മാമരംകോച്ചും തണുപ്പിൽ, ഒരു
കാലിത്തൊഴുത്തിന്റെയുള്ളില്‍
കരചരണങ്ങള്‍ കുടഞ്ഞും - ചേലില്‍
മോണകള്‍ കാട്ടിച്ചിരിച്ചും
കണ്‍കള്‍തുറന്നുകിടന്നൂ, ഉണ്ണി
കന്യകാമാതാവിന്‍ ചാരെ!

താരകങ്ങള്‍ പുഞ്ചിരിച്ചൂ, വാനി-
ലമ്പിളിയും ചിരിതൂകി!
മാലാഖമാരുടെ വൃന്ദം, പുതു-
ഗാനങ്ങൾ പാടിപ്പുകഴ്ത്തി...
എറിടുമാനന്ദമോടെ നന്നായ്
ആനന്ദനൃത്തംചവിട്ടി,
ആട്ടിടയന്മാര്‍ വന്നെത്തീ, ഉണ്ണി-
യേശുവേക്കണ്ടു വണങ്ങി!
താരകം നേര്‍വഴികാട്ടി, പൂജ-
രാജാക്കള്‍ ദൂരെനിന്നെത്തി!
കുന്തുരുക്കം, മീറ, സ്വര്‍ണ്ണം; കാഴ്ച-
ദ്രവ്യങ്ങളുണ്ണിക്കു നല്കി!
ജോസഫും മേരിയുമപ്പോള്‍ മോദാല്‍-
ഉള്‍പ്പുളകത്തോടെ നിന്നു!
നിത്യനാംദൈവമീ മണ്ണിൽ, മർത്ത്യ-
രൂപിയായ് വന്നുപിറന്ന
നിസ്തുലമാമാദിനത്തിൻ ഓർമ്മ-
യുള്ളിലുണർത്തുമീ നാളിൽ,
ലോകപാപങ്ങള്‍ഹരിക്കാന്‍, വന്ന
ലോകേശപുത്രനെന്‍ സ്തോത്രം!
(ഒന്നാം വര്‍ഷപ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ (1987) എഴുതിയ കവിത. 1988 ഡിസംബര്‍ ലക്കം 'സ്നേഹസേന' മാസികയില്‍ പ്രസിദ്ധീകരിച്ചു.)