A nod to the original Biblical parable
സ്കിറ്റ്
✍🏻 ജോസ് ആറുകാട്ടി
കഥാപാത്രങ്ങൾ:
1. ത്രേസ്യാമ്മ: വീട്ടുടമസ്ഥ
2. ഷൈനി: വീട്ടുജോലിക്കാരി (ആധുനികരീതിയിലുള്ള വസ്ത്രധാരണം, എപ്പോഴും ഫോണിൽ)
3. ടിനു
4. മീനു,
5. മോനു
6. അപ്പു
7. അമ്മു
(ത്രേസ്യാമ്മയുടെ കൊച്ചുമക്കൾ)
രംഗം 1:
(ത്രേസ്യാമ്മ മുടി ഒതുക്കിക്കൊണ്ട് അകത്തുനിന്നു സ്വീകരണമുറിയിലേക്കുവരുന്നു, കൈയിൽ ഒരു ഹാൻഡ്ബാഗും കുടയുമുണ്ട്. കുട്ടികൾ അഞ്ചുപേരും സോഫയിലും കസേരകളിലുമായി ഇരിക്കുന്നു - പഠനം/വായന)
ത്രേസ്യാമ്മ: "ഷൈനീ.. എടീ ഷൈനീ.. നീ എവിടെപ്പോയി കിടക്കുവാ?"
ഷൈനി: "ദാ വരുന്നു അമ്മച്ചീ..."
(ഫോണിൽ വിരൽ തോണ്ടിക്കൊണ്ടു കടന്നുവരുന്നു)
"രാവിലെയിട്ട റീൽസിനൊരു കമൻ്റു വന്നതാ. ഒരു കിടിലൻ മറുപടിയിട്ടോട്ടേ, അമ്മച്ചി.."
ത്രേസ്യാമ്മ: "നിൻ്റെയൊരു റീൽസ്! ഈ ഫോൺ നിന്നെ നശിപ്പിക്കും. ങ്ഹാ, പിന്നേ, ഇന്ന് ഇടവകപ്പള്ളീല് കൃപാസനത്തിലെ ജോസഫച്ചൻ്റെ ഏകദിനധ്യാനമുണ്ട് ഞാനതിനു പോകുവാ. വരാൻ വൈകുന്നേരമാകും."
ഷൈനി:
(നോട്ടം ഫോണിൽത്തന്നെയാണ്.) "അതിനെന്നാ അമ്മച്ചീ, അമ്മിച്ചി പോയിട്ടു വാ."
ത്രേസ്യാമ്മ: "നീയെൻ്റെ മുഖത്തേക്കൊന്നു നോക്കെടി പെണ്ണേ, ഞാൻ പറേണതു നല്ലോണം കേൾക്ക് "
(ഷൈനി അനിഷ്ടത്തോടെ ത്രേസ്യാമ്മയുടെ നേരേ നോക്കുന്നു)
ത്രേസ്യാമ്മ: "ഫ്രീസറിൽ മീനിരുപ്പുണ്ട്. അതു വെട്ടിത്തേച്ചു കറിയാക്കണം. പച്ചക്കറിയെടുത്ത് എന്തെങ്കിലും തോരനുമുണ്ടാക്ക്. പിള്ളേർക്ക് സമയത്തുതന്നെ ഭക്ഷണം കൊടുത്തേക്കണം."
ഷൈനി: "ഓ, കൊടുക്കാമമ്മച്ചീ" (അവൾ വീണ്ടും ഫോണിലേക്കു നോക്കുന്നു.)
ത്രേസ്യാമ്മ: "ഇങ്ങോട്ടു നോക്കടീ; നീയീ കുന്ത്രാണ്ടത്തേൽ കുത്തിക്കൊണ്ടിരുന്നാൽപ്പോര, പിള്ളേരു പഠിക്കണൊണ്ടോന്നും നോക്കണം. പിന്നെ ആ മുറീൽക്കെടക്കണ തുണിയെല്ലാം വാഷിംഗ് മെഷീനിലിട്ടലക്കി, അഴേൽ വിരിക്കണം"
ഷൈനി: "അതൊക്കെ ഞാൻ നോക്കിക്കോളാം. അമ്മച്ചി ധൈര്യമായിട്ട് പോയി ധ്യാനം കൂട്.
ത്രേസ്യാമ്മ: (കുട്ടികളോട്) മക്കളേ, ഷൈനിയാൻ്റി പറയുന്നത് അനുസരിക്കണം കേട്ടോ. തമ്മിൽ വഴക്കിടരുത്. സമയം കളയാതെ ഇരുന്നു പഠിച്ചോണം.
(ത്രേസ്യാമ്മ പോകുന്നു. ഷൈനി പുറകേ ചെന്ന്, വാതിൽക്കലെത്തി പുറത്തേക്കു നോക്കി നിൽക്കുന്നു. ത്രേസ്യാമ്മ ഗേറ്റ് കടന്നെന്നുറപ്പായതും ഷൈനി തിരിഞ്ഞുനിന്ന് നെടുവീർപ്പിടുന്നു.)
ഷൈനി: "ഹാവൂ! ആ തള്ള പോയല്ലോ."
(പിള്ളേരുടെ നേരേ തിരിഞ്ഞ്) "മക്കളെ.. ഇന്നു നമുക്കാഘോഷിക്കണം. മീൻ കറീം ചോറും ആർക്കു വേണം? നമുക്കിന്ന് നല്ല കുഴിമന്തി ഓർഡർ ചെയ്യാം. "'
ടിനു: "കുഴിമന്തിയോ? അതിനു പൈസയെവിടെ? അമ്മൂമ്മ ഒന്നും തന്നില്ലല്ലോ.
ഷൈനി: (കുസൃതിയോടെ) അതൊക്കെ നമുക്കു ശര്യാക്കാടാ. അലമാരയുടെ താക്കോലേ, അതിൻ്റെ മുകളിൽത്തന്നെയിരിക്കുന്നുണ്ട്.
നീയതെടുത്തിട്ട്, അലമാരേന്ന് 1000 രൂപയെടുക്ക്. അമ്മൂമ്മ അറിയാൻപോകുന്നില്ല. ഞാൻ സ്വിഗിയില് കുഴിമന്തീം ഐസ്ക്രീമും ഓർഡർ ചെയ്യാം."
(ടിനുവിനെ നിർബ്ബന്ധിച്ച് അകത്തേയ്ക്കുവിട്ടിട്ട്, ഷൈനി ഫോണിൽ കുത്തി, ഓർഡർ ചെയ്യുന്നു. ടിനു അകത്തുപോയി പൈസയുമായി വരുന്നു).
ഷൈനി: "മിടുക്കൻ
ദാ.. ഞാൻ കുഴിമന്തീം ഐസ്ക്രീമും ഓർഡർ ചെയ്തുകഴിഞ്ഞു. അതു വരുന്നതുവരെ നമുക്കൊരടിപൊളി റീൽസെടുക്കാം."
മീനു: "അയ്യോ, വേണ്ട ഷൈനിയാൻ്റീ, അമ്മൂമ്മ വന്നാൽ വഴക്കു പറയും."
ഷൈനി: "അമ്മൂമ്മ വരാൻ വൈകുന്നേരമാകും കൊച്ചേ. നീ ഇങ്ങു വന്നേ.. ഇപ്പൊഴത്തെ ട്രെൻഡിങ് പാട്ടിന് നമുക്കൊരു റീൽസ് ചെയ്യാം."
(ഷൈനി സ്റ്റാൻഡിൽ ഫോൺ സെറ്റുചെയ്യുന്നു. ഉച്ചത്തിൽ പാട്ടു വയ്ക്കുന്നു.)
ടിനു: "അല്ല ഷൈനിയാൻ്റീ ....."
ഷൈനി: "നീ പേടിക്കേണ്ടടാ ടിനൂ, നമ്മൾ റീൽസെടുത്ത്, കുഴിമന്തീം കഴിച്ച്, ഇവിടേക്കെ വൃത്തിയാക്കിക്കഴിയുമ്പൊളേ അമ്മുമ്മ വരത്തൊള്ളു കൊച്ചേ!"
(ഷൈനിയും മീനുവും മോനുവും ചേർന്ന് കോമഡി രീതിയിൽ ഡാൻസു ചെയ്യുന്നു. ടിനു അവ
രോടു ചേരാതെ മാറിയിരിക്കുന്നു.
അപ്പുവും അമ്മുവും അകത്തുപോയി ഫോണെടുത്തുവന്ന് ഗെയിം കളിച്ചുതുടങ്ങുന്നു.
റീൽസിൻ്റെ ബഹളത്തിനിടയിൽ വീടാകെ അലങ്കോലമാകുന്നു. ഇതിനിടയിൽ, "എനിക്കു തിങ്കളാഴ്ച ക്ലാസ്സ് ടെസ്റ്റ് ഉള്ളതാ" എന്നു പറഞ്ഞ്, പുസ്തകവുമെടുത്തു വരുന്ന ടിനുവിനെ ഷൈനി കളിയാക്കുന്നു.)
ഷൈനി: "എടാ, നീയാ പുസ്തകം അവിടെ വച്ചിട്ട് ഇങ്ങോട്ട് വാ. എനിക്കൊരൈഡിയയുണ്ട്! നമുക്കൊരു സൂപ്പർ 'പ്രാങ്ക്' വീഡിയോ എടുക്കാം."
ടിനു: "എനിക്കു വയ്യാൻ്റീ. നമ്മള് പൈസയെടുത്തതും വലിയ തെറ്റാണ്. ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല."
ഷൈനി: "ഓ.. വല്യ പുണ്യാളൻ വന്നിരിക്കുന്നു! നീ പോയി അവിടെ ഇരുന്നോ. ബാക്കിയുള്ളവർ വാ.. നമുക്ക് ഈ സോഫയിൽ കയറിനിന്ന്, വേറൊരു സ്റ്റൈലിൽ ഡാൻസുചെയ്യാം!"
(കുട്ടികൾ സോഫയിൽക്കയറുമ്പോൾ ഷൈനി ടിനുവിനോടു പറയുന്നു.)
ഷൈനി: "പൈസയുടേം കുഴിമന്തീടേം കാര്യംവല്ലതും നീ അമ്മുമ്മയോടു പറഞ്ഞാൽ, നീയാണു കാശു കട്ടതെന്നു ഞാൻ പറയും, ഓർത്തോ"
(റീൽസിൻ്റെ ബഹളം മുറുകുന്നു.)
പുറത്ത് ഒരു സ്ത്രീശബ്ദം: "അല്ല ത്രേസ്യാമ്മച്ചേടത്തീ, ധ്യാനം പെട്ടെന്നു കഴിഞ്ഞോ?"
ത്രേസ്യാമ്മ: "എന്നാ പറയാനാ രമണീ, ധ്യാനം അടുത്താഴ്ചേലാ, ശനിയാഴ്ചേന്നു പറഞ്ഞ്, അവടച്ചെന്നപ്പളാണറിഞ്ഞത്, അത് അടുത്ത ശനിയാഴ്ചേണെന്ന്'"
(പാട്ടും ബഹളവും കാരണം പുറത്തെ ശബ്ദമൊന്നും ആരും കേൾക്കുന്നില്ല. സെക്കൻഡുകൾക്കുള്ളിൽ അപ്രതീക്ഷിതമായി ത്രേസ്യാമ്മ വാതിൽ തുറന്ന് അകത്തേക്കു വരുന്നു. വീട്ടിലെ കാഴ്ചകൾ കണ്ട് ത്രേസ്യാമ്മ പകച്ചുനിൽക്കുന്നു.)
ത്രേസ്യാമ്മ: (ഉച്ചത്തിൽ) "ഇതെന്താ ഇവിടെ ചന്തയോ?"
(പാട്ട് പെട്ടെന്നു നിൽക്കുന്നു. എല്ലാവരും പ്രതിമപോലെ നിൽക്കുന്നു. ഷൈനി ഫോൺ സ്റ്റാൻഡെടുക്കുന്നു.)
ത്രേസ്യാമ്മ: "ഷൈനീ! നീയിതെന്തു കാണിക്കുവാ? കുട്ടികളെ നോക്കാനേൽപ്പിച്ചിട്ട് നീയവരെ നശിപ്പിക്കുകയാണോ?"
ഷൈനി: (പരിഭ്രമത്തോടെ) "അമ്മച്ചീ... അത്.. ഞാൻ..."
(വാതിലൂടെ അകത്തേയ്ക്കു നോക്കിയ ത്രേസ്യാമ്മ, അലമാര തുറന്നുകിടക്കുന്നതു കാണുന്നു.)
ത്രേസ്യാമ്മ: "ആ അലമാര ആരാണു തുറന്നത്?"
(ടിനുവിൻ്റെ മുഖത്ത് ഭയം. അവൻ പോക്കറ്റിൽനിന്ന് പൈസയെടുത്ത് ത്രേസ്യാമ്മയുടെ നേരേ നീട്ടുന്നു. ത്രേസ്യാമ്മ ദേഷ്യത്തോടെ ഷൈനിയെ നോക്കുന്നു.)
ഷൈനി: "പിള്ളേർക്ക് വിശക്കുന്നൂന്ന് പറഞ്ഞപ്പോ...."
ടിനു: "അല്ല അമ്മൂമ്മേ, അൻ്റിയാണ് കുഴിമന്തി ഓർഡർ ചെയ്തത്. എന്നെ നിർബന്ധിച്ച് അലമാരീന്ന് പൈസ എടുപ്പിച്ചതാണ്."
അമ്മൂമ്മ: (ദേഷ്യത്തോടെ) "വിശ്വസ്തതയില്ലാത്തവളേ.. ഞാനില്ലാത്തപ്പോൾ എന്റെ വീട്ടിൽ ഇതൊക്കെച്ചെയ്യാൻ നിനക്കെങ്ങനെ ധൈര്യം വന്നു? ഞാൻ പറയുന്നതനുസരിച്ചു കാര്യങ്ങൾ ചെയ്യാനാണ്, നിന്നെയിവിടെ ജോലിക്കു നിറുത്തിയിരിക്കുന്നത്. ഏൽപ്പിച്ച ഉത്തരവാദിത്തം മറന്ന നിന്നെ ഇനി വിശ്വസിക്കാൻകൊള്ളില്ല. നീ ഇപ്പോൾത്തന്നെ ഈ വീട്ടിൽനിന്നിറങ്ങണം!"
(ഷൈനി അല്പനേരം ത്രേസ്യാമ്മയുടെ ദയയ്ക്കായി യാചിക്കുന്നു. രക്ഷയില്ലെന്നു കണ്ടപ്പോൾ, തലതാഴ്ത്തി കരഞ്ഞുകൊണ്ട് പുറത്തേക്കു പോകുന്നു. ത്രേസ്യാമ്മ കുട്ടികളെ അടുത്തുവിളിക്കുന്നു.)
ത്രേസ്യാമ്മ: (ആദ്യം കുട്ടികളോടും പിന്നെ പ്രേക്ഷകരോടുമായി): "വിശുദ്ധമത്തായിയുടെ സുവിശേഷത്തിൽ ഈശോ പറഞ്ഞ ആ ഉപമ നമ്മുടെ ജീവിതത്തിലും പ്രസക്തമാണ്. യജമാനൻ വരാൻ വൈകുമെന്നു കരുതി സഹദാസന്മാരെ ഉപദ്രവിക്കുകയും സുഖഭോഗങ്ങളിൽ മുഴുകുകയുംചെയ്ത ദാസനു കിട്ടിയ ശിക്ഷതന്നെയാകും അവിശ്വസ്തരായ എല്ലാവർക്കും കിട്ടുന്നത്!"
ടിനു: (പ്രേക്ഷകരോട്) "നമ്മുടെ ജീവിതത്തിൽ ലഭിച്ചിട്ടുള്ള ഓരോ നിമിഷവും ഉത്തരവാദിത്തത്തോടെ നമുക്കുപയോഗിക്കാം. ദൈവം എപ്പോൾ കണക്കുചോദിച്ചാലും തലയുയർത്തി നിൽക്കാൻ നമുക്കു കഴിയണം."
ത്രേസ്യാമ്മ: "അതേ ഫോൺ ഉപയോഗത്തിലായാലും പഠനത്തിലായാലും മറ്റെന്തു കാര്യത്തിലായാലും ഉത്തരവാദിത്തം മറന്ന് നമ്മൾ ഒന്നും ചെയ്യരുത്."
(കർട്ടൻ)
✍🏻 ജോസ് ആറുകാട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ