2015, മേയ് 1, വെള്ളിയാഴ്‌ച

പരോപകാരം

ദുബായ് അന്താരാഷ്‌ട്രവിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍, എമിഗ്രേഷന്‍ കൌണ്ടറിന്റെ ഗേറ്റിനു മുന്നില്‍വച്ച്, സിന്ധുവിന്റെ കൈയിലേക്കു ശ്രീദേവി പാസ്പോര്‍ട്ടും ബോര്‍ഡിംഗ്പാസും ഹാന്‍ഡ്ലഗേജും നല്കി.

"ഇതിനപ്പുറത്തേക്കു യാത്രക്കാര്‍ക്കുമാത്രമേ പോകാനാവൂ. സന്തോഷമായി പോയ്‌ക്കൊള്ളൂ. മൂന്നുമാസത്തെ വിസിറ്റ് വിസയുടെ കാലാവധിക്കുള്ളില്‍ എനിക്കു ചെയ്യാന്‍പറ്റുന്ന പരമാവധി സഹായം ഞാന്‍ മോള്‍ക്കു ചെയ്തിട്ടുണ്ടു്. മോളുടെ ആത്മാര്‍ത്ഥമായ സഹകരണം എനിക്കു ലഭിച്ചതുകൊണ്ടുകൂടിയാണു് എനിക്കതിനു സാധിച്ചതു്.

ഒരു ശ്രമംകൂടെ നടത്തണമെന്നു തോന്നിയാല്‍ എന്നെ വിളിക്കാന്‍ മടിക്കേണ്ട. ആറുമാസത്തിനുശേഷമേ ഇങ്ങോട്ടു വീണ്ടുമൊരു വിസിറ്റ് വിസ ലഭിക്കൂ. കാടാറുമാസം നാടാറുമാസം എന്നു പറയുന്നതുപോലെ അവിടെയും ഇവിടെയുമായി സന്തോഷമായി പോകാം.

പക്ഷേ മറ്റുള്ളോരു നന്നാകുന്നതു കണ്ടാല്‍ കണ്ണുകടിതുടങ്ങുന്ന നമ്മുടെ കൊറേ നാട്ടുകാരുണ്ടല്ലോ, അവന്മാരും അവളുമാരുമൊക്കെ ചുമ്മാ ഓരോരോ കുത്തിക്കുത്തി ചോദ്യങ്ങളുമായിറങ്ങും. അതിനൊന്നും മറുപടിപറയാന്‍ നില്കേണ്ട!

വേണമെങ്കില്‍ ഈ ആറുമാസക്കാലത്തിനിടയ്ക്കു സിംഗപ്പൂരോ മലെഷ്യയിലോ ഒക്കെ ഒന്നു സന്ദര്‍ശിച്ചു വരാം... അവിടെയും നമുക്കു വേണ്ടപ്പെട്ട ചിലരൊക്കെയുണ്ടെന്നേ! അതാവുമ്പോള്‍ ഒന്നോ രണ്ടോ വര്‍ഷത്തിലൊരിക്കല്‍ നാട്ടിലെത്തിയാല്‍മതി, നാട്ടുകാരുടെ കുനുഷ്ട്ട് ചോദ്യങ്ങള്‍ ഒഴിവാക്കുകയുമാകാം. പിന്നീടു സൗകര്യംപോലെ, വേണമെങ്കില്‍ ഇവിടെത്തന്നെ ഒരു പെര്‍മനന്റ് വിസയും നോക്കാം. എന്താ വേണ്ടതെന്നു മോള്‍തന്നെ ആലോചിച്ചു തീരുമാനിച്ചാല്‍ മതി. എന്നിട്ടെന്നെ വിളിക്കു്.

പിന്നൊരു കാര്യം, ഞാന്‍ വീണ്ടും പറയുകയാണു്, നാട്ടില്‍ച്ചെന്ന് ഓരോന്നു പൊടിപ്പും തൊങ്ങലുംചേര്‍ത്തു് ആരോടും പറയാന്‍നില്‍ക്കേണ്ട. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ ആരേലും നന്നാവുന്നതുകണ്ടാല്‍ പരദൂഷണവുമായി ഇറങ്ങുന്ന വര്‍ഗ്ഗങ്ങളാണെല്ലാം.

എന്നാല്‍ ശരി, മോള്‍ പോയി വാ"
ശ്രീദേവി, സിന്ധുവിനെ കവിളില്‍ ചുംബിച്ചു യാത്രയാക്കി.
അണ്ണാറക്കണ്ണനും തന്നാലായതു്. ഇങ്ങനെയൊക്കെയല്ലേ മറ്റുള്ളവരെ സഹായിക്കാനാകുന്നതു്. ഇവിടെയായതുകൊണ്ടു്  ഇങ്ങനെ ചില സഹായങ്ങളൊക്കെ ചെയ്യാനാകുന്നു. നാട്ടിലായിരുന്നെങ്കില്‍ വാണിഭം, പീഡനം തുടങ്ങിയ ചില പ്രത്യേകപദങ്ങളുമായി പത്രക്കാരും ചാനലുകാരുമൊക്കെച്ചേര്‍ന്ന്‍ പരമ്പരകളുണ്ടാക്കിയേനെ!

ചുമ്മാതല്ല, ആ നാടു നന്നാവാത്തതു്!
ഓരോന്നോര്‍ത്തു്  ശ്രീദേവി തിരക്കിട്ടു് അറൈവല്‍ ടെര്‍മിനലിലേക്കു നടന്നു. രണ്ടു പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുകൂടെ സൗജന്യമായി വിസിറ്റ് വിസ നല്കിയിരുന്നു. അവരുടെ ഫ്ലൈറ്റ് എത്തിയിട്ട് അരമണിക്കൂര്‍ ആയിട്ടുണ്ടാകും. എമിഗ്രേഷന്‍ നടപടികള്‍കഴിഞ്ഞ്, അവര്‍ പുറത്തെത്തുന്നതിനുമുമ്പ് അങ്ങെത്തണം. 
"രണ്ടാള്‍ രക്ഷപ്പെട്ടാല്‍ രണ്ടു കുടുംബങ്ങളാണു  രക്ഷപ്പെടുന്നതു്. അതിലൊരുപങ്ക് എനിക്കും അവകാശപ്പെട്ടതുതന്നെ!" ശ്രീദേവിയുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു.

4 അഭിപ്രായങ്ങൾ:

  1. വാര്‍ത്തകളാകാത്ത വാണിഭങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോസ്

      ഇല്ലാതാക്കൂ
  2. അതിപുരാതനമായ തൊഴില്‍!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉദരനിമിത്തം ബഹുകൃതവേഷം - അഭിപ്രായത്തിനു നന്ദി അജിത്ത് ഭായി.

      ഇല്ലാതാക്കൂ