2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ചിങ്ങമാസം

ടിമാസക്കാറൊഴിഞ്ഞുപോയ് മാനത്തു്;
ഓടിയണഞ്ഞല്ലോ ചിങ്ങമാസം!
എങ്ങോ മറഞ്ഞൊരെന്‍ ബാല്യസ്മരണക-
ളെന്നിലുണര്‍ത്തുന്നൊരോണ മാസം!
പൂക്കളിറുക്കുവാന്‍ പാടവരമ്പത്തു
പൂക്കൂടയേന്തിയലഞ്ഞ ബാല്യം;
നിത്യവും മുറ്റത്തു ചേലെഴും പൂക്കളാ-
ലത്തക്കളംതീര്‍ത്ത പുണ്യകാലം.

കോടിയുടുത്തേറെക്കേമത്തം ഭാവിച്ചു
കൂട്ടരോടൊപ്പം മദിച്ച കാലം;
മുറ്റത്തെ മുത്തശ്ശിമാവിലെയൂഞ്ഞാലില്‍
മാനത്തുയര്‍ന്നു പറന്നകാലം...
കാലപ്രവാഹത്തിനൊപ്പമൊഴുകിപ്പോയ്
നലമെഴുമക്കാലമെന്നില്‍നിന്നും!
എന്നാല്‍ മലയാളമുള്ള കാലത്തോള-
മെന്നുമോണത്തിന്‍ ഗരിമയുണ്ടാം;
നാടിന്‍പ്രജകള്‍തന്‍ ക്ഷേമൈശ്വര്യങ്ങള്‍ക്കായു്,
നന്മനിറഞ്ഞ മനസ്സുമായി,
നാടുഭരിച്ച നൃപന്റെ സ്മരണകള്‍
നാടാകെയുത്സവഘോഷമേകും!



4 അഭിപ്രായങ്ങൾ: