എമിറേറ്റ്സ് റോഡിലെ ആറുവരിപ്പാതയിലെ വാഹനങ്ങള്‍ക്കിടയിലൂടെ സതീഷിന്റെ ടൊയോട്ടാ ഫോര്‍ച്യൂണര്‍ ജബല്‍അലിയില്‍നിന്നു ഷാര്‍ജ്ജയിലേക്കു കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു. നാട്ടിലെ രീതിയില്‍പ്പറഞ്ഞാല്‍, ഇതൊരു പന്ത്രണ്ടുവരിപ്പാതയാണു്. ഇരുവശത്തേക്കും ആറുവരികള്‍വീതം. എല്ലാവരികളിലും നിരയായൊഴുകുകയാണു വാഹനങ്ങള്‍ ...
പുലര്‍ച്ചെ, ആറുമണിക്കു ഷാര്‍ജ്ജയിലെ ഫ്ലാറ്റില്‍നിന്നിറങ്ങിയാലേ ഏഴുമണിക്കുമുമ്പായി ജബല്‍അലിയിലുള്ള ഓഫീസിലെത്തുകയുള്ളൂ. രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെ കടുത്ത മാനസ്സികസമ്മര്‍ദ്ദംനല്കുന്ന ജോലിത്തിരക്കുകള്‍... പന്ത്രണ്ടുമുതല്‍ ഒന്നുവരെ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമുള്ള സമയമാണെങ്കിലും തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും ഭക്ഷണംകഴിക്കാന്‍പോലും സമയംകിട്ടാറില്ലെന്നതാണു സത്യം. ഓഫീസ് സമയംകഴിഞ്ഞാല്‍ വീട്ടിലേക്കെത്താന്‍, വീണ്ടും ഒരുമണിക്കൂര്‍ ഡ്രൈവിംഗ്...
എമിറേറ്റ്സ് റോഡിലൂടെ ഷാര്‍ജ്ജയിലെത്താന്‍ അല്പം കൂടുതല്‍ദൂരം സഞ്ചരിക്കണം. എങ്കിലും ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് റോഡിലെ കടുത്തവാഹനത്തിരക്കുമായി തുലനംചെയ്യുമ്പോള്‍ എമിറേറ്റ്സ് റോഡാണു യാത്രാസമയം കുറയ്ക്കാന്‍ നല്ലതു്. ഷാര്‍ജ്ജയിലേക്കു നയിക്കുന്ന മല്ലിഹ റോഡിന്റെ മൂന്നുവരിയിലേക്കു തിരിയുന്നിടംവരെ പരമാവധി വേഗതയില്‍ തടസ്സങ്ങളില്ലാതെ വണ്ടിയോടിക്കാം.
പിന്നില്‍വന്നിരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റ് തുടര്‍ച്ചയായി മിന്നി. എന്റെ വഴിയില്‍ തടസ്സമാകുന്ന, നിന്റെ വാഹനം, വേറേലെയിനിലേക്കു മാറ്റൂ എന്ന, പിന്നിലെ ഡ്രൈവറുടെ ധാര്‍ഷ്ട്യംനിറഞ്ഞ ആജ്ഞയാണതു്. സതീഷ് വേഗമാപിനിയിലേക്കു നോക്കി. 140നും അല്പം താഴെയാണു സൂചി. മണിക്കൂറില്‍ 120 കിലോമീറ്ററാണു് എമിറേറ്റ്സ് റോഡിലനുവദനീയമായ പരമാവധി വേഗം. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയിലെത്തിയാലേ റഡാര്‍ ക്യാമറ പ്രവര്‍ത്തിക്കൂ എന്നതിനാല്‍ കൂടുതല്‍ വാഹനങ്ങളും അത്രയുംവേഗത നിലനിറുത്താറുണ്ടു്. അനുവദനീയമായ പരമാവധി വേഗതയില്‍പ്പോകുമ്പോഴും പിന്നില്‍വന്നു ഹെഡ് ലൈറ്റു മിന്നിക്കുന്ന ഡ്രൈവറോടു പെട്ടന്നൊരു ദേഷ്യംതോന്നി. ഡബിള്‍ ഇന്‍ഡിക്കേറ്റര്‍ മിന്നിച്ചുകൊണ്ടു്, സതീഷ് മെല്ലെ ബ്രേക്കില്‍ കാലമര്‍ത്തി. വഴിമാറാന്‍ തല്ക്കാലം ഉദ്യേശമില്ല എന്ന സന്ദേശം മനസ്സിലാക്കിയ പിന്നിലെ ഡ്രൈവര്‍ ഹെഡ് ലൈറ്റ് മിന്നിക്കുന്നതു നിറുത്തി.
പെട്ടെന്നുണ്ടായ ദേഷ്യംമാറിയ സതീഷ്, പിന്നിലെ വാഹനത്തിനായി ലെയിന്‍ മാറിക്കൊടുക്കാം എന്നു ചിന്തിച്ച നിമിഷത്തില്‍ത്തന്നെ പിന്നിലുണ്ടായിരുന്ന ഇന്‍ഫിനിറ്റി ക്യുഎക്സ്-80, വലതുവശത്തെ ലെയിനിലൂടെ സതീഷിനു മുന്നിലെത്തി. ഡ്രൈവിംഗ് സീറ്റിലിരുന്ന മീശമുളയ്ക്കാത്ത അറബിപ്പയ്യനെ മിന്നായംപോലെകണ്ട സതീഷ് അവനില്‍നിന്ന് ഒരു കുറുമ്പു തിരികെപ്രതീക്ഷിച്ചു. പ്രതീക്ഷയൊട്ടും തെറ്റിയില്ല, സതീഷിന്റെ വാഹനത്തിനു മുന്നിലേക്കു കയറിയ ഉടന്‍ അവന്‍ പെട്ടെന്നു ബ്രേക്കിടുകയും അതിനേക്കാള്‍പ്പെട്ടെന്നു വേഗംകൂട്ടി വണ്ടി മുന്നോട്ടു പായിക്കുകയുംചെയ്തു. എന്നാല്‍ അവന്റെ ചെയ്തി, അപ്രതീക്ഷിതമല്ലാതിരുന്നതിനാല്‍ അവന്‍ ബ്രേക്കു ചവിട്ടുന്നതിനുമുമ്പേ സതീഷ് വലത്തേ ലെയിനിലേക്കു മാറിക്കഴിഞ്ഞിരുന്നു.
തന്നെ ഡ്രൈവിംഗ് പഠിപ്പിച്ച ജാഫര്‍ ഗുല്‍ മുഹമ്മദ് എന്ന പാകിസ്താനി *ഉസ്താദിനെ സതീഷ് ഓര്‍മ്മിച്ചുപോയി. തുടര്‍ച്ചയായി അഞ്ചുതവണ ഡ്രൈവിംഗ് ടെസ്റ്റില്‍ പരാജയം രുചിച്ചശേഷം ആറാമത്തെ ടെസ്റ്റിനുള്ള പരിശീലനത്തിനായി ഡ്രൈവിംഗ് സ്കൂളിലെത്തിയപ്പോഴാണു് അദ്ദേഹത്തെ ഉസ്താദായി കിട്ടിയതു്.
വിജയ് മേനോന്‍ *എത്തിസലാത്തിലാണു ജോലിചെയ്യുന്നതു്. ആഴ്ചയില്‍ അഞ്ചുദിവസം ജോലിചെയ്‌താല്‍മതി, അതും എട്ടുമണിക്കൂര്‍മാത്രം. സര്‍ക്കാര്‍ സര്‍വീസില്‍ സുഖിച്ചു ജോലിചെയ്യുന്ന അയാള്‍ക്കൊന്നും ദിവസവും പതിന്നാലുമണിക്കൂര്‍വരെ ജോലിയെടുക്കേണ്ടിവരുന്ന സ്വകാര്യമേഖലയിലെ ജോലിക്കാരുടെ ദുഃസ്ഥിതി മനസ്സിലാകില്ല. ആകെ ഒരു വെള്ളിയാഴ്ചയാണു് അവധികിട്ടുക. അതും ഇങ്ങനെ ഓരോരോ പരിപാടികളുടെ പിന്നാലെപോയിത്തീരും. ഇനിയിപ്പോള്‍ മൂന്നാലുമാസം ഓണാഘോഷങ്ങളുടെ തിരക്കാണു്. ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങള്‍ തുടങ്ങുന്നതുവരെയുള്ള വെള്ളിയാഴ്ചകളിലെല്ലാം വിവിധസംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികള്‍ അരങ്ങുതകര്‍ക്കും. ഒപ്പം ഈദ് ആഘോഷങ്ങള്‍കൂടെയാകുമ്പോള്‍ ആഘോഷങ്ങളുടെമേല്‍ ആഘോഷമാകും.
ഇവിടുത്തെ ഓണാഘോഷങ്ങള്‍ക്കു് എല്ലായ്പോഴും ഒരേ ചിട്ടവട്ടങ്ങള്‍തന്നെ! ഏറ്റവുംവലിയ കുടവയറുള്ള രണ്ടോ മൂന്നോപേര്‍ രാവിലെമുതല്‍തന്നെ മാവേലിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നുണ്ടാകും. അത്തക്കളമത്സരമാകും ഓണാഘോഷങ്ങളുടെ ആദ്യയിനം. അത്തപ്പൂക്കളം എന്നു പറയാറില്ല, കാരണം പൂക്കളേക്കാളേറെ, ഉപ്പും നിറമുള്ള പൊടികളുമൊക്കെയാണു് മത്സരത്തിലെ അത്തക്കളങ്ങളില്മുന്നിട്ടുനില്ക്കുന്നതു്. പിന്നെ മികച്ചമലയാളിമങ്കയേയും മലയാളിപ്പുരുഷനെയും കണ്ടെത്താനുള്ള മത്സരങ്ങള്‍ ...
ഉച്ചയ്ക്കുശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്തങ്ങള്‍, കൈകാട്ടിക്കളി, തിരുവാതിരക്കളി, സ്കിറ്റുകള്‍, ഗാനാലാപനം ... വൈകുന്നേരം ഏതങ്കിലും ടി.വി. റിയാലിറ്റി ഷോക്കാരുടെ ഗാനമേള, അല്ലെങ്കില്‍ മിമിക്രി. നാട്ടില്‍നിന്നു ശിങ്കാരിമേളക്കാരെ ആരെയെങ്കിലും കൊണ്ടുവരാന്‍പറ്റിയാല്‍ പുട്ടിനു പീരപോലെ, ഇടയ്ക്കിടെ അവരുടെ പ്രകടനങ്ങളും... രാത്രി പത്തുപന്ത്രണ്ടുമണിവരെ നീളുന്ന കൃത്രിമത്തമുള്ള ആഘോഷങ്ങള്‍ ..
ബാല്യത്തിലെ ഓണക്കാലത്തേക്കു സ്വയമറിയാതെ മനസ്സു പറന്നു. എത്രനാളുകള്‍ക്കുമുമ്പേ തുടങ്ങുന്ന കാത്തിരുപ്പാണു്, അത്തമെത്താന്‍! പരീക്ഷകള്‍ ശല്യമാകാതിരിക്കാന്‍ ഓണപ്പരീക്ഷയ്ക്കുള്ള പാഠങ്ങള്‍ മുമ്പേ പഠിച്ചുതീര്‍ത്തിട്ടുണ്ടാകും...
"ഇനിയും വിടരാനുള്ള എത്ര മൊട്ടുകളാണു് ആ തുമ്പക്കുടത്തിലുണ്ടാവുക? അല്പം ക്ഷമയോടെ തുമ്പപ്പൂക്കള്‍ പറിച്ചെടുക്കുന്നതിനുപകരം അതൊട്ടാകെ നശിപ്പിച്ചില്ലാതാക്കിയാലെങ്ങനാ കുട്ടാ..."
പക്ഷേ പിറ്റേന്നും അതുതന്നെയാവര്‍ത്തിക്കും. ഓരോ പൂക്കളായി പറിക്കാനിരുന്നാല്‍ തുമ്പക്കുടങ്ങളെല്ലാം മറ്റാരുടെയെങ്കിലും കൂടയിലാകും. അതുവല്ലതും അച്ഛമ്മയ്ക്കറിയാമോ?
രാവിലെ സതീഷ് ഉറക്കമുണര്‍ന്നുവരുമ്പോള്‍ ചേച്ചിമാര്‍ അത്തപ്പൂക്കളമൊരുക്കി കഴിഞ്ഞിട്ടുണ്ടാകും. അത്തംമുതല്‍ ഓണംവരെയുള്ള പത്തു ദിവസങ്ങളിലും അതാവര്‍ത്തിക്കും.
പത്തു ദിവസത്തെ ഓണാവധിക്കായി പള്ളിക്കൂടമടച്ചുകഴിഞ്ഞാല്‍ പിന്നെ ഓണക്കളികളുടെ ആവേശം അതിന്റെ പാരമ്യത്തിലെത്തുകയായി.
അയലത്തെ രുഗ്മിണിച്ചേച്ചിയുടെ വീട്ടിലെ മുത്തശ്ശിമാവില്‍ വലിയൊരു ആലാത്തൂഞ്ഞാലുണ്ടാകും. അതില്‍ മാനത്തേക്കു പറന്നുയര്‍ന്നു്, ഏറ്റവുമുയരമുള്ള കൊമ്പിലെ ഇലകടിച്ചുകൊണ്ടുവന്നു കേമത്തംകാട്ടാന്‍ കൂട്ടുകാര്‍തമ്മില്‍ മത്സരമാണു്...
വിനീത, ഫ്ലാറ്റിന്റെ വാതില്‍ തുറന്നു. സതീഷ് അകത്തേക്കു കയറുമ്പോള്‍ക്കണ്ടു, വിഷ്ണു കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നുണ്ടു്. സതീഷിന്റെയും വിനീതയുടെയും എല്ലാസ്വപ്നങ്ങളുടേയും കേന്ദ്രസ്ഥാനം ഏകപുത്രനായ വിഷ്ണുവിലാണു്. അവനിപ്പോള്‍ ഏഴാംതരത്തിലാണു പഠിക്കുന്നതു്. അവന്‍ പഠിക്കുന്ന സ്കൂളില്‍ത്തന്നെ അവന്റെ അമ്മയും ജോലിചെയ്യുന്നു. ഫ്ലാറ്റും ടെലിവിഷനും വീഡിയോ ഗയിമുകളും കമ്പ്യൂട്ടറുമായി അവന്റെ ബാല്യവും കൗമാരവും കൊഴിഞ്ഞുപോകുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍ സതീഷിനു ചിലപ്പോഴെങ്കിലും സങ്കടംതോന്നാറുണ്ടു്.
ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ ഗള്‍ഫിലെ വിദ്യാലയങ്ങള്‍ക്കു മദ്ധ്യവേനലവധിക്കാലമാണു്. കുടുംബങ്ങള്‍ അവധിയാഘോഷിക്കാന്‍ നാട്ടിലേക്കുപോകുന്ന കാലമായതിനാല്‍ വിമാനടിക്കറ്റുകള്‍ക്കു സാധാരണയുള്ളതിന്റെ അഞ്ചും ആറും മടങ്ങാണു നിരക്കു്. അതുകൊണ്ടുതന്നെ രണ്ടോമൂന്നോ വര്‍ഷംകൂടുമ്പോഴേ സതീഷും കുടുംബവും നാട്ടില്‍ പോകാറുള്ളൂ
അവധിക്കാലത്തു നാട്ടില്‍പ്പോയാലും നാട്ടില്‍ അവന്റെ പ്രായക്കാര്‍ക്കപ്പോള്‍ പഠനകാലമായതിനാല്‍ വിഷ്ണുവിനവിടെയും കളിക്കൂട്ടുകളൊന്നുമില്ല. കമ്പ്യൂട്ടറും ടെലിവിഷനുംതന്നെയാണു നാട്ടിലും അവന്റെ കൂട്ടുകാര്‍
അച്ഛന്‍ മുറിയിലെത്തിയതുകണ്ട വിഷ്ണു, ആവേശത്തോടെ ചാടിയെഴുന്നേറ്റു സതീഷിന്റെയടുത്തെത്തി.
"ഡാഡ്, യൂ നോ, ഐ വോസ് ഡിസൈനിങ് എ ഫ്ലവര്‍ കാര്‍പറ്റ്. കം ആന്റ് ഹാവ് എ ലുക്ക് അറ്റിറ്റ്..... ഐ ഹാവ് ഡണ്‍ ഇറ്റ് ഇന്‍ അഡോബീ ഇല്ലസ്ട്രേറ്റര്‍ "
ഫ്ലവര്‍ കാര്‍പറ്റു് ... അത്തക്കളത്തിനെ ആരാണാവോ കാര്‍പ്പെറ്റു് ആക്കി മാറ്റിയതു്?
കമ്പ്യൂട്ടറില്‍ മനോഹരമായ ഒരു പൂക്കളത്തിന്റെ ഗ്രാഫിക് ചിത്രം. വിഷ്ണു നല്ലൊരു കലാകാരനാണു്. ഈ പ്രായത്തില്‍ത്തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ നല്ല വൈഭവവുമുണ്ടു്.
"ഓ, വെരി നൈസ്, യു ഹാവ് ഡണ്‍ ഇറ്റ് വെല്‍ മൈ ചൈല്‍ഡ് .."
അടുത്ത തലമുറയുടെ ഓണം, ഇന്‍സ്റ്റാഗ്രാംപോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലാകുമൊതുങ്ങുക. സതീഷ് ഓര്‍ത്തു, കുട്ടിക്കാലത്തു ഞങ്ങളൊക്കെയനുഭവിച്ച സന്തോഷങ്ങള്‍ ഈ തലമുറയ്ക്കു നഷ്ടപ്പെടുകയാണല്ലോ...നാട്ടില്‍ വളരുന്ന കുട്ടികളെങ്കിലും ഇപ്പോഴും പൂക്കളിറുത്തു പൂക്കളമുണ്ടാക്കുന്നുണ്ടോ? ഓണക്കളികളും ഊഞ്ഞാലാട്ടങ്ങളുമായി കൂട്ടരോടൊത്തുല്ലസിക്കുന്നുണ്ടോ?
മനസ്സില്‍ അച്ഛമ്മയുടെ മുഖം തെളിഞ്ഞു, അച്ഛമ്മ ചിരിച്ചു.
"പണ്ടുണ്ടായിരുന്ന ഓണക്കളികളുടെ ഒരു ചന്തവുമിന്നില്ല; മനുഷ്യരുടെ ഒത്തൊരുമയുമില്ല. ഇപ്പോഴത്തെ കുട്ടികള്‍ക്കു് ഓണത്തെക്കുറിച്ചെന്തറിയാം..."
ഇനിയുള്ള തലമുറകളും ഇങ്ങനെതന്നെയാവില്ലേ, അവരുടെ പിന്‍തലമുറകളെക്കുറിച്ചു ചിന്തിക്കുക..? സതീഷിന്റെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു.
മഴപെയ്തു തോര്‍ന്നതേയുള്ളൂ. സ്റ്റാന്‍ഡും പരിസരവും നനഞ്ഞുകിടക്കുന്നു. എങ്കിലും ഒന്നു പുറത്തേയ്ക്കിറങ്ങാമെന്നു് അനീഷ് കരുതി. എത്രനേരമായി ഇരുന്നുമുഷിഞ്ഞതാണു്. വണ്ടിയില്‍നിന്നു പുറത്തിറങ്ങി, ഒന്നു മൂരിനിവര്‍ത്തിയപ്പോഴേക്ക്, മൊബൈല്‍ഫോണ്‍ ശബ്ദിച്ചു.
ഫോണില്‍ സംസാരിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ അയാളുടെ അരികിലെത്തിയ പെണ്‍കുട്ടി ചോദിച്ചു:
"സനീഷല്ലേ?"
സംസാരിച്ചുകൊണ്ടിരുന്നതിനിടയില്‍ അനീഷ്, ചോദ്യം വ്യക്തമായിക്കേട്ടില്ല. ഒട്ടും പരിചിതമല്ലാത്ത ഈ പട്ടണത്തില്‍, തന്നെയറിയുന്ന ഈ പെണ്‍കുട്ടിയാരെന്നത്ഭുതപ്പെട്ടുകൊണ്ടു്, അയാള്‍ പറഞ്ഞു:
"അതെ" ഒപ്പം ഫോണ്‍സംസാരം കഴിയട്ടെയെന്നു് ആംഗ്യംകാട്ടുകയുംചെയ്തു.
പെണ്‍കുട്ടി ആശ്വാസഭാവത്തില്‍ ദീര്‍ഘനിശ്വാസംവിട്ടു.
കഴിഞ്ഞവര്‍ഷത്തെ ക്രിസ്മസ് രാത്രിയിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പാതിരാക്കുര്‍ബ്ബാനകഴിഞ്ഞ്, ബര്‍ണാര്‍ഡച്ചന്‍ മുറിയിലെത്തുമ്പോള്‍ മൊബൈല്‍ഫോണില്‍ മുപ്പതിലധികം മിസ്ഡ്കോളുകള്‍ ...
ഈ രാത്രിയില്‍ ഇത്രയധികം കോളുകള്‍ ... ക്രിസ്തുമസാശംസകള്‍നേരാനാണെങ്കില്‍ നേരംപുലര്‍ന്നിട്ടു വിളിച്ചാല്‍മതിയല്ലോ! പിന്നെന്താവും കാര്യം?
വിളിവന്ന നമ്പരുകള്‍ ഒന്നു പരിശോധിക്കുന്നതിനുമുമ്പേയെത്തി, അടുത്ത കോള്‍...
രൂപതയിലെ അതിപുരാതനമായ ഒരിടവകയിലെ പ്രമാണിയായ ഒരു വ്യക്തിയാണു ലൈനില്‍ ...
ഇടവകജനങ്ങളുടെ വിശ്വാസത്തെ ചോദ്യംചെയ്യുന്ന ഇടവകവികാരിക്കെതിരായി അടിയന്തിരമായി നടപടിയെടുക്കണം എന്നതാണാവശ്യം. രാവിലെയുള്ള കുര്‍ബാനയ്ക്കുശേഷം പിതാവുമായി സംസാരിച്ചു തീരുമാനമെടുക്കാമെന്നു പറഞ്ഞ്, സംസാരമവസാനിപ്പിച്ചു. അതുപക്ഷേ അടുത്ത ഒരു കോളിന്റെ തുടക്കംമാത്രമായിരുന്നു. തുടര്‍ച്ചയായി നാലു കോളുകള്‍ ... എല്ലാവര്‍ക്കും പറയേണ്ടതൊന്നുമാത്രം; വേണ്ടിവന്നാല്‍ ഗബ്രിയേലച്ചനെ പൗരോഹിത്യത്തില്‍നിന്നുതന്നെ വിലക്കണം. എല്ലാവര്‍ക്കും ഒരേ മറുപടിതന്നെ നല്കി - "പിതാവുമായി സംസാരിച്ചശേഷം നടപടികളെക്കുറിച്ചാലോചിക്കാം."
മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തു. ലാന്‍ഡ്ഫോണിന്റെ റിസീവര്‍ എടുത്തുമാറ്റിവച്ചു. അപ്പോഴേക്കും പിതാവിന്റെ സന്ദേശമെത്തി. ഉടനെ അദ്ദേഹത്തിന്റെ മുറിയിലെത്തണം.
വിഷയം ഗബ്രിയേലച്ചന്‍തന്നെ.
"വിളിപ്പിച്ചതെന്തിനാണെന്നു മനസ്സിലായിക്കാണുമല്ലോ. വിശ്വാസതീക്ഷ്ണതമൂലമുള്ള ചില എടുത്തുചാട്ടങ്ങളുണ്ടെന്നതൊഴിച്ചാല്‍ ഗബ്രിയേലച്ചന്‍ നല്ലൊരു പുരോഹിതനാണെന്നുതന്നെയാണു ഞാന്‍ കരുതുന്നതു്. എന്നാല്‍ ഈ രൂപതയിലെതന്നെ പാരമ്പര്യമുള്ള പുരാതനകുടുംബാംഗങ്ങളും പ്രമാണികളുമാണു് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ നടപടിയാവശ്യപ്പെടുന്നതു്.
ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം അവസാനിപ്പിക്കാനുതകുന്നവിധമാകണം അച്ചന്റെ റിപ്പോര്‍ട്ടെന്നാണു ഞാനാഗ്രഹിക്കുന്നതു്."
ക്രിസ്തുമസിന്റെ പിറ്റേന്നുതന്നെ ബര്‍ണാര്‍ഡച്ചന്‍ അന്വേഷണമാരംഭിച്ചു. പരാതിക്കാരായ ഇടവകാംഗങ്ങളെ ഒറ്റയ്ക്കും കൂട്ടായും കണ്ടു. നൂറ്റാണ്ടുകളായി ആ ദേവാലയത്തിലുപയോഗിക്കുന്ന ഉണ്ണീശോയുടെ തിരുസ്വരൂപത്തെ നിന്ദിച്ചുകൊണ്ടു ദിവ്യബലിമദ്ധ്യേ പരസ്യമായി സംസാരിച്ച ഗബ്രിയേലച്ചന്‍, പുരോഹിതനെന്ന പദവിയില്‍ ഇരിക്കാനര്‍ഹനല്ലെന്ന നിലപാടില്‍ ഇടവകജനം ഉറച്ചുനിന്നു.
"ഞങ്ങളുടെ പിതാമഹന്മാരുടെ കാലംമുതലേ വിശുദ്ധമായിക്കരുതി ഉപയോഗിക്കുന്ന ഉണ്ണീശോയുടെ തിരുസ്വരൂപത്തെ ഒന്നിലധികം തവണ നിന്ദിച്ചു സംസാരിച്ചിട്ടും കുര്‍ബ്ബാന തടസ്സപ്പെടുത്താനോ മറ്റെന്തെങ്കിലും ബഹളമുണ്ടാക്കാനോ ഇടകജനത്തിലാരും തുനിഞ്ഞില്ലയെന്നതു രൂപതാനേതൃത്വം കണക്കിലെടുക്കും എന്നുതന്നെയാണു ഞങ്ങള്‍ കരുതുന്നതു്."
ഗബ്രിയേലച്ചനെതിരെ നടപടിയുണ്ടായേതീരൂ എന്ന അഭിപ്രായത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. എങ്കിലുമൊടുവില്‍ അദ്ദേഹം പരസ്യമായി മാപ്പുപറഞ്ഞാല്‍ കടുത്തനടപടിയൊന്നുംവേണ്ടാ എന്ന അഭിപ്രായത്തിലേക്കു് അവരെയെത്തിക്കാന്‍ ബര്‍ണാര്‍ഡച്ചനു സാധിച്ചു.
"അച്ചന്‍ ആലങ്കാരികമായിനടത്തിയ ഒരു പ്രയോഗംമാത്രമായിരുന്നു അതെന്നാണു ഞാന്‍ കരുതുന്നതു്. " ബര്‍ണാര്‍ഡച്ചന്‍ ഗബ്രിയേലച്ചനോടു പറഞ്ഞു.
"അങ്ങനെയല്ലച്ചോ, ഞാന്‍ എന്തു പറഞ്ഞോ അതുതന്നെയാണു പറയാനുദ്ദേശിച്ചിരുന്നതും! അതാലങ്കാരികപ്രയോഗമായിരുന്നുവെന്നു ഞാനിപ്പോള്‍പ്പറഞ്ഞാല്‍ അതൊരാത്മവഞ്ചനയായിപ്പോകും"
"അച്ചോ, അച്ചന്‍ കുറച്ചുകൂടെ പ്രാക്ടിക്കലാകണം. അച്ചന്‍ പറയുന്നതു പൂര്‍ണ്ണമായും തെറ്റാണെന്നു് എനിക്കഭിപ്രായമില്ല. എന്നാല്‍, ഇതു വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തേയും പാരമ്പര്യത്തേയുമെല്ലാം ചോദ്യംചെയ്യുന്നതിനുതുല്യമാണു്."
''ഒട്ടും പ്രാക്ടിക്കലല്ലാതെ കാല്‍വരിക്കുരിശില്‍ നഗ്നനായി മരിച്ച *നസറായനെമാത്രംകണ്ടാണ്, ഞാന്‍ ഈ *ളോഹ തിരഞ്ഞെടുത്തതു്. കുറച്ചുകൂടെ പ്രാക്ടിക്കലായി ചിന്തിച്ചിരുന്നെങ്കില്‍ അവനൊരു ചക്രവര്‍ത്തിയാകാമായിരുന്നല്ലോ! എന്നാല്‍ അവന്‍ തിരഞ്ഞെടുത്തതു കാല്‍വരിയിലെ കുരിശിലേക്കുള്ള വഴിയല്ലേ? അവന്റെ കുരിശുനല്കുന്ന സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍മാത്രമേ ഞാനാഗ്രഹിക്കുന്നുള്ളു. അതിന്റെപേരില്‍ അനുഭവിക്കേണ്ടിവരുന്ന ഏതു ശിക്ഷയുമേറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറുമാണു്."
"ഇവിടെ, ഈ പുല്‍ക്കൂട്ടില്‍ നിങ്ങള്‍ കാണുന്നതു വെറും മണ്ണുണ്ണിയെയാണു് , യഥാര്‍ത്ഥപൊന്നുണ്ണി ഈ ദേവാലയത്തിനു വെളിയിലാണുള്ളതു്. തെരുവില്‍ അനാഥരും അവശരും ആലംബഹീനരുമായ അനേകരിലാണ്, ഉണ്ണിയേശു ഇന്നു ജീവിക്കുന്നതു്; അവരിലെക്കിറങ്ങിച്ചെല്ലാനും അവരെ സേവിക്കാനും നമ്മള്‍ തയ്യാറാകുമ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍, ഉണ്ണിയേശുപിറന്ന, ബെത്‌ലഹേമിലെ യഥാര്‍ത്ഥപുല്‍ക്കൂടായിമാറും. നമ്മളെക്കാണുന്നവർ, നമ്മുടെ പ്രവൃത്തികളിലൂടെ യേശുവിനെക്കാണുകയും നമ്മളവനു സാക്ഷികളാകുകയുംചെയ്യും. കേവലം അനുസ്മരണങ്ങള്‍ക്കായിമാത്രമുപയോഗിക്കുന്ന ബിംബങ്ങള്‍ നമ്മളെ യഥാര്‍ത്ഥ ആത്മീയതയില്‍നിന്നകറ്റാനുള്ള ഉപാധികളായിമാറരുതു്. ഈ മണ്ണുണ്ണിയെവിട്ടു്, നമുക്കു പൊന്നുണ്ണിയേശുവിനെ അന്വേഷിച്ചിറങ്ങുന്നവരായിമാറാം..."
ബര്‍ണാര്‍ഡച്ചന്‍ അതിനു മറുപടി പറഞ്ഞില്ല. പകരം ആ മനോരോഗിയുടെ മുന്നില്‍ മുട്ടുകുത്തി. അയാളുടെ നെഞ്ചിലേക്കു തന്റെ ശിരസ്സുചേര്‍ത്തു.
----------------------------------------------------------------------------------------------------------- *പ്രീസ്റ്റ് ഹോം. - പ്രായമായ പുരോഹിതര്‍ വിശ്രമജീവിതം നയിക്കുന്ന സ്ഥലം.
*നസറായന്‍ - ഇസ്രായേലിലെ നസറത്ത് എന്ന പ്രദേശത്തുനിന്നുള്ളവരെ വിളിക്കുന്നത്. ഈശോ വളര്‍ന്നത് നസറത്തിലാണ്.
*ളോഹ - കത്തോലിക്കാ പുരോഹിതര്‍ ഉപയോഗിക്കുന്ന വസ്ത്രം.
"നിങ്ങളുടെ ഭാഗത്തു നിന്നും എന്തെങ്കിലുമൊരു നടപടിയുണ്ടായില്ലെങ്കില്‍ സമരം കൈവിട്ടു പോകും കേട്ടോ, പത്രമാദ്ധ്യമങ്ങളും ദൃശ്യമാദ്ധ്യമങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളുമെല്ലാം ചര്‍ച്ചചെയ്യുന്ന വന്‍ അഴിമതിയാണു് സമരത്തിന്റെ വിഷയം എന്നു നിങ്ങള്‍ മറക്കേണ്ട!"
"അഴിമതി, മണ്ണാങ്കട്ട! ഒരു തട്ടിപ്പു കേസായി ഏഴുതിത്തള്ളേണ്ടിയിരുന്ന സംഭവമാണു്. അതിങ്ങനെയൊരു വിവാദമാക്കി, തലസ്ഥാന നഗരത്തെ മുഴുവന്‍ സ്തംഭിപ്പിച്ചു കൊണ്ടു് ഈയൊരു സമരം ആവശ്യമുണ്ടായിരുന്നോ? അതും ശരിയായ ഒരന്വേഷണം നടന്നാല്‍ അതു നാമിരുകൂട്ടര്‍ക്കും ഒരുപോലെ ദോഷമാകും എന്നുറപ്പുള്ള ഒരു വിഷയത്തെച്ചൊല്ലി!"
"നിങ്ങള്‍ വിവരമില്ലാത്ത പൊതുജനത്തില്‍ ഒരുവനെപ്പോലെ സംസാരിക്കുന്നതെന്തേ?ഞങ്ങളുടെ പാര്‍ട്ടി നയം അഴിമതിയെ വച്ചു പൊറുപ്പിക്കരുതു് എന്നാണെന്നു നിങ്ങള്‍ക്കറിയരുതോ? റിപ്പോര്‍ട്ടു തയ്യാറായാല്‍ അതെഴുതിയ കടലാസിന്റെ വില പോലുമില്ലാത്ത ജുഡീഷ്യല്‍ എന്‍ക്വയറിയാണ് ഞങ്ങളുടെ ആവശ്യമെന്നു നിങ്ങള്‍ മറക്കരുതു് !"
" ഈ സര്‍ക്കാറിനു് ജനങ്ങളില്‍ നിന്നു് ഒന്നും മറച്ചു വയ്ക്കാന്‍ ഇല്ലാത്തതു കൊണ്ടും പ്രതിപക്ഷസമരം മൂലം പൊതുസമൂഹത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നു എന്നൊരു പ്രസ്താവനയില്‍ തീരുന്ന കാര്യമേയുള്ളൂവെന്ന് ഞങ്ങള്‍ക്കറിയാം! എന്നാല്‍ നിങ്ങള്‍ക്കു സിറ്റിംഗ് ജഡ്ജിയെയല്ലേ വേണ്ടതു്, അങ്ങനെയൊരാളെയിപ്പോള്‍ എവിടെ നിന്നു കിട്ടാനാണു്?"
"സിറ്റിംഗ് ജഡ്ജിയെ കമ്മീഷനായി നിയമിക്കാന്‍ തീരുമാനിച്ചു എന്നൊരു പ്രസ്താവനയിറക്കിയാല്‍ അടുത്ത മണിക്കൂറില്‍ സമരം തീര്‍ത്തു ഞങ്ങള്‍ക്കു തടിയൂരാം; പിന്നെ നിങ്ങള്‍ സിറ്റിംഗ് ജഡ്ജിയെ ചോദിച്ചു ചീഫ് ജസ്റ്റിസിനൊരു കത്തെഴുതൂ ഹേ!, കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ കേള്‍ക്കാന്‍ പോലും ജഡ്ജിമാരില്ലാത്തിടത്തു് സിറ്റിംഗ്ജഡ്ജിയെ വിട്ടുതരാന്‍ അദ്ദേഹത്തിനു പറ്റുമോ? കോടതി സഹകരിക്കുന്നില്ലെങ്കില്‍ നമ്മള്‍ പാവം ജനപ്രതിനിധികള്‍ എന്തു ചെയ്യാനാണ്? കണ്ണിന്റെയും കാതിന്റെയും കാലാവധി തീര്‍ന്ന ഏതെങ്കിലും റിട്ടയേര്‍ഡ് ജഡ്ജിയെ കമ്മീഷനാക്കാന്‍ അതില്‍കൂടുതല്‍ എന്തു ന്യായം വേണം?"
"എന്നാല്‍ പിന്നെ നാളെ രാവിലെ തന്നെ പ്രസ്താവനയാകാം, അതുകൊണ്ടു തീരുന്നില്ലല്ലോ, മാദ്ധ്യമങ്ങള്‍ക്കു ചര്‍ച്ച ചെയ്യാന്‍ ഉപകാരമുള്ള പുതിയവിഷയങ്ങള്‍ എന്തെങ്കിലും നല്കുകയും വേണം, എന്നാലേ നമ്മുടെ കാര്യങ്ങള്‍ തടസ്സം കൂടാതെ മുന്നോട്ടു പോകൂ"
"അതിനിപ്പോ പെണ്‍വാണിഭമാ കൂടുതല്‍ നല്ലത്. സ്കോപ്പുള്ള ഏതെങ്കിലും ഒരെണ്ണം പൊക്കിയെടുത്തു മാദ്ധ്യമങ്ങള്‍ക്കിട്ടു കൊടുക്കാന്‍ നിങ്ങടെ പോലീസിനെക്കൊണ്ടു പറ്റില്ലേ? ഇനി കുറച്ചുകാലം എല്ലാ ചര്‍ച്ചകളും ആ വഴിക്കായിക്കൊള്ളും"
"എന്നാല്‍ ആ വഴി തന്നെ നോക്കാം." "ശരി, അപ്പോള്‍ ആഭ്യന്തരവകുപ്പിന്റെ അനാസ്ഥമൂലം പെണ്‍വാണിഭങ്ങള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ നമുക്കു് വൈകാതെ ഏറ്റുമുട്ടാം." ജനസേവകര്‍ ഹസ്തദാനം നല്കി പിരിഞ്ഞു പോയി.
ഇതിനിടയില്‍ തന്റെ പുത്രന്മാരെ അധികാരത്തിലെത്തിക്കാനുള്ള കുന്തിയുടെ കുതന്ത്രങ്ങള്‍ക്കു കൂട്ടുനില്ക്കാന്‍ സോമകുലത്തില്‍നിന്നുപോലും ഒരാളുണ്ടായി. വിദുരര്‍ ഇളയച്ഛന്‍! പക്ഷേ, എന്തുന്യായത്തിന്റെപേരില്‍? ചില സന്ദേഹങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ മനസ്സിലിരുപ്പെന്തായിരുന്നുവെന്നതു് എനിക്കിപ്പോഴുമജ്ഞാതം!
എങ്കിലും പാണ്ഡൂ ഇളയച്ഛനു് ഒരു പുത്രനെങ്കിലുമുണ്ടായിരുന്നെങ്കില്‍ പകുതിരാജ്യം സന്തോഷത്തോടെ നല്കാന്‍ ഞാന്‍ തയ്യാറാകുമായിരുന്നല്ലോ! സോമകുലത്തില്‍നിന്ന് അധികാരം കവര്‍ന്നെടുക്കാനെത്തിയ രാജ്യദ്രോഹികള്‍മാത്രമാണു കുന്തിയുടെ മക്കള്‍ ... രാജ്യദ്രോഹികള്‍ക്കു ചിതയൊരുക്കാന്‍ മനോഹരമായ ഒരു കൊട്ടാരംതന്നെതീര്‍ത്തു ഞാന്‍! വിദുരനിളയച്ഛന്റെ ചതിയാണു് ആ തന്ത്രം തകര്‍ത്തതെന്നു ചാരന്മാരില്‍നിന്നു പിന്നിടു ഞാനറിഞ്ഞു.
ഇളയച്ഛൻ
പിതൃതുല്യനാണെന്ന, സുയോധനന്റെ നീതിബോധമൊന്നുകൊണ്ടുമാത്രമാണു് സത്യമെന്തെന്നറിഞ്ഞിട്ടും ആ ചതിക്കുള്ള ശിക്ഷ വിദുരര്‍ക്കു ലഭിക്കാതെപോയതു്.
എന്തൊക്കെയുണ്ടായാലും എല്ലായ്പോഴും വിജയം കുന്തിക്കും മക്കള്‍ക്കുമായിരുന്നു. എന്നാല്‍ അതൊരിക്കലും ധര്‍മ്മത്തിന്റെ വിജയമല്ലതന്നെ!
എന്തു ധര്‍മ്മത്തിന്റെ പേരിലാണു വൃകോദരന്‍ എന്റെ ഊരുവിലേക്കു ഗദ ചുഴറ്റിയടിച്ചതു്? നിരായുധനായി തേരില്‍നിന്നിറങ്ങിയ കര്‍ണ്ണന്റെ വിരിമാറിലേക്കു ചതിയമ്പെയ്തവന്‍ ഭീരുവോ വില്ലാളിവീരനോ? ഗുരുവിനെ ചതിച്ചുകൊല്ലാന്‍ കൂട്ടുനിന്നവന്‍ ധർമ്മപുത്രന്‍ എന്ന വിളിപ്പേരിനര്‍ഹനാകുന്നതെങ്ങനെ? പിതാമഹനെ ശരശയ്യയില്‍ക്കോർത്തു കൊല്ലാക്കൊലചെയ്തവര്‍ അനര്‍ഹമായവ നേടിയെടുക്കാന്‍ എന്തധര്‍മ്മവുംചെയ്യാന്‍ തങ്ങളൊരുക്കമാണെന്നു സ്വയംതെളിയിക്കുകയായിരുന്നില്ലേ? ഹസ്തിനപുരിയിൽവച്ച്, പാഞ്ചാലി അപമാനിതയായെങ്കിൽ അതിനു കാരണക്കാരനായതും യുധിഷ്ഠിരനല്ലേ? എന്നാലാ പാപഭാരവും വ്യഥാ എന്നിലാരോപിക്കാനും ചിലകുബുദ്ധികൾ വ്യഗ്രചിത്തരായ് വന്നു....
എങ്കിലും;
ജീവിതത്തിലെന്നും തിരിച്ചടികള്‍മാത്രംനേരിട്ട എന്റെ മരണം, ഒരിക്കലുമൊരു പരാജയമാവില്ലെന്നു് എനിക്കുറപ്പുണ്ടു്....
ഗുരുപുത്രാ, ഇപ്പോഴുമെനിക്കുറപ്പുണ്ടു്, നിന്റെ പിതൃഘാതകരെ, എന്റെയും നിന്റെയും ശത്രുക്കളെ ഉന്മൂലനംചെയ്യാന്‍ നിനക്കാവുകതന്നെചെയ്യും.
ഹസ്തിനപുരിയുടെ യഥാർത്ഥരാജാവു്, നിന്നെയിതാ രാജ്യത്തിന്റെ സര്‍വ്വസൈന്യാധിപനായി പ്രഖ്യാപിക്കുന്നു. ഇത്രയും പരാജയങ്ങള്‍ക്കപ്പുറം നീ ഒറ്റയ്ക്കു ജയിക്കണം. ധര്‍മ്മയുദ്ധത്തിനു തെല്ലും വിലകല്പിക്കാത്ത കുന്തീപുത്രന്മാരെത്തകര്‍ക്കാന്‍ നിനക്കിനി എന്തുമാര്‍ഗ്ഗവും സ്വീകരിക്കാം.... "
തെല്ലിട നിശബ്ദനായ ദുര്യോധനൻ, തന്റെ മിഴികൾമാത്രം ചലിപ്പിച്ച്, അശ്വത്ഥാമാവിനേയും കൃപേരേയും കൃതകർമ്മാവിനേയും നോക്കി.
പിന്നെ ഉറച്ച ശബ്ദത്തിൽപ്പറഞ്ഞു.
"ആരെങ്കിലും ഒരുപാത്രത്തില്‍ അല്പം ജലംകൊണ്ടുവരൂ..."
കൃപര്‍ കൊണ്ടുവന്ന ജലം, തന്റെ വലതുകൈയാല്‍ക്കോരി അശ്വത്ഥാമാവിന്റെ ശിരസ്സില്‍ത്തളിച്ചു്, ദുര്യോധനന്‍ ഗുരുപുത്രനെ തന്റെ സര്‍വ്വസൈന്യാധിപനായി അഭിഷേകംചെയ്തു. കൃപരും കൃതവര്‍മ്മാവും കണ്ണീരണിഞ്ഞ സാക്ഷികളായി...
മണ്ണിലേയ്ക്കിരുന്ന അശ്വത്ഥാമാവ്, ദുര്യോധനനെ തന്റെ മടിയിൽക്കിടത്തി.
"കൃപരെ, കൃതവര്‍മ്മാവേ, അന്ത്യംവരെയും നിങ്ങള്‍ നിങ്ങളുടെ സര്‍വ്വസൈന്യാധിപനൊപ്പമായിരിക്കൂ... ഇനി വിട! അശ്വത്ഥാമാവേ,നിനക്കു വിജയമുണ്ടാകട്ടെ..!"
ആ വാക്കുകൾക്കൊടുവിൽ, അശ്വത്ഥാമാവിന്റെ മടിയില്‍ സുയോധനന്റെ ചേതനയറ്റ ശരീരംമാത്രം ബാക്കിയായി.
വളരെ പ്രശസ്തമായ ഒരു ഐ.ടി. സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന വിവേക്, ഔദ്യോഗികാവശ്യത്തിനായുള്ള യാത്രയിലായിരുന്നു. ശതാബ്ദി എക്സ്പ്രസ്സിലെ എ.സി. കമ്പാര്‍ട്ട്മെന്റിന്റെ സുഖശീതളിമപോലും അയാളുടെ അസ്വസ്ഥമായ നാഡീവ്യൂഹത്തെ തണുപ്പിച്ചില്ല.
പ്രോജക്റ്റ് മാനേജര്‍ തസ്തികയിലാണു ജോലിചെയ്യുന്നതെങ്കിലും ഔദ്യോഗികാവശ്യങ്ങള്‍ക്കു വിമാനത്തില്‍ യാത്രചെയ്യാനുള്ള അനുമതി വിവേകിനിനിയും ലഭിച്ചിട്ടില്ല. ഈ യാത്രയ്ക്കുമുമ്പായി വിമാനയാത്ര അനുവദിക്കണമെന്ന ആവശ്യവുമായി അയാള്‍ ഹെയ്ച്ച്. ആര്‍. മാനേജരെക്കണ്ടു സംസാരിച്ചതുമാണു്. എന്നിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. ഔദ്യോഗികയാത്രകള്‍ വിമാനത്തില്‍വേണമെന്നുള്ളതു് ഒരു പ്രസ്റ്റീജ് ഇഷ്യു ആയി വിവേക് ഒരിക്കലും കരുതിയിട്ടില്ല. മറിച്ച്, യാത്രാസമയത്തില്‍ ലഭിക്കാവുന്ന നേട്ടംതന്നെയാണു് അയാള്‍ കണക്കിലെടുത്തിരുന്നതു്. ഒരു പ്രോജക്റ്റ് മാനേജരെന്നനിലയില്‍ തീര്‍ത്താല്‍ത്തീരാത്തത്ര ജോലികളാണുള്ളതു്. അതിനിടയില്‍ ഇത്രയേറെ സമയം യാത്രകള്‍ക്കായി മാറ്റിവയ്ക്കേണ്ടിവരുന്നതു കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടു്.
എന്തായാലും വെറുതേകളയാന്‍ സമയമില്ലാത്തതിനാല്‍ വിവേക് ബാഗുതുറന്നു ലാപ്ടോപ്പ് പുറത്തെടുത്തു. ചില അത്യാവശ്യജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ടു്.
("ഗുഡ് മോണിംഗ് സര്‍, താങ്കള്‍ സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രിയിലാണു ജോലി ചെയ്യുന്നതെന്നു തോന്നുന്നു")
തൊട്ടടുത്ത സീറ്റിലിരുന്നിരുന്ന മനുഷ്യന്‍, വളരെ ബഹുമാനത്തോടെ വിവേകിനെ നോക്കിക്കൊണ്ടു പറഞ്ഞു.
"മ്ഹും" വിവേക് ഒട്ടും താല്പര്യമില്ലാത്ത ഒരു മൂളലില്‍ മറുപടിയൊതുക്കി. ലാപ്ടോപ് ഓണ്‍ചെയ്ത്, അയാള്‍ അതിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു.
"നിങ്ങളെപ്പോലെയുള്ള ആളുകളാണു നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നതു്. ഇപ്പോള്‍ എല്ലാം കമ്പ്യൂട്ടര്‍വല്‍കൃതമല്ലേ?"
ശല്യക്കാരനെന്നു കരുതിയെങ്കിലും അയാളുടെ അഭിനന്ദനവാക്കുകള്‍ വിവേകിനിഷ്ടമായി. തല അല്പമൊന്നു ചരിച്ച്, അയാളെ നോക്കി, വിവേക് നന്ദി പറഞ്ഞു.
മുപ്പതുവയസ്സില്‍ത്താഴെ പ്രായംതോന്നുന്ന ആ ചെറുപ്പക്കാരന്‍ അരോഗദൃഢഗാത്രനായിരുന്നു. മസിലുകള്‍ ഉരുണ്ടുനില്‍ക്കുന്ന ശരീരം. ഒരു സ്പോര്‍ട്സ്മാനാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ തോന്നും. സൗജന്യപാസുമായി യാത്രചെയ്യുന്ന, റെയില്‍വേ സ്പോര്‍ട്സ് ടീമിലെ ഒരംഗമാകും അയാളെന്നു വിവേക് പ്രധാന്‍ ഊഹിച്ചു.
"നിങ്ങളെപ്പോലുള്ള ആളുകള്‍ എല്ലായ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ടു സര്‍ "
അയാള്‍ സംസാരം തുടരാനുള്ള ഭാവമാണു്. "നിങ്ങള്‍ ഏതെങ്കിലും ഓഫീസ് മുറിക്കുള്ളിലിരുന്നു കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ടൈപ്പുചെയ്യുന്നു. എന്നാല്‍ രാജ്യത്തെ വലിയ പുരോഗതിയിലേക്കുനയിക്കുന്ന, വിസ്മയാവഹമായ നേട്ടങ്ങളാണതു നമ്മുടെ സമൂഹത്തിനു നല്കുന്നത്."
കമ്പ്യൂട്ടര്‍പ്രോഗ്രാമറുടെ ജോലിയെ നിസ്സാരവല്കരിക്കുന്ന ഒരു പരാമര്‍ശമാണതെന്നു വിവേകിനു തോന്നി. ദേഷ്യംതോന്നിയെങ്കിലും അയാളതു പ്രകടിപ്പിച്ചില്ല. ദേഷ്യപ്പെടുന്നതിനുപകരം മറ്റെയാള്‍ പറയുന്നതു തെറ്റാണെന്നതിനു ന്യായീകരണങ്ങള്‍ മുന്നോട്ടുവയ്ക്കുക എന്നതായിരുന്നു, ഭൂരിപക്ഷം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെയുംപോലെ വിവേകിന്റെയും പ്രകൃത്യായുള്ള ശീലം.
"താങ്കള്‍ കരുതുന്നതുപോലെ അതത്ര നിസ്സാരകാര്യമല്ല സുഹൃത്തേ. വെറുതെ എന്തെങ്കിലും ഒരു കമ്പ്യൂട്ടറില്‍ ടൈപ്പുചെയ്തു വയ്ക്കുന്നതല്ല പ്രോഗ്രാം റൈറ്റിംഗ്. അതിനുപിന്നില്‍ ഒരുപാടു നൂലാമാലകളും കണക്കുകൂട്ടലുകളുമൊക്കെയുണ്ടു്." ഉള്ളിൽനുരഞ്ഞ ദേഷ്യം പ്രകടിപ്പിക്കാതെ, സൗമ്യതയോടെ വിവേക് പറഞ്ഞു.
സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്മെന്റ് ലൈഫ് സര്‍ക്കിള്‍തന്നെ വിശദീകരിക്കേണ്ടതുണ്ടെന്ന് ഒരു നിമിഷം തോന്നിയെങ്കിലും അടുത്തനിമിഷം അതു വേണ്ടെന്നുവച്ച്, രണ്ടു വാക്കുകളില്‍ അയാള്‍ മറുപടിയവസാനിപ്പിച്ചു.
"ഇറ്റ്‌സ് കോംപ്ലക്സ്, വെരി കോംപ്ലക്സ്" (അത് ഒരുപാടു സങ്കീര്‍ണ്ണമാണു്.)
"തീര്‍ച്ചയായും അതങ്ങനെതന്നെയാകുമെന്നെനിക്കറിയാം, അതുകൊണ്ടല്ലേ നിങ്ങള്‍ക്കു വലിയ ശമ്പളം ലഭിക്കുന്നതു്?"
വിവേക് ചിന്തിച്ചതുപോലൊരു മറുപടിയല്ല ആ മനുഷ്യനില്‍നിന്നു വന്നതു്. സൗമ്യമായ ഭാവത്തോടെയുള്ള ആ മറുപടിയില്‍ എന്തോ ഒരസഹിഷ്ണുതയുള്ളതുപോലെ വിവേകിനു തോന്നി.
"എല്ലാവരും പണംമാത്രമാണു കാണുന്നതു്. എത്രവലിയ മാനസികപിരിമുറുക്കവും കഠിനാദ്ധ്വാനവുമാണു പിന്നിലുള്ളതെന്നു് ആരും ചിന്തിക്കുന്നില്ല. കഠിനാദ്ധ്വാനത്തെക്കുറിച്ചു്, ഇന്ത്യക്കാര്‍ക്കു പൊതുവേയുള്ള ഇടുങ്ങിയ മനോഭാവംതന്നെയാണിതു്. എ.സി. മുറിയിലിരുന്നു ജോലിചെയ്യുന്നതുകൊണ്ടു ഞങ്ങളുടെ നെറ്റി വിയര്‍ക്കുന്നില്ലെന്നു കരുതേണ്ടതുണ്ടോ? നിങ്ങള്‍ നിങ്ങളുടെ മസിലുകളുപയോഗിച്ചദ്ധ്വാനിക്കുന്നു, ഞങ്ങള്‍ ചിന്തകളും തലച്ചോറുമുപയോഗിച്ചദ്ധ്വാനിക്കുന്നു. അതു വിലകുറച്ചുകാണുന്നതെന്തിനാണ്?"
അടികിട്ടിയതുപോലുള്ള ആ മനുഷ്യന്റെ മുഖഭാവം വിവേകിനു കാണാന്‍കഴിഞ്ഞു. തന്റെ ഭാഗം ന്യായീകരിക്കാനുള്ള ഏറ്റവുംപറ്റിയ അവസരമായി വിവേക് ആ സന്ദര്‍ഭത്തെ കണ്ടു.
"ഞാനൊരുദാഹരണം പറയാം. ഈ തീവണ്ടിയുടെ കാര്യംതന്നെയെടുക്കൂ. റെയില്‍വേ ടിക്കറ്റിംഗ് സംവിധാനം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിനു സ്റ്റേഷനുകളില്‍ ഒന്നില്‍നിന്നു മറ്റൊന്നിലേക്കു പോകാനായി രാജ്യത്തെ ഏതുകോണിലുമുള്ള കമ്പ്യൂട്ടറൈസ്ഡ് ബുക്കിംഗ് സെന്ററില്‍നിന്നോ അതല്ലെങ്കില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള കംപ്യൂട്ടറിലോ മൊബൈല്‍ ഫോണിലോനിന്നുപോലും താങ്കള്‍ക്കു ടിക്കറ്റെടുക്കാം. ഒരേ സമയത്ത്, ഒരൊറ്റ ഡാറ്റാബേസിലേക്ക്, ആയിരക്കണക്കിനിടപാടുകളാണു നടക്കുന്നതു്. ഡാറ്റയുടെ സമഗ്രത, യഥാക്രമത്തിലും യഥാസമയത്തുമുള്ള ഡാറ്റാ ലോക്കിംഗ്, ഡാറ്റയുടെ സുരക്ഷിതത്വം ഇതെല്ലാം ഉറപ്പുവരുത്താനായില്ലെങ്കില്‍ എത്രവലിയ കുഴപ്പങ്ങളാണുണ്ടാകുക? ഇത്തരത്തിലുള്ള ഒരു സംവിധാനം ഡിസൈന്‍ചെയ്തു കോഡുചെയ്തെടുക്കുകയെന്നതു് എത്ര സങ്കീര്‍ണ്ണമാണെന്നു താങ്കള്‍ക്കൂഹിക്കാന്‍ കഴിയുമോ?"
ആ മനുഷ്യന്‍ ചകിതനായാണു വിവേകിന്റെ വാക്കുകള്‍ കേട്ടതു്, ആദ്യമായി പ്ലാനറ്റേറിയംകാണുന്ന കുട്ടിയെപ്പോലെ അയാള്‍ നിശബ്ദനായി. അയാള്‍ക്കു സങ്കല്പിക്കാനാവുന്നതിനുമപ്പുറത്തായിരുന്നു കേട്ടകാര്യങ്ങള്‍ ...
"ഓ," ഒരു കൊടുങ്കാറ്റു നിലച്ച സന്തോഷത്തോടെ ആ മനുഷ്യന്‍ ദീര്‍ഘനിശ്വാസമുതിർത്തു.
"ഇപ്പോള്‍ താങ്കള്‍ക്കു വലിയ ടെന്‍ഷനുള്ള ജോലിയൊന്നുമില്ല, അല്ലേ?"
തന്റെ തലയിലേക്ക് ഒരാണി അടിച്ചിറക്കുന്നതുപോലെയാണ് ആ വാക്കുകള്‍കേട്ടപ്പോള്‍ വിവേകിനു തോന്നിയത്. അയാള്‍ ഒരു പ്രതിവാദത്തിനുകൂടെ തയ്യാറായി.
"കൂടുതല്‍ ഉയരങ്ങളിലേക്കു പോകുമ്പോള്‍ എങ്ങനെയാണു ടെന്‍ഷന്‍ കുറയുക? ഉത്തരവാദിത്തങ്ങള്‍ കൂടുമ്പോള്‍ ജോലിഭാരവും കൂടും. ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ സംബന്ധിച്ചിടത്തോളം ഡിസൈന്‍ ആന്‍ഡ് കോഡിംഗ് എന്നത് ഏറ്റവും നിസ്സാരമായ ജോലിയാണ്. കരിയറിന്റെ തുടക്കം. ഇപ്പോള്‍ ഞാന്‍ അതു ചെയ്യുന്നില്ല, എന്നാല്‍ ഡിസൈന്‍ ആന്‍ഡ് കോഡിംഗ് ഇപ്പോഴും എന്റെ ഉത്തരവാദിത്വമാണ്. കൂടുതല്‍ സങ്കീര്‍ണ്ണമായ ജോലിയാണു ഞാനിപ്പോള്‍ ചെയ്യുന്നതു്. കൃത്യസമയത്ത്, മേന്മയോടെ, പരമാവധി ജോലികള്‍ ചെയ്തുതീര്‍ക്കുകയെന്നതു വളരെ വിഷമകരമാണ്. എല്ലായ്പോഴും റിക്വയര്‍മെന്റ്സ് മാറ്റികൊണ്ടിരിക്കുന്ന കസ്റ്റമര്‍ ഒരുവശത്ത്, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മറ്റൊരു വശത്ത്, പത്തു ദിവസംകൊണ്ടു തീര്‍ക്കാന്‍പറ്റുന്ന ജോലി, അഞ്ചു ദിവസംകൊണ്ടു തീര്‍ക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന ഹയര്‍ മാനേജ്മെന്റ് വേറൊരു വശത്ത്.. ജോലിയിലെ സമ്മര്‍ദ്ദത്തെക്കുറിച്ചു പറഞ്ഞാല്‍ നിങ്ങള്‍ക്കു മനസ്സിലാകില്ല."
താന്‍ തെറ്റായതെന്തോ പറഞ്ഞു എന്ന ചിന്തയില്‍, വിളറിയ മുഖത്തോടെയിരുന്ന എതിരാളിയെ നോക്കി, വിവേക് തുടര്‍ന്നു.
"മൈ ഫ്രണ്ട്, യു ഡോണ്ട് നോ, വോട്ടീസ് ടുബീ ഇന്‍ ദ് ലൈന്‍ ഒഫ് ഫയര്‍ "
ആ മനുഷ്യന്‍ തന്റെ സീറ്റില്‍ ചാഞ്ഞിരുന്നു. ധ്യാനത്തിലെന്നവണ്ണം കണ്ണുകളടച്ചു. അല്പസമയത്തിനുശേഷം വിവേകിനെ അതിശയിപ്പിക്കുന്നത്ര ശാന്തഗൗരവഭാവത്തില്‍ അയാള്‍ സംസാരിച്ചു തുടങ്ങി.
"ഐ നോ സര്‍, ഐ നോ വോട്ടീസ് ടുബീ ഇന്‍ ദ് ലൈന്‍ ഒഫ് ഫയര്‍ "
താന്‍ തീവണ്ടിയിലാണെന്നതും ചുറ്റും മറ്റുയാത്രികരുണ്ടെന്നതും വിസ്മരിച്ചതുപോലെ അയാളുടെ കണ്ണുകളപ്പോള്‍ ഏതോ ശൂന്യതയിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു.
"ആ രാത്രിയില്‍ പോയന്റ് 4875 തിരികെപ്പിടിക്കാനുള്ള ഉത്തരവു ലഭിക്കുമ്പോള്‍ ഞങ്ങളുടെ സംഘത്തില്‍ 30 മുപ്പതു പേരാണുണ്ടായിരുന്നതു്. സമുദ്രനിരപ്പില്‍നിന്നു 4875 മീറ്റര്‍ ഉയരമുള്ള, മഞ്ഞുറഞ്ഞ ഒരു മലയാണതു്.
ശത്രുക്കള്‍ അതിനുമുയരെയുള്ള ടൈഗര്‍ ഹില്ലിന്റെ മുകളില്‍നിന്നു വെടിയുതിര്‍ക്കുകയായിരുന്നു. അടുത്ത ബുള്ളറ്റ്, എപ്പോള്‍ എവിടെനിന്നു വരുമെന്നോ ആരുടെമേല്‍ പതിക്കുമെന്നോ ഒരു നിശ്ചയവുമില്ലായിരുന്നൂ, ഞങ്ങളിലാര്‍ക്കും.
പിറ്റേന്നു പുലര്‍ച്ചേ, ഞങ്ങള്‍ ആ കുന്നിനുമുകളില്‍ ത്രിവര്‍ണ്ണപതാകയുയര്‍ത്തുമ്പോള്‍ വെറും നാലുപേര്‍മാത്രമാണു ജീവനോടെ അവശേഷിച്ചിരുന്നതു്."
"നിങ്ങള്‍?.."
"ക്യാപ്റ്റൻ സുശാന്ത്, 13 ജെ. & കെ. റൈഫിള്‍സ്.
എന്റെ ടേം പൂര്‍ത്തിയായപ്പോള്‍ എന്തെങ്കിലും സോഫ്റ്റ് അസൈന്‍മെന്റ്സ് ആകാമെന്ന് അധികാരികള്‍ പറഞ്ഞിരുന്നു. ഞാനതു സ്വീകരിച്ചില്ല. ടെന്‍ഷനൊഴിവാക്കാന്‍വേണ്ടി ആര്‍ക്കെങ്കിലും സ്വന്തം ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാകുമോ സര്‍?"
അയാള്‍ അല്പനേരം ഏതോ ഓര്‍മ്മയില്‍ സ്വയംനഷ്ടപ്പെട്ടവനായി. പിന്നെ വീണ്ടും പറഞ്ഞു:
"അന്നു ഞാൻ സുബേദാർ റാങ്കിലായിരുന്നു. ഞങ്ങള്‍ പോയന്റ് 4875 തിരിച്ചുപിടിക്കുന്നതിനു മണിക്കൂറുകള്‍മുമ്പ്, ഞങ്ങളിലൊരാള്‍ വെടിയേറ്റു മഞ്ഞുകട്ടകള്‍ക്കു മുകളില്‍ വീണു. ശത്രുവിന്റെ തോക്കുകള്‍ക്കുമുന്നില്‍, തുറസ്സായ സ്ഥലത്തുകിടന്ന്, അവന്‍ ജീവനുവേണ്ടിപ്പിടയുമ്പോള്‍ ഞങ്ങള്‍ ബങ്കറിലായിരുന്നു. അവനെ സുരക്ഷിതമായി ബങ്കറിലെത്തിക്കേണ്ടതു് എന്റെ ചുമതലയായിരുന്നു. എന്നാല്‍ എന്റെ ക്യാപ്റ്റന്‍ സാബ്, ക്യാപ്റ്റന്‍ വിക്രം ബത്ര, അതിനെന്നെയനുവദിച്ചില്ല. പകരം, അദ്ദേഹം അവന്റെയടുത്തേക്കു പോയി.
ഈ രാജ്യത്തിന്റെ സുരക്ഷയും താന്‍ കമാന്‍ഡ്ചെയ്യുന്ന സൈനികരുടെ സുരക്ഷയുംകഴിഞ്ഞേ, തന്റെ സുരക്ഷയ്ക്കു സ്ഥാനമുള്ളൂ എന്നാണ് ക്യാപ്റ്റന്‍ ബത്ര അന്നെന്നോടു പറഞ്ഞത്. മുറിവേറ്റുകിടന്ന സൈനികനെ സുരക്ഷിതമായി അദ്ദേഹം ബങ്കറിലെത്തിച്ചു, ശത്രുവിന്റെ വെടിയുണ്ടകള്‍ക്കു തന്റെ ശരീരം വിട്ടുകൊടുത്തുകൊണ്ട്! കീഴുദ്യോഗസ്ഥനെ വെടിയുണ്ടകളില്‍നിന്നു മറയ്ക്കുവാനായി, അദ്ദേഹം സ്വന്തം ശരീരംകൊണ്ടാണു കവചംതീര്‍ത്തതു്.
ഇന്നുമെന്റെ കണ്ണൊന്നടച്ചാല്‍ എനിക്കു കാണാം സര്‍, നിരവധി വെടിയുണ്ടകളേറ്റു തുളഞ്ഞ ശരീരവുമായി മരിച്ചുവീണ, ക്യാപ്റ്റന്റെ മുഖം. ആ വെടിയുണ്ടകളെല്ലാം എന്റെമേല്‍ പതിക്കേണ്ടവയായിരുന്നു.
എനിക്കറിയാം സര്‍ മേലുദ്യോഗസ്ഥന്‍ ആകുകയെന്നത് എത്ര ത്യാഗപൂര്‍ണ്ണമാണെന്നു്, ആന്‍ഡ് ഐ നോ സര്‍, വോട്ടീസ് ടുബീ ഇന്‍ ദ് ലൈന്‍ ഒഫ് ഫയര്‍ ..."
എങ്ങനെയാണു പ്രതികരിക്കേണ്ടതെന്നു വിവേകിനറിയില്ലായിരുന്നു. എപ്പോഴോ അയാള്‍ ലാപ്ടോപ് ഷട്ട്ഡൗൺചെയ്തിരുന്നു. ജോലിയിലെ ഉത്തരവാദിത്വവും ആത്മാര്‍ത്ഥതയും ജീവിതവ്രതമായെടുത്ത ആ മനുഷ്യനു മുന്നിലിരുന്ന്, ഒരു വേഡ് ഡോക്യുമെന്റ് എഡിറ്റുചെയ്യുന്നതുപോലും അധിക്ഷേപമായേക്കുമെന്നു വിവേക് ഭയന്നിരിക്കാം.
ശതാബ്ദി എക്സ്പ്രസ് അതിന്റെ അടുത്തസ്റ്റോപ്പില്‍ നിറുത്തുന്നതിനായി വേഗം കുറച്ചുതുടങ്ങി. ക്യാപ്റ്റൻ സുശാന്ത് തന്റെ ബാഗുകളെടുത്ത്, വണ്ടിയില്‍നിന്നിറങ്ങാൻ തയ്യാറെടുത്തു.
ഈ കൈകള്‍ ... മഞ്ഞുമലകള്‍ പിടിച്ചുകയറിയ കൈകള്‍, രാജ്യത്തിന്റെ ശത്രുവിനുനേരെനീട്ടിയ തോക്കിന്റെ ട്രിഗറമര്‍ത്തിയ കൈകള്‍, ത്രിവര്‍ണ്ണപതാക ഉയര്‍ത്തിപ്പറത്തിയ കൈകള്‍ ...
വിവേക് പെട്ടന്നു ക്യാപ്റ്റൻ സുശാന്തിന്റെ കൈയില്‍നിന്നു പിടിവിട്ടു. അറ്റന്‍ഷനായിനിന്ന്, കൈ, നെറ്റിയിലേക്കു ചേര്‍ത്ത്, ആ ധീരയോദ്ധാവിന് ഒരു സല്യൂട്ട് നല്കി....
1.പോയന്റ് 4875ലെ പോരാട്ടം യഥാര്‍ത്ഥത്തില്‍ നടന്നതാണ് (1999 കാര്‍ഗില്‍ യുദ്ധം). തന്റെ കീഴിലെ പടയാളികളില്‍ ഒരുവനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ശത്രുക്കളുടെ വെടിയേറ്റു മരിച്ച ക്യാപ്ടന്‍ വിക്രം ബത്രയെ മരണാനന്തര ബഹുമതിയായി പരമവീര ചക്രം നല്കി രാജ്യം ആദരിച്ചു.
2. ഇത് ഒരു വിവര്‍ത്തനമാണ്. 'The line of fire' എന്ന ആംഗലേയ കഥയാണ് ഇതിന്റെ മൂലം. ഇതിന്റെ രചയിതാവ് ആരാണെന്നറിയില്ല. 2004ൽ ഈ കഥ (English) പ്രസിദ്ധീകരിച്ച ബ്ലോഗിന്റെ ലിങ്ക് താഴെക്കൊടുക്കുന്നു. അതിൽനിന്നാണ് ഈ പരിഭാഷനടത്തിയിട്ടുള്ളത്.
എത്രപെട്ടന്നാണു കാര്യങ്ങള്‍ മാറിമറിഞ്ഞതു്? മികച്ച ശുദ്ധജലസ്രോതസ്സുകളായിരുന്നു, നാട്ടിലെ കുളങ്ങളും കിണറുകളുമെല്ലാം. കുടിവെള്ളം വിലകൊടുത്തു വാങ്ങേണ്ടിവരുന്ന ഒരുകാലമുണ്ടാകുമെന്നു സ്വപ്നേപി നിരൂപിച്ചിരുന്നില്ലല്ലോ അന്നൊന്നും!
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കോള്‍പ്പാടങ്ങളില്‍, ഇടവപ്പാതി തുടങ്ങുമ്പോഴാണു നെല്‍വിത്തു വിതയ്ക്കുന്നതു്. മഴപെയ്തൊഴിയുന്ന വെള്ളം വയലുകളില്‍നിറയുമ്പോള്‍ ഞാറു വളര്‍ന്നുതുടങ്ങും. പാടങ്ങളില്‍നിറയുന്ന മഴവെള്ളത്തിന്റെ ഉറവുകള്‍ ഗ്രാമത്തിലെ കുളങ്ങളിലും കിണറുകളിലുമെല്ലാമെത്തും. പാടത്തെ ജലനിരപ്പു ക്രമീകരിക്കാന്‍ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തിലുള്ള പമ്പ് കൃത്യമായിത്തന്നെ പ്രവര്‍ത്തിച്ചിരുന്നു. അത്, പാടങ്ങളിലെ അധികജലം പൊഴിയിലേക്കു പമ്പുചെയ്തു കളയും. പൊഴിയ്ക്കും പാടങ്ങള്‍ക്കുമിടയിലുള്ള ബണ്ടു് ഉപ്പുവെള്ളം പാടങ്ങളിലേക്കു കടക്കാതെ തടയും.
വയലോരങ്ങളിലെ ചിറകളില്‍ സമൃദ്ധമായ പച്ചക്കറിക്കൃഷി; ഗ്രാമത്തിലെ തെങ്ങുകളിലെല്ലാം നിറഞ്ഞ കുലകള്‍...
കോള്‍പ്പാടങ്ങളില്‍ നെല്‍കൃഷി വര്‍ഷത്തില്‍ ഒരിക്കലേയുള്ളൂ; ചിങ്ങം – കന്നി മാസങ്ങളില്‍ വിളവെടുപ്പു കഴിഞ്ഞാല്‍പ്പിന്നെ ഒറ്റാലുകളും വട്ടവലകളുമായി മത്സ്യം പിടിക്കാനിറങ്ങുന്നവരാകും വയലുകളില്‍ ... ഇന്നിപ്പോള്‍ എല്ലാം എങ്ങോ പോയ്‌മറഞ്ഞുകഴിഞ്ഞു...
മീനമാസത്തിനുമുമ്പായി കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍, പാടങ്ങളിലെ മത്സ്യസമ്പത്തു ലേലംചെയ്യും. ലേലത്തില്‍ക്കിട്ടുന്ന തുക കര്‍ഷകര്‍ക്കു വീതിച്ചുനല്കും. ഏറ്റവും കൂടിയനിരക്കില്‍ ലേലമുറപ്പിക്കുന്നവര്‍ക്കുമാത്രമേ ഇനി മത്സ്യം പടിക്കാന്‍ അവകാശമുള്ളൂ!
മീനംതുടങ്ങുമ്പോള്‍ പാടങ്ങളിലെ ജലം പൊഴിയിലേയ്ക്കു പമ്പുചെയ്തു തുടങ്ങും. വെള്ളം വറ്റിത്തുടങ്ങിയാല്‍ ഒരുമാസം മത്സ്യബന്ധനകാലമാണു്. വരാലും കരിമീനും കരികണ്ണിയും കാരിയും കൂരിയും ഞണ്ടും ഇടക്കാലത്ത്, അതിഥിയായെത്തിയ തിലാപ്പിയയുമെല്ലാം വലകളില്‍പ്പിടയ്ക്കും.
മേടമാസം പാതിദൂരം പിന്നിടുമ്പോള്‍ പാടശേഖരം പൂര്‍ണ്ണമായുണങ്ങും. വിണ്ടുകീറിയ ചെളിക്കട്ടകള്‍ ഉടച്ചുകിളച്ചു വീണ്ടും അടുത്ത കൃഷിക്കായി വയല്‍ ഒരുക്കിത്തുടങ്ങും...
നെല്‍ക്കൃഷികഴിഞ്ഞാല്‍ മത്സ്യക്കൃഷിക്കുപകരം ചെമ്മീന്‍കൃഷി തുടങ്ങണമെന്നു കര്‍ഷകസംഘത്തില്‍ അഭിപ്രായമുയര്‍ന്നതാണു ദുരന്തങ്ങളുടെ തുടക്കം. ഭൂരിപക്ഷം അതിനനുകൂലമായപ്പോള്‍ കന്നിമാസത്തിലെ കൊയ്ത്തിനുശേഷം പൊഴിതുറന്നു. ശുദ്ധജലത്തിനുപകരം ഉപ്പുവെള്ളം പാടശേഖരങ്ങളില്‍ നിറഞ്ഞു. ചെമ്മീന്‍ ലേലംചെയ്തപ്പോള്‍ കര്‍ഷകര്‍ക്കു വലിയ ലാഭവിഹിതം കിട്ടി.
ആദ്യത്തെ ഒന്നുരണ്ടു വര്‍ഷങ്ങള്‍ ആഹ്ലാദകരംതന്നെയായിരുന്നു. അതുകഴിഞ്ഞപ്പോള്‍ തിക്തഫലങ്ങള്‍ വ്യക്തമായിത്തുടങ്ങി. നെല്ലിന്റെ വിളവുകുറഞ്ഞു, വേനലെത്തിയാല്‍ കുളങ്ങളിലേയും കിണറുകളിലേയും ജലത്തിനു് ഉപ്പുരസമായി. പച്ചക്കറിക്കൃഷിയില്ലാതായി.., തെങ്ങുകളില്‍ തേങ്ങകളുടെ എണ്ണവും വലിപ്പവും കുറഞ്ഞു... കാലാന്തരത്തില്‍ നെല്‍ക്കൃഷിതന്നെ അന്യമായി.
ഇന്നിപ്പോള്‍ കുടിനീരിനുമാത്രമല്ല, ശുചീകരണത്തിനുള്ള വെള്ളത്തിനുപോലും വില നല്കേണ്ട ഗതികേടിലായി ഗ്രാമവാസികള്‍ ...
“മുത്തശ്ശാ...”
എവിടെ നിന്നോ ഓടിയെത്തി ഇറുകെപ്പുണര്‍ന്ന കൊച്ചുമോനാണു നാരായണന്‍ നായരെ ചിന്തകളില്‍ നിന്നുണര്‍ത്തിയതു്.
“എന്റെ തലമുറയ്ക്ക് പണം കൊടുത്താലെങ്കിലും കുടിവെള്ളം കിട്ടും; കുഞ്ഞേ, നാളെ നിന്റെ തലമുറയ്ക്കോ...!”
രണ്ടുതുള്ളിക്കണ്ണുനീര്‍ ആ വയോധികന്റെ കണ്ണില്‍നിന്നു പേരക്കുട്ടിയുടെ ശിരസ്സിലേക്കുതിര്‍ന്നു വീണു....
ശരീരത്തിലെവിടൊക്കെയോ അസഹ്യമായ വേദന! എങ്കിലും കാറ്റില്‍പ്പറക്കുന്ന അപ്പുപ്പന്‍താടിപോലെ ശരീരത്തിനു വല്ലാത്ത ലാഘവം. താനെവിടെയാണുള്ളതെന്നു തിരിച്ചറിയാന്‍ സജീഷിനായില്ല. എന്തൊക്കെയോ ഓര്‍മ്മകള്‍ മാത്രം ഇരുട്ടില്‍നിന്നു മുന്നോട്ടുവന്നെത്തുന്നുണ്ടു്...
അര്‍ച്ചനാ ലോഡ്ജിലെ മുറിയില്‍നിന്നു വ്യക്തമായി കാണാമായിരുന്നു, ടൗണ്‍ഹാള്‍ ഗേറ്റിനുമുന്നിലെ വൃക്ഷത്തറയിലിരുന്നു ഭിക്ഷാടനംനടത്തുന്ന ചെറുപ്പക്കാരിയായ യാചകിയെയും അവരുടെ മടിയില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെയും.
താന്‍ കാണുമ്പോഴെല്ലാം ആ കുഞ്ഞുറങ്ങുകയാണെന്നു സജീഷ് ശ്രദ്ധിച്ചതു വളരെ യാദൃശ്ചികമായാണു്. ആദ്യം വല്ലാത്തൊരു കൗതുകമാണു തോന്നിയതെങ്കിലും പിന്നീടതിലെന്തോ അസ്വഭാവികതതോന്നി. അങ്ങനെയാണു തുടര്‍ച്ചയായ രണ്ടുദിവസങ്ങള്‍ അവധിയെടുത്തു് ആ സ്ത്രീയേയും കുട്ടിയേയും നിരീക്ഷിക്കാന്‍ അയാള്‍ തീരുമാനിച്ചതു്.
ഉറങ്ങുന്ന കുട്ടിയുമായി, പ്രഭാതത്തില്‍ത്തന്നെ, ഭിക്ഷക്കാരി തന്റെ പതിവുസ്ഥലത്തെത്തി. കൃത്യം രണ്ടുമണിക്കൂറുകളുടെ ഇടവേളകളില്‍ ഒരാളെത്തി ആ സ്ത്രീയ്ക്കതുവരെലഭിച്ച പണംവാങ്ങി പോകുന്നുണ്ടു്. ഒമ്പതുമണിക്കു പ്രഭാതഭക്ഷണവും ഒരു മണിക്കുച്ചഭക്ഷണവും നാലുമണിക്കു ചായയുമായി അവരെ സന്ദര്‍ശിച്ചതു മറ്റൊരാളാണു്.
എന്നാല്‍ പ്രഭാതംമുതല്‍ പ്രദോഷംവരെ അവരുടെ കുഞ്ഞ് ഉണര്‍ന്നില്ല. കരയുകയോ ചിരിക്കുകയോചെയ്തില്ല. ആ സ്ത്രീ ഒരിക്കലെങ്കിലും കുഞ്ഞിനെ മുലയൂട്ടുന്നതോ, കുഞ്ഞ് എന്തെങ്കിലും ഭക്ഷണംകഴിക്കുന്നതോ കണ്ടില്ല.
അവര്‍ കുഞ്ഞിനു് എന്തെങ്കിലും തരത്തിലുള്ള മയക്കുമരുന്നു നല്കിയിട്ടുണ്ടാകുമോ? സ്വന്തം കുഞ്ഞിനെ അങ്ങനെ മയക്കിക്കിടത്താന്‍ ഒരമ്മയ്ക്കാകുമോ?
പിറ്റേന്നു യാചകി പതിവുസ്ഥലത്തെത്തിയപ്പോള്‍, സജീഷ് അവരുടെ സമീപത്തെത്തി.
"ഈ കുഞ്ഞ്, പകല്‍മുഴുവന്‍ ഉറങ്ങുന്നതെന്തുകൊണ്ടാണു്?"
യാചകി മറുപടിയൊന്നും നല്കിയില്ല.
അല്പംകൂടെ ഉയര്‍ന്ന ശബ്ദത്തില്‍ സജീഷ് ചോദ്യമാവര്‍ത്തിച്ചു. പകച്ചുനോക്കിയതല്ലാതെ ആ സ്ത്രീ മറുപടി പറഞ്ഞില്ല. പിന്നില്‍നിന്ന് ആരോ സജീഷിന്റെ തോളില്‍ മൃദുവായി തട്ടുന്നതറിഞ്ഞ് അയാൾ തിരിഞ്ഞുനോക്കി. മുപ്പതു വയസ്സുതോന്നുന്ന സുമുഖനായ ഒരു ചെറുപ്പക്കാരന്‍.
"എന്തിനാ സാറേ, ആ പാവത്തിനെ ശല്യപ്പെടുത്തുന്നതു്? അവര്‍ക്കും ജീവിച്ചുപോകണ്ടേ? സഹായിച്ചില്ലെങ്കില്‍ പോട്ടേ. ഉപദ്രവിക്കാതിരിക്കരുതോ?"
പത്തുരൂപയുടെ ഒരു നോട്ടു് ആ സ്ത്രീയുടെ മുന്നില്‍ വിരിച്ചിരുന്ന തുണിയിലേക്കിട്ടു് ആ ചെറുപ്പക്കാരന്‍ കടന്നുപോയി. സമീപത്തുകൂടെ നിരവധിപേര്‍ നടന്നുപോകുന്നുണ്ടായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന ബസ് സ്റ്റോപ്പിലും പലരും വന്നുപോകുന്നു. നഗരത്തിന്റെ തിരക്കില്‍ ആര്‍ക്കും ഒന്നുംശ്രദ്ധിക്കാന്‍ സമയമില്ല. കുറച്ചുനേരംകൂടെ അവിടെ നിന്ന സജീഷ്, അപ്പുറത്തുളള ബസ് സ്റ്റോപ്പിലേക്കു മാറിനിന്ന്, യാചകിയെ നിരീക്ഷിക്കാന്‍ നിശ്ചയിച്ചു. പതിവില്‍നിന്നു വ്യത്യസ്തമായി ഒന്നുമില്ല. കുഞ്ഞ് ഉറക്കമുണര്‍ന്നുമില്ല. അയാള്‍ ഒരിക്കല്‍ക്കൂടെ ഭിക്ഷക്കാരിയുടെ അരികിലെത്തി.
"ഈ കുഞ്ഞെന്താണെപ്പോഴും ഉറങ്ങിക്കൊണ്ടിരിക്കുന്നതു്?" പഴയ ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. സ്ത്രീ പകച്ചമുഖത്തോടെ അയാളെ നോക്കി. പതിവുപോലെ അവള്‍ മറുപടി പറഞ്ഞില്ല. അല്പംകൂടെ ഉയര്‍ന്ന ശബ്ദത്തില്‍ സജീഷ് വീണ്ടും ചോദിച്ചു.
"ഈ കുഞ്ഞൊരിക്കലുമുറക്കമുണരാത്തതെന്തേ?"
വാടിയ വാഴയിലപോലെ തളര്‍ന്നുകിടന്നിരുന്ന കുട്ടിയെ തോളില്‍ക്കിടത്തിക്കൊണ്ടു് ആ സ്ത്രീ അവിടെനിന്നെഴുന്നേറ്റു.
"ഇയാള്‍ക്കെന്താണറിയേണ്ടതു്?"
കനത്ത ഒരു പുരുഷശബ്ദം കേട്ട്, സജീഷ് തിരിഞ്ഞു നോക്കി. രാവിലെ കണ്ട ചെറുപ്പക്കാരനടക്കം ആറുപേര്‍.
"അതവളുടെ കുഞ്ഞല്ല; രാവിലെ ജോലിക്കെത്തുമ്പോള്‍ അവള്‍ക്കുകിട്ടുന്ന ഒരു തൊഴിലുപകരണംമാത്രം! വൈകുന്നേരം അവളതിനെ തിരിച്ചേല്പിക്കും." വളരെ സൗമ്യമായ ശബ്ദത്തിലുള്ള മറുപടി.
"ഈ കുഞ്ഞൊരിക്കലും ഉറക്കമുണരാത്തതെന്താണ്?"
ഇതിനിടയില്‍ ആ സ്ത്രീ, കുഞ്ഞിനേയുംകൊണ്ടു് എവിടെയോ അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു.
"ഇയാള്‍ ആവശ്യമില്ലാത്ത കാര്യങ്ങളാണു് അന്വേഷിക്കുന്നതു്. എങ്കിലും പറയാം. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു രാവിലെ അല്പം തിളപ്പിച്ചാറ്റിയ വെള്ളം നല്കും; അല്പം കഞ്ചാവൊക്കെയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം! കുഞ്ഞുങ്ങളല്ലേ, അവര്‍ ചുമ്മാ കരഞ്ഞുബഹളമുണ്ടാക്കിയാല്‍ അതു തൊഴിലിനെ ബാധിക്കില്ലേ? അതൊഴിവാക്കാനുള്ള ഒരു മുന്‍കരുതല്‍മാത്രം! ഇത്രയുമറിഞ്ഞാല്‍പ്പോരേ? നിങ്ങളുടെ സംശയം തീര്‍ന്നെന്നു കരുതുന്നു. ഇനി ശല്യപ്പെടുത്താന്‍ വരരുതു്"
"ഇതു വലിയ ക്രൂരതയാണു്; ഞാനിതു സമ്മതിക്കില്ല...... ഐ'ല്‍ ഇന്‍ഫോം ദിസ് ടു ദ പോലീസ്...."
"ഈ സാറിന്റെയടുത്തു മര്യാദയ്ക്കു പറഞ്ഞാല്‍ മനസ്സിലാകില്ല. മനോജേ, സാറു പറഞ്ഞതുപോലെ നീ പോലീസിനെ വിളിക്കു്, അല്ലാതെ ഇനി വേറെ മാര്‍ഗ്ഗമില്ല...."
പറഞ്ഞുതീരുന്നതിനുമുമ്പേ, അയാള്‍ കൈമുട്ടു മടക്കി സജീഷിന്റെ ഇടനെഞ്ചിലേക്കാഞ്ഞിടിച്ചു. അടുത്ത നിമിഷാര്‍ദ്ധത്തില്‍ അയാളുടെ ചുരുട്ടിയ മുഷ്ടി, അവൻ്റെ താടിയെല്ലിലും കനത്തപ്രഹരമേല്പിച്ചു. പിന്നിലേക്കു മലര്‍ന്നുപോയ സജീഷിനെ ആരോ താങ്ങി, നിവര്‍ത്തിനിറുത്തി. അതേ നിമിഷത്തില്‍ത്തന്നെ മുന്നില്‍ നിന്നിരുന്നയാളുടെ മുട്ടുകാല്‍ സജീഷിന്റെ അടിവയറ്റില്‍ ശക്തിയോടെ പതിച്ചു. ഉറക്കെക്കരഞ്ഞുകൊണ്ടു് അയാള്‍ കുനിഞ്ഞു നിലത്തിരുന്നുപോയി. പിന്നില്‍ നിന്നയാള്‍ ഊക്കില്‍ ചവിട്ടി. നിലത്തേയ്ക്കു മൂക്കിടിച്ചുവീണ അയാളുടെ ശരീരത്തിലെങ്ങും ചുറ്റുമുള്ളവരുടെ കാലുകള്‍ ആഞ്ഞുപതിച്ചുകൊണ്ടിരുന്നു.
"മതിയെടാ, നിര്‍ത്ത്, പോലീസ് എത്തി, ബാക്കി അവരു ചെയ്തോളും."
സമീപത്തു വന്നുനിന്ന ജീപ്പില്‍നിന്നു രണ്ടുപോലീസുകാര്‍ ഇറങ്ങി. അവര്‍ സജീഷിനെ തൂക്കിയെടുത്തു വണ്ടിയിലേക്കിട്ടു.
സജീഷ് ഒന്നുമറിയുന്നുണ്ടായിരുന്നില്ല, അയാളപ്പോള്‍ കുറേ മാലാഖക്കുഞ്ഞുങ്ങളുടെ നടുവിലായിരുന്നു. അവര്‍ക്കൊപ്പം, അവരിലൊരാളായി പുതിയൊരു ലോകത്തേക്കയാള്‍ പറന്നുയര്‍ന്നു.
മദ്യലഹരിയില്‍ നാടോടി സ്ത്രീയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരുടെ മർദ്ദനമേറ്റ യുവാവു് ആശുപത്രിയില്‍ മരിച്ചു എന്ന സ്ക്രോള്‍ ന്യൂസ് കുറച്ചുസമയത്തിനപ്പുറം എല്ലാ ടി.വി. ചാനലുകളിലും തെളിഞ്ഞുതുടങ്ങി.