2015, മാർച്ച് 7, ശനിയാഴ്‌ച

മരണം

"മരണമെത്തുന്നനേരത്തു നീയെന്റെ-
യരികില്‍ ഒരിത്തിരിനേരം ഇരിക്കണേ!"

ഒരു ചലച്ചിത്രഗാനശകലം അന്തരീക്ഷത്തില്‍ അലയടിക്കുന്നു.

എന്താണു മരണം?

മരണം രംഗബോധമില്ലാത്ത വെറുമൊരു കോമാളിയാണെന്നുപറഞ്ഞാല്‍ പൂര്‍ണ്ണമായും ശരിയാകുമോ?

നമ്മളോടൊപ്പംതന്നെ ജനിക്കുകയല്ലേ നമ്മുടെ മരണവും? ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഒരു നിഴൽപോലെ, മരണം നമ്മളോടൊപ്പം
ചരിക്കുകയും ചെയ്യുന്നില്ലേ?

ഭ്രൂണം രൂപീകൃതമാകുന്നതിനുമുമ്പു ജീവന്‍ ഉണ്ടായിരുന്നോ? ഇല്ലെങ്കില്‍ ഭ്രൂണത്തിനെങ്ങനെ ജീവന്‍ ലഭിച്ചു?

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്ന ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം, ഗര്‍ഭപാത്രത്തിന്റെ സുഖകരമായ അന്തരീക്ഷത്തില്‍നിന്നും വിട്ടുപോരാന്‍ ആ കുഞ്ഞ് ആഗ്രഹിക്കുമോ?

ഗര്‍ഭപാത്രത്തില്‍നിന്നുള്ള ബഹിര്‍ഗ്ഗമനം യഥാർത്ഥത്തിൽ ഗര്‍ഭസ്ഥശിശുവിന്റെ മരണം തന്നെയല്ലേ? അതിനാൽ ഗര്‍ഭസ്ഥശിശുവിന്റെ മരണമാണു ഭൗമികശിശുവിന്റെ ജനനം എന്നുപറഞ്ഞാല്‍ അതു തെറ്റാകുമോ?

അതുപോലെതന്നെയല്ലേ ഈ ഭൂമിയില്‍പ്പിറന്ന ഓരോ ജീവിയും? ഈ ഭൂമിയിലെ സുഖകരമായ ജീവിതത്തില്‍നിന്നു വിട്ടുപോകാന്‍ അഥവാ മരിക്കാന്‍ ഭൂമിയില്‍ ജനിച്ച ഒരു ജീവിയും ആഗ്രഹിക്കുന്നില്ല.

എന്നാല്‍ മരണമെന്നതു വേറൊരു തലത്തിലുള്ള ജീവിതത്തിന്റെ തുടക്കം മാത്രമല്ലേ? മറ്റൊരു ജനനം...? ഒരു വിത്തു് മണ്ണിൽവീണഴിഞ്ഞു പുതുനാമ്പുണരുന്നതുപോലെ ...

മരണത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ കൂടുതല്‍പേരും അതു്, അന്തിമമായൊരു വേര്‍പാടാണെന്നു കരുതുന്നു, അതിനാല്‍ അതുണ്ടാക്കുന്ന ദുഃഖവും കഠിനമാകുന്നു. അത്രയ്ക്കു മരണത്തെ ഭയക്കാനെന്തുള്ളൂ?

ഗര്‍ഭസ്ഥശിശു, മറുപിള്ളയെന്ന കവചമുപേക്ഷിച്ചു ഭൂമിയില്‍ പിറക്കുന്നതുപോലെ, ശരീരമെന്ന കവചമുപേക്ഷിച്ച്, ആത്മാവു മറ്റൊരു തലത്തില്‍ പിറക്കുന്നു. അതല്ലേ ശരി?

ഒന്നുമവസാനിക്കുന്നില്ല; ചില രൂപാന്തരീകരണങ്ങള്‍ സംഭവിക്കുന്നു! രൂപാന്തരീകരണങ്ങള്‍ മാത്രം!

വേര്‍പാടുകള്‍ എല്ലായ്പോഴും നമ്മളില്‍ വ്യസനവും അസ്വസ്ഥതകളും ഉണ്ടാക്കാറുണ്ടു്. നാട്ടില്‍നിന്നും അകന്നു കഴിയുന്നതുണ്ടാക്കുന്ന സങ്കടം പ്രവാസികളായ ആളുകള്‍ക്കു പെട്ടെന്നു തിരിച്ചറിയാനാകും. അതിനുമപ്പുറത്തൊരു സങ്കടം പ്രിയപ്പെട്ടവരുടെ മരണം നമ്മിൽ ഉണർത്തേണ്ടതുണ്ടോ?

എന്തേ മനുഷ്യര്‍ മരണത്തെ ഇത്ര ഭയക്കുന്നു??

നമുക്കറിയാത്തൊരിടത്തേക്കുള്ള യാത്രയെ ചിലര്‍ ഭയക്കുന്നതുപോലെയേ മരണഭയത്തെയും കാണേണ്ടതുള്ളൂ. മരണമാകട്ടെ, അറിയാത്തിടത്തേക്കുള്ള യാത്ര മാത്രമല്ല, ഇനിയൊരു മടങ്ങിവരവില്ലാത്ത യാത്രകൂടെയാണല്ലോ!

എങ്കിലും മരണം ഒന്നിന്റെയും അവസാനമല്ല, അനിവാര്യമായ ചില രൂപാന്തരങ്ങള്‍മാത്രം.. അതിനാല്‍ ഓരോ നിമിഷവും മരണത്തിനായി ഒരുങ്ങിയിരിക്കാം. കരഞ്ഞുകൊണ്ടു പടിയിറങ്ങുന്നതിനേക്കാള്‍ നല്ലതു സന്തോഷത്തോടെ പുതിയ ജീവിതത്തിലേക്കു യാത്രയാകുന്നതല്ലേ?

ഭൂമിയിൽ നമ്മൾ ഒരു തീർത്ഥാടനത്തിലാണു്. പരസ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും സഹവർത്തിത്തത്തിന്റെയും ആത്മീയ വഴികളിലൂടെയുള്ള തീർത്ഥയാത്ര.

ഓരോ മരണവും ഒരുയിർപ്പാണു്.ഗോതമ്പുമണി നിലത്തുവീണഴിഞ്ഞുകിളിർത്തു്, പുതിയ തളിരണിഞ്ഞു വളരുന്നതുപോലെ പുതിയൊരു ജീവനിലേക്കുള്ള ഉയിർപ്പു്...

എന്നാൽ എല്ലാ വിത്തുകളും കിളിർക്കില്ലല്ലോ, കെട്ടവിത്തുകൾ ചീഞ്ഞഴിഞ്ഞു പോവുകയേയുള്ളൂ. അതുകൊണ്ടുതന്നെ വീണ്ടുംജനിക്കാനാവാത്ത കെട്ടവിത്തുകൾ മരണത്തെ ഭയന്നേമതിയാവൂ. നന്മയിൽ നിറഞ്ഞു നമുക്കു നല്ലവിത്തുകളാകാം. മരണത്താൽ അവസാനിച്ചുപോകാത്ത നല്ല വിത്തുകൾ ....

അതിനാൽ സുഹൃത്തേ, താങ്കൾക്കു ശുഭജീവിതാശംസകൾ ... ജീവന്റെ പുതിയ തലങ്ങളിലേക്കുയർത്തുവാൻ മരണം നമ്മെ തേടിയെത്തുംവരെ എല്ലാവരോടും സ്നേഹത്തോടെ ഇടപെട്ടുകൊണ്ടു് സന്തോഷമായി ഈ ലോകജീവിതം ആസ്വദിക്കാം. നമുക്കിവിടെ കലഹിച്ചുകളയാൻ സമയമില്ല. വിശുദ്ധ അഗസ്റ്റിൻ പറയുന്നതുപോലെ കള്ളനെപ്പോലെ ഏതുനിമിഷത്തിലും കടന്നുവരാവുന്ന മരണത്തെക്കുറിച്ചോർത്താൽ ഓരോ നിമിഷവും നമുക്കു സ്നേഹിക്കാൻ മാത്രമല്ലേ കഴിയൂ...


7 അഭിപ്രായങ്ങൾ:

 1. "മരണം ഒന്നിന്‍റെയും അവസാനമല്ല, അനിവാര്യമായ ചില രൂപാന്തരങ്ങള്‍ മാത്രം."

  (Y)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും പ്രതികരണത്തിനും നന്ദി

   ഇല്ലാതാക്കൂ
  2. ജഡം മണ്ണിൽ ലയിച്ചു രൂപാന്തരങ്ങൾ ആകുന്നു എന്ന് വിലയിരുത്താം ...ആത്മാവ് എന്ന രൂപാന്തരം ............ വിശ്വാസം അതല്ലേ എല്ലാം ....എന്നും പറഞ്ഞു വെയ്ക്കാം ..

   ഇല്ലാതാക്കൂ
  3. കണ്ടിട്ടൊരുപാടു നാളായല്ലോ...
   വായനയ്ക്കും അഭിപ്രായ പ്രകടനത്തിനും നന്ദി.

   ഇല്ലാതാക്കൂ
 2. ഒരിക്കലും ഊഹിക്കാനോ സങ്കൽപ്പിക്കാനോ സാധിക്കാത്ത മരണം എന്ന സത്യത്തെ ഭയന്ന് സമയം വ്യർത്ഥമാക്കുന്നതിനെക്കാൾ ഭേദം വർത്തമാനകാലം സമ്മാനിക്കുന്ന ഓരോ നിമിഷവും അർത്ഥപൂർണ്ണമായി ജീവിക്കാൻ ശീലിക്കുന്നതു തന്നെ! നല്ല അവതരണം👌

  മറുപടിഇല്ലാതാക്കൂ
 3. ഒരിക്കലും ഊഹിക്കാനോ സങ്കൽപ്പിക്കാനോ സാധിക്കാത്ത മരണം എന്ന സത്യത്തെ ഭയന്ന് സമയം വ്യർത്ഥമാക്കുന്നതിനെക്കാൾ ഭേദം വർത്തമാനകാലം സമ്മാനിക്കുന്ന ഓരോ നിമിഷവും അർത്ഥപൂർണ്ണമായി ജീവിക്കാൻ ശീലിക്കുന്നതു തന്നെ! നല്ല അവതരണം👌

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായിക്കാനും അഭിപ്രായം കുറിക്കാനും സമയം കണ്ടെത്തിയതില്‍ വളരെ സന്തോഷം.

   ഇല്ലാതാക്കൂ