2026 ജനുവരി 2, വെള്ളിയാഴ്‌ച

കാലപ്രവാഹത്തിന്റെ മറുകരതേടി...

ജീവിതത്തിൻ്റെ ഓരോ വർഷങ്ങളും ഓരോ പുഴകളാണ്; കാലമെന്ന മഹാസമുദ്രത്തിലേ
ക്കൊഴുകിച്ചേരുന്ന പുഴകൾ!

കടന്നുപോയ 2025 എന്ന വർഷം പലർക്കും ശാന്തമായൊരു കല്ലോലിനിയായിരിക്കണമെന്നില്ല.
ചിലർക്കെങ്കിലുമത്, അനുഭവങ്ങളുടെയും അതിജീവനത്തിന്റെയും ഒരു മഹാപ്രവാഹമായിരുന്നിരിക്കാം 

ഇന്ന് 2026-ന്റെ പുലരിയിൽ ആ പുഴയുടെ മറുകരയിൽ നിന്നു  തിരിഞ്ഞുനോക്കുമ്പോൾക്കാണുന്നത്, വൈവിദ്ധ്യമാർന്ന കാഴ്ചകളാണ്.

ആ പ്രവാഹം ചിലർക്ക് ശാന്തമായ ഒരൊഴുക്കായിരുന്നെങ്കിൽ, മറ്റു ചിലർക്ക് അതു സമ്മാനിച്ചത്, നെഞ്ചുപിളർക്കുന്ന കയങ്ങളും വന്യമായ ചുഴികളുമായിരുന്നു. 

ആ ഓളങ്ങളിൽ നാമുപേക്ഷിച്ചത് നമ്മുടെ സങ്കടങ്ങളെയും കണ്ണുനീരിനെയുമാണ്. പുഴയുടെ ആഴങ്ങളിൽ നമ്മൾ തിരഞ്ഞത് വെറും കൗതുകങ്ങളായിരുന്നില്ല, മറിച്ച് ജീവിതത്തിന്റെ അടിത്തട്ടിൽ ഒളിഞ്ഞിരുന്ന അതിജീവനത്തിന്റെ മുത്തുകളായിരുന്നു.
അക്കരെയെത്തി നിൽക്കുമ്പോൾ കൈകാലുകൾ കുഴയുന്നുണ്ടാകാം. പക്ഷേ, അത് യാത്രയുടെ കാഠിന്യം കൊണ്ട് മാത്രമല്ല, ജീവിതമെന്ന വലിയ തിരക്കഥയിൽ തോറ്റുപോകാതിരിക്കാൻ നാം നടത്തിയ നിരന്തരമായ പോരാട്ടങ്ങൾകൊണ്ടു കൂടെയാണ്. കയ്പുനീർ തന്ന ഒഴുക്കിനോട് നമുക്കു നന്ദി പറയാം—കാരണം, ആ കയ്പ്പാണ് മധുരത്തിന്റെ തെളിനീരിന് എത്രമാത്രം വിലയുണ്ടെന്ന് നമ്മെ മനസ്സിലാക്കിത്തന്നത്.

ആ പുഴയിലെ ചെളിയിൽച്ചിലപ്പോളൊക്കെ കുടുങ്ങുമ്പോളും അതിന്റെ അടിത്തട്ടിലൊളിഞ്ഞിരുന്ന അതിജീവനത്തിന്റെ മുത്തുകളാണു നമ്മൾ തിരഞ്ഞു കണ്ടെത്തേണ്ടത്.

2026-ന്റെ തീരത്തു നിൽക്കുമ്പോൾ, കടന്നുപോയ പുഴ നമുക്കു നൽകിയത് വെറും അനുഭവങ്ങളല്ലാ, ഇനിയുള്ള യാത്രയിൽ തളരാതിരിക്കാനുള്ള പാഠങ്ങളാണ്. ആ പുഴയിലെ ഓരോ ഓളവും നമ്മളെ പഠിപ്പിച്ചത് എങ്ങനെ അതിജീവിക്കണമെന്നാണ്.

എന്നെസ്സംബന്ധിച്ച് പുഴയും തുഴയും വഴികാട്ടലുമെല്ലാം എന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. നൂറ്റാണ്ടുകൾക്കുമുമ്പ് കരപ്പുറത്തെ നാടുവാഴികളുടെ
ജലയാത്രകളിൽ മുമ്പേ തുഴഞ്ഞ് 
വഴികാട്ടിയവരായിരുന്നു (ആറുകാട്ടി) എന്റെ പൂർവ്വികർ. ആ പാരമ്പര്യം എന്നെപ്പഠിപ്പിക്കുന്നത് ഒന്നുമാത്രം: ഒഴുക്കെത്ര വന്യമായാലും ലക്ഷ്യബോധമുള്ളവർക്കു മറുകരയുണ്ടെന്ന ഉറപ്പ്.

അതേ, കടന്നുപോയ പുഴ നമുക്കു നൽകിയത് വെറും ഓർമ്മകളല്ല, വരാനിരിക്കുന്ന യാത്രകളിൽ തളരാതിരിക്കാനുള്ള പാഠങ്ങളാണ്. 
ഇതാ, 2026-ന്റെ തെളിനീർപ്പരപ്പ് നമുക്കു മുന്നിലിപ്പോൾ വിരിഞ്ഞുനിൽക്കുന്നുണ്ട്. ഈ പുതിയ പ്രവാഹത്തിൽ നമുക്ക് ഒന്നിച്ചു നീന്താം. ഒഴുക്കിൽപ്പെട്ടുപോയവരെയോർത്തു പ്രാർത്ഥിക്കാം, കൂടെ നീന്തുന്നവർക്ക് താങ്ങും തണലും വഴികാട്ടിയുമാകാം. 
ഒരു പുഴയൊഴുകിത്തീരുന്നിടത്ത് ചിലപ്പോൾ ഒരു കടലിന്റെ തുടക്കമാകാം. പ്രത്യാശയോടെ, സ്നേഹത്തോടെ നമുക്കു മുമ്പോട്ടു നീങ്ങാം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!

ഒത്തിരി സ്നേഹത്തോടെ,
ജോസ് ആറുകാട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ