2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച

യൂദാസ്, നീയെന്തിനു് ആത്മഹത്യചെയ്തു?

കെദ്രോണ്‍ അരുവിയുടെ കരയിലെ, ഗത്സമേന്‍തോട്ടത്തില്‍, അന്ത്യയത്താഴത്തിനുശേഷം, ഗുരു മുട്ടുകുത്തി പ്രാര്‍ത്ഥിച്ച അതേപാറയ്ക്കരുകില്‍, ശിമയോന്‍പത്രോസ് മുട്ടുകുത്തി. 

ഒരു രാത്രിയിലെ മുഴുവന്‍ അദ്ധ്വാനത്തിനുംശേഷം ഒരു മത്സ്യത്തെപ്പോലും പിടിക്കാനാകാതെ അന്നുപുലര്‍ച്ചെ തിബേരിയോസ് കടല്‍ത്തീരത്തു വഞ്ചിയടുപ്പിച്ചതുമുതലുള്ള സംഭവങ്ങള്‍ തിരയടിക്കുകയായിരുന്നു, അപ്പോളയാളുടെ മനസ്സില്‍ ...

ഈശോയുടെ കുരിശുമരണത്തിനുശേഷം, നിരാശയില്‍ ചിലവഴിച്ച ദിനരാത്രങ്ങള്‍ക്കൊടുവില്‍, ഒരു സന്ധ്യയില്‍,ചങ്ങാതിമാരോടൊപ്പം മീന്‍പിടിക്കാനായി ശിമയോൻ വീണ്ടും കടലിൽവഞ്ചിയിറക്കി. ആ രാത്രിമുഴുവന്‍ കടലില്‍ വലനീട്ടിയെങ്കിലും ഒരു മത്സ്യംപോലും അതില്‍ കുടുങ്ങിയില്ല. മനംമടുത്താണു പുലര്‍ച്ചെ കരയിലണഞ്ഞതു്.

വഞ്ചി കരയിലടുത്തപ്പോൾ, വഞ്ചിക്കരികിലേക്കു നടന്നെത്തിയ അപരിചിതനായ മനുഷ്യന്‍ ചോദിച്ചു: "കുഞ്ഞുങ്ങളെ,, നിങ്ങളുടെ പക്കല്‍ മത്സ്യംവല്ലതുമുണ്ടോ?"

ഇല്ലെന്നു മറുപടി നല്കിയതു് അന്ത്രയോസാണു്.

"ഒരിക്കല്‍ക്കൂടെ വഞ്ചി കടലിലിലിറക്കൂ, വലതുവശത്തേക്കുനീക്കി വലയിടൂ."

ആ അപരിചിതന്റെ വാക്കുകള്‍കേട്ടപ്പോള്‍ സത്യത്തില്‍ ശിമയോനു ദേഷ്യമാണുതോന്നിയതു്. പിച്ചവച്ചു നടന്നുതുടങ്ങിയ കാലംമുതല്‍ കടലിനെയറിയുന്ന ഞങ്ങളോടാണ് ഇയാള്‍ പറയുന്നതു്...  വീണ്ടും വലയിറക്കാന്‍! അതും വലതുവശത്തേക്കുനീക്കി...! ഓരോ സമയത്തും, ഈ കടലിൽ മത്സ്യക്കൂട്ടങ്ങളുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളെല്ലാം കൈവെള്ളയിലെ രേഖകൾപോലെ വ്യക്തമാണു ശിമയോൻപത്രോസിന്!

എങ്കിലും സ്നേഹമസൃണവും അധികാരപൂര്‍ണ്ണവുമായ ആ വാക്കുകള്‍ അവഗണിക്കാനായില്ല. വഞ്ചി വീണ്ടും കടലിലിലിറക്കി. അയാൾപറഞ്ഞതുപോലെ വലതുവശത്തേക്കു നീക്കിത്തന്നെ വലയിട്ടു.
കടലില്‍നീട്ടിയ വല, തിരികെ വഞ്ചിയിലേക്കു വലിച്ചുകയറ്റുമ്പോളാണു് അത്ഭുതപ്പെട്ടു പോയതു് ! അതില്‍നിറഞ്ഞ മത്സ്യങ്ങളുടെ ഭാരത്താല്‍, വലവലിച്ചു വഞ്ചിയിലേക്കു കയറ്റാന്‍, നന്നേ പാടുപെട്ടു. വല കീറാതിരുന്നതു ഭാഗ്യമായി. ഇത്രയും കൃത്യതയോടെ മത്സ്യക്കൂട്ടംനില്‍ക്കുന്ന സ്ഥലമെവിടെയെന്നറിഞ്ഞ ഈ മനുഷ്യനാരെന്ന അത്ഭുതത്തോടെയാണു് എല്ലാവരും കരയിലേക്കു വഞ്ചിതുഴഞ്ഞതു്.

കരയില്‍നിന്ന് ഏതാണ്ടു നൂറുവാരയകലെ വഞ്ചിയെത്തിയപ്പോള്‍ യോഹന്നാന്‍ വിളിച്ചുകൂവി: "അതു മറ്റാരുമല്ല... എൻ്റെ കര്‍ത്താവാണു്... ഉയിര്‍ത്തെഴുന്നേറ്റ എൻ്റെ  കര്‍ത്താവ്...."

"ഈശോയേ, ഞാനെന്തേ നിന്നെ തിരിച്ചറിഞ്ഞില്ല!" ശിമയോന്‍ അത്ഭുതത്തോടെ കരയിലേക്കു നോക്കി. 

അടിവസ്ത്രംമാത്രമണിഞ്ഞുനിന്നിരുന്ന ശിമയോന്‍, പെട്ടെന്നു മേലങ്കി വാരിച്ചുറ്റി കടലിലേക്കു ചാടിനീന്തി. വഞ്ചിയെത്തുന്നതിനുമുമ്പേ, കരയില്‍, ഈശോയുടെ സമീപം അയാളെത്തി. 


 "കര്‍ത്താവേ, ഞാന്‍ പാപിയാണേ, നീയെന്നെ വിട്ടുപോയ്ക്കൊള്ളൂ...."
ഈശോയുടെമുമ്പില്‍ മുട്ടില്‍നിന്നു ശിമയോന്‍ കരഞ്ഞു.

വഞ്ചി കരയിലടുത്തു. അപ്പോള്‍പ്പിടിച്ചുകൊണ്ടുവന്ന മത്സ്യങ്ങളിൽനിന്നു ചിലതു ചുട്ടെടുത്ത്, കടല്‍ത്തീരത്തുതന്നെ പ്രാതലൊരുക്കി.
പ്രാതലിനുശേഷം ഈശോ ശിമയോനോടു ചോദിച്ചു:

"യോനായുടെ പുത്രനായ ശിമയോനേ, നീയെന്നെ സ്നേഹിക്കുന്നോ?"

"ഉവ്വു കര്‍ത്താവേ" മറുപടി പെട്ടെന്നായിരുന്നു. 

"നീയെന്റെ ആടുകളെ മേയ്ക്കുക!"

ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം ഈശോ വീണ്ടും ചോദിച്ചു: "ശിമയോനേ, ഇവരെല്ലാവരെയുംകാളധികമായി നീയെന്നെ സ്നേഹിക്കുന്നോ?"

"കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നീയറിയുന്നല്ലോ!"

"എന്റെ കുഞ്ഞാടുകളെ മേയ്ക്കുക."

മൗനത്തിന്റെ മേലാപ്പണിഞ്ഞ ചില നിമിഷങ്ങള്‍ കടന്നുപോയി. ഈശോ ശിമയോന്റെ കണ്ണുകളിലേക്കു നോക്കി. അയാളുടെ കണ്ണുകളില്‍ത്തന്നെ ദൃഷ്ടിയുറപ്പിച്ചുകൊണ്ട്, അവന്‍ ഒരിക്കല്‍ക്കൂടെ ചോദിച്ചു: "ശിമയോനേ, യഥാര്‍ത്ഥത്തില്‍ നീയെന്നെ സ്നേഹിക്കുന്നുവോ?"

യേശുവിന്റെ കണ്ണുകളില്‍നിന്ന് ഒരു വാള്‍ തന്റെ ഹൃദയത്തിലേക്കു തുളച്ചുകയറുന്നതായി ശിമയോനു തോന്നി...

ആ വര്‍ഷത്തെ പ്രധാനപുരോഹിതനായിരുന്ന കയ്യാഫാസിന്റെ ഭവനത്തില്‍വച്ച്, യഹൂദപ്രമാണികള്‍ ഈശോയെ ചോദ്യംചെയ്തു. പൂമുഖത്തു ബന്ധിതനായിനിന്ന ഈശോയില്‍നിന്ന്‍ ഏതാനുംവാരയകലെ തീകാഞ്ഞുകൊണ്ടിരുന്ന സേവകര്‍ക്കിടയില്‍, ശിമയോനുമിരുന്നു. മനസ്സില്‍ ഭയം അലയടിച്ചിരുന്നെങ്കിലും ഗുരുവിനെ അവരെന്തുചെയ്യുമെന്നറിയാനുള്ള ആകാംക്ഷയാണു ശിമയോനെ അവിടെത്തിച്ചതു്.
 
തീകായാനിരുന്നവര്‍ക്കിടയിലുണ്ടായിരുന്ന ഒരു പരിചാരിക അവനോടു  ചോദിച്ചു: "ആ നില്‍ക്കുന്നവന്റെ ശിഷ്യനല്ലേ നീ?"

"അല്ല" ശിമയോന്‍ മറുപടി പറഞ്ഞു.

"നിന്നെ ഞാന്‍ അവനോടൊപ്പം കണ്ടിട്ടുണ്ടല്ലോ" അപ്പോള്‍ അവിടേക്കെത്തിയ മറ്റൊരുവന്‍ പറഞ്ഞു.

"നിങ്ങള്‍ക്കാളു തെറ്റിയതാകും" ശിമയോന്‍ തലതിരിച്ചു.

"സംസാരംകേട്ടിട്ട്, നിങ്ങളൊരു ഗലീലിയനാണെന്നു തോന്നുന്നല്ലോ. ഇവന്റെ ശിഷ്യരിലധികവും ഗലീലിയരാണല്ലോ!"

"നിങ്ങളെന്നെ വെറുതേവിടൂ. ഞാനിയാളെ അറിയുകപോലുമില്ല." 

അവന്‍ പിറുപിറുത്തുകൊണ്ട് അവിടെനിന്നെഴുന്നേറ്റു. പെട്ടെന്ന്, എവിടെയോ പാതിരാക്കോഴി രണ്ടുവട്ടം കൂകി. 

സ്വയമറിയാതെ ശിമയോന്‍ ഈശോയ്ക്കുനേരെ നോക്കിപ്പോയി. അവന്റെ കണ്ണുകള്‍ ഈശോയുടെ കണ്ണുകളുമായി ഒരുനിമിഷമിടഞ്ഞു. ആ നോട്ടത്തില്‍ അവന്റെ ഹൃദയംനുറുങ്ങി. ഇന്നുരാത്രി പൂവന്‍കോഴി രണ്ടുവട്ടം കൂകുന്നതിനുമുമ്പ്, നീയെന്നെ മൂന്നുതവണ തള്ളിപ്പറയുമെന്ന ഈശോയുടെ വാക്കുകള്‍ അപ്പോൾ അവനോര്‍ത്തു. 

പുറത്തെ ഇരുട്ടിലേക്കോടിയ ശിമയോന്‍, അവിടെ ഒറ്റയ്ക്കിരുന്നു കരഞ്ഞു.

കയ്യാഫാസിന്റെ ഭവനത്തില്‍ ബന്ധിതനായി നിന്നുകൊണ്ടുനോക്കിയ അതേ നോട്ടമാണിപ്പോഴും! 

പത്രോസിന്റെ കണ്ണുകള്‍ നിറഞ്ഞു. ഇടറിയശബ്ദത്തില്‍ അവന്‍ പറഞ്ഞു; "ഗുരോ നീയെല്ലാമറിയുന്നു, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നും നീയറിയുന്നു." മുട്ടുകാലില്‍ നിന്നുകൊണ്ടു് അവന്‍ കുനിഞ്ഞു മണല്‍പ്പുറത്തു നെറ്റിചേര്‍ത്തു.

"പത്രോസേ, നീയെന്റെ കുഞ്ഞാടുകളെ മേയ്ക്കുക" ഈശോ കൈയുയര്‍ത്തി ശിമയോനെ ആശിര്‍വ്വദിച്ചു.

എന്തുകൊണ്ടോ ഒറ്റുകാരനായ യൂദാസ് കറിയോത്തിന്റെ മുഖമായിരുന്നു ശിമയോന്റെ മനസ്സില്‍ അപ്പോള്‍ തെളിഞ്ഞതു്. അറിയാതെ അവന്റെ കണ്ണുകള്‍ നിറഞ്ഞു. ഈശോ തന്നോടുകാണിച്ച സ്നേഹാധിക്യംനല്കിയ സന്തോഷത്താലാണോ യൂദാസിനെക്കുറിച്ചുള്ള ഓര്‍മ്മയുണര്‍ത്തിയ സന്താപത്താലാണോ കണ്ണുകള്‍ സജലങ്ങളായതെന്നു തിരിച്ചറിയാന്‍ ശിമയോനു കഴിഞ്ഞില്ല. 

സംഭവബഹുലമായ ആ ദിനത്തിന്റെ ഓര്‍മ്മകള്‍,.ശിമയോന്റെ മനസ്സിലേക്കു വീണ്ടും പെസഹാരാത്രിയുടെ ചിന്തകള്‍ കൊണ്ടുവന്നു. ഇതേ ഗത്സമേന്‍തോട്ടത്തിലാണു് ആ രാത്രിയില്‍ അവരെത്തിയതു്, കറിയോത്തുകാരന്‍ യൂദാസിനൊപ്പം! റോമന്‍പടയാളികളേയും പ്രധാനപുരോഹിതന്റെ ശിങ്കിടികളേയും നയിച്ചുകൊണ്ടുവന്ന യൂദാസ്, ഈശോയെ മാറോടുചേര്‍ത്തണച്ചു.

"ഗുരുവേ സ്വസ്തി" അവന്‍ ഈശോയുടെ കവിളില്‍ ചുംബിച്ചു.

"സ്നേഹിതാ, ചുംബനംകൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നതു്?"

ഈശോയുടെ ചോദ്യംകേട്ട ശിമയോന്‍ അപകടംമണത്തു. കൈയിലുണ്ടായിരുന്ന വാള്‍, ഉറയില്‍നിന്നൂരി. 

പ്രധാനപുരോഹിതന്റെ പരിചാരകരിലൊരുവന്‍ ഈശോയെപ്പിടിക്കാനായി മുന്നോട്ടാഞ്ഞു. അവനുനേരെ ശിമയോന്‍ വാള്‍വീശി. വാള്‍ അവന്റെ വലതുചെവിയുടെ അല്പഭാഗം ഛേദിച്ചുകളഞ്ഞു.

"ശിമയോനെ, വാള്‍ ഉറയിലിടുക; വാളെടുത്തവന്‍ വാളാല്‍ത്തന്നെയൊടുങ്ങും" 

ഈശോ പരിചാരകന്റെ മുറിവേറ്റ ചെവിയുടെമേല്‍ തന്റെ കൈകള്‍ചേര്‍ത്തു. അവന്റെ മുറിവു സൗഖ്യമായി.

ആ രാത്രിക്കുശേഷം  ശിമയോന്‍, യൂദാസിനെക്കണ്ടിട്ടില്ല. കുശവന്റെ പറമ്പില്‍ അവന്‍ തൂങ്ങിച്ചത്തെന്നുകേട്ടിട്ടും കാണാനായിപ്പോയതുമില്ല.

പുരോഹിതപ്രമാണികളുടെയും ജനക്കൂട്ടത്തിന്റെയും പ്രേരണയാല്‍, ഈശോയെ കുരിശില്‍ത്തറച്ചുകൊല്ലാന്‍ പീലാത്തോസ് വിധിച്ചതറിഞ്ഞപ്പോൾ, യൂദാസ്, ദേവാലയത്തിലെത്തി പ്രധാനപുരോഹിതനെക്കണ്ടു കലഹിച്ചിരുന്നതായി പിന്നീടറിഞ്ഞു.

"നിഷ്കളങ്കരക്തത്തെ ഒറ്റുകൊടുത്ത മഹാപാപിയാണു ഞാന്‍! പാപത്തിന്റെ കൂലിയായ ഈ പണം എനിക്കുവേണ്ട" യൂദാസ് പ്രധാനപുരോഹിതന്റെ മുന്നില്‍ ക്രോധത്തോടെ അലറി. അവന്‍ അയാളുടെ മുന്നിലേക്ക്, മുപ്പതു വെള്ളിനാണയങ്ങള്‍ വലിച്ചെറിഞ്ഞു.

"എന്നിട്ടു നീയെന്തിനാണു പോയി തൂങ്ങിമരിച്ചതു്? നിനക്ക് ഈശോയുടെ കുരിശിന്‍ചുവട്ടിലേക്കൊന്നോടാമായിരുന്നില്ലേ? ആ പാദങ്ങളില്‍ത്തൊട്ടു മാപ്പിനായി യാചിക്കാമായിരുന്നില്ലേ?" -

ശിമയോന്റെ മനസ്സില്‍ തിബേരിയോസ് കടലിലെ തിരകള്‍പോലെ വീണ്ടും ചിന്തകളലയടിച്ചു.

"നിന്നെക്കാള്‍ വലിയ അപരാധംചെയ്തവനല്ലേ ഞാന്‍!!..... നിരാലംബനായി, പീഡകളേറ്റുവാങ്ങിനിന്നവനെ നിഷ്കരുണം തള്ളിപ്പറഞ്ഞവനല്ലേ ഞാന്‍? ഒരിക്കലല്ല, മൂന്നുവട്ടം! എന്നിട്ടും ഇന്നെത്രവലിയ സ്നേഹമാണ് അവനെന്നോടുകാട്ടിയതെന്നറിയുമോ? തീര്‍ച്ഛയായും നിന്നെയും അവന്‍ സ്നേഹിക്കുമായിരുന്നു...! 
യൂദാസ് നീയെന്തിനാത്മഹത്യചെയ്തു?

നിന്റെ പാപത്തെ പശ്ചാത്താപത്തിന്റെ കണ്ണുനീരില്‍ക്കഴുകി, ഈശോയിലേക്കു തിരിച്ചെത്താന്‍, ജീവിതം നിനക്കു വഴിതുറക്കുമായിരുന്നില്ലേ? ആത്മഹത്യകൊണ്ടു നീയെന്തു നേടി, ലോകാവസാനംവരെ നിലനില്‍ക്കുന്ന ഒറ്റുകാരനെന്ന പേരല്ലാതെ! യൂദാസ്...,  ഗുരു നിന്നെ സ്നേഹിച്ചിരുന്നു, ഞങ്ങളെല്ലാവരും നിന്നെ സ്നേഹിച്ചിരുന്നു, 

സ്നേഹമെന്നാല്‍ ചോരയിറ്റുന്ന മുറിവുകളാണെന്നു ജീവിതംകൊണ്ടു തെളിയിച്ച ഗുരുവിന്, നിന്നെ ഒരിക്കല്‍ക്കൂടെ മാറോടുചേര്‍ക്കാനവസരംനല്കാതെ, നീയെന്തിനാത്മഹത്യചെയ്തു... ?ഗുരുവിന്റെ പാദം കണ്ണീരുകൊണ്ടു കഴുകാന്‍ എനിക്കിന്നവസരം കിട്ടി. എന്നാല്‍ ആത്മഹത്യയാല്‍ നീ ഇല്ലാതാക്കിയത്, നന്മയിലേക്കുള്ള മടങ്ങിവരവുതന്നെയല്ലേ?"

ശിമയോന്‍ തന്റെ ചങ്ങാതിയെക്കുറിച്ചോര്‍ത്തു തേങ്ങിക്കരഞ്ഞു. മാനത്ത് വെള്ളിവെളിച്ചംപൊഴിച്ചുനിന്ന ചന്ദ്രൻ, മേഘക്കീറുകൾക്കുള്ളിലെവിടെയോ പോയൊളിച്ചു.. 

പകലിൻ്റെ വരവറിയിച്ചുകൊണ്ട് സൂര്യൻ കിഴക്കേ വാനിലുയർന്നുതുടങ്ങി. 

2 അഭിപ്രായങ്ങൾ:

  1. ഗുരു നിന്നെ സ്നേഹിച്ചിരുന്നു, ഞങ്ങള്‍ എല്ലാവരും നിന്നെ സ്നേഹിച്ചിരുന്നു, സ്നേഹമെന്നാല്‍ ചോരയിറ്റുന്ന മുറിവുകളാണെന്നു ജീവിതം കൊണ്ടു തെളിയിച്ച ഗുരുവിന്, നിന്നെ ഒരിക്കല്‍ കൂടി മാറോടു ചേര്‍ക്കാന്‍ അവസരം നല്കാതെ നീയെന്തിന് ആത്മഹത്യ ചെയ്തു... ഗുരുവിന്റെ പാദം കണ്ണീരു കൊണ്ടു കഴുകാന്‍ എനിക്കിന്ന് അവസരം കിട്ടി. എന്നാല്‍ ആത്മഹത്യയാല്‍ നീ ഇല്ലാതാക്കിയത് നന്മയിലേക്കുള്ള ഒരു മടങ്ങി വരവല്ലേ ?? -വാസ്തവം

    മറുപടിഇല്ലാതാക്കൂ
  2. വായനയ്ക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തേ...

    മറുപടിഇല്ലാതാക്കൂ