2018, മാർച്ച് 24, ശനിയാഴ്‌ച

ഭാഗീരഥിയമ്മ ടീച്ചര്‍

വീട്ടിലെ സ്വകാര്യവായനശാലയിലെ പഴയപുസ്തകങ്ങളൊക്കെയെടുത്തു പൊടിതട്ടി, വീണ്ടുമടുക്കിവയ്ക്കുമ്പോഴാണു ചെറിയൊരു പുസ്തകം കണ്ണില്‍പ്പെട്ടത്. ചിന്താവിഷ്ടയായ സീത - കുമാരനാശാന്റെ കവിത. കവര്‍പേജുകഴിഞ്ഞുള്ള ആദ്യപേജില്‍, വടിവൊത്ത ആംഗലേയാക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു - പ്രസന്റഡ് ടു ജോസ് ജോര്‍ജ്ജ് 8 സി. താഴെ ഭാഗീരഥിയമ്മ ടീച്ചറുടെ കൈയൊപ്പ്‌. എട്ടാംക്ലാസ്സിലെ ആറുഡിവിഷനുകളില്‍ ഏറ്റവുമധികം മാര്‍ക്കുവാങ്ങിജയിച്ചപ്പോള്‍ സ്കൂളില്‍നിന്നുകിട്ടിയ സമ്മാനത്തിനു പുറമേ, ക്ലാസ്ടീച്ചറായിരുന്ന ഭാഗീരഥിയമ്മ ടീച്ചര്‍ സമ്മാനിച്ചതാണ്, ചിന്താവിഷ്ടയായ സീതയുടെ ഒരുകോപ്പിയും ഒരു ഫൌണ്ടന്‍പേനയും. പേന അന്നേ നഷ്ടപ്പെട്ടെങ്കിലും ഓര്‍മ്മകള്‍ക്കു കൈചൂണ്ടിയായി പുസ്തകം എന്റെ വായനശാലയില്‍ ഇന്നുമവശേഷിക്കുന്നു.

കുറേനാളായി കരുതുന്നുണ്ടായിരുന്നു, ടീച്ചറെ ഒന്നുപോയി കാണണമെന്ന്. ടീച്ചറെമാത്രമല്ല, ടീച്ചറുടെ ഭര്‍ത്താവിനെയും. പ്രീഡിഗ്രി പഠനകാലത്തു ടീച്ചറുടെ ശുപാര്‍ശയില്‍ അദ്ദേഹമെന്നെ ഇംഗ്ലീഷ് ഗ്രാമര്‍ പഠിപ്പിച്ചിരുന്നു. എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്കുശേഷം ടീച്ചറുടെ വീട്ടില്‍വച്ചായിരുന്നു ഫീസൊന്നുമില്ലാത്ത സ്വകാര്യട്യൂഷന്‍. അവര്‍ക്ക് ഒരു മകനും ഒരു മകളുമാണുള്ളത്. മൂത്തതു മകന്‍ - ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ അദ്ദേഹം അമേരിക്കയില്‍ എഞ്ചിനീയറായി ജോലിചെയ്യുകയാണ്. മകള്‍ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിന്റെ (VCRC)ചേര്‍ത്തല ഓഫീസില്‍ മന്തുരോഗനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ടു ജോലിചെയ്യുകയായിരുന്നു. VCRCയുടെ ബോധവത്കരണ ക്ലാസ്സുകളുടെ ഭാഗമായുള്ള തെരുവുനാടകടീമില്‍ ഞാനും ഒരഭിനേതാവായി ഉണ്ടായിരുന്നതിനാല്‍ ചേച്ചിയേയും എനിക്കു പരിചയമുണ്ട്.

ഇരുപതുവര്‍ഷങ്ങള്‍ക്കുമുമ്പ്, എന്റെ വിവാഹക്ഷണപത്രവുമായി ചെന്നതിനുശേഷം ഞാന്‍ ടീച്ചറുടെ വീട്ടില്‍ പോയിട്ടില്ല.

എന്തായാലും ഒരു ദിവസം രാവിലെ ഞാന്‍ ടീച്ചറുടെ വീട്ടിലേക്കിറങ്ങി. ചലച്ചിത്രഗാനരചയിതാവായ രാജീവ് ആലുങ്കലിന്റെ വിടിനടുത്താണു ടീച്ചറുടെ വീട്.

ചുറ്റുപാടുകള്‍ ഒരുപാടു മാറിയെങ്കിലും ടീച്ചറുടെ വീടും മതിലും അതിന്റെ ഗേറ്റുമെല്ലാം ഇന്നും പഴയതുപോലെതന്നെ.

ഞാന്‍ ചെല്ലുമ്പോള്‍ രണ്ടാളും പൂമുഖത്തുതന്നെയുണ്ട്. മകന്‍ അമേരിക്കയിലും മകള്‍ വിവാഹിതയായി തിരുവനന്തപുരത്തും. മക്കള്‍ രണ്ടുപേരും കൂടെക്കൊണ്ടുപോകാന്‍ തയ്യാറാണ്. പക്ഷേ, പോയിനില്‍ക്കാന്‍ ടീച്ചര്‍ക്കും സാറിനും വയ്യ.

"കുറച്ചുകാലമൊക്കെ രണ്ടിടത്തുംപോയി നിന്നു. മക്കളുടെകൂടെയാകുമ്പോള്‍ അവര്‍ക്കു ശ്രദ്ധയും പരിചരണവുമൊക്കെ കൂടുതലാണ്. ഇവിടെ ഈ നാട്ടിന്‍പുറത്തെ ശുദ്ധവായുവും ശ്വസിച്ച്, ചുറ്റിനടക്കുമ്പോഴുള്ള സുഖവും സ്വാതന്ത്ര്യവും അവിടൊന്നുമില്ല. മകനും കുടുംബവും മുമ്പൊക്കെ എല്ലാവര്‍ഷവും വരാറുണ്ടായിരുന്നു. ഇപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ രണ്ടുവര്‍ഷത്തിലൊരിക്കലായി വരവ്. തുടര്‍ച്ചയായി രണ്ടുമൂന്നു ദിവസം അവധികിട്ടിയാല്‍ മകളും മക്കളും വരും. എന്തായാലും ഭഗവാന്റെ കൃപയാല്‍ ഇപ്പോഴും ആരോഗ്യത്തിനൊന്നും ഒരു കുഴപ്പവുമില്ല"

ടീച്ചര്‍ അല്പം കൂനിയാണു നടക്കുന്നത്. സാറിനിപ്പോഴും പഴയ ഉന്മേഷംതന്നെ.

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മൂന്നുവര്‍ഷവും എന്റെ പിന്നാലെതന്നെയുണ്ടായിരുന്നു, ഭാഗീരഥിയമ്മ ടീച്ചര്‍. ഞാന്‍ പത്താംക്ലാസ്സിലെത്തിയപ്പോള്‍ ടീച്ചര്‍ ഞങ്ങളുടെ ഹെഡ്മിസ്ട്രസ്സായി. എന്റെ ഭാഗത്തുനിന്നു ചെറിയവീഴ്ചകളുണ്ടായാല്‍പ്പോലും ടീച്ചര്‍ വളരെ ശാസിച്ചിരുന്നു. ഒമ്പതാംക്ലാസ്സില്‍ പഠിക്കുമ്പോള്‍, ഞാന്‍ സ്കൂള്‍ ലീഡറായിരുന്ന നാളുകളില്‍ പ്രത്യേകിച്ചും. ലീഡര്‍ എപ്പോഴും മറ്റുള്ളവര്‍ക്കു മാതൃകയാകണം എന്നതായിരുന്നു ടീച്ചറുടെ നിലപാട്.

അകത്തു സ്വീകരണമുറിയിലേക്കു കടന്നപ്പോള്‍, മേശപ്പുറത്തു കുറച്ചു പുസ്തകങ്ങളിരിക്കുന്നു.

"വെറുതേയിരിക്കുമ്പോള്‍, ഏതെങ്കിലും കവിതകളൊക്കെ വായിച്ചിരിക്കും. ചിലപ്പോള്‍ എന്തെങ്കിലും കുത്തിക്കുറിക്കാറുമുണ്ട്. ഉറക്കെ രണ്ടു കവിത ചോല്ലാമെന്നു കരുതിയാല്‍ ഇവിടൊരാള്‍ക്ക് അതിഷ്ടപ്പെടില്ല." സാർ പറഞ്ഞു

കവിതയും സാഹിത്യവുമൊന്നും ഇഷ്ടപ്പെടാത്ത ടീച്ചര്‍, എനിക്കു സമ്മാനമായി തന്നതൊരു കവിതാപുസ്തകമായിരുന്നു. ചിലപ്പോള്‍ സാറായിരിക്കും അതെനിക്കായി തിരഞ്ഞെടുത്തത്. ഞാനക്കാര്യം ഓര്‍ത്തെങ്കിലും ചോദിച്ചില്ല.

"ഇപ്പോള്‍ ഫെയ്സ്ബുക്കിലൊക്കെ ഒരുപാടു സാഹിത്യകൂട്ടായമാകളൊക്കെയുണ്ട്. അതിലെവിടെയെങ്കിലും സാറിനു സജീവമാകരുതോ?" എന്റെ ചോദ്യംകേട്ടതും ടീച്ചര്‍ ഉറക്കെ ചിരിച്ചു.

"അതിനു കമ്പ്യൂട്ടറോ ഫോണോ എന്തെങ്കിലും ഉപയോഗിക്കാനറിയേണ്ടേ?"

"എനിക്കിതൊന്നും ഇഷ്ടമല്ല. ഇവിടൊരാള്‍ വെറ്റിലയില്‍ ചുണ്ണാമ്പു തേയ്ക്കുന്നതുപോലെ തൂത്തുകൊണ്ടിരിക്കുകയാണെപ്പോഴും."

"വെറുതെ അസൂയകൊണ്ടു പറയുകയാണു ജോസ്. ഉപയോഗിക്കാനറിയാത്തതിന്റെ അസൂയ. മക്കളും പേരക്കുട്ടികളുമൊക്കെ ദിവസവും ഇതിലാണു വീഡിയോ ചാറ്റില്‍ വരുന്നത്."

രണ്ടാളും പരസ്പരം കളിയാക്കിയും താങ്ങായും ജീവിതസായാഹ്നം തള്ളിനീക്കുന്നു.

കുറെയേറെനേരം സംസാരിച്ചിരുന്നിട്ട്, ഞാന്‍ യാത്രപറഞ്ഞിറങ്ങി.

"ഇടയ്ക്കു സമയംകിട്ടുമ്പോള്‍ ഇങ്ങോട്ടിറങ്ങിക്കൊള്ളൂ. ഞങ്ങള്‍ രണ്ടു വയസ്സന്മാര്‍ ഇവിടെയുണ്ട്. പഴയ ശിഷ്യരെക്കണ്ടു സംസാരിക്കാന്‍പറ്റുന്നതു വളരെ സന്തോഷമാണ്."

"ഞാന്‍ ഇനിയും വല്ലപ്പോഴുമൊക്കെ ഇങ്ങോട്ടിറങ്ങാം." പുറത്തേക്കു നടക്കുമ്പോള്‍ ഞാന്‍ ഉറപ്പുകൊടുത്തു.

2018, മാർച്ച് 17, ശനിയാഴ്‌ച

സിസ്റ്റര്‍ ലീന

സ്കൂളില്‍ എന്റെയൊപ്പം പഠിച്ചിരുന്ന ജോണിയുടെ മൃതസംസ്കാരത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ തങ്കിപ്പള്ളിയിലെത്തിയത്. നാഡികളുടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുത്തുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന അപൂര്‍വ്വരോഗത്തിനടിപ്പെട്ട്, നാലഞ്ചുവര്‍ഷം ശയ്യാവലംബിയായി ചികിത്സയില്‍ക്കഴിഞ്ഞതിനുശേഷമാണ്, നാല്പത്തഞ്ചാംവയസ്സില്‍ ജോണിയുടെ ആത്മാവ്, ശരീരംവെടിഞ്ഞ്, നിത്യതയിലേയ്ക്കു യാത്രയായത്. ജോണിയുടെ വീട്ടില്‍നിന്നു സ്കൂട്ടറില്‍പ്പോന്നതിനാല്‍ മൃതദേഹമേന്തിയുള്ള വിലാപയാത്ര പള്ളിയിലെത്തുന്നതിനുമുമ്പേ ഞാനവിടെത്തി.

പള്ളിയില്‍ക്കയറി മുട്ടുകുത്തിയപ്പോള്‍ത്തന്നെ ഞാന്‍ കണ്ടു, അല്പം മുന്നിലായി സിസ്റ്റര്‍ ലീനയിരിക്കുന്നു. ചെറിയൊരു പ്രാര്‍ത്ഥനയ്ക്കുശേഷം ഞാന്‍ മുമ്പോട്ടുചെന്നു, സിസ്റ്റര്‍ ലീനയുടെ സമീപത്തായി മുട്ടുകുത്തി സ്തുതി പറഞ്ഞു.

"ജോസ് ജോർജ്ജല്ലേ?" എന്റെ കൂപ്പുകരങ്ങള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടു താഴ്ന്നസ്വരത്തില്‍ സിസ്റ്റര്‍ ചോദിച്ചു.

സിസ്റ്റര്‍ ഇപ്പോഴുമെന്നെ തിരിച്ചറിയുന്നുവെന്നതില്‍ സന്തോഷംതോന്നി. "അതേ സിസ്റ്റര്‍" ഞാന്‍ ഭവ്യതയോടെ മറുപടി നല്കി.

എന്റെ ജോലിക്കാര്യങ്ങളും ഭാര്യയുടേയും മക്കളുടേയും വിശേഷങ്ങളും സിസ്റ്റര്‍ ചോദിച്ചറിഞ്ഞു. ഒരേചോദ്യങ്ങള്‍തന്നെ പലവട്ടം ആവർത്തിക്കപ്പെട്ടപ്പോള്‍, സിസ്റ്ററുടെ ഓര്‍മ്മകള്‍ ഭൂതകാലത്തിലൂടെ തെളിവോടെ ഒഴുകുന്നുണ്ടെങ്കിലും വര്‍ത്തമാനകാലലെത്തുമ്പോള്‍ അല്പമൊന്നു കലങ്ങിത്തുടങ്ങിയതായി എനിക്കു മനസ്സിലായി.

"രാവിലെ കുര്‍ബ്ബാനയ്ക്കു വരാന്‍ പറ്റിയില്ല. ഇപ്പോള്‍ ഒരു കുര്‍ബ്ബാനയുണ്ടെന്നു തോന്നുന്നു. അതാ ഇപ്പോള്‍ പള്ളിയിലേക്കിറങ്ങിയത്." സിസ്റ്റര്‍ പറഞ്ഞു. അല്പമൊന്നു നിറുത്തി, വീണ്ടും തുടർന്നു. "രാവിലെ കുര്‍ബ്ബാനയ്ക്കു വരുന്നതാണു നല്ലത്. അതാകുമ്പോള്‍ ആത്മാവിനു ഭക്ഷണവും ശരീരത്തിനു വ്യായാമവുമായി."

പള്ളിയില്‍നിന്നു നുറുമീറ്ററില്‍ത്താഴയേ ഉള്ളൂ, *മഠത്തിലേക്ക്.

ഈ പള്ളിയോടു ചേര്‍ന്നുള്ള, തങ്കി സെന്റ്‌. ജോര്‍ജ്ജസ് ഹൈസ്കൂളിലാണ് അഞ്ചാംക്ലാസ്സുമുതല്‍ പത്താംക്ലാസ്സുവരെ ഞാന്‍ പഠിച്ചിരുന്നത്. അഞ്ചാംതരത്തില്‍ എന്റെ ക്ലാസ്സ്‌ടീച്ചറും മലയാളം അദ്ധ്യാപികയുമായിരുന്നു സിസ്റ്റര്‍ ലീന. അഞ്ചാംക്ലാസ്സിലെ ആറു ഡിവിഷനുകളില്‍ ഏറ്റവുമധികം മാര്‍ക്കുവാങ്ങിജയിക്കാന്‍ എനിക്കു പ്രോത്സാഹനവും താങ്ങുമായതു സിസ്റ്റര്‍ ലീനയായിരുന്നു. അവധിസമയങ്ങളില്‍ സംശയംചോദിക്കാന്‍ *മഠത്തില്‍ച്ചെല്ലുന്നതിനും സിസ്റ്റര്‍ അനുവാദംതന്നിരുന്നു.

പാഠ്യവിഷയങ്ങളില്‍മാത്രമല്ല, പാഠ്യേതരവിഷയങ്ങളിലും തന്റെ കുട്ടികള്‍ മികവുകാട്ടണമെന്നു സിസ്റ്റര്‍ക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു. ഓരോരുത്തരുടെയും കഴിവുകളും കഴിവുകേടുകളും കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കാനും തിരുത്താനും സിസ്റ്റര്‍ എപ്പോഴും ശ്രമിച്ചിരുന്നു.

എല്ലാ വെള്ളിയാഴ്ചകളിലും അവസാനപിര്യഡ് കുട്ടികളുടെ കലാസാഹിത്യപ്രകടനങ്ങള്‍ക്കുള്ള സമയമായിരുന്നു. പാട്ടും കവിതയും കഥകളും നൃത്തവും നാടകവും ഓരോരുത്തര്‍, സ്വയമെഴുതിയുണ്ടാക്കിയ ഉപന്യാസങ്ങളുടെ വായനയുമൊക്കെയായി സമയം പെട്ടെന്നു പോകും. ഓരോരുത്തരുടെയും പ്രകടനങ്ങളേയും അഭിനന്ദിക്കാനും വേണ്ട തിരുത്തലുകള്‍ നല്‍കാനുമായി സിസ്റ്റര്‍ ലീന ആദ്യാവസാനം അവിടെയുണ്ടായിരുന്നു.

ഒരു വെള്ളിയാഴ്ച, ഞങ്ങളവതരിപ്പിച്ച നാടകം സിസ്റ്റര്‍ക്കു വളരെയിഷ്ടമായി. എന്റെ സഹപാഠിയായിരുന്ന മാര്‍ട്ടിന്റെ സഹോദരന്‍ (അന്നു പത്താംക്ലാസ് വിദ്യാര്‍ത്ഥി) എഴുതിയുണ്ടാക്കിയതായിരുന്നു നാടകം. സിസ്റ്റര്‍ അതില്‍ കുറെയേറെ തിരുത്തലുകള്‍വരുത്തി. പിന്നീട്, പലദിവസങ്ങളിലും, ഉച്ചഭക്ഷണത്തിന്റെ ഇടവേളകളില്‍ ഞങ്ങളെ മഠത്തില്‍ക്കൊണ്ടുപോയി റിഹേഴ്സലചെയ്യിച്ചു. അക്കൊല്ലത്തെ സ്കൂള്‍ യുവജനോത്സവത്തില്‍ മത്സരിച്ച എട്ടുനാടകങ്ങളില്‍ മൂന്നാംസ്ഥാനംനേടി സമ്മാനിതരാകാന്‍ സിസ്റ്റരനല്‍കിയ പരിശീലനത്തിലൂടെ ഞങ്ങള്‍ക്കു സാധിച്ചു. ഞങ്ങളൊഴികെ മത്സരത്തില്‍ പങ്കെടുത്ത നാടകങ്ങളെല്ലാം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചവയായിരുന്നുവെന്നതു ഞങ്ങളുടെ മൂന്നാംസ്ഥാനത്തിന്റെ തിളക്കംകൂട്ടി.

ഞങ്ങള്‍ ആറാംക്ലാസ്സിലെത്തിയപ്പോള്‍ സിസ്റ്റര്‍ മറ്റേതോ സ്കൂളിലേക്കും കോണ്‍വെന്റിലേക്കും സ്ഥലംമാറിപ്പോയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം എഞ്ചിനീയറിംഗ് ബിരുദംകഴിഞ്ഞുനില്‍ക്കുമ്പോള്‍ സിസ്റ്ററെ അന്വേഷിച്ചുപോയി കണ്ടിരുന്നു. കുറച്ചുകാലങ്ങള്‍ക്കുശേഷം സിസ്റ്റര്‍ തങ്കി സെന്റ്‌ റീത്താസ് കോണ്‍വെന്റില്‍ മദര്‍ സുപ്പീരിയറായി തിരികെയെത്തിയപ്പോഴും ചെന്നുകണ്ടിരുന്നു. അതിനുംശേഷമിപ്പോൾ ഒന്നരവ്യാഴവട്ടക്കാലം കടന്നുപോയിരിക്കുന്നു.

പത്തുപതിനഞ്ചു മിനിട്ടുകള്‍ക്കുശേഷം സിസ്റ്റര്‍ പള്ളിയില്‍നിന്നു പുറത്തേക്കിറങ്ങുന്നതുകണ്ട്, ഞാന്‍ പിന്നാലെ ചെന്നു. കൈയിലുള്ള കാലന്‍കുട നിലത്തുകുത്തി മെല്ലെയാണു നടത്തം.

"സിസ്റ്റര്‍ കുര്‍ബ്ബാനയ്ക്കു നില്‍ക്കുന്നില്ലേ?'

"നടുവും മുതുകുമെല്ലാം വേദനിക്കുന്നു. പോയിട്ടല്പനേരം കിടക്കണം." പിന്നെ എന്റെ മുഖത്തേക്കു നോക്കി ചോദിച്ചു. "നീ ജോസ്ജോര്‍ജ്ജല്ലേ?'

"അതേ സിസ്റ്റര്‍."

"നീയിപ്പോള്‍ എവിടെയാണു ജോലിചെയ്യുന്നത്?" എന്റെ ജോലിക്കാര്യങ്ങളും ഭാര്യയുടേയും മക്കളുടേയും വിശേഷങ്ങളും ഒരിക്കല്‍ക്കൂടെ സിസ്റ്റര്‍ ചോദിച്ചു. മിനിട്ടുകള്‍ക്കുമുമ്പു പലവട്ടം പറഞ്ഞ മറുപടികള്‍ ഞാനാവര്‍ത്തിച്ചു.

"ഒരു ദിവസം നിന്റെ ഭാര്യയേയും മക്കളെയുംകൂട്ടി മഠത്തിലേക്കു വരണം. നിന്റെ മകളെ ഞങ്ങളുടെ കോണ്‍ഗ്രിഗേഷനില്‍ ചേര്‍ത്തു കന്യാസ്ത്രീയാക്കണം." എന്റെ മറുപടിക്കു കാക്കാതെസിസ്റ്റര്‍ തിരിഞ്ഞുനടന്നുപോയി.

കൈയിലുള്ള കുടയെ ഊന്നുവടിയാക്കി സിസ്റ്റര്‍ നടന്നുപോകുന്നതു നോക്കിനില്‍ക്കുമ്പോള്‍ അഞ്ചാംക്ലാസ്സില്‍പ്പഠിച്ച കൃഷ്ണഗാഥയിലേയും കുചേലവൃത്തത്തിലേയുമൊക്കെ വരികള്‍ സിസ്റ്ററുടെ ശബ്ദത്തില്‍ എന്റെ മനസ്സിലെവിടെയോ മുഴങ്ങുന്നുണ്ടായിരുന്നു.

---------------------------------------
*കന്യാസ്ത്രീ മഠം - കോണ്‍വെന്റ്.

2018, മാർച്ച് 10, ശനിയാഴ്‌ച

റോസി ടീച്ചര്‍


NH 66ല്‍ ചേര്‍ത്തല പ്രോവിഡന്‍സ് ജംഗ്ഷനിലെ തിരക്കില്‍, വണ്ടി നിറുത്തേണ്ടതായിവന്നപ്പോഴാണു റോഡിനു സമീപത്തെ മതിലിലൊട്ടിച്ചിരുന്ന പോസ്റ്റര്‍ ശ്രദ്ധിച്ചത്. ആദരാഞ്ജലികള്‍ എന്നെഴുതിയ വലിയ അക്ഷരങ്ങള്‍ക്കുതാഴെ, ചിരിക്കുന്ന മുഖത്തോടെയുള്ള ബാബുച്ചേട്ടന്റെ ഫോട്ടോ. അതിനുംതാഴെ, ജയപ്രസാദ് മറ്റത്തില്‍ എന്ന പേരും മരണസമയവും സംസ്കാരസമയവും അച്ചടിച്ചിരിക്കുന്നു. എന്നെ ഒന്നാംക്ലാസ്സില്‍ പഠിപ്പിച്ചിരുന്ന റോസി ടീച്ചറുടെ ഭര്‍ത്താവാണു മരിച്ച വ്യക്തി. മരണവും ദഹനവും കഴിഞ്ഞിട്ടു മൂന്നുനാലു ദിവസങ്ങള്‍കഴിഞ്ഞിരിക്കുന്നു. ഞാനറിഞ്ഞില്ലല്ലോ ദൈവമേയെന്നോര്‍ത്തുകൊണ്ട് അപ്പോള്‍ത്തന്നെ ടീച്ചറുടെ വീട്ടിലേക്കു വണ്ടിവിട്ടു.

ഒരുരാത്രിയില്‍ ഉറക്കമുണര്‍ന്ന്, ശരീരംകുഴയുന്നുവെന്നു പറഞ്ഞു. പെട്ടെന്നുതന്നെ അടുത്തുള്ള ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാനാകുംമുമ്പ് അദ്ദേഹം വീണ്ടും ഉറക്കത്തിലേക്കു വഴുതി. പിന്നെ ഒരിക്കലും ഉണരേണ്ടതില്ലാത്ത ഉറക്കം. ഒരിക്കല്‍ വലിയസംസാരവിഷയമായിരുന്ന പ്രണയകഥയിലെ നായികയാണു മുന്നറിയിപ്പില്ലാതെ തന്നെവിട്ടുപോയ തന്റെ പ്രിയനായകന്റെ അന്ത്യയാത്രയെക്കുറിച്ചെന്നോടു സംസാരിക്കുന്നതെന്നു ഞാനോര്‍ത്തു. ക്രിസ്ത്യാനിയായ റോസി ഡിസൂസ, ഹിന്ദുവായ ജയപ്രസാദിനെ വിവാഹംകഴിച്ചു ജോയ് ജയപ്രസാദായതിനെ രണ്ടുപേരുടെയും വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വീടുകളില്‍നിന്നു രണ്ടാളുകളും പുറത്താവുകയുംചെയ്തു. എങ്കിലും കാലംമായ്ക്കാത്ത മുറിവുകളില്ലല്ലോ. കാലാന്തരത്തില്‍ എല്ലാവരും പിണക്കങ്ങള്‍ മറന്നു.

അന്ധകാരനഴി ബി.ബി.എം. എല്‍.പി. സ്കൂളിലാണ് ഒന്നുമുതല്‍ നാലുവരെ ഞാന്‍ പഠിച്ചിരുന്നത്. എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്ന സ്കൂളായിരുന്നെങ്കിലും ആദ്യമായി ക്ലാസ്സിലെത്തുമ്പോള്‍ മനസ്സില്‍ ഭയമുണ്ടായിരുന്നു. എന്നാല്‍ ആ ഭയമെല്ലാം ദൂരെയകറ്റിയതു ക്ലാസ്ടീച്ചറായിരുന്ന റോസി ടീച്ചറുടെ സ്നേഹപൂര്‍ണ്ണമായ ഇടപെടലുകളാണ്. ഒന്നാംക്ലാസ്സില്‍നിന്നു രണ്ടാംക്ലാസ്സിലേക്കെത്തിയപ്പോള്‍ ഏറ്റവുമധികം സന്തോഷമുണ്ടായത് റോസിടീച്ചറും ഞങ്ങള്‍ക്കൊപ്പം ജയിച്ചതിനാലാണ്. ഞാന്‍ എ ഡിവിഷനിലായിരുന്നു. ബി ഡിവിഷനിലെ കുട്ടികളെല്ലാവരും ജയിച്ചപ്പോള്‍ അവിടുത്തെ ടീച്ചര്‍മാത്രം തോറ്റു. എന്നാല്‍ ഞങ്ങളുടെ റോസിടീച്ചര്‍ ജയിച്ചു 2 എയിലെ ക്ലാസ് ടീച്ചറായി. മൂന്നാം ക്ലാസ്സിലും റോസിടീച്ചര്‍തന്നെയായിരുന്നു ക്ലാസ് ടീച്ചര്‍.

നിനക്കും നിന്റെ ടീച്ചര്‍ക്കുമല്ലാതെ വേറാര്‍ക്കും നീയെഴുതുന്നതു വായിച്ചെടുക്കാനാകില്ലെന്ന്, എന്റെ അമ്മയെപ്പോഴും പറയുമായിരുന്നു. (കാക്ക മണ്ണില്‍ചികഞ്ഞതുപോലെ എന്നായിരുന്നു എന്റെ എഴുത്തിനെ അമ്മ വിശേഷിപ്പിച്ചിരുന്നത്. - അഞ്ചാംക്ലാസ്സിലെത്തിയപ്പോളേയ്ക്കും എന്റെ കൈയക്ഷരം ഞാൻ നന്നാക്കി, കേട്ടോ. ഹൈസ്കൂൾ ക്ലാസ്സുകളിലെ എന്റെ പലസഹപാഠികൾ അവരെക്കൊതിപ്പിച്ചിരുന്ന എന്റെ കൈയക്ഷരത്തെക്കുറിച്ച്, ഇപ്പോഴും പറയാറുണ്ട്.) 

എന്തായാലും എനിക്കു പഠനത്തില്‍ പിന്നീടുണ്ടായ നേട്ടങ്ങള്‍ക്കെല്ലാം പ്രധാനകാരണം റോസി ടീച്ചര്‍ അന്നുറപ്പിച്ച അടിസ്ഥാനങ്ങള്‍തന്നെയാണ്. (ഒന്നു ഞാന്‍ പറയാം, പഠനത്തെ സ്നേഹിക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്നത് ചെറിയക്ലാസ്സുകളിലെ അദ്ധ്യാപകരാണ്. അടിച്ചും പേടിപ്പിച്ചും പഠിപ്പിക്കുന്നതിനുപകരം കളികളിലൂടെയും ലളിതമായ പ്രായോഗികപരിശീലനങ്ങളിലൂടെയും പഠിപ്പിക്കുന്ന പ്രൈമറി അദ്ധ്യാപകരുടെ വിദ്ദ്യാര്‍ത്ഥികള്‍ ഗണിതത്തിലായാലും ശാസ്ത്രവിഷയങ്ങളിലായാലും ഭാഷയിലായാലും മികവുകാണിക്കും, കാരണം അവര്‍ ഇഷ്ടത്തോടെ പഠിക്കാന്‍ പരിശീലനംലഭിച്ചവരാണ്. അടിവാങ്ങി സങ്കലനപ്പട്ടികയും ഗുണനപ്പട്ടികയും പഠിക്കുന്നവര്‍ ജീവിതാന്ത്യംവരെ ഗണിതത്തെ ഭയക്കും.)

കിട്ടുന്ന സമയത്തിലധികവും പകല്‍ക്കിനാവുകളുമായോ പുസ്തകവായനയുമായോ ഒറ്റയ്ക്കു ചെലവഴിക്കുന്നതിനായിരുന്നു, കുട്ടിക്കാലത്ത്, എനിക്കേറെ താല്പര്യം. ഇടവേളകളില്‍, സ്കൂള്‍വരാന്തയില്‍ ഒറ്റയ്ക്കിരുന്നു കിനാവുകാണുമ്പോള്‍ "ചിന്താവിഷ്ടയായ സീതയെപ്പോലിരിക്കാതെ, പോയി കളിക്കെടാ" എന്നുപറഞ്ഞ്, സ്കൂള്‍ ഗ്രൌണ്ടിലെക്കോടിക്കുമായിരുന്നു, റോസി ടീച്ചര്‍. എന്റെവീട്ടില്‍നിന്ന് ഒമ്പതുകിലോമീറ്റര്‍ അകലെയായിരുന്നു ടീച്ചറും ബാബുച്ചേട്ടനും താമസിച്ചിരുന്നതെങ്കിലും ഇടയ്ക്കു ചില ശനിയാഴ്ചകളില്‍ ഞാന്‍ ചേച്ചിമാര്‍ക്കൊപ്പം ടീച്ചറുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. അവിടെച്ചെന്നാല്‍ വയറുനിറയെ ഐസ്ക്രീം കിട്ടുമായിരുന്നുവെന്ന പ്രലോഭനമായിരുന്നു യാത്രയ്ക്കു പിന്നില്‍. ഇടയ്ക്കു ടീച്ചര്‍ പറയും, ശനിയാഴ്ചയോ ഞായറാഴ്ചയോ വന്നോളൂ, ഞാന്‍ ഐസ്ക്രീം ഉണ്ടാക്കിവയ്ക്കാമെന്ന്. അങ്ങനെയുള്ള ദിവസങ്ങളിലായിരുന്നു, യാത്ര. (എന്റെ വീട്ടില്‍ അന്നു ഫ്രിഡ്ജൊന്നുമില്ല.)

ഞാനിന്നെന്തായിരിക്കുന്നുവോ, അതിനടിസ്ഥാനമിട്ട റോസിടീച്ചറെ ഒരിക്കല്‍ക്കൂടെ ആദരവോടെ നമിക്കുന്നു. മക്കളോടും മരുമാക്കളോടും പെരക്കുട്ടികളോടുമോപ്പം സന്തോഷകരമായി ജീവിതസായാഹ്നം ചെലവഴിക്കാന്‍ ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കി റോസിടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ. ഒപ്പം ബാബുച്ചേട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ഒരിക്കല്‍ക്കൂടെ പ്രാര്‍ത്ഥിക്കുന്നു.

2018, മാർച്ച് 1, വ്യാഴാഴ്‌ച

വല്യമ്മച്ചിയും രാധടീച്ചറും

1976ലെ ചരിത്രമാണ് - അക്കാലത്ത്, ഇന്നത്തെപ്പോലെ അംഗനവാടികളും കിന്റര്‍ഗാര്‍ട്ടന്‍ നെഴ്സറികളുമൊന്നും എന്റെ നാട്ടില്‍ സജീവമായിട്ടില്ല. എങ്കിലും മലയാളം അക്ഷരങ്ങളും എഞ്ചുവടിയിലെ കണക്കുകളുമൊക്കെ പഠിപ്പിക്കുന്ന ഒരു പാഠശാല എന്റെ നാട്ടിലുണ്ടായിരുന്നു. നാട്ടിലെ പ്രധാനപ്രസ്ഥാനങ്ങളില്‍ ഒന്നായിരുന്ന ഒരു വനിതാസമാജത്തിന്റെ നേതൃത്വത്തിലാണ്, അതു നടത്തിവന്നിരുന്നത്. എനിക്കു നാലുവയസ്സായപ്പോള്‍ എന്നെയും അവിടെ പഠിക്കാന്‍ ചേര്‍ത്തു. അതിനും ഒരു വര്‍ഷംമുമ്പ് ഒരു വിദ്യാരംഭംനാളില്‍ എന്റെ തലതൊട്ടപ്പന്‍ (GOD FATHER) അരിയില്‍ ആദ്യാക്ഷരങ്ങള്‍ കുറിപ്പിച്ച്, എന്റെ വിദ്യാഭ്യാസം തുടങ്ങിവച്ചതായി പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും എന്റെ ഓര്‍മ്മച്ചിത്രങ്ങളില്‍ ആ സംഭവം തെളിയുന്നതേയില്ല. എങ്കിലും വനിതാസമാജത്തില്‍ പഠനംതുടങ്ങുംമുമ്പേ മലയാളം അക്ഷരങ്ങളെല്ലാം എനിക്കറിയാമായിരുന്നു. ദിവസവും പത്രത്താളുകളിലെ തലക്കെട്ടുകള്‍ ഞാന്‍ ഉറക്കെ വായിച്ചിരുന്നതെനിക്കോര്‍മ്മയുണ്ട്.

വീട്ടില്‍നിന്ന്, ഒരു കിലോമീറ്ററിലധികം ദൂരമുണ്ട്, വനിതാസമാജത്തിലേയ്ക്ക്. രണ്ടു തടിപ്പാലങ്ങളും തോടിറമ്പിലൂടെയുള്ള നടപ്പാതകളുംകടന്ന്, നൂറുമീറ്ററോളം ടാര്‍ റോഡും കടന്നാണു വനിതാസമാജത്തിലെത്തേണ്ടത്. യാത്രയില്‍ ഞാന്‍ ഒറ്റയ്ക്കല്ല, എന്റെ നാലുകൂട്ടുകാര്‍കൂടെ എന്റെയൊപ്പമുണ്ട്. എന്റെ ഓര്‍മ്മകള്‍തുടങ്ങുന്ന നാളുകളിലേ ഒപ്പമുള്ള കൂട്ടുകാര്‍ - മിനി, പ്രിയ, റീനി, കുഞ്ഞുമോള്‍. നാലുപേരും സമപ്രായക്കാരായ എന്റെ അയല്‍ക്കാര്‍; പാലവും തോടുകളും ഞങ്ങളെ അന്നു ഭയപ്പെടുത്തിയിരുന്നില്ലെന്നതും നാലുവയസ്സുള്ള കുട്ടികള്‍ ഇത്രയുംദൂരം ഇത്തരത്തിലുള്ള വഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും യാത്രചെയ്യണമെന്നതു ഞങ്ങളുടെ മാതാപിതാക്കളെ ആലോസരപ്പെടുത്തിയിരുന്നില്ലെന്നതും ഇന്നത്തെ സാഹചര്യത്തില്‍ അദ്ഭുതപ്പെടുത്തുന്നുണ്ട്. (നാലുവയസ്സു തികയുംമുമ്പു ഞാന്‍ രണ്ടുതവണ വെള്ളത്തില്‍ വീണിട്ടുണ്ട്. ഒരുതവണ കുളത്തില്‍വീണപ്പോള്‍ എന്റെ പിതൃസഹോദരിയുടെ പുത്രിയും പിന്നൊരിക്കല്‍ പാലത്തില്‍നിന്നു തോട്ടില്‍വീണപ്പോള്‍ എന്റെ മൂത്തസഹോദരിയും എന്നെ രക്ഷപ്പെടുത്തി. ഏഴുവയസ്സൊക്കെയായപ്പോള്‍ ഒറ്റയ്ക്കു വഞ്ചിതുഴയാനുള്ള ധൈര്യമൊക്കെയായിക്കഴിഞ്ഞിരുന്നു.)

വനിതാസമാജത്തില്‍ പഠിക്കാനെത്തിയ ആദ്യദിവസംതന്നെ അധികൃതരില്‍നിന്ന്, എനിക്കു വലിയൊരു വിവേചനം നേരിടേണ്ടിവന്നു. എന്നാല്‍ ശക്തമായ പ്രതിഷേധസമരത്തിലൂടെ ഞാന്‍ അധികൃതരെ നേരിട്ടെതിര്‍ത്തു. ഞങ്ങള്‍ അഞ്ചുപേര്‍ ഒന്നിച്ചാണെത്തിയതെങ്കിലും എന്നെ എന്റെകൂട്ടുകാര്‍ക്കൊപ്പമിരിക്കാന്‍ അനുവദിച്ചില്ല എന്നതായിരുന്നു അത്യന്തം പ്രതിഷേധാര്‍ഹാമായ ആ വിവേചനം.. ഞാന്‍ ആണ്‍കുട്ടിയും മറ്റുള്ളവര്‍ പെണ്‍കുട്ടികളുമാണെന്നതായിരുന്നു ഈ വിവേചനത്തിനു കാരണം. ഉറക്കെക്കരഞ്ഞുകൊണ്ടു ഞാന്‍ പ്രതിഷേധമാരംഭിച്ചു. പക്ഷേ, കാര്യമായ ഫലമുണ്ടായില്ല. പ്രതിഷേധക്കരച്ചില്‍ ഫലിക്കുന്നില്ലെന്നുകണ്ടപ്പോള്‍ ഞാന്‍ സമരത്തിന്റെ ശൈലി മാറ്റി. "എന്നാല്‍ ഞാനിവിടെ പഠിക്കുന്നില്ലാ" എന്നുറക്കെ പ്രസ്താവിച്ചുകൊണ്ടു ഞാന്‍ റോഡിലെക്കോടി. എന്റെ കൂട്ടുകാരും എന്റെ പിന്നാലെയെത്തിയതോടെ ടീച്ചറും ആയയും ഞങ്ങള്‍ക്കൊപ്പം ഓടിയെത്തി. ഇഷ്ടമുള്ളിടത്തിരുന്നുകൊള്ളാന്‍ അനുവാദംതന്ന്, ഞങ്ങളെ അനുനയിപ്പിച്ചതിനാല്‍ അന്നു പ്രതിഷേധമവസാനിപ്പിച്ചു ക്ലാസ്സില്‍ക്കയറി.

എന്നെക്കൂടാതെ  മറ്റൊരാള്‍കൂടെ അന്നു സമരംചെയ്തിരുന്നു. സ്കൂളിനടുത്തുതന്നെയുള്ള മോഡിയായിരുന്നു, ആ പ്രതിഷേധക്കാരന്‍. മോഡിയുടെ ഊണും ഉറക്കവും നടപ്പും കളിയുമെല്ലാം അവന്റെ മുത്തശ്ശിക്കൊപ്പമായിരുന്നു. അവന്‍ അന്നു വനിതാസമാജത്തില്‍ വന്നതും മുത്തശ്ശിക്കൊപ്പംതന്നെ. എന്നാല്‍ മുത്തശ്ശിയെ ക്ലാസ്സിലിരിക്കാന്‍ അനുവദിച്ചില്ല എന്നതായിരുന്നു മോഡിയുടെ പ്രതിഷേധത്തിനു കാരണം. കുട്ടികള്‍ക്കു പുറകിലായി മുത്തശ്ശിക്കിരിക്കാനായി ഒരു കസേരയൊരുക്കികൊടുത്ത്, ആ പ്രശ്നവും വിജയകരമായി പരിഹരിച്ചു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ക്കൊപ്പമാണിരുന്നതെങ്കിലും കുറച്ചുദിവസങ്ങള്‍ക്കുശേഷം ഞാന്‍ സ്വയം, ആണ്‍കുട്ടികളുടെ ബഞ്ചിലേക്കു മാറി. മോഡിക്ക്, ക്ലാസ്സില്‍വരുമ്പോള്‍ മുത്തശ്ശിയേയും വേണ്ടാതായി.

അക്കാലത്ത്, എല്ലാദിവസവും ഉച്ചഭക്ഷണം വനിതാസമാജത്തില്‍നിന്നായിരുന്നു. ചോളപ്പൊടികൊണ്ടോ, സൂചിഗോതമ്പുകൊണ്ടോ ഉണ്ടാക്കിയ ഉപ്പുമാവും ജീരകവെള്ളവുമായിരുന്നു സ്ഥിരമായുള്ള മെനു.

അന്നത്തെ ഞങ്ങളുടെ ആയയെ ഞങ്ങള്‍ കുട്ടികളെല്ലാവരും വല്യമ്മച്ചി എന്നായിരുന്നു വിളിച്ചിരുന്നത്. ഞങ്ങളെയെല്ലാം വല്യമ്മച്ചിക്കു വലിയ ഇഷ്ടമായിരുന്നു. ഞങ്ങള്‍ക്കു തിരിച്ചും. അതുകൊണ്ടുതന്നെ, മുതിര്‍ന്നതിനുശേഷവും വല്യമ്മച്ചിയെ ഇടയ്ക്കെല്ലാം പോയിക്കാണുമായിരുന്നു. കാണുമ്പോഴെല്ലാം നിറഞ്ഞസന്തോഷത്താല്‍ വല്യമ്മച്ചിയുടെ മുഖംവിടരുമായിരുന്നു. വല്യമ്മച്ചി മരിച്ചപ്പോള്‍ ഞാന്‍ വിദേശത്തു ജോലിയിലായിരുന്നതിനാല്‍, മൃതദേഹം കാണുവാന്‍കഴിഞ്ഞില്ല  അതുകൊണ്ടൊരു ഗുണമുണ്ടായി. ഇന്നുമോര്‍ക്കുമ്പോള്‍ വല്യമ്മച്ചിയുടെ ചിരിക്കുന്ന പ്രസരിപ്പാര്‍ന്ന മുഖംമാത്രമാണോര്‍മ്മയില്‍ തെളിയുന്നതെന്ന ഗുണം!

അന്നു പഠിപ്പിച്ചിരുന്ന രാധ ടീച്ചര്‍, പിന്നീട് അംഗന്‍വാടി അദ്ധ്യാപികയായി. ഇപ്പോഴും ചിലപ്പോള്‍ ടീച്ചറെക്കാണാറുണ്ട്.

വനിതാസമാജത്തിലെ പഠനകാലത്തായിരുന്നു എന്റെ ആദ്യത്തെ പ്രസംഗം. ശിശുദിനത്തില്‍ ചാച്ചാനെഹ്രുവിനെക്കുറിച്ച് എന്റെ പിതാവെഴുതിത്തന്ന പ്രസംഗം മനഃപാഠംപഠിച്ച്, വള്ളിപുള്ളിതെറ്റാതെ വിളിച്ചുപറഞ്ഞു. അന്നു സഭാകമ്പവും വിറയലുംകൂടാതെ സ്റ്റേജില്‍നിന്ന ഞാന്‍ പിന്നീടു പ്രൈമറിസ്കൂള്‍ പഠനകാലത്ത്, പലസ്റ്റേജുകളില്‍നിന്നും വാക്കുകള്‍കിട്ടാതെ കരഞ്ഞുകൊണ്ടിറങ്ങിപ്പോന്നിട്ടുമുണ്ട്.

ഒരുവര്‍ഷത്തിനുശേഷം ഒന്നാംക്ലാസ്സിലേയ്ക്കു പോയപ്പോള്‍ എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്ന അന്ധകാരനഴി ബി.ബി.എം. സ്കൂളിലാണു ഞാന്‍ ചേര്‍ന്നത്. എന്റെ കൂട്ടുകാരികള്‍ നാലുപേരും തങ്കി സ്കൂളിലേക്കാണു പോയത്. തങ്കിയിലേയ്ക്കും അഴിക്കലേയ്ക്കും ഒരേ ദൂരമാണുണ്ടായിരുന്നത്.  വീട്ടില്‍നിന്ന് തങ്കിസ്കൂളിലേക്കുള്ള വഴിയില്‍ തടിപ്പാലങ്ങള്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ എന്റെ സ്കൂളിലേക്കുള്ള വഴി, മൂന്നുനാലു തടിപ്പാലങ്ങളും മുപ്പതുമീറ്ററിലധികം വീതിയുള്ള ഒരു തോടിനുകുറുകെയുള്ള കടത്തുവഞ്ചിയുമുള്‍പ്പെടുന്ന മൂന്നു കിലോമീറ്റര്‍ ദൂരമായിരുന്നു.

പ്രൈമറിസ്കൂള്‍ വിശേഷങ്ങള്‍ പിന്നാലെ പറയാം. ഒപ്പം എനിക്കിന്നും പ്രിയപ്പെട്ട എന്റെ അദ്ധ്യാപകരെക്കുറിച്ചും.