2015, മേയ് 1, വെള്ളിയാഴ്‌ച

വിഷുക്കൈനീട്ടം




ഓഫീസില്‍നിന്നു വീട്ടിലെത്തി ചായ വച്ചു. മക്കള്‍ സ്കൂളില്‍നിന്നെത്തുന്നതിനുമുമ്പേ അവര്‍ക്കായി ലഘുപലഹാരവും തയ്യാറാക്കി. അപ്പോഴാണു് അനിത പണത്തിന്റെ കാര്യമോര്‍ത്തതു്.


പി. ഡബ്ല്യൂ.ഡി. ഓഫീസില്‍ എല്‍. ഡി. ക്ലാര്‍ക്കാണു് അനിത. ഇന്നു് ഏഴു കോണ്ട്രാക്ടര്‍മാരുടെ ബില്ലുകള്‍ പാസ്സായി. എക്സിക്യുട്ടീവു് എന്‍ജിനീയര്‍മുതല്‍ പ്യൂണ്‍വരെയുള്ളവര്‍ക്കുള്ള വിഹിതം കൃത്യമായി പേരെഴുതിയ കവറുകളിലാക്കി പ്യൂണ്‍ ശിവരാമനെയാണു കോണ്ട്രാക്ടര്‍മാരുടെ പ്രതിനിധികള്‍ ഏല്പിക്കുക. അയാള്‍ അതെല്ലാം കൃത്യമായി ഓരോരുത്തരുടെയും മേശയിലെത്തിക്കും. അനിതയുടെ വിഹിതം ഏഴായിരം രൂപയാണു്. രണ്ടായിരത്തിന്റെ മൂന്നും അഞ്ഞൂറിന്റെ രണ്ടും നോട്ടുകള്‍ പേഴ്സില്‍വച്ചു് അനിത പേഴ്സ് ബാഗിനുള്ളിലാക്കി. പിന്നെ പതിവുജോലികളില്‍ വ്യാപൃതയായി.


വിഷുവിനിനി കുറച്ചുദിവസങ്ങളേ ബാക്കിയുള്ളൂ. ഇത്തവണത്തെ വിഷു ആഘോഷമാക്കാനുള്ള പണമാണു കൈയ്യില്‍ വന്നതു്. എന്നിട്ടും അക്കാര്യം പിന്നീടെന്തേ ഓര്‍മ്മവരാതിരുന്നതു്?


“കൃഷ്ണാ, ഗുരുവായുരപ്പാ..!” അനിത ഉത്സാഹത്തോടെ ബാഗില്‍നിന്നു പഴ്സ് എടുത്തുതുറന്നു.


“അയ്യോ, ചതിച്ചല്ലോ കൃഷ്ണാ...”

നോട്ടുകളില്‍ ഒന്നുപോലും പേഴ്സിലില്ല. കവറുകളില്‍നിന്നു പണം പേഴ്സിലേക്ക് മാറ്റി, പേഴ്സ് ബാഗില്‍ വച്ചതായി ഓര്‍മ്മയുണ്ടു്. പിന്നീടെന്താണു സംഭവിച്ചതു്?

ഏഴു കോണ്ട്രാക്ടര്‍മാര്‍ക്കു് ഒരുമിച്ചു ബില്‍മാറിക്കിട്ടിയതിന്റെ സന്തോഷം ഓഫീസില്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു. അതിന്റെ ഭാഗമായ നര്‍മ്മസല്ലാപങ്ങളും അല്പം ജോലിയുമൊക്കെയായി സമയം പോയതറിഞ്ഞില്ല. അതിനിടയില്‍ ആരാണു പേഴ്സില്‍നിന്നും പണം മോഷ്ടിച്ചതു്?

“അതാരായാലും ആ കള്ളന്റെ തലയില്‍ ഇടിത്തീവീഴണേ, ഭഗവാനേ...!” ആത്മാര്‍ത്ഥമായിത്തന്നെ അനിത കള്ളനെ ശപിച്ചു.

മനസ്സു് ആകെ പ്രക്ഷുബ്ധമായി. ഒരു മനസ്സമാധാനവുമില്ലാത്ത മണിക്കൂറുകളായിരുന്നു പിന്നീടു്. രമേശനോടും മക്കളോടുമെല്ലാം വഴക്കടിച്ചു. അത്താഴമുണ്ടാക്കാന്‍പോലുംനില്‍ക്കാതെ തലവേദനയെന്നുപറഞ്ഞു കിടന്നു. രമേശന്‍ ചപ്പാത്തിയും പരിപ്പുമുണ്ടാക്കി മക്കള്‍ക്കുകൊടുത്തു. അനിതയേയും വിളിച്ചെങ്കിലും എഴുന്നേറ്റില്ല. കള്ളന്‍ കൊണ്ടുപോയ ഏഴായിരംരൂപയെക്കുറിച്ചുമാത്രം ഓര്‍ത്തും കള്ളനെ ശപിച്ചും അനിത എപ്പോഴോ ഉറക്കത്തിലേക്കു വഴുതി.

ഈ വിഷുവിനു രമേശനും മക്കള്‍ക്കും എടുക്കേണ്ട വസ്ത്രങ്ങളെക്കുറിച്ചും താനെടുക്കാന്‍ ഉദ്ദേശിക്കുന്ന സാരിയെക്കുറിച്ചുമെല്ലാം യു. ഡി. ക്ലാര്‍ക്ക് ഗായത്രിയോടു് അനിത വാചാലയായിക്കൊണ്ടിരുന്നു. അപ്പോള്‍ മഞ്ഞപ്പട്ടുടുത്തു, പീലിത്തിരുമുടിയണിഞ്ഞു് അമ്പാടിക്കണ്ണന്‍ ആ മുറിയിലേക്കു കടന്നുവന്നു. മേശപ്പുറത്തിരിക്കുന്ന അനിതയുടെ പേഴ്സിനുനേരെ കൃഷ്ണന്‍ മലര്‍ത്തിപ്പിടിച്ച വലതുകരംനീട്ടി. ബാഗില്‍നിന്ന് ഒന്നിനുപിന്നാലെ ഒന്നായി നോട്ടുകള്‍ കൃഷ്ണന്റെ കൈപ്പത്തിയിലേക്കു വിലയംകൊണ്ടു.

"കൃഷ്ണാ, നീ..."

അനിത കണ്ണു തുറന്നു. ഓഫീസും ഗായത്രിയും കൃഷ്ണനും ഒന്നുമില്ല. ചുറ്റും ഇരുട്ടുമാത്രം!


അനിതയ്ക്കു വീണ്ടും ദേഷ്യംവന്നു.

“കള്ളക്കൃഷ്ണാ, ഓര്‍മ്മവച്ചനാള്‍ മുതല്‍ ഇന്നിതുവരെ നിന്റെ വിഗ്രഹത്തിനുമുന്നില്‍ തിരി തെളിച്ചിട്ടല്ലേ ഞാനെന്റെ ദിവസങ്ങള്‍ തുടങ്ങിയിട്ടുള്ളൂ! നിന്നോടുള്ളത്ര ഭക്തി വേറെയേതു ദൈവത്തോടാണു് എനിക്കുണ്ടായിട്ടുള്ളതു്? എന്നിട്ടും നീയെന്നോടിതു ചെയ്തല്ലോ. എന്റെ വിഷുപോലും നീ അലങ്കോലമാക്കിയില്ലേ! ഇനി എനിക്കു നിന്നെവേണ്ട; ഇനി വിഷുവുമില്ല, വിഷുക്കണിയുമില്ല...” കൃഷ്ണനോടു പരിഭവംപറഞ്ഞുപറഞ്ഞു് അനിത വീണ്ടും ഉറക്കത്തിലേക്കു വഴുതി.

ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടക്കുന്നു. അനിതയുടെ കൈകളില്‍ വിലങ്ങുവച്ച വനിതാപോലീസുകാര്‍ അവളെ ഓഫീസില്‍നിന്നു പുറത്തേക്കു നയിച്ചു. ഓഫീസിനു പുറത്തു ചാനല്‍ കാമറകള്‍ നിറഞ്ഞിരിക്കുന്നു.

"ഭഗവാനേ, കൃഷ്ണാ, ഈ ദൃശ്യങ്ങള്‍ ഇന്നു ലോകംമുഴുവനുമെത്തും. ഇനിയെങ്ങനെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മുഖത്തുനോക്കും..! രമേശേട്ടനും മക്കളും എങ്ങനെയാവും പ്രതികരിക്കുക..."

“കൃഷ്ണാ.......” അനിത ഉറക്കെക്കരഞ്ഞു വിളിച്ചു.

പെട്ടന്നു ചുറ്റുമുണ്ടായിരുന്നവര്‍ എവിടെയോ പോയ്‌മറഞ്ഞു.. മുന്നില്‍ കള്ളച്ചിരിയുമായി അമ്പാടിക്കണ്ണന്‍മാത്രം. കണ്ണന്റെ കയ്യില്‍നിന്നു നോട്ടുകള്‍ അന്തരീക്ഷത്തിലേക്കുയര്‍ന്നു പറന്നു. പിന്നെവിടെയോ അപ്രത്യക്ഷമായി.

അനിത കട്ടിലില്‍നിന്നും ചാടിയുണര്‍ന്നു. നേരം പുലര്‍ന്നുതുടങ്ങുന്നു. പൂജാമുറിയിലെ ഗുരുവായൂരപ്പന്റെ വിഗ്രഹത്തിലേക്കുനോക്കി അവള്‍ കൈകള്‍ കൂപ്പി.

“സ്വന്തം അദ്ധ്വാനത്തിന്റെ വിലയല്ലാത്ത ഒരു സമ്പാദ്യവും എനിക്കിനിവേണ്ട കൃഷ്ണാ... വിഷുവിനുമുമ്പേ നീയെനിക്കു നല്കിയ വിഷുക്കൈനീട്ടമാണു് ഈ ദര്‍ശനം...” അനിതയുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ ‍ധാരയായൊഴുകി....

4 അഭിപ്രായങ്ങൾ: