2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

എലോയ്, എലോയ് ലാമ സബക്ക്ത്താനി

ഈശോയെ കുരിശില്‍ത്തറച്ചു കൊല്ലാന്‍ പീലാത്തോസ്‌ വിധിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ ചിരിക്കാനാണു തോന്നിയതു്!

മൂന്നുവര്‍ഷക്കാലം ഗുരുവിനോടൊപ്പം ദേശമെങ്ങും ചുറ്റിസ്സഞ്ചരിച്ചവനാണു ഞാന്‍ ! അത്ഭുതങ്ങളുടെ പെരുമഴയായിരുന്നു ഓരോ ദിവസവും! സൗഖ്യംനേടുന്ന കുഷ്ഠരോഗികളും കാഴ്ചലഭിക്കുന്ന അന്ധരും നിവര്‍ന്നു നടക്കുന്ന തളര്‍വാതരോഗികളും പതിവുകാഴ്ചകളായിരുന്ന കാലം. മരിച്ചു നാലുനാളുകള്‍ക്കുശേഷം ലാസര്‍ ഉയിര്‍ത്തുവന്നു നിന്നത് എന്റെയും കണ്‍മുമ്പിലായിരുന്നു.

ഒരു വാക്കില്‍, ഒരു നോക്കില്‍ , ഒരു സ്പര്‍ശനത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഗുരുവിനെ ഇവര്‍ക്കെങ്ങനെ കുരിശില്‍ത്തറച്ചു കൊല്ലാനാകും? എനിക്കുതന്ന പണം നഷ്ടമാകും എന്നതിനപ്പുറം അവരുടെ ആഗ്രഹങ്ങള്‍ സഫലമാകുവാന്‍ പോകുന്നില്ല! മുപ്പതു വെള്ളിനാണയങ്ങള്‍ അത്ര വലിയ പ്രലോഭനമൊന്നുമല്ല; എങ്കിലും അതത്ര ചെറിയ തുകയല്ലല്ലോ!

എങ്ങനെ ഞാന്‍ ചിരിക്കാതിരിക്കും?

എന്താണു സംഭവിക്കുവാന്‍ പോകുന്നതെന്നു ഗുരുവിനു നന്നായറിയുമായിരുന്നു. നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കുമെന്നു പെസഹാ ഭക്ഷണത്തിനിരിക്കുമ്പോള്‍ ഈശോ പരസ്യമായി പറഞ്ഞതല്ലേ? പെസഹാ അപ്പം എനിക്കു നേരെ നീട്ടുമ്പോള്‍ നീ ചെയ്യാനാഗ്രഹിക്കുന്നതു ചെയ്യുക എന്ന് അവനെന്നോടു പറഞ്ഞത്, ഒരുപക്ഷേ വേറെയാരും കേട്ടിരിക്കില്ല.

കാല്‍വരി മലയിലെക്കാണ് അവര്‍ ഈശോയെ കൊണ്ടുപോകുന്നതെന്നു കേട്ടു. തന്നെ കുരിശില്ത്തറയ്ക്കാന്‍ ശ്രമിക്കുന്ന റോമന്‍ പടയാളികളുടെയും ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടത്തിന്റെയും മുന്നില്‍ ഈശോ ചെയ്യുന്ന അത്ഭുതം നേരില്‍ക്കാണാന്‍ ഞാനാഗ്രഹിച്ചു. ഇന്നു സംഭവിക്കുന്ന അത്ഭുതത്തോടെ, ഈശോ തന്നെയാണു തങ്ങള്‍ കാത്തിരുന്ന മിശിഹ എന്നു തിരിച്ചറിയുന്ന ജനങ്ങള്‍, അവനെ ഇസ്രായേലിന്റെ രാജാവാക്കുകതന്നെ ചെയ്യും!

അതിന്റെ നേട്ടം എനിക്കുകൂടി അവകാശപ്പെട്ടതല്ലേ?

എങ്കിലുമെന്തുകൊണ്ടോ ജനക്കൂട്ടത്തോടൊപ്പം കുരിശുയാത്രയെ പിന്തുടരാന്‍ എനിക്കു ഭയം തോന്നി.

കാല്‍വരിമലയുടെ എതിര്‍വശത്തെ കുന്നിലുള്ള കുശവന്റെ പറമ്പും അവിടെ ഒറ്റപ്പെട്ടു നില്‍ക്കുന്ന അത്തിവൃക്ഷവും എനിക്കോര്‍മ്മ വന്നു. ആ മരത്തിലിരുന്നാല്‍ കാല്‍വരിയിലെക്കാഴ്ചകള്‍ വളരെ വ്യക്തമായി കാണാം. 

ഞാന്‍ അവിടെക്കോടി.

പ്രതീക്ഷിക്കാത്ത കാഴ്ചകളാണല്ലോ ദൈവമേ കണ്‍മുമ്പിലുള്ളതു്! കണ്ടാല്‍ മനുഷ്യനാണെന്നു പോലും തിരിച്ചറിയാനാവാത്ത വിധം ചോരയില്‍ക്കുളിച്ചു മുള്‍ക്കിരീടം ചൂടി നില്‍ക്കുന്ന ഈശോ! അവന്റെ വസ്ത്രങ്ങള്‍ പടയാളികള്‍ ബലമായി ഉരിഞ്ഞെടുക്കുന്നു. അവനെയവര്‍ കുരിശില്‍ക്കിടത്തി, കൈകാലുകള്‍ വലിച്ചുനീട്ടി കുരിശോടു ചേര്‍ക്കുന്നു. ഗുരുവിന്റെ കൈകാലുകളില്‍ വലിയ ഇരുമ്പാണികള്‍ തറച്ചുകയറ്റുന്നു. കുരിശില്‍ പിടയുന്ന അവന്റെ കൈകാലുകള്‍ അവര്‍ കുരിശിലെ ആണിപ്പഴുതുകളിലേയ്ക്കു വലിച്ചുനീട്ടുന്നു. പച്ചമാംസത്തില്‍ കോര്‍ത്ത ആണിയിലേക്ക് ആഞ്ഞുപതിക്കുന്ന കൂടത്തിന്റെ ശബ്ദം. ജനക്കൂട്ടം ആര്‍ത്തട്ടഹസിക്കുന്നു.

ഇനിയുമെന്താണ് ആ അത്ഭുതം സംഭവിക്കാത്തത്!!!!

എനിക്കു തലകറങ്ങുന്നുവല്ലോ !

മരത്തിന്റെ തായ്ത്തടിയില്‍ ഇറുകെച്ചേര്‍ത്തു പിടിച്ച എന്റെ കൈകളില്‍ ഏതോ ഒരു കാട്ടുവള്ളി തടഞ്ഞു. കാല്‍വരി മലയില്‍ ഈശോയെത്തറച്ച കുരിശ്, പടയാളികള്‍ ലംബമായി ഉയര്‍ത്തിനിറു‍ത്തി.


"നിന്റെ കൊടുംപാതകത്തിനു നിനക്കൊരിക്കലും മാപ്പില്ല..."

ഏദനിലെ *പുരാതനസര്‍പ്പം യൂദാസിന്റെ ചിന്തകളിലേക്കു വീണ്ടും വിഷം വമിച്ചു..
കൈയ്യില്‍ത്തടഞ്ഞ കാട്ടുവള്ളിയില്‍ത്തീര്‍ത്ത കുരുക്കില്‍ അവന്റെ കഴുത്തു ഞെരിഞ്ഞു...ആകാശത്തിനും ഭൂമിക്കുമിടയില്‍ യൂദാസിന്റെ ശരീരം തൂങ്ങിയാടി!

ക്ഷമാസാഗരമായ സര്‍വ്വശക്തന്റെ അപരിമേയമായ കരുണയെ കൈവെടിഞ്ഞ ശിഷ്യനെയോര്‍ത്തു്, കാല്‍വരിയിലെ കുരിശില്‍ കൊടുംവേദനയോടെ പിടഞ്ഞുകൊണ്ട്,  ഈശോ അപ്പോള്‍ ഉറക്കെ കരഞ്ഞു:

*എലോയ്, എലോയ് ലാമ സബക്ക്ത്താനി....”
------------------------------------------------------------------------------------------------------------


* ഏദനില്‍ ഹവ്വയ്ക്കായി വിലക്കപ്പെട്ട കനി നല്കിയ സര്‍പ്പം
എലോയ്, എലോയ് ലാമ സബക്ക്ത്താനി - എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു 

2 അഭിപ്രായങ്ങൾ: