2018 മാർച്ച് 10, ശനിയാഴ്‌ച

റോസി ടീച്ചര്‍


NH 66ല്‍ ചേര്‍ത്തല പ്രോവിഡന്‍സ് ജംഗ്ഷനിലെ തിരക്കില്‍, വണ്ടി നിറുത്തേണ്ടതായിവന്നപ്പോഴാണു റോഡിനു സമീപത്തെ മതിലിലൊട്ടിച്ചിരുന്ന പോസ്റ്റര്‍ ശ്രദ്ധിച്ചത്. ആദരാഞ്ജലികള്‍ എന്നെഴുതിയ വലിയ അക്ഷരങ്ങള്‍ക്കുതാഴെ, ചിരിക്കുന്ന മുഖത്തോടെയുള്ള ബാബുച്ചേട്ടന്റെ ഫോട്ടോ. അതിനുംതാഴെ, ജയപ്രസാദ് മറ്റത്തില്‍ എന്ന പേരും മരണസമയവും സംസ്കാരസമയവും അച്ചടിച്ചിരിക്കുന്നു. എന്നെ ഒന്നാംക്ലാസ്സില്‍ പഠിപ്പിച്ചിരുന്ന റോസി ടീച്ചറുടെ ഭര്‍ത്താവാണു മരിച്ച വ്യക്തി. മരണവും ദഹനവും കഴിഞ്ഞിട്ടു മൂന്നുനാലു ദിവസങ്ങള്‍കഴിഞ്ഞിരിക്കുന്നു. ഞാനറിഞ്ഞില്ലല്ലോ ദൈവമേയെന്നോര്‍ത്തുകൊണ്ട് അപ്പോള്‍ത്തന്നെ ടീച്ചറുടെ വീട്ടിലേക്കു വണ്ടിവിട്ടു.

ഒരുരാത്രിയില്‍ ഉറക്കമുണര്‍ന്ന്, ശരീരംകുഴയുന്നുവെന്നു പറഞ്ഞു. പെട്ടെന്നുതന്നെ അടുത്തുള്ള ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാനാകുംമുമ്പ് അദ്ദേഹം വീണ്ടും ഉറക്കത്തിലേക്കു വഴുതി. പിന്നെ ഒരിക്കലും ഉണരേണ്ടതില്ലാത്ത ഉറക്കം. ഒരിക്കല്‍ വലിയസംസാരവിഷയമായിരുന്ന പ്രണയകഥയിലെ നായികയാണു മുന്നറിയിപ്പില്ലാതെ തന്നെവിട്ടുപോയ തന്റെ പ്രിയനായകന്റെ അന്ത്യയാത്രയെക്കുറിച്ചെന്നോടു സംസാരിക്കുന്നതെന്നു ഞാനോര്‍ത്തു. ക്രിസ്ത്യാനിയായ റോസി ഡിസൂസ, ഹിന്ദുവായ ജയപ്രസാദിനെ വിവാഹംകഴിച്ചു ജോയ് ജയപ്രസാദായതിനെ രണ്ടുപേരുടെയും വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വീടുകളില്‍നിന്നു രണ്ടാളുകളും പുറത്താവുകയുംചെയ്തു. എങ്കിലും കാലംമായ്ക്കാത്ത മുറിവുകളില്ലല്ലോ. കാലാന്തരത്തില്‍ എല്ലാവരും പിണക്കങ്ങള്‍ മറന്നു.

അന്ധകാരനഴി ബി.ബി.എം. എല്‍.പി. സ്കൂളിലാണ് ഒന്നുമുതല്‍ നാലുവരെ ഞാന്‍ പഠിച്ചിരുന്നത്. എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്ന സ്കൂളായിരുന്നെങ്കിലും ആദ്യമായി ക്ലാസ്സിലെത്തുമ്പോള്‍ മനസ്സില്‍ ഭയമുണ്ടായിരുന്നു. എന്നാല്‍ ആ ഭയമെല്ലാം ദൂരെയകറ്റിയതു ക്ലാസ്ടീച്ചറായിരുന്ന റോസി ടീച്ചറുടെ സ്നേഹപൂര്‍ണ്ണമായ ഇടപെടലുകളാണ്. ഒന്നാംക്ലാസ്സില്‍നിന്നു രണ്ടാംക്ലാസ്സിലേക്കെത്തിയപ്പോള്‍ ഏറ്റവുമധികം സന്തോഷമുണ്ടായത് റോസിടീച്ചറും ഞങ്ങള്‍ക്കൊപ്പം ജയിച്ചതിനാലാണ്. ഞാന്‍ എ ഡിവിഷനിലായിരുന്നു. ബി ഡിവിഷനിലെ കുട്ടികളെല്ലാവരും ജയിച്ചപ്പോള്‍ അവിടുത്തെ ടീച്ചര്‍മാത്രം തോറ്റു. എന്നാല്‍ ഞങ്ങളുടെ റോസിടീച്ചര്‍ ജയിച്ചു 2 എയിലെ ക്ലാസ് ടീച്ചറായി. മൂന്നാം ക്ലാസ്സിലും റോസിടീച്ചര്‍തന്നെയായിരുന്നു ക്ലാസ് ടീച്ചര്‍.

നിനക്കും നിന്റെ ടീച്ചര്‍ക്കുമല്ലാതെ വേറാര്‍ക്കും നീയെഴുതുന്നതു വായിച്ചെടുക്കാനാകില്ലെന്ന്, എന്റെ അമ്മയെപ്പോഴും പറയുമായിരുന്നു. (കാക്ക മണ്ണില്‍ചികഞ്ഞതുപോലെ എന്നായിരുന്നു എന്റെ എഴുത്തിനെ അമ്മ വിശേഷിപ്പിച്ചിരുന്നത്. - അഞ്ചാംക്ലാസ്സിലെത്തിയപ്പോളേയ്ക്കും എന്റെ കൈയക്ഷരം ഞാൻ നന്നാക്കി, കേട്ടോ. ഹൈസ്കൂൾ ക്ലാസ്സുകളിലെ എന്റെ പലസഹപാഠികൾ അവരെക്കൊതിപ്പിച്ചിരുന്ന എന്റെ കൈയക്ഷരത്തെക്കുറിച്ച്, ഇപ്പോഴും പറയാറുണ്ട്.) 

എന്തായാലും എനിക്കു പഠനത്തില്‍ പിന്നീടുണ്ടായ നേട്ടങ്ങള്‍ക്കെല്ലാം പ്രധാനകാരണം റോസി ടീച്ചര്‍ അന്നുറപ്പിച്ച അടിസ്ഥാനങ്ങള്‍തന്നെയാണ്. (ഒന്നു ഞാന്‍ പറയാം, പഠനത്തെ സ്നേഹിക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്നത് ചെറിയക്ലാസ്സുകളിലെ അദ്ധ്യാപകരാണ്. അടിച്ചും പേടിപ്പിച്ചും പഠിപ്പിക്കുന്നതിനുപകരം കളികളിലൂടെയും ലളിതമായ പ്രായോഗികപരിശീലനങ്ങളിലൂടെയും പഠിപ്പിക്കുന്ന പ്രൈമറി അദ്ധ്യാപകരുടെ വിദ്ദ്യാര്‍ത്ഥികള്‍ ഗണിതത്തിലായാലും ശാസ്ത്രവിഷയങ്ങളിലായാലും ഭാഷയിലായാലും മികവുകാണിക്കും, കാരണം അവര്‍ ഇഷ്ടത്തോടെ പഠിക്കാന്‍ പരിശീലനംലഭിച്ചവരാണ്. അടിവാങ്ങി സങ്കലനപ്പട്ടികയും ഗുണനപ്പട്ടികയും പഠിക്കുന്നവര്‍ ജീവിതാന്ത്യംവരെ ഗണിതത്തെ ഭയക്കും.)

കിട്ടുന്ന സമയത്തിലധികവും പകല്‍ക്കിനാവുകളുമായോ പുസ്തകവായനയുമായോ ഒറ്റയ്ക്കു ചെലവഴിക്കുന്നതിനായിരുന്നു, കുട്ടിക്കാലത്ത്, എനിക്കേറെ താല്പര്യം. ഇടവേളകളില്‍, സ്കൂള്‍വരാന്തയില്‍ ഒറ്റയ്ക്കിരുന്നു കിനാവുകാണുമ്പോള്‍ "ചിന്താവിഷ്ടയായ സീതയെപ്പോലിരിക്കാതെ, പോയി കളിക്കെടാ" എന്നുപറഞ്ഞ്, സ്കൂള്‍ ഗ്രൌണ്ടിലെക്കോടിക്കുമായിരുന്നു, റോസി ടീച്ചര്‍. എന്റെവീട്ടില്‍നിന്ന് ഒമ്പതുകിലോമീറ്റര്‍ അകലെയായിരുന്നു ടീച്ചറും ബാബുച്ചേട്ടനും താമസിച്ചിരുന്നതെങ്കിലും ഇടയ്ക്കു ചില ശനിയാഴ്ചകളില്‍ ഞാന്‍ ചേച്ചിമാര്‍ക്കൊപ്പം ടീച്ചറുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. അവിടെച്ചെന്നാല്‍ വയറുനിറയെ ഐസ്ക്രീം കിട്ടുമായിരുന്നുവെന്ന പ്രലോഭനമായിരുന്നു യാത്രയ്ക്കു പിന്നില്‍. ഇടയ്ക്കു ടീച്ചര്‍ പറയും, ശനിയാഴ്ചയോ ഞായറാഴ്ചയോ വന്നോളൂ, ഞാന്‍ ഐസ്ക്രീം ഉണ്ടാക്കിവയ്ക്കാമെന്ന്. അങ്ങനെയുള്ള ദിവസങ്ങളിലായിരുന്നു, യാത്ര. (എന്റെ വീട്ടില്‍ അന്നു ഫ്രിഡ്ജൊന്നുമില്ല.)

ഞാനിന്നെന്തായിരിക്കുന്നുവോ, അതിനടിസ്ഥാനമിട്ട റോസിടീച്ചറെ ഒരിക്കല്‍ക്കൂടെ ആദരവോടെ നമിക്കുന്നു. മക്കളോടും മരുമാക്കളോടും പെരക്കുട്ടികളോടുമോപ്പം സന്തോഷകരമായി ജീവിതസായാഹ്നം ചെലവഴിക്കാന്‍ ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കി റോസിടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ. ഒപ്പം ബാബുച്ചേട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ഒരിക്കല്‍ക്കൂടെ പ്രാര്‍ത്ഥിക്കുന്നു.

2018 മാർച്ച് 1, വ്യാഴാഴ്‌ച

വല്യമ്മച്ചിയും രാധടീച്ചറും

1976ലെ ചരിത്രമാണ് - അക്കാലത്ത്, ഇന്നത്തെപ്പോലെ അംഗനവാടികളും കിന്റര്‍ഗാര്‍ട്ടന്‍ നെഴ്സറികളുമൊന്നും എന്റെ നാട്ടില്‍ സജീവമായിട്ടില്ല. എങ്കിലും മലയാളം അക്ഷരങ്ങളും എഞ്ചുവടിയിലെ കണക്കുകളുമൊക്കെ പഠിപ്പിക്കുന്ന ഒരു പാഠശാല എന്റെ നാട്ടിലുണ്ടായിരുന്നു. നാട്ടിലെ പ്രധാനപ്രസ്ഥാനങ്ങളില്‍ ഒന്നായിരുന്ന ഒരു വനിതാസമാജത്തിന്റെ നേതൃത്വത്തിലാണ്, അതു നടത്തിവന്നിരുന്നത്. എനിക്കു നാലുവയസ്സായപ്പോള്‍ എന്നെയും അവിടെ പഠിക്കാന്‍ ചേര്‍ത്തു. അതിനും ഒരു വര്‍ഷംമുമ്പ് ഒരു വിദ്യാരംഭംനാളില്‍ എന്റെ തലതൊട്ടപ്പന്‍ (GOD FATHER) അരിയില്‍ ആദ്യാക്ഷരങ്ങള്‍ കുറിപ്പിച്ച്, എന്റെ വിദ്യാഭ്യാസം തുടങ്ങിവച്ചതായി പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും എന്റെ ഓര്‍മ്മച്ചിത്രങ്ങളില്‍ ആ സംഭവം തെളിയുന്നതേയില്ല. എങ്കിലും വനിതാസമാജത്തില്‍ പഠനംതുടങ്ങുംമുമ്പേ മലയാളം അക്ഷരങ്ങളെല്ലാം എനിക്കറിയാമായിരുന്നു. ദിവസവും പത്രത്താളുകളിലെ തലക്കെട്ടുകള്‍ ഞാന്‍ ഉറക്കെ വായിച്ചിരുന്നതെനിക്കോര്‍മ്മയുണ്ട്.

വീട്ടില്‍നിന്ന്, ഒരു കിലോമീറ്ററിലധികം ദൂരമുണ്ട്, വനിതാസമാജത്തിലേയ്ക്ക്. രണ്ടു തടിപ്പാലങ്ങളും തോടിറമ്പിലൂടെയുള്ള നടപ്പാതകളുംകടന്ന്, നൂറുമീറ്ററോളം ടാര്‍ റോഡും കടന്നാണു വനിതാസമാജത്തിലെത്തേണ്ടത്. യാത്രയില്‍ ഞാന്‍ ഒറ്റയ്ക്കല്ല, എന്റെ നാലുകൂട്ടുകാര്‍കൂടെ എന്റെയൊപ്പമുണ്ട്. എന്റെ ഓര്‍മ്മകള്‍തുടങ്ങുന്ന നാളുകളിലേ ഒപ്പമുള്ള കൂട്ടുകാര്‍ - മിനി, പ്രിയ, റീനി, കുഞ്ഞുമോള്‍. നാലുപേരും സമപ്രായക്കാരായ എന്റെ അയല്‍ക്കാര്‍; പാലവും തോടുകളും ഞങ്ങളെ അന്നു ഭയപ്പെടുത്തിയിരുന്നില്ലെന്നതും നാലുവയസ്സുള്ള കുട്ടികള്‍ ഇത്രയുംദൂരം ഇത്തരത്തിലുള്ള വഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും യാത്രചെയ്യണമെന്നതു ഞങ്ങളുടെ മാതാപിതാക്കളെ ആലോസരപ്പെടുത്തിയിരുന്നില്ലെന്നതും ഇന്നത്തെ സാഹചര്യത്തില്‍ അദ്ഭുതപ്പെടുത്തുന്നുണ്ട്. (നാലുവയസ്സു തികയുംമുമ്പു ഞാന്‍ രണ്ടുതവണ വെള്ളത്തില്‍ വീണിട്ടുണ്ട്. ഒരുതവണ കുളത്തില്‍വീണപ്പോള്‍ എന്റെ പിതൃസഹോദരിയുടെ പുത്രിയും പിന്നൊരിക്കല്‍ പാലത്തില്‍നിന്നു തോട്ടില്‍വീണപ്പോള്‍ എന്റെ മൂത്തസഹോദരിയും എന്നെ രക്ഷപ്പെടുത്തി. ഏഴുവയസ്സൊക്കെയായപ്പോള്‍ ഒറ്റയ്ക്കു വഞ്ചിതുഴയാനുള്ള ധൈര്യമൊക്കെയായിക്കഴിഞ്ഞിരുന്നു.)

വനിതാസമാജത്തില്‍ പഠിക്കാനെത്തിയ ആദ്യദിവസംതന്നെ അധികൃതരില്‍നിന്ന്, എനിക്കു വലിയൊരു വിവേചനം നേരിടേണ്ടിവന്നു. എന്നാല്‍ ശക്തമായ പ്രതിഷേധസമരത്തിലൂടെ ഞാന്‍ അധികൃതരെ നേരിട്ടെതിര്‍ത്തു. ഞങ്ങള്‍ അഞ്ചുപേര്‍ ഒന്നിച്ചാണെത്തിയതെങ്കിലും എന്നെ എന്റെകൂട്ടുകാര്‍ക്കൊപ്പമിരിക്കാന്‍ അനുവദിച്ചില്ല എന്നതായിരുന്നു അത്യന്തം പ്രതിഷേധാര്‍ഹാമായ ആ വിവേചനം.. ഞാന്‍ ആണ്‍കുട്ടിയും മറ്റുള്ളവര്‍ പെണ്‍കുട്ടികളുമാണെന്നതായിരുന്നു ഈ വിവേചനത്തിനു കാരണം. ഉറക്കെക്കരഞ്ഞുകൊണ്ടു ഞാന്‍ പ്രതിഷേധമാരംഭിച്ചു. പക്ഷേ, കാര്യമായ ഫലമുണ്ടായില്ല. പ്രതിഷേധക്കരച്ചില്‍ ഫലിക്കുന്നില്ലെന്നുകണ്ടപ്പോള്‍ ഞാന്‍ സമരത്തിന്റെ ശൈലി മാറ്റി. "എന്നാല്‍ ഞാനിവിടെ പഠിക്കുന്നില്ലാ" എന്നുറക്കെ പ്രസ്താവിച്ചുകൊണ്ടു ഞാന്‍ റോഡിലെക്കോടി. എന്റെ കൂട്ടുകാരും എന്റെ പിന്നാലെയെത്തിയതോടെ ടീച്ചറും ആയയും ഞങ്ങള്‍ക്കൊപ്പം ഓടിയെത്തി. ഇഷ്ടമുള്ളിടത്തിരുന്നുകൊള്ളാന്‍ അനുവാദംതന്ന്, ഞങ്ങളെ അനുനയിപ്പിച്ചതിനാല്‍ അന്നു പ്രതിഷേധമവസാനിപ്പിച്ചു ക്ലാസ്സില്‍ക്കയറി.

എന്നെക്കൂടാതെ  മറ്റൊരാള്‍കൂടെ അന്നു സമരംചെയ്തിരുന്നു. സ്കൂളിനടുത്തുതന്നെയുള്ള മോഡിയായിരുന്നു, ആ പ്രതിഷേധക്കാരന്‍. മോഡിയുടെ ഊണും ഉറക്കവും നടപ്പും കളിയുമെല്ലാം അവന്റെ മുത്തശ്ശിക്കൊപ്പമായിരുന്നു. അവന്‍ അന്നു വനിതാസമാജത്തില്‍ വന്നതും മുത്തശ്ശിക്കൊപ്പംതന്നെ. എന്നാല്‍ മുത്തശ്ശിയെ ക്ലാസ്സിലിരിക്കാന്‍ അനുവദിച്ചില്ല എന്നതായിരുന്നു മോഡിയുടെ പ്രതിഷേധത്തിനു കാരണം. കുട്ടികള്‍ക്കു പുറകിലായി മുത്തശ്ശിക്കിരിക്കാനായി ഒരു കസേരയൊരുക്കികൊടുത്ത്, ആ പ്രശ്നവും വിജയകരമായി പരിഹരിച്ചു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ക്കൊപ്പമാണിരുന്നതെങ്കിലും കുറച്ചുദിവസങ്ങള്‍ക്കുശേഷം ഞാന്‍ സ്വയം, ആണ്‍കുട്ടികളുടെ ബഞ്ചിലേക്കു മാറി. മോഡിക്ക്, ക്ലാസ്സില്‍വരുമ്പോള്‍ മുത്തശ്ശിയേയും വേണ്ടാതായി.

അക്കാലത്ത്, എല്ലാദിവസവും ഉച്ചഭക്ഷണം വനിതാസമാജത്തില്‍നിന്നായിരുന്നു. ചോളപ്പൊടികൊണ്ടോ, സൂചിഗോതമ്പുകൊണ്ടോ ഉണ്ടാക്കിയ ഉപ്പുമാവും ജീരകവെള്ളവുമായിരുന്നു സ്ഥിരമായുള്ള മെനു.

അന്നത്തെ ഞങ്ങളുടെ ആയയെ ഞങ്ങള്‍ കുട്ടികളെല്ലാവരും വല്യമ്മച്ചി എന്നായിരുന്നു വിളിച്ചിരുന്നത്. ഞങ്ങളെയെല്ലാം വല്യമ്മച്ചിക്കു വലിയ ഇഷ്ടമായിരുന്നു. ഞങ്ങള്‍ക്കു തിരിച്ചും. അതുകൊണ്ടുതന്നെ, മുതിര്‍ന്നതിനുശേഷവും വല്യമ്മച്ചിയെ ഇടയ്ക്കെല്ലാം പോയിക്കാണുമായിരുന്നു. കാണുമ്പോഴെല്ലാം നിറഞ്ഞസന്തോഷത്താല്‍ വല്യമ്മച്ചിയുടെ മുഖംവിടരുമായിരുന്നു. വല്യമ്മച്ചി മരിച്ചപ്പോള്‍ ഞാന്‍ വിദേശത്തു ജോലിയിലായിരുന്നതിനാല്‍, മൃതദേഹം കാണുവാന്‍കഴിഞ്ഞില്ല  അതുകൊണ്ടൊരു ഗുണമുണ്ടായി. ഇന്നുമോര്‍ക്കുമ്പോള്‍ വല്യമ്മച്ചിയുടെ ചിരിക്കുന്ന പ്രസരിപ്പാര്‍ന്ന മുഖംമാത്രമാണോര്‍മ്മയില്‍ തെളിയുന്നതെന്ന ഗുണം!

അന്നു പഠിപ്പിച്ചിരുന്ന രാധ ടീച്ചര്‍, പിന്നീട് അംഗന്‍വാടി അദ്ധ്യാപികയായി. ഇപ്പോഴും ചിലപ്പോള്‍ ടീച്ചറെക്കാണാറുണ്ട്.

വനിതാസമാജത്തിലെ പഠനകാലത്തായിരുന്നു എന്റെ ആദ്യത്തെ പ്രസംഗം. ശിശുദിനത്തില്‍ ചാച്ചാനെഹ്രുവിനെക്കുറിച്ച് എന്റെ പിതാവെഴുതിത്തന്ന പ്രസംഗം മനഃപാഠംപഠിച്ച്, വള്ളിപുള്ളിതെറ്റാതെ വിളിച്ചുപറഞ്ഞു. അന്നു സഭാകമ്പവും വിറയലുംകൂടാതെ സ്റ്റേജില്‍നിന്ന ഞാന്‍ പിന്നീടു പ്രൈമറിസ്കൂള്‍ പഠനകാലത്ത്, പലസ്റ്റേജുകളില്‍നിന്നും വാക്കുകള്‍കിട്ടാതെ കരഞ്ഞുകൊണ്ടിറങ്ങിപ്പോന്നിട്ടുമുണ്ട്.

ഒരുവര്‍ഷത്തിനുശേഷം ഒന്നാംക്ലാസ്സിലേയ്ക്കു പോയപ്പോള്‍ എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്ന അന്ധകാരനഴി ബി.ബി.എം. സ്കൂളിലാണു ഞാന്‍ ചേര്‍ന്നത്. എന്റെ കൂട്ടുകാരികള്‍ നാലുപേരും തങ്കി സ്കൂളിലേക്കാണു പോയത്. തങ്കിയിലേയ്ക്കും അഴിക്കലേയ്ക്കും ഒരേ ദൂരമാണുണ്ടായിരുന്നത്.  വീട്ടില്‍നിന്ന് തങ്കിസ്കൂളിലേക്കുള്ള വഴിയില്‍ തടിപ്പാലങ്ങള്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ എന്റെ സ്കൂളിലേക്കുള്ള വഴി, മൂന്നുനാലു തടിപ്പാലങ്ങളും മുപ്പതുമീറ്ററിലധികം വീതിയുള്ള ഒരു തോടിനുകുറുകെയുള്ള കടത്തുവഞ്ചിയുമുള്‍പ്പെടുന്ന മൂന്നു കിലോമീറ്റര്‍ ദൂരമായിരുന്നു.

പ്രൈമറിസ്കൂള്‍ വിശേഷങ്ങള്‍ പിന്നാലെ പറയാം. ഒപ്പം എനിക്കിന്നും പ്രിയപ്പെട്ട എന്റെ അദ്ധ്യാപകരെക്കുറിച്ചും.

2017 സെപ്റ്റംബർ 4, തിങ്കളാഴ്‌ച

ഓര്‍മ്മകളിലെ ഓണക്കാലം

ഓണമെന്നാല്‍ ഓര്‍മ്മകളുടെ ഒരുത്സവമാണെന്നാണ് പലപ്പോഴുമെനിക്കു തോന്നിയിട്ടുള്ളത്. പ്രജകളുടെ ക്ഷേമത്തിനു മറ്റെന്തിനെക്കാളും പ്രാധാന്യം നല്‍കിയിരുന്ന ഒരു രാജാവിന്റെ ഭരണകാലത്തെക്കുറിച്ചുള്ള സങ്കല്പങ്ങളില്‍..., കള്ളവും ചതിവുമില്ലാത്ത ഒരു കാലത്തിന്റെ സങ്കല്പങ്ങളില്‍..., മലയാളികൾ സമത്വസുന്ദരമായൊരു ലോകത്തെ സ്വപ്നംകാണുന്നുവെന്നതുകൊണ്ടുമാത്രമല്ല, അങ്ങനെയൊരു തോന്നല്‍...

എന്റെ ബാല്യത്തില്‍ മുതിര്‍ന്നവര്‍ പറഞ്ഞുകേട്ടിരുന്ന ഒരു പതിവുപല്ലവിയുണ്ട്: "പണ്ടായിരുന്നു, ഓണം. ഇപ്പോള്‍ എല്ലാം ഒരുതരം കാട്ടിക്കൂട്ടലുകള്‍മാത്രം..." ഇപ്പോള്‍ എന്റെ തലമുറയിലുള്ളവരും ഇതേ പല്ലവിതന്നെ, ഇന്നത്തെ കുട്ടികളോട് ആവര്‍ത്തിച്ചുപാടുന്നതു കേള്‍ക്കുമ്പോള്‍ വര്‍ത്തമാനത്തിലല്ല, ഭൂതകാലത്തിന്റെ ഓര്‍മ്മകളിലാണ് ഓണത്തിന്റെ പൂര്‍ണ്ണിമയെന്നു കരുതുന്നതില്‍ തെറ്റുണ്ടോ? 

എന്നാല്‍പ്പിന്നെ എന്റെ ഓര്‍മ്മകളിലെ ഓണക്കാലങ്ങളിലേക്കു താങ്കള്‍കൂടെ എന്നോടൊപ്പം വരുകയല്ലേ? കുറച്ചുകാലംമുമ്പു ഞാനെഴുതിയ ഒരോണക്കവിതയുമായി തുടങ്ങാം എന്റെയോര്‍മ്മകളിലെയോണം...

ടിമാസക്കാറൊഴിഞ്ഞുപോയ് മാനത്തു്;
ഓടിയണഞ്ഞല്ലോ ചിങ്ങമാസം!
എങ്ങോ മറഞ്ഞൊരെന്‍ ബാല്യസ്മരണക-
ളെന്നിലുണര്‍ത്തുന്നൊരോണമാസം!
പൂക്കളിറുക്കുവാന്‍ പാടവരമ്പത്തു
പൂക്കൂടയേന്തിയലഞ്ഞ ബാല്യം;
നിത്യവും മുറ്റത്തു ചേലെഴും പൂക്കളാ-
ലത്തക്കളംതീര്‍ത്ത പുണ്യകാലം.
കോടിയുടുത്തേറെക്കേമത്തംഭാവിച്ചു
കൂട്ടരോടൊപ്പം മദിച്ചകാലം;
മുറ്റത്തെ മുത്തശ്ശിമാവിലെയൂഞ്ഞാലില്‍
മാനത്തുയര്‍ന്നുപറന്നകാലം...
കാലപ്രവാഹത്തിനൊപ്പമൊഴുകിപ്പോയ്
നലമെഴുമക്കാലമെന്നില്‍നിന്നും!
എന്നാല്‍ മലയാളമുള്ളകാലത്തോള-
മെന്നുമോണത്തിന്‍ ഗരിമയുണ്ടാം;
നാടിന്‍പ്രജകള്‍തന്‍ ക്ഷേമൈശ്വര്യങ്ങള്‍ക്കായു്,
നന്മനിറഞ്ഞ മനസ്സുമായി,
നാടുഭരിച്ച നൃപന്റെ സ്മരണകള്‍
നാടാകെയുത്സവ ഘോഷമേകും!

ചിത്രത്തിനു കടപ്പാട്; puzha.com
ചിത്രത്തിനു കടപ്പാട്: puzha.com
ഓണമെന്നോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നതു പൂക്കളങ്ങള്‍തന്നെ. പൂക്കള്‍ ശേഖരിക്കാനുള്ള ആദ്യയാത്രകള്‍ ചേച്ചിമാരോടൊപ്പമായിരുന്നു. സ്കൂളില്‍നിന്നു വന്നതിനുശേഷം പുസ്തകങ്ങള്‍ എവിടെയെങ്കിലും എറിഞ്ഞിട്ട്, ചായകുടിക്കാന്‍പോലുംനില്‍ക്കാതെ, കടലാസുകൂടകളുമായി പറമ്പുകളിലും തോട്ടിറമ്പുകളിലുമലയുകയായി! എന്തുമാത്രം തുമ്പപ്പൂക്കളായിരുന്നു ഓരോദിവസവും ശേഖരിച്ചിരുന്നത്! പിന്നെയും ഒരുപാടുതരം പൂക്കള്‍ ... ഞങ്ങള്‍ അന്നു പറഞ്ഞിരുന്ന പേരുകള്‍തന്നെയാണോ അവയുടെ യഥാര്‍ത്ഥപേരുകള്‍ എന്നെനിക്കറിയില്ല. പെരികിലപ്പൂവ്, മുക്കുറ്റിപ്പൂവ്, കാക്കപ്പൂവ്, പല്ലുവേദനപ്പൂവ് (സ്വര്‍ണ്ണനിറത്തില്‍ സ്തൂപരൂപത്തിലുള്ള പൂവിനെ ഞങ്ങള്‍ അങ്ങനെതന്നെയാണു വിളിച്ചിരുന്നത്.), തോട്ടിറമ്പുകളില്‍ ധാരാളമായി വളര്‍ന്നിരുന്ന മഞ്ഞനിറമുള്ള മനോഹരമായ പൂവിന്റെ പേര് ഓര്‍മ്മയില്ല, കോളാമ്പിപ്പൂവ് അങ്ങനെ പലതരം പൂവുകളുമായി കൂടകള്‍നിറച്ചു വീട്ടിലെത്തുമ്പോള്‍ ഇരുട്ടുവീണിരിക്കും. ഇതുകൂടാതെ വീട്ടില്‍ത്തന്നെയുള്ള ചെത്തി, പലതരം ചെമ്പരത്തികള്‍, പാരിജാതം, നന്ത്യാര്‍വട്ടം തുടങ്ങിയവയുടെ പൂക്കളും ഞങ്ങള്‍ അത്തക്കളത്തില്‍ നിറച്ചിരുന്നു.

രാവിലെ ഞാനുണര്‍ന്നുവരുമ്പോള്‍ ചേച്ചിമാര്‍ അത്തക്കളമൊരുക്കിയിട്ടുണ്ടാകും. കുറേനേരം അതിനടുത്തിരുന്ന്‍, അതിന്റെ ഭംഗിയാസ്വദിച്ചതിനുശേഷമേ മറ്റു കാര്യങ്ങളിലേക്കു കടന്നിരുന്നുള്ളൂ.

ചേച്ചിമാര്‍ മുതിര്‍ന്നപ്പോള്‍ ഞാനും അനുജത്തിയുമായി പൂക്കള്‍ ശേഖരിക്കുന്നവര്‍. അത്തക്കളമൊരുക്കാന്‍ അപ്പോഴും ചേച്ചിമാര്‍തന്നെയായിരുന്നു മുന്‍പന്തിയില്‍!

കസവുമുണ്ടും ജൂബയും, പിന്നെ ശംഖുമാര്‍ക്ക് കൈലി മുണ്ടുമായിരുന്നു പ്രൈമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ സ്ഥിരമായി കിട്ടിയിരുന്ന ഓണക്കോടി. മറ്റുകുട്ടികള്‍ നിക്കറുകള്‍ ധരിച്ചുവരുമ്പോള്‍ ചെറിയ മുണ്ടുടുത്ത്, അവരുടെ മുമ്പില്‍ വിലസിയിരുന്നതു തെല്ലഹങ്കാരത്തോടെതന്നെയായിരുന്നു!

ചെറിയകുട്ടിയായിരിക്കുമ്പോള്‍ ചേച്ചിമാര്‍ക്കൊപ്പം പെണ്‍കുട്ടികളുടെ ഓണക്കളികളിലാണു പങ്കെടുത്തിരുന്നത്. കലിയും പുലിയും, വട്ടക്കളി, കുമ്മയടി തുടങ്ങിയ കളികളൊക്കെ ഇപ്പോഴും ഓര്‍മ്മയിലെവിടെയോ തെളിയുന്നുണ്ട്.

മുതിര്‍ന്നപ്പോള്‍ കബഡി കളി, മണ്ണില്‍ കളംവരച്ച്, ആറു കവിടികളെറിഞ്ഞുകിട്ടുന്ന എണ്ണങ്ങള്‍ക്കനുസരിച്ച് കളങ്ങളിലൂടെ കരുക്കള്‍നീക്കിക്കൊണ്ടുപോകുന്ന പഞ്ചീസുകളി തുടങ്ങിയ ആണ്‍കുട്ടികളുടെ കളികളിലായി കമ്പം. ഉത്രാടരാത്രികളില്‍ കൂട്ടുകാര്‍ക്കൊപ്പം മാവേലിവേഷംകെട്ടി നാട്ടിലെ വീടുകളില്‍ കയറിയിറങ്ങുന്നതും ആഘോഷങ്ങളുടെ ഭാഗമായിരുന്നു

ഓണക്കാലത്ത്, വീട്ടിലെ മാവിന്‍കൊമ്പില്‍ ഒരു ചെറിയ ഊഞ്ഞാല്‍ കെട്ടാറുണ്ട്. എന്നാല്‍ അയല്‍പക്കത്തെ രാജപ്പന്‍ചേട്ടന്റെ വീട്ടിലായിരുന്നു പ്രധാന ഊഞ്ഞാലാട്ടവേദി. ആലാത്ത് എന്നറിയപ്പെടുന്ന കയറുപയോഗിച്ച് വളരെ ഉയരമുള്ള മരക്കൊമ്പില്‍ക്കെട്ടുന്ന വലിയ ഊഞ്ഞാലായിരുന്നു അവിടെയുണ്ടായിരുന്നത്. ചെറിയകുട്ടികള്‍ക്ക് ആ ഊഞ്ഞാലില്‍ക്കയറാന്‍ അനുവാദമുണ്ടായിരുന്നില്ല. മുതിര്‍ന്നവര്‍ മാനംമുട്ടെ ഉയര്‍ന്നു പറക്കുന്നതു കാണാമെന്നുമാത്രം. ഹൈസ്കൂളിലെത്തിയപ്പോഴാണു് അതില്‍ക്കയറിയാടാനും ഊഞ്ഞാലിലിരുന്നുകൊണ്ട് ഉയര്‍ന്നകൊമ്പിലെ മാവില കടിച്ചെടുത്തു കേമത്തംകാട്ടാനും അവസരം കിട്ടിത്തുടങ്ങിയത്.

അന്നൊക്കെ നാട്ടില്‍ ഒരുപാടു് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബുകളുണ്ടായിരുന്നു. അവയുടെയെല്ലാം വാർഷികാഘോഷങ്ങള്‍ ഓണക്കാലത്താണെത്തുക. വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട മത്സരങ്ങളിലെല്ലാം പങ്കെടുക്കുക പതിവായിരുന്നു. വീട്ടില്‍നിന്നു മൂന്നുനാലുകിലോമീറ്റര്‍ അകലെയുള്ള ക്ലബ്ബുകളില്‍പോലും മത്സരങ്ങള്‍ക്കായിപ്പോയി സമ്മാനവുമായി വന്നിട്ടുണ്ട്. ക്വിസ്, ഉപന്യാസരചന, പ്രസംഗം, കഥാരചന, കവിതാരചന തുടങ്ങിയ മത്സര ഇനങ്ങളിലാണു ഞാന്‍ പൊതുവേ പങ്കെടുത്തിരുന്നത്.

(ഓണവുമായി ബന്ധമില്ലാത്ത ഒരു മത്സരവിശേഷംകൂടെ പറയാം. ഞാന്‍ പത്താംതരത്തില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ യുവജനോത്സവത്തിനു ശാസ്ത്രീയ സംഗീതമത്സരത്തിനു ചേര്‍ന്നു. പാറമേല്‍ ചിരട്ടയുരയ്ക്കുംപോലുള്ള സുന്ദരശബ്ദത്തില്‍ നാടോടിസാവേരിരാഗത്തില്‍ സ്റ്റേജിലിരുന്നു ഞാന്‍ പാടി: "വരവീണ മൃദുപാണി വനരുഹലോചന റാണി സുരുചിരബംബരവേണി...." ഇടയ്ക്കിടെ ഓര്‍മ്മവരുമ്പോള്‍ വലതുകൈകൊണ്ടു തുടയില്‍ ആഞ്ഞടിച്ചു. മത്സരത്തിന്‍റെ വിധികര്‍ത്താക്കളായ ടീച്ചര്‍മാര്‍ തലയറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. സംഗീതപിര്യഡില്‍ ഈ ടീച്ചര്‍തന്നെ ക്ലാസ്സില്‍ പാടിപ്പഠിപ്പിച്ച കീര്‍ത്തനംകേട്ടാല്‍ ചിരിവരുമോ? അവരുടെ ചിരിയുടെ അര്‍ത്ഥം എത്രയാലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല.വര്‍ഷങ്ങള്‍ക്കുശേഷം  എന്റെ മോള്‍ വാക്കുകള്‍ കൂട്ടിച്ചൊല്ലി സംസാരിച്ചു തുടങ്ങിയപ്പോള്‍ എന്നോടൊരുകാര്യം പറഞ്ഞു. അപ്പോഴാണ്‌ എന്റെ ടീച്ചര്‍മാരുടെ അന്നത്തെ ചിരിയുടെ അര്‍ത്ഥം എനിക്കു മനസ്സിലായത്. എന്റെമോള്‍ ജനിച്ചനാള്‍ മുതല്‍ ഞാന്‍ അവളെ പാടിയുറക്കുമായിരുന്നു. -അവളെയുറക്കാന്‍ ഞാനന്നുണ്ടാക്കിയ പാട്ടുകളിലൊന്നു പില്‍ക്കാലത്ത് അല്‍ഫോന്‍സ്‌ ജോസഫിന്റെ സംഗീതസംവിധാനത്തില്‍ ജ്യോത്സ്ന ആലപിച്ചിട്ടുണ്ട്. - എന്റെ മോള്‍ സംസാരിച്ചുതുടങ്ങിയകാലത്ത്, വാക്കുകള്‍ മുറിച്ചു മുറിച്ച്, എന്നോടു പറഞ്ഞു: ചാച്ചന്‍ പാടണ്ട, കഥ പറഞ്ഞു തന്നാല്‍മതി. ഒരുവയസ്സുള്ള കുഞ്ഞിനുപോലും എന്റെ പാട്ടിനോട് അത്ര മികച്ച അഭിപ്രായമാണെങ്കില്‍ മുതിര്‍ന്നവരുടെ കാര്യം പറയണോ! എന്തായാലും പിന്നെ കഥ കേട്ടുകേട്ട് ഏഴെട്ടുവയസ്സായപ്പോള്‍തന്നെ  അവളൊരു കഥയെഴുത്തുകാരിയായിത്തുടങ്ങിയിരുന്നു.)

വീണ്ടുമോണത്തിലേക്കു മടങ്ങാം. ഓണത്തിന്റെ നാലുദിവസങ്ങളിലും വിഭവസമൃദ്ധമായ വെജിറ്റേറിയന്‍ ഭക്ഷണം ഉണ്ടാക്കുമെങ്കിലും പ്രഥമനും പായസവും പപ്പടവും പഴവുമൊക്കെയായുള്ള ആഘോഷകരമായ സദ്യവട്ടം ചതയദിനത്തിലായിരുന്നു. ചിങ്ങമാസത്തിലെ ചതയത്തിലാണ് അപ്പച്ചന്റെ പിറന്നാള്‍. അതിനാലാണു പിറന്നാളാഘോഷവും ഓണാഘോഷവും നാലാമോണത്തിലേക്കു മാറിയത്.

ഏതാണ്ടു പ്രീഡിഗ്രിക്കാലംവരെയേ ഓണക്കളികളും ആഘോഷവുമൊക്കെ എനിക്കുണ്ടായിരുന്നുള്ളൂ. അതിനുശേഷം എഞ്ചിനീയറിംഗ് പഠനത്തിനായി തൃശൂരിലേക്കു പോയി. പിന്നെ ജോലിക്കായുള്ള അലച്ചിലുകള്‍, നാട്ടില്‍ ഉണ്ടാകുന്നതുതന്നെ വല്ലപ്പോഴുമായപ്പോള്‍ സൗഹൃദങ്ങളുടെ ഊഷ്മളത കുറഞ്ഞുതുടങ്ങി. ജോലി ദുബായിലായപ്പോള്‍ ചിങ്ങംതുടങ്ങിയാല്‍ ക്രിസ്മസ് എത്തുംവരെ എല്ലാ വെള്ളിയാഴ്ചകളിലും ഏതെങ്കിലുമൊക്കെ ഗ്രൂപ്പുകളുടെ വക ഒണാഘോഷങ്ങളുണ്ടാകും. എന്നാലും ഉപ്പോളംവരില്ലല്ലോ ഉപ്പിലിട്ടത്!

ഓര്‍മ്മകളിലെ ഓണത്തിനു തുല്യമായതൊന്നുമില്ലാത്ത, ഇന്നത്തെ ഓണാഘോഷങ്ങളൊന്നും എന്റെ ഹൃദയത്തെ തൊടുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്. ഇപ്പോൾ ഓണമാഘോഷിക്കാൻ വലിയ താല്പര്യവുംതോന്നാറില്ല.