2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച

യൂദാസ്, നീയെന്തിനു് ആത്മഹത്യചെയ്തു?

കെദ്രോണ്‍ അരുവിയുടെ കരയിലെ, ഗത്സമേന്‍തോട്ടത്തില്‍, അന്ത്യയത്താഴത്തിനുശേഷം, ഗുരു മുട്ടുകുത്തി പ്രാര്‍ത്ഥിച്ച അതേപാറയ്ക്കരുകില്‍, ശിമയോന്‍പത്രോസ് മുട്ടുകുത്തി. 

ഒരു രാത്രിയിലെ മുഴുവന്‍ അദ്ധ്വാനത്തിനുംശേഷം ഒരു മത്സ്യത്തെപ്പോലും പിടിക്കാനാകാതെ അന്നുപുലര്‍ച്ചെ തിബേരിയോസ് കടല്‍ത്തീരത്തു വഞ്ചിയടുപ്പിച്ചതുമുതലുള്ള സംഭവങ്ങള്‍ തിരയടിക്കുകയായിരുന്നു, അപ്പോളയാളുടെ മനസ്സില്‍ ...

ഈശോയുടെ കുരിശുമരണത്തിനുശേഷം, നിരാശയില്‍ ചിലവഴിച്ച ദിനരാത്രങ്ങള്‍ക്കൊടുവില്‍, ഒരു സന്ധ്യയില്‍,ചങ്ങാതിമാരോടൊപ്പം മീന്‍പിടിക്കാനായി ശിമയോൻ വീണ്ടും കടലിൽവഞ്ചിയിറക്കി. ആ രാത്രിമുഴുവന്‍ കടലില്‍ വലനീട്ടിയെങ്കിലും ഒരു മത്സ്യംപോലും അതില്‍ കുടുങ്ങിയില്ല. മനംമടുത്താണു പുലര്‍ച്ചെ കരയിലണഞ്ഞതു്.

വഞ്ചി കരയിലടുത്തപ്പോൾ, വഞ്ചിക്കരികിലേക്കു നടന്നെത്തിയ അപരിചിതനായ മനുഷ്യന്‍ ചോദിച്ചു: "കുഞ്ഞുങ്ങളെ,, നിങ്ങളുടെ പക്കല്‍ മത്സ്യംവല്ലതുമുണ്ടോ?"

ഇല്ലെന്നു മറുപടി നല്കിയതു് അന്ത്രയോസാണു്.

"ഒരിക്കല്‍ക്കൂടെ വഞ്ചി കടലിലിലിറക്കൂ, വലതുവശത്തേക്കുനീക്കി വലയിടൂ."

ആ അപരിചിതന്റെ വാക്കുകള്‍കേട്ടപ്പോള്‍ സത്യത്തില്‍ ശിമയോനു ദേഷ്യമാണുതോന്നിയതു്. പിച്ചവച്ചു നടന്നുതുടങ്ങിയ കാലംമുതല്‍ കടലിനെയറിയുന്ന ഞങ്ങളോടാണ് ഇയാള്‍ പറയുന്നതു്...  വീണ്ടും വലയിറക്കാന്‍! അതും വലതുവശത്തേക്കുനീക്കി...! ഓരോ സമയത്തും, ഈ കടലിൽ മത്സ്യക്കൂട്ടങ്ങളുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളെല്ലാം കൈവെള്ളയിലെ രേഖകൾപോലെ വ്യക്തമാണു ശിമയോൻപത്രോസിന്!

എങ്കിലും സ്നേഹമസൃണവും അധികാരപൂര്‍ണ്ണവുമായ ആ വാക്കുകള്‍ അവഗണിക്കാനായില്ല. വഞ്ചി വീണ്ടും കടലിലിലിറക്കി. അയാൾപറഞ്ഞതുപോലെ വലതുവശത്തേക്കു നീക്കിത്തന്നെ വലയിട്ടു.
കടലില്‍നീട്ടിയ വല, തിരികെ വഞ്ചിയിലേക്കു വലിച്ചുകയറ്റുമ്പോളാണു് അത്ഭുതപ്പെട്ടു പോയതു് ! അതില്‍നിറഞ്ഞ മത്സ്യങ്ങളുടെ ഭാരത്താല്‍, വലവലിച്ചു വഞ്ചിയിലേക്കു കയറ്റാന്‍, നന്നേ പാടുപെട്ടു. വല കീറാതിരുന്നതു ഭാഗ്യമായി. ഇത്രയും കൃത്യതയോടെ മത്സ്യക്കൂട്ടംനില്‍ക്കുന്ന സ്ഥലമെവിടെയെന്നറിഞ്ഞ ഈ മനുഷ്യനാരെന്ന അത്ഭുതത്തോടെയാണു് എല്ലാവരും കരയിലേക്കു വഞ്ചിതുഴഞ്ഞതു്.

കരയില്‍നിന്ന് ഏതാണ്ടു നൂറുവാരയകലെ വഞ്ചിയെത്തിയപ്പോള്‍ യോഹന്നാന്‍ വിളിച്ചുകൂവി: "അതു മറ്റാരുമല്ല... എൻ്റെ കര്‍ത്താവാണു്... ഉയിര്‍ത്തെഴുന്നേറ്റ എൻ്റെ  കര്‍ത്താവ്...."

"ഈശോയേ, ഞാനെന്തേ നിന്നെ തിരിച്ചറിഞ്ഞില്ല!" ശിമയോന്‍ അത്ഭുതത്തോടെ കരയിലേക്കു നോക്കി. 

അടിവസ്ത്രംമാത്രമണിഞ്ഞുനിന്നിരുന്ന ശിമയോന്‍, പെട്ടെന്നു മേലങ്കി വാരിച്ചുറ്റി കടലിലേക്കു ചാടിനീന്തി. വഞ്ചിയെത്തുന്നതിനുമുമ്പേ, കരയില്‍, ഈശോയുടെ സമീപം അയാളെത്തി. 


 "കര്‍ത്താവേ, ഞാന്‍ പാപിയാണേ, നീയെന്നെ വിട്ടുപോയ്ക്കൊള്ളൂ...."
ഈശോയുടെമുമ്പില്‍ മുട്ടില്‍നിന്നു ശിമയോന്‍ കരഞ്ഞു.

വഞ്ചി കരയിലടുത്തു. അപ്പോള്‍പ്പിടിച്ചുകൊണ്ടുവന്ന മത്സ്യങ്ങളിൽനിന്നു ചിലതു ചുട്ടെടുത്ത്, കടല്‍ത്തീരത്തുതന്നെ പ്രാതലൊരുക്കി.
പ്രാതലിനുശേഷം ഈശോ ശിമയോനോടു ചോദിച്ചു:

"യോനായുടെ പുത്രനായ ശിമയോനേ, നീയെന്നെ സ്നേഹിക്കുന്നോ?"

"ഉവ്വു കര്‍ത്താവേ" മറുപടി പെട്ടെന്നായിരുന്നു. 

"നീയെന്റെ ആടുകളെ മേയ്ക്കുക!"

ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം ഈശോ വീണ്ടും ചോദിച്ചു: "ശിമയോനേ, ഇവരെല്ലാവരെയുംകാളധികമായി നീയെന്നെ സ്നേഹിക്കുന്നോ?"

"കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നീയറിയുന്നല്ലോ!"

"എന്റെ കുഞ്ഞാടുകളെ മേയ്ക്കുക."

മൗനത്തിന്റെ മേലാപ്പണിഞ്ഞ ചില നിമിഷങ്ങള്‍ കടന്നുപോയി. ഈശോ ശിമയോന്റെ കണ്ണുകളിലേക്കു നോക്കി. അയാളുടെ കണ്ണുകളില്‍ത്തന്നെ ദൃഷ്ടിയുറപ്പിച്ചുകൊണ്ട്, അവന്‍ ഒരിക്കല്‍ക്കൂടെ ചോദിച്ചു: "ശിമയോനേ, യഥാര്‍ത്ഥത്തില്‍ നീയെന്നെ സ്നേഹിക്കുന്നുവോ?"

യേശുവിന്റെ കണ്ണുകളില്‍നിന്ന് ഒരു വാള്‍ തന്റെ ഹൃദയത്തിലേക്കു തുളച്ചുകയറുന്നതായി ശിമയോനു തോന്നി...

ആ വര്‍ഷത്തെ പ്രധാനപുരോഹിതനായിരുന്ന കയ്യാഫാസിന്റെ ഭവനത്തില്‍വച്ച്, യഹൂദപ്രമാണികള്‍ ഈശോയെ ചോദ്യംചെയ്തു. പൂമുഖത്തു ബന്ധിതനായിനിന്ന ഈശോയില്‍നിന്ന്‍ ഏതാനുംവാരയകലെ തീകാഞ്ഞുകൊണ്ടിരുന്ന സേവകര്‍ക്കിടയില്‍, ശിമയോനുമിരുന്നു. മനസ്സില്‍ ഭയം അലയടിച്ചിരുന്നെങ്കിലും ഗുരുവിനെ അവരെന്തുചെയ്യുമെന്നറിയാനുള്ള ആകാംക്ഷയാണു ശിമയോനെ അവിടെത്തിച്ചതു്.
 
തീകായാനിരുന്നവര്‍ക്കിടയിലുണ്ടായിരുന്ന ഒരു പരിചാരിക അവനോടു  ചോദിച്ചു: "ആ നില്‍ക്കുന്നവന്റെ ശിഷ്യനല്ലേ നീ?"

"അല്ല" ശിമയോന്‍ മറുപടി പറഞ്ഞു.

"നിന്നെ ഞാന്‍ അവനോടൊപ്പം കണ്ടിട്ടുണ്ടല്ലോ" അപ്പോള്‍ അവിടേക്കെത്തിയ മറ്റൊരുവന്‍ പറഞ്ഞു.

"നിങ്ങള്‍ക്കാളു തെറ്റിയതാകും" ശിമയോന്‍ തലതിരിച്ചു.

"സംസാരംകേട്ടിട്ട്, നിങ്ങളൊരു ഗലീലിയനാണെന്നു തോന്നുന്നല്ലോ. ഇവന്റെ ശിഷ്യരിലധികവും ഗലീലിയരാണല്ലോ!"

"നിങ്ങളെന്നെ വെറുതേവിടൂ. ഞാനിയാളെ അറിയുകപോലുമില്ല." 

അവന്‍ പിറുപിറുത്തുകൊണ്ട് അവിടെനിന്നെഴുന്നേറ്റു. പെട്ടെന്ന്, എവിടെയോ പാതിരാക്കോഴി രണ്ടുവട്ടം കൂകി. 

സ്വയമറിയാതെ ശിമയോന്‍ ഈശോയ്ക്കുനേരെ നോക്കിപ്പോയി. അവന്റെ കണ്ണുകള്‍ ഈശോയുടെ കണ്ണുകളുമായി ഒരുനിമിഷമിടഞ്ഞു. ആ നോട്ടത്തില്‍ അവന്റെ ഹൃദയംനുറുങ്ങി. ഇന്നുരാത്രി പൂവന്‍കോഴി രണ്ടുവട്ടം കൂകുന്നതിനുമുമ്പ്, നീയെന്നെ മൂന്നുതവണ തള്ളിപ്പറയുമെന്ന ഈശോയുടെ വാക്കുകള്‍ അപ്പോൾ അവനോര്‍ത്തു. 

പുറത്തെ ഇരുട്ടിലേക്കോടിയ ശിമയോന്‍, അവിടെ ഒറ്റയ്ക്കിരുന്നു കരഞ്ഞു.

കയ്യാഫാസിന്റെ ഭവനത്തില്‍ ബന്ധിതനായി നിന്നുകൊണ്ടുനോക്കിയ അതേ നോട്ടമാണിപ്പോഴും! 

പത്രോസിന്റെ കണ്ണുകള്‍ നിറഞ്ഞു. ഇടറിയശബ്ദത്തില്‍ അവന്‍ പറഞ്ഞു; "ഗുരോ നീയെല്ലാമറിയുന്നു, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നും നീയറിയുന്നു." മുട്ടുകാലില്‍ നിന്നുകൊണ്ടു് അവന്‍ കുനിഞ്ഞു മണല്‍പ്പുറത്തു നെറ്റിചേര്‍ത്തു.

"പത്രോസേ, നീയെന്റെ കുഞ്ഞാടുകളെ മേയ്ക്കുക" ഈശോ കൈയുയര്‍ത്തി ശിമയോനെ ആശിര്‍വ്വദിച്ചു.

എന്തുകൊണ്ടോ ഒറ്റുകാരനായ യൂദാസ് കറിയോത്തിന്റെ മുഖമായിരുന്നു ശിമയോന്റെ മനസ്സില്‍ അപ്പോള്‍ തെളിഞ്ഞതു്. അറിയാതെ അവന്റെ കണ്ണുകള്‍ നിറഞ്ഞു. ഈശോ തന്നോടുകാണിച്ച സ്നേഹാധിക്യംനല്കിയ സന്തോഷത്താലാണോ യൂദാസിനെക്കുറിച്ചുള്ള ഓര്‍മ്മയുണര്‍ത്തിയ സന്താപത്താലാണോ കണ്ണുകള്‍ സജലങ്ങളായതെന്നു തിരിച്ചറിയാന്‍ ശിമയോനു കഴിഞ്ഞില്ല. 

സംഭവബഹുലമായ ആ ദിനത്തിന്റെ ഓര്‍മ്മകള്‍,.ശിമയോന്റെ മനസ്സിലേക്കു വീണ്ടും പെസഹാരാത്രിയുടെ ചിന്തകള്‍ കൊണ്ടുവന്നു. ഇതേ ഗത്സമേന്‍തോട്ടത്തിലാണു് ആ രാത്രിയില്‍ അവരെത്തിയതു്, കറിയോത്തുകാരന്‍ യൂദാസിനൊപ്പം! റോമന്‍പടയാളികളേയും പ്രധാനപുരോഹിതന്റെ ശിങ്കിടികളേയും നയിച്ചുകൊണ്ടുവന്ന യൂദാസ്, ഈശോയെ മാറോടുചേര്‍ത്തണച്ചു.

"ഗുരുവേ സ്വസ്തി" അവന്‍ ഈശോയുടെ കവിളില്‍ ചുംബിച്ചു.

"സ്നേഹിതാ, ചുംബനംകൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നതു്?"

ഈശോയുടെ ചോദ്യംകേട്ട ശിമയോന്‍ അപകടംമണത്തു. കൈയിലുണ്ടായിരുന്ന വാള്‍, ഉറയില്‍നിന്നൂരി. 

പ്രധാനപുരോഹിതന്റെ പരിചാരകരിലൊരുവന്‍ ഈശോയെപ്പിടിക്കാനായി മുന്നോട്ടാഞ്ഞു. അവനുനേരെ ശിമയോന്‍ വാള്‍വീശി. വാള്‍ അവന്റെ വലതുചെവിയുടെ അല്പഭാഗം ഛേദിച്ചുകളഞ്ഞു.

"ശിമയോനെ, വാള്‍ ഉറയിലിടുക; വാളെടുത്തവന്‍ വാളാല്‍ത്തന്നെയൊടുങ്ങും" 

ഈശോ പരിചാരകന്റെ മുറിവേറ്റ ചെവിയുടെമേല്‍ തന്റെ കൈകള്‍ചേര്‍ത്തു. അവന്റെ മുറിവു സൗഖ്യമായി.

ആ രാത്രിക്കുശേഷം  ശിമയോന്‍, യൂദാസിനെക്കണ്ടിട്ടില്ല. കുശവന്റെ പറമ്പില്‍ അവന്‍ തൂങ്ങിച്ചത്തെന്നുകേട്ടിട്ടും കാണാനായിപ്പോയതുമില്ല.

പുരോഹിതപ്രമാണികളുടെയും ജനക്കൂട്ടത്തിന്റെയും പ്രേരണയാല്‍, ഈശോയെ കുരിശില്‍ത്തറച്ചുകൊല്ലാന്‍ പീലാത്തോസ് വിധിച്ചതറിഞ്ഞപ്പോൾ, യൂദാസ്, ദേവാലയത്തിലെത്തി പ്രധാനപുരോഹിതനെക്കണ്ടു കലഹിച്ചിരുന്നതായി പിന്നീടറിഞ്ഞു.

"നിഷ്കളങ്കരക്തത്തെ ഒറ്റുകൊടുത്ത മഹാപാപിയാണു ഞാന്‍! പാപത്തിന്റെ കൂലിയായ ഈ പണം എനിക്കുവേണ്ട" യൂദാസ് പ്രധാനപുരോഹിതന്റെ മുന്നില്‍ ക്രോധത്തോടെ അലറി. അവന്‍ അയാളുടെ മുന്നിലേക്ക്, മുപ്പതു വെള്ളിനാണയങ്ങള്‍ വലിച്ചെറിഞ്ഞു.

"എന്നിട്ടു നീയെന്തിനാണു പോയി തൂങ്ങിമരിച്ചതു്? നിനക്ക് ഈശോയുടെ കുരിശിന്‍ചുവട്ടിലേക്കൊന്നോടാമായിരുന്നില്ലേ? ആ പാദങ്ങളില്‍ത്തൊട്ടു മാപ്പിനായി യാചിക്കാമായിരുന്നില്ലേ?" -

ശിമയോന്റെ മനസ്സില്‍ തിബേരിയോസ് കടലിലെ തിരകള്‍പോലെ വീണ്ടും ചിന്തകളലയടിച്ചു.

"നിന്നെക്കാള്‍ വലിയ അപരാധംചെയ്തവനല്ലേ ഞാന്‍!!..... നിരാലംബനായി, പീഡകളേറ്റുവാങ്ങിനിന്നവനെ നിഷ്കരുണം തള്ളിപ്പറഞ്ഞവനല്ലേ ഞാന്‍? ഒരിക്കലല്ല, മൂന്നുവട്ടം! എന്നിട്ടും ഇന്നെത്രവലിയ സ്നേഹമാണ് അവനെന്നോടുകാട്ടിയതെന്നറിയുമോ? തീര്‍ച്ഛയായും നിന്നെയും അവന്‍ സ്നേഹിക്കുമായിരുന്നു...! 
യൂദാസ് നീയെന്തിനാത്മഹത്യചെയ്തു?

നിന്റെ പാപത്തെ പശ്ചാത്താപത്തിന്റെ കണ്ണുനീരില്‍ക്കഴുകി, ഈശോയിലേക്കു തിരിച്ചെത്താന്‍, ജീവിതം നിനക്കു വഴിതുറക്കുമായിരുന്നില്ലേ? ആത്മഹത്യകൊണ്ടു നീയെന്തു നേടി, ലോകാവസാനംവരെ നിലനില്‍ക്കുന്ന ഒറ്റുകാരനെന്ന പേരല്ലാതെ! യൂദാസ്...,  ഗുരു നിന്നെ സ്നേഹിച്ചിരുന്നു, ഞങ്ങളെല്ലാവരും നിന്നെ സ്നേഹിച്ചിരുന്നു, 

സ്നേഹമെന്നാല്‍ ചോരയിറ്റുന്ന മുറിവുകളാണെന്നു ജീവിതംകൊണ്ടു തെളിയിച്ച ഗുരുവിന്, നിന്നെ ഒരിക്കല്‍ക്കൂടെ മാറോടുചേര്‍ക്കാനവസരംനല്കാതെ, നീയെന്തിനാത്മഹത്യചെയ്തു... ?ഗുരുവിന്റെ പാദം കണ്ണീരുകൊണ്ടു കഴുകാന്‍ എനിക്കിന്നവസരം കിട്ടി. എന്നാല്‍ ആത്മഹത്യയാല്‍ നീ ഇല്ലാതാക്കിയത്, നന്മയിലേക്കുള്ള മടങ്ങിവരവുതന്നെയല്ലേ?"

ശിമയോന്‍ തന്റെ ചങ്ങാതിയെക്കുറിച്ചോര്‍ത്തു തേങ്ങിക്കരഞ്ഞു. മാനത്ത് വെള്ളിവെളിച്ചംപൊഴിച്ചുനിന്ന ചന്ദ്രൻ, മേഘക്കീറുകൾക്കുള്ളിലെവിടെയോ പോയൊളിച്ചു.. 

പകലിൻ്റെ വരവറിയിച്ചുകൊണ്ട് സൂര്യൻ കിഴക്കേ വാനിലുയർന്നുതുടങ്ങി. 

2015, ഏപ്രിൽ 8, ബുധനാഴ്‌ച

ആത്മാവിന്റെ നൊമ്പരങ്ങൾ

ഞാനിതെവിടെയാണു്?

ചീവീടുകളുടെ തീവ്രശബ്ദം ചെവിതുളച്ചുകയറുന്നു. ചുറ്റുമിരുട്ടാണു്‌... ആകാശം കാർമേഘംമൂടിയിരിക്കുന്നു. 

ഇനിയുമൊരു രാത്രിക്കപ്പുറം തന്നെക്കാത്തിരിക്കുന്ന അമാവാസിയെന്ന ദുർവിധിയെക്കുറിച്ചോർത്ത്, ക്ഷീണിച്ചുതളർന്ന്, മരണാസന്നനായ ചന്ദ്രൻ, മേഘങ്ങൾക്കിടയിൽനിന്ന് ഇടയ്ക്കിടെ തലയുയർത്തിനോക്കാൻശ്രമിക്കുന്നുണ്ട്. കാർമേഘപാളികൾക്കിടയിലായി,  ഏതാനും നക്ഷത്രങ്ങളും ചിതറിക്കിടക്കുന്നു... 

നിറഞ്ഞ അന്ധകാരത്തെ അല്പമൊന്നു ദുർബ്ബലമാക്കുന്ന അരണ്ടവെളിച്ചത്തില്‍, ചുറ്റുമുള്ള വിജനത എനിക്കു വ്യക്തമായിത്തിരിച്ചറിയാം.
അങ്ങുദൂരെ, നിഴല്‍പോലെകാണുന്ന ചെറിയൊരു വീടൊഴികെ, ഒരു കുറ്റിച്ചെടിപോലും അവിടെങ്ങും കാണാനില്ലല്ലോ.. ഉരുളൻകല്ലുകൾ അങ്ങിങ്ങു ചിതറിക്കിടക്കുന്ന, വരണ്ടുണങ്ങിയ മരുപ്രദേശംപോലെ ഒരു സ്ഥലം... 

അധികമാരും നടന്നിട്ടില്ലെന്നു തോന്നിക്കുന്ന  ഒരൊറ്റയടിപ്പാതയിലാണു ഞാൻ നിൽക്കുന്നത് ...
ഒട്ടും പരിചിതമായ സ്ഥലമല്ല. ഞാനെങ്ങനെയിവിടെയെത്തി? എത്രയാലോചിച്ചിട്ടും ഒന്നും വ്യക്തമായി മനസ്സിലാകുന്നില്ല ...

ചിവീടുകളുടെ ശബ്ദത്തിനകമ്പടിയായി എവിടെനിന്നോ കാലൻകോഴികൾ കൂകുന്നു. അതോടൊപ്പം എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദവും എനിക്കു വ്യക്തമായിക്കേൾക്കാം.

ഒടുവിൽ, എന്തുംവരട്ടെയെന്നു നിശ്ചയിച്ച്, അകലെക്കണ്ട വീടിനെ ലക്ഷ്യമാക്കി ഞാൻ നടന്നു.
പ്രതീക്ഷിച്ചതിനേക്കാൾ ദൂരമുണ്ടായിരുന്നു. ഉരുളൻകല്ലുകൾ നിറഞ്ഞവഴിയിലൂടെയുള്ള നടത്തവും ആയാസംകരംതന്നെ.  എവിടെനിന്നോ ഓരിയിടുന്ന കുറുനരിക്കൂട്ടം എന്റെ ഭീതിയെപ്പതിന്മടങ്ങാക്കിയുയർത്തി...

ഒരിളംകാറ്റുപോലും വീശുന്നില്ല. ഭയത്താലും അവിയ്ക്കുന്ന ചൂടിനാലും ശരീരമാകെ വിയര്‍ത്തൊലിക്കുകയാണ്.
ഞാൻ നടത്തത്തിനു വേഗതകൂട്ടി.
വീടിനോടടുത്തെന്തോറും വ്യക്തമാകുന്നു, മേല്‍ക്കൂര തകര്‍ന്നുതുടങ്ങിയ, ജനവാതിലുകള്പൊളിഞ്ഞ, ഒരു പഴയവീടാണത്. 
ഇരുട്ടില്‍, അതൊരു പ്രേതാലയംപോലെയുണ്ടു്. 

പെട്ടെന്ന്, തികച്ചും അപ്രതീക്ഷിതമായാണു് ആ വീടിനുള്ളില്‍ പ്രകാശംപരന്നതു്. എനിക്കിപ്പോള്‍ വ്യക്തമായിക്കാണാം, തകര്‍ന്ന ജനാലയ്ക്കപ്പുറത്ത്, മുറിക്കുള്ളില്‍നില്‍ക്കുന്ന മനുഷ്യനെ!
ദൈവമേ, അതു കിഷോറാണല്ലോ!!!
ബാല്യംമുതല്‍ ബിരുദാനന്തരബിരുദക്ലാസുകള്‍വരെ പിരിയാതെ, ഒപ്പമുണ്ടായിരുന്ന ചങ്ങാതി – ഇവനെയൊന്നു കണ്ടിട്ടിപ്പോള്‍ എത്രനാളായി!
ഇവിടെ, ഈ പ്രേതാലയത്തില്‍ ഇവനെന്താണു ചെയ്യുന്നത്?

പെട്ടന്ന്‍... കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഒരുഗ്രസ്ഫോടനം! കണ്‍മുന്നില്‍, ആ വീടിനൊപ്പം ചിതറിത്തെറിക്കുന്ന കിഷോര്‍.......
അഗ്നിപ്രളയത്തിൽ മറ്റുകാഴ്ചകൾ മറഞ്ഞു.

“കിഷ്ഓഓഓഓര്‍ര്‍ര്‍ര്‍....ര്‍ര്‍ര്‍...ര്‍ര്‍...”

അലറിക്കരഞ്ഞുകൊണ്ടു മുന്നോട്ടോടിയ ഞാന്‍ എവിടെയോ കാല്‍തട്ടി മൂക്കിടിച്ചു വീണു.
വേദനയോടെ മൂക്കിനോടുചേർത്ത കൈയിൽ ചോരയുടെ നനവ്..

ഞാന്‍ തിരിച്ചറിയുന്നു, എന്റെ കിടപ്പുമുറിയിലെ തറയില്‍ത്തന്നെയാണു ഞാന്‍ ... 
എഴുന്നേറ്റു ലൈറ്റിട്ടു. തലയ്ക്കു മുകളില്‍,  പരമാവധി വേഗതയില്‍ ഫാൻ കറങ്ങുന്നുണ്ടു്. എങ്കിലും ഞാന്‍ വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു.

ടാപ്പു തുറന്ന്, മുഖം കഴുകി. വെള്ളത്തിൽ രക്തം കലർന്നു.
മൂക്കിൽനിന്നിപ്പോഴും രക്തംവരുന്നുണ്ട്.
ഫ്രിഡ്ജിൽനിന്ന്, ഐസ്ക്യൂബെടുത്ത് മൂക്കിൽത്തടവി.
അല്പം തണുത്തവെള്ളമെടുത്തു കുടിച്ചു.... 

തണുത്തവെള്ളംകൊണ്ട്, വീണ്ടും മുഖം കഴുകി. 

നെറ്റിയിലേക്കു  കൈകള്‍ ചേര്‍ത്തുവച്ച്, കട്ടിലില്‍ അല്പനേരമിരുന്നു.

കിഷോര്‍.........-;

അവനെവിടെയാണിപ്പോൾ? അഞ്ചുവർഷത്തിലധികമായിട്ടുണ്ടാകും, അവനുമായി ഫോണിൽ സംസാരിച്ചിട്ടുതന്നെ! അവനെയൊന്നു വിളിക്കണം.
ചിലപ്പോൾ അവന്റെ നമ്പറിപ്പോഴും ഫോണിലുണ്ടാകും.

മേശപ്പുറത്തുനിന്നു മൊബൈല്‍ഫോണ്‍ കൈയിലെടുക്കുംമുമ്പേ അതിൽനിന്നു മണിനാദമുയര്‍ന്നു. 

മാത്യു വിളിക്കുന്നു.

മാത്യുവും പഴയൊരു സഹപാഠിയാണ്. കുറെയേറെക്കാലം മാത്യുവും കിഷോറും ബാംഗ്ലൂരിൽ ഒരേസ്ഥാപനത്തിലാണു ജോലിചെയ്തിരുന്നത്.

ഞാൻ ഫോൺ അറ്റൻഡ്ചെയ്തു.

"ഹലോ മാത്യൂ.. എന്താണീരാത്രിയിൽ?" 

മാത്യുവിന്റെ ശബ്ദത്തിലെ വിറയല്‍ തിരിച്ചറിയാൻകഴിയുന്നുണ്ട്...

“അരമണിക്കൂർമുമ്പ്, ഒരു ബോംബ്‌സ്ഫോടനത്തില്‍, നമ്മുടെ കിഷോര്‍ ...”

.........********.........*****

2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

എലോയ്, എലോയ് ലാമ സബക്ക്ത്താനി

Ελωι ελωι λαμμᾶ σαβαχθανι
===========================
ഈശോയെ കുരിശില്‍ത്തറച്ചുകൊല്ലാന്‍ പീലാത്തോസ്‌ വിധിച്ചുവെന്ന വാര്‍ത്തകേട്ടപ്പോള്‍ ചിരിക്കാനാണു തോന്നിയതു്!
എങ്ങനെ ഞാന്‍ ചിരിക്കാതിരിക്കും?
മൂന്നുവര്‍ഷക്കാലം ഗുരുവിനോടൊപ്പം ദേശമെങ്ങും ചുറ്റിസ്സഞ്ചരിച്ചവനാണു ഞാന്‍! അദ്ഭുതങ്ങളുടെ പെരുമഴയായിരുന്നു ഓരോ ദിവസവും! സൗഖ്യംനേടുന്ന കുഷ്ഠരോഗികളും കാഴ്ചലഭിക്കുന്ന അന്ധരും നിവര്‍ന്നുനടക്കുന്ന തളര്‍വാതരോഗികളും പതിവുകാഴ്ചകളായിരുന്ന കാലം. മരിച്ചു നാലുനാളുകള്‍ക്കുശേഷം ലാസര്‍ ഉയിര്‍ത്തുവന്നുനിന്നത്, എന്റെയും കണ്മുമ്പിലായിരുന്നു.
ഒരു വാക്കില്‍, ഒരു നോക്കില്‍, ഒരു സ്പര്‍ശത്തില്‍ അത്ഭുതങ്ങള്‍പ്രവര്‍ത്തിക്കുന്ന ഗുരുവിനെ ഇവര്‍ക്കെങ്ങനെ കുരിശില്‍ത്തറച്ചു കൊല്ലാനാകും? എനിക്കുതന്ന പണം നഷ്ടമാകുമെന്നതിനപ്പുറം അവരുടെ ആഗ്രഹങ്ങള്‍ സഫലമാകുവാന്‍പോകുന്നില്ല! 
മുപ്പതു വെള്ളിനാണയങ്ങള്‍ അത്രവലിയ പ്രലോഭനമൊന്നുമല്ല; എങ്കിലും അതത്ര ചെറിയതുകയല്ലല്ലോ! മുന്നൂറു ദനാറയുടെ നാർദീൻതൈലംകൊണ്ട് ഗുരുവിൻ്റെ പാദംകഴുകിയ പാപിനിപ്പെണ്ണിനെപ്പോലൊരു വിഡ്ഢിയല്ല ഞാൻ! പണത്തിൻ്റെ വിലയെന്തെന്ന് എനിക്കു നന്നായറിയാം..

എന്താണു സംഭവിക്കുവാന്‍പോകുന്നതെന്നു ഗുരുവിനു വ്യക്തമായറിയാമായിരുന്നു. അതുകൊണ്ടല്ലേ, നിങ്ങളിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കുമെന്ന്, പെസഹാഭക്ഷണത്തിനിരിക്കുമ്പോള്‍ ഈശോ പരസ്യമായിപ്പറഞ്ഞത്! പെസഹാ അപ്പം എനിക്കുനേരെ നീട്ടുമ്പോള്‍, നീ ചെയ്യാനാഗ്രഹിക്കുന്നതു ചെയ്യുകയെന്ന് അവനെന്നോടു പറഞ്ഞത്, ഒരുപക്ഷേ വേറെയാരും കേട്ടിരിക്കില്ല.

കാല്‍വരിമലയിലേയ്ക്കാണ്, അവര്‍ ഈശോയെ കൊണ്ടുപോകുന്നതെന്നു കേട്ടു. തന്നെ കുരിശിൽത്തറയ്ക്കാന്‍ ശ്രമിക്കുന്ന റോമന്‍പടയാളികളുടെയും ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടത്തിന്റെയുംമുമ്പില്‍ ഈശോചെയ്യുന്ന അത്ഭുതം നേരില്‍ക്കാണാന്‍ ഞാനാഗ്രഹിച്ചു. 
ഇന്നു സംഭവിക്കുന്ന അത്ഭുതത്തോടെ, ഈശോതന്നെയാണു തങ്ങള്‍ കാത്തിരുന്ന മിശിഹായെന്നു ജനങ്ങൾ തിരിച്ചറിയും! അവരവനെ ഇസ്രായേലിന്റെ രാജാവാക്കുകതന്നെചെയ്യും!
അതിന്റെ നേട്ടം എനിക്കുകൂടെ അവകാശപ്പെട്ടതല്ലേ?

എങ്കിലുമെന്തുകൊണ്ടോ ജനക്കൂട്ടത്തോടൊപ്പം കുരിശുയാത്രയെ പിന്തുടരാന്‍ എനിക്കു ഭയംതോന്നി.
കാല്‍വരിമലയുടെ എതിര്‍വശത്തെക്കുന്നിലുള്ള കുശവന്റെ പറമ്പും അവിടെ ഒറ്റപ്പെട്ടുനില്‍ക്കുന്ന സിക്കമൂർവൃക്ഷവും എനിക്കോര്‍മ്മവന്നു. ആ മരത്തിലിരുന്നാല്‍ കാല്‍വരിയിലെക്കാഴ്ചകള്‍ വളരെ വ്യക്തമായിക്കാണാം. 

ഞാന്‍ അവിടേയ്ക്കോടി.

പ്രതീക്ഷിക്കാത്ത കാഴ്ചകളാണല്ലോ  കണ്മുമ്പിലുള്ളതു്! കണ്ടാല്‍ മനുഷ്യനാണെന്നുപോലും തിരിച്ചറിയാനാവാത്തവിധം ചോരയില്‍ക്കുളിച്ച്, മുള്‍ക്കിരീടംചൂടിനില്‍ക്കുന്ന ഈശോ! അവന്റെ വസ്ത്രങ്ങള്‍  ബലമായുരിഞ്ഞെടുക്കുകയാണു പടയാളികള്‍.. അവനെയവര്‍ കുരിശില്‍ക്കിടത്തി, കൈകാലുകള്‍ വലിച്ചുനീട്ടി, കുരിശോടു ചേര്‍ക്കുന്നു. ഗുരുവിന്റെ കൈകാലുകളില്‍ വലിയ ഇരുമ്പാണികള്‍ തറച്ചുകയറ്റുന്നു. കുരിശില്‍ പിടയുന്ന അവന്റെ കൈകാലുകള്‍ അവര്‍ കുരിശിലെ ആണിപ്പഴുതുകളിലേയ്ക്കു വീണ്ടും വലിച്ചുനീട്ടുന്നു. 
പച്ചമാംസത്തില്‍ക്കോര്‍ത്ത ആണിയിലേയ്ക്ക്, ആഞ്ഞുപതിക്കുന്ന കൂടത്തിന്റെ ശബ്ദം.... 
ജനക്കൂട്ടം ആര്‍ത്തട്ടഹസിക്കുന്നു....

ഇനിയുമെന്താണ് ആ അത്ഭുതം സംഭവിക്കാത്തത്!!!!
എനിക്കു തലകറങ്ങുന്നുവല്ലോ !
കാല്‍വരിമലയില്‍ ഈശോയെത്തറച്ച കുരിശ്, പടയാളികള്‍ ലംബമായി ഉയര്‍ത്തിനിറു‍ത്തുന്നതാണിപ്പോൾക്കാണുന്നത്...

ഇല്ല, പ്രതീക്ഷിച്ച അദ്ഭുതം സംഭവിക്കുന്നതേയില്ല..
കൈകുഴഞ്ഞപ്പോൾ, മരത്തിൽ നെഞ്ചുരഞ്ഞ്, ഞാൻ താഴേയ്ക്കൂർന്നിറങ്ങി. നീണ്ട കുപ്പായം ഉരഞ്ഞുകീറി. നെഞ്ചിലെ തൊലിയുരഞ്ഞുപൊട്ടിയ പോറലുകളിൽ ചോരകിനിഞ്ഞു.

കുപ്പായക്കീശയിലപ്പോഴും മുപ്പതു വെള്ളിക്കാശുനിറച്ച പണക്കിഴിയുടെ കിലുക്കം... 

മനസ്സും ശരീരവും ആകെത്തളർന്നുകുഴഞ്ഞെങ്കിലും എൻ്റെ കാലുകൾ ജറുസലേംദേവാലയത്തിലേക്കു പാഞ്ഞു.

അവിടെ, ദേവാലയത്തോടു ചേർന്നുള്ള പുരോഹിതഭവനത്തിൽ, പുരോഹിതപ്രമുഖരുടെ വിജയാഹ്ലാദം, നുരഞ്ഞുപൊന്തുകയായിരുന്നു. വീഞ്ഞിൻ്റെ ലഹരിയിൽക്കുഴഞ്ഞ അട്ടഹാസദ്ധ്വനികൾ ഉയർന്നുകേൾക്കാം.

ആ ശബ്ദകോലാഹലങ്ങൾക്കിടയിലും
സഖറിയാപ്രവാചകൻ്റെ പ്രവചനശബ്ദം, എൻ്റെ കർണ്ണപുടങ്ങളിൽ വ്യക്തമായിക്കേൾക്കുന്നുണ്ടായിരുന്നു.

"അവര്‍ എന്റെ കൂലിയായി മുപ്പതുഷെക്കല്‍ തൂക്കിത്തന്നു.
കര്‍ത്താവ്‌ എന്നോടരുളിച്ചെയ്‌തു: അതു‌ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുക - അവര്‍ എനിക്കുമതിച്ച നല്ലവില!"

ഞാൻ കയ്യാഫാസിനും മറ്റുപുരോഹിതപ്രമുഖർക്കുംമുമ്പിൽനിന്നു കിതച്ചു.

"നിഷ്‌കളങ്കരക്തത്തെ ഒറ്റിക്കൊടുത്ത്,‌ ഞാന്‍ പാപംചെയ്‌തിരിക്കുന്നു." 

കയ്യാഫാസ് ഉറക്കെ അട്ടഹസിച്ചു: "അതിനു ഞങ്ങള്‍ക്കെന്ത്‌? അതു നിന്റെമാത്രം കാര്യം!"

പരിഹാസശബ്ദങ്ങൾക്കു ചെവികൊടുക്കാതെ മുപ്പതുവെള്ളിനാണയങ്ങളുടെ കിഴി, എൻ്റെ പാപത്തിൻ്റെ കൂലി, ദേവാലയത്തിലേയ്ക്കു വലിച്ചെറിഞ്ഞിട്ട്, കുശവൻ്റെ പറമ്പിലേക്കു ഞാൻ തിരികെയോടി.

വീണ്ടും സിക്കമൂർമരത്തിലേക്കു വലിഞ്ഞുകയറി..

1* പകലിൻ്റെ എട്ടാംമണിക്കൂർ ആയിട്ടേയുള്ളൂ. എന്നിട്ടും സൂര്യാസ്തമയത്തെന്നതുപോലെ എല്ലായിടത്തും ഇരുട്ടുമുടിയിരിക്കുന്നു...
കാൽവരിമലയിൽ, ലംബമായി ഉയർത്തിനിറുത്തിയ കുരിശിൽ, ഗുരുവിൻ്റെ ശരീരം പിടയുന്നത് മങ്ങിയവെളിച്ചത്തിൽ ഇപ്പോളും കാണാം...

"ഞാൻ... ഞാൻമാത്രമാണ് ഇതിനെല്ലാം കാരണം...! എൻ്റെ ദുരമാത്രമാണു ഗുരുവിനെ കുരിശിലേറ്റിയത്..."

"യൂദാസ്, ഒരിക്കലും പ്രത്യാശ കൈവെടിയരുത്. ഹൃദയപരമാർത്ഥതയോടെ അനുതപിക്കുക. എന്നിലേക്കു മടങ്ങിവരിക. അനുതപിക്കുന്ന പാപിയെ സ്വർഗ്ഗം കൈവിടില്ല..." ചെവികളിൽ ഗുരുവിൻ്റെ മൃദുസ്വരം... തൊട്ടടുത്തുനിന്നെന്നപോലെ, ആ ശബ്ദമെനിക്കു വ്യക്തമായിക്കേൾക്കാം...

ഞാനെന്താണു ചെയ്യേണ്ടത്...?

"ഇല്ലാ... നിന്റെ കൊടുംപാതകത്തിനു നിനക്കൊരിക്കലും മാപ്പില്ല..." അടുത്ത നിമിഷത്തിൽത്തന്നെ
സർപ്പസീൽക്കാരംപോലെ ഒരു ശബ്ദം, ഗുരുവിൻ്റെ മൃദുശബ്ദത്തിനുംമേലെയുയർന്നു... 2*ഏദനിലെ പുരാതനസർപ്പം യൂദാസിൻ്റെ ചിന്തകളിലേയ്ക്കു വീണ്ടും വിഷംവമിച്ചു. 

"ഇല്ലാ... എൻ്റെ പാപം കഠിനമാണ്. എനിക്കിനിയൊരു മടങ്ങിപ്പോക്കില്ല..."

മരത്തിന്റെ തായ്ത്തടിയില്‍ ഇറുകെച്ചേര്‍ത്തുപിടിച്ച യൂദാസിൻ്റെ കൈകളില്‍ ഏതോ ഒരു കാട്ടുവള്ളി തടഞ്ഞു. അതില്‍ത്തീര്‍ത്ത കുരുക്കില്‍ അവന്റെ കഴുത്തു ഞെരിഞ്ഞു... ആകാശത്തിനും ഭൂമിക്കുമിടയില്‍ യൂദാസിന്റെ ശരീരം തൂങ്ങിയാടി!

ക്ഷമാസാഗരമായ സര്‍വ്വശക്തന്റെ, അപരിമേയമായ കരുണയെക്കൈവെടിഞ്ഞ ശിഷ്യനെയോര്‍ത്തു്, കാല്‍വരിയിലെക്കുരിശില്‍, കൊടുംവേദനയോടെ പിടഞ്ഞുകൊണ്ട്, ഈശോ അപ്പോള്‍ ഉറക്കെക്കരഞ്ഞു:

“*എലോയ്, എലോയ് ലാമ സബക്ക്ത്താനി....”
-----------------------------------------------------------
1*സൂര്യോദയം മുതൽ പന്ത്രണ്ടു മണിക്കൂർ പകലായും സൂര്യാസ്തമയംമുതൽ പന്ത്രണ്ടുമണിക്കൂർ രാത്രിയായും കണക്കാക്കുന്ന സമയക്രമം
2*ഏദനില്‍ ഹവ്വയ്ക്കായി വിലക്കപ്പെട്ട കനി നല്കിയ സര്‍പ്പം
* എലോയ്, എലോയ് ലാമ സബക്ക്ത്താനി - എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെയുപേക്ഷിച്ചു - സങ്കീർത്തനം 22:1