2025  ഒക്ടോബർ 27
വയലാർ വിടപറഞ്ഞിട്ട് അമ്പതാണ്ടുകൾ
2025 ഒക്ടോബർ 25 ന് ചേർത്തല സംസ്കാരയുടെ നേതൃത്വത്തിൽനടന്ന വയലാർ അനുസ്മരണസമ്മേളനത്തിൽ ഞാനും പങ്കെടുത്തിരുന്നു. അപ്പോൾ മനസ്സിലുയർന്ന ചില ചിന്തകൾ, അക്ഷരങ്ങളായിപ്പകർത്തിയതാണു താഴെയുള്ള വരികൾ.
കാവ്യാംഗന നൃത്തമാടിത്തിമിർത്തൊരാ-
മുറ്റത്തെ മണ്ണിൽ പദമൂന്നി നിൽക്കവേ,
നിൻ്റെ കാലടികൾ പതിച്ചൊരാ മണ്ണിൻ്റെ 
സ്പർശമെൻ ചിത്തത്തിലഗ്നി പടർത്തവേ,
നിൻ്റെ സ്മൃതിമണ്ഡപത്തിൻ്റെയുള്ളിലീ ഛായാപടത്തിൻ്റെ മുന്നിൽ ഞാൻ നിൽക്കവേ
നിൻ തൂലികയിൽപ്പിറന്ന വരികളൊരു
തേൻമഴയായ്പ്പെയ്തു പുഴയായൊഴുകിയോ?
അക്ഷരജ്വാലയായ് മലയാളമനസ്സിൻ്റെ-
യുമ്മറത്തിണ്ണയിൽക്കത്തുന്ന ദീപമേ,
കുവലയദളങ്ങളാമശ്രുബിന്ദുക്കളാ-
ലർച്ചനചെയ്തു കൈകൂപ്പുന്നു ഞാൻ കവേ!
കാവ്യകല്ലോലങ്ങൾക്കുറവയായ്, കൈരളി-
ക്കെന്തെന്തു പുളകങ്ങൾ ചാർത്തി നീ സർവ്വഥാ!
കാലമിനിയുമൊഴുകുമനുസ്യൂത-
മിനിയും പിറന്നിടും തലമുറകളനവധി; 
മൃത്യുവാർന്നവരും മറഞ്ഞിടും നൂനമേ, സംശയലേശമില്ലതു പ്രകൃതിനിശ്ചയം!
എന്നാൽ നിനക്കില്ല മരണം, മഹാകവേ! നീ ചിരഞ്ജീവിയായ് വാണിടും സർവ്വദാ!
തൂലികത്തുമ്പിനാൽത്തീർത്ത വരികളാൽ 
മൃത്യുഞ്ജയൻ നീ വയലാർ; അനശ്വരൻ!
- ജോസ് ആറുകാട്ടി
നന്നായി
മറുപടിഇല്ലാതാക്കൂThank you
ഇല്ലാതാക്കൂ