മേ, അൻ്റിയാണ് കുഴിമന്തി ഓർഡർ ചെയ്തത്. എന്നെ നിർബന്ധിച്ച് അലമാരീന്ന് പൈസ എടുപ്പിച്ചതാണ്."

അമ്മൂമ്മ: (ദേഷ്യത്തോടെ) "വിശ്വസ്തതയില്ലാത്തവളേ.. ഞാനില്ലാത്തപ്പോൾ എന്റെ വീട്ടിൽ ഇതൊക്കെച്ചെയ്യാൻ നിനക്കെങ്ങനെ ധൈര്യം വന്നു? ഞാൻ പറയുന്നതനുസരിച്ചു കാര്യങ്ങൾ ചെയ്യാനാണ്, നിന്നെയിവിടെ ജോലിക്കു നിറുത്തിയിരിക്കുന്നത്. ഏൽപ്പിച്ച ഉത്തരവാദിത്തം മറന്ന നിന്നെ ഇനി വിശ്വസിക്കാൻകൊള്ളില്ല. നീ ഇപ്പോൾത്തന്നെ ഈ വീട്ടിൽനിന്നിറങ്ങണം!"

​(ഷൈനി അല്പനേരം ത്രേസ്യാമ്മയുടെ ദയയ്ക്കായി യാചിക്കുന്നു. രക്ഷയില്ലെന്നു കണ്ടപ്പോൾ, തലതാഴ്ത്തി കരഞ്ഞുകൊണ്ട് പുറത്തേക്കു പോകുന്നു. ത്രേസ്യാമ്മ കുട്ടികളെ അടുത്തുവിളിക്കുന്നു.)

​ത്രേസ്യാമ്മ: (ആദ്യം കുട്ടികളോടും പിന്നെ പ്രേക്ഷകരോടുമായി): "വിശുദ്ധമത്തായിയുടെ സുവിശേഷത്തിൽ ഈശോ പറഞ്ഞ ആ ഉപമ നമ്മുടെ ജീവിതത്തിലും പ്രസക്തമാണ്. യജമാനൻ വരാൻ വൈകുമെന്നു കരുതി സഹദാസന്മാരെ ഉപദ്രവിക്കുകയും സുഖഭോഗങ്ങളിൽ മുഴുകുകയുംചെയ്ത ദാസനു കിട്ടിയ ശിക്ഷതന്നെയാകും അവിശ്വസ്തരായ എല്ലാവർക്കും കിട്ടുന്നത്!"

​ടിനു: (പ്രേക്ഷകരോട്) "നമ്മുടെ ജീവിതത്തിൽ ലഭിച്ചിട്ടുള്ള ഓരോ നിമിഷവും ഉത്തരവാദിത്തത്തോടെ നമുക്കുപയോഗിക്കാം. ദൈവം എപ്പോൾ കണക്കുചോദിച്ചാലും തലയുയർത്തി നിൽക്കാൻ നമുക്കു കഴിയണം."

ത്രേസ്യാമ്മ: "അതേ ഫോൺ ഉപയോഗത്തിലായാലും പഠനത്തിലായാലും മറ്റെന്തു കാര്യത്തിലായാലും ഉത്തരവാദിത്തം മറന്ന് നമ്മൾ ഒന്നും ചെയ്യരുത്."

(കർട്ടൻ)

✍🏻 ജോസ് ആറുകാട്ടി

2026 മാർച്ച് 14, ശനിയാഴ്‌ച

ത്രീത്വൈകദൈവത്തിനാരാധന

ത്രീത്വസ്വരൂപനേ, സത്യദൈവമേ,
തിരുമുമ്പിലണഞ്ഞിടാമാരാധിയ്ക്കാം...
ആമോദമോടെ ഞങ്ങളാരാധിയ്ക്കാം,
ആരാധനയ്ക്കർഹനങ്ങുമാത്രമേ ..!
ആരാധനാ, സ്തുതി; ആരാധന... ത്രീത്വൈകദൈവത്തിനാരാധനാ...
ആരാധനാ, സ്തുതി; ആരാധന...
പരിശുദ്ധത്രീത്വത്തിനാരാധനാ...

താതനിൽനിന്നുളവായ വചനം;
സർവ്വവും സൃഷ്ടിചെയ്ത സത്യവചനം,
പാവനാത്മാവിനാൽ മർത്ത്യരൂപനായ്,
കന്യകാജാതനായ പാപമോചകൻ.

ആരാധനാ, സ്തുതി; ആരാധന... ത്രീത്വൈകദൈവത്തിനാരാധനാ...
ആരാധനാ, സ്തുതി; ആരാധന...
പരിശുദ്ധത്രീത്വത്തിനാരാധനാ...

ക്രൂശിലേറി, സാത്താനെക്കീഴടക്കിയോൻ,
സ്വർഗ്ഗവാതിൽ ഞങ്ങൾക്കു തുറന്നുനല്കിയോൻ
പാവനാത്മനെത്തുണയ്ക്കു നല്കി, ഞങ്ങളെ,
സ്വർഗ്ഗപാതയിൽ നയിക്കും ക്രിസ്തുവേ സ്തുതി ...

ആരാധനാ, സ്തുതി; ആരാധന... ത്രീത്വൈകദൈവത്തിനാരാധനാ...
ആരാധനാ, സ്തുതി; ആരാധന...
പരിശുദ്ധത്രീത്വത്തിനാരാധനാ... 

രചന: ജോസ് ആറുകാട്ടി.

2026 മാർച്ച് 13, വെള്ളിയാഴ്‌ച

വള കിലുക്കം


ചിരിതൂകിയെത്തുന്ന പെണ്ണിൻ്റെ കൈകളിൽ,
വിണ്ണിലെ മഴവില്ല് ചിതറിവീണെന്നോ!
മഴവില്ലഴകിൽത്തിളങ്ങും വളകളായ്,
കാമിനിതൻ കരവല്ലരി പുൽകിയോ!

തമ്മിൽക്കളിവാക്കു ചൊല്ലിച്ചിരിച്ചും
പരിഭവത്തോടൊട്ടു താളത്തിലിളകിയും
കുപ്പിവളകൾ പൊഴിക്കുന്നു സംഗീത-
സാന്ദ്രമാം നിസ്വനം കർണ്ണപീയൂഷമായ്!

കരിനീലക്കണ്ണിൽ വിടരുന്ന നാണവും
കൈവള ചാർത്തുന്ന മോഹനരാഗവും,
ഓമനത്തിങ്കളെ വെല്ലും വദനവും
കാതരേ, നീ മനോമോഹിനിയെൻ പ്രിയേ!




2026 മാർച്ച് 7, ശനിയാഴ്‌ച

ജീവമന്ന

I
(Verse 1)
ജീവമന്നയായെന്നാത്മാവിൽ നിറയും,
ജീവനെനിക്കേകിടുന്ന ദിവ്യഭോജ്യം;
സ്നേഹത്തിൻ കൂദാശയായെൻ നാവിൽ
സ്നേഹനാഥൻ വന്നലിഞ്ഞിടുന്നു നിത്യം ...

(Chorus)
നീ തന്ന ദാനത്തിനാരാധന,
നീ തന്ന സ്നേഹത്തിനാരാധന...
ആരാധനാ, ആരാധനാ
തിരുവോസ്തിയായെന്നിലലിയും നാഥാ... 

 

(Verse 2)
നിത്യജീവനേകിടുന്ന ഭോജ്യമെൻ ശരീരം;
നിത്യരക്ഷയേകിടുന്നതെന്റെ രക്തം;
എന്നരുളിക്കാൽവരി മലയിൽ,
എനിക്കായവൻ ബലിയായ്ത്തീർന്നൂ...

(Chorus)
നീ തന്ന ദാനത്തിനാരാധന,
നീ തന്ന സ്നേഹത്തിനാരാധന...
ആരാധനാ, ആരാധനാ
തിരുവോസ്തിയായെന്നിലലിയും നാഥാ... 

(Verse 3)
രക്തംചിന്തി,ക്ക്രൂശിലേറി, നാഥൻ;
എന്റെ പാപമോചനബലിയായ്,
മൂന്നാം നാളുയിർത്തു വിണ്ണിലേറി;
സ്വർഗ്ഗനാട്ടിൽ ഗേഹമെനിക്കേകാൻ..

(Chorus)
നീ തന്ന ദാനത്തിനാരാധന,
നീ തന്ന സ്നേഹത്തിനാരാധന...
ആരാധനാ, ആരാധനാ
തിരുവോസ്തിയായെന്നിലലിയും നാഥാ... 


2026 ഫെബ്രുവരി 28, ശനിയാഴ്‌ച

ഓർമ്മച്ചിമിഴ്

ഓർമ്മകൾ തൻ മഞ്ഞൾ പ്രസാദമായ് മുന്നിലീ,
പഴയ ചിത്രത്തിൽ നിൻ പുഞ്ചിരിപ്പൂവ്;
തൃശ്ശിവപേരൂരിലെ കാമ്പസ് ദിനങ്ങളെൻ
ഓർമ്മച്ചിമിഴ് തുറന്നെത്തിടുന്നു!

താങ്ങായ്, തണലായി നിന്ന മാതാവിൻ്റെ
പ്രായത്തെയും 
കടന്നിന്നു നീ നിൽക്കിലും, 
കണ്ണിലെക്കൗതുകം, വാക്കിലെ കുസൃതികൾ,
മായാതെ നിൽക്കുന്നു നിന്നിലെൻ മിത്രമേ!

ഇനിയുമാ ജീവിതയാത്രയിൽ പുണ്യങ്ങൾ
പൂത്തുലയാൻ ദൈവം തുണയേകിടും
തലമുറകൾക്കൂർജ്ജമായ്ത്തീരട്ടെ
നിന്നിലെ നന്മതൻ നീർച്ചാലുകൾ!
--------------------------------------------------------------
തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ സഹപാഠിയായിരുന്ന ബീന, തൻ്റെ അമ്മയോടൊപ്പം നിൽക്കുന്ന പഴയ ഫോട്ടോ കണ്ടെഴുതിയത്. ഫോട്ടോ താഴെ.


2026 ഫെബ്രുവരി 26, വ്യാഴാഴ്‌ച

കവിതയൊരു വിതയാണ്

കവിതയൊരു വിതയാണ്, ' മനസ്സിന്റെ മണ്ണിൽ
വീഴുന്ന വിത്താണ്, നന്മയാണ്;
ഭാവനതൻ നീരൊഴുക്കിൽ മുളപൊട്ടി, 
വളരുന്ന വിസ്മയമാണതെന്നും! ..

വാക്കുകളിൽ വളരുന്ന ശാഖകൾ; വരികളിൽ
അർത്ഥങ്ങൾ വിടരുന്നു പൂക്കളായി!
ചിന്തകളാം തണലേകുന്ന ചില്ലകൾ,
നന്മകൾ കായ്ക്കുന്ന കല്പകം കവിത.

​കാലമാം വയലിൽ കവി നട്ടു കവിത,
നനയ്ക്കുന്നതോ ഹൃദയനിണധാരയാലേ!
കണ്ണുനീർത്തുള്ളിയും പുഞ്ചിരിയും കഠിന-
വ്യഥകളും, വളമായി മാറിടുന്നു.

​വേദനകൾതൻ കഠിനമാം വേനലിൽ
വാടാതെ നിൽക്കുന്ന ജീവതാളം;.
അക്ഷരപ്പൂക്കൾ വിടർന്നു ലസിക്കവേ,
അറിവിൻ സുഗന്ധം പരക്കുമെങ്ങും!

​കവിതയൊരു വിതയാണ്, തലമുറകൾക്കായി
കാത്തുവച്ചീടുന്ന പുണ്യമാണ്.
കൊയ്തെടുക്കേണമതിൽനിന്നു നൽഫലം;
വിശ്വസാഹോദര്യപൊന്മണികൾ!

✍🏻 ജോസ് ആറുകാട്ടി

2026 ഫെബ്രുവരി 23, തിങ്കളാഴ്‌ച

ശവംനാറിച്ചെടികൾ

കാറ്റുകളൊക്കെ നിലച്ചിരിക്കു,ന്നെൻ്റെ
പാട്ടുകളൊക്കെയും തീർന്നിരിക്കുന്നു,
ഇവിടെയീ കുരിശുകൾക്കിടയിലായെന്നെ
അളന്നു കുഴിച്ചിട്ട മണ്ണിൻ്റെ മുകളിൽ
ബാക്കിയിന്നീ ശവംനാറിച്ചെടികളോ?

മണ്ണിൽപ്പുതഞ്ഞൊരെൻ വേരുകളിലിന്നും
വീണ്ടും വസന്തത്തിനായുള്ള ദാഹം
വറ്റാതൊരല്പം തുടിച്ചുനിൽക്കുന്നുവോ,
വീണ്ടുമെനിക്കായി വരുമോ വസന്തം?

ഇന്നലെയുടെ കണ്ണുനീർ കുടിച്ചിന്നൊരു
പുൽക്കൊടി മണ്ണിൽ  തല നീട്ടിടുന്നോ?
ആകാശനീലിമതന്നിൽപ്പടരാൻ
വെമ്പുമൊരു ജ്യോതിവിത്തിനിയുമെന്നുള്ളിൽ
മുളപൊട്ടി വളരുവാൻ കാത്തിരിക്കുന്നോ!

പുതിയൊരു കാറ്റായി മാറുവാനുള്ളിൽ 
ശിഷ്ടമായ് ഇനിയുമൊരു ശ്വാസകണമുണ്ടോ?
ഉയിർപ്പിൻ്റെ ഞായറിലുയിർക്കുവാനെന്നിൽ
പ്രത്യാശയിനിയും 
ബാക്കിയുണ്ടെന്നോ? 

✍🏻 ജോസ് ആറുകാട്ടി

2026 ഫെബ്രുവരി 21, ശനിയാഴ്‌ച

നിലാവിലെ ലില്ലിപ്പൂവ്

പ്രണയമേ, ഞാനെത്തി നിന്നെത്തേടി;
സോളമൻ വാഴുന്ന മന്ദിരത്തിൽ!
ഷാരോണിലെ പനിനീർപ്പൂവാണു ഞാൻ;
ജറുസലേമിലെ ലില്ലിപ്പൂ ഞാൻ!

എൻ പ്രാണപ്രിയനേ, നീയെത്ര സുന്ദരൻ,
വീഞ്ഞിനേക്കാൾ ,നിൻ പ്രണയം മധുരം!
നിൻ ചുംബനത്താൽ പൊതിയുകെന്നധരം;
നിന്നിൽ നിലാവായ് ഞാനലിഞ്ഞിടട്ടെ!

എൻ പ്രാണപ്രിയനേ, നീയെത്ര സുന്ദരൻ,
വീഞ്ഞിനേക്കാൾ ,നിൻ പ്രണയം മധുരം!
നിൻ ചുംബനത്താൽ പൊതിയുകെന്നധരം;
നിന്നിൽ, നിലാവായ് ഞാനലിഞ്ഞിടട്ടെ!

പ്രണയമേ, ഞാനെത്തി നിന്നെത്തേടി;
സോളമൻ വാഴുന്ന മന്ദിരത്തിൽ!
ഷാരോണിലെ പനിനീർപ്പൂവാണു ഞാൻ;
ജറുസലേമിലെ ലില്ലിപ്പൂ ഞാൻ!

എന്നാത്മനാഥാ, നീ എൻ്റേതു മാത്രം;
നിനക്കായിമാത്രമീ ഞാനുമെന്നും!
പ്രാണൻ്റെ പ്രാണനേ നിന്നോടലിയുവാൻ,
പ്രേമാതുരയായ് ഞാൻ
കാത്തിരിപ്പൂ.

എൻ പ്രാണപ്രിയനേ, നീയെത്ര സുന്ദരൻ,
വീഞ്ഞിനേക്കാൾ ,നിൻ പ്രണയം മധുരം!
നിൻ ചുംബനത്താൽ പൊതിയുകെന്നധരം;
നിന്നിൽ നിലാവായ് ഞാനലിഞ്ഞിടട്ടെ!

പ്രണയമേ, ഞാനെത്തി നിന്നെത്തേടി;
സോളമൻ വാഴുന്ന മന്ദിരത്തിൽ!
ഷാരോണിലെ പനിനീർപ്പൂവാണു ഞാൻ;
ജറുസലേമിലെ ലില്ലിപ്പൂ ഞാൻ!

2026 ഫെബ്രുവരി 14, ശനിയാഴ്‌ച

പ്രണയമുല്ലകൾ

 
പ്രണയമുല്ലകൾ

മൗനകവചത്തിനുള്ളിലൊളിപ്പിച്ച
അനുരാഗമെൻ മനമറിയുന്നുണ്ട്;
മൗനത്താലെത്രനാൾ മൂടിവച്ചാലുമാ
നോക്കിലൂടതു ദൃശ്യമാകുന്നുണ്ട്!

ഹൃത്തിനുള്ളിൽ നിൻ കണ്ണുകൾ നട്ടൊരാ,
പ്രണയത്തിൻ മുല്ല തളിരണിഞ്ഞു;
ഹൃദയവനിയിൽ നിനക്കായൊരായിരം
പ്രണയമുല്ലപ്പൂക്കൾ വിടർന്നുലഞ്ഞു...!

നിൻ മൊഴി കേൾക്കുവാൻ കാതോർത്തു നിൽക്കവേ,
മൗനവും സംഗീതമായി മാറി;
കിനാവിൻ്റെ നൂലിനാൽ കോർത്തുവയ്ക്കുന്നു ഞാൻ,
നിന്നിലെൻ ഹൃത്തടമോമലാളേ !

✍🏻 ജോസ് ആറുകാട്ടി



2026 ഫെബ്രുവരി 3, ചൊവ്വാഴ്ച

പഴംപൊരിക്കവിതകൾ


പ്രിയപെട്ട കവി സുഹൃത്ത്, ശ്രീ ടി. കെ. ഉണ്ണിയുടെ
മുകളിൽക്കാണുന്ന ഫോട്ടോയാണ്,
ഈ രചനയ്ക്കു പിന്നിൽ!


1
തിളച്ചയെണ്ണയിലഗ്നിശുദ്ധി തെളിയിച്ചതിനപ്പുറം,
മഞ്ഞനിറമാർന്ന മാവിൻപുതപ്പിനുള്ളിലായ്,
മൗനം ഭജിച്ചിരിക്കുന്നൂ മധുരനേന്ത്രപ്പഴമിതാ!

2
സായന്തനത്തിലെ നനുത്ത സ്വപ്നങ്ങളിൽ,
രുചിക്കൂട്ടു തീർക്കും സുവർണ്ണഗാത്രി!
മഞ്ഞപ്പട്ടുടുത്തൊരു മധുരപ്രലോഭനം,
ചുടുചായയ്ക്കരികിലണഞ്ഞുവെന്നോ!

3.
വാക്കുകൾ മുറിയട്ടെ, പീതസ്വപ്നങ്ങളിൽ;
രുചിയുടെ ലഹരിയിൽ മൗനം വിടരട്ടെ;
ഒരു പഴമ്പൊരിയിലൊളിച്ചിരിക്കുന്നുവോ,
പ്രപഞ്ചമേ നിന്നുടെ മുഴുവൻ മധുരവും!

4
പുറമേ പീതാഭമാമൊരു പൊൻചട്ടയണിഞ്ഞ്,
അകമേയലിഞ്ഞുചേരുന്ന മധുരമായ്...
മാവിൽ മുങ്ങിയൊരു കവിതപോൽ,
എൻ കൈയിലിരിക്കുന്നൊരു ചൂടു പഴംപൊരി;

​ചൂടുള്ള ചായയും ചില്ലുഗ്ലാസ്സുമീ
മനസ്സിലെത്തിക്കുന്നൊരു പഴയ പാഠപുസ്തകം!
കേവലമിതൊരു വിഭവമല്ലെൻ സഖേ,
തിളച്ചെണ്ണയിൽ വീണുകരിഞ്ഞൊരെൻ
ബാല്യകാലസ്മരണകൾ!


✍🏻 ജോസ് ആറുകാട്ടി

2026 ജനുവരി 30, വെള്ളിയാഴ്‌ച

ഗാന്ധിജിയുടെ സ്വപ്നവും വർത്തമാനകാലയാഥാർത്ഥ്യവും

മഹാത്മാഗാന്ധി: സ്മരണാഞ്ജലി

"എന്റെ ജീവിതമാണ് എന്റെ സന്ദേശം"


✍🏻 ജോസ് ആറുകാട്ടി
ഭാരതത്തിന്റെ ആത്മാവു തൊട്ടറിഞ്ഞ ആ മഹാത്മാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 78 വർഷങ്ങൾ തികഞ്ഞിരിക്കുന്നു. വെറുമൊരു രാഷ്ട്രീയസ്വാതന്ത്ര്യമായിരുന്നില്ല, ഗാന്ധിജി വിഭാവനംചെയ്ത ഇന്ത്യയുടെ ലക്ഷ്യം; ഭാരതത്തിലെ ഏറ്റവും സാധാരണക്കാരനായ മനുഷ്യന്റെ ജീവിതത്തിൽ പ്രതിഫലിക്കുന്ന സമഗ്രമായ മാറ്റമായിരുന്നു.
"ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്" എന്നു വിശ്വസിച്ചിരുന്ന ഗാന്ധിജി, സ്വയംപര്യാപ്തമായ ഗ്രാമങ്ങളെയാണു സ്വപ്നം കണ്ടത്. ഓരോ ഗ്രാമവും സ്വന്തം ആവശ്യങ്ങൾ തദ്ദേശീയമായി നിറവേറ്റുന്ന 'ഗ്രാമസ്വരാജ്' എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അധികാരവും സമ്പത്തും കേന്ദ്രീകരിക്കപ്പെടുന്നതിനുപകരം അത് താഴെത്തട്ടിലേക്കു വികേന്ദ്രീകരിക്കപ്പെടണമെന്ന് അദ്ദേഹമാഗ്രഹിച്ചു.
മതസൗഹാർദ്ദമായിരുന്നു, ഗാന്ധിജി സ്വപ്നംകണ്ട സ്വതന്ത്രഇന്ത്യയുടെ നട്ടെല്ല്. ഹിന്ദുവും മുസ്ലിമും പാഴ്സിയും ജൈനനും ക്രിസ്ത്യാനിയും സിഖുകാരനുമെല്ലാം ഒരേ തായ്‌വേരിലെ ശാഖകളാണെന്ന് അദ്ദേഹം കരുതി. ജാതിചിന്തകളും തൊട്ടുകൂടായ്മയുമില്ലാത്ത, എല്ലാവർക്കും തുല്യനീതിയുറപ്പാക്കുന്ന ഒരു മതേതരസമൂഹമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. "എന്റെ മതം സത്യവും അഹിംസയുമാണ്" എന്നു പ്രഖ്യാപിച്ച അദ്ദേഹം, സ്നേഹത്തിലൂടെ ലോകത്തെ കീഴടക്കാൻ പഠിപ്പിച്ചു.
സമൂഹത്തിലെ അവസാനത്തെ മനുഷ്യനും നീതി ലഭിക്കുന്ന 'അന്ത്യോദയ'യിലൂടെ 'സർവോദയ' (എല്ലാവരുടെയും ഉദയം) എന്നതായിരുന്നു ഗാന്ധിജിയുടെ സാമ്പത്തികദർശനം. യന്ത്രവൽക്കരണത്തേക്കാൾ മനുഷ്യപ്രയത്നത്തിനു പ്രാധാന്യം നൽകുന്ന, പ്രകൃതിയെ ചൂഷണംചെയ്യാത്ത ഒരു വികസനമാതൃകയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ ഇന്നു പല വെല്ലുവിളികളും നേരിടുന്നുണ്ട്. വിദ്വേഷപ്രസംഗങ്ങളും തത്തുല്യപ്രവൃത്തികളും അസമത്വവും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഗാന്ധിസത്തിനു പ്രസക്തിയേറുകയാണ്. ഗാന്ധിജിയെ വെറുമൊരു പ്രതിമയായി ആരാധിക്കുന്നതിനേക്കാൾ, അദ്ദേഹത്തിന്റെ ആശയങ്ങളെ പ്രായോഗികതലത്തിൽ പകർത്തുന്നതിനുള്ള ചെറിയ പരിശ്രമങ്ങളെങ്കിലും നമ്മൾ നടത്തേണ്ടിയിരിക്കുന്നു.
സത്യം, അഹിംസ, ലളിതജീവിതം എന്നീ മൂല്യങ്ങൾ മുറുകെപ്പിടിച്ച്, ഭയരഹിതമായ ഒരു ഭാരതം കെട്ടിപ്പടുക്കാനുള്ള ചിന്തകളെങ്കിലും ഗാന്ധിജിയുടെ ഈ 79-ാം രക്തസാക്ഷിദിനത്തിൽ നമ്മളുടെ ഹൃദയത്തിലുണ്ടാകുന്നുണ്ടെങ്കിൽ, അതുതന്നെയാണ്, മഹാത്മാവിനു നമുക്കു നല്കാനാകുന്ന ആദരവ്.

2026 ജനുവരി 24, ശനിയാഴ്‌ച

മേരി ക്യൂറി: ശാസ്ത്രത്തിനു സമർപ്പിച്ച ജീവിതം

മേരി ക്യൂറി: ശാസ്ത്രത്തിനായി സമർപ്പിക്കപ്പെട്ട ജീവിതം

അടങ്ങാത്ത അഭിനിവേശത്തിന്റെ നിശ്ശബ്ദ സാക്ഷ്യങ്ങൾ

ശാസ്ത്രചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അദ്ധ്യായങ്ങളിലൊന്നാണ് മേരി ക്യൂറി. വ്യത്യസ്തങ്ങളായ രണ്ടു ശാസ്ത്രശാഖകളിൽ (ഫിസിക്സ്, കെമിസ്ട്രി) നോബൽസമ്മാനം നേടിയ ഏകവ്യക്തിയെന്നതിലുപരി, ശാസ്ത്രത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ പ്രതീകമാണവർ. എന്നാൽ ആ സമർപ്പണം അവരുടെ മരണശേഷവുമവശേഷിക്കുന്ന ഒന്നാണെന്നത് ലോകത്തെ എന്നുമദ്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, റേഡിയോ ആക്ടിവിറ്റിയെക്കുറിച്ച് ലോകത്തിനു വലിയ അറിവില്ലാതിരുന്ന കാലത്താണ് മേരി ക്യൂറി തന്റെ പരീക്ഷണങ്ങളാരംഭിച്ചത്. ഭർത്താവ് പിയറി ക്യൂറിയോടൊപ്പംചേർന്ന് റേഡിയം, പൊളോണിയം എന്നീ മൂലകങ്ങൾ അവർ കണ്ടെത്തി. എന്നാൽ ഈ കണ്ടുപിടുത്തങ്ങൾക്കിടയിൽ താൻ സ്വീകരിക്കുന്ന വികിരണങ്ങൾ (Radiations) സ്വന്തം ശരീരത്തെ കാർന്നുതിന്നുന്നുണ്ടെന്ന് അവരറിഞ്ഞിരുന്നില്ല.

അക്കാലത്ത് സുരക്ഷാകവചങ്ങളോ ഗ്ലൗസുകളോ ഇല്ലാതെയാണ് അവർ റേഡിയോ ആക്ടീവ് മൂലകങ്ങൾ കൈകാര്യംചെയ്തിരുന്നത്. പരീക്ഷണശാലയിൽത്തിളങ്ങുന്ന റേഡിയം കുപ്പികൾ അവർ തന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്നു. അതിൻ്റെ ഫലമായി അവർ അപ്ലാസ്റ്റിക് അനീമിയ എന്ന രോഗത്തിനു കീഴടങ്ങി.

മേരി ക്യൂറി അന്തരിച്ച് ഒമ്പതു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും (മേരി ക്യൂറി 1934 ജൂലൈ 4-നാണ് അന്തരിച്ചത്) അവരുടെ ശരീരമിപ്പോഴും റേഡിയോ ആക്ടീവായി തുടരുന്നുവെന്നത് ശാസ്ത്രലോകത്തെ ഞെട്ടിക്കുന്നു. ഇതിനു പ്രധാനകാരണം അവർ ഗവേഷണംനടത്തിയ റേഡിയം-226 എന്ന മൂലകമാണ്.

റേഡിയം-226: സവിശേഷതകൾ

1. അർദ്ധായുസ്സ് (Half-life):
റേഡിയം-226-ന്റെ അർദ്ധായുസ്സ് ഏകദേശം 1600 വർഷമാണ്. അതായത്, പതിനാറു നൂറ്റാണ്ടുകൾ കഴിഞ്ഞാൽമാത്രമേ ഇതിന്റെ പ്രഹരശേഷി പകുതിയെങ്കിലും കുറയുകയുള്ളൂ.

2. ആൽഫ വികിരണങ്ങളുടെ ഉറവിടം (Alpha Emitter):
റേഡിയം-226 പ്രധാനമായും ആൽഫ വികിരണങ്ങളാണു (Alpha particles) പുറത്തുവിടുന്നത്. ഇവ വായുവിലൂടെ അധികദൂരം സഞ്ചരിക്കില്ലെങ്കിലും ശരീരത്തിനുള്ളിലെത്തിയാൽ (ശ്വസനംമൂലമോ ഭക്ഷണത്തിലൂടെയോ ഉള്ളിൽ ചെന്നാൽ) കോശങ്ങളെയും ഡി.എൻ.എ.യെയും അതിവേഗം നശിപ്പിക്കാൻ ശേഷിയുള്ളവയാണ്. മേരി ക്യൂറി തന്റെ പരീക്ഷണങ്ങൾക്കിടയിൽ ഈ മൂലകം ശ്വസിക്കാനിടയായത് അവരുടെ അസ്ഥികളുടെ നാശത്തിനു കാരണമായി.

3. കാൽസ്യത്തിനു പകരക്കാരൻ:
റേഡിയത്തിന്റെ കെമിക്കൽസ്വഭാവം കാൽസ്യത്തിനു സമാനമാണ്. റേഡിയം ശരീരത്തിനുള്ളിലെത്തിയാൽ, നമ്മുടെ ശരീരം, അതിനെ കാൽസ്യമാണെന്ന് തെറ്റിദ്ധരിക്കുകയും അസ്ഥികളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അസ്ഥികളിലടിഞ്ഞുകൂടുന്ന റേഡിയം അവിടെയിരുന്ന് നിരന്തരം വികിരണങ്ങൾ പുറപ്പെടുവിക്കുന്നു. ഇതാണ് മേരി ക്യൂറിയുടെ ഭൗതികാവശിഷ്ടങ്ങൾ ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും റേഡിയോ ആക്ടീവായി തുടരാൻ കാരണം.

4. സ്വയം പ്രകാശിക്കാനുള്ള കഴിവ് (Radioluminescence):
റേഡിയം ഇരുട്ടിൽ നേരിയ നീലനിറത്തിൽ തിളങ്ങുന്ന ഒരു മൂലകമാണ്. ഈ പ്രത്യേകത കണ്ടാണ്, മേരി ക്യൂറി ഇതിനെ "മനോഹരമായ വെളിച്ചം" എന്നു വിളിച്ചത്. അക്കാലത്ത് ഇതു വാച്ചുകളുടെ ഡയലുകളിലും മറ്റും പെയിന്റുചെയ്യാൻ ഉപയോഗിച്ചിരുന്നു.

5. ഗാമവികിരണങ്ങൾ (Gamma Radiation):
റേഡിയം-226 നേരിട്ട് ഗാമവികിരണങ്ങൾ പുറത്തുവിടുന്നതു കുറവാണെങ്കിലും, അതു വിഘടിച്ചുണ്ടാകുന്ന മറ്റു മൂലകങ്ങൾ (ഉദാഹരണത്തിന് Radon-222, Bismuth-214) ശക്തമായ ഗാമവികിരണങ്ങൾ പുറത്തുവിടുന്നു. ഈ ഗാമവികിരണങ്ങൾ വളരെ ഉയർന്ന തുളച്ചുകയറൽ ശേഷിയുള്ളവയാണ് (High penetration power). ഇതുകൊണ്ടാണ് മേരി ക്യൂറിയുടെ ശവപ്പെട്ടിക്ക് കട്ടിയുള്ള ഈയപ്പാളികൾ (Lead lining) വേണ്ടിവരുന്നത്.

6. ഉപോൽപ്പന്നമായി മാറുന്ന റേഡൺ ഗ്യാസ് (Radon Gas):
റേഡിയം-226 വിഘടിക്കുമ്പോൾ റേഡൺ എന്ന റേഡിയോ ആക്ടീവ് വാതകമുണ്ടാകുന്നു. മേരി ക്യൂറിയുടെ ലാബ് കുറിപ്പുകൾ ഒരു പെട്ടിയിലടച്ചുവെച്ചാൽ, ആ പെട്ടിക്കുള്ളിൽ ഈ വാതകം നിറയുന്നു. അതുകൊണ്ടാണ് ആ കുറിപ്പുകൾ ഇന്നും അതീവ അപകടകാരിയായി തുടരുന്നത്.

ഈയപ്പെട്ടിക്കുള്ളിലെ അന്ത്യവിശ്രമം

പാരീസിലെ പാന്തിയോണിൽ മേരി ക്യൂറിയെ അടക്കം ചെയ്തിരിക്കുന്നത് ഒരിഞ്ചു കട്ടിയുള്ള ഈയപ്പാളികൾ (Lead-lined coffin) പൊതിഞ്ഞ പെട്ടിയിലാണ്. സന്ദർശകർക്ക് റേഡിയേഷനേൽക്കാതിരിക്കാനാണ് ഇത്രയും കടുത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മേരി ക്യൂറിയുടെ മൃതദേഹംമാത്രമല്ല, അവർ സ്പർശിച്ച ഓരോ വസ്തുവും ഇന്നും വികിരണങ്ങൾ പുറത്തുവിടുന്നുണ്ട്.

"ശാസ്ത്രത്തിൽ നമുക്കു വ്യക്തികളല്ല, ആശയങ്ങളാണു പ്രധാനം" എന്നു വിശ്വസിച്ച വ്യക്തിയായിരുന്നു മേരി ക്യൂറി. ശാസ്ത്രലോകത്തിനുവേണ്ടി സ്വന്തം ശരീരംതന്നെ പരീക്ഷണവസ്തുവാക്കിമാറ്റിയ മഹതിയായിരുന്നു അവർ. ഒരു നൂറ്റാണ്ടിനുശേഷവും അവരുടെ ഭൗതികാവശിഷ്ടങ്ങളിൽനിന്നു പുറപ്പെടുന്ന വികിരണങ്ങൾ, ശാസ്ത്രത്തോടുള്ള അവരുടെ അടങ്ങാത്ത പ്രണയത്തിന്റെ നിശ്ശബ്ദസാക്ഷ്യങ്ങളാണ്.
— ജോസ് ആറുകാട്ടി

2026 ജനുവരി 2, വെള്ളിയാഴ്‌ച

കാലപ്രവാഹത്തിന്റെ മറുകരതേടി...

New Year 2026
ജീവിതത്തിൻ്റെ ഓരോ വർഷങ്ങളും ഓരോ പുഴകളാണ്; കാലമെന്ന മഹാസമുദ്രത്തിലേക്കൊഴുകിച്ചേരുന്ന പുഴകൾ!
കടന്നുപോയ 2025 എന്ന വർഷം പലർക്കും ശാന്തമായൊരു കല്ലോലിനിയായിരിക്കണമെന്നില്ല. ചിലർക്കെങ്കിലുമത്, അനുഭവങ്ങളുടെയും അതിജീവനത്തിന്റെയും ഒരു മഹാപ്രവാഹമായിരുന്നിരിക്കാം.
ഇന്ന് 2026-ന്റെ പുലരിയിൽ ആ പുഴയുടെ മറുകരയിൽ നിന്നു തിരിഞ്ഞുനോക്കുമ്പോൾക്കാണുന്നത്, വൈവിദ്ധ്യമാർന്ന കാഴ്ചകളാണ്.
ആ പ്രവാഹം ചിലർക്ക് ശാന്തമായ ഒരൊഴുക്കായിരുന്നെങ്കിൽ, മറ്റു ചിലർക്ക് അതു സമ്മാനിച്ചത്, നെഞ്ചുപിളർക്കുന്ന കയങ്ങളും വന്യമായ ചുഴികളുമായിരുന്നു.
ആ ഓളങ്ങളിൽ നാമുപേക്ഷിച്ചത് നമ്മുടെ സങ്കടങ്ങളെയും കണ്ണുനീരിനെയുമാണ്. പുഴയുടെ ആഴങ്ങളിൽ നമ്മൾ തിരഞ്ഞത് വെറും കൗതുകങ്ങളായിരുന്നില്ല, മറിച്ച് ജീവിതത്തിന്റെ അടിത്തട്ടിൽ ഒളിഞ്ഞിരുന്ന അതിജീവനത്തിന്റെ മുത്തുകളായിരുന്നു.
അക്കരെയെത്തി നിൽക്കുമ്പോൾ കൈകാലുകൾ കുഴയുന്നുണ്ടാകാം. പക്ഷേ, അത് യാത്രയുടെ കാഠിന്യം കൊണ്ട് മാത്രമല്ല, ജീവിതമെന്ന വലിയ തിരക്കഥയിൽ തോറ്റുപോകാതിരിക്കാൻ നാം നടത്തിയ നിരന്തരമായ പോരാട്ടങ്ങൾകൊണ്ടു കൂടെയാണ്. കയ്പുനീർ തന്ന ഒഴുക്കിനോട് നമുക്കു നന്ദി പറയാം—കാരണം, ആ കയ്പ്പാണ് മധുരത്തിന്റെ തെളിനീരിന് എത്രമാത്രം വിലയുണ്ടെന്ന് നമ്മെ മനസ്സിലാക്കിത്തന്നത്.
ആ പുഴയിലെ ചെളിയിൽച്ചിലപ്പോളൊക്കെ കുടുങ്ങുമ്പോളും അതിന്റെ അടിത്തട്ടിലൊളിഞ്ഞിരുന്ന അതിജീവനത്തിന്റെ മുത്തുകളാണു നമ്മൾ തിരഞ്ഞു കണ്ടെത്തേണ്ടത്.
2026-ന്റെ തീരത്തു നിൽക്കുമ്പോൾ, കടന്നുപോയ പുഴ നമുക്കു നൽകിയത് വെറും അനുഭവങ്ങളല്ലാ, ഇനിയുള്ള യാത്രയിൽ തളരാതിരിക്കാനുള്ള പാഠങ്ങളാണ്. ആ പുഴയിലെ ഓരോ ഓളവും നമ്മളെ പഠിപ്പിച്ചത് എങ്ങനെ അതിജീവിക്കണമെന്നാണ്.
എന്നെസ്സംബന്ധിച്ച് പുഴയും തുഴയും വഴികാട്ടലുമെല്ലാം എന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. നൂറ്റാണ്ടുകൾക്കുമുമ്പ് കരപ്പുറത്തെ നാടുവാഴികളുടെ ജലയാത്രകളിൽ മുമ്പേ തുഴഞ്ഞ് വഴികാട്ടിയവരായിരുന്നു (ആറുകാട്ടി = ആറ് (പുഴ) കാട്ടിക്കൊടുക്കുന്നയാൾ) എന്റെ പൂർവ്വികർ. ആ പാരമ്പര്യം എന്നെപ്പഠിപ്പിക്കുന്നത് ഒന്നുമാത്രം: ഒഴുക്കെത്ര വന്യമായാലും ലക്ഷ്യബോധമുള്ളവർക്കു മറുകരയുണ്ടെന്ന ഉറപ്പ്.
അതേ, കടന്നുപോയ പുഴ നമുക്കു നൽകിയത് വെറും ഓർമ്മകളല്ല, വരാനിരിക്കുന്ന യാത്രകളിൽ തളരാതിരിക്കാനുള്ള പാഠങ്ങളാണ്. ഇതാ, 2026-ന്റെ തെളിനീർപ്പരപ്പ് നമുക്കു മുന്നിലിപ്പോൾ വിരിഞ്ഞുനിൽക്കുന്നുണ്ട്. ഈ പുതിയ പ്രവാഹത്തിൽ നമുക്ക് ഒന്നിച്ചു നീന്താം. ഒഴുക്കിൽപ്പെട്ടുപോയവരെയോർത്തു പ്രാർത്ഥിക്കാം, കൂടെ നീന്തുന്നവർക്ക് താങ്ങും തണലും വഴികാട്ടിയുമാകാം.
ഒരു പുഴയൊഴുകിത്തീരുന്നിടത്ത് ചിലപ്പോൾ ഒരു കടലിന്റെ തുടക്കമാകാം. പ്രത്യാശയോടെ, സ്നേഹത്തോടെ നമുക്കു മുമ്പോട്ടു നീങ്ങാം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!

ഒത്തിരി സ്നേഹത്തോടെ,
ജോസ് ആറുകാട്ടി