2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ഓണക്കാലം

ടിമാസക്കാറൊഴിഞ്ഞു പോയ് മാനത്തു്;
ഓടിയണഞ്ഞല്ലോ ചിങ്ങമാസം!
എങ്ങോ മറഞ്ഞൊരെന്‍ ബാല്യസ്മരണക-
ളെന്നിലുണര്‍ത്തുന്നൊരോണ മാസം!
പൂക്കളിറുക്കുവാന്‍ പാടവരമ്പത്തു
പൂക്കൂടയേന്തിയലഞ്ഞ ബാല്യം;
നിത്യവും മുറ്റത്തു ചേലെഴും പൂക്കളാ-
ലത്തക്കളം തീര്‍ത്ത പുണ്യകാലം.

കോടിയുടുത്തേറെക്കേമത്തം ഭാവിച്ചു
കൂട്ടരോടൊപ്പം മദിച്ച കാലം;
മുറ്റത്തെ മുത്തശ്ശിമാവിലെയൂഞ്ഞാലില്‍
മാനത്തുയര്‍ന്നു പറന്ന കാലം...
കാലപ്രവാഹത്തിനൊപ്പമൊഴുകിപ്പോയ്
നലമെഴുമക്കാലമെന്നില്‍ നിന്നും!
എന്നാല്‍ മലയാളമുള്ള കാലത്തോള-
മെന്നുമോണത്തിന്‍ ഗരിമയുണ്ടാം;
നാടിന്‍ പ്രജകള്‍ തന്‍ ക്ഷേമൈശ്വര്യങ്ങള്‍ക്കായു്,
നന്മ നിറഞ്ഞ മനസ്സുമായി,
നാടു ഭരിച്ച നൃപന്റെ സ്മരണകള്‍
നാടാകെയുത്സവ ഘോഷമേകും!

ആദ്യാനുരാഗം

                                                    


വിരുന്നെത്തി വീണ്ടും വസന്തം
വിടചൊല്ലിപ്പിരിഞ്ഞ  വീഥികളില്‍
പ്രണയത്തിന്‍ ഹൃദ്യസുഗന്ധം പരത്തി,
സ്മരണതന്‍ പൂക്കള്‍ വിടര്‍ന്നൂ...

പുലര്‍മഞ്ഞുതുള്ളി പോല്‍, കുളിര്‍കാറ്റു പോലെ,
ഹൃദയത്തിലേയ്ക്കു നീ വന്നൂ,
വേനലില്‍ വഴിതെറ്റിയെത്തിയ മാരിപോല്‍
കുളിരേകി,യെങ്ങോ മറഞ്ഞു!

സര്‍വ്വംചമച്ചവന്‍ കഥ മാറ്റിയെഴുതി,
സഹചാരികള്‍ വേറെയായി
മനതാരില്‍ മായാതെ, മറയാതെയിന്നും
പ്രിയതരമാദ്യാനുരാഗം; കാലം
മായ്ക്കാത്ത പ്രിയ വര്‍ണ്ണചിത്രം!

2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

സ്മൃതികളിലെ തിരുവോണം

എമിറേറ്റ്സ് റോഡിലെ ആറുവരിപ്പാതയിലെ വാഹനങ്ങള്‍ക്കിടയിലൂടെ സതീഷിന്റെ   ടൊയോട്ടാ ഫോര്‍ച്യൂണര്‍ ജബല്‍ അലിയില്‍ നിന്നും ഷാര്‍ജ്ജയിലേക്കു കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു. നാട്ടിലെ രീതിയില്‍ പറഞ്ഞാല്‍, ഇതൊരു പന്ത്രണ്ടുവരിപ്പാതയാണു്. ഇരുവശത്തേക്കും ആറുവരികള്‍ വീതം. എല്ലാ വരികളിലും നിരയായൊഴുകുകയാണു വാഹനങ്ങള്‍ ...

പുലര്‍ച്ചെ  ആറു മണിക്കു ഷാര്‍ജ്ജയിലെ ഫ്ലാറ്റില്‍ നിന്നിറങ്ങിയാലേ ഏഴുമണിക്കു മുമ്പായി ജബല്‍ അലിയിലുള്ള ഓഫീസിലെത്തുകയുള്ളൂ. രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ആറുമണി വരെ കടുത്ത മാനസ്സിക സമ്മര്‍ദ്ദം നല്കുന്ന ജോലിത്തിരക്കുകള്‍... പന്ത്രണ്ടു മുതല്‍ ഒന്നുവരെ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമുള്ള സമയമാണെങ്കിലും തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടാറില്ലെന്നതാണു സത്യം. ഓഫീസ് സമയം കഴിഞ്ഞാല്‍ വീട്ടിലേക്കെത്താന്‍ വീണ്ടും ഒരുമണിക്കൂര്‍ ഡ്രൈവിംഗ്...

എമിറേറ്റ്സ് റോഡിലൂടെ ഷാര്‍ജ്ജയിലെത്താന്‍ അല്പം കൂടുതല്‍ ദൂരം സഞ്ചരിക്കണം. എങ്കിലും ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് റോഡിലെ കടുത്ത വാഹനത്തിരക്കുമായി തുലനം ചെയ്യുമ്പോള്‍ എമിറേറ്റ്സ് റോഡാണു യാത്രാ സമയം കുറയ്ക്കാന്‍ നല്ലതു്. ഷാര്‍ജ്ജയിലേക്കു നയിക്കുന്ന മല്ലിഹ റോഡിന്റെ മൂന്നു വരിയിലേക്കു തിരിയുന്നിടം വരെ പരമാവധി വേഗതയില്‍ തടസ്സങ്ങളില്ലാതെ വണ്ടിയോടിക്കാം.

പിന്നില്‍ വന്നിരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റ് തുടര്‍ച്ചയായി മിന്നി. എന്റെ വഴിയില്‍ തടസ്സമാകുന്ന നിന്റെ വാഹനം വേറെ ലെയിനിലേക്കു മാറ്റൂ എന്ന, പിന്നിലെ ഡ്രൈവറുടെ ധാര്‍ഷ്ട്യം നിറഞ്ഞ ആജ്ഞയാണതു്. സതീഷ് വേഗമാപിനിയിലേക്കു നോക്കി. 140നും അല്പം താഴെയാണു സൂചി. മണിക്കൂറില്‍ 120 കിലോമീറ്ററാണു് എമിറേറ്റ്സ് റോഡിലനുവദനീയമായ പരമാവധി വേഗം. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയിലെത്തിയാലേ റഡാര്‍ ക്യാമറ പ്രവര്‍ത്തിക്കൂ എന്നതിനാല്‍ കൂടുതല്‍ വാഹനങ്ങളും അത്രയും വേഗത നിലനിര്‍ത്താറുണ്ടു്. അനുവദനീയമായ പരമാവധി വേഗതയില്‍ പോകുമ്പോഴും പിന്നില്‍ വന്നു ഹെഡ് ലൈറ്റു മിന്നിക്കുന്ന ഡ്രൈവറോടു പെട്ടന്നൊരു ദേഷ്യം തോന്നി. ഡബിള്‍ ഇന്‍ഡിക്കേറ്റര്‍ മിന്നിച്ചു കൊണ്ടു്, സതീഷ് മെല്ലെ ബ്രേക്കില്‍ കാലമര്‍ത്തി. വഴി മാറാന്‍ തല്ക്കാലം ഉദ്യേശമില്ല എന്ന സന്ദേശം മനസ്സിലാക്കിയ പിന്നിലെ ഡ്രൈവര്‍ ഹെഡ് ലൈറ്റ് മിന്നിക്കുന്നതു നിറുത്തി.

പെട്ടെന്നുണ്ടായ ദേഷ്യം മാറിയ സതീഷ്, പിന്നിലെ വാഹനത്തിനായി ലെയിന്‍ മാറിക്കൊടുക്കാം എന്നു ചിന്തിച്ച നിമിഷത്തില്‍ത്തന്നെ പിന്നിലുണ്ടായിരുന്ന ഇന്‍ഫിനിറ്റി ക്യുഎക്സ്-80, വലതുവശത്തെ ലെയിനിലൂടെ സതീഷിനു മുന്നിലെത്തി. ഡ്രൈവിംഗ് സീറ്റിലിരുന്ന മീശ മുളയ്ക്കാത്ത അറബിപ്പയ്യനെ മിന്നായം പോലെ കണ്ട സതീഷ് അവനില്‍ നിന്നും ഒരു കുറുമ്പു തിരികെ പ്രതീക്ഷിച്ചു. പ്രതീക്ഷയൊട്ടും തെറ്റിയില്ല, സതീഷിന്റെ വാഹനത്തിനു മുന്നിലേക്കു കയറിയ ഉടന്‍ അവന്‍ പെട്ടെന്നു ബ്രേക്കിടുകയും അതിനേക്കാള്‍ പെട്ടെന്നു വേഗം കൂട്ടി വണ്ടി മുന്നോട്ടു പായിക്കുകയും ചെയ്തു. എന്നാല്‍ അവന്റെ ചെയ്തി അപ്രതീക്ഷിതമല്ലാതിരുന്നതിനാല്‍ അവന്‍ ബ്രേക്കു ചവിട്ടുന്നതിനു മുമ്പേ സതീഷ് വലത്തേ ലെയിനിലേക്കു മാറിക്കഴിഞ്ഞിരുന്നു.

തന്നെ ഡ്രൈവിംഗ് പഠിപ്പിച്ച ജാഫര്‍ ഗുല്‍ മുഹമ്മദ് എന്ന പാകിസ്താനി *ഉസ്താദിനെ സതീഷ് ഓര്‍മ്മിച്ചു പോയി. തുടര്‍ച്ചയായി അഞ്ചുതവണ ഡ്രൈവിംഗ് ടെസ്റ്റില്‍ പരാജയം രുചിച്ച ശേഷം ആറാമത്തെ ടെസ്റ്റിനുള്ള പരിശീലനത്തിനായി ഡ്രൈവിംഗ് സ്കൂളില്‍ എത്തിയപ്പോഴാണു് അദ്ദേഹത്തെ ഉസ്താദായി കിട്ടിയതു്. 

"ഭായ് സാബ്, ആപ് ഗാഡി ചലാനേ കോ ബഹുത് ഡര്‍തേ ഹേം. ഐസേ ഹേ തോ ആപ് കഭീ ടെസ്റ്റ് പാസ് നഹി ഹോംഗേ..."

ക്ലാസ് തുടങ്ങിയ ദിവസം തന്നെ ഉസ്താദ് പറഞ്ഞു.

സതീഷിന്റെ പേടിമാറ്റാനായി തിരക്കുള്ള റോഡിലൂടെ സ്റ്റിയറിംഗില്‍ കൈ തൊടാതെ വണ്ടിയോടിപ്പിച്ചൂ, ഉസ്താദ്. വലത്തേയറ്റത്തുള്ള ലെയിനില്‍ നിന്നും റിയര്‍വ്യൂ മിററില്‍ മാത്രം നോക്കി ഇടത്തേയറ്റത്തെ ലെയിനിലേക്കു്, മറ്റു വാഹനങ്ങള്‍ക്കിടയിലൂടെ വാഹനം കുതിച്ചു പായിക്കാന്‍ പരിശീലിപ്പിച്ചതു ഉസ്താദ് ജാഫര്‍ ഗുല്‍ മുഹമ്മദാണ്.

ഡ്രൈവിങ്ങ് ടെസ്റ്റ് പാസ്സായ സന്തോഷവാര്‍ത്ത അറിയിക്കാനെത്തിയപ്പോള്‍ സതീഷിനെ ആലിംഗനം ചെയ്തു കൊണ്ടു് ഉസ്താദു് പറഞ്ഞു:

"താങ്കളുടെ ഭയം മാറ്റാന്‍ വേണ്ടി മാത്രമാണു ഞാന്‍ ചില കടുംകൈകളൊക്കെ ചെയ്യിച്ചതു്. ഒറ്റയ്ക്കു വണ്ടിയോടിക്കുമ്പോള്‍ ശ്രദ്ധിക്കണം; നമ്മള്‍ മൂലം ആര്‍ക്കും ഒരപകടവും സംഭവിക്കരുതു്.  
ഹമേശാ യേ യാദ് രഖ്നാ ഹേം, കഭീ ഡര്‍നാ മത്! ഡര്‍ ഗയാ തോ, സോചോ, മര്‍ ഗയാ...." 

ഷോലേയിലെ ഗബ്ബാര്‍ സിംഗിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടു് ഉസ്താദ് പൊട്ടിച്ചിരിച്ചു.

ഫോണ്‍ബെല്ലാണു സതീഷിനെ ചിന്തകളില്‍ നിന്നുണര്‍ത്തിയതു്. ഹെഡ്സെറ്റ് ഇല്ലാതിരുന്നതിനാല്‍ അറ്റന്‍ഡ് ചെയ്തില്ല. ഫോണ്‍ വീണ്ടും രണ്ടുതവണ റിംഗ് ചെയ്തതിനാല്‍ വണ്ടി റോഡിന്റെ വലതു വശത്തേക്കൊതുക്കി നിറുത്തി.

വിജയ് മേനോനാണു വിളിച്ചിരുന്നതു്. തിരികെ വിളിച്ചു. നമ്പര്‍ ബിസിയായിരുന്നു. ഒരു നിമിഷത്തിനു ശേഷം വീണ്ടും ശ്രമിച്ചപ്പോള്‍ അയാളെ ലൈനില്‍ കിട്ടി.

"എനിക്കു തോന്നിയിരുന്നു, ഡ്രൈവിങ്ങിലായിരിക്കുമെന്നു്. ഈ വെള്ളിയാഴ്ച നമുക്കെല്ലാവര്‍ക്കും കൂടെ ഒന്നിരിക്കണം. ഓണാഘോഷങ്ങളുടെ ഒരന്തിമരൂപമുണ്ടാക്കണം. തിരുവോണം കഴിഞ്ഞു മൂന്നാമത്തെ വെള്ളിയാഴ്ചയാണ് ഹാള്‍ കിട്ടിയിട്ടുള്ളതു്. അതിനിടയിലിനി അഞ്ചോ ആറോ വെള്ളിയാഴ്ചകള്‍ മാത്രമേ പ്ലാനിങ്ങിനും പ്രാക്ടീസിനുമൊക്കെക്കൂടി കിട്ടുകയുള്ളു...

ഓരോരുത്തരെയായി വിളിച്ചു കൊണ്ടിരിക്കുകയാണു് ഞാന്‍ . ഒരാള്‍ക്കും ഒരുത്തരവാദിത്തവും താല്പര്യവുമില്ല; ഇതിപ്പോള്‍ എന്റെ മാത്രം ആവശ്യമല്ലല്ലോ... അടുത്ത വെള്ളിയാഴ്ച വൈകിട്ടു് ആറു മണിക്കു തന്നെയെത്തണം, കോര്‍ണിഷിലുള്ള ഹനീഫിന്റെ ഫ്ലാറ്റില്‍ ..."

സതീഷ്‌ വീണ്ടും വണ്ടി റോഡിലേക്കിറക്കി.

വിജയ്‌ മേനോന്‍ *എത്തിസലാത്തിലാണു ജോലി ചെയ്യുന്നതു്. ആഴ്ചയില്‍ അഞ്ചു ദിവസം ജോലി ചെയ്‌താല്‍ മതി, അതും എട്ടു മണിക്കൂര്‍ മാത്രം. സര്‍ക്കാര്‍ സര്‍വീസില്‍ സുഖിച്ചു ജോലി ചെയ്യുന്ന അയാള്‍ക്കൊന്നും ദിവസവും പതിന്നാലു മണിക്കൂര്‍ വരെ ജോലിയെടുക്കേണ്ടി വരുന്ന സ്വകാര്യ മേഖലയിലെ ജോലിക്കാരുടെ ദുഃസ്ഥിതി മനസ്സിലാകില്ല. ആകെ ഒരു വെള്ളിയാഴ്ചയാണു് അവധി കിട്ടുക. അതും ഇങ്ങനെ ഓരോരോ പരിപാടികളുടെ പിന്നാലെ പോയിത്തീരും. ഇനിയിപ്പോള്‍ മൂന്നാലു മാസം ഓണാഘോഷങ്ങളുടെ തിരക്കാണു്. ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങള്‍ തുടങ്ങുന്നതു വരെയുള്ള വെള്ളിയാഴ്ചകളിലെല്ലാം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ അരങ്ങു തകര്‍ക്കും. ഒപ്പം ഈദ് ആഘോഷങ്ങള്‍ കൂടിയാകുമ്പോള്‍ ആഘോഷങ്ങളുടെ മേല്‍ ആഘോഷമാകും.

ഇവിടുത്തെ ഓണാഘോഷങ്ങള്‍ക്കു് എല്ലായ്പോഴും ഒരേ ചിട്ടവട്ടങ്ങള്‍ തന്നെ! ഏറ്റവും വലിയ കുടവയറുള്ള രണ്ടോ മൂന്നോ പേര്‍ രാവിലെ മുതല്‍ തന്നെ മാവേലിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നുണ്ടാകും. അത്തക്കള മത്സരമാകും ഓണാഘോഷങ്ങളുടെ ആദ്യയിനം. അത്തപ്പൂക്കളം എന്നു പറയാറില്ല, കാരണം പൂക്കളേക്കാളേറെ ഉപ്പും, നിറമുള്ള പൊടികളുമൊക്കെയാണു് മത്സരത്തിലെ അത്തക്കളങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നതു്. പിന്നെ മികച്ച മലയാളി മങ്കയേയും മലയാളിപ്പുരുഷനെയും കണ്ടെത്താനുള്ള മത്സരങ്ങള്‍ ... 

ഉച്ചയ്ക്കു വിഭവ സമൃദ്ധമായ സദ്യ, വാഴയിലയില്‍ത്തന്നെ! അതിനു് ഏതെങ്കിലും ഹോട്ടലില്‍ ഓര്‍ഡര്‍ നല്കിയിട്ടുണ്ടാകും. സദ്യ വാഴയിലയിലാണെങ്കിലും പായസം ഡിസ്പോസിബിള്‍ ഗ്ലാസ്സിലേ വിളമ്പൂ... പഴവും ചേര്‍ത്തു നന്നായിക്കുഴച്ച്, വാഴയിലയില്‍ നിന്നും പായസമുണ്ണുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണു്. ഡിസ്പോസിബിള്‍ ഗ്ലാസില്‍ പായസം കുടിക്കുന്നവര്‍ക്കതു മനസ്സിലാകില്ല.

ഉച്ചയ്ക്കു ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്തങ്ങള്‍, കൈകാട്ടിക്കളി, തിരുവാതിരക്കളി, സ്കിറ്റുകള്‍, ഗാനാലാപനം ... വൈകുന്നേരം ഏതങ്കിലും ടി.വി. റിയാലിറ്റി ഷോക്കാരുടെ ഗാനമേള, അല്ലെങ്കില്‍ മിമിക്രി. നാട്ടില്‍ നിന്നും ശിങ്കാരി മേളക്കാരെ ആരെയെങ്കിലും കൊണ്ടുവരാന്‍ പറ്റിയാല്‍ പുട്ടിനു പീര പോലെ, ഇടയ്ക്കിടെ അവരുടെ പ്രകടനങ്ങളും... രാത്രി പത്തു പന്ത്രണ്ടു മണിവരെ നീളുന്ന കൃത്രിമത്തമുള്ള ആഘോഷങ്ങള്‍  ..

ബാല്യത്തിലെ ഓണക്കാലത്തേക്കു സ്വയമറിയാതെ മനസ്സു പറന്നു. എത്ര നാളുകള്‍ക്കു മുമ്പേ തുടങ്ങുന്ന കാത്തിരുപ്പാണു്, അത്തമെത്താന്‍! പരീക്ഷകള്‍ ശല്യമാകാതിരിക്കാന്‍ ഓണപ്പരീക്ഷയ്ക്കുള്ള പാഠങ്ങള്‍ മുമ്പേ പഠിച്ചു തീര്‍ത്തിട്ടുണ്ടാകും...

അത്തത്തിന്റെ തലേന്നു മുതല്‍ എല്ലാ ദിവസവും സ്കൂളില്‍  നിന്നെത്തിയാലുടന്‍, പുസ്തകസഞ്ചി മുറിയിലിട്ടു്, പൂക്കൂടയുമായി ഓട്ടമാകും. തോട്ടിറമ്പിലും പാടവരമ്പിലുമെല്ലാം പൂക്കള്‍ തേടി കൂട്ടുകാര്‍ക്കൊപ്പമലയും..... മത്സരിച്ചാണു പൂക്കളിറുക്കുന്നതു്... ഷിബു, റോയി, സുനി, അമ്പിളി, സജി, പാപ്പച്ചന്‍, ജോയി, മക്കപ്പന്‍, റീനി, മിനി, കുഞ്ഞുമോള്‍, പൊന്നന്‍, ബെന്നി.... എല്ലാ മുഖങ്ങളും ഇപ്പോഴും മായാതെ മനസ്സിലുണ്ടു്...

ഇരുട്ടു വീണു തുടങ്ങുമ്പോള്‍, കൂട നിറയെ പൂക്കളുമായി വീട്ടിലെത്തും. തുമ്പപ്പൂക്കള്‍ ഓരോന്നായി പറിച്ചെടുക്കാന്‍ സമയമില്ലാത്തതിനാല്‍ തുമ്പക്കുടം ഒന്നാകെ പൊട്ടിച്ചെടുക്കും. അതിനെല്ലാ ദിവസവും അച്ഛമ്മയുടെ ശകാരവും കിട്ടാറുണ്ടു്: 

"ഇനിയും വിടരാനുള്ള എത്ര മൊട്ടുകളാണു് ആ തുമ്പക്കുടത്തിലുണ്ടാവുക? അല്പം ക്ഷമയോടെ തുമ്പപ്പൂക്കള്‍ പറിച്ചെടുക്കുന്നതിനു പകരം അതൊട്ടാകെ നശിപ്പിച്ചില്ലാതാക്കിയാലെങ്ങനാ കുട്ടാ..."

പക്ഷേ പിറ്റേന്നും അതു തന്നെയാവര്‍ത്തിക്കും. ഓരോ പൂക്കളായി പറിക്കാനിരുന്നാല്‍ തുമ്പക്കുടങ്ങളെല്ലാം മറ്റാരുടെയെങ്കിലും കൂടയിലാകും. അതു വല്ലതും അച്ഛമ്മയ്ക്കറിയാമോ?

രാവിലെ സതീഷ് ഉറക്കമുണര്‍ന്നു വരുമ്പോള്‍ ചേച്ചിമാര്‍ അത്തപ്പൂക്കളമൊരുക്കി കഴിഞ്ഞിട്ടുണ്ടാകും. അത്തം മുതല്‍ ഓണം വരെയുള്ള പത്തു ദിവസങ്ങളിലും അതാവര്‍ത്തിക്കും. 

പത്തു ദിവസത്തെ ഓണാവധിക്കായി പള്ളിക്കൂടമടച്ചു കഴിഞ്ഞാല്‍ പിന്നെ ഓണക്കളികളുടെ ആവേശം അതിന്റെ പാരമ്യത്തിലെത്തുകയായി.

അയലത്തെ രുഗ്മിണിച്ചേച്ചിയുടെ വീട്ടിലെ മുത്തശ്ശിമാവില്‍ വലിയൊരു ആലാത്തൂഞ്ഞാലുണ്ടാകും. അതില്‍ മാനത്തേക്കു പറന്നുയര്‍ന്നു്, ഏറ്റവും ഉയരമുള്ള കൊമ്പിലെ ഇലകടിച്ചു കൊണ്ടുവന്നു കേമത്തം കാട്ടാന്‍ കൂട്ടുകാര്‍ തമ്മില്‍ മത്സരമാണു്... 

ഷിബുവിന്റെ വീട്ടുമുറ്റത്താണു് നാട്ടിലെ സ്ത്രീകളെല്ലാം ഒത്തുകൂടുക. ഉത്രാടം മുതല്‍ ചതയം വരെയുള്ള നാലുനാളുകളില്‍ വട്ടക്കളി, കുമ്മിയടി, കലിയും പുലിയും കളി, തുമ്പി തുള്ളല്‍ ... അങ്ങിനെ നാടന്‍ കളികളുടെ സമ്മോഹന ഭാവങ്ങള്‍ അവിടെയുണരും. ഇടയ്ക്കു് ആണ്‍കുട്ടികളും കളികളില്‍ കൂടും...

ആകെക്കൂടി ആനന്ദദായകമായ ഉത്സവദിനങ്ങളാണെല്ലാം...

എന്നാലും ഇടയ്ക്കിടെ അച്ഛമ്മ പറയുന്നതു കേള്‍ക്കാം: 

"പണ്ടുണ്ടായിരുന്ന ഓണക്കളികളുടെ ഒരു  ചന്തവുമിന്നില്ല; മനുഷ്യരുടെ ഒത്തൊരുമയുമില്ല. ഇപ്പോഴത്തെ കുട്ടികള്‍ക്കു് ഓണത്തെക്കുറിച്ചെന്തറിയാം..."

വണ്ടി ഫ്ലാറ്റിനു കീഴിലെ പാര്‍ക്കിങ്ങ്‌ സ്ഥലത്തെത്തിയപ്പോഴാണു സതീഷിനു സ്ഥലകാല ബോധമുണ്ടായതു്. ഇതെങ്ങനെ ഇവിടെത്തി? വിജയ് മേനോന്റെ ഫോണ്‍ കോളിനു ശേഷം വണ്ടി റോഡിലേക്കെടുത്തതില്‍പ്പിന്നെ റോഡും വാഹനങ്ങളുമൊന്നും ഓര്‍മ്മയിലില്ല. തിരക്കുള്ള റോഡിലൂടെ സുരക്ഷിതമായി വീട്ടിലെത്തിയതിനു് അയാള്‍ മനസ്സാലേ  ദൈവത്തിനു നന്ദി പറഞ്ഞു. ചിലപ്പോഴെല്ലാം ഇങ്ങനെ സംഭവിക്കാറുണ്ടു്. യാത്ര തുടങ്ങിയാല്‍ പിന്നെ ലക്ഷ്യസ്ഥാനത്തെത്തുന്നതു വരെ ബോധമനസ്സു് ശൂന്യമായിരിക്കും. വന്ന വഴികളും വഴിയിലെ കാഴ്ചകളുമൊന്നും മനസ്സിലുണ്ടാവുകയേയില്ല.

വിനീത ഫ്ലാറ്റിന്റെ വാതില്‍ തുറന്നു. സതീഷ്‌ അകത്തേക്കു കയറുമ്പോള്‍ കണ്ടു, വിഷ്ണു കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നുണ്ടു്. സതീഷിന്റെയും വിനീതയുടെയും എല്ലാ സ്വപ്നങ്ങളുടേയും കേന്ദ്രസ്ഥാനം ഏകപുത്രനായ വിഷ്ണുവിലാണു്.  അവനിപ്പോള്‍ ഏഴാം തരത്തിലാണു പഠിക്കുന്നതു്. അവന്‍ പഠിക്കുന്ന സ്കൂളില്‍ തന്നെ അവന്റെ അമ്മയും ജോലി ചെയ്യുന്നു. ഫ്ലാറ്റും ടെലിവിഷനും വീഡിയോ ഗയിമുകളും കമ്പ്യൂട്ടറുമായി അവന്റെ ബാല്യവും കൌമാരവും കൊഴിഞ്ഞു പോകുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍ സതീഷിനു ചിലപ്പോഴെങ്കിലും സങ്കടം തോന്നാറുണ്ടു്. 

ജൂലൈ, ആഗസ്റ്റ്‌ മാസങ്ങള്‍ ഗള്‍ഫിലെ വിദ്യാലയങ്ങള്‍ക്കു മദ്ധ്യവേനലവധിക്കാലമാണു്. കുടുംബങ്ങള്‍ അവധിയാഘോഷിക്കാന്‍ നാട്ടിലേക്കു പോകുന്ന കാലമായതിനാല്‍ വിമാന ടിക്കറ്റുകള്‍ക്കു സാധാരണയുള്ളതിന്റെ അഞ്ചും ആറും മടങ്ങാണു നിരക്കു്. അതുകൊണ്ടു തന്നെ രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോഴേ സതീഷും കുടുംബവും നാട്ടില്‍ പോകാറുള്ളൂ

അവധിക്കാലത്തു നാട്ടില്‍ പോയാലും നാട്ടില്‍ അവന്റെ പ്രായക്കാര്‍ക്കപ്പോള്‍ പഠനകാലമായതിനാല്‍ വിഷ്ണുവിനവിടെയും കളിക്കൂട്ടുകളൊന്നുമില്ല. കമ്പ്യൂട്ടറും ടെലിവിഷനും തന്നെയാണു നാട്ടിലും അവന്റെ കൂട്ടുകാര്‍

അച്ഛന്‍ മുറിയിലെത്തിയതു കണ്ട വിഷ്ണു ആവേശത്തോടെ ചാടിയെഴുന്നേറ്റു സതീഷിന്റെയടുത്തെത്തി. 

"ഡാഡ്, യൂ നോ, ഐ വോസ് ഡിസൈനിങ് എ ഫ്ലവര്‍ കാര്‍പറ്റ്. കം ആന്റ് ഹാവ് എ ലുക്ക് അറ്റിറ്റ്..... ഐ ഹാവ് ഡണ്‍  ഇറ്റ്‌ ഇന്‍ അഡോബീ ഇല്ലസ്ട്രേറ്റര്‍ "

ഫ്ലവര്‍ കാര്‍പറ്റു് ... അത്തക്കളത്തിനെ ആരാണാവോ കാര്‍പ്പെറ്റു് ആക്കി മാറ്റിയതു്? 

കമ്പ്യൂട്ടറില്‍ മനോഹരമായ ഒരു പൂക്കളത്തിന്റെ ഗ്രാഫിക് ചിത്രം. വിഷ്ണു നല്ലൊരു കലാകാരനാണു്. ഈ പ്രായത്തില്‍ തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ നല്ല വൈഭവവുമുണ്ടു്. 

"ഓ, വെരി നൈസ്, യു ഹാവ് ഡണ്‍ ഇറ്റ് വെല്‍ മൈ ചൈല്‍ഡ് .."

"താങ്ക്യൂ ഡാഡ്.. ഐ'ല്‍ പോസ്റ്റ്‌ ഇറ്റ്‌ ഓണ്‍ ഇന്‍സ്റ്റാഗ്രാം."

അടുത്ത തലമുറയുടെ ഓണം, ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലാകും ഒതുങ്ങുക. സതീഷ്‌ ഓര്‍ത്തു, കുട്ടിക്കാലത്തു ഞങ്ങളൊക്കെ അനുഭവിച്ച സന്തോഷങ്ങള്‍ ഈ തലമുറയ്ക്കു നഷ്ടപപെടുകയാണല്ലോ...നാട്ടില്‍ വളരുന്ന കുട്ടികളെങ്കിലും ഇപ്പോഴും പൂക്കളിറുത്തു പൂക്കളമുണ്ടാക്കുന്നുണ്ടോ? ഓണക്കളികളും ഊഞ്ഞാലാട്ടങ്ങളുമായി കൂട്ടരോടൊത്തുല്ലസിക്കുന്നുണ്ടോ? 

മനസ്സില്‍ അച്ഛമ്മയുടെ മുഖം തെളിഞ്ഞു, അച്ഛമ്മ ചിരിച്ചു.

"പണ്ടുണ്ടായിരുന്ന ഓണക്കളികളുടെ ഒരു  ചന്തവുമിന്നില്ല; മനുഷ്യരുടെ ഒത്തൊരുമയുമില്ല. ഇപ്പോഴത്തെ കുട്ടികള്‍ക്കു് ഓണത്തെക്കുറിച്ചെന്തറിയാം..."

ഇനിയുള്ള തലമുറകളും ഇങ്ങനെ തന്നെയാവില്ലേ അവരുടെ പിന്‍തലമുറകളെക്കുറിച്ചു ചിന്തിക്കുക..? സതീഷിന്റെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. 

------------------------------------------------------------
*വേഗമാപിനി - സ്പീഡോമീറ്റര്‍
*ഉസ്താദ് - ഗുരു
*എത്തിസലാത്തു്  - യു.എ.ഇ. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഒപ്പറേറ്റിങ്ങു് കമ്പനി.