2015, മാർച്ച് 4, ബുധനാഴ്‌ച

വെല്‍ഡണ്‍ മൈ ഗേള്‍

“മൈ ഗോഡ്! ഇതു ഞെട്ടിക്കുന്ന രേഖകളാണല്ലോ. കേരളത്തിലെ ചില ഉന്നതനേതാക്കളും പ്രമുഖരായ ചലച്ചിത്രപ്രവര്‍ത്തകരുമെല്ലാം ഒരന്താരാഷ്‌ട്ര മയക്കുമരുന്നു റാക്കറ്റിന്റെ കണ്ണികളാണെന്നു ചിന്തിക്കാന്‍പോലുമാകുന്നില്ല.


പക്ഷേ, ഈ തെളിവുകള്‍ ....
എത്ര ഉന്നതരായാലും ഈ കുറ്റവാളികള്‍ ഒരാൾപോലും രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ. വെല്‍ഡണ്‍ മൈ ഗേള്‍ ... നിനക്കെന്റെ എല്ലാ പിന്തുണകളും സഹായവുമുണ്ടാകും.”


തന്റെ മേലുദ്യോഗസ്ഥന്റെ വാക്കുകള്‍ എ.സി.പി. പദ്മപ്രിയയെ പുളകമണിയിച്ചു. രാപകലുകള്‍ ഉറക്കമിളച്ചും ജീവന്‍ പണയംവച്ചുംനടത്തിയ അന്വേഷണങ്ങളുടെ ഫലമാണിതു്. അഭിമാനത്തോടെ സല്യട്ടുചെയ്തുകൊണ്ടു പദ്മപ്രിയ മുറിയില്‍നിന്നു പുറത്തിറങ്ങി.


പിറ്റേന്നു പുലര്‍ച്ചെ, മൊബൈല്‍ഫോണിന്റെ മണിയൊച്ചയാണു പത്മപ്രിയയെ ഉണര്‍ത്തിയതു്. കമ്മീഷണറാണു ലൈനില്‍...


കേന്ദ്ര ആഭ്യന്തരസെക്രട്ടറിയുടെ ഒരടിയന്തിരസന്ദേശമുണ്ടു്. പെട്ടന്നുതന്നെ ഓഫീസിലെത്തണമെന്നാണു സന്ദേശം.


അന്താരാഷ്‌ട്രമയക്കുമരുന്നുമാഫിയ ഉള്‍പ്പെട്ട കേസായതിനാലാകാം കേന്ദ്ര ആഭ്യന്തരസെക്രട്ടറി ഇടപെട്ടതു്.


സമയം ആറരയാകുന്നതേയുള്ളൂ.


കമ്മീഷണറുടെമുമ്പില്‍ പദ്മപ്രിയ സല്യൂട്ടുചെയ്തു.

“നാഗാലാണ്ടിലെ കലാപകാരികളെ അമര്‍ച്ചചെയ്യുന്നതിനുള്ള പ്രത്യേകകേന്ദ്രസേനയെ നയിക്കുന്നതിന്, മികച്ചൊരു ഐ.പി.എസ് ഓഫീസറെ ആവശ്യമുണ്ടു്. കേരളകേഡറില്‍നിന്നു പദ്മപ്രിയയെത്തന്നെ ഡെപ്യൂട്ടെഷനില്‍ വേണമെന്നാണു കേന്ദ്ര ആഭ്യന്തരസെക്രട്ടറിയുടെ മെയില്‍. ഇപ്പോള്‍ത്തന്നെ ഇവിടെനിന്നു റിലീവ് ചെയ്തോളൂ. പേപ്പറുകള്‍ എല്ലാം റെഡിയാണു്.”


“സര്‍ അതു് ...”


“ഇവിടുത്തെക്കാര്യങ്ങളെക്കുറിച്ചു് ആവലാതി വേണ്ടാ. ഫയലുകളെല്ലാം എന്റെ പക്കലുണ്ടു്. കേന്ദ്രത്തിലേക്കു ഡെപ്യൂട്ടെഷനില്‍ പോകാനാഗ്രഹിക്കുന്ന നിരവധിപേരാണുള്ളതെന്നു പദ്മയ്ക്കറിയാമല്ലോ. ഇതൊരു ഭാഗ്യമായിക്കരുതിയാല്‍മതി. ഉച്ചയ്ക്കു 4:30നു കൊച്ചിയില്‍നിന്നു പുറപ്പെടുന്ന എയര്‍ ഇന്ത്യയില്‍ മുംബൈ - കല്‍ക്കട്ടവഴി ദിമാപ്പുരിലേക്ക് ടിക്കറ്റു റെഡിയാണു്. നാളെത്തന്നെ ജോയിന്‍ചെയ്യണം.”


പിന്തിരിഞ്ഞുനടക്കുംമുമ്പു സല്യൂട്ടു ചെയ്യാനുയര്‍ത്തിയ എ.സി.പിയുടെ കൈ, പാതിവഴിയിലെ എത്തിയുള്ളൂ. കമ്പ്യുട്ടര്‍ സ്ക്രീനിലേക്കു മുഖംപൂഴ്ത്തിയിരുന്നതിനാല്‍ കമ്മീഷണര്‍ അതു കണ്ടതുമില്ല.

4 അഭിപ്രായങ്ങൾ: