2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

മറുനാട്ടിൽ, ഒരോണക്കാലത്ത്...

എമിറേറ്റ്സ് റോഡിലെ ആറുവരിപ്പാതയിലെ വാഹനങ്ങള്‍ക്കിടയിലൂടെ സതീഷിന്റെ ടൊയോട്ടാ ഫോര്‍ച്യൂണര്‍ ജബല്‍അലിയില്‍നിന്നു ഷാര്‍ജ്ജയിലേക്കു കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു. നാട്ടിലെ രീതിയില്‍പ്പറഞ്ഞാല്‍, ഇതൊരു പന്ത്രണ്ടുവരിപ്പാതയാണു്. ഇരുവശത്തേക്കും ആറുവരികള്‍വീതം. എല്ലാവരികളിലും നിരയായൊഴുകുകയാണു വാഹനങ്ങള്‍ ...

പുലര്‍ച്ചെ, ആറുമണിക്കു ഷാര്‍ജ്ജയിലെ ഫ്ലാറ്റില്‍നിന്നിറങ്ങിയാലേ ഏഴുമണിക്കുമുമ്പായി ജബല്‍അലിയിലുള്ള ഓഫീസിലെത്തുകയുള്ളൂ. രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെ കടുത്ത മാനസ്സികസമ്മര്‍ദ്ദംനല്കുന്ന ജോലിത്തിരക്കുകള്‍... പന്ത്രണ്ടുമുതല്‍ ഒന്നുവരെ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമുള്ള സമയമാണെങ്കിലും തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും ഭക്ഷണംകഴിക്കാന്‍പോലും സമയംകിട്ടാറില്ലെന്നതാണു സത്യം. ഓഫീസ് സമയംകഴിഞ്ഞാല്‍ വീട്ടിലേക്കെത്താന്‍, വീണ്ടും ഒരുമണിക്കൂര്‍ ഡ്രൈവിംഗ്...

എമിറേറ്റ്സ് റോഡിലൂടെ ഷാര്‍ജ്ജയിലെത്താന്‍ അല്പം കൂടുതല്‍ദൂരം സഞ്ചരിക്കണം. എങ്കിലും ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് റോഡിലെ കടുത്തവാഹനത്തിരക്കുമായി തുലനംചെയ്യുമ്പോള്‍ എമിറേറ്റ്സ് റോഡാണു യാത്രാസമയം കുറയ്ക്കാന്‍ നല്ലതു്. ഷാര്‍ജ്ജയിലേക്കു നയിക്കുന്ന മല്ലിഹ റോഡിന്റെ മൂന്നുവരിയിലേക്കു തിരിയുന്നിടംവരെ പരമാവധി വേഗതയില്‍ തടസ്സങ്ങളില്ലാതെ വണ്ടിയോടിക്കാം.

പിന്നില്‍വന്നിരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റ് തുടര്‍ച്ചയായി മിന്നി. എന്റെ വഴിയില്‍ തടസ്സമാകുന്ന, നിന്റെ വാഹനം, വേറേലെയിനിലേക്കു മാറ്റൂ എന്ന, പിന്നിലെ ഡ്രൈവറുടെ ധാര്‍ഷ്ട്യംനിറഞ്ഞ ആജ്ഞയാണതു്. സതീഷ് വേഗമാപിനിയിലേക്കു നോക്കി. 140നും അല്പം താഴെയാണു സൂചി. മണിക്കൂറില്‍ 120 കിലോമീറ്ററാണു് എമിറേറ്റ്സ് റോഡിലനുവദനീയമായ പരമാവധി വേഗം. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയിലെത്തിയാലേ റഡാര്‍ ക്യാമറ പ്രവര്‍ത്തിക്കൂ എന്നതിനാല്‍ കൂടുതല്‍ വാഹനങ്ങളും അത്രയുംവേഗത നിലനിറുത്താറുണ്ടു്. അനുവദനീയമായ പരമാവധി വേഗതയില്‍പ്പോകുമ്പോഴും പിന്നില്‍വന്നു ഹെഡ് ലൈറ്റു മിന്നിക്കുന്ന ഡ്രൈവറോടു പെട്ടന്നൊരു ദേഷ്യംതോന്നി. ഡബിള്‍ ഇന്‍ഡിക്കേറ്റര്‍ മിന്നിച്ചുകൊണ്ടു്, സതീഷ് മെല്ലെ ബ്രേക്കില്‍ കാലമര്‍ത്തി. വഴിമാറാന്‍ തല്ക്കാലം ഉദ്യേശമില്ല എന്ന സന്ദേശം മനസ്സിലാക്കിയ പിന്നിലെ ഡ്രൈവര്‍ ഹെഡ് ലൈറ്റ് മിന്നിക്കുന്നതു നിറുത്തി.

പെട്ടെന്നുണ്ടായ ദേഷ്യംമാറിയ സതീഷ്, പിന്നിലെ വാഹനത്തിനായി ലെയിന്‍ മാറിക്കൊടുക്കാം എന്നു ചിന്തിച്ച നിമിഷത്തില്‍ത്തന്നെ പിന്നിലുണ്ടായിരുന്ന ഇന്‍ഫിനിറ്റി ക്യുഎക്സ്-80, വലതുവശത്തെ ലെയിനിലൂടെ സതീഷിനു മുന്നിലെത്തി. ഡ്രൈവിംഗ് സീറ്റിലിരുന്ന മീശമുളയ്ക്കാത്ത അറബിപ്പയ്യനെ മിന്നായംപോലെകണ്ട സതീഷ് അവനില്‍നിന്ന് ഒരു കുറുമ്പു തിരികെപ്രതീക്ഷിച്ചു. പ്രതീക്ഷയൊട്ടും തെറ്റിയില്ല, സതീഷിന്റെ വാഹനത്തിനു മുന്നിലേക്കു കയറിയ ഉടന്‍ അവന്‍ പെട്ടെന്നു ബ്രേക്കിടുകയും അതിനേക്കാള്‍പ്പെട്ടെന്നു വേഗംകൂട്ടി വണ്ടി മുന്നോട്ടു പായിക്കുകയുംചെയ്തു. എന്നാല്‍ അവന്റെ ചെയ്തി, അപ്രതീക്ഷിതമല്ലാതിരുന്നതിനാല്‍ അവന്‍ ബ്രേക്കു ചവിട്ടുന്നതിനുമുമ്പേ സതീഷ് വലത്തേ ലെയിനിലേക്കു മാറിക്കഴിഞ്ഞിരുന്നു.

തന്നെ ഡ്രൈവിംഗ് പഠിപ്പിച്ച ജാഫര്‍ ഗുല്‍ മുഹമ്മദ് എന്ന പാകിസ്താനി *ഉസ്താദിനെ സതീഷ് ഓര്‍മ്മിച്ചുപോയി. തുടര്‍ച്ചയായി അഞ്ചുതവണ ഡ്രൈവിംഗ് ടെസ്റ്റില്‍ പരാജയം രുചിച്ചശേഷം ആറാമത്തെ ടെസ്റ്റിനുള്ള പരിശീലനത്തിനായി ഡ്രൈവിംഗ് സ്കൂളിലെത്തിയപ്പോഴാണു് അദ്ദേഹത്തെ ഉസ്താദായി കിട്ടിയതു്. 

"ഭായ് സാബ്, ആപ് ഗാഡി ചലാനേ കോ ബഹുത് ഡര്‍തേ ഹേം. ഐസേ ഹേ തോ ആപ് കഭീ ടെസ്റ്റ് പാസ് നഹി ഹോംഗേ..."

ക്ലാസ് തുടങ്ങിയ ദിവസംതന്നെ ഉസ്താദ് പറഞ്ഞു.

സതീഷിന്റെ പേടിമാറ്റാനായി തിരക്കുള്ള റോഡിലൂടെ സ്റ്റിയറിംഗില്‍ കൈതൊടാതെ വണ്ടിയോടിപ്പിച്ചൂ, ഉസ്താദ്. വലത്തേയറ്റത്തുള്ള ലെയിനില്‍നിന്നു റിയര്‍വ്യൂ മിററില്‍മാത്രംനോക്കി ഇടത്തേയറ്റത്തെ ലെയിനിലേക്കു്, മറ്റു വാഹനങ്ങള്‍ക്കിടയിലൂടെ വാഹനം കുതിച്ചുപായിക്കാന്‍ പരിശീലിപ്പിച്ചതു ഉസ്താദ് ജാഫര്‍ ഗുല്‍ മുഹമ്മദാണ്.

ഡ്രൈവിങ്ങ് ടെസ്റ്റ് പാസ്സായ സന്തോഷവാര്‍ത്ത അറിയിക്കാനെത്തിയപ്പോള്‍ സതീഷിനെ ആലിംഗനംചെയ്തുകൊണ്ടു് ഉസ്താദു് പറഞ്ഞു:

"താങ്കളുടെ ഭയംമാറ്റാന്‍വേണ്ടിമാത്രമാണു ഞാന്‍ ചില കടുംകൈകളൊക്കെ ചെയ്യിച്ചതു്. ഒറ്റയ്ക്കു വണ്ടിയോടിക്കുമ്പോള്‍ ശ്രദ്ധിക്കണം; നമ്മള്‍മൂലം ആര്‍ക്കും ഒരപകടവും സംഭവിക്കരുതു്. ഹമേശാ യേ യാദ് രഖ്നാ ഹേം, കഭീ ഡര്‍നാ മത്! ഡര്‍ ഗയാ തോ, സോചോ, മര്‍ ഗയാ...." 

ഷോലേയിലെ ഗബ്ബാര്‍സിംഗിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടു് ഉസ്താദ് പൊട്ടിച്ചിരിച്ചു.

ഫോണ്‍ബെല്ലാണു സതീഷിനെ ചിന്തകളില്‍ നിന്നുണര്‍ത്തിയതു്. ഹെഡ്സെറ്റ് ഇല്ലാതിരുന്നതിനാല്‍ അറ്റന്‍ഡ് ചെയ്തില്ല. ഫോണ്‍ വീണ്ടും രണ്ടുതവണ റിംഗ്ചെയ്തതിനാല്‍ വണ്ടി റോഡിന്റെ വലതുവശത്തേക്കൊതുക്കി നിറുത്തി.

വിജയ് മേനോനാണു വിളിച്ചിരുന്നതു്. തിരികെവിളിച്ചു. നമ്പര്‍ ബിസിയായിരുന്നു. ഒരു നിമിഷത്തിനുശേഷം വീണ്ടും ശ്രമിച്ചപ്പോള്‍ അയാളെ ലൈനില്‍ക്കിട്ടി.

"എനിക്കു തോന്നിയിരുന്നു, ഡ്രൈവിങ്ങിലായിരിക്കുമെന്നു്. ഈ വെള്ളിയാഴ്ച നമുക്കെല്ലാവര്‍ക്കുംകൂടെ ഒന്നിരിക്കണം. ഓണാഘോഷങ്ങളുടെ ഒരന്തിമരൂപമുണ്ടാക്കണം. തിരുവോണംകഴിഞ്ഞു മൂന്നാമത്തെ വെള്ളിയാഴ്ചയാണ് ഹാള്‍ കിട്ടിയിട്ടുള്ളതു്. അതിനിടയിലിനി അഞ്ചോ ആറോ വെള്ളിയാഴ്ചകള്‍മാത്രമേ പ്ലാനിങ്ങിനും പ്രാക്ടീസിനുമൊക്കെക്കൂടെ കിട്ടുകയുള്ളു...

ഓരോരുത്തരെയായി വിളിച്ചുകൊണ്ടിരിക്കുകയാണു് ഞാന്‍ . ഒരാള്‍ക്കും ഒരുത്തരവാദിത്തവും താല്പര്യവുമില്ല; ഇതിപ്പോള്‍ എന്റെമാത്രം ആവശ്യമല്ലല്ലോ... അടുത്ത വെള്ളിയാഴ്ച വൈകിട്ടു് ആറുമണിക്കുതന്നെയെത്തണം, കോര്‍ണിഷിലുള്ള ഹനീഫിന്റെ ഫ്ലാറ്റില്‍ ..."

സതീഷ്‌ വണ്ടി വീണ്ടും റോഡിലേക്കിറക്കി.

വിജയ്‌ മേനോന്‍ *എത്തിസലാത്തിലാണു ജോലിചെയ്യുന്നതു്. ആഴ്ചയില്‍ അഞ്ചുദിവസം ജോലിചെയ്‌താല്‍മതി, അതും എട്ടുമണിക്കൂര്‍മാത്രം. സര്‍ക്കാര്‍ സര്‍വീസില്‍ സുഖിച്ചു ജോലിചെയ്യുന്ന അയാള്‍ക്കൊന്നും ദിവസവും പതിന്നാലുമണിക്കൂര്‍വരെ ജോലിയെടുക്കേണ്ടിവരുന്ന സ്വകാര്യമേഖലയിലെ ജോലിക്കാരുടെ ദുഃസ്ഥിതി മനസ്സിലാകില്ല. ആകെ ഒരു വെള്ളിയാഴ്ചയാണു് അവധികിട്ടുക. അതും ഇങ്ങനെ ഓരോരോ പരിപാടികളുടെ പിന്നാലെപോയിത്തീരും. ഇനിയിപ്പോള്‍ മൂന്നാലുമാസം ഓണാഘോഷങ്ങളുടെ തിരക്കാണു്. ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങള്‍ തുടങ്ങുന്നതുവരെയുള്ള വെള്ളിയാഴ്ചകളിലെല്ലാം വിവിധസംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികള്‍ അരങ്ങുതകര്‍ക്കും. ഒപ്പം ഈദ് ആഘോഷങ്ങള്‍കൂടെയാകുമ്പോള്‍ ആഘോഷങ്ങളുടെമേല്‍ ആഘോഷമാകും.

ഇവിടുത്തെ ഓണാഘോഷങ്ങള്‍ക്കു് എല്ലായ്പോഴും ഒരേ ചിട്ടവട്ടങ്ങള്‍തന്നെ! ഏറ്റവുംവലിയ കുടവയറുള്ള രണ്ടോ മൂന്നോപേര്‍ രാവിലെമുതല്‍തന്നെ മാവേലിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നുണ്ടാകും. അത്തക്കളമത്സരമാകും ഓണാഘോഷങ്ങളുടെ ആദ്യയിനം. അത്തപ്പൂക്കളം എന്നു പറയാറില്ല, കാരണം പൂക്കളേക്കാളേറെ, ഉപ്പും നിറമുള്ള പൊടികളുമൊക്കെയാണു് മത്സരത്തിലെ അത്തക്കളങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നതു്. പിന്നെ മികച്ചമലയാളിമങ്കയേയും മലയാളിപ്പുരുഷനെയും കണ്ടെത്താനുള്ള മത്സരങ്ങള്‍ ... 

ഉച്ചയ്ക്കു വിഭവസമൃദ്ധമായ സദ്യ, വാഴയിലയില്‍ത്തന്നെ! അതിനു് ഏതെങ്കിലും ഹോട്ടലില്‍ ഓര്‍ഡര്‍ നല്കിയിട്ടുണ്ടാകും. സദ്യ വാഴയിലയിലാണെങ്കിലും പായസം ഡിസ്പോസിബിള്‍ ഗ്ലാസ്സിലേ വിളമ്പൂ... പഴവുംചേര്‍ത്തു നന്നായിക്കുഴച്ച്, വാഴയിലയില്‍നിന്നു പായസമുണ്ണുന്നതിന്റെ സുഖം ഒന്നുവേറെതന്നെയാണു്. ഡിസ്പോസിബിള്‍ ഗ്ലാസില്‍ പായസം കുടിക്കുന്നവര്‍ക്കതു മനസ്സിലാകില്ല.

ഉച്ചയ്ക്കുശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്തങ്ങള്‍, കൈകാട്ടിക്കളി, തിരുവാതിരക്കളി, സ്കിറ്റുകള്‍, ഗാനാലാപനം ... വൈകുന്നേരം ഏതങ്കിലും ടി.വി. റിയാലിറ്റി ഷോക്കാരുടെ ഗാനമേള, അല്ലെങ്കില്‍ മിമിക്രി. നാട്ടില്‍നിന്നു ശിങ്കാരിമേളക്കാരെ ആരെയെങ്കിലും കൊണ്ടുവരാന്‍പറ്റിയാല്‍ പുട്ടിനു പീരപോലെ, ഇടയ്ക്കിടെ അവരുടെ പ്രകടനങ്ങളും... രാത്രി പത്തുപന്ത്രണ്ടുമണിവരെ നീളുന്ന കൃത്രിമത്തമുള്ള ആഘോഷങ്ങള്‍  ..

ബാല്യത്തിലെ ഓണക്കാലത്തേക്കു സ്വയമറിയാതെ മനസ്സു പറന്നു. എത്രനാളുകള്‍ക്കുമുമ്പേ തുടങ്ങുന്ന കാത്തിരുപ്പാണു്, അത്തമെത്താന്‍! പരീക്ഷകള്‍ ശല്യമാകാതിരിക്കാന്‍ ഓണപ്പരീക്ഷയ്ക്കുള്ള പാഠങ്ങള്‍ മുമ്പേ പഠിച്ചുതീര്‍ത്തിട്ടുണ്ടാകും...

അത്തത്തിന്റെ തലേന്നുമുതല്‍ എല്ലാദിവസവും സ്കൂളില്‍നിന്നെത്തിയാലുടന്‍, പുസ്തകസഞ്ചി മുറിയിലിട്ടു്, പൂക്കൂടയുമായി ഓട്ടമാകും. തോട്ടിറമ്പിലും പാടവരമ്പിലുമെല്ലാം പൂക്കള്‍തേടി കൂട്ടുകാര്‍ക്കൊപ്പമലയും..... മത്സരിച്ചാണു പൂക്കളിറുക്കുന്നതു്... ഷിബു, റോയി, സുനി, അമ്പിളി, സജി, പാപ്പച്ചന്‍, ജോയി, മക്കപ്പന്‍, റീനി, മിനി, കുഞ്ഞുമോള്‍, പൊന്നന്‍, ബെന്നി.... എല്ലാ മുഖങ്ങളും ഇപ്പോഴും മായാതെ മനസ്സിലുണ്ടു്...

ഇരുട്ടുവീണുതുടങ്ങുമ്പോള്‍, കൂടനിറയെ പൂക്കളുമായി വീട്ടിലെത്തും. തുമ്പപ്പൂക്കള്‍ ഓരോന്നായി പറിച്ചെടുക്കാന്‍ സമയമില്ലാത്തതിനാല്‍ തുമ്പക്കുടം ഒന്നാകെ പൊട്ടിച്ചെടുക്കും. അതിനെല്ലാദിവസവും അച്ഛമ്മയുടെ ശകാരവും കിട്ടാറുണ്ടു്: 

"ഇനിയും വിടരാനുള്ള എത്ര മൊട്ടുകളാണു് ആ തുമ്പക്കുടത്തിലുണ്ടാവുക? അല്പം ക്ഷമയോടെ തുമ്പപ്പൂക്കള്‍ പറിച്ചെടുക്കുന്നതിനുപകരം അതൊട്ടാകെ നശിപ്പിച്ചില്ലാതാക്കിയാലെങ്ങനാ കുട്ടാ..."

പക്ഷേ പിറ്റേന്നും അതുതന്നെയാവര്‍ത്തിക്കും. ഓരോ പൂക്കളായി പറിക്കാനിരുന്നാല്‍ തുമ്പക്കുടങ്ങളെല്ലാം മറ്റാരുടെയെങ്കിലും കൂടയിലാകും. അതുവല്ലതും അച്ഛമ്മയ്ക്കറിയാമോ?

രാവിലെ സതീഷ് ഉറക്കമുണര്‍ന്നുവരുമ്പോള്‍ ചേച്ചിമാര്‍ അത്തപ്പൂക്കളമൊരുക്കി കഴിഞ്ഞിട്ടുണ്ടാകും. അത്തംമുതല്‍ ഓണംവരെയുള്ള പത്തു ദിവസങ്ങളിലും അതാവര്‍ത്തിക്കും. 

പത്തു ദിവസത്തെ ഓണാവധിക്കായി പള്ളിക്കൂടമടച്ചുകഴിഞ്ഞാല്‍ പിന്നെ ഓണക്കളികളുടെ ആവേശം അതിന്റെ പാരമ്യത്തിലെത്തുകയായി.

അയലത്തെ രുഗ്മിണിച്ചേച്ചിയുടെ വീട്ടിലെ മുത്തശ്ശിമാവില്‍ വലിയൊരു ആലാത്തൂഞ്ഞാലുണ്ടാകും. അതില്‍ മാനത്തേക്കു പറന്നുയര്‍ന്നു്, ഏറ്റവുമുയരമുള്ള കൊമ്പിലെ ഇലകടിച്ചുകൊണ്ടുവന്നു കേമത്തംകാട്ടാന്‍ കൂട്ടുകാര്‍തമ്മില്‍ മത്സരമാണു്... 

ഷിബുവിന്റെ വീട്ടുമുറ്റത്താണു നാട്ടിലെ സ്ത്രീകളെല്ലാം ഒത്തുകൂടുക. ഉത്രാടംമുതല്‍ ചതയംവരെയുള്ള നാലുനാളുകളില്‍ വട്ടക്കളി, കുമ്മിയടി, കലിയും പുലിയും കളി, തുമ്പിതുള്ളല്‍ ... അങ്ങിനെ നാടന്‍ കളികളുടെ സമ്മോഹനഭാവങ്ങള്‍ അവിടെയുണരും. ഇടയ്ക്കു് ആണ്‍കുട്ടികളും കളികളില്‍ കൂടും...

ആകെക്കൂടെ ആനന്ദദായകമായ ഉത്സവദിനങ്ങളാണെല്ലാം...

എന്നാലും ഇടയ്ക്കിടെ അച്ഛമ്മ പറയുന്നതു കേള്‍ക്കാം: 

"പണ്ടുണ്ടായിരുന്ന ഓണക്കളികളുടെ ഒരു ചന്തവുമിന്നില്ല; മനുഷ്യരുടെ ഒത്തൊരുമയുമില്ല. ഇപ്പോഴത്തെ കുട്ടികള്‍ക്കു് ഓണത്തെക്കുറിച്ചെന്തറിയാം..."

വണ്ടി ഫ്ലാറ്റിനുകീഴിലെ പാര്‍ക്കിങ്ങ്‌ സ്ഥലത്തെത്തിയപ്പോഴാണു സതീഷിനു സ്ഥലകാലബോധമുണ്ടായതു്. ഇതെങ്ങനെ ഇവിടെത്തി? വിജയ് മേനോന്റെ ഫോണ്‍കോളിനുശേഷം വണ്ടി റോഡിലേക്കെടുത്തതില്‍പ്പിന്നെ റോഡും വാഹനങ്ങളുമൊന്നും ഓര്‍മ്മയിലില്ല. തിരക്കുള്ള റോഡിലൂടെ സുരക്ഷിതമായി വീട്ടിലെത്തിയതിനു് അയാള്‍ മനസ്സാലേ ദൈവത്തിനു നന്ദിപറഞ്ഞു. ചിലപ്പോഴെല്ലാം ഇങ്ങനെ സംഭവിക്കാറുണ്ടു്. യാത്രതുടങ്ങിയാല്‍പ്പിന്നെ ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ ബോധമനസ്സു് ശൂന്യമായിരിക്കും. വന്നവഴികളും വഴിയിലെ കാഴ്ചകളുമൊന്നും മനസ്സിലുണ്ടാവുകയേയില്ല.

വിനീത, ഫ്ലാറ്റിന്റെ വാതില്‍ തുറന്നു. സതീഷ്‌ അകത്തേക്കു കയറുമ്പോള്‍ക്കണ്ടു, വിഷ്ണു കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നുണ്ടു്. സതീഷിന്റെയും വിനീതയുടെയും എല്ലാസ്വപ്നങ്ങളുടേയും കേന്ദ്രസ്ഥാനം ഏകപുത്രനായ വിഷ്ണുവിലാണു്. അവനിപ്പോള്‍ ഏഴാംതരത്തിലാണു പഠിക്കുന്നതു്. അവന്‍ പഠിക്കുന്ന സ്കൂളില്‍ത്തന്നെ അവന്റെ അമ്മയും ജോലിചെയ്യുന്നു. ഫ്ലാറ്റും ടെലിവിഷനും വീഡിയോ ഗയിമുകളും കമ്പ്യൂട്ടറുമായി അവന്റെ ബാല്യവും കൗമാരവും കൊഴിഞ്ഞുപോകുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍ സതീഷിനു ചിലപ്പോഴെങ്കിലും സങ്കടംതോന്നാറുണ്ടു്. 

ജൂലൈ, ആഗസ്റ്റ്‌ മാസങ്ങള്‍ ഗള്‍ഫിലെ വിദ്യാലയങ്ങള്‍ക്കു മദ്ധ്യവേനലവധിക്കാലമാണു്. കുടുംബങ്ങള്‍ അവധിയാഘോഷിക്കാന്‍ നാട്ടിലേക്കുപോകുന്ന കാലമായതിനാല്‍ വിമാനടിക്കറ്റുകള്‍ക്കു സാധാരണയുള്ളതിന്റെ അഞ്ചും ആറും മടങ്ങാണു നിരക്കു്. അതുകൊണ്ടുതന്നെ രണ്ടോമൂന്നോ വര്‍ഷംകൂടുമ്പോഴേ സതീഷും കുടുംബവും നാട്ടില്‍ പോകാറുള്ളൂ

അവധിക്കാലത്തു നാട്ടില്‍പ്പോയാലും നാട്ടില്‍ അവന്റെ പ്രായക്കാര്‍ക്കപ്പോള്‍ പഠനകാലമായതിനാല്‍ വിഷ്ണുവിനവിടെയും കളിക്കൂട്ടുകളൊന്നുമില്ല. കമ്പ്യൂട്ടറും ടെലിവിഷനുംതന്നെയാണു നാട്ടിലും അവന്റെ കൂട്ടുകാര്‍

അച്ഛന്‍ മുറിയിലെത്തിയതുകണ്ട വിഷ്ണു, ആവേശത്തോടെ ചാടിയെഴുന്നേറ്റു സതീഷിന്റെയടുത്തെത്തി. 

"ഡാഡ്, യൂ നോ, ഐ വോസ് ഡിസൈനിങ് എ ഫ്ലവര്‍ കാര്‍പറ്റ്. കം ആന്റ് ഹാവ് എ ലുക്ക് അറ്റിറ്റ്..... ഐ ഹാവ് ഡണ്‍  ഇറ്റ്‌ ഇന്‍ അഡോബീ ഇല്ലസ്ട്രേറ്റര്‍ "

ഫ്ലവര്‍ കാര്‍പറ്റു് ... അത്തക്കളത്തിനെ ആരാണാവോ കാര്‍പ്പെറ്റു് ആക്കി മാറ്റിയതു്? 

കമ്പ്യൂട്ടറില്‍ മനോഹരമായ ഒരു പൂക്കളത്തിന്റെ ഗ്രാഫിക് ചിത്രം. വിഷ്ണു നല്ലൊരു കലാകാരനാണു്. ഈ പ്രായത്തില്‍ത്തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ നല്ല വൈഭവവുമുണ്ടു്. 

"ഓ, വെരി നൈസ്, യു ഹാവ് ഡണ്‍ ഇറ്റ് വെല്‍ മൈ ചൈല്‍ഡ് .."

"താങ്ക്യൂ ഡാഡ്.. ഐ'ല്‍ പോസ്റ്റ്‌ ഇറ്റ്‌ ഓണ്‍ ഇന്‍സ്റ്റാഗ്രാം."

അടുത്ത തലമുറയുടെ ഓണം, ഇന്‍സ്റ്റാഗ്രാംപോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലാകുമൊതുങ്ങുക. 

സതീഷ്‌ ഓര്‍ത്തു, കുട്ടിക്കാലത്തു ഞങ്ങളൊക്കെയനുഭവിച്ച സന്തോഷങ്ങള്‍ ഈ തലമുറയ്ക്കു നഷ്ടപ്പെടുകയാണല്ലോ...നാട്ടില്‍ വളരുന്ന കുട്ടികളെങ്കിലും ഇപ്പോഴും പൂക്കളിറുത്തു പൂക്കളമുണ്ടാക്കുന്നുണ്ടോ? ഓണക്കളികളും ഊഞ്ഞാലാട്ടങ്ങളുമായി കൂട്ടരോടൊത്തുല്ലസിക്കുന്നുണ്ടോ? 

മനസ്സില്‍ അച്ഛമ്മയുടെ മുഖം തെളിഞ്ഞു, അച്ഛമ്മ ചിരിച്ചു.

"പണ്ടുണ്ടായിരുന്ന ഓണക്കളികളുടെ ഒരു ചന്തവുമിന്നില്ല; മനുഷ്യരുടെ ഒത്തൊരുമയുമില്ല. ഇപ്പോഴത്തെ കുട്ടികള്‍ക്കു് ഓണത്തെക്കുറിച്ചെന്തറിയാം..."

ഇനിയുള്ള തലമുറകളും ഇങ്ങനെതന്നെയാവില്ലേ, അവരുടെ പിന്‍തലമുറകളെക്കുറിച്ചു ചിന്തിക്കുക..? സതീഷിന്റെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. 

------------------------------------------------------------

*വേഗമാപിനി - സ്പീഡോമീറ്റര്‍
*ഉസ്താദ് - ഗുരു
*എത്തിസലാത്തു്  - യു.എ.ഇ. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഒപ്പറേറ്റിങ്ങു് കമ്പനി. 

12 അഭിപ്രായങ്ങൾ:

  1. രണ്ട് കഥക്കുള്ള സ്കോപ് ഉണ്ടായിരുന്നു.

    ഹമേശാ യേ യാദ് രഖ്നാ ഹേം, കഭീ ഡര്‍നാ മത്! ഡര്‍ ഗയാ തോ, സോചോ, മര്‍ ഗയാ...."

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഷാഹിദ്, വായിച്ചഭിപ്രായം അറിയിച്ചതിനു നന്ദി. ചുമ്മാ എഴുതി അല്പം കാടു കയറിപ്പോയെന്നു എനിക്കറിയാം. എങ്കിലും വായിക്കാനും പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തിയതിനു വീണ്ടും നന്ദി.

      ഇല്ലാതാക്കൂ
  2. നല്ല കഥ, അല്ല യാഥാര്‍ത്ഥ്യം

    (നാട്ടില്‍ പത്ത് ദിവസം ഉണ്ടാരുന്നു. ഒരു തുമ്പപ്പൂ പോലും കണ്ടില്ല)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത് സർ, വായനയ്ക്കും അഭിപ്രായക്കുറിപ്പിനും നന്ദി.

      ഇല്ലാതാക്കൂ
  3. കാട്‌ കയറിയതായി തോന്നിയേയില്ല...നല്ലൊരു വായന.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അല്പം കാടുകയറിപ്പോയെന്നെനിക്കറിയാം; എന്നാലും നല്ലൊരു വായന ലഭിച്ചു എന്നറിഞ്ഞതിൽ സന്തോഷം.

      ഇല്ലാതാക്കൂ