മഹാത്മാഗാന്ധി: സ്മരണാഞ്ജലി
"എന്റെ ജീവിതമാണ് എന്റെ സന്ദേശം"
✍🏻 ജോസ് ആറുകാട്ടി
ഭാരതത്തിന്റെ ആത്മാവു തൊട്ടറിഞ്ഞ ആ മഹാത്മാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 78 വർഷങ്ങൾ തികഞ്ഞിരിക്കുന്നു. വെറുമൊരു രാഷ്ട്രീയസ്വാതന്ത്ര്യമായിരുന്നില്ല, ഗാന്ധിജി വിഭാവനംചെയ്ത ഇന്ത്യയുടെ ലക്ഷ്യം; ഭാരതത്തിലെ ഏറ്റവും സാധാരണക്കാരനായ മനുഷ്യന്റെ ജീവിതത്തിൽ പ്രതിഫലിക്കുന്ന സമഗ്രമായ മാറ്റമായിരുന്നു.
"ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്" എന്നു വിശ്വസിച്ചിരുന്ന ഗാന്ധിജി, സ്വയംപര്യാപ്തമായ ഗ്രാമങ്ങളെയാണു സ്വപ്നം കണ്ടത്. ഓരോ ഗ്രാമവും സ്വന്തം ആവശ്യങ്ങൾ തദ്ദേശീയമായി നിറവേറ്റുന്ന 'ഗ്രാമസ്വരാജ്' എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അധികാരവും സമ്പത്തും കേന്ദ്രീകരിക്കപ്പെടുന്നതിനുപകരം അത് താഴെത്തട്ടിലേക്കു വികേന്ദ്രീകരിക്കപ്പെടണമെന്ന് അദ്ദേഹമാഗ്രഹിച്ചു.
മതസൗഹാർദ്ദമായിരുന്നു, ഗാന്ധിജി സ്വപ്നംകണ്ട സ്വതന്ത്രഇന്ത്യയുടെ നട്ടെല്ല്. ഹിന്ദുവും മുസ്ലിമും പാഴ്സിയും ജൈനനും ക്രിസ്ത്യാനിയും സിഖുകാരനുമെല്ലാം ഒരേ തായ്‌വേരിലെ ശാഖകളാണെന്ന് അദ്ദേഹം കരുതി. ജാതിചിന്തകളും തൊട്ടുകൂടായ്മയുമില്ലാത്ത, എല്ലാവർക്കും തുല്യനീതിയുറപ്പാക്കുന്ന ഒരു മതേതരസമൂഹമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. "എന്റെ മതം സത്യവും അഹിംസയുമാണ്" എന്നു പ്രഖ്യാപിച്ച അദ്ദേഹം, സ്നേഹത്തിലൂടെ ലോകത്തെ കീഴടക്കാൻ പഠിപ്പിച്ചു.
സമൂഹത്തിലെ അവസാനത്തെ മനുഷ്യനും നീതി ലഭിക്കുന്ന 'അന്ത്യോദയ'യിലൂടെ 'സർവോദയ' (എല്ലാവരുടെയും ഉദയം) എന്നതായിരുന്നു ഗാന്ധിജിയുടെ സാമ്പത്തികദർശനം. യന്ത്രവൽക്കരണത്തേക്കാൾ മനുഷ്യപ്രയത്നത്തിനു പ്രാധാന്യം നൽകുന്ന, പ്രകൃതിയെ ചൂഷണംചെയ്യാത്ത ഒരു വികസനമാതൃകയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ ഇന്നു പല വെല്ലുവിളികളും നേരിടുന്നുണ്ട്. വിദ്വേഷപ്രസംഗങ്ങളും തത്തുല്യപ്രവൃത്തികളും അസമത്വവും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഗാന്ധിസത്തിനു പ്രസക്തിയേറുകയാണ്. ഗാന്ധിജിയെ വെറുമൊരു പ്രതിമയായി ആരാധിക്കുന്നതിനേക്കാൾ, അദ്ദേഹത്തിന്റെ ആശയങ്ങളെ പ്രായോഗികതലത്തിൽ പകർത്തുന്നതിനുള്ള ചെറിയ പരിശ്രമങ്ങളെങ്കിലും നമ്മൾ നടത്തേണ്ടിയിരിക്കുന്നു.
സത്യം, അഹിംസ, ലളിതജീവിതം എന്നീ മൂല്യങ്ങൾ മുറുകെപ്പിടിച്ച്, ഭയരഹിതമായ ഒരു ഭാരതം കെട്ടിപ്പടുക്കാനുള്ള ചിന്തകളെങ്കിലും ഗാന്ധിജിയുടെ ഈ 79-ാം രക്തസാക്ഷിദിനത്തിൽ നമ്മളുടെ ഹൃദയത്തിലുണ്ടാകുന്നുണ്ടെങ്കിൽ, അതുതന്നെയാണ്, മഹാത്മാവിനു നമുക്കു നല്കാനാകുന്ന ആദരവ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ