2015, മാർച്ച് 4, ബുധനാഴ്‌ച

ഭാഗ്യംവരുന്ന വഴികള്‍


ഭാഗ്യംവരുന്ന ഓരോരോ വഴികള്‍ നോക്കണേ!

വൈകുന്നേരം ഓഫീസില്‍നിന്നെത്തി കുളിയും ചായകുടിയുമൊക്കെക്കഴിഞ്ഞു മെയില്‍നോക്കാനിരുന്നതാണു ഞാന്‍. അപ്പോഴാണു നിക്കോലെറ്റ് ഷ്വാര്‍ട്ട്സ് എന്നൊരാളുടെ മെയില്‍ കണ്ടതു്. പേരിന്റെ ഉച്ചാരണം അങ്ങനെതന്നെയാണോ ആവോ? അല്ലെങ്കിലിപ്പോള്‍ ഒരു പേരിലെന്തിരിക്കുന്നു!

മെയില്‍ വായിച്ചപ്പോഴല്ലേ കാര്യങ്ങള്‍ വ്യക്തമാകുന്നതു്. ആഫ്രിക്കയിലെവിടെയോ ഉള്ള ഒരു കോടീശ്വരന്റെ ഒറ്റപുത്രിയാണ്, എനിക്കു മെയില്‍ അയച്ചിരിക്കുന്ന നിക്കോലെറ്റ് ഷ്വാര്‍ട്ട്സ്. ഇപ്പറഞ്ഞ കോടീശ്വരന്‍ അഞ്ചാറുമാസങ്ങള്‍ക്കുമുമ്പ്, ഒരപകടത്തില്‍ മരിച്ചുപോയി.

ഇപ്പോള്‍ 19 വയസ്സുള്ള, നമ്മുടെ നിക്കൊലെറ്റ് നേഴ്സറി സ്കൂളില്‍പ്പോകുന്ന നാളില്‍ത്തന്നെ അവളുടെ അമ്മ മരിച്ചുപോയിരുന്നു.

അയ്യോ പാവം കുട്ടി; ചെറിയ പ്രായത്തിലെ മാതാപിതാക്കളെ നഷ്ടമായല്ലോ! എനിക്കു സങ്കടംതോന്നി.

നിക്കൊലറ്റിന്‍റെ ഇപ്പോഴത്തെ പ്രശ്നം അതൊന്നുമല്ല; കോടിക്കണക്കിനു ഡോളറുകളുടെ ആസ്തികള്‍ ബാക്കിവച്ചാണു് അവളുടെ അച്ഛന്‍ മരണത്തിനു കീഴടങ്ങിയത്. ബന്ധുക്കളായി ആരുമില്ല; നിക്കൊലെറ്റിനാണെങ്കില്‍ ഇതെല്ലാം നോക്കിനടത്താനുള്ള കഴിവുമില്ല; അങ്ങനെയിരിക്കുമ്പോഴാണത്രേ ഫേസ്ബുക്കില്‍ എന്റെ പ്രൊഫൈല്‍ കണ്ടതു്. എന്റെ പരസ്നേഹംനിറഞ്ഞ പോസ്റ്റുകള്‍ കണ്ടപ്പോള്‍ ഒരുകോടി ഡോളര്‍ എനിക്കയച്ചുതരാമെന്നു തോന്നി മെയില്‍ അയച്ചതാണു്. ഒരുകോടി ഡോളര്‍ - എഴുപത്തിരണ്ടു കോടി ഇന്ത്യന്‍ രൂപ! എന്‍റെ കുട്ടീ, നിന്നെപ്പോലെ സന്മനസ്സുള്ളവര്‍ ഇക്കാലത്തും ജീവിച്ചിരിക്കുന്നെന്നോ!

ഫെയ്സ്ബുക്കില്‍ ഞാന്‍ മലയാളത്തിലെഴുതിയതൊക്കെ അവളെങ്ങനെ വായിച്ചോ ആവോ! എന്തായാലെന്താ നിനക്ക്, എന്റെ ബാങ്ക്അക്കൌണ്ട് കസ്റ്റമര്‍ നമ്പര്‍പോലുള്ള ചെറിയ ചില കാര്യങ്ങളല്ലേ അറിയേണ്ടതുള്ളൂ; എല്ലാം ഞാനയച്ചിട്ടുണ്ട്. നിന്റെ നല്ല മനസ്സിനു നന്ദി.


ഞാനിനി സന്തോഷമായി കിടന്നൊന്നുറങ്ങട്ടെ! ‍

അപ്പോള്‍ തെക്കന്‍ ഡല്‍ഹിയിലെ ഹോസ്റാണിയിലെ ഒരു ഫ്ലാറ്റിലെ കമ്പ്യുട്ടര്‍സ്ക്രീനിനു മുമ്പിലിരുന്നു തൊബിച്ചു ഒജംഗ്വ എന്ന നൈജീരിയക്കാരന്‍ ചിരിക്കുന്നത്, എന്റെ സ്വപ്നത്തില്‍പ്പോലും ഞാന്‍ കണ്ടില്ല.3 അഭിപ്രായങ്ങൾ: