"ഉടലുമായുള്ള ബന്ധംപിരിഞ്ഞ, തകര്‍ന്ന തുടയെല്ലുകളില്‍ വേദനയുടെ വിഷസര്‍പ്പങ്ങളിഴയുന്നു.
ഹോ, എത്രകഠിനമാണീ വേദന!
എങ്കിലും കരഞ്ഞുകൊണ്ടു മരിക്കാന്‍മാത്രം ഭീരുവല്ല സുയോധനന്‍ ! ജീവിതംതന്ന മോഹഭംഗങ്ങളുടെ വേദനകളുമായി തുലനംചെയ്യുമ്പോള്‍ ഈ വേദന നിസ്സാരമല്ലേ?
അശ്വത്ഥാമാവേ, ഗുരുപുത്രാ, അര്‍ഹതപ്പെടാത്തതൊന്നും ഇന്നുവരെ മോഹിച്ചിട്ടില്ല സുയോധനന്‍! സോമകുലപാരമ്പര്യമനുസരിച്ച്, ഹസ്തിനപുരി ഭരിക്കേണ്ടിയിരുന്നതു് എന്റെ പിതാവായ ധൃതരാഷ്ട്രരായിരുന്നു. അന്ധനായിരുന്നു എന്നതൊഴികെ മറ്റെന്തിലും ഇളയച്ഛനേക്കാള്‍ യോഗ്യനും അദ്ദേഹംതന്നെ!
എന്നിട്ടും...
അന്ധനെന്ന ഒറ്റക്കാരണത്താല്‍, ഇളയച്ഛനു സിംഹാസനം ഒഴിഞ്ഞുകൊടുക്കേണ്ടിവന്നപ്പോള്‍, തന്റെ സന്തതിപരമ്പരകള്‍മുഴുവന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമെന്നു സ്വപ്നേപി നിരൂപിച്ചിരുന്നില്ലെന്നു ധൃതരാഷ്ട്രമഹാരാജൻതന്നെ പറഞ്ഞിട്ടുണ്ടല്ലോ!
ഭര്‍ത്താവിനോടു സാധര്‍മ്മ്യംനേടുന്നതിനായി, കണ്ണുകള്‍ മൂടിക്കെട്ടി സ്വയമൊതുങ്ങിക്കൂടാന്‍ പതിവ്രതാരത്നമായ അമ്മ തീരുമാനമെടുത്തപ്പോള്‍ അന്തഃപുരത്തില്‍ കുന്തിയുടെ പ്രമാണിത്തമുറയ്ക്കപ്പെട്ടു.
കുന്തീപുത്രന്മാര്‍ക്കു ലഭിച്ച പരിഗണന, ഹസ്തിനപുരിയിലെ യഥാര്‍ത്ഥരാജകുമാരന്മാര്‍ക്കു് അന്യമായിത്തീര്‍ന്നു.
ഒടുവില്‍, അച്ഛനു രാജ്യഭാരം തിരികെനല്കി, പത്നീസമേതനായി വാനപ്രസ്ഥാശ്രമംസ്വീകരിച്ച പാണ്ഡുഇളയച്ഛന്‍ മരിച്ചപ്പോള്‍, കുന്തിയേയും മക്കളേയും തിരികേ കൊട്ടാരത്തിലെത്തിച്ചുസംരക്ഷിക്കാന്‍ തീരുമാനിച്ചതു് അച്ഛന്റെ ഹൃദയവിശാലത.
എന്നാല്‍ കുന്തി ചെയ്തതോ? കുരുവംശത്തിന്റെ അധികാരികളായി തന്റെ മക്കളെ അവരോധിക്കാനുള്ള കരുനീക്കങ്ങള്‍ക്കു് അവര്‍ തുടക്കമിട്ടു..
കുന്തിയുടെ ഗൂഢലക്ഷ്യങ്ങള്‍ അന്നേ ഞാന്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. രാജവംശത്തിനെതിരെയുള്ള അവരുടെ ഗൂഢനീക്കങ്ങള്‍ക്കെതിരെ കൗമാരത്തിലേ മറുനീക്കങ്ങളാരംഭിച്ചവനാണു സുയോധനന്‍ ! കരുത്തനായ വൃകോദരനാകും കുന്തീസുതന്മാരുടെ രക്ഷാദുര്‍ഗ്ഗമെന്ന തിരിച്ചറിവില്‍, വിഷംചേര്‍ത്തഭക്ഷണം വയറുനിറയെക്കൊടുത്തു്, കൈകാല്‍ ബന്ധിച്ച്, നദിയില്‍ത്താഴ്ത്തിയതാണു ഞാനവനെ! മൂന്നുനാലു നാളുകള്‍ക്കപ്പുറം എന്നെയദ്ഭുതപ്പെടുത്തിക്കൊണ്ടു്, അവന്‍ തിരികെയെത്തി... ഇപ്പോള്‍, ഇങ്ങനെയെന്നെ ചതിച്ചുതകര്‍ക്കാന്‍മാത്രമായി അവനന്നു ജീവനിലേക്കു മടങ്ങിയെത്തി...
ഇതിനിടയില്‍ തന്റെ പുത്രന്മാരെ അധികാരത്തിലെത്തിക്കാനുള്ള കുന്തിയുടെ കുതന്ത്രങ്ങള്‍ക്കു കൂട്ടുനില്ക്കാന്‍ സോമകുലത്തില്‍നിന്നുപോലും ഒരാളുണ്ടായി. വിദുരര്‍ ഇളയച്ഛന്‍! പക്ഷേ, എന്തുന്യായത്തിന്റെപേരില്‍? ചില സന്ദേഹങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ മനസ്സിലിരുപ്പെന്തായിരുന്നുവെന്നതു് എനിക്കിപ്പോഴുമജ്ഞാതം!
ധൃതരാഷ്ട്രപുത്രനായ ഞാന്‍തന്നെയാണു ഹസ്തിനപുരിയുടെ യഥാര്‍ത്ഥ അവകാശി.
എങ്കിലും പാണ്ഡൂ ഇളയച്ഛനു് ഒരു പുത്രനെങ്കിലുമുണ്ടായിരുന്നെങ്കില്‍ പകുതിരാജ്യം സന്തോഷത്തോടെ നല്കാന്‍ ഞാന്‍ തയ്യാറാകുമായിരുന്നല്ലോ! സോമകുലത്തില്‍നിന്ന് അധികാരം കവര്‍ന്നെടുക്കാനെത്തിയ രാജ്യദ്രോഹികള്‍മാത്രമാണു കുന്തിയുടെ മക്കള്‍ ... രാജ്യദ്രോഹികള്‍ക്കു ചിതയൊരുക്കാന്‍ മനോഹരമായ ഒരു കൊട്ടാരംതന്നെതീര്‍ത്തു ഞാന്‍! വിദുരനിളയച്ഛന്റെ ചതിയാണു് ആ തന്ത്രം തകര്‍ത്തതെന്നു ചാരന്മാരില്‍നിന്നു പിന്നിടു ഞാനറിഞ്ഞു.
ഇളയച്ഛൻ
പിതൃതുല്യനാണെന്ന, സുയോധനന്റെ നീതിബോധമൊന്നുകൊണ്ടുമാത്രമാണു് സത്യമെന്തെന്നറിഞ്ഞിട്ടും ആ ചതിക്കുള്ള ശിക്ഷ വിദുരര്‍ക്കു ലഭിക്കാതെപോയതു്.
എന്തൊക്കെയുണ്ടായാലും എല്ലായ്പോഴും വിജയം കുന്തിക്കും മക്കള്‍ക്കുമായിരുന്നു. എന്നാല്‍ അതൊരിക്കലും ധര്‍മ്മത്തിന്റെ വിജയമല്ലതന്നെ!
തൊടുന്യായങ്ങളുയര്‍ത്തി സകലതും കൈയടക്കാന്‍ ശ്രമിക്കുന്നവര്‍ ധര്‍മ്മികളെന്നു വാഴ്ത്തപ്പെടുന്നതോ ലോകനീതി?
എന്തു ധര്‍മ്മത്തിന്റെ പേരിലാണു വൃകോദരന്‍ എന്റെ ഊരുവിലേക്കു ഗദ ചുഴറ്റിയടിച്ചതു്? നിരായുധനായി തേരില്‍നിന്നിറങ്ങിയ കര്‍ണ്ണന്റെ വിരിമാറിലേക്കു ചതിയമ്പെയ്തവന്‍ ഭീരുവോ വില്ലാളിവീരനോ? ഗുരുവിനെ ചതിച്ചുകൊല്ലാന്‍ കൂട്ടുനിന്നവന്‍ ധർമ്മപുത്രന്‍ എന്ന വിളിപ്പേരിനര്‍ഹനാകുന്നതെങ്ങനെ? പിതാമഹനെ ശരശയ്യയില്‍ക്കോർത്തു കൊല്ലാക്കൊലചെയ്തവര്‍ അനര്‍ഹമായവ നേടിയെടുക്കാന്‍ എന്തധര്‍മ്മവുംചെയ്യാന്‍ തങ്ങളൊരുക്കമാണെന്നു സ്വയംതെളിയിക്കുകയായിരുന്നില്ലേ? ഹസ്തിനപുരിയിൽവച്ച്, പാഞ്ചാലി അപമാനിതയായെങ്കിൽ അതിനു കാരണക്കാരനായതും യുധിഷ്ഠിരനല്ലേ? എന്നാലാ പാപഭാരവും വ്യഥാ എന്നിലാരോപിക്കാനും ചിലകുബുദ്ധികൾ വ്യഗ്രചിത്തരായ് വന്നു....
എങ്കിലും;
ജീവിതത്തിലെന്നും തിരിച്ചടികള്‍മാത്രംനേരിട്ട എന്റെ മരണം, ഒരിക്കലുമൊരു പരാജയമാവില്ലെന്നു് എനിക്കുറപ്പുണ്ടു്....
ഗുരുപുത്രാ, ഇപ്പോഴുമെനിക്കുറപ്പുണ്ടു്, നിന്റെ പിതൃഘാതകരെ, എന്റെയും നിന്റെയും ശത്രുക്കളെ ഉന്മൂലനംചെയ്യാന്‍ നിനക്കാവുകതന്നെചെയ്യും.
ഹസ്തിനപുരിയുടെ യഥാർത്ഥരാജാവു്, നിന്നെയിതാ രാജ്യത്തിന്റെ സര്‍വ്വസൈന്യാധിപനായി പ്രഖ്യാപിക്കുന്നു. ഇത്രയും പരാജയങ്ങള്‍ക്കപ്പുറം നീ ഒറ്റയ്ക്കു ജയിക്കണം. ധര്‍മ്മയുദ്ധത്തിനു തെല്ലും വിലകല്പിക്കാത്ത കുന്തീപുത്രന്മാരെത്തകര്‍ക്കാന്‍ നിനക്കിനി എന്തുമാര്‍ഗ്ഗവും സ്വീകരിക്കാം.... "
തെല്ലിട നിശബ്ദനായ ദുര്യോധനൻ, തന്റെ മിഴികൾമാത്രം ചലിപ്പിച്ച്, അശ്വത്ഥാമാവിനേയും കൃപേരേയും കൃതകർമ്മാവിനേയും നോക്കി.
പിന്നെ ഉറച്ച ശബ്ദത്തിൽപ്പറഞ്ഞു.
"ആരെങ്കിലും ഒരുപാത്രത്തില്‍ അല്പം ജലംകൊണ്ടുവരൂ..."
കൃപര്‍ കൊണ്ടുവന്ന ജലം, തന്റെ വലതുകൈയാല്‍ക്കോരി അശ്വത്ഥാമാവിന്റെ ശിരസ്സില്‍ത്തളിച്ചു്, ദുര്യോധനന്‍ ഗുരുപുത്രനെ തന്റെ സര്‍വ്വസൈന്യാധിപനായി അഭിഷേകംചെയ്തു. കൃപരും കൃതവര്‍മ്മാവും കണ്ണീരണിഞ്ഞ സാക്ഷികളായി...
മണ്ണിലേയ്ക്കിരുന്ന അശ്വത്ഥാമാവ്, ദുര്യോധനനെ തന്റെ മടിയിൽക്കിടത്തി.
"കൃപരെ, കൃതവര്‍മ്മാവേ, അന്ത്യംവരെയും നിങ്ങള്‍ നിങ്ങളുടെ സര്‍വ്വസൈന്യാധിപനൊപ്പമായിരിക്കൂ... ഇനി വിട! അശ്വത്ഥാമാവേ,നിനക്കു വിജയമുണ്ടാകട്ടെ..!"
ആ വാക്കുകൾക്കൊടുവിൽ, അശ്വത്ഥാമാവിന്റെ മടിയില്‍ സുയോധനന്റെ ചേതനയറ്റ ശരീരംമാത്രം ബാക്കിയായി.
------------------------------------------
വൃകം - ചെന്നായ
വൃകോദരന്‍ - ഭീമസേനന്‍
പാണ്ഡവര്‍ ഭരണാധികാരികളായത് ഒരു ഗ്രേറ്റ് കോണ്‍സ്പിറസി മൂലമായിരുന്നു എന്ന് ഭക്തിരസം മാറ്റിവച്ച് പുരാണം പഠിച്ചാല്‍ മനസ്സിലാകും. ങ്ഹൂം. ഇനി ഇതൊക്കെ പറഞ്ഞിട്ടെന്തുഫലം
മറുപടിഇല്ലാതാക്കൂപാണ്ഡവര്ക്കു മനസ്സമാധാനത്തോടെ ഹസ്തിനപുരി ഭരിക്കാന്‍ സാധിച്ചിരുന്നില്ലെന്നതും പുരാണങ്ങള്‍ വ്യക്തമാക്കി തരുന്നുണ്ടു്.
ഇല്ലാതാക്കൂസാങ്കേതികമായി പാണ്ഡവര്‍ വിജയിച്ചുവെന്നു പറയാമെങ്കിലും മഹാഭാരത യുദ്ധത്തില്‍ യഥാര്‍ത്ഥത്തില്‍ ആരും വിജയിച്ചില്ലല്ലോ!