2021, ഡിസംബർ 29, ബുധനാഴ്‌ച

പുതുവർഷപ്പുലരിയിലേക്ക്

ധനുമാസക്കുളിരുംപേറി, പുതുവർഷപ്പുലരി പിറന്നേ,
നീഹാരക്കോടിയുടുത്ത്,
അഴകോടെ ഭൂമിയൊരുങ്ങി...
പ്രത്യാശപ്പൊൻകിരണങ്ങൾ പുതുവീഥിയൊരുക്കുകയായി...

അതിജീവനമന്ത്രംചൊല്ലി അണിചേരുക നാം.
അതിജീവനമന്ത്രംചൊല്ലി, അണിചേരുക സ്നേഹിതരേ നാം.

കാലിൽപ്പൊൻകാൽത്തളകെട്ടീ,
കല്ലോലിനി കരയെപ്പുൽകി,
തരുനിരകൾ കാറ്റിലുലഞ്ഞൂ,
കളഗാനംപാടീ കിളികൾ
കണ്ണീരിൻകാലം മാഞ്ഞൂ,
പുതുവഴികൾ വെട്ടിടിടുക നാം

അതിജീവനമന്ത്രംചൊല്ലി അണിചേരുക നാം.
അതിജീവനമന്ത്രംചൊല്ലി, അണിചേരുക സ്നേഹിതരേ നാം.

തളരേണ്ടാ, മനമിടറേണ്ടാ,
തൺപെടുമീ നാളുകൾ മായും
പ്രതിസന്ധികളേതും നമ്മൾ,
പ്രതിയത്നതയോടെ വെല്ലും;
വർദ്ധിതമാമൂർജ്ജത്തോടെ
വരവേൽക്കാം പുതുവർഷത്തെ!

അതിജീവനമന്ത്രംചൊല്ലി അണിചേരുക നാം.
അതിജീവനമന്ത്രംചൊല്ലി അണിചേരുക സ്നേഹിതരേ നാം.

ധനുമാസക്കുളിരുംപേറി, പുതുവർഷപ്പുലരി പിറന്നേ,
നീഹാരക്കോടിയുടുത്ത്,
അഴകോടെ ഭൂമിയൊരുങ്ങി...
പ്രത്യാശപ്പൊൻകിരണങ്ങൾ പുതുവീഥിയൊരുക്കുകയായി...

അതിജീവനമന്ത്രംചൊല്ലി അണിചേരുക നാം.
അതിജീവനമന്ത്രംചൊല്ലി, അണിചേരുക സ്നേഹിതരേ നാം.

2021, ഓഗസ്റ്റ് 22, ഞായറാഴ്‌ച

എന്റെ മരണദിനത്തിൽ



അഫ്‌ഗാനിസ്ഥാനിൽ ജനിച്ച്, പേർഷ്യൻഭാഷയിൽ കാലാതിവർത്തിയായ സാഹിത്യസൃഷ്ടികൾനടത്തിയ, ജലാൽ അദ്ദീൻ മുഹമ്മദ് റൂമിയുടെ On The Day of My Death എന്ന കവിതയുടെ സ്വതന്ത്രപരിഭാഷ, എന്റെ എളിയ പരിശ്രമം..
👇

എന്റെ മരണത്തിൻദിനം വന്നണയുമ്പോൾ,
എന്റെ ശവപ്പെട്ടി പുറത്തേയ്‌ക്കെടുക്കുമ്പോൾ,
എനിക്കീ ലോകംവിടാൻ ഖേദമെന്നോർത്തീടേണ്ടാ...


എനിക്കായ് കണ്ണുനീരൊഴുക്കേണ്ട, ഖേദത്തോടെ -
വിലപിച്ചു കരയേണ്ടതില്ലെന്നതോർത്തീടുവിൻ;
സാത്താന്റെയാഗാധമാം ഗുഹയിൽ ഞാൻ വീണതല്ലാ!


എൻ ശവസംസ്കാരവേളയിലോർത്തീടുക,
അകലേയ്‌ക്കെവിടെയ്‌ക്കോ മറഞ്ഞീടുകയല്ല,
നിത്യനാം ദൈവത്തിന്റെ സന്നിധിപൂകുന്നു ഞാൻ...


ഒരു ശവക്കുഴിക്കുള്ളിൽ എന്നെവിട്ടകലുമ്പോൾ
വിടചൊല്ലൽ വേണ്ടാ, ശവക്കുഴിയൊരു തിരശ്ശീല;
ഈയൊരു തിരശ്ശീലയ്ക്കപ്പുറം പറുദീസാ.


ഈക്കുഴിമാടത്തിലേക്കിറങ്ങുന്ന ഞാൻ നാളെ,
ഉയിർക്കുന്നതു കാണാനുൾക്കണ്ണു തുറന്നിടൂ;
-അസ്തമയത്താൽ സൂര്യചന്ദ്രന്മാരില്ലാതാമോ?


തടവറയല്ലാ നൂനം, എനിക്കീക്കുഴിമാടം,
ഇവിടെയെന്നാത്മാവിന്റെ സ്വാതന്ത്ര്യക്കൊടിയില്ലേ
നിത്യമാമുയിർപ്പിനായ്, ഇന്നെന്റെയസ്തമയം!


മണ്ണിൽവീണൊരു വിത്ത് മുളയ്ക്കാതിരിക്കുമോ?
പുതുനാമ്പായതു വീണ്ടുമുയരാതിരിക്കുമോ?
ദേഹിതൻ വിത്താണെന്റെ ദേഹമെന്നറിയുക!


കിണറിന്നാഴത്തിലേക്കെത്തുന്ന തൊട്ടിയെല്ലാം
നിറയെത്തണ്ണീരുമായ് തിരികെ വരുന്നില്ലേ? -
*പൊട്ടക്കിണറ്റിൽനിന്നുയിർക്കൊണ്ട ജോസഫാണെന്നാത്മാവ്!


വിലാപം നിറുത്തുക, വായപൂട്ടുകയിപ്പോൾ,
കാലാതീതരാകാൻ, നിത്യത പൂകീടുവാൻ,
സ്വർഗ്ഗത്തിൽ വായ്‌തുറന്നു ദൈവത്തെ സ്തുതിച്ചീടാൻ!

--------------------------------------------------------------------------------------------------------------------------


*സ്വന്തം സഹോദരന്മാരാൽ പൊട്ടക്കിണറ്റിലെറിയപ്പെട്ട ജോസഫ്, പിന്നീട് ഈജിപ്തിന്റെ ഭരണാധികാരിയായിത്തീർന്നു. ബൈബിളിലെ ഉല്പത്തി പുസ്തകം അദ്ധ്യായം 37 ഉം അദ്ധ്യായം 42 ഉം കാണുക.



ജലാൽ അദ്ദീൻ മുഹമ്മദ് റൂമി




ഇതുകൂടെ കാണുക. 👇



മരണം




👇 ഇതാണ് ഈ പരിഭാഷയ്ക്കായി ഞാൻ ഉപയോഗിച്ചത്.

On The Day of My Death
Ghazal 911

On the day of (my) death when my coffin is going (by), don't
imagine that I have (any) pain (about leaving this world.)

Don't weep for me, and don't say, "How terrible! What a pity!"
(For) you will fall into the error of (being deceived by) the Devil,
(and) that would (really) be a pity!

When you see my funeral, don't say, "Parting and separation!"
(Since) for me, that is the time for union and meeting (God).

(And when) you entrust me to the grave, don't say,
"Good-bye! Farewell!" For the grave is (only) a curtain for
(hiding) the gathering (of souls) in Paradise.

When you see the going down, notice the coming up. Why should
there be (any) loss because of the setting of the sun and moon?

It seems like setting to you, but it is rising. The tomb seems like a
prison, (but) it is the liberation of the soul.

What seed (ever) went down into the earth which didn't grow
(back up)? (So), for you, why is there this doubt about the human
"seed"?

What bucket (ever) went down and didn't come out full? Why
should there be (any) lamenting for the Joseph of the soul because
of the well?

When you have closed (your) mouth on this side, open (it) on
that side, for your shouts of joy will be in the Sky beyond place
(and time).