2015 ജൂൺ 8, തിങ്കളാഴ്‌ച

ഓർമ്മകളുടെ ദാഹം

കുടിവെള്ളടാങ്കറിനു മുമ്പിലെ നീണ്ടനിരയിലേക്കു നോക്കിനിൽക്കുമ്പോൾ നാരായണൻ നായരുടെ ഉള്ളിൽ ഒരു നെടുവീർപ്പുയർന്നു.


എത്ര വേഗമാണ്, കാലം മാറിമറിഞ്ഞത്!

കണ്ണെത്താദൂരത്തോളം പച്ചപ്പട്ടു വിരിച്ച കോൾപ്പാടങ്ങളായിരുന്നു ഈ ഗ്രാമത്തിന്റെ ജീവൻ.

ഇടവപ്പാതിയിലെ ആദ്യമഴയിൽ മണ്ണു കുതിരുമ്പോൾ ഗ്രാമത്തിലെ കർഷകരുടെ ഹൃദയങ്ങളിൽ ആവേശത്തുടികൊട്ടുയരും. വേനലിൽ നന്നായുണങ്ങിയൊരുങ്ങിയ പാടങ്ങളിൽ, ഇടവപ്പാതി തുടങ്ങുമ്പോളാണു നെല്‍വിത്തു വിതയ്ക്കുന്നതു്. മഴപെയ്തൊഴിയുന്ന വെള്ളം വയലുകളില്‍നിറയുമ്പോള്‍ ഞാറു വളര്‍ന്നുതുടങ്ങും. പാടങ്ങളില്‍നിറയുന്ന മഴവെള്ളത്തിന്റെ ഉറവുകള്‍ ഗ്രാമത്തിലെ കുളങ്ങളിലും കിണറുകളിലുമെല്ലാമെത്തും. പാടത്തെ ജലനിരപ്പു ക്രമീകരിക്കാന്‍, കർഷകസംഘത്തിന്റെ പമ്പുകൾ പാടവരമ്പത്ത് താളംപിടിക്കുമായിരുന്നു. അധികജലം പൊഴിയിലേക്കു പമ്പുചെയ്തുകളയും. കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന
പൊഴിയിലെ ഉപ്പുവെള്ളം പാടത്തേക്കു കയറാതെ മൺബണ്ടുകൾ കാവൽ നിന്നു.

വയലോരങ്ങളിലെ ചിറകളില്‍ സമൃദ്ധമായ പച്ചക്കറിക്കൃഷി; ഗ്രാമത്തിലെ തെങ്ങുകളിലെല്ലാം നിറഞ്ഞ കുലകള്‍...


കോള്‍പ്പാടങ്ങളില്‍ നെല്‍കൃഷി വര്‍ഷത്തില്‍ ഒരിക്കലേയുള്ളൂ; അതിനാൽ, ചിങ്ങം – കന്നി മാസങ്ങളില്‍ കൊയ്ത്തുകഴിഞ്ഞാല്‍പ്പിന്നെ പാടം മീൻപിടുത്തക്കാരുടേതാണ്. ഒറ്റാലുകളും വീശുവലകളും വട്ടവലകളുമായി മത്സ്യം പിടിക്കാനിറങ്ങുന്നവരാകും വയലുകളിലെങ്ങും...

മീനമാസത്തിനുമുമ്പായി, പാടത്തെ മത്സ്യസമ്പത്ത്
കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ, ലേലംചെയ്തു കിട്ടുന്ന തുക, കർഷകർ സന്തോഷത്തോടെ വീതിച്ചെടുക്കും. ലേലം കഴിഞ്ഞാൽപ്പിന്നെ
ഏറ്റവും കൂടിയനിരക്കില്‍ ലേലമുറപ്പിക്കുന്നവര്‍ക്കുമാത്രമേ  മത്സ്യം പടിക്കാന്‍ അവകാശമുള്ളൂ!

മീനംതുടങ്ങുമ്പോള്‍ പാടങ്ങളിലെ ജലം പൊഴിയിലേയ്ക്കു പമ്പുചെയ്തു തുടങ്ങും. വെള്ളം വറ്റിത്തുടങ്ങിയാല്‍ ഒരുമാസം മത്സ്യബന്ധനകാലമാണു്. വരാലും കരിമീനും കരികണ്ണിയും കാരിയും കൂരിയും ഞണ്ടും ഇടക്കാലത്ത്, അതിഥിയായെത്തിയ തിലാപ്പിയയുമെല്ലാം വലകളില്‍പ്പിടയ്ക്കും.

പമ്പുകളുടെ നിരന്തരയജ്ഞവും മീനം മേടം മാസങ്ങളിലെ കത്തുന്ന സൂര്യനും ഏകമനസ്സോടെ
യന്തിക്കുന്നതിനാൽ മേടമാസം പാതിദൂരം പിന്നിടുമ്പോള്‍ പാടശേഖരം പൂര്‍ണ്ണമായുണങ്ങും. വിണ്ടുകീറിയ ചെളിക്കട്ടകള്‍ ഉടച്ചുകിളച്ച്, അടുത്തകൃഷിക്കായി പാടമൊരുക്കുന്നതോടെ പ്രകൃതിയുടെ ആ ചക്രം പൂർണ്ണമാകുമായിരുന്നു.

മഴവെള്ളത്താൽമാത്രം നിറഞ്ഞിരുന്ന മികച്ച ശുദ്ധജലസ്രോതസ്സുകളായിരുന്നു, നാട്ടിലെ കുളങ്ങളും കിണറുകളുമെല്ലാം. കുടിവെള്ളം വിലകൊടുത്തു വാങ്ങേണ്ടിവരുന്ന ഒരുകാലമുണ്ടാകുമെന്നു സ്വപ്നേപി നിരൂപിച്ചിരുന്നില്ലല്ലോ അന്നൊന്നും!

എന്നാൽ, ആർത്തിയുടെ വിത്തുകൾ പാകിയതോടെയാണ് ദുരന്തം തുടങ്ങിയത്. നെൽക്കൃഷി കഴിഞ്ഞ് ചെമ്മീൻ വളർത്താമെന്ന മോഹം കർഷകസംഘത്തിൽ വേരുപിടിച്ചു. വലിയ ലാഭം കൊതിച്ച്, കർഷകസംഘത്തിലെ ഭൂരിഭാഗംപേരും അതിനെ അനുകൂലിച്ചു. കന്നിമാസത്തിലെ കൊയ്ത്തിനുശേഷം പൊഴിതുറന്നു.

മഴപെയ്തുനിറഞ്ഞ്, നാടെങ്ങും പുണ്യതീർത്ഥംപോലെ ഒഴുകിയിരുന്ന ശുദ്ധജലത്തിനുപകരം പാടശേഖരങ്ങളില്‍ ഉപ്പുവെള്ളം
നിറഞ്ഞു.

ചെമ്മീന്‍ ലേലംചെയ്തപ്പോള്‍ കര്‍ഷകര്‍ക്കു വലിയ ലാഭവിഹിതം കിട്ടി. ആദ്യത്തെ കുറച്ചുവർഷം കൈയിൽ ധാരാളം പണം വന്നപ്പോൾ എല്ലാവരുമാഹ്ലാദിച്ചു.

പക്ഷേ, ആ ആഹ്ലാദം അധികകാലം നീണ്ടുനിന്നില്ല. ഉപ്പുവെള്ളം മണ്ണിന്റെ ആത്മാവിനെത്തന്നെ കരിച്ചുകളഞ്ഞു.

നെല്ലിന്റെ വിളവ് കുറഞ്ഞു, തെങ്ങുകൾ മഞ്ഞളിച്ചു, പച്ചക്കറികൾ കരിഞ്ഞുപോയി.
തെങ്ങുകളില്‍ തേങ്ങകളുടെ എണ്ണവും വലിപ്പവും കുറഞ്ഞു...  വൈകാതെ ഗ്രാമത്തിലെ കിണറുകളിലും കുളങ്ങളിലും ഉപ്പുരസം പടർന്നു. ഒടുവിൽ നെൽകൃഷിതന്നെ അന്യമായി. ലാഭം കൊയ്ത ചെമ്മീൻപാടങ്ങൾ ഗ്രാമത്തെ ഒരു ദുരന്തഭൂമിയാക്കി മാറ്റി.

ഇന്നിപ്പോൾ കുടിക്കാനും കുളിക്കാനും ടാങ്കർ ലോറികൾ വരുന്നതും കാത്തുനിൽക്കേണ്ട ഗതികേടിലാണ് ഓരോ ഗ്രാമവാസിയും.

​"അപ്പുപ്പാ..."

​പെട്ടെന്നുള്ള ആ വിളി നാരായണൻ നായരെ ഓർമ്മകളിൽ നിന്നുണർത്തി. കൊച്ചുമോൻ ഓടിവന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ആ കുഞ്ഞിന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കിയപ്പോൾ നാരായണൻ നായരുടെ കണ്ണുകൾ നിറഞ്ഞു.
​"എന്റെ തലമുറയ്ക്ക് പണം കൊടുത്താലെങ്കിലും കുടിവെള്ളം കിട്ടുന്നുണ്ടു മോനേ... പക്ഷേ, നാളെ നിന്റെ തലമുറയ്ക്കോ...?"

​അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്ന് ഉതിർന്ന രണ്ടുതുള്ളി കണ്ണുനീർ ആ കുഞ്ഞിന്റെ നെറുകയിൽ വീണു. അത് ഒരു വയോധികന്റെ സങ്കടംമാത്രമായിരുന്നില്ല, വരാനിരിക്കുന്ന ഒരു വലിയ വരൾച്ചയ്ക്കുമുമ്പുള്ള ചെറുനനവായിരുന്നു.


രചന: ജോസ് ആറുകാട്ടി

6 അഭിപ്രായങ്ങൾ:

  1. ഇനിവരുന്നൊരു തലമുറയ്ക്ക്
    ഇവിടെ വാസം സാദ്ധ്യമോ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അറിയില്ല, വരും തലമുറകളെക്കുറിച്ച് ചിന്തിക്കുവാന്‍ നമുക്കു സമയമില്ലല്ലോ!

      ഇല്ലാതാക്കൂ
  2. “എന്റെ തലമുറയ്ക്ക് പണം കൊടുത്താലെങ്കിലും കുടിവെള്ളം കിട്ടും; കുഞ്ഞേ, നാളെ നിന്റെ തലമുറയ്ക്കോ...!”

    ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല

    മറുപടിഇല്ലാതാക്കൂ
  3. വായിക്കാനും അഭിപ്രായം കുറിക്കാനും സമയം കണ്ടെത്തിയതിനു നന്ദി ഷാഹിദ്

    മറുപടിഇല്ലാതാക്കൂ