(ലഘുനാടകം)
കഥാപാത്രങ്ങൾ
ബൈബിൾ കഥാപാത്രങ്ങൾ
1. കന്യാമാതാവ്,
2. യൗസേപ്പിതാവ്,
3. ഗബ്രിയേൽ മാലാഖ,
4. മൂന്ന് രാജാക്കന്മാർ (മെൽക്കിയോർ, ഗാസ്പർ, ബൽത്താസർ),
5. ഹെറോദോസ്,
6. ഹെറോദോസിൻ്റെ ഉപദേഷ്ടാവ് (പുരോഹിതൻ)
7. പടയാളികൾ
8. ഇടയന്മാർ
9. മാലാഖമാർ
സമകാലികകഥാപാത്രങ്ങൾ
1. സൂത്രധാരൻ,
2. രാജു (മദ്യപാനിയായ കുടുംബനാഥൻ),
3. ആനി (രാജുവിൻ്റെ ഭാര്യ),
4. ആദർശ് (രാജുവിൻ്റെ മകൻ)
5. നിഥിൻ (മയക്കുമരുന്നിന് അടിമയായ യുവാവ്)
6. നിത്യ (നിഥിന്റെ സഹോദരി),
7. അമ്മച്ചി (നിഥിൻ്റെയും നിത്യയുടേയും മുത്തശ്ശി),
8. ഗായകസംഘം
രംഗം 1
(രംഗത്ത് വെളിച്ചം തെളിയുമ്പോൾ സൂത്രധാരൻ പ്രവേശിക്കുന്നു.)
സൂത്രധാരൻ:
“നിങ്ങൾ കാത്തിരുന്നു മടുത്തോ? ഞാനിതാ എത്തിക്കഴിഞ്ഞു. ഞാനാരാണെന്നാണോ? ഞാനാണു സൂത്രധാരൻ! എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നവൻ. ദൃക്സാക്ഷി! അല്ലല്ലാ... ഞാൻ വെറുമൊരു മൂകസാക്ഷിമാത്രം!
ദൈവത്തിൻ്റെ സ്വന്തം നാടെന്നു വിളിക്കുന്ന നമ്മുടെ നാട്ടിൽനിന്ന് എന്തെല്ലാം ദുർവാർത്തകളാണ് ഓരോ ദിവസവും നമുക്കു മുമ്പിലേക്കെത്തുന്നത്?
മദ്യത്തിൻ്റെയും രാസലഹരിയുടെയും നീരാളിക്കൈകൾ നമ്മളെ വരിഞ്ഞു മുറുക്കുന്നു. കുടുംബങ്ങൾ തകരുന്നു… യുവാക്കൾ വഴിതെറ്റുന്നു…
മാതാപിതാക്കളെപ്പോലും കൊലപ്പെടുത്തുന്ന മക്കൾ... നിത്യസംഭവങ്ങളായിത്തീരുന്ന സ്ത്രീപീഡനങ്ങൾ...
ഈ നാട്ടിലേക്കാണ്, വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തുന്നത്. ക്രിസ്തുമസിന് ഇനി രണ്ടു ദിവസങ്ങൾമാത്രമാണു ബാക്കി. ഇക്കൊല്ലം തിരുപ്പിറവിയുടെ ജൂബിലി വർഷമാണ്. രണ്ടായിരത്തിയിരുപത്തഞ്ചു വർഷങ്ങൾക്കു മുമ്പ്, ബേത്‌ലെഹേമിൽ വന്നുപിറന്ന ഈശോ, ഈ മുറിവേറ്റ നാടിനെ സൗഖ്യമാക്കാൻ ഇന്നും കരുണയോടെ വന്നെത്തുന്നെന്ന് ഈ ക്രിസ്മസ് നമ്മളെ ഓർമ്മിപ്പിക്കുന്നു.
അതിരിക്കട്ടെ, ഈ രാത്രിയിൽ, ബേത്‌ലേഹമിലേക്കു പോകുന്നതിനുമുമ്പ് നമുക്ക് രാജുവിൻ്റെ കുടുംബത്തെ ഒന്നു പരിചയപ്പെട്ടാലോ?"
(വെളിച്ചം മങ്ങിത്തെളിയുമ്പോൾ സൂത്രധാരനില്ല. രാജു, ഭാര്യ ആനി, അവരുടെ കൗമാരക്കാരനായ മകൻ ആദർശ് എന്നിവരാണു വേദിയിൽ. രാജു മദ്യലഹരിയിലാണ്. ആനിയുടെ മുടിയിൽ കുത്തിപ്പിടിച്ച് അവളെ മർദ്ദിക്കുന്നു.)
ആനി:
“നിങ്ങളുടെ ഒരു നശിച്ച കുടി! ക്രിസ്തുമസിന് ഇനി രണ്ടു ദിവസങ്ങളേ ബാക്കിയുള്ളൂ! ഈ രണ്ടു ദിവസമെങ്കിലും..!”
രാജു:
“ഛീ നിർത്തെടീ! എന്നെ ഉപദേശിക്കാൻ നീയാരാണ്!”
ആദർശ് (കരഞ്ഞുകൊണ്ട്):
“അമ്മയെ ഒന്നും ചെയ്യല്ലേ, അച്ഛാ! ഇനി ഒരിക്കലും കുടിക്കില്ലെന്ന് ഇന്നു രാവിലെയും അച്ഛനെന്നോടു പറഞ്ഞതല്ലേ..!”
(രാജു ആനിയെ വിട്ട് ആദർശിനു നേരെ കൈ ഉയർത്തുന്നു.)
രാജു: "തള്ളയോടു ചേർന്ന് നീയുമെന്നെ ഭരിക്കാൻ വരുന്നോടാ?"
(ആനി രാജുവിനെ തടയുന്നു.)
ആനി:
“അവനെത്തൊടരുത്! തല്ലാനും കൊല്ലാനുമല്ലാതെ, ഈ കുടുംബത്തെക്കുറിച്ച് നിങ്ങൾക്കെന്തെങ്കിലും ചിന്തയുണ്ടോ മനുഷ്യാ!”
(കോപവും കണ്ണീരുമായി, ആദർശിനേയും പിടിച്ച് അകത്തേക്കു പോകുന്ന ആനി. പിന്നാലെ, പിറുപിറുത്തുകൊണ്ട്, ആടിയുലഞ്ഞ് രാജുവും കയറിപ്പോകുന്നു. വെളിച്ചം മങ്ങുന്നു.)
സൂത്രധാരൻ്റെ ശബ്ദം: "ഇതുമാത്രമല്ലാ, ഇതുപോലെ ഇനിയുമനവധി കുടുംബങ്ങൾ നമുക്കു ചുറ്റുമുണ്ട്. മറ്റൊരു കുടുംബത്തെക്കൂടെ ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. ഒരു മുത്തശ്ശിയും രണ്ടു പേരക്കുട്ടികളുംമാത്രമുള്ള ഒരു കുടുംബം."
(വെളിച്ചം വീണ്ടും തെളിയുമ്പോൾ നിഥിനും നിത്യയുമാണു വേദിയിൽ. വെളുത്ത പൊടി നിറഞ്ഞ, വളരെച്ചെറിയ ഒരു പ്ലാസ്റ്റിക് കവർ നിഥിൻ്റെ കൈയിലുണ്ട്. നിത്യ, അവന്റെ കൈയിൽപ്പിടിച്ച് അതു വാങ്ങാൻ ശ്രമിക്കുന്നു.)
നിത്യ:
“ഇതിപ്പോഴും നിൻ്റെ കൈയിലുണ്ടോ? ഇതു നിന്നെ നശിപ്പിക്കുകയാണ്! ഇപ്പോൾ നിനക്കിതിൻ്റെ വില്പനയുമുണ്ട്, അല്ലേ?”
നിഥിൻ:
“പ്ലീസ് ചേച്ചീ, ഇതില്ലാതെ എനിക്കു ജീവിക്കാൻ കഴിയില്ല ചേച്ചീ... ആദ്യമൊക്കെ അവർക്കെന്നോടു സ്നേഹമായിരുന്നു. അവർ എനിക്കിതു ഫ്രീയായി തരുമായിരുന്നു. പക്ഷേ, ഇപ്പോൾ... ഇപ്പോളവർക്ക് പണം വേണം...”
(മുത്തശ്ശി പ്രവേശിക്കുന്നു.)
മുത്തശ്ശി:
“മോനെ... നിങ്ങടെ പപ്പയും മമ്മയും മരിച്ചതിനുശേഷം എത്ര കഷ്ടപ്പെട്ടാണു ഞാൻ നിങ്ങളെ വളർത്തിയത്! എന്നിട്ടിപ്പോൾ ..... മക്കളേ, കിസ്മസ് ഇങ്ങെത്തി. നാളെ രാവിലെ നമുക്കൊന്നിച്ചു പള്ളിയിൽപ്പോകാം. ഈശോയ്ക്കുമാത്രമേ നമ്മളെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ."
നിഥിൻ: "ഓ, പള്ളി! പള്ളിയിൽപ്പോയിട്ടെന്തിനാണ്? കർത്താവ് എന്നോടു ക്ഷമിക്കില്ല.."
മുത്തശ്ശി: "ദൈവം മനുഷ്യനായിപ്പിറന്നത് നമ്മളെ രക്ഷിക്കാൻവേണ്ടിയാണ്. ഈ തിന്മയിൽനിന്ന് ഉണ്ണീശോ നിന്നെ രക്ഷിക്കും.”
(വെളിച്ചം മങ്ങുന്നു)
സൂത്രധാരൻ്റെ ശബ്ദം: “കേരളത്തിന്റെ എല്ലാക്കോണുകളിലും ഇതുപോലെ നിലവിളികളുയരുന്നുണ്ട്..
എന്നാൽ മറ്റൊരു നാട്ടിൽ... മറ്റൊരുകാലത്ത്... രക്ഷയുടെ ഒരു നക്ഷത്രം ആകാശത്തു പ്രത്യക്ഷപ്പെട്ടിരിക്കുന്നു.”
രംഗം 2
(വെളിച്ചം മങ്ങിത്തെളിയുമ്പോൾ ജനങ്ങൾക്കിടയിൽനിന്ന്, മൂന്നു രാജാക്കന്മാർ വേദിയിലേക്കു പ്രവേശിക്കുന്നു. വേദിയിലെത്തുന്ന രാജാക്കന്മാർ.)
ഗാസ്പർ: (ആകാശത്തേക്കു വിരൽ ചൂണ്ടി)
“ഒരു പുതിയ നക്ഷത്രം... അതിനെ പിന്തുടർന്നെത്താൻ നമുക്കു മൂന്നാൾക്കും പ്രചോദനമേകിയത് ദൈവംതന്നെയാണ്.”
മെൽക്കിയോർ:
“അതേ, ഇത്..., ഈ നക്ഷത്രം, ലോകം മുഴുവൻ അടക്കിഭരിക്കാനുള്ള സമാധാനരാജാവിൻ്റെ ജനനത്തെ പ്രഖ്യാപിക്കുന്നു. അവൻ സൈന്യങ്ങളുടെ രാജാവല്ല... മറിച്ച് ഹൃദയങ്ങളുടെ രാജാവാണ്.”
ബൽത്താസർ:
“അതേ, അതു സത്യമാണ്. വിദൂരസ്ഥരായിരുന്ന നമ്മളെ അവൻ സമീപസ്ഥാരാക്കി. അപരിചിതരായിരുന്ന നമ്മളെ സ്നേഹിതരാക്കി. ..”
ഗാസ്പർ: "നമുക്ക് അല്പംകൂടെ വേഗത്തിൽ നടക്കാം. അവൻ്റെ തൃപ്പാദങ്ങളിൽ എൻ്റെ കാണിക്കകളർപ്പിച്ച്, അവനെ വണങ്ങാനും ആരാധിക്കാനും എനിക്കു തിടുക്കമായിരിക്കുന്നു."
ബൽത്താസർ: (ആകാശത്തേക്കു വിരൽ ചൂണ്ടി, ദുഃഖത്തോടെ) "നമുക്കു വഴികാട്ടിയായിരുന്ന ആ നക്ഷത്രമെവിടെ? അത് അപ്രത്യക്ഷമായല്ലോ."
(മറ്റു രണ്ടുപേരും ആകാംക്ഷയോടെ ആകാശത്തേക്കു നോക്കുന്നു.)
മെൽക്കിയോർ: "ഒരുപക്ഷേ നമ്മളിപ്പോൾ നിൽക്കുന്നതിനു സമീപത്തെവിടെയോ ആകാം അവൻ പിറന്നത്. അതിനാലാകാം നക്ഷത്രം മറഞ്ഞത്."
ഗാസ്പർ: (അകലേയ്ക്കു വിരൽ ചൂണ്ടി) "അതാ നോക്കൂ. അങ്ങകലെ ജ്വലിക്കുന്ന പന്തങ്ങളുടെ പ്രഭയിൽ മുങ്ങിനിൽക്കുന്ന ഒരു കൊട്ടാരം. ഒരുപക്ഷേ അവിടെയാകാം രാജശിശു ജനിച്ചത്. വരൂ, നമുക്ക് അവിടേയ്ക്കു പോകാം."
(രാജാക്കന്മാർ കടന്നുപോകുന്നു. വെളിച്ചം മങ്ങുന്നു)
രംഗം 3
(ഹെറോദോസിൻ്റെ കൊട്ടാരം. ഹെറോദോസ്, തന്റെ സിംഹാസനത്തിൽ അസ്വസ്ഥനായി ഇരിക്കുന്നു. പൂജരാജാക്കന്മാരും രാജകീയ ഉപദേഷ്ടാവായ പുരോഹിതനും രണ്ടോ മൂന്നോ ഭടന്മാരും വേദിയിലുണ്ട്.)
ഹെറോദാസ്:
“അസംഭവ്യം! ഹേറോദോസിൻ്റെ കൊട്ടാരത്തിലല്ലാതെ മറ്റെവിടെയോ ഒരു രാജശിശു ജനിച്ചിരിക്കുന്നുവെന്നോ?”
ഗാസ്പർ: "ലോകം മുഴുവൻ്റെയും രാജാവാകേണ്ട ഈ ശിശുവിൻ്റെ ജനനത്തെക്കുറിച്ച്, പ്രവാചകന്മാർ പണ്ടേ പ്രവചിച്ചിരുന്നു."
(ഹെറോദോസിൻ്റെ മുഖത്ത് ക്രുദ്ധഭാവം)
മെൽക്കിയോർ: "അതനുസരിച്ച് അവൻ്റെ ജനനത്തിനു മുന്നോടിയായി ആകാശത്തുദിച്ച നക്ഷത്രത്തെ പിന്തുടർന്നാണ് ഞങ്ങളിവിടെവരെ എത്തിയത്. ഇവിടെയെത്തിയപ്പോൾ കാർമേഘങ്ങൾക്കിടയിലെവിടെയോ ആ നക്ഷത്രം അപ്രത്യക്ഷമായി."
(പെട്ടെന്ന് മുഖഭാവം മാറ്റി സന്തോഷമഭിനയിക്കുന്ന ഹേറോദോസ്.)
ഹേറോദോസ്: "അങ്ങനെയെങ്കിൽ അവൻ എൻ്റെയും രാജാവാണ്. അവൻ്റെ നക്ഷത്രം വീണ്ടും പ്രത്യക്ഷപ്പെടുന്നതുവരെ നിങ്ങൾക്കിവിടെ വിശ്രമിക്കാം. നക്ഷത്രം കണ്ടാലുടൻ നിങ്ങൾ പോയി അവനെ ആരാധിച്ചു മടങ്ങിവരിക. നിങ്ങൾ തിരികെവരുമ്പോൾ അവനെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും എന്നെയറിയിച്ചാൽ എനിക്കും പോയി അവനെയാരാധിക്കാമല്ലോ..."
(ഭടന്മാർക്കു നേരേ തിരിയുന്നു.)
"ആരവിടെ! ഇവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും നല്കൂ."
(ഒരു ഭടൻ പ്രവേശിച്ച് ഹേറോദോസ് രാജാവിനെ വണങ്ങിയശേഷം മൂന്നു രാജാക്കൾക്കൊപ്പം പുറത്തേക്കു പോകുന്നു. അവർ പോയിക്കഴിയുമ്പോൾ രാജാവിൻ്റെ
ഉപദേഷ്ടാവായ പുരോഹിതൻ സംസാരിക്കുന്നു.)
പുരോഹിതൻ:
“ഇസ്രായേലിൻ്റെ രാജാവായി മിശിഹാ ജനിക്കുമെന്ന് പ്രവചനഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. സംഖ്യാപുസ്തകംമുതൽ മലാക്കിയുടെ പുസ്തകത്തിൽവരെ അവനെക്കുറിച്ചുള്ള പ്രവചനങ്ങളുണ്ട്. ബാലാമും സാമുവലും ജെറമിയയും ഏശയ്യായും എസെക്കിയേലും ദാനിയേലും മിക്കായും ഹഗ്ഗായിയും സഖറിയയും മലാക്കിയും വരാനിരിക്കുന്ന രാജാവിനെക്കുറിച്ചു പ്രവചിച്ചിട്ടുണ്ട്. മിക്കാപ്രവാചകൻ്റെ പുസ്തകത്തിൽ പറയുന്നതനുസരിച്ച്, യൂദയായിലെ ബേത്‌ലഹേമിലാണ്, അവൻ പിറക്കുന്നത്...”
ഹെറോദോസ് (കോപത്തോടെ):
“എൻ്റെ സിംഹാസനം മോഷ്ടിക്കാൻ ഒരു ശിശു ബേത്‌ലഹേമിൽ ജനിച്ചിരിക്കുന്നുവെന്നോ! അവർ പോയി അവൻ പിറന്ന സ്ഥലം കണ്ടെത്തി മടങ്ങിവരട്ടെ. എനിക്കെതിരെയുള്ള എല്ലാ ഭീഷണികളും ഞാൻ ഇല്ലാതാക്കും!”
(വെളിച്ചം മങ്ങുന്നു)
സൂത്രധാരൻ്റെ ശബ്ദം:
“ശക്തിയും അധികാരവും സ്നേഹത്തെ ഭയപ്പെടുമ്പോൾ, തിന്മയുടെ അന്ധകാരം മനസ്സുകളിൽ നിറയുന്നു.”
രംഗം 4
(വെളിച്ചം തെളിയുമ്പോൾ ഇടയന്മാർ തീ കാഞ്ഞുകൊണ്ടിരിക്കുന്നു.
പെട്ടെന്ന് തിളക്കമുള്ള വെളിച്ചം പ്രത്യക്ഷപ്പെടുന്നതോടൊപ്പം ഗബ്രിയേൽ മാലാഖ പ്രത്യക്ഷനാകുന്നു. ഇടയന്മാർ ഭയന്നെഴുന്നേൽക്കുന്നു.)
ഗബ്രിയേൽ മാലാഖ:
“ഭയപ്പെടേണ്ട! ഞാൻ നിങ്ങൾക്കായി ഒരു സന്തോഷവാർത്ത കൊണ്ടുവന്നിരിക്കുന്നു! ഈ രാത്രിയിൽ നിങ്ങൾക്കായി ഒരു രക്ഷകൻ പിറന്നിരിക്കുന്നു!”
ഗായകസംഘം (മാലാഖമാർ) പാടുന്നു:
“മഹത്വത്തിൽ മഹത്വം പിറന്നു മണ്ണിൽ,
രാജാധിരാജൻ പിറന്നു മണ്ണിൽ!
പാപത്തിനന്ധതയകറ്റിടുവാൻ,
രാജാധിരാജൻ പിറന്നു മണ്ണിൽ!”
രംഗം 5
(ഒരു കാലിത്തൊഴുത്തിലെ
പുൽത്തൊട്ടിയിൽക്കിടക്കുന്ന ദിവ്യശിശുവിനു സമീപം യൗസേപ്പിതാവും കന്യകാമാതാവും. അവിടേയ്ക്കെത്തുന്ന ഇടയന്മാർ, ഉണ്ണീശോയ്ക്കു മുമ്പിൽ മുട്ടുകുത്തുന്നു.)
ഇടയൻ 1: "മാലാഖമാർ പാവപ്പെട്ട ഞങ്ങളുടെയടുത്തു വന്നു. ഇവിടെ ഈ പുൽത്തൊട്ടിയിൽ രക്ഷകനായ മിശിഹ പിറന്നുവെന്ന് അവർ ഞങ്ങളോടു പറഞ്ഞു."
ഇടയൻ 2: (കന്യാമാതാവിനോടായി) "അമ്മേ, മിശിഹയുടെ അമ്മയാകാൻ വിളി ലഭിച്ച അങ്ങെത്ര ധന്യയാണ്! ഞങ്ങളെക്കുറിച്ച് അങ്ങയുടെ തിരുക്കുമാരനോടു പറയണേ."
(ഇടയന്മാർ മുട്ടിൽനിന്നെഴുന്നേൽക്കുമ്പോൾ രാജാക്കന്മാർ സമ്മാനങ്ങളുമായി പ്രവേശിക്കുന്നു.)
മെൽക്കിയോർ:
“സമാധാനത്തിന്റെ രാജാവിനുവേണ്ടി.”
ഗാസ്പർ:
“ജനതകളുടെ വെളിച്ചത്തിനുവേണ്ടി.”
ബൽത്തസാർ:
“മുറിവേറ്റ എല്ലാ ഹൃദയങ്ങളുടെയും സൗഖ്യത്തിനുവേണ്ടി.”
(മൂന്നാളും മുട്ടുകുത്തി, ഈശോയെ ആരാധിക്കുന്നു.)
ഗായകസംഘം (മാലാഖമാർ) പാടുന്നു:
“രാത്രി, രാത്രി രജതരാത്രി...
രാജാധിരാജൻ പിറന്ന രാത്രി...”
(വെളിച്ചം മങ്ങുന്നു.)
രംഗം 6
(വെളിച്ചം തെളിയുമ്പോൾ മുൻരംഗംതന്നെയാണ്. എന്നാൽ ഇടയന്മാരും രാജാക്കന്മാരും വേദിയിലില്ല.)
സൂത്രധാരൻ: (ശബ്ദംമാത്രം) "ലോകത്തിലെ എല്ലാ ദൈവാലയങ്ങളിലും ബേത്‌ലഹേമിലെ അന്നത്തെ ക്രിസ്തുമസ് രാത്രി പുനർജ്ജനിക്കുന്നുണ്ട്. നമ്മുടെ മുറിവേറ്റ ഹൃദയങ്ങളെ, തനിക്കുള്ള സമ്മാനമായി സ്വീകരിക്കാൻ ഉണ്ണീശോ നമ്മുടെ ഇടവകദൈവാലയത്തിൽ നമുക്കായി കാത്തിരിക്കുന്നുണ്ട്...."
(ആനിയുടെയും ആദർശിൻ്റെയും കരംപിടിച്ച് രാജു കടന്നുവരുന്നു.)
രാജു (കരയുന്നു):
“എൻ്റെ ഈശോയേ... ഞാൻ വഴിതെറ്റിപ്പോയി. എന്റെ കുടുംബത്തെ ഞാൻ വേദനിപ്പിച്ചു...
എന്നോടു നീ ക്ഷമിക്കുമോ?”
(കന്യാമറിയവും യൗസേപ്പിതാവും മുന്നോട്ടു വരുന്നു.)
കന്യാമറിയം:
“നിന്നെപ്പോലെ, അനുതപിക്കുന്ന പാപികൾക്കു
രക്ഷയേകാനാണ് എന്റെ മകൻ ഈ ഭൂമിയിൽ മനുഷ്യനായിപ്പിറന്നത്..."
(യൗസേപ്പിതാവ് രാജുവിന്റെ തോളിൽ കൈവയ്ക്കുന്നു.)
യൗസേപ്പിതാവ്:
“എഴുന്നേൽക്കൂ.
നഷ്ടപ്പെട്ടതിനെയോർത്തു കരയേണ്ടാ. ഹൃദയപൂർവം ഈശോയിലേക്കു തിരിഞ്ഞാൽ ഇപ്പോൾത്തന്നെ നമ്മുടെ നാഥൻ പുതിയൊരു പാത നിനക്കു തുറന്നു തരും.”
(ആദർശ് അച്ഛനെ കെട്ടിപ്പിടിക്കുന്നു. ആനി പുഞ്ചിരിക്കുന്നു. വെളിച്ചം മങ്ങുന്നു. വീണ്ടും തെളിയുമ്പോൾ ഇടയന്മാരും രാജാക്കന്മാരുമില്ലാതെ രംഗം 5 തന്നെയാണ്.)
വിറച്ചുകൊണ്ട് നിഥിൻ പ്രവേശിക്കുന്നു. നിത്യയും മുത്തശ്ശിയും അവനോടൊപ്പമുണ്ട്.)
നിഥിൻ:
“എനിക്ക് ലഹരിയുടെ ഈ ജീവിതം വേണ്ട. പക്ഷേ... ഇതിൽനിന്ന് ഞാനെങ്ങനെ രക്ഷപ്പെടും?
എന്നെ സഹായിക്കാൻ ആരുമില്ല...”
(യൗസേപ്പിതാവും കന്യാമാതാവും അവൻ്റെ സമീപത്തെത്തുന്നു.)
യൗസേപ്പിതാവ്: (അവൻ്റെ തോളിൽ കൈവച്ചുകൊണ്ട്) എല്ലാത്തരം ആസക്തികളിൽനിന്നും മനുഷ്യനെ മോചിക്കാനാണ്, ഈശോ ഈ മണ്ണിലേക്കു വന്നത്. അവൻ നിന്നെയും രക്ഷിക്കും."
കന്യാമാതാവ്: "നീ ഒരു കാര്യംമാത്രം ശ്രദ്ധിച്ചാൽമതി. അവൻ പറയുന്നതു ചെയ്യുക. അവൻ പറയുന്നതെന്തെന്നു തിരിച്ചറിയാൻ അവൻ്റെ വചനം വായിക്കണം."
(നിഥിനും നിത്യയും മുത്തശ്ശിയും ഉണ്ണീശോയ്ക്കുമുമ്പിൽ മുട്ടുമടക്കുമ്പോൾ വെളിച്ചം മങ്ങുന്നു.)
രംഗം 7
(ഹെറോദോസിൻ്റെ കൊട്ടാരം.)
ഹെറോദോസ്: "അവരെന്നെ കബളിപ്പിച്ചു. ആരവിടെ! ബേത്‌ലെഹേമിലും പരിസരത്തുമുള്ള രണ്ടു വയസ്സിൽത്താഴെ പ്രായമുള്ള എല്ലാ ആൺശിശുക്കളെയും ഇപ്പോൾത്തന്നെ വാളിനിരയാക്കുക."
(കോപത്തോടെ കൊട്ടാരത്തിലുലാത്തുന്ന ഹേറോദോസ്. പശ്ചാത്തലത്തിൽ കുതിരകളുടെ ശബ്ദങ്ങൾ കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും കരച്ചിൽ)
സൂത്രധാരൻ്റെ ശബ്ദം:
"ഹെറോദോസ് ആസക്തിയാണ്... അക്രമവും വെറുപ്പുമാണ്. മദ്യവും മയക്കുമരുന്നും അഴിമതിയും അക്രമവും ലൈംഗികതിന്മകളുമായി അവൻ്റെ പടയാളികൾ ഇന്നും ദൈവത്തിൻ്റെ മക്കളെ വേട്ടയാടുന്നു."
(വെളിച്ചം മങ്ങിത്തെളിയുമ്പോൾ ഗബ്രിയേൽ ദൂതൻ ഹെറോദോസിനു മുമ്പിൽ പ്രത്യക്ഷപ്പെടുന്നു.)
ഗബ്രിയേൽ:
“ഇല്ല, ഹെറോദോസ്! ഒരു ശിശു ജനിച്ചിരിക്കുന്നു. തൻ്റെ ജനത്തെ മോചിപ്പിക്കാൻ രക്ഷകൻ പിറന്നിരിക്കുന്നു. തിന്മയുടെ ശക്തികൾ പരാജിതരാകും. അന്ധകാരത്തിനുമേൽ പ്രകാശം വിജയം വരിക്കും. ”
(വെളിച്ചം മങ്ങുന്നു.)
രംഗം 8
(എല്ലാക്കഥാപാത്രങ്ങളും മെഴുകുതിരികൾ/നക്ഷത്രവിളക്കുകളുമായി പ്രവേശിക്കുന്നു.)
കന്യാമറിയം (ഉണ്ണീശോയെ ചേർത്തു പിടിച്ചുകൊണ്ട്):
“എല്ലാ തകർന്ന ഹൃദയങ്ങൾക്കുമായി, ദൈവകരുണയുടെ സന്ദേശവുംകൊണ്ടാണ്. എൻ്റെ പുത്രൻ ഭൂമിയിൽ പിറന്നത്.”
യൗസേപ്പിതാവ്:
“ഒരിക്കലും മങ്ങാത്ത വെളിച്ചമാണവൻ. അന്ധകാരശക്തികൾക്ക് അവൻ്റെ പ്രകാശത്തിനു മുമ്പിൽ നിലനില്പില്ല”
സൂത്രധാരൻ:
“ഇരുട്ടിനോടു മല്ലിടുന്ന ഒരു നാട്ടിൽ…
പ്രത്യാശ ജനിക്കുകയാണ്. പിറവിത്തിരുനാളിൻ്റെ ഈ ജൂബിലി വർഷത്തിൽ, നീതിസൂര്യനായ ക്രിസ്തു ലോകത്തിനു പുതിയ വെളിച്ചം നല്കട്ടെ!”
എല്ലാവരും ഒരുമിച്ച്:
“അവന്റെ വെളിച്ചം നമ്മുടെ നാടിനെ സുഖപ്പെടുത്തട്ടെ!”
അവസാനഗാനം:
"ശാന്തരാത്രി, തിരുരാത്രി"
കർട്ടൻ.
________________________
*ജോസ് ആറുകാട്ടി*