2015, മാർച്ച് 11, ബുധനാഴ്‌ച

നുണക്കുഴി

"ദാ, പുന്നാരമോള്‍ സ്കൂളില്‍നിന്നു വന്നപ്പോള്‍മുതല്‍ മുഖംവീര്‍പ്പിച്ചിരിക്കയാണു്. യൂണിഫോംപോലും മാറ്റിയിട്ടില്ല. കാര്യമെന്തെന്നു ചോദിച്ചാല്‍ പറയുന്നുമില്ല. ഇനീപ്പോള്‍ അച്ഛന്‍തന്നെ ചോദിക്ക്..."

വൈകുന്നേരം ഓഫീസില്‍നിന്നു വന്നിട്ടു വാതില്പടികടന്ന് അകത്തു കയറുന്നതിനുമുമ്പേ മകളെക്കുറിച്ചു പരാതിയുമായി എന്റെ ശ്രീമതിയെത്തി.

അച്ചുമോള്‍ ഒന്നാം ക്ലാസ്സിലാണു പഠിക്കുന്നതു്. അച്ഛന്‍ പുന്നാരിപ്പിച്ചു വഷളാക്കുന്നുവെന്ന് അവളുടെ അമ്മയ്ക്കൊരു പതിവു പരാതിയുള്ളതാണു്. "അടച്ചുവേകാത്ത കറിയും അടിച്ചുവളരാത്ത കുട്ടിയും ചീത്തയായിപ്പോകും" എന്നൊരു സ്ഥിരമുദ്ധരണിയും കൂടെയുണ്ടാകും.

പ്രായത്തിനനുസരിച്ച്, അത്യാവശ്യംവേണ്ട ചില ചെറിയചെറിയ കുറുമ്പുകളുണ്ടെന്നതൊഴിച്ചാല്‍ അച്ചുമോള്‍, അവളുടെ അമ്മ പറയുന്നതുപോലെ പ്രശ്നക്കാരിയൊന്നുമല്ല.

വസ്ത്രംമാറാനും ചായകുടിക്കാനുമൊന്നുംനില്ക്കാതെ ഞാന്‍ നേരെ അച്ചുമോളുടെയടുത്തേക്കു ചെന്നു. കട്ടിലില്‍ കമിഴ്ന്നുകിടന്നു കരയുകയാണെന്നു തോന്നുന്നു. ഇടയ്ക്കിടെ ഏങ്ങലിടിക്കുന്നുണ്ട്.

ഇതെന്തുപറ്റി, ഇത്ര സങ്കടം?

"അച്ഛന്റെ മുത്തെന്തിനാ കരയുന്നതു്? എണീറ്റു വാ, അച്ഛനൊരു കാര്യം ചോദിക്കട്ടെ"

ഞാന്‍ അച്ചുവിനെ മെല്ലെ എടുത്തുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ കട്ടിലിലേക്കു കൂടുതല്‍ ബലംനല്കിക്കൊണ്ടു് അവളെന്നെച്ചെറുത്തു.

"എന്തുണ്ടെങ്കിലും അച്ഛന്റെ മുത്തിനച്ഛനോടു പറയാമല്ലോ, ചക്കരക്കുട്ടി ഒന്നെണീക്ക്"

കുറച്ചേറെനേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ അച്ചുമോള്‍ എന്റെനേരെ മുഖംതിരിക്കാന്‍ തയ്യാറായി.

മുഖത്തു കണ്ണീര്‍പ്പാടുകള്‍ ... കണ്ണുകള്‍ കലങ്ങിയിരിക്കുന്നു.

"ചക്കരക്കുട്ടി ഇങ്ങനെ കരയുമ്പോള്‍ മുഖത്തിന്റെ ഭംഗിയൊക്കെ പോകും. അച്ഛന്റെ മുത്തു ചിരിക്കുമ്പോള്‍ എന്തൊരു സുന്ദരിക്കുട്ടിയാണെന്നോ?"

കിടന്നിരുന്നയാള്‍ സ്പ്രിംങ്ങുപോലെ ചാടിയെഴുന്നേറ്റതു പെട്ടെന്നാണു്.

"ഞാന്‍ ചിരിക്കുന്നതുതന്നെയാണിപ്പോള്‍ പ്രശ്നം!" ദേഷ്യവും ദുഃഖവുംകലര്‍ന്ന ശബ്ദം ഇടറിയിരുന്നു.





"അതുശരി, എന്റെ സുന്ദരിക്കുട്ടി ചിരിക്കുന്നതിഷ്ടപ്പെടാത്തതാര്‍ക്കാണു്? അതാരാണെങ്കിലും അച്ഛന്‍ ശരിയാക്കാം അവരെ!"

"ചിരിക്കുമ്പോള്‍ നുണക്കുഴിവരുന്നതു ഞാന്‍ നുണച്ചിയായതുകൊണ്ടാത്രേ! ക്ലാസ്സിലെല്ലാരും എന്നെ കളിയാക്കുന്നു. വൈകുന്നേരം ഓട്ടോയില്‍‍ വരുമ്പോളും കളിയാക്കി. ഓട്ടോ അങ്കിള്‍പോലും ചിരിച്ചു."

അപ്പോള്‍ നുണക്കുഴിയാണു കുഴപ്പക്കാരന്‍.

"അച്ചൂട്ടിയുടെ ക്ലാസ്സില്‍ ആര്‍ക്കൊക്കെയാണു നുണക്കുഴിയുള്ളത്?"

"എനിക്കുമാത്രേ ഉള്ളൂ"

"അതെന്താ അങ്ങനെയെന്നു മോള്‍ക്കറിയോ?"

"ങ്ഹൂഹൂ, എനിക്കറിയില്ല." അച്ചുമോള്‍ തലയാട്ടി.

"അതച്ഛന്‍ പറഞ്ഞു തരാം, മുത്തു യൂണിഫോംമാറ്റി, മുഖംകഴുകി വാ"

അവളെ ഞാന്‍ മെല്ലെ എഴുന്നേല്പിച്ചു. ഞങ്ങള്‍ വസ്ത്രംമാറിയെത്തിയപ്പോൾ അമ്മ ചായയും പലഹാരവും മേശമേല്‍ കൊണ്ടുവച്ചുകഴിഞ്ഞു.

"അപ്പോള്‍ എന്തിനാണു ചിലര്‍ക്കുമാത്രം ദൈവം കവിളില്‍ ഇങ്ങനെയൊരടയാളം നല്കിയതെന്നറിയേണ്ടെ?"

"വേണം, വേണം" അമ്മയും അച്ചുവിനൊപ്പം കൂടി.

"ഭൂമിയില്‍ താന്‍ സൃഷ്ടിച്ച മനുഷ്യരില്‍ കൂടുതല്‍പേരും ചെറിയ കാര്യങ്ങള്‍ക്കുപോലും നുണപറയുന്നവരാണെന്നു മനസ്സിലായപ്പോള്‍ ദൈവം ഒരുപാടു വേദനിച്ചു. എന്നാല്‍ അക്കൂട്ടത്തിലും ചിലരൊക്കെ നുണപറയാത്തവരുണ്ടെന്നു ദൈവം കണ്ടു. അപ്പോള്‍ നുണപറയാത്ത മനുഷ്യരെ പെട്ടെന്നു തിരിച്ചറിയാന്‍വേണ്ടി, ദൈവം അവരുടെ മുഖത്തു് ഒരടയാളം നല്കാന്‍ നിശ്ചയിച്ചു. അതാണു ചിരിക്കുമ്പോള്‍ കവിളില്‍ തെളിയുന്ന ഈ ചെറിയ കുഴിവു്"

ഞാന്‍ അച്ചുമോളുടെ കവിളില്‍ മൃദുവായി നുള്ളി.

"അപ്പോള്‍ പിന്നെന്തിനാ നുണക്കുഴിയെന്നു പറയുന്നതു്?"

അച്ചുമോള്‍ വിടാനുള്ള ഭാവമില്ല.

"കൂടുതല്‍പേരും നുണ പറയുന്നവരല്ലേ? അവര്‍ക്കിതു കണ്ടാല്‍ ഇഷ്ടാവുമോ? ചിരിക്കുമ്പോള്‍ കവിളില്‍ത്തെളിയുന്ന കുഴിവുള്ളയാളുകള്‍ നുണയന്മാരാണെന്ന പുതിയൊരു നുണ അവരുണ്ടാക്കി. എന്നിട്ടു നുണക്കുഴി എന്നൊരു പേരുംനല്കി അല്ലാതെന്താ?"

അച്ചുമോളുടെ മുഖത്തുവിരിഞ്ഞ പാല്‍പ്പുഞ്ചിരിയില്‍ എന്റെ മനം കുളിര്‍ന്നു. എന്നാല്‍ അടുത്ത നിമിഷത്തില്‍ത്തന്നെ അവളുടെ മുഖംവാടി.

"എന്നിട്ട് അച്ഛന്‍ ചിരിക്കുമ്പോള്‍ നുണക്കുഴി വരുന്നില്ലല്ലോ!"

എന്റെ മുഖമൊന്നു വിളറിയോ?

ഞാനതു തിരിച്ചറിയുന്നതിനുമുമ്പേ, തന്റെ കൈയ്യിലിരുന്ന ഇലയട, പാത്രത്തില്‍വച്ച്, അച്ചുമോള്‍ എന്നെ ഇറുകെക്കെട്ടിപ്പിടിച്ചു. എന്റെ കവിളില്‍ ഉമ്മവച്ചുകൊണ്ടു് അവള്‍ പറഞ്ഞു: "എന്റെ പുന്നാര അച്ഛന്‍ എന്നോടൊരിക്കലും നുണപറയില്ലെന്നെനിക്കൊറപ്പാ..."

2015, മാർച്ച് 7, ശനിയാഴ്‌ച

മരണം


"മരണമെത്തുന്നനേരത്തു നീയെന്റെ-
യരികിൽ, ഒരിത്തിരിനേരമിരിക്കണേ!"
ഒരു ചലച്ചിത്രഗാനശകലം, ഇപ്പോൾ അന്തരീക്ഷത്തിലലയടിക്കുന്നുണ്ട്.

മനുഷ്യനുൾപ്പെടെ എല്ലാ ജീവകളും ജനിക്കുന്നതുതന്നെ മരണദിനം കാത്തുകൊണ്ടാണ്. 

എന്താണു മരണം?

മരണം രംഗബോധമില്ലാത്ത വെറുമൊരു കോമാളിയാണെന്നു പറഞ്ഞാല്‍ പൂര്‍ണ്ണമായും ശരിയാകുമോ?

നമ്മളോടൊപ്പംതന്നെ ജനിക്കുകയല്ലേ നമ്മുടെ മരണവും? ജീവിതത്തിന്റെ ഓരോ നിമിഷത്തിലും മരണം നമ്മളോടൊപ്പം ഒരു നിഴൽപോലെ ചരിക്കുകയുംചെയ്യുന്നില്ലേ?

ഭ്രൂണമായി രൂപീകൃതമാകുന്നതിനുമുമ്പ്, നമുക്കു ജീവനുണ്ടായിരുന്നോ? ഇല്ലെങ്കില്‍, ഭ്രൂണാവസ്ഥയിൽ നമുക്കെങ്ങനെ ജീവൻ ലഭിച്ചു?  
ഭ്രൂണത്തിനെങ്ങനെ ജീവന്‍ ലഭിച്ചു?

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്ന ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം, ഗര്‍ഭപാത്രത്തിന്റെ സുഖകരമായ അന്തരീക്ഷത്തില്‍നിന്നു വിട്ടുപോരാന്‍ ആ കുഞ്ഞ് ആഗ്രഹിക്കുമോ?

ഗര്‍ഭപാത്രത്തില്‍നിന്നുള്ള ബഹിര്‍ഗ്ഗമനം യഥാർത്ഥത്തിൽ ഗര്‍ഭസ്ഥശിശുവിന്റെ മരണംതന്നെയല്ലേ? അതിനാൽ ഗര്‍ഭസ്ഥശിശുവിന്റെ മരണമാണു ഭൗമികശിശുവിന്റെ ജനനം എന്നുപറഞ്ഞാല്‍ അതു തെറ്റാകുമോ? 

അതുപോലെതന്നെയല്ലേ ഈ ഭൂമിയില്‍പ്പിറന്ന ഓരോ ജീവിയും? ഈ ഭൂമിയിലെ സുഖകരമായ ജീവിതത്തില്‍നിന്നു വിട്ടുപോകാന്‍ അഥവാ മരിക്കാന്‍ ഭൂമിയില്‍ജനിച്ച ഒരു ജീവിയുമാഗ്രഹിക്കുന്നില്ല.

എന്നാല്‍ മരണമെന്നതു വേറൊരു തലത്തിലുള്ള ജീവിതത്തിന്റെ തുടക്കംമാത്രമല്ലേ? മറ്റൊരു ജനനം...? ഒരു വിത്തു് മണ്ണിൽവീണഴിഞ്ഞു പുതുനാമ്പുണരുന്നതുപോലെ ...

മരണത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ കൂടുതല്‍പേരും അതു്, അന്തിമമായൊരു വേര്‍പാടാണെന്നു കരുതുന്നു, അതിനാല്‍ അതുണ്ടാക്കുന്ന ദുഃഖവും കഠിനമാകുന്നു. അതില്‍ക്കവിഞ്ഞു മരണത്തെ ഭയക്കാനെന്തുള്ളൂ?

ഗര്‍ഭസ്ഥശിശു മറുപിള്ളയെന്ന കവചമുപേക്ഷിച്ചു ഭൂമിയില്‍ പിറക്കുന്നതുപോലെ, ശരീരമെന്ന കവചമുപേക്ഷിച്ച്, ആത്മാവു മറ്റൊരുതലത്തില്‍പ്പിറക്കുന്നു. അതല്ലേ ശരി?

ഒന്നുമവസാനിക്കുന്നില്ല; ചില രൂപാന്തരീകരണങ്ങള്‍ സംഭവിക്കുന്നു! രൂപാന്തരീകരണങ്ങള്‍മാത്രം!

വേര്‍പാടുകള്‍ എല്ലായ്പോഴും നമ്മളില്‍ വ്യസനവും അസ്വസ്ഥതകളുമുണ്ടാക്കാറുണ്ടു്. നാട്ടില്‍നിന്ന് അകന്നുകഴിയുന്നതുണ്ടാക്കുന്ന സങ്കടം പ്രവാസികളായ ആളുകള്‍ക്കു പെട്ടെന്നു തിരിച്ചറിയാനാകും. അതിനുമപ്പുറത്തൊരു സങ്കടം പ്രിയപ്പെട്ടവരുടെ മരണം നമ്മിലുണർത്തേണ്ടതുണ്ടോ?

എന്തേ മനുഷ്യര്‍ മരണത്തെ ഇത്ര ഭയക്കുന്നു??





നമുക്കറിയാത്തൊരിടത്തേക്കുള്ള യാത്രയെ ചിലര്‍ ഭയക്കുന്നതുപോലെയേ മരണഭയത്തെയും കാണേണ്ടതുള്ളൂ. മരണമാകട്ടെ അറിയാത്തിടത്തേക്കുള്ള യാത്രമാത്രമല്ല, ഇനിയൊരു മടങ്ങിവരവില്ലാത്ത യാത്രകൂടെയാണല്ലോ!

എങ്കിലും മരണമൊന്നിന്റെയും അവസാനമല്ല, അനിവാര്യമായ ചില രൂപാന്തരങ്ങള്‍മാത്രം.. അതിനാല്‍ ഓരോനിമിഷവും മരണത്തിനായി ഒരുങ്ങിയിരിക്കാം. കരഞ്ഞുകൊണ്ടു പടിയിറങ്ങുന്നതിനേക്കാള്‍ നല്ലതു സന്തോഷത്തോടെ പുതിയ ജീവിതത്തിലേക്കു യാത്രയാകുന്നതല്ലേ?

ഈ ഭൂമിയിലൊരു തീർത്ഥാടനത്തിലാണു നമ്മൾ. പരസ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും സഹവർത്തിത്തത്തിന്റെയും ആത്മീയവഴികളിലൂടെയുള്ള ഒരു തീർത്ഥയാത്രയാണു ജീവിതം. 

അതിനാൽ സുഹൃത്തേ, താങ്കൾക്കു ശുഭജീവിതാശംസകൾ ... ജീവന്റെ പുതിയ തലങ്ങളിലേക്കുയർത്തുവാൻ മരണം നമ്മെ തേടിയെത്തുംവരെ സന്തോഷമായി എല്ലാവരോടും സ്നേഹത്തോടെ ഇടപെട്ടുകൊണ്ടു് ഈ ലോകജീവിതമാസ്വദിക്കാം. നമുക്കിവിടെ കലഹിച്ചുകളയാൻ സമയമില്ല. കള്ളനെപ്പോലെ ഏതുനിമിഷത്തിലും കടന്നുവരാവുന്ന മരണത്തെക്കുറിച്ചോർത്താൽ, വിശുദ്ധ അഗസ്റ്റിൻ പറയുന്നതുപോലെ  ഓരോനിമിഷവും നമുക്കു സ്നേഹിക്കാൻമാത്രമല്ലേ കഴിയൂ...

ഇതുകൂടെ കാണുക. 👇

2015, മാർച്ച് 4, ബുധനാഴ്‌ച

മാവോവാദി

ദരിദ്രന് ഒരുനേരം
ഭക്ഷണം കൊടുത്തപ്പോള്‍
അവരെന്നെ
വിശുദ്ധനെന്നു വിളിച്ചു.


അവനെ  ചൂഷണം ചെയ്തു
തടിച്ചു കൊഴുത്തവരോട്
അവനെങ്ങനെ ദരിദ്രനായി
എന്നു ചോദിച്ചപ്പോള്‍ അവരെന്നെ
മാവോവാദിയെന്നു ചാപ്പകുത്തി...

വെല്‍ഡണ്‍ മൈ ഗേള്‍

മൈ ഗോഡ്! ഇതു ഞെട്ടിക്കുന്ന രേഖകളാണല്ലോ. കേരളത്തിലെ ചില ഉന്നതനേതാക്കളും പ്രമുഖരായ ചലച്ചിത്രപ്രവര്‍ത്തകരുമെല്ലാം ഒരന്താരാഷ്‌ട്ര മയക്കുമരുന്നു റാക്കറ്റിന്റെ കണ്ണികളാണെന്നു ചിന്തിക്കാന്‍പോലുമാകുന്നില്ല. 

പക്ഷേ, ഈ തെളിവുകള്‍ ....
എത്ര ഉന്നതരായാലും ഈ കുറ്റവാളികള്‍ ഒരാൾപോലും രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ. വെല്‍ഡണ്‍ മൈ ഗേള്‍ ... നിനക്കെന്റെ എല്ലാ പിന്തുണകളും സഹായവുമുണ്ടാകും.


തന്റെ മേലുദ്യോഗസ്ഥന്റെ വാക്കുകള്‍ എ.സി.പി. പദ്മപ്രിയയെ പുളകമണിയിച്ചു. രാപകലുകള്‍ ഉറക്കമിളച്ചും ജീവന്‍ പണയംവച്ചുംനടത്തിയ അന്വേഷണങ്ങളുടെ ഫലമാണിതു്. അഭിമാനത്തോടെ സല്യട്ടുചെയ്തുകൊണ്ടു പദ്മപ്രിയ മുറിയില്‍നിന്നു പുറത്തിറങ്ങി.

പിറ്റേന്നു പുലര്‍ച്ചെ, മൊബൈല്‍ഫോണിന്റെ മണിയൊച്ചയാണു പത്മപ്രിയയെ ഉണര്‍ത്തിയതു്. കമ്മീഷണറാണു ലൈനില്‍...  

കേന്ദ്ര ആഭ്യന്തരസെക്രട്ടറിയുടെ ഒരടിയന്തിരസന്ദേശമുണ്ടു്. പെട്ടന്നുതന്നെ ഓഫീസിലെത്തണമെന്നാണു സന്ദേശം.  

അന്താരാഷ്‌ട്രമയക്കുമരുന്നുമാഫിയ ഉള്‍പ്പെട്ട കേസായതിനാലാകാം കേന്ദ്ര ആഭ്യന്തരസെക്രട്ടറി ഇടപെട്ടതു്. 

സമയം ആറരയാകുന്നതേയുള്ളൂ.

കമ്മീഷണറുടെമുമ്പില്‍ പദ്മപ്രിയ സല്യൂട്ടുചെയ്തു.

നാഗാലാണ്ടിലെ കലാപകാരികളെ അമര്‍ച്ചചെയ്യുന്നതിനുള്ള പ്രത്യേകകേന്ദ്രസേനയെ നയിക്കുന്നതിന്, മികച്ചൊരു ഐ.പി.എസ് ഓഫീസറെ ആവശ്യമുണ്ടു്. കേരളകേഡറില്‍നിന്നു പദ്മപ്രിയയെത്തന്നെ ഡെപ്യൂട്ടെഷനില്‍ വേണമെന്നാണു കേന്ദ്ര ആഭ്യന്തരസെക്രട്ടറിയുടെ മെയില്‍. ഇപ്പോള്‍ത്തന്നെ ഇവിടെനിന്നു റിലീവ് ചെയ്തോളൂ. പേപ്പറുകള്‍ എല്ലാം റെഡിയാണു്.

സര്‍ അതു് ...

ഇവിടുത്തെക്കാര്യങ്ങളെക്കുറിച്ചു് ആവലാതി വേണ്ടാ. ഫയലുകളെല്ലാം എന്റെ പക്കലുണ്ടു്. കേന്ദ്രത്തിലേക്കു ഡെപ്യൂട്ടെഷനില്‍ പോകാനാഗ്രഹിക്കുന്ന നിരവധിപേരാണുള്ളതെന്നു പദ്മയ്ക്കറിയാമല്ലോ. ഇതൊരു ഭാഗ്യമായിക്കരുതിയാല്‍മതി. ഉച്ചയ്ക്കു 4:30നു കൊച്ചിയില്‍നിന്നു പുറപ്പെടുന്ന എയര്‍ ഇന്ത്യയില്‍ മുംബൈ - കല്‍ക്കട്ടവഴി ദിമാപ്പുരിലേക്ക് ടിക്കറ്റു റെഡിയാണു്. നാളെത്തന്നെ ജോയിന്‍ചെയ്യണം.

പിന്തിരിഞ്ഞുനടക്കുംമുമ്പു സല്യൂട്ടു ചെയ്യാനുയര്‍ത്തിയ എ.സി.പിയുടെ കൈ പാതിവഴിയിലെ എത്തിയുള്ളൂ. കമ്പ്യുട്ടര്‍ സ്ക്രീനിലേക്കു മുഖംപൂഴ്ത്തിയിരുന്നതിനാല്‍ കമ്മീഷണര്‍ അതു കണ്ടതുമില്ല.

ഞാനെത്ര നല്ലവന്‍




ഞാന്‍ ആ സൈക്കിള്‍ മോഷ്ടിച്ചെന്നുമാത്രം പറയരുത്.

മാര്‍‍ക്കറ്റിലേക്കു പോകുമ്പോള്‍ പുതിയ ബി‍എസ്‍എ സൈക്കിള്‍ വഴിവക്കിലിരിക്കുന്നതു കണ്ടതാണു ഞാന്‍.

മോഷ്ടിക്കാനാണെങ്കില്‍ എനിക്കതപ്പോള്‍ത്തന്നെ മോഷ്ടിക്കരുതോ?

ഒരു മണിക്കൂറിനുശേഷം തിരികെവന്നപ്പോള്‍ ദാ, അതവിടെത്തന്നെയിരിക്കുന്നു.

അടുത്തുചെന്നു നോക്കിയപ്പോഴോ, അതു പൂട്ടിയിട്ടുപോലുമില്ലായിരുന്നെന്നേ!

അതപ്പോള്‍ ആരോ വഴിയിലുപേക്ഷിച്ചു കടന്നുകളഞ്ഞതല്ലേ സാര്‍!?

എന്തിനാ നല്ലൊരു സൈക്കിള്‍ വെറുതേ കളയുന്നതെന്നോര്‍ത്തു ഞാനതെടുത്തു.

അതൊരു തെറ്റാണോ സാര്‍?

പക്ഷേ ഞാനെത്ര നല്ലവനാണെന്നറിയാമോ സാര്‍?

ആ കുട്ടിമൂസയ്ക്കു വെറും 1200 രൂപയ്ക്കല്ലേ ഞാന്‍ സൈക്കിള്‍ കൊടുത്തതു്!

ഞാനല്ലാതെ, ആരുകൊടുക്കും സാര്‍, 1200 രൂപയ്ക്കു പുത്തന്‍ ബി‍എസ്‍എ സൈക്കിള്‍?
------------------------------------------------------------------------------------------------

ഭാഗ്യംവരുന്ന വഴികള്‍


ഭാഗ്യംവരുന്ന ഓരോരോ വഴികള്‍ നോക്കണേ!

വൈകുന്നേരം ഓഫീസില്‍നിന്നെത്തി കുളിയും ചായകുടിയുമൊക്കെക്കഴിഞ്ഞു മെയില്‍നോക്കാനിരുന്നതാണു ഞാന്‍. അപ്പോഴാണു നിക്കോലെറ്റ് ഷ്വാര്‍ട്ട്സ് എന്നൊരാളുടെ മെയില്‍ കണ്ടതു്. പേരിന്റെ ഉച്ചാരണം അങ്ങനെതന്നെയാണോ ആവോ? അല്ലെങ്കിലിപ്പോള്‍ ഒരു പേരിലെന്തിരിക്കുന്നു!

മെയില്‍ വായിച്ചപ്പോഴല്ലേ കാര്യങ്ങള്‍ വ്യക്തമാകുന്നതു്. ആഫ്രിക്കയിലെവിടെയോ ഉള്ള ഒരു കോടീശ്വരന്റെ ഒറ്റപുത്രിയാണ്, എനിക്കു മെയില്‍ അയച്ചിരിക്കുന്ന നിക്കോലെറ്റ് ഷ്വാര്‍ട്ട്സ്. ഇപ്പറഞ്ഞ കോടീശ്വരന്‍ അഞ്ചാറുമാസങ്ങള്‍ക്കുമുമ്പ്, ഒരപകടത്തില്‍ മരിച്ചുപോയി.

ഇപ്പോള്‍ 19 വയസ്സുള്ള, നമ്മുടെ നിക്കൊലെറ്റ് നേഴ്സറി സ്കൂളില്‍പ്പോകുന്ന നാളില്‍ത്തന്നെ അവളുടെ അമ്മ മരിച്ചുപോയിരുന്നു.

അയ്യോ പാവം കുട്ടി; ചെറിയ പ്രായത്തിലെ മാതാപിതാക്കളെ നഷ്ടമായല്ലോ! എനിക്കു സങ്കടംതോന്നി.

നിക്കൊലറ്റിന്‍റെ ഇപ്പോഴത്തെ പ്രശ്നം അതൊന്നുമല്ല; കോടിക്കണക്കിനു ഡോളറുകളുടെ ആസ്തികള്‍ ബാക്കിവച്ചാണു് അവളുടെ അച്ഛന്‍ മരണത്തിനു കീഴടങ്ങിയത്. ബന്ധുക്കളായി ആരുമില്ല; നിക്കൊലെറ്റിനാണെങ്കില്‍ ഇതെല്ലാം നോക്കിനടത്താനുള്ള കഴിവുമില്ല; അങ്ങനെയിരിക്കുമ്പോഴാണത്രേ ഫേസ്ബുക്കില്‍ എന്റെ പ്രൊഫൈല്‍ കണ്ടതു്. എന്റെ പരസ്നേഹംനിറഞ്ഞ പോസ്റ്റുകള്‍ കണ്ടപ്പോള്‍ ഒരുകോടി ഡോളര്‍ എനിക്കയച്ചുതരാമെന്നു തോന്നി മെയില്‍ അയച്ചതാണു്. ഒരുകോടി ഡോളര്‍ - എഴുപത്തിരണ്ടു കോടി ഇന്ത്യന്‍ രൂപ! എന്‍റെ കുട്ടീ, നിന്നെപ്പോലെ സന്മനസ്സുള്ളവര്‍ ഇക്കാലത്തും ജീവിച്ചിരിക്കുന്നെന്നോ!

ഫെയ്സ്ബുക്കില്‍ ഞാന്‍ മലയാളത്തിലെഴുതിയതൊക്കെ അവളെങ്ങനെ വായിച്ചോ ആവോ! എന്തായാലെന്താ നിനക്ക്, എന്റെ ബാങ്ക്അക്കൌണ്ട് കസ്റ്റമര്‍ നമ്പര്‍പോലുള്ള ചെറിയ ചില കാര്യങ്ങളല്ലേ അറിയേണ്ടതുള്ളൂ; എല്ലാം ഞാനയച്ചിട്ടുണ്ട്. നിന്റെ നല്ല മനസ്സിനു നന്ദി.


ഞാനിനി സന്തോഷമായി കിടന്നൊന്നുറങ്ങട്ടെ! ‍

അപ്പോള്‍ തെക്കന്‍ ഡല്‍ഹിയിലെ ഹോസ്റാണിയിലെ ഒരു ഫ്ലാറ്റിലെ കമ്പ്യുട്ടര്‍സ്ക്രീനിനു മുമ്പിലിരുന്നു തൊബിച്ചു ഒജംഗ്വ എന്ന നൈജീരിയക്കാരന്‍ ചിരിക്കുന്നത്, എന്റെ സ്വപ്നത്തില്‍പ്പോലും ഞാന്‍ കണ്ടില്ല.