ഞാനിതെവിടെയാണു്?
ചീവീടുകളുടെ തീവ്രശബ്ദം ചെവിതുളച്ചുകയറുന്നു. ചുറ്റുമിരുട്ടാണു്... ആകാശം കാർമേഘംമൂടിയിരിക്കുന്നു.
ഇനിയുമൊരു രാത്രിക്കപ്പുറം തന്നെക്കാത്തിരിക്കുന്ന അമാവാസിയെന്ന ദുർവിധിയെക്കുറിച്ചോർത്ത്, ക്ഷീണിച്ചുതളർന്ന്, മരണാസന്നനായ ചന്ദ്രൻ, മേഘങ്ങൾക്കിടയിൽനിന്ന് ഇടയ്ക്കിടെ തലയുയർത്തിനോക്കാൻശ്രമിക്കുന്നുണ്ട്. കാർമേഘപാളികൾക്കിടയിലായി, ഏതാനും നക്ഷത്രങ്ങളും ചിതറിക്കിടക്കുന്നു...
നിറഞ്ഞ അന്ധകാരത്തെ അല്പമൊന്നു ദുർബ്ബലമാക്കുന്ന അരണ്ടവെളിച്ചത്തില്‍, ചുറ്റുമുള്ള വിജനത എനിക്കു വ്യക്തമായിത്തിരിച്ചറിയാം.
അങ്ങുദൂരെ, നിഴല്‍പോലെകാണുന്ന ചെറിയൊരു വീടൊഴികെ, ഒരു കുറ്റിച്ചെടിപോലും അവിടെങ്ങും കാണാനില്ലല്ലോ.. ഉരുളൻകല്ലുകൾ അങ്ങിങ്ങു ചിതറിക്കിടക്കുന്ന, വരണ്ടുണങ്ങിയ മരുപ്രദേശംപോലെ ഒരു സ്ഥലം...
അധികമാരും നടന്നിട്ടില്ലെന്നു തോന്നിക്കുന്ന ഒരൊറ്റയടിപ്പാതയിലാണു ഞാൻ നിൽക്കുന്നത് ...
ഒട്ടും പരിചിതമായ സ്ഥലമല്ല. ഞാനെങ്ങനെയിവിടെയെത്തി? എത്രയാലോചിച്ചിട്ടും ഒന്നും വ്യക്തമായി മനസ്സിലാകുന്നില്ല ...
ചിവീടുകളുടെ ശബ്ദത്തിനകമ്പടിയായി എവിടെനിന്നോ കാലൻകോഴികൾ കൂകുന്നു. അതോടൊപ്പം എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദവും എനിക്കു വ്യക്തമായിക്കേൾക്കാം.
ഒടുവിൽ, എന്തുംവരട്ടെയെന്നു നിശ്ചയിച്ച്, അകലെക്കണ്ട വീടിനെ ലക്ഷ്യമാക്കി ഞാൻ നടന്നു.
പ്രതീക്ഷിച്ചതിനേക്കാൾ ദൂരമുണ്ടായിരുന്നു. ഉരുളൻകല്ലുകൾ നിറഞ്ഞവഴിയിലൂടെയുള്ള നടത്തവും ആയാസംകരംതന്നെ. എവിടെനിന്നോ ഓരിയിടുന്ന കുറുനരിക്കൂട്ടം എന്റെ ഭീതിയെപ്പതിന്മടങ്ങാക്കിയുയർത്തി...
ഒരിളംകാറ്റുപോലും വീശുന്നില്ല. ഭയത്താലും അവിയ്ക്കുന്ന ചൂടിനാലും ശരീരമാകെ വിയര്‍ത്തൊലിക്കുകയാണ്.
ഞാൻ നടത്തത്തിനു വേഗതകൂട്ടി.
വീടിനോടടുത്തെന്തോറും വ്യക്തമാകുന്നു, മേല്‍ക്കൂര തകര്‍ന്നുതുടങ്ങിയ, ജനവാതിലുകള്പൊളിഞ്ഞ, ഒരു പഴയവീടാണത്.
ഇരുട്ടില്‍, അതൊരു പ്രേതാലയംപോലെയുണ്ടു്.
പെട്ടെന്ന്, തികച്ചും അപ്രതീക്ഷിതമായാണു് ആ വീടിനുള്ളില്‍ പ്രകാശംപരന്നതു്. എനിക്കിപ്പോള്‍ വ്യക്തമായിക്കാണാം, തകര്‍ന്ന ജനാലയ്ക്കപ്പുറത്ത്, മുറിക്കുള്ളില്‍നില്‍ക്കുന്ന മനുഷ്യനെ!
ദൈവമേ, അതു കിഷോറാണല്ലോ!!!
ബാല്യംമുതല്‍ ബിരുദാനന്തരബിരുദക്ലാസുകള്‍വരെ പിരിയാതെ, ഒപ്പമുണ്ടായിരുന്ന ചങ്ങാതി – ഇവനെയൊന്നു കണ്ടിട്ടിപ്പോള്‍ എത്രനാളായി!
ഇവിടെ, ഈ പ്രേതാലയത്തില്‍ ഇവനെന്താണു ചെയ്യുന്നത്?
പെട്ടന്ന്‍... കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഒരുഗ്രസ്ഫോടനം! കണ്‍മുന്നില്‍, ആ വീടിനൊപ്പം ചിതറിത്തെറിക്കുന്ന കിഷോര്‍.......
അഗ്നിപ്രളയത്തിൽ മറ്റുകാഴ്ചകൾ മറഞ്ഞു.
“കിഷ്ഓഓഓഓര്‍ര്‍ര്‍ര്‍....ര്‍ര്‍ര്‍...ര്‍ര്‍...”
അലറിക്കരഞ്ഞുകൊണ്ടു മുന്നോട്ടോടിയ ഞാന്‍ എവിടെയോ കാല്‍തട്ടി മൂക്കിടിച്ചു വീണു.
വേദനയോടെ മൂക്കിനോടുചേർത്ത കൈയിൽ ചോരയുടെ നനവ്..
ഞാന്‍ തിരിച്ചറിയുന്നു, എന്റെ കിടപ്പുമുറിയിലെ തറയില്‍ത്തന്നെയാണു ഞാന്‍ ...
എഴുന്നേറ്റു ലൈറ്റിട്ടു. തലയ്ക്കു മുകളില്‍, പരമാവധി വേഗതയില്‍ ഫാൻ കറങ്ങുന്നുണ്ടു്. എങ്കിലും ഞാന്‍ വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു.
ടാപ്പു തുറന്ന്, മുഖം കഴുകി. വെള്ളത്തിൽ രക്തം കലർന്നു.
മൂക്കിൽനിന്നിപ്പോഴും രക്തംവരുന്നുണ്ട്.
ഫ്രിഡ്ജിൽനിന്ന്, ഐസ്ക്യൂബെടുത്ത് മൂക്കിൽത്തടവി.
അല്പം തണുത്തവെള്ളമെടുത്തു കുടിച്ചു....
തണുത്തവെള്ളംകൊണ്ട്, വീണ്ടും മുഖം കഴുകി.
നെറ്റിയിലേക്കു കൈകള്‍ ചേര്‍ത്തുവച്ച്, കട്ടിലില്‍ അല്പനേരമിരുന്നു.
കിഷോര്‍.........-;
അവനെവിടെയാണിപ്പോൾ? അഞ്ചുവർഷത്തിലധികമായിട്ടുണ്ടാകും, അവനുമായി ഫോണിൽ സംസാരിച്ചിട്ടുതന്നെ! അവനെയൊന്നു വിളിക്കണം.
ചിലപ്പോൾ അവന്റെ നമ്പറിപ്പോഴും ഫോണിലുണ്ടാകും.
മേശപ്പുറത്തുനിന്നു മൊബൈല്‍ഫോണ്‍ കൈയിലെടുക്കുംമുമ്പേ അതിൽനിന്നു മണിനാദമുയര്‍ന്നു.
മാത്യു വിളിക്കുന്നു.
മാത്യുവും പഴയൊരു സഹപാഠിയാണ്. കുറെയേറെക്കാലം മാത്യുവും കിഷോറും ബാംഗ്ലൂരിൽ ഒരേസ്ഥാപനത്തിലാണു ജോലിചെയ്തിരുന്നത്.
ഞാൻ ഫോൺ അറ്റൻഡ്ചെയ്തു.
"ഹലോ മാത്യൂ.. എന്താണീരാത്രിയിൽ?"
മാത്യുവിന്റെ ശബ്ദത്തിലെ വിറയല്‍ തിരിച്ചറിയാൻകഴിയുന്നുണ്ട്...
“അരമണിക്കൂർമുമ്പ്, ഒരു ബോംബ്‌സ്ഫോടനത്തില്‍, നമ്മുടെ കിഷോര്‍ ...”
.........********.........*****
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ