2018, മാർച്ച് 24, ശനിയാഴ്‌ച

ഭാഗീരഥിയമ്മ ടീച്ചര്‍

വീട്ടിലെ സ്വകാര്യവായനശാലയിലെ പഴയപുസ്തകങ്ങളൊക്കെയെടുത്തു പൊടിതട്ടി, വീണ്ടുമടുക്കിവയ്ക്കുമ്പോഴാണു ചെറിയൊരു പുസ്തകം കണ്ണില്‍പ്പെട്ടത്. ചിന്താവിഷ്ടയായ സീത - കുമാരനാശാന്റെ കവിത. കവര്‍പേജുകഴിഞ്ഞുള്ള ആദ്യപേജില്‍, വടിവൊത്ത ആംഗലേയാക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു - പ്രസന്റഡ് ടു ജോസ് ജോര്‍ജ്ജ് 8 സി. താഴെ ഭാഗീരഥിയമ്മ ടീച്ചറുടെ കൈയൊപ്പ്‌. എട്ടാംക്ലാസ്സിലെ ആറുഡിവിഷനുകളില്‍ ഏറ്റവുമധികം മാര്‍ക്കുവാങ്ങിജയിച്ചപ്പോള്‍ സ്കൂളില്‍നിന്നുകിട്ടിയ സമ്മാനത്തിനു പുറമേ, ക്ലാസ്ടീച്ചറായിരുന്ന ഭാഗീരഥിയമ്മ ടീച്ചര്‍ സമ്മാനിച്ചതാണ്, ചിന്താവിഷ്ടയായ സീതയുടെ ഒരുകോപ്പിയും ഒരു ഫൌണ്ടന്‍പേനയും. പേന അന്നേ നഷ്ടപ്പെട്ടെങ്കിലും ഓര്‍മ്മകള്‍ക്കു കൈചൂണ്ടിയായി പുസ്തകം എന്റെ വായനശാലയില്‍ ഇന്നുമവശേഷിക്കുന്നു.

കുറേനാളായി കരുതുന്നുണ്ടായിരുന്നു, ടീച്ചറെ ഒന്നുപോയി കാണണമെന്ന്. ടീച്ചറെമാത്രമല്ല, ടീച്ചറുടെ ഭര്‍ത്താവിനെയും. പ്രീഡിഗ്രി പഠനകാലത്തു ടീച്ചറുടെ ശുപാര്‍ശയില്‍ അദ്ദേഹമെന്നെ ഇംഗ്ലീഷ് ഗ്രാമര്‍ പഠിപ്പിച്ചിരുന്നു. എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്കുശേഷം ടീച്ചറുടെ വീട്ടില്‍വച്ചായിരുന്നു ഫീസൊന്നുമില്ലാത്ത സ്വകാര്യട്യൂഷന്‍. അവര്‍ക്ക് ഒരു മകനും ഒരു മകളുമാണുള്ളത്. മൂത്തതു മകന്‍ - ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ അദ്ദേഹം അമേരിക്കയില്‍ എഞ്ചിനീയറായി ജോലിചെയ്യുകയാണ്. മകള്‍ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിന്റെ (VCRC)ചേര്‍ത്തല ഓഫീസില്‍ മന്തുരോഗനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ടു ജോലിചെയ്യുകയായിരുന്നു. VCRCയുടെ ബോധവത്കരണ ക്ലാസ്സുകളുടെ ഭാഗമായുള്ള തെരുവുനാടകടീമില്‍ ഞാനും ഒരഭിനേതാവായി ഉണ്ടായിരുന്നതിനാല്‍ ചേച്ചിയേയും എനിക്കു പരിചയമുണ്ട്.

ഇരുപതുവര്‍ഷങ്ങള്‍ക്കുമുമ്പ്, എന്റെ വിവാഹക്ഷണപത്രവുമായി ചെന്നതിനുശേഷം ഞാന്‍ ടീച്ചറുടെ വീട്ടില്‍ പോയിട്ടില്ല.

എന്തായാലും ഒരു ദിവസം രാവിലെ ഞാന്‍ ടീച്ചറുടെ വീട്ടിലേക്കിറങ്ങി. ചലച്ചിത്രഗാനരചയിതാവായ രാജീവ് ആലുങ്കലിന്റെ വിടിനടുത്താണു ടീച്ചറുടെ വീട്.

ചുറ്റുപാടുകള്‍ ഒരുപാടു മാറിയെങ്കിലും ടീച്ചറുടെ വീടും മതിലും അതിന്റെ ഗേറ്റുമെല്ലാം ഇന്നും പഴയതുപോലെതന്നെ.

ഞാന്‍ ചെല്ലുമ്പോള്‍ രണ്ടാളും പൂമുഖത്തുതന്നെയുണ്ട്. മകന്‍ അമേരിക്കയിലും മകള്‍ വിവാഹിതയായി തിരുവനന്തപുരത്തും. മക്കള്‍ രണ്ടുപേരും കൂടെക്കൊണ്ടുപോകാന്‍ തയ്യാറാണ്. പക്ഷേ, പോയിനില്‍ക്കാന്‍ ടീച്ചര്‍ക്കും സാറിനും വയ്യ.

"കുറച്ചുകാലമൊക്കെ രണ്ടിടത്തുംപോയി നിന്നു. മക്കളുടെകൂടെയാകുമ്പോള്‍ അവര്‍ക്കു ശ്രദ്ധയും പരിചരണവുമൊക്കെ കൂടുതലാണ്. ഇവിടെ ഈ നാട്ടിന്‍പുറത്തെ ശുദ്ധവായുവും ശ്വസിച്ച്, ചുറ്റിനടക്കുമ്പോഴുള്ള സുഖവും സ്വാതന്ത്ര്യവും അവിടൊന്നുമില്ല. മകനും കുടുംബവും മുമ്പൊക്കെ എല്ലാവര്‍ഷവും വരാറുണ്ടായിരുന്നു. ഇപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ രണ്ടുവര്‍ഷത്തിലൊരിക്കലായി വരവ്. തുടര്‍ച്ചയായി രണ്ടുമൂന്നു ദിവസം അവധികിട്ടിയാല്‍ മകളും മക്കളും വരും. എന്തായാലും ഭഗവാന്റെ കൃപയാല്‍ ഇപ്പോഴും ആരോഗ്യത്തിനൊന്നും ഒരു കുഴപ്പവുമില്ല"

ടീച്ചര്‍ അല്പം കൂനിയാണു നടക്കുന്നത്. സാറിനിപ്പോഴും പഴയ ഉന്മേഷംതന്നെ.

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മൂന്നുവര്‍ഷവും എന്റെ പിന്നാലെതന്നെയുണ്ടായിരുന്നു, ഭാഗീരഥിയമ്മ ടീച്ചര്‍. ഞാന്‍ പത്താംക്ലാസ്സിലെത്തിയപ്പോള്‍ ടീച്ചര്‍ ഞങ്ങളുടെ ഹെഡ്മിസ്ട്രസ്സായി. എന്റെ ഭാഗത്തുനിന്നു ചെറിയവീഴ്ചകളുണ്ടായാല്‍പ്പോലും ടീച്ചര്‍ വളരെ ശാസിച്ചിരുന്നു. ഒമ്പതാംക്ലാസ്സില്‍ പഠിക്കുമ്പോള്‍, ഞാന്‍ സ്കൂള്‍ ലീഡറായിരുന്ന നാളുകളില്‍ പ്രത്യേകിച്ചും. ലീഡര്‍ എപ്പോഴും മറ്റുള്ളവര്‍ക്കു മാതൃകയാകണം എന്നതായിരുന്നു ടീച്ചറുടെ നിലപാട്.

അകത്തു സ്വീകരണമുറിയിലേക്കു കടന്നപ്പോള്‍, മേശപ്പുറത്തു കുറച്ചു പുസ്തകങ്ങളിരിക്കുന്നു.

"വെറുതേയിരിക്കുമ്പോള്‍, ഏതെങ്കിലും കവിതകളൊക്കെ വായിച്ചിരിക്കും. ചിലപ്പോള്‍ എന്തെങ്കിലും കുത്തിക്കുറിക്കാറുമുണ്ട്. ഉറക്കെ രണ്ടു കവിത ചോല്ലാമെന്നു കരുതിയാല്‍ ഇവിടൊരാള്‍ക്ക് അതിഷ്ടപ്പെടില്ല." സാർ പറഞ്ഞു

കവിതയും സാഹിത്യവുമൊന്നും ഇഷ്ടപ്പെടാത്ത ടീച്ചര്‍, എനിക്കു സമ്മാനമായി തന്നതൊരു കവിതാപുസ്തകമായിരുന്നു. ചിലപ്പോള്‍ സാറായിരിക്കും അതെനിക്കായി തിരഞ്ഞെടുത്തത്. ഞാനക്കാര്യം ഓര്‍ത്തെങ്കിലും ചോദിച്ചില്ല.

"ഇപ്പോള്‍ ഫെയ്സ്ബുക്കിലൊക്കെ ഒരുപാടു സാഹിത്യകൂട്ടായമാകളൊക്കെയുണ്ട്. അതിലെവിടെയെങ്കിലും സാറിനു സജീവമാകരുതോ?" എന്റെ ചോദ്യംകേട്ടതും ടീച്ചര്‍ ഉറക്കെ ചിരിച്ചു.

"അതിനു കമ്പ്യൂട്ടറോ ഫോണോ എന്തെങ്കിലും ഉപയോഗിക്കാനറിയേണ്ടേ?"

"എനിക്കിതൊന്നും ഇഷ്ടമല്ല. ഇവിടൊരാള്‍ വെറ്റിലയില്‍ ചുണ്ണാമ്പു തേയ്ക്കുന്നതുപോലെ തൂത്തുകൊണ്ടിരിക്കുകയാണെപ്പോഴും."

"വെറുതെ അസൂയകൊണ്ടു പറയുകയാണു ജോസ്. ഉപയോഗിക്കാനറിയാത്തതിന്റെ അസൂയ. മക്കളും പേരക്കുട്ടികളുമൊക്കെ ദിവസവും ഇതിലാണു വീഡിയോ ചാറ്റില്‍ വരുന്നത്."

രണ്ടാളും പരസ്പരം കളിയാക്കിയും താങ്ങായും ജീവിതസായാഹ്നം തള്ളിനീക്കുന്നു.

കുറെയേറെനേരം സംസാരിച്ചിരുന്നിട്ട്, ഞാന്‍ യാത്രപറഞ്ഞിറങ്ങി.

"ഇടയ്ക്കു സമയംകിട്ടുമ്പോള്‍ ഇങ്ങോട്ടിറങ്ങിക്കൊള്ളൂ. ഞങ്ങള്‍ രണ്ടു വയസ്സന്മാര്‍ ഇവിടെയുണ്ട്. പഴയ ശിഷ്യരെക്കണ്ടു സംസാരിക്കാന്‍പറ്റുന്നതു വളരെ സന്തോഷമാണ്."

"ഞാന്‍ ഇനിയും വല്ലപ്പോഴുമൊക്കെ ഇങ്ങോട്ടിറങ്ങാം." പുറത്തേക്കു നടക്കുമ്പോള്‍ ഞാന്‍ ഉറപ്പുകൊടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ