2018, മാർച്ച് 1, വ്യാഴാഴ്‌ച
വല്യമ്മച്ചിയും രാധടീച്ചറും
1976ലെ ചരിത്രമാണ് - അക്കാലത്ത് ഇന്നത്തെപ്പോലെ അംഗനവാടികളും സി.ബി.എസ്.സി. കിന്റര്‍ഗാര്‍ട്ടന്‍ നെഴ്സറികളുമൊന്നും എന്റെ നാട്ടില്‍ സജീവമായിട്ടില്ല. എങ്കിലും മലയാളം അക്ഷരങ്ങളും എഞ്ചുവടിയിലെ കണക്കുകളുമൊക്കെ പഠിപ്പിക്കുന്ന ഒരു പാഠശാല എന്റെ നാട്ടിലുണ്ടായിരുന്നു. നാട്ടിലെ പ്രധാനപ്രസ്ഥാനങ്ങളില്‍ ഒന്നായിരുന്ന വനിതാസമാജത്തിന്റെ നേതൃത്വത്തിലാണ് അതു നടത്തിവന്നിരുന്നത്. എനിക്കു നാലുവയസ്സായപ്പോള്‍ എന്നെയും അവിടെ പഠിക്കാന്‍ ചേര്‍ത്തു. അതിനും ഒരു വര്‍ഷം മുമ്പ് ഒരു വിദ്യാരംഭം നാളില്‍ എന്റെ തലതൊട്ടപ്പന്‍ (GOD FATHER) അരിയില്‍ ആദ്യാക്ഷരങ്ങള്‍ കുറിപ്പിച്ച്, എന്റെ വിദ്യാഭ്യാസം തുടങ്ങിവച്ചതായി പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും എന്റെ ഓര്‍മ്മച്ചിത്രങ്ങളില്‍ ആ സംഭവം തെളിയുന്നതേയില്ല. എങ്കിലും വനിതാസമാജത്തില്‍ പഠനംതുടങ്ങുംമുമ്പേ മലയാളം അക്ഷരങ്ങളെല്ലാം എനിക്കറിയാമായിരുന്നു. ദിവസവും പത്രത്താളുകളിലെ തലക്കെട്ടുകള്‍ ഞാന്‍ ഉറക്കെ വായിച്ചിരുന്നതെനിക്കോര്‍മ്മയുണ്ട്.
വീട്ടില്‍നിന്നും ഒരു കിലോമീറ്ററിലധികം ദൂരമുണ്ട്, വനിതാസമാജത്തിലേയ്ക്ക്. രണ്ടു തടിപ്പാലങ്ങളും തോടിറമ്പിലൂടെയുള്ള നടപ്പാതകളും കടന്ന്, നൂറുമീറ്ററോളം ടാര്‍ റോഡും കടന്നാണു വനിതാസമാജത്തിലെത്തേണ്ടത്. യാത്രയില്‍ ഞാന്‍ ഒറ്റയ്ക്കല്ല, എന്റെ നാലുകൂട്ടുകാര്‍കൂടെ എന്റെയൊപ്പമുണ്ട്. എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്ന നാളുകളിലേ ഒപ്പമുള്ള കൂട്ടുകാര്‍ - മിനി, പ്രിയ, റീനി, കുഞ്ഞുമോള്‍. നാലുപേരും സമപ്രായക്കാരായ എന്റെ അയല്‍ക്കാര്‍; . പാലവും തോടുകളും ഞങ്ങളെ അന്നു ഭയപ്പെടുത്തിയിരുന്നില്ലെന്നതും നാലുവയസ്സുള്ള കുട്ടികള്‍ ഇത്രയുംദൂരം ഇത്തരത്തിലുള്ള വഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും യാത്രചെയ്യണമെന്നതു ഞങ്ങളുടെ മാതാപിതാക്കളെ ആലോസരപ്പെടുത്തിയിരുന്നില്ലെന്നതും ഇന്നത്തെ സാഹചര്യത്തില്‍ അദ്ഭുതപ്പെടുത്തുന്നുണ്ട്. (നാലുവയസ്സു തികയുംമുമ്പു ഞാന്‍ രണ്ടുതവണ വെള്ളത്തില്‍ വീണിട്ടുണ്ട്. ഒരുതവണ കുളത്തില്‍ വീണപ്പോള്‍ എന്റെ പിതൃസഹോദരിയുടെ പുത്രിയും പിന്നൊരിക്കല്‍ പാലത്തില്‍നിന്നു തോട്ടില്‍ വീണപ്പോള്‍ എന്റെ മൂത്ത സഹോദരിയും എന്നെ രക്ഷപ്പെടുത്തി. ഏഴുവയസ്സൊക്കെയായപ്പോള്‍ ഒറ്റയ്ക്കു വഞ്ചി തുഴയാനുള്ള ധൈര്യമൊക്കെ ആയിക്കഴിഞ്ഞിരുന്നു.)
വനിതാസമാജത്തില്‍ പഠിക്കാനെത്തിയ ആദ്യദിവസംതന്നെ അധികൃതരില്‍നിന്നും എനിക്കു വലിയൊരു വിവേചനം നേരിടേണ്ടിവന്നു. എന്നാല്‍ ശക്തമായ പ്രതിഷേധസമരത്തിലൂടെ ഞാന്‍ അധികൃതരെ നേരിട്ടെതിര്‍ത്തു. ഞങ്ങള്‍ അഞ്ചുപേര്‍ ഒന്നിച്ചാണെത്തിയതെങ്കിലും എന്നെ എന്റെകൂട്ടുകാര്‍ക്കൊപ്പമിരിക്കാന്‍ അനുവദിച്ചില്ല എന്നതായിരുന്നു അത്യന്തം പ്രതിഷേധാര്‍ഹാമായ ആ വിവേചനം.. ഞാന്‍ ആണ്‍കുട്ടിയും അവര്‍ പെണ്‍കുട്ടികളുമാണെന്നതായിരുന്നു ഈ വിവേചനത്തിനു കാരണം. ഉറക്കെ കരഞ്ഞുകൊണ്ടു ഞാന്‍ പ്രതിഷേധമാരംഭിച്ചു. പക്ഷേ, കാര്യമായ ഫലമുണ്ടായില്ല. പ്രതിഷേധക്കരച്ചില്‍ ഫലിക്കുന്നില്ലെന്നുകണ്ടപ്പോള്‍ ഞാന്‍ സമരത്തിന്റെ ശൈലി മാറ്റി. "എന്നാല്‍ ഞാനിവിടെ പഠിക്കുന്നില്ലാ" എന്നുറക്കെ പ്രസ്താവിച്ചുകൊണ്ടു ഞാന്‍ റോഡിലെക്കോടി. എന്റെ കൂട്ടുകാരും എന്റെ പിന്നാലെയെത്തിയതോടെ ടീച്ചറും ആയയും ഞങ്ങള്‍ക്കൊപ്പം ഓടിയെത്തി. ഇഷ്ടമുള്ളിടത്തിരുന്നുകൊള്ളാന്‍ അനുവാദംതന്ന്, ഞങ്ങളെ അനുനയിപ്പിച്ചതിനാല്‍ അന്നു പ്രതിഷേധമവസാനിപ്പിച്ചു ക്ലാസ്സില്‍ കയറി.
എന്നെക്കൂടാതെ മറ്റൊരാള്‍കൂടെ അന്നു സമരംചെയ്തിരുന്നു. സ്കൂളിനടുത്തുതന്നെയുള്ള മോഡിയായിരുന്നു, ആ പ്രതിഷേധക്കാരന്‍. മോഡിയുടെ ഊണും ഉറക്കവും നടപ്പും കളിയുമെല്ലാം അവന്റെ മുത്തശ്ശിക്കൊപ്പമായിരുന്നു. അവന്‍ അന്നു വനിതാസമാജത്തില്‍ വന്നതും മുത്തശ്ശിക്കൊപ്പം തന്നെ. എന്നാല്‍ മുത്തശ്ശിയെ ക്ലാസ്സിലിരിക്കാന്‍ അനുവദിച്ചില്ല എന്നതായിരുന്നു മോഡിയുടെ പ്രതിഷേധത്തിനു കാരണം. കുട്ടികള്‍ക്കു പുറകിലായി മുത്തശ്ശിക്കിരിക്കാനായി ഒരു കസേരയൊരുക്കികൊടുത്ത് ആ പ്രശ്നവും വിജയകരമായി പരിഹരിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ക്കൊപ്പമാണിരുന്നതെങ്കിലും കുറച്ചുദിവസങ്ങള്‍ക്കുശേഷം ഞാന്‍ സ്വയം ആണ്‍കുട്ടികളുടെ ബഞ്ചിലേക്കു മാറി. മോഡിക്കു ക്ലാസ്സില്‍ വരുമ്പോള്‍ മുത്തശ്ശിയേയും വേണ്ടാതായി.
അക്കാലത്ത് എല്ലാദിവസവും ഉച്ചഭക്ഷണം വനിതാസമാജത്തില്‍നിന്നായിരുന്നു. ചോളപ്പൊടികൊണ്ടോ, സൂചിഗോതമ്പുകൊണ്ടോ ഉണ്ടാക്കിയ ഉപ്പുമാവും ജീരകവെള്ളവുമായിരുന്നു സ്ഥിരമായുള്ള മെനു.
അന്നത്തെ ഞങ്ങളുടെ ആയയെ ഞങ്ങള്‍ കുട്ടികളെല്ലാവരും വല്യമ്മച്ചി എന്നായിരുന്നു വിളിച്ചിരുന്നത്. ഞങ്ങളെയെല്ലാം വല്യമ്മച്ചിക്കു വലിയ ഇഷ്ടമായിരുന്നു. ഞങ്ങള്‍ക്കു തിരിച്ചും. അതുകൊണ്ടുതന്നെ, മുതിര്‍ന്നതിനുശേഷവും വല്യമ്മച്ചിയെ ഇടയ്ക്കെല്ലാം പോയി കാണുമായിരുന്നു. കാണുമ്പോഴെല്ലാം നിറഞ്ഞസന്തോഷത്താല്‍ വല്യമ്മച്ചിയുടെ മുഖം വിടരുമായിരുന്നു. വല്യമ്മച്ചി മരിച്ചപ്പോള്‍ ഞാന്‍ വിദേശത്തു ജോലിയിലായിരുന്നതിനാല്‍, മൃതദേഹം കാണുവാന്‍ കഴിഞ്ഞില്ല അതുകൊണ്ടൊരു ഗുണമുണ്ടായി. ഇന്നുമോര്‍ക്കുമ്പോള്‍ വല്യമ്മച്ചിയുടെ ചിരിക്കുന്ന പ്രസരിപ്പാര്‍ന്ന മുഖംമാത്രമാണോര്‍മ്മയില്‍ തെളിയുന്നതെന്ന ഗുണം.
അന്നു പഠിപ്പിച്ചിരുന്ന രാധ ടീച്ചര്‍ പിന്നീട് അംഗന്‍വാടി അദ്ധ്യാപികയായി. ഇപ്പോഴും ചിലപ്പോള്‍ ടീച്ചറെ കാണാറുണ്ട്.
വനിതാസമാജത്തിലെ പഠനകാലത്തായിരുന്നു എന്റെ ആദ്യത്തെ പ്രസംഗം. ശിശുദിനത്തില്‍ ചാച്ചാ നെഹ്രുവിനെക്കുറിച്ച് എന്റെ പിതാവെഴുതിത്തന്ന പ്രസംഗം കാണാതെ പഠിച്ച്, വള്ളിപുള്ളി തെറ്റാതെ വിളിച്ചു പറഞ്ഞു. അന്നു സഭാകമ്പവും വിറയലും കൂടാതെ സ്റ്റേജില്‍നിന്ന ഞാന്‍ പിന്നീടു പ്രൈമറിസ്കൂള്‍ പഠനകാലത്ത്, പലസ്റ്റേജുകളില്‍നിന്നും വാക്കുകള്‍ കിട്ടാതെ കരഞ്ഞുകൊണ്ടിറങ്ങിപ്പോന്നിട്ടുമുണ്ട്.
ഒരുവര്‍ഷത്തിനുശേഷം ഒന്നാംക്ലാസ്സിലേക്കു പോയപ്പോള്‍ എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്ന അന്ധകാരനഴി ബി.ബി.എം. സ്കൂളിലാണു ഞാന്‍ ചേര്‍ന്നത്. എന്റെ കൂട്ടുകാരികള്‍ നാലുപേരും തങ്കി സ്കൂളിലേക്കാണു പോയത്. ഞങ്ങളുടെ വീട്ടില്‍നിന്നും തങ്കിസ്കൂളിലേക്കുള്ള വഴിയില്‍ തടിപ്പാലങ്ങള്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ എന്റെ സ്കൂളിലേക്കുള്ള വഴി, മൂന്നുനാലു തടിപ്പാലങ്ങളും മുപ്പതുമീറ്ററിലധികം വീതിയുള്ള ഒരു തോടിനു കുറുകെയുള്ള കടത്തുവഞ്ചിയും ഉള്‍പ്പെടുന്ന മൂന്നു കിലോമീറ്റര്‍ ദൂരമായിരുന്നു.
പ്രൈമറിസ്കൂള്‍ വിശേഷങ്ങള്‍ പിന്നാലെ പറയാം. ഒപ്പം എനിക്കിന്നും പ്രിയപ്പെട്ട എന്റെ അദ്ധ്യാപകരെക്കുറിച്ചും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശിശു ദിനത്തിന് ചേർന്ന ഓർമ്മകൾ
മറുപടിഇല്ലാതാക്കൂവായിച്ചു് അഭിപ്രായമറിയിച്ചതിനു നന്ദി. മറുപടി വൈകിയതിൽ ക്ഷമിക്കണേ.
ഇല്ലാതാക്കൂകുട്ടിക്കാലം ആ ഓർമ്മകൾ രസകരമായി എഴുതി
മറുപടിഇല്ലാതാക്കൂവളരെ നന്ദി മുഹമ്മദ്ജീ...
ഇല്ലാതാക്കൂനല്ല ഓർമ്മകൾ. ഈ " അന്ധകാരനഴി " എന്ന സ്ഥലപ്പേര് ബസ്സിന്റെ ബോർഡിൽ എഴുതി വച്ചിരിക്കുന്നത് കാണുമ്പോൾ ഇതെന്താ ഇങ്ങനൊരു പേര് ഇതെവിടാവും ഇങ്ങനെയൊക്കെ കുറെ സംശയങ്ങൾ മനസ്സിൽ തോന്നിച്ചിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഇപ്പോൾ അന്ധകാരനഴി ഒരു വിനോദസഞ്ചാരകേന്ദ്രമായിട്ടുണ്ടു്..
ഇല്ലാതാക്കൂവളരെ മനോഹരമായ ഓർമകൾ
മറുപടിഇല്ലാതാക്കൂ