2015, മാർച്ച് 11, ബുധനാഴ്‌ച

നുണക്കുഴി

"ദാ, പുന്നാരമോള്‍ സ്കൂളില്‍നിന്നു വന്നപ്പോള്‍മുതല്‍ മുഖംവീര്‍പ്പിച്ചിരിക്കയാണു്. യൂണിഫോംപോലും മാറ്റിയിട്ടില്ല. കാര്യമെന്തെന്നു ചോദിച്ചാല്‍ പറയുന്നുമില്ല. ഇനീപ്പോള്‍ അച്ഛന്‍തന്നെ ചോദിക്ക്..."

വൈകുന്നേരം ഓഫീസില്‍നിന്നു വന്നിട്ടു വാതില്പടികടന്ന് അകത്തു കയറുന്നതിനുമുമ്പേ മകളെക്കുറിച്ചു പരാതിയുമായി എന്റെ ശ്രീമതിയെത്തി.

അച്ചുമോള്‍ ഒന്നാം ക്ലാസ്സിലാണു പഠിക്കുന്നതു്. അച്ഛന്‍ പുന്നാരിപ്പിച്ചു വഷളാക്കുന്നുവെന്ന് അവളുടെ അമ്മയ്ക്കൊരു പതിവു പരാതിയുള്ളതാണു്. "അടച്ചുവേകാത്ത കറിയും അടിച്ചുവളരാത്ത കുട്ടിയും ചീത്തയായിപ്പോകും" എന്നൊരു സ്ഥിരമുദ്ധരണിയും കൂടെയുണ്ടാകും.

പ്രായത്തിനനുസരിച്ച്, അത്യാവശ്യംവേണ്ട ചില ചെറിയചെറിയ കുറുമ്പുകളുണ്ടെന്നതൊഴിച്ചാല്‍ അച്ചുമോള്‍, അവളുടെ അമ്മ പറയുന്നതുപോലെ പ്രശ്നക്കാരിയൊന്നുമല്ല.

വസ്ത്രംമാറാനും ചായകുടിക്കാനുമൊന്നുംനില്ക്കാതെ ഞാന്‍ നേരെ അച്ചുമോളുടെയടുത്തേക്കു ചെന്നു. കട്ടിലില്‍ കമിഴ്ന്നുകിടന്നു കരയുകയാണെന്നു തോന്നുന്നു. ഇടയ്ക്കിടെ ഏങ്ങലിടിക്കുന്നുണ്ട്.

ഇതെന്തുപറ്റി, ഇത്ര സങ്കടം?

"അച്ഛന്റെ മുത്തെന്തിനാ കരയുന്നതു്? എണീറ്റു വാ, അച്ഛനൊരു കാര്യം ചോദിക്കട്ടെ"

ഞാന്‍ അച്ചുവിനെ മെല്ലെ എടുത്തുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ കട്ടിലിലേക്കു കൂടുതല്‍ ബലംനല്കിക്കൊണ്ടു് അവളെന്നെച്ചെറുത്തു.

"എന്തുണ്ടെങ്കിലും അച്ഛന്റെ മുത്തിനച്ഛനോടു പറയാമല്ലോ, ചക്കരക്കുട്ടി ഒന്നെണീക്ക്"

കുറച്ചേറെനേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ അച്ചുമോള്‍ എന്റെനേരെ മുഖംതിരിക്കാന്‍ തയ്യാറായി.

മുഖത്തു കണ്ണീര്‍പ്പാടുകള്‍ ... കണ്ണുകള്‍ കലങ്ങിയിരിക്കുന്നു.

"ചക്കരക്കുട്ടി ഇങ്ങനെ കരയുമ്പോള്‍ മുഖത്തിന്റെ ഭംഗിയൊക്കെ പോകും. അച്ഛന്റെ മുത്തു ചിരിക്കുമ്പോള്‍ എന്തൊരു സുന്ദരിക്കുട്ടിയാണെന്നോ?"

കിടന്നിരുന്നയാള്‍ സ്പ്രിംങ്ങുപോലെ ചാടിയെഴുന്നേറ്റതു പെട്ടെന്നാണു്.

"ഞാന്‍ ചിരിക്കുന്നതുതന്നെയാണിപ്പോള്‍ പ്രശ്നം!" ദേഷ്യവും ദുഃഖവുംകലര്‍ന്ന ശബ്ദം ഇടറിയിരുന്നു.





"അതുശരി, എന്റെ സുന്ദരിക്കുട്ടി ചിരിക്കുന്നതിഷ്ടപ്പെടാത്തതാര്‍ക്കാണു്? അതാരാണെങ്കിലും അച്ഛന്‍ ശരിയാക്കാം അവരെ!"

"ചിരിക്കുമ്പോള്‍ നുണക്കുഴിവരുന്നതു ഞാന്‍ നുണച്ചിയായതുകൊണ്ടാത്രേ! ക്ലാസ്സിലെല്ലാരും എന്നെ കളിയാക്കുന്നു. വൈകുന്നേരം ഓട്ടോയില്‍‍ വരുമ്പോളും കളിയാക്കി. ഓട്ടോ അങ്കിള്‍പോലും ചിരിച്ചു."

അപ്പോള്‍ നുണക്കുഴിയാണു കുഴപ്പക്കാരന്‍.

"അച്ചൂട്ടിയുടെ ക്ലാസ്സില്‍ ആര്‍ക്കൊക്കെയാണു നുണക്കുഴിയുള്ളത്?"

"എനിക്കുമാത്രേ ഉള്ളൂ"

"അതെന്താ അങ്ങനെയെന്നു മോള്‍ക്കറിയോ?"

"ങ്ഹൂഹൂ, എനിക്കറിയില്ല." അച്ചുമോള്‍ തലയാട്ടി.

"അതച്ഛന്‍ പറഞ്ഞു തരാം, മുത്തു യൂണിഫോംമാറ്റി, മുഖംകഴുകി വാ"

അവളെ ഞാന്‍ മെല്ലെ എഴുന്നേല്പിച്ചു. ഞങ്ങള്‍ വസ്ത്രംമാറിയെത്തിയപ്പോൾ അമ്മ ചായയും പലഹാരവും മേശമേല്‍ കൊണ്ടുവച്ചുകഴിഞ്ഞു.

"അപ്പോള്‍ എന്തിനാണു ചിലര്‍ക്കുമാത്രം ദൈവം കവിളില്‍ ഇങ്ങനെയൊരടയാളം നല്കിയതെന്നറിയേണ്ടെ?"

"വേണം, വേണം" അമ്മയും അച്ചുവിനൊപ്പം കൂടി.

"ഭൂമിയില്‍ താന്‍ സൃഷ്ടിച്ച മനുഷ്യരില്‍ കൂടുതല്‍പേരും ചെറിയ കാര്യങ്ങള്‍ക്കുപോലും നുണപറയുന്നവരാണെന്നു മനസ്സിലായപ്പോള്‍ ദൈവം ഒരുപാടു വേദനിച്ചു. എന്നാല്‍ അക്കൂട്ടത്തിലും ചിലരൊക്കെ നുണപറയാത്തവരുണ്ടെന്നു ദൈവം കണ്ടു. അപ്പോള്‍ നുണപറയാത്ത മനുഷ്യരെ പെട്ടെന്നു തിരിച്ചറിയാന്‍വേണ്ടി, ദൈവം അവരുടെ മുഖത്തു് ഒരടയാളം നല്കാന്‍ നിശ്ചയിച്ചു. അതാണു ചിരിക്കുമ്പോള്‍ കവിളില്‍ തെളിയുന്ന ഈ ചെറിയ കുഴിവു്"

ഞാന്‍ അച്ചുമോളുടെ കവിളില്‍ മൃദുവായി നുള്ളി.

"അപ്പോള്‍ പിന്നെന്തിനാ നുണക്കുഴിയെന്നു പറയുന്നതു്?"

അച്ചുമോള്‍ വിടാനുള്ള ഭാവമില്ല.

"കൂടുതല്‍പേരും നുണ പറയുന്നവരല്ലേ? അവര്‍ക്കിതു കണ്ടാല്‍ ഇഷ്ടാവുമോ? ചിരിക്കുമ്പോള്‍ കവിളില്‍ത്തെളിയുന്ന കുഴിവുള്ളയാളുകള്‍ നുണയന്മാരാണെന്ന പുതിയൊരു നുണ അവരുണ്ടാക്കി. എന്നിട്ടു നുണക്കുഴി എന്നൊരു പേരുംനല്കി അല്ലാതെന്താ?"

അച്ചുമോളുടെ മുഖത്തുവിരിഞ്ഞ പാല്‍പ്പുഞ്ചിരിയില്‍ എന്റെ മനം കുളിര്‍ന്നു. എന്നാല്‍ അടുത്ത നിമിഷത്തില്‍ത്തന്നെ അവളുടെ മുഖംവാടി.

"എന്നിട്ട് അച്ഛന്‍ ചിരിക്കുമ്പോള്‍ നുണക്കുഴി വരുന്നില്ലല്ലോ!"

എന്റെ മുഖമൊന്നു വിളറിയോ?

ഞാനതു തിരിച്ചറിയുന്നതിനുമുമ്പേ, തന്റെ കൈയ്യിലിരുന്ന ഇലയട, പാത്രത്തില്‍വച്ച്, അച്ചുമോള്‍ എന്നെ ഇറുകെക്കെട്ടിപ്പിടിച്ചു. എന്റെ കവിളില്‍ ഉമ്മവച്ചുകൊണ്ടു് അവള്‍ പറഞ്ഞു: "എന്റെ പുന്നാര അച്ഛന്‍ എന്നോടൊരിക്കലും നുണപറയില്ലെന്നെനിക്കൊറപ്പാ..."

<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-0210851136797907"
     crossorigin="anonymous"></script>

11 അഭിപ്രായങ്ങൾ:

  1. വളരെ നല്ല കഥ... ശരിക്കും നുണക്കുഴി ഇല്ലാത്തവര്‍ നുണയന്മാര്‍ തന്നെയാണോ .....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിച്ച് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം ഹബീബ്

      ഇല്ലാതാക്കൂ
  2. ഹംബിള്‍ സിമ്പിള്‍ സൂപ്പര്‍ കഥ

    മറുപടിഇല്ലാതാക്കൂ
  3. നന്ദി അജിത്ത്, വായനയ്ക്കും പ്രോത്സാഹനവാക്കുകള്‍ക്കും.

    മറുപടിഇല്ലാതാക്കൂ
  4. മറുപടികൾ
    1. ഗിബ്സണ്‍, കുട്ടിക്കാലത്ത് എന്റെ വലിയ പ്രശ്നമായിരുന്നു, ചിരിക്കുമ്പോള്‍ തെളിയുന്ന നുണക്കുഴിയും അതിനെക്കുറിച്ചു കൂട്ടുകാരുടെ കളിയാക്കലും. അന്നു തന്നെ മറുപടിക്കായി ഞാന്‍ പറഞ്ഞിരുന്ന കാര്യം ഇപ്പോള്‍ ഒരു കഥാരൂപം പ്രാപിച്ചതാണ്.

      ഇല്ലാതാക്കൂ