2015, ജൂലൈ 8, ബുധനാഴ്‌ച

ജനസേവനം

"നിങ്ങളുടെ ഭാഗത്തു നിന്നും എന്തെങ്കിലുമൊരു നടപടിയുണ്ടായില്ലെങ്കില്‍ സമരം കൈവിട്ടു പോകും കേട്ടോ, പത്രമാദ്ധ്യമങ്ങളും ദൃശ്യമാദ്ധ്യമങ്ങളും സാമൂഹ്യമാദ്ധ്യമങ്ങളുമെല്ലാം ചര്‍ച്ചചെയ്യുന്ന വന്‍ അഴിമതിയാണു് സമരത്തിന്റെ വിഷയം എന്നു നിങ്ങള്‍ മറക്കേണ്ട!"

"അഴിമതി, മണ്ണാങ്കട്ട! ഒരു തട്ടിപ്പു കേസായി ഏഴുതിത്തള്ളേണ്ടിയിരുന്ന സംഭവമാണു്. അതിങ്ങനെയൊരു വിവാദമാക്കി, തലസ്ഥാന നഗരത്തെ മുഴുവന്‍ സ്തംഭിപ്പിച്ചു കൊണ്ടു് ഈയൊരു സമരം ആവശ്യമുണ്ടായിരുന്നോ? അതും ശരിയായ ഒരന്വേഷണം നടന്നാല്‍ അതു നാമിരുകൂട്ടര്‍ക്കും ഒരുപോലെ ദോഷമാകും എന്നുറപ്പുള്ള ഒരു വിഷയത്തെച്ചൊല്ലി!"

"നിങ്ങള്‍ വിവരമില്ലാത്ത പൊതുജനത്തില്‍ ഒരുവനെപ്പോലെ സംസാരിക്കുന്നതെന്തേ?ഞങ്ങളുടെ പാര്‍ട്ടി നയം അഴിമതിയെ വച്ചു പൊറുപ്പിക്കരുതു് എന്നാണെന്നു നിങ്ങള്‍ക്കറിയരുതോ? റിപ്പോര്‍ട്ടു തയ്യാറായാല്‍ അതെഴുതിയ കടലാസിന്റെ വില പോലുമില്ലാത്ത ജുഡീഷ്യല്‍ എന്‍ക്വയറിയാണ് ഞങ്ങളുടെ ആവശ്യമെന്നു നിങ്ങള്‍ മറക്കരുതു് !"

" ഈ സര്‍ക്കാറിനു് ജനങ്ങളില്‍ നിന്നു് ഒന്നും മറച്ചു വയ്ക്കാന്‍ ഇല്ലാത്തതു കൊണ്ടും പ്രതിപക്ഷസമരം മൂലം പൊതുസമൂഹത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നു എന്നൊരു പ്രസ്താവനയില്‍ തീരുന്ന കാര്യമേയുള്ളൂവെന്ന് ഞങ്ങള്‍ക്കറിയാം! എന്നാല്‍ നിങ്ങള്‍ക്കു സിറ്റിംഗ് ജഡ്ജിയെയല്ലേ വേണ്ടതു്, അങ്ങനെയൊരാളെയിപ്പോള്‍ എവിടെ നിന്നു കിട്ടാനാണു്?"

"സിറ്റിംഗ്  ജഡ്ജിയെ കമ്മീഷനായി നിയമിക്കാന്‍ തീരുമാനിച്ചു എന്നൊരു പ്രസ്താവനയിറക്കിയാല്‍ അടുത്ത മണിക്കൂറില്‍ സമരം തീര്‍ത്തു ഞങ്ങള്‍ക്കു തടിയൂരാം; പിന്നെ നിങ്ങള്‍  സിറ്റിംഗ് ജഡ്ജിയെ ചോദിച്ചു ചീഫ് ജസ്റ്റിസിനൊരു കത്തെഴുതൂ ഹേ!, കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ കേള്‍ക്കാന്‍ പോലും ജഡ്ജിമാരില്ലാത്തിടത്തു് സിറ്റിംഗ്ജഡ്ജിയെ വിട്ടുതരാന്‍ അദ്ദേഹത്തിനു പറ്റുമോ? കോടതി സഹകരിക്കുന്നില്ലെങ്കില്‍ നമ്മള്‍ പാവം ജനപ്രതിനിധികള്‍ എന്തു ചെയ്യാനാണ്? കണ്ണിന്റെയും കാതിന്റെയും കാലാവധി തീര്‍ന്ന ഏതെങ്കിലും റിട്ടയേര്‍ഡ് ജഡ്ജിയെ കമ്മീഷനാക്കാന്‍ അതില്‍കൂടുതല്‍ എന്തു ന്യായം വേണം?"

"എന്നാല്‍ പിന്നെ നാളെ രാവിലെ തന്നെ പ്രസ്താവനയാകാം, അതുകൊണ്ടു തീരുന്നില്ലല്ലോ, മാദ്ധ്യമങ്ങള്‍ക്കു ചര്‍ച്ച ചെയ്യാന്‍ ഉപകാരമുള്ള പുതിയവിഷയങ്ങള്‍ എന്തെങ്കിലും നല്കുകയും വേണം, എന്നാലേ നമ്മുടെ കാര്യങ്ങള്‍ തടസ്സം കൂടാതെ മുന്നോട്ടു പോകൂ"

"അതിനിപ്പോ പെണ്‍വാണിഭമാ കൂടുതല്‍ നല്ലത്. സ്കോപ്പുള്ള ഏതെങ്കിലും ഒരെണ്ണം പൊക്കിയെടുത്തു മാദ്ധ്യമങ്ങള്‍ക്കിട്ടു കൊടുക്കാന്‍ നിങ്ങടെ പോലീസിനെക്കൊണ്ടു പറ്റില്ലേ? ഇനി കുറച്ചുകാലം എല്ലാ ചര്‍ച്ചകളും ആ വഴിക്കായിക്കൊള്ളും"

"എന്നാല്‍ ആ വഴി തന്നെ നോക്കാം."

"ശരി, അപ്പോള്‍ ആഭ്യന്തരവകുപ്പിന്റെ അനാസ്ഥമൂലം പെണ്‍വാണിഭങ്ങള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ നമുക്കു് വൈകാതെ ഏറ്റുമുട്ടാം."

ജനസേവകര്‍ ഹസ്തദാനം നല്കി പിരിഞ്ഞു പോയി.



6 അഭിപ്രായങ്ങൾ: