2015 ഡിസംബർ 11, വെള്ളിയാഴ്‌ച

കാലിത്തൊഴുത്തില്‍

മാമരംകോച്ചും തണുപ്പിൽ, ഒരു
കാലിത്തൊഴുത്തിന്റെയുള്ളില്‍
കരചരണങ്ങള്‍ കുടഞ്ഞും - ചേലില്‍
മോണകള്‍ കാട്ടിച്ചിരിച്ചും
കണ്‍കള്‍തുറന്നുകിടന്നൂ, ഉണ്ണി
കന്യകാമാതാവിന്‍ ചാരെ!
താരകങ്ങള്‍ പുഞ്ചിരിച്ചൂ, വാനി-
ലമ്പിളിയും ചിരിതൂകി!
മാലാഖമാരുടെ വൃന്ദം, പുതു-
ഗാനങ്ങൾ പാടിപ്പുകഴ്ത്തി...
 
എറിടുമുല്ലാസമോടെ നന്നായ്
ആനന്ദനൃത്തംചവിട്ടി,
ആട്ടിടയന്മാര്‍ വന്നെത്തീ, ഉണ്ണി-
യേശുവേക്കണ്ടു വണങ്ങി!

താരകം നേര്‍വഴികാട്ടി, പൂജ-
രാജാക്കള്‍ ദൂരെനിന്നെത്തി!
കുന്തുരുക്കം, മീറ, സ്വര്‍ണ്ണം; കാഴ്ച-
ദ്രവ്യങ്ങളുണ്ണിക്കു നല്കി!
ജോസഫും മേരിയുമപ്പോള്‍ മോദാല്‍-
ഉള്‍പ്പുളകത്തോടെ നിന്നു!

നിത്യനാംദൈവമീ മണ്ണിൽ, മർത്ത്യ-
രൂപിയായ് വന്നുപിറന്ന 
നിസ്തുലമാമാദിനത്തിൻ ഓർമ്മ-
യുള്ളിലുണർത്തുമീ നാളിൽ, 
ലോകപാപങ്ങള്‍ഹരിക്കാന്‍, വന്ന
ലോകേശപുത്രനെന്‍ സ്തോത്രം!

(ഒന്നാം വര്‍ഷപ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ (1987)  എഴുതിയ കവിത. 1988 ഡിസംബര്‍ ലക്കം 'സ്നേഹസേന' മാസികയില്‍ പ്രസിദ്ധീകരിച്ചു.) 


2015 സെപ്റ്റംബർ 8, ചൊവ്വാഴ്ച

ചിങ്ങമാസം

ടിമാസക്കാറൊഴിഞ്ഞുപോയ് മാനത്തു്;
ഓടിയണഞ്ഞല്ലോ ചിങ്ങമാസം!
എങ്ങോ മറഞ്ഞൊരെന്‍ ബാല്യസ്മരണക-
ളെന്നിലുണര്‍ത്തുന്നൊരോണ മാസം!
പൂക്കളിറുക്കുവാന്‍ പാടവരമ്പത്തു
പൂക്കൂടയേന്തിയലഞ്ഞ ബാല്യം;
നിത്യവും മുറ്റത്തു ചേലെഴും പൂക്കളാ-
ലത്തക്കളംതീര്‍ത്ത പുണ്യകാലം.

കോടിയുടുത്തേറെക്കേമത്തം ഭാവിച്ചു
കൂട്ടരോടൊപ്പം മദിച്ച കാലം;
മുറ്റത്തെ മുത്തശ്ശിമാവിലെയൂഞ്ഞാലില്‍
മാനത്തുയര്‍ന്നു പറന്നകാലം...
കാലപ്രവാഹത്തിനൊപ്പമൊഴുകിപ്പോയ്
നലമെഴുമക്കാലമെന്നില്‍നിന്നും!
എന്നാല്‍ മലയാളമുള്ള കാലത്തോള-
മെന്നുമോണത്തിന്‍ ഗരിമയുണ്ടാം;
നാടിന്‍പ്രജകള്‍തന്‍ ക്ഷേമൈശ്വര്യങ്ങള്‍ക്കായു്,
നന്മനിറഞ്ഞ മനസ്സുമായി,
നാടുഭരിച്ച നൃപന്റെ സ്മരണകള്‍
നാടാകെയുത്സവഘോഷമേകും!



ആദ്യാനുരാഗം

                                                    
വിരുന്നെത്തി, വീണ്ടും വസന്തം;
വിടചൊല്ലിപ്പിരിഞ്ഞവീഥികളില്‍
പ്രണയത്തിന്‍ ഹൃദ്യസുഗന്ധം പരത്തി,
സ്മരണതന്‍ പൂക്കള്‍ വിടര്‍ന്നൂ...

പുലര്‍മഞ്ഞുതുള്ളിപോല്‍, കുളിര്‍കാറ്റുപോലെ,
ഹൃദയത്തിലേയ്ക്കു നീ വന്നൂ,
വേനലില്‍ വഴിതെറ്റിയെത്തിയ മാരിപോല്‍
കുളിരേകി,യെങ്ങോ മറഞ്ഞു!


സര്‍വ്വംചമച്ചവന്‍ കഥ മാറ്റിയെഴുതി,
സഹചാരികള്‍ വേറെയായി
മനതാരില്‍ മായാതെ, മറയാതെയിന്നും
പ്രിയതരമാദ്യാനുരാഗം; കാലം
മായ്ക്കാത്ത പ്രിയവര്‍ണ്ണചിത്രം!