കുടിവെള്ളവുമായെത്തുന്ന ടാങ്കര്‍ ലോറിയുടെ മുന്നില്‍ ശുദ്ധജലം വാങ്ങാന്‍ നില്ക്കുന്നവരുടെ നീണ്ട നിരകണ്ടു നാരായണന്‍ നായര്‍ നെടുവീര്‍പ്പിട്ടു.
എത്ര പെട്ടന്നാണു കാര്യങ്ങള്‍ മാറി മറിഞ്ഞതു്? മികച്ച ശുദ്ധജല സ്രോതസ്സുകളായിരുന്നു, നാട്ടിലെ കുളങ്ങളും കിണറുകളുമെല്ലാം. കുടിവെള്ളം വിലകൊടുത്തു വാങ്ങേണ്ടി വരുന്ന ഒരുകാലമുണ്ടാകുമെന്നു സ്വപ്നേപി നിരൂപിചിരുന്നില്ലല്ലോ അന്നൊന്നും!
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കോള്‍പാടങ്ങളില്‍, ഇടവപ്പാതി തുടങ്ങുമ്പോഴാണു നെല്‍വിത്തു വിതയ്ക്കുന്നതു്. മഴപെയ്തൊഴിയുന്ന വെള്ളം വയലുകളില്‍ നിറയുമ്പോള്‍ ഞാറു വളര്‍ന്നു തുടങ്ങും. പാടങ്ങളില്‍ നിറയുന്ന മഴവെള്ളത്തിന്റെ ഉറവുകള്‍ ഗ്രാമത്തിലെ കുളങ്ങളിലും കിണറുകളിലുമെല്ലാമെത്തും. പാടത്തെ ജലനിരപ്പു ക്രമീകരിക്കാന്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തിലുള്ള പമ്പു കൃത്യമായി പ്രവര്‍ത്തിക്കും. അധികജലം പൊഴിയിലേക്കു പമ്പുചെയ്തു കളയും. പൊഴിക്കും പാടങ്ങള്‍ക്കും ഇടയിലുള്ള ബണ്ടു് ഉപ്പുവെള്ളം പാടങ്ങളിലേക്കു കടക്കാതെ തടയും.
വയലോരങ്ങളിലെ ചിറകളില്‍ സമൃദ്ധമായ പച്ചക്കറിക്കൃഷി; ഗ്രാമത്തിലെ തെങ്ങുകളിലെല്ലാം നിറഞ്ഞ കുലകള്‍ ... കോള്‍പ്പാടങ്ങളില്‍ നെല്‍കൃഷി വര്‍ഷത്തില്‍ ഒരിക്കലേയുള്ളൂ; ചിങ്ങം – കന്നി മാസങ്ങളില്‍ വിളവെടുപ്പു കഴിഞ്ഞാല്‍ പിന്നെ ഒറ്റാലുകളും വട്ടവലകളുമായി മത്സ്യം പിടിക്കാനിറങ്ങുന്നവരാകും വയലുകളില്‍ ... ഇന്നിപ്പോള്‍ എല്ലാം എങ്ങോ പോയ്മറഞ്ഞു കഴിഞ്ഞു...
മീനമാസത്തിനു മുമ്പായി കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ പാടങ്ങളിലെ മത്സ്യ സമ്പത്തു ലേലം ചെയ്യും. ലേലത്തില്‍ കിട്ടുന്ന തുക കര്‍ഷകര്‍ക്കു വീതിച്ചു നല്‍കും. ഏറ്റവും കൂടിയ നിരക്കില്‍ ലേലം ഉറപ്പിക്കുന്നവര്‍ക്കു മാത്രമേ ഇനി മത്സ്യം പിടിക്കാന്‍ അവകാശമുള്ളൂ!
മീനം തുടങ്ങുമ്പോള്‍ പാടങ്ങളിലെ ജലം പൊഴിയിലേക്കു പമ്പുചെയ്തു തുടങ്ങും. വെള്ളം വറ്റിത്തുടങ്ങിയാല്‍ പിന്നെ ഒരുമാസം മത്സ്യബന്ധനകാലമാണു്. വരാലും കരിമീനും കരികണ്ണിയും കാരിയും കൂരിയും ഞണ്ടും ഇടക്കാലത്തതിഥിയായെത്തിയ തിലാപ്പിയയുമെല്ലാം വലകളില്‍ പിടയ്ക്കും. മേടമാസം പാതിദൂരം പിന്നിടുമ്പോള്‍ പാടശേഖരം പൂര്‍ണ്ണമായുണങ്ങും. വിണ്ടു കീറിയ ചെളിക്കട്ടകള്‍ ഉടച്ചുകിളച്ചു വീണ്ടും അടുത്ത കൃഷിക്കായി വയല്‍ ഒരുക്കിത്തുടങ്ങും...
നെല്‍ക്കൃഷി കഴിഞ്ഞാല്‍ മത്സ്യക്കൃഷിക്കു പകരം ചെമ്മീന്‍ കൃഷി തുടങ്ങണമെന്നു കര്‍ഷകസംഘത്തില്‍ അഭിപ്രായമുയര്‍ന്നതാണു ദുരന്തങ്ങളുടെ തുടക്കം. ഭൂരിപക്ഷം അതിനനുകൂലമായപ്പോള്‍ കന്നിമാസത്തിലെ കൊയ്ത്തിനു ശേഷം പൊഴി തുറന്നു. ശുദ്ധജലത്തിനു പകരം ഉപ്പുവെള്ളം പാടശേഖരങ്ങളില്‍ നിറഞ്ഞു. ചെമ്മീന്‍ ലേലം ചെയ്തപ്പോള്‍ കര്‍ഷകര്‍ക്കു വലിയ ലാഭവീതം കിട്ടി.
ആദ്യത്തെ ഒന്നുരണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിന്റെ തിക്തഫലങ്ങള്‍ വ്യക്തമായിത്തുടങ്ങി. നെല്ലിന്റെ വിളവു കുറഞ്ഞു, വേനലെത്തിയാല്‍ കുളങ്ങളിലേയും കിണറുകളിലേയും ജലത്തിനു് ഉപ്പുരസമായി. പച്ചക്കറിക്കൃഷി ഇല്ലാതായി, തെങ്ങുകളില്‍ തേങ്ങകളുടെ എണ്ണവും വലിപ്പവും കുറഞ്ഞു... കാലാന്തരത്തില്‍ നെല്‍ക്കൃഷി തന്നെ അന്യമായി.
ഇന്നിപ്പോള്‍ കുടിനീരിനു മാത്രമല്ല, ശുചീകരണത്തിനുള്ള വെള്ളത്തിനു പോലും വില നല്കേണ്ട ഗതികേടിലായി ഗ്രാമവാസികള്‍ ...
“മുത്തശ്ശാ...”
എവിടെ നിന്നോ ഓടിയെത്തി ഇറുകെപ്പുണര്‍ന്ന കൊച്ചുമോനാണു നാരായണന്‍ നായരെ ചിന്തകളില്‍ നിന്നുണര്‍ത്തിയതു്.
“എന്റെ തലമുറയ്ക്ക് പണം കൊടുത്താലെങ്കിലും കുടിവെള്ളം കിട്ടും; കുഞ്ഞേ, നാളെ നിന്റെ തലമുറയ്ക്കോ...!”
രണ്ടുതുള്ളിക്കണ്ണുനീര്‍ ആ വയോധികന്റെ കണ്ണില്‍ നിന്നും പേരക്കുട്ടിയുടെ ശിരസ്സിലേക്കുതിര്‍ന്നു വീണു....
ഇനിവരുന്നൊരു തലമുറയ്ക്ക്
മറുപടിഇല്ലാതാക്കൂഇവിടെ വാസം സാദ്ധ്യമോ!
അറിയില്ല, വരും തലമുറകളെക്കുറിച്ച് ചിന്തിക്കുവാന്‍ നമുക്കു സമയമില്ലല്ലോ!
ഇല്ലാതാക്കൂലളിത സുന്ദരമായ രചന
മറുപടിഇല്ലാതാക്കൂനന്ദി ജോസ്
ഇല്ലാതാക്കൂ“എന്റെ തലമുറയ്ക്ക് പണം കൊടുത്താലെങ്കിലും കുടിവെള്ളം കിട്ടും; കുഞ്ഞേ, നാളെ നിന്റെ തലമുറയ്ക്കോ...!”
മറുപടിഇല്ലാതാക്കൂചില ചോദ്യങ്ങൾക്ക് ഉത്തരമില്ല
വായിക്കാനും അഭിപ്രായം കുറിക്കാനും സമയം കണ്ടെത്തിയതിനു നന്ദി ഷാഹിദ്
മറുപടിഇല്ലാതാക്കൂ