2020, ജനുവരി 1, ബുധനാഴ്‌ച

കാറ്റില്‍പ്പറന്ന മണല്‍ത്തരികള്‍

"ഈ കടലീക്കാണണ തെരകള് നെനക്കക്ക എണ്ണിത്തീര്‍ക്കാമ്പറ്റുവാടാ? അതുപോലതന്നാ, ഈ ദേവസ്തീടെ കൈയ്യിലക്കാശ്! ഒരുത്തനും ഒരുകാലത്തും എണ്ണിത്തീര്‍ക്കാമ്പറ്റുകേല..."

കടപ്പുറത്തു വലയുടെ കേടുപാടുകള്‍തീര്‍ത്തുകൊണ്ടിരുന്നവരെനോക്കി, ഉറക്കെ അട്ടഹസിച്ചുകൊണ്ടു ദേവസ്സി പറഞ്ഞു. പിന്നെ രണ്ടുകൈയുംചേര്‍ത്തു കടല്‍പ്പുറത്തെ പഞ്ചാരമണല്‍ വാരി, മുകളിലേക്കെറിഞ്ഞു.

"അല്ലെങ്കി ദേ, ഈ മണലുപോലാ ദേവസ്തീടെ കാശു്. എണ്ണിത്തീര്‍ക്കാനുമ്പറ്റുകേല, കാറ്റത്തു പറന്നാപ്പിന്നപ്പോയവഴീം കാണുകേല."

വലക്കുറ്റംതീര്‍ത്തുകൊണ്ടിരുന്നവരുടെ ദേഹത്തും മുഖത്തുമെല്ലാം മണല്‍ പറന്നുവീണു.

"പോണ വഴിയക്ക ഞാനിപ്പ കാണിച്ചുതരാം പരട്ടക്കെളവാ!"

തലയില്‍ക്കെട്ടിയിരുന്ന തോര്‍ത്തുമുണ്ടഴിച്ചു മുഖവും ദേഹവും തുടച്ചുകൊണ്ട് അന്തപ്പൻ ചാടിയെണീറ്റു.

"വിട്ടുകളയെടാ, പാവം!"

ദേഹത്തുനിന്നു മണല്‍ തട്ടിക്കൊണ്ടു ക്ലീറ്റന്‍ അയാളെത്തടഞ്ഞു.

"ഇതു വട്ടൊന്നുമല്ല, ഒന്നാന്തരം *അഹമ്മതിയാ, ആയകാലത്തു കടപ്പുറം മുഴുവനും അയാളു പിടിച്ചടക്കി.  എനിക്കുവൊണ്ടാരുന്നതാ ഒരു ഫൈബറു *മഞ്ചീം വലേം. ഈ തന്തയ്ക്ക് പിറക്കാത്തോനാ കണ്ണീച്ചോരയില്ലാത അതു തട്ടിപ്പറിച്ചതു്. നശിച്ചുനാറാണക്കല്ലു പിഴുതിട്ടും അയാക്കട അഹങ്കാരം തീര്‍ന്നട്ടില്ലല്ലാ."


" നിങ്ങ വലേടെ *കീറ്റു തീര്‍ക്കു്, ഞാനിവന ആ *ചാപ്രേല്‍ കൊണ്ടാക്കീട്ടു വരാം" ക്ലീറ്റന്‍ ദേവസ്സിയുടെനേര്‍ക്കു നടന്നു.

"ങ്ഹാ, ചെല്ലുചെല്ല്...; വല്യേ ചങ്ങാതിമാരല്ലാരുന്നോ, എന്നിട്ടും നിങ്ങക്കട ഒരാവശ്യത്തിനുചെന്നപ്പ ഈ തലതെറിച്ചവന്‍ എന്താണു ചെയ്തതെന്നോര്‍മ്മയൊണ്ടാ ക്ലീറ്റാ....!"

"അതൊക്ക ഇപ്പ ഓര്‍ത്തിട്ടെന്താ തോമാച്ചാ കാര്യം? നുമ്മക്കു ദൈവത്തെമറന്നു ജീവിക്കാനൊക്കുവാടാ! നീ വാടാ ദേവസ്തീ?, അവരങ്ങനൊക്കപ്പറയും, നുമ്മക്കാ മത്തായീടെ ചായക്കടേന്നു് ഓരോ കാലിച്ചായേം കുടിച്ച് നുമ്മട ചാപ്രേലാട്ട് പോകാം. "

ക്ലീറ്റന്‍ ദേവസ്സിയെ ചേര്‍ത്തുപിടിച്ചു നടന്നു. അനുസരണയുള്ളൊരു കുട്ടിയെപ്പോലെ ദേവസ്സി ക്ലീറ്റനോടൊപ്പം ചെന്നു.

ചെറിയ പ്രായത്തിലേ കളിക്കൂട്ടുകാരായിരുന്നവരാണു ക്ലീറ്റനും ദേവസ്സിയും; അയല്‍പക്കത്തെ സമപ്രായക്കാരായ ചങ്ങാതിമാര്‍ ... അവര്‍ക്കു രണ്ടോമൂന്നോ വയസ്സുള്ളപ്പോഴാണു് ഒരു തുലാവര്‍ഷക്കോളില്‍ ദേവസ്സിയുടെ അപ്പന്‍, കടലില്‍ വഞ്ചിമുങ്ങി മരിച്ചതു്.

സ്വന്തമെന്നുപറയാന്‍ ആരുമില്ലാതായിപ്പോയ ഒരമ്മയും മകനും ഒരുപാടു ദുരന്തങ്ങളിലൂടെയാണു പിന്നീടു ജീവിതം മുന്നോട്ടുതള്ളിനീക്കിയതു്. തലച്ചുമടായി മീന്‍വിറ്റും മറ്റുള്ളവരുടെ അടുക്കളകളില്‍ പാത്രംകഴുകിയും ജീവിതത്തിന്റെ ദുരിതപര്‍വ്വം തരണംചെയ്യാന്‍ പണിപ്പെടുന്ന അമ്മയ്ക്കു തണലാകാനാണു്, കൗമാരംതുടങ്ങിയകാലത്തുതന്നെ, ദേവസ്സി, കടലില്‍ പണിക്കുപോയിത്തുടങ്ങിയതു്. എന്നാല്‍ അധികനാള്‍കഴിയുംമുമ്പേ അടുത്ത ദുരിതവും അവനെത്തേടിയെത്തി. തലയില്‍ മീന്‍ചുമടുമായി ചന്തയിലേക്കു നടക്കുമ്പോള്‍ പിന്നില്‍നിന്നു വന്നിടിച്ച കാര്‍, വിരോണിച്ചേടത്തിയുടെ ജീവനെടുത്തതോടെ ദേവസ്സി തീര്‍ത്തുമൊറ്റയ്ക്കായി.

അക്കാലത്ത്, ക്ലീറ്റന്റെ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തില്‍ ഒരു പങ്കു ദേവസ്സിക്കായി മാറ്റിവച്ചിരുന്നു. ദിവസവും പുസ്തകക്കെട്ടുകളുമായി പള്ളിക്കൂടത്തില്‍ പോകുന്നതിനേക്കാള്‍നല്ലതു കടലില്‍പോകുന്നതാണെന്ന തിരിച്ചറിവുണ്ടായപ്പോള്‍ ക്ലീറ്റനും ദേവസിക്കൊപ്പം കടലിൽ പണിക്കുപോയിത്തുടങ്ങി.

"നല്ല കടുപ്പത്തീ രണ്ടു ചായേം രണ്ടു സുഹിയേനും എടുത്തോ മത്തായിച്ചാ." ചായക്കടയിലേക്കു കടക്കുമ്പോള്‍ത്തന്നെ ക്ലീറ്റന്‍ വിളിച്ചുപറഞ്ഞു.

ചായക്കടയിലെ ബെഞ്ചില്‍, ക്ലീറ്റന്റെയടുത്തു ദേവസ്സി ശാന്തനായിരുന്നു. ഏതോ അപരിചിതരോടെന്നപോലെ ചുറ്റുമുള്ളവരെ നോക്കി നിര്‍വ്വികാരമായി ചിരിച്ചു. 

"എങ്ങനത്ത പ്രതാപത്തീ ജീവിച്ചേച്ച മനുഷ്യേനാണു്. ഇപ്പക്കണ്ടില്ലേ തെണ്ടിത്തിരിഞ്ഞു നടക്കണതു്. ഇത്രക്കേ ഒള്ളൂ മനുഷ്യേമ്മാരുടെ കാര്യം" ചായക്കടയില്‍ നാട്ടുവര്‍ത്തമാനം പറഞ്ഞിരുന്നവരിലാരോ ദേവസ്സിയെക്കണ്ടു പറഞ്ഞു.

കടലില്‍നിന്നുകിട്ടിയ സമ്പാദ്യത്തില്‍നിന്ന്, മീന്‍ കച്ചവടക്കാരികളായ സ്ത്രീകള്‍ക്ക്, പണം പലിശയ്ക്കുകൊടുത്തുകൊണ്ടാണു ദേവസ്സി ബിസിനസ്സ് ലോകത്തേക്കു കാലെടുത്തുവച്ചതു്. രാവിലെ ദേവസ്സിയുടെ കൈയ്യില്‍നിന്നു വാങ്ങിയ 90 രൂപ മൂലധനമാക്കി മീന്‍കച്ചവടത്തിനിറങ്ങിയവര്‍ വൈകുന്നേരം 100 രൂപ അയാള്‍ക്കു തിരികെനല്കി.

"ആ ചെറുക്കനൊള്ളതുകൊണ്ടാണു് ഈ കച്ചോടംനടക്കണതു്. വൈകന്നേരം അവനു പത്തുരൂപാ കൂടുതല്‍  കൊടുത്താലെന്താ? വീട്ടുചെലവുംകഴിച്ചു ചിട്ടിക്കു വെക്കാനുമൊള്ള കാശ് ദെവസോം ഒണ്ടാക്കാന്‍ പറ്റണതു് അവന്‍ കാലത്തുതരണ കാശുകൊണ്ടാ. അതെങ്ങനാ കുടുംബത്തൊരാളൊള്ളതു പണിയെടുത്താ കിട്ടണതു ഷാപ്പീക്കൊടുക്കാനേ തെകയത്തൊള്ള്." കടപ്പുറത്തെ സ്ത്രീകള്‍ക്കു ദേവസ്സി ദേവദൂതനായപ്പോള്‍ അയാളുടെ ബിസിനസ്സ് പുരോഗതിപ്രാപിച്ചു.

കൂടുതല്‍ പണം കൈയിൽവന്നുതുടങ്ങിയപ്പോള്‍ അയാളില്‍ പുതിയ മാറ്റങ്ങളുംവന്നുതുടങ്ങി. പതിയെപ്പതിയെ ദേവസ്സി കടലില്‍ പണിക്കുപോകുന്നതു നിറുത്തി. വളളങ്ങളുടെയും വലയുടെയും അറ്റകുറ്റപ്പണികള്‍ക്കുള്ള പണത്തിനായി പലരും ദേവസ്സിയെ സമീപിച്ചുതുടങ്ങി. ചിലരെല്ലാം ദേവസ്സിയോടു പണം കടംവാങ്ങി, പുതിയ വഞ്ചിയും വലയും ഔട്ട്ബോഡു് എഞ്ചിനും സ്വന്തമാക്കി. ദേവസ്സി, കടപ്പുറത്തെ തരകനായി വളര്‍ന്നപ്പോള്‍ പണംവാങ്ങുന്നവര്‍ പലിശ നല്കുന്നതിനുപുറമേ മറ്റൊരലിഖിത കരാറിനുകൂടെ ബാദ്ധ്യസ്ഥരായി. വഞ്ചിനിറയെ മത്സ്യവുമായി കരയിലടുത്താല്‍ ദേവസ്സി പറയുന്നതാണു വില. ദേവസ്സിക്കല്ലാതെ മറ്റൊരാള്‍ക്കും മീന്‍ വില്ക്കുവാന്‍ ദേവസ്സിയോടു പണംകടംവാങ്ങിയ വഞ്ചിക്കാര്‍ക്കാവാതെയായി. 

ദേവസ്സിയുടെ ബിസിനസ്സ്മേഖലകള്‍ അനുദിനം വളരുകയായിരുന്നു.

പണത്തിന്റെ തിരയിളക്കത്തിനുമുകളിലൂടെ പായുമ്പോള്‍ ദേവസ്സി ബന്ധങ്ങളും സൗഹൃദങ്ങളും മറന്നു. എങ്കിലും പ്രായംതെറ്റുന്നതിനുമുമ്പേ വിവാഹിതനായി ഒരു കുടുംബജീവിതത്തിലേക്കു കടക്കാന്‍ ക്ലീറ്റനും മാതാപിതാക്കളും പലവുരു ഉപദേശിച്ചു നോക്കിയതാണു്.

"കല്യാണംകഴിച്ചു ഭാര്യേം മക്കളുമൊക്കെയായാ അതൊക്ക വല്യേ ബാദ്ധ്യതയാണെടാ കൂവേ! കാശു കൈയ്യിലൊണ്ടേ എത്ര പെണ്ണിനെവേണേലും കിട്ടും. അതിനിപ്പ കല്യാണംകഴിക്കാമ്പോണതെന്നാത്തിനാ?" ദേവസ്സി ക്ലീറ്റനോടു ചോദിച്ചു.

"ഈ ചെറുപ്പോം ആവേശോമക്ക അങ്ങാട്ട് പോകും. വയസ്സുകാലത്തു വയ്യാണ്ടാകുമ്പ ഒരു ഗ്ലാസ്സ് വെള്ളം *അനത്തിത്തരാന്‍ ആരെങ്കിലും വേണവെങ്കി നല്ല പ്രായത്തീ കല്യാണം കഴിക്കണം."

"ഓ, പിന്നേ! ഒരുപദേശി വന്നേക്കണു്. ഏതു പ്രായത്തിലും കൈയ്യീ *പുത്തനൊണ്ടെങ്കി നൂറാളൊണ്ടാകും താങ്ങിക്കൊണ്ടുനടക്കാന്‍ "

ദേവസ്സിയുടെ മത്സ്യവണ്ടികള്‍ കേരളത്തിലെ എല്ലാ പ്രധാന മാര്‍ക്കറ്റുകളിലേക്കും പാഞ്ഞെത്തിക്കൊണ്ടിരുന്നു. പുതിയ ഐസ് ഫാക്ടറിയും ചെമ്മീന്‍ പീലിംഗ് ഷെഡ്ഡുകളും ഫിനാന്‍സ് കമ്പനിയും ദേവസ്സിയുടെ ഉടമസ്ഥതയിലുയര്‍ന്നു. ദേവസ്സിയുടെ ഫിനാന്‍സ് കമ്പനിയില്‍നിന്നു കടമെടുത്തവരുടെ ഈടുവസ്തുക്കളിലധികവും ദേവസ്സിയുടെ സ്വന്തമായിക്കൊണ്ടുമിരുന്നു!

ദേവസ്സിയുടെ സാമൂഹിക ബന്ധങ്ങളും വളര്‍ന്നു. പ്രമുഖ രാഷ്ട്രീയക്കാരും പോലീസ് മേധാവികളും ദേവസ്സിയുടെ സൗഹൃദവലയത്തിലും ബിസിനിസ് പങ്കാളിത്തത്തിലുമെത്തി.

വൃക്കരോഗം മൂര്‍ച്ഛിച്ചു് അപ്പന്‍ ആശുപത്രിയിലായപ്പോള്‍ സാമ്പത്തിക സഹായംതേടി ക്ലീറ്റന്‍ ദേവസ്സിയെ കണ്ടിരുന്നു.

"*കിഷ്ണി മാറ്റിവെച്ചാലേ കാര്യമൊള്ളെന്നാണു ഡോക്കിട്ടര്‍മാരു പറേണതു്. അതൊക്കെ നുമ്മ കൂട്ടിയാക്കൂടണ ചെലവാണാ? ഇപ്പത്തന്നേ മൂന്നുദെവസംകൂടുമ്പ ചോര മാറ്റിക്കൊണ്ടിരിക്കേണ്. അതും വല്യേ ചെലവുതന്യേണു്; എന്റെ ദേവസ്തീ, നീയെന്നെ കാര്യമായിട്ടൊന്നു സഹായിക്കണം."

"എനിക്കാരുമില്ലാഞ്ഞകാലത്തു നിന്റപ്പനും അമ്മേവല്ലേടാ എന്നെ താങ്ങിയതു്! എനിക്കതൊക്കെ മറക്കാമ്പറ്റുവാടാ ? ദേ, നിനക്കറിയാവാടാ ക്ലീറ്റാ, ഇന്നു കാലത്തും ശൗര്യാരുപുണ്യാളന്റെ കുരിശടീല്‍ നിന്റപ്പനുവേണ്ടി മെഴുതിരികത്തിച്ചു പ്രാര്‍ത്ഥിച്ചതാണു ഞാന്‍. നെനക്കെത്ര രൂപയാണു വേണ്ടതെന്നുവച്ചാ എന്റെ ചിട്ടിക്കമ്പനീച്ചെന്നു മേടിച്ചോ! ഞാന്‍ മാനേയരോടു് പറഞ്ഞേക്കാം. പിന്നെ ചെല്ലുമ്പ നെന്റ പെരേടത്തിന്റ ആധാരോംകൂടെ കൊണ്ടുചെന്നേക്കണേ; ഒപ്പിടാനൊള്ള മുദ്രക്കടലാസൊക്കെ മാനേയരു തന്നോളും. നിന്ന വിച്വാസമില്ലാഞ്ഞിട്ടൊന്നുമല്ലകേട്ടാ, ആധാരത്തിന്റെ കാര്യം പറഞ്ഞതു്. കാശിന്റ കാര്യമല്ലേ ക്ലീറ്റാ, അപ്പ എല്ലാം അതിന്റ ഒരു മൊറക്കു നടക്കണതല്ലേ ശരി?"

ക്ലീറ്റന്റെ അപ്പന്‍ പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമത്തിനെത്തുന്നതിനു മുമ്പുതന്നെ വീടും പറമ്പും ദേവസ്സിയുടെ പേരില്‍ എഴുതിക്കൊടുത്തു ക്ലീറ്റനു പടിയിറങ്ങേണ്ടി വന്നു.

വീടുംപറമ്പും ദേവസ്സിയുടെ കൈയ്യിലായപ്പോള്‍ തീരത്തോടുചേര്‍ന്ന പുറമ്പോക്കു ഭുമിയില്‍ ക്ലീറ്റന്‍ ഒരു കൂരയുണ്ടാക്കി. അതിനു പിന്നിലായി ചെറു മത്സ്യങ്ങളുണക്കി സൂക്ഷിക്കാനായി ഉണ്ടാക്കിയ ചാപ്രയും.

വിദേശത്തേക്കു കയറ്റിയയച്ച ചില ചെമ്മീന്‍കണ്ടെയ്നറുകള്‍ തിരിച്ചെത്തിയതായിരുന്നു ദേവസ്സിയുടെ തകര്‍ച്ചകളുടെ തുടക്കം. നഷ്ടം ദേവസ്സിയുടെമാത്രം ബാദ്ധ്യതയാക്കാന്‍ കൂട്ടാളികള്‍ പദ്ധതി മെനഞ്ഞു. ദേവസ്സി അതിനു തയ്യാറാകാതെവന്നപ്പോള്‍ പങ്കുകച്ചവടക്കാരായിരുന്ന ചില പ്രമുഖ രാഷ്ടീയനേതാക്കളുമായുള്ള ബന്ധങ്ങള്‍ ഉലഞ്ഞുതുടങ്ങി.

ബ്ലേഡു മാഫിയയെ തകര്‍ക്കാനായി നടപ്പാക്കിയ 'ഓപ്പറേഷന്‍ കുബേര"യുടെ ഭാഗമായി ദേവസ്സിയുടെ ധനകാര്യ സ്ഥാപനങ്ങളിലും റെയ്ഡുനടന്നു. പിണങ്ങിപ്പിരിഞ്ഞ പഴയ പങ്കുകച്ചവടക്കാര്‍ പിന്നാമ്പുറത്തു ചരടുവലികള്‍നടത്തിയപ്പോള്‍ സ്ഥാപനങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടി.

കേസുകൾ ഒതുക്കിത്തീര്‍ക്കാനായി, ആസ്തികള്‍ പലതും കിട്ടിയവിലയ്ക്കു വില്ക്കേണ്ടിവന്നു.  ജയില്‍വാസം ഒഴിവാക്കാനായെങ്കിലും ഒടുവില്‍ വെറുംകൈയ്യോടെ കടപ്പുറത്തേക്കു മടങ്ങാനായിരുന്നു ദേവസ്സിയുടെ നിയോഗം.

ഉറക്കെപ്പൊട്ടിച്ചിരിച്ചും പ്രതാപകാലത്തെ കഥകള്‍ വിളിച്ചു കൂവിയും ചിലപ്പോള്‍ തേങ്ങിക്കരഞ്ഞും കടപ്പുറത്തലഞ്ഞ ദേവസ്സിയെ കൂകിവിളിച്ചുകൊണ്ടു കുട്ടികള്‍ പിന്നാലെകൂടി.  അയാളോടു സഹതപിക്കാന്‍ ആ തുറയില്‍ ആരുമുണ്ടായില്ല. കടപ്പുറത്തെ മണല്‍, രാത്രികളില്‍ അയാള്‍ക്കു മെത്തയായി.

"എടീ ഗ്രേസമ്മേ, ഞാനവന ഇങ്ങാട്ടു വിളിച്ചൊണ്ടു വാരാമ്പോകേണു്... നുമ്മ  വീട്ടീ ഒണ്ടാക്കണതലിത്തിരി വല്ലതും കൊടുത്താ, അതും വാരിത്തിന്നു് അവനാ ചാപ്രേലെവിടേങ്കിലും കെടന്നോളും..." ക്ലീറ്റന്‍ ഭാര്യയോടു പറഞ്ഞു.

"ആരിക്കട കാര്യാ മനുഷേനേ, നിങ്ങ ഈ പറയണതു് ?" ഗ്രേസമ്മ കാര്യംമനസ്സിലാകാതെ ചോദിച്ചു.

"വേറാരിക്കട കാര്യാ, നുമ്മട ദേവസ്തീട കാര്യംതന്നെ. അവനീ കടപ്പൊറം മുഴ്വോനും തെണ്ടിനടക്കണതു നീയും കാണണതല്ലേ?"

" നിങ്ങക്കിതെന്നാത്തിന്റെ കേടാണു്? രണ്ടു പുള്ളേരേംകൊണ്ടു നുമ്മ ഈ പൊറമ്പോക്കിലേക്കെറങ്ങണ്ടിവന്നതു് അതിയാന്‍ കാരണവല്ലേ? ഇപ്പ തെണ്ടിനടക്കണെങ്കി അതു ദൈവശിക്ഷേണന്നു കരുതിയാമതി."

"കൈയ്യിലിച്ചിരി പുത്തന്‍ വന്നപ്പ അവനിച്ചിരി അഹങ്കരിച്ചു് ! അതിനൊള്ള ശിക്ഷേംകിട്ടിയെന്നു കരുതിക്കോ. ഒടേതമ്പുരാന്‍ ശിക്ഷിച്ച ആള ഇഞ്ഞി നുമ്മളുംകൂട ശിക്ഷിക്കണാടീ?"

"ഞാനെന്റ മനസ്സിത്തോന്നിയതു പറഞ്ഞന്നേയൊള്ള്. നിങ്ങ എന്താന്നു വെച്ചാ ചെയ്യു്; ഞാനെന്നെങ്കിലും നിങ്ങക്കട ഇഷ്ടത്തിനെതിരു നിന്നിട്ടൊണ്ടാ?"

അന്നുമുതല്‍ ദേവസ്സിയുടെ താമസം ക്ലീറ്റന്റെ ചാപ്രയിലായി. ഗ്രേസമ്മയുണ്ടാക്കുന്ന ഭക്ഷണത്തില്‍ ഒരുപങ്കു്, അയാള്‍ക്കും ലഭിച്ചു.

ചായക്കടയില്‍നിന്നിറങ്ങിയ ക്ലീറ്റനും ദേവസ്സിയും ക്ലീറ്റന്റെ ചാപ്രയിലെത്തി. ചാപ്രയുടെ മൂലയില്‍ ചുരുട്ടിവച്ചിരുന്ന പായ തറയില്‍വിരിച്ചു  ക്ലീറ്റന്‍ ദേവസ്സിയെ കിടത്തി.

"നീ ഇവിടക്കെടന്നൊന്നൊറങ്ങ്! സന്ധ്യ മയങ്ങീട്ടേ വലപ്പണീം കഴിച്ചു ഞാനിങ്ങാട്ടു വരത്തൊള്ള്. ഞാന്തിരിച്ചുവരാത എങ്ങും പോയ്ക്കളയരുതു കേട്ടാ. അല്ലങ്കിവേണ്ട. നീയൊറങ്ങീട്ടേ ഞാമ്പോണൊള്ളൂ"

ക്ലീറ്റന്‍ ദേവസ്സിയുടെ തലയ്ക്കല്‍ പായയിലിരുന്നു. ദേവസ്സിയുടെ മുടിയിഴകളിലൂടെ മെല്ലെ വിരലോടിച്ചു. കുറച്ചുനേരം ക്ലീറ്റന്റെ മുഖത്തേക്കുനട്ടിരുന്ന ദേവസ്സിയുടെ മിഴികള്‍ മെല്ലെയടഞ്ഞു. പിതാവിന്റെ വാത്സല്യപൂര്‍വ്വമായ തലോടലേറ്റുമയങ്ങുന്ന കുഞ്ഞിനെപ്പോലെ അയാള്‍ നിദ്രയിലേക്കു വഴുതി.

ശാന്തനായുറങ്ങുന്ന ദേവസ്സിയുടെ മുഖത്തേക്കു നോക്കി ക്ലീറ്റന്‍ കുറച്ചുനേരമിരുന്നു. അപ്പോള്‍ അയാള്‍പോലുമറിയാതെ ചില പഴയ ഓര്‍മ്മകള്‍ മനസ്സിന്റെ ആഴങ്ങളില്‍നിന്നു നുരഞ്ഞുപൊങ്ങി.

ഡയാലിസിസിനുശേഷം അപ്പനുമായി വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍, തന്റെ വീട്ടുസാധനങ്ങളെല്ലാം വലിച്ചു പുറത്തിട്ടു വീടുപൂട്ടി പുറത്തിറങ്ങുന്ന കുറേ തെമ്മാടികളാണ് ക്ലീറ്റനെ വരവേറ്റത്. ഗ്രേസമ്മയും മക്കളും കരഞ്ഞുകൊണ്ടു വേലിയുടെ പുറത്തുനിന്നിരുന്നു.

""കൊടുക്കാനുള്ള കാശിൻ്റെ പലിശേങ്കിലും മൊതലാളീടെ ചിട്ടിക്കമ്പനീലടച്ചാല്‍ നിങ്ങക്കിനീം ഈ വീട്ടില്‍ക്കേറിത്താമസിക്കാം. ഇല്ലെങ്കി, ഇന്നുമുതല്‍ വീടുംപറമ്പും ദേവസ്സിമൊതലാളീടതാണ്. ഇന്നത്തക്ക് നിങ്ങളീ തിണ്ണേലെവിടേങ്കിലും കെടന്നോട്ടെ, തടയെണ്ടാന്നു മൊതലാളി പറഞ്ഞിട്ടൊണ്ട്. അതങ്ങേരിക്കട നല്ല മനസ്സ്, എന്നുവച്ച് നാളക്കാലത്തു വല്ലവനേം ഈ മുറ്റത്തുകണ്ടാ, ചവിട്ടിക്കൂട്ടും ഞങ്ങ... അസുകകക്കാരനാണെന്നാ, പെണ്ണാണെന്നാ, പുള്ളാരാണെന്നാന്നൊന്നും അപ്പ ഞങ്ങ നോക്കുകേല, കേട്ടാ.." ദേവസ്സിയുടെ ഗുണ്ടകള്‍ ഭീഷണിമുഴക്കി ഇറങ്ങിപ്പോയി.

അന്നു വൈകുന്നതുവരെ ദേവസ്സിയെ ഒന്നുകാണാന്‍ പലയിടത്തുമന്വേഷിച്ചെങ്കിലും അയാള്‍ ക്ലീറ്റനുമുന്നില്‍ വന്നില്ല. ദേവസ്സി പിടിച്ചെടുത്ത വീടിന്റെ തിണ്ണയില്‍ രാത്രികഴിച്ചുകൂട്ടാന്‍ ക്ലീറ്റനു മനസ്സുവന്നില്ല. കടപ്പുറത്തെ പഞ്ചാരമണലില്‍ കൈവശമുണ്ടായിരുന്ന തുണികള്‍വിരിച്ച് അപ്പനെക്കിടത്തി. 

"എന്റെയീ ദീനമാണു നമ്മള ഈ ഗതിയിലാക്കിയത്. എന്നാലും നീ ദണ്ണപ്പെടണ്ടടാ ക്ലീറ്റാ, കർത്താവു നുമ്മള കൈവിടുകേല. കർത്താവീശോയ്ക്കു ജനിക്കാൻ കാലിത്തൊഴുത്തല്ലേ ഒണ്ടാരുന്നുള്ളൂ, എന്നാ മരിക്കാൻനേരത്താ? അതുപോലുമൊണ്ടായില്ലല്ലോ... ആകാശത്തിനും ഭൂമിക്കുമെടേല് മൂന്നാണിയേൽ തൂങ്ങിമരിച്ചവൻ മൂന്നാംദെവസം ഉയിർത്തില്ലേ? ആ കർത്താവു നമ്മള ഉയർത്തും" തളർന്നുകിടക്കുമ്പൊഴും അപ്പന്റെ വാക്കുകൾക്കു ശക്തിയുണ്ടായിരുന്നു.
"നീയാ വേദപുസ്തകമെടുത്ത് ഉറക്കെയൊന്നു വായിക്ക്.. ഞാനതുംകേട്ട്, ഈ കടൽക്കാറ്റുമേറ്റൊന്നു മയങ്ങട്ടെ..."

ക്ലീറ്റൻ അപ്പൻ പറഞ്ഞതനുസരിച്ചു. "എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.
അങ്ങനെ നിങ്ങള്‍, നിങ്ങളുടെ സ്വര്‍ഗ്ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്നു ശിഷ്‌ടരുടെയും ദുഷ്‌ടരുടെയുംമേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും, നീതിരഹിതരുടെയുംമേല്‍ മഴപെയ്യിക്കുകയുംചെയ്യുന്നു.
നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ?
സഹോദരങ്ങളെമാത്രമേ നിങ്ങള്‍ അഭിവാദനംചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ചെയ്യുന്നത്‌? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ?
അതുകൊണ്ട്‌, നിങ്ങളുടെ സ്വര്‍ഗ്ഗസ്‌ഥനായ പിതാവു പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍...."

ക്ലീറ്റന്റെ ബൈബിൾവായനകേട്ടുകിടന്നു മയങ്ങിയ അപ്പൻ പിന്നീടുണർന്നില്ല.

ഒരു ദീർഘനിശ്വാസത്തോടെ ക്ലീറ്റൻ ഓർമ്മകളിൽനിന്നുണർന്നു. ദേവസ്സിയുടെ നെറ്റിയിൽ അയാളൊരു കുരിശടയാളംവരച്ചു. പിന്നെ അവനെയുണര്‍ത്താതെ സാവധാനമെഴുന്നേറ്റു. ചാപ്രയുടെ വാതില്‍ മെല്ലെച്ചാരി, പുറത്തേക്കു നടന്നു. 

----------------------------------------------------------------------------------------------------------
*അഹമ്മതി - അഹങ്കാരം
*മഞ്ചീം - വഞ്ചിയും 
*കീറ്റ് - കീറല്‍
*ചാപ്ര - മത്സ്യ ബന്ധനോപാധികളും  ഉണക്കിയ മത്സ്യവുമൊക്കെ സൂക്ഷിക്കാനായുണ്ടാക്കുന്ന കൂടാരം
*അനത്തി - ചൂടാക്കി
*പുത്തന്‍ - പണം.
*കിഷ്ണി  - കിഡ്നി