2026 ജനുവരി 2, വെള്ളിയാഴ്‌ച

കാലപ്രവാഹത്തിന്റെ മറുകരതേടി...

New Year 2026
ജീവിതത്തിൻ്റെ ഓരോ വർഷങ്ങളും ഓരോ പുഴകളാണ്; കാലമെന്ന മഹാസമുദ്രത്തിലേക്കൊഴുകിച്ചേരുന്ന പുഴകൾ!
കടന്നുപോയ 2025 എന്ന വർഷം പലർക്കും ശാന്തമായൊരു കല്ലോലിനിയായിരിക്കണമെന്നില്ല. ചിലർക്കെങ്കിലുമത്, അനുഭവങ്ങളുടെയും അതിജീവനത്തിന്റെയും ഒരു മഹാപ്രവാഹമായിരുന്നിരിക്കാം.
ഇന്ന് 2026-ന്റെ പുലരിയിൽ ആ പുഴയുടെ മറുകരയിൽ നിന്നു തിരിഞ്ഞുനോക്കുമ്പോൾക്കാണുന്നത്, വൈവിദ്ധ്യമാർന്ന കാഴ്ചകളാണ്.
ആ പ്രവാഹം ചിലർക്ക് ശാന്തമായ ഒരൊഴുക്കായിരുന്നെങ്കിൽ, മറ്റു ചിലർക്ക് അതു സമ്മാനിച്ചത്, നെഞ്ചുപിളർക്കുന്ന കയങ്ങളും വന്യമായ ചുഴികളുമായിരുന്നു.
ആ ഓളങ്ങളിൽ നാമുപേക്ഷിച്ചത് നമ്മുടെ സങ്കടങ്ങളെയും കണ്ണുനീരിനെയുമാണ്. പുഴയുടെ ആഴങ്ങളിൽ നമ്മൾ തിരഞ്ഞത് വെറും കൗതുകങ്ങളായിരുന്നില്ല, മറിച്ച് ജീവിതത്തിന്റെ അടിത്തട്ടിൽ ഒളിഞ്ഞിരുന്ന അതിജീവനത്തിന്റെ മുത്തുകളായിരുന്നു.
അക്കരെയെത്തി നിൽക്കുമ്പോൾ കൈകാലുകൾ കുഴയുന്നുണ്ടാകാം. പക്ഷേ, അത് യാത്രയുടെ കാഠിന്യം കൊണ്ട് മാത്രമല്ല, ജീവിതമെന്ന വലിയ തിരക്കഥയിൽ തോറ്റുപോകാതിരിക്കാൻ നാം നടത്തിയ നിരന്തരമായ പോരാട്ടങ്ങൾകൊണ്ടു കൂടെയാണ്. കയ്പുനീർ തന്ന ഒഴുക്കിനോട് നമുക്കു നന്ദി പറയാം—കാരണം, ആ കയ്പ്പാണ് മധുരത്തിന്റെ തെളിനീരിന് എത്രമാത്രം വിലയുണ്ടെന്ന് നമ്മെ മനസ്സിലാക്കിത്തന്നത്.
ആ പുഴയിലെ ചെളിയിൽച്ചിലപ്പോളൊക്കെ കുടുങ്ങുമ്പോളും അതിന്റെ അടിത്തട്ടിലൊളിഞ്ഞിരുന്ന അതിജീവനത്തിന്റെ മുത്തുകളാണു നമ്മൾ തിരഞ്ഞു കണ്ടെത്തേണ്ടത്.
2026-ന്റെ തീരത്തു നിൽക്കുമ്പോൾ, കടന്നുപോയ പുഴ നമുക്കു നൽകിയത് വെറും അനുഭവങ്ങളല്ലാ, ഇനിയുള്ള യാത്രയിൽ തളരാതിരിക്കാനുള്ള പാഠങ്ങളാണ്. ആ പുഴയിലെ ഓരോ ഓളവും നമ്മളെ പഠിപ്പിച്ചത് എങ്ങനെ അതിജീവിക്കണമെന്നാണ്.
എന്നെസ്സംബന്ധിച്ച് പുഴയും തുഴയും വഴികാട്ടലുമെല്ലാം എന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. നൂറ്റാണ്ടുകൾക്കുമുമ്പ് കരപ്പുറത്തെ നാടുവാഴികളുടെ ജലയാത്രകളിൽ മുമ്പേ തുഴഞ്ഞ് വഴികാട്ടിയവരായിരുന്നു (ആറുകാട്ടി = ആറ് (പുഴ) കാട്ടിക്കൊടുക്കുന്നയാൾ) എന്റെ പൂർവ്വികർ. ആ പാരമ്പര്യം എന്നെപ്പഠിപ്പിക്കുന്നത് ഒന്നുമാത്രം: ഒഴുക്കെത്ര വന്യമായാലും ലക്ഷ്യബോധമുള്ളവർക്കു മറുകരയുണ്ടെന്ന ഉറപ്പ്.
അതേ, കടന്നുപോയ പുഴ നമുക്കു നൽകിയത് വെറും ഓർമ്മകളല്ല, വരാനിരിക്കുന്ന യാത്രകളിൽ തളരാതിരിക്കാനുള്ള പാഠങ്ങളാണ്. ഇതാ, 2026-ന്റെ തെളിനീർപ്പരപ്പ് നമുക്കു മുന്നിലിപ്പോൾ വിരിഞ്ഞുനിൽക്കുന്നുണ്ട്. ഈ പുതിയ പ്രവാഹത്തിൽ നമുക്ക് ഒന്നിച്ചു നീന്താം. ഒഴുക്കിൽപ്പെട്ടുപോയവരെയോർത്തു പ്രാർത്ഥിക്കാം, കൂടെ നീന്തുന്നവർക്ക് താങ്ങും തണലും വഴികാട്ടിയുമാകാം.
ഒരു പുഴയൊഴുകിത്തീരുന്നിടത്ത് ചിലപ്പോൾ ഒരു കടലിന്റെ തുടക്കമാകാം. പ്രത്യാശയോടെ, സ്നേഹത്തോടെ നമുക്കു മുമ്പോട്ടു നീങ്ങാം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!

ഒത്തിരി സ്നേഹത്തോടെ,
ജോസ് ആറുകാട്ടി

2025 ഡിസംബർ 17, ബുധനാഴ്‌ച

രക്ഷയുടെ നക്ഷത്രവെട്ടം

(ലഘുനാടകം)

രചന: ജോസ് ആറുകാട്ടി

കഥാപാത്രങ്ങൾ

  • സൂത്രധാരൻ
ബൈബിൾ കഥാപാത്രങ്ങൾ
  1. കന്യാമാതാവ്
  2. യൗസേപ്പിതാവ്
  3. ഗബ്രിയേൽ മാലാഖ
  4. മൂന്ന് രാജാക്കന്മാർ (മെൽക്കിയോർ, ഗാസ്പർ, ബൽത്താസർ)
  5. ഹെറോദോസ്
  6. ഹെറോദോസിൻ്റെ ഉപദേഷ്ടാവ് (പുരോഹിതൻ)
  7. പടയാളികൾ, ഇടയന്മാർ, മാലാഖമാർ
സമകാലിക കഥാപാത്രങ്ങൾ
  1. രാജു (മദ്യപാനിയായ കുടുംബനാഥൻ)
  2. ആനി (രാജുവിൻ്റെ ഭാര്യ)
  3. ആദർശ് (രാജുവിൻ്റെ മകൻ)
  4. നിധിൻ (മയക്കുമരുന്നിന് അടിമയായ യുവാവ്)
  5. നിത്യ (നിധിന്റെ സഹോദരി)
  6. അമ്മച്ചി (മുത്തശ്ശി)
രംഗം 1
(രംഗത്ത് വെളിച്ചം തെളിയുമ്പോൾ സൂത്രധാരൻ പ്രവേശിക്കുന്നു.)
സൂത്രധാരൻ: “നിങ്ങൾ കാത്തിരുന്നു മടുത്തോ? ഞാനിതാ എത്തിക്കഴിഞ്ഞു. ഞാനാരാണെന്നാണോ? ഞാനാണു സൂത്രധാരൻ! എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നവൻ. ഞാൻ വെറുമൊരു മൂകസാക്ഷിമാത്രം - എന്റെയും നിങ്ങളുടെയും മനഃസാക്ഷികൾപോലെ!

ദൈവത്തിന്റെ സ്വന്തം നാട്... സുന്ദരമായ നമ്മുടെ കേരളം. പക്ഷേ... മദ്യത്തിൻ്റെയും രാസലഹരിയുടെയും നീരാളിക്കൈകൾ നമ്മളെ വരിഞ്ഞു മുറുക്കുന്നു. കുടുംബങ്ങൾ തകരുന്നു… യുവാക്കൾ വഴിതെറ്റുന്നു…

ഈ നാട്ടിലേക്കാണ്, വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തുന്നത്. മുറിവേറ്റ ഈ നാടിനെ സൗഖ്യമാക്കാൻ ഇന്നും കരുണയോടെ വന്നെത്തുന്ന ഉണ്ണീശോയെ നമുക്ക് ഈ ക്രിസ്മസിൽ വരവേൽക്കാം. അതിരിക്കട്ടെ, നമുക്ക് രാജുവിൻ്റെ കുടുംബത്തെ ഒന്നു പരിചയപ്പെട്ടാലോ?"
(വെളിച്ചം മങ്ങിത്തെളിയുന്നു. രാജു മദ്യലഹരിയിലാണ്. ആനിയുടെ മുടിയിൽ കുത്തിപ്പിടിച്ച് അവളെ മർദ്ദിക്കുന്നു.)
ആനി: “നിങ്ങളുടെ ഒരു നശിച്ച കുടി! ക്രിസ്തുമസിന് ഇനി രണ്ടു ദിവസങ്ങളേ ബാക്കിയുള്ളൂ! ഈ രണ്ടു ദിവസമെങ്കിലും..!”
രാജു: “ഛീ നിർത്തെടീ! മിണ്ടിപ്പോകരുത് നീ! ക്രിസ്തുമസ് പോലും! എന്നെ ഉപദേശിക്കാൻ നീയാരാണ്!”
ആദർശ് (കരഞ്ഞുകൊണ്ട്): “അമ്മയെ ഒന്നും ചെയ്യല്ല

2025 ഒക്‌ടോബർ 26, ഞായറാഴ്‌ച

വയലാർ (കവിത)

കാവ്യാംഗന നൃത്തമാടിത്തിമിർത്തൊരാ-
മുറ്റത്തെ മണ്ണിൽ പദമൂന്നി നിൽക്കവേ,
നിൻ്റെ കാലടികൾ പതിച്ചൊരാ മണ്ണിൻ്റെ
സ്പർശമെൻ ചിത്തത്തിലഗ്നി പടർത്തവേ,
നിൻ്റെ സ്മൃതിമണ്ഡപത്തിൻ്റെയുള്ളിലീ
ഛായാപടത്തിൻ്റെ മുന്നിൽ ഞാൻ നിൽക്കവേ,
നിൻ തൂലിക ജന്മമേകിയ വരികൾ നറു-
തേൻമഴയായ്പ്പെയ്തു പുഴയായൊഴുകിയോ?
അക്ഷരജ്വാലയായ് മലയാളമനസ്സിൻ്റെ-
യുമ്മറത്തിണ്ണയിൽക്കത്തുന്ന ദീപമേ,
കുവലയദളങ്ങളാമശ്രുബിന്ദുക്കളാ-
ലർച്ചനചെയ്തു കൈകൂപ്പുന്നു ഞാൻ കവേ!
കാവ്യകല്ലോലങ്ങൾക്കുറവയായ്, കൈരളി-
ക്കെന്തെന്തു പുളകങ്ങൾ ചാർത്തി നീ സർവ്വഥാ!
കാലമിനിയുമൊഴുകുമനുസ്യൂത-
മിനിയും പിറന്നിടും തലമുറകളനവധി;
മൃത്യുവാർന്നവരും മറഞ്ഞിടും നൂനമേ,
സംശയലേശമില്ലതു പ്രകൃതിനിശ്ചയം!
എന്നാൽ നിനക്കില്ല മരണം, മഹാകവേ!
നീ ചിരഞ്ജീവിയായ് വാണിടും സർവ്വദാ!
തൂലികത്തുമ്പിനാൽത്തീർത്ത വരികളാൽ
മൃത്യുഞ്ജയൻ നീ വയലാർ; അനശ്വരൻ!

2025 ഒക്ടോബർ 27
വയലാർ വിടപറഞ്ഞിട്ട് അമ്പതാണ്ടുകൾ
Vayalar Memorial
2025 ഒക്ടോബർ 25 ന് ചേർത്തല സംസ്കാരയുടെ നേതൃത്വത്തിൽ നടന്ന വയലാർ അനുസ്മരണ സമ്മേളനത്തിൽ ഞാനും പങ്കെടുത്തിരുന്നു. അപ്പോൾ മനസ്സിലുയർന്ന ചില ചിന്തകൾ, അക്ഷരങ്ങളായിപ്പകർത്തിയതാണു മുകളിലുള്ള വരികൾ.
- ജോസ് ആറുകാട്ടി