2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

ഒരു ന്യൂജനറേഷന്‍ പ്രണയകഥ




കെ. എസ്. ആര്‍. ടി. സി. സൂപ്പര്‍ഫാസ്റ്റ്, കോട്ടയംസ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഇരുട്ടുവീണുതുടങ്ങിയിരുന്നു.

പതിനഞ്ചുമിനിട്ടുകഴിഞ്ഞേ വണ്ടിപോകൂ എന്നറിയിച്ചിട്ടു കണ്ടക്ടര്‍ ബസിൽനിന്നിറങ്ങിപ്പോയി. 

മഴപെയ്തു തോര്‍ന്നതേയുള്ളൂ. സ്റ്റാന്‍ഡും പരിസരവും നനഞ്ഞുകിടക്കുന്നു. എങ്കിലും ഒന്നു പുറത്തേയ്ക്കിറങ്ങാമെന്നു് അനീഷ്‌ കരുതി. എത്രനേരമായി ഇരുന്നുമുഷിഞ്ഞതാണു്. വണ്ടിയില്‍നിന്നു പുറത്തിറങ്ങി, ഒന്നു മൂരിനിവര്‍ത്തിയപ്പോഴേക്ക്, മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. 

ഫോണില്‍ സംസാരിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ അയാളുടെ അരികിലെത്തിയ പെണ്‍കുട്ടി ചോദിച്ചു:

"സനീഷല്ലേ?"

സംസാരിച്ചുകൊണ്ടിരുന്നതിനിടയില്‍ അനീഷ്‌, ചോദ്യം വ്യക്തമായിക്കേട്ടില്ല. ഒട്ടും പരിചിതമല്ലാത്ത ഈ പട്ടണത്തില്‍, തന്നെയറിയുന്ന ഈ പെണ്‍കുട്ടിയാരെന്നത്ഭുതപ്പെട്ടുകൊണ്ടു്, അയാള്‍ പറഞ്ഞു:
"അതെ" ഒപ്പം ഫോണ്‍സംസാരം കഴിയട്ടെയെന്നു് ആംഗ്യംകാട്ടുകയുംചെയ്തു.
പെണ്‍കുട്ടി ആശ്വാസഭാവത്തില്‍ ദീര്‍ഘനിശ്വാസംവിട്ടു.

ഫോണ്‍ കട്ടുചെയ്തശേഷമാണു് അയാള്‍ പെണ്‍കുട്ടിയെ ശ്രദ്ധിച്ചതു്. പതിനേഴോ പതിനെട്ടോ വയസ്സുതോന്നും. നീലയും ചെമപ്പുമിടകലർന്ന പ്രിൻ്റഡ്ടോപ്പും അതിനുചേർന്ന പ്രിൻ്റഡ് പലാസയുമാണു വേഷം. കാഴ്ചയില്‍ നല്ലസുന്ദരിയാണു്. നിറഞ്ഞ ആത്മവിശ്വാസത്തോടൊപ്പംതന്നെ, മുഖത്തു ചെറിയസംഭ്രമഭാവവും മറഞ്ഞുകിടക്കുന്നുണ്ട്. തോളില്‍ത്തൂക്കിയ ബാഗിനു നല്ലഭാരമുണ്ടെന്നു തോന്നുന്നു.

പെണ്‍കുട്ടി പെട്ടെന്ന്, അനീഷിന്റെ കൈയില്‍പ്പിടിച്ചുകൊണ്ടു പറഞ്ഞു. "ദാ, അവിടൊരു തിരുവനന്തപുരം ബസ്സു കിടക്കുന്നുണ്ടു്, വേഗം വാ, നമുക്കതില്‍ക്കയറാം."

അനീഷ്‌ പെട്ടന്നൊന്നു പകച്ചു.

"ഇയാളാരാ? ഞാന്‍ പത്തനംതിട്ടയിലെക്കാണു പോകുന്നതു്, ദാ ഈ ബസ്സില്‍ " അനീഷ്‌ തന്റെ ബസ്സിനുനേരെ വിരല്‍ചൂണ്ടി.

പെണ്‍കുട്ടി അനീഷിനെ സൂക്ഷിച്ചുനോക്കി.

"നീല ജീന്‍സും നീലയും വെള്ളയും സ്ട്രിപ്സുള്ള ഹാഫ് സ്ലീവ് ഷര്‍ട്ടും: ഇതുതന്നെയാണല്ലോ ഫോണില്‍പ്പറഞ്ഞതു്, അപ്പോള്‍ സനീഷല്ലേ?"

"ഞാന്‍ സനീഷല്ല; അനീഷാണു്"

"അയ്യോ, ആളുതെറ്റിയതാട്ടോ, സോറി!"

പെണ്‍കുട്ടി ബാഗു താഴെവച്ചു. കൈയ്യിലെ മൊബൈല്‍ഫോണില്‍ ആരുടെയോ നമ്പര്‍ ഡയല്‍ചെയ്തു ഫോണ്‍ കാതോടുചേര്‍ത്തു. പിന്നെ ബാഗു വീണ്ടുംതോളില്‍ത്തൂക്കി, ആരെയോ തിരഞ്ഞ്, തിരക്കിനിടയിലേക്കു നടന്നുപോയി.

2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച

ബെത്‌ലഹേമിലെ പൊന്നുണ്ണി

ബെത്‌ലഹേമിലെ പൊന്നുണ്ണി

(കഥ)

ധനുമാസപൗര്‍ണ്ണമി പാല്‍നിലാവുവര്‍ഷിച്ച ഒരു രാത്രിയായിരുന്നു അന്നു്; പൂര്‍ണ്ണചന്ദ്രാലംകൃതമായ ക്രിസ്തുമസ് രാത്രി!

നനുത്തമഞ്ഞിന്റെ കുളിരലകള്‍ ക‍ത്തീഡ്രല്‍ദേവാലയത്തില്‍ പാതിരാക്കുര്‍ബാനയ്ക്കെത്തിയ മനുഷ്യരുടെ മനസ്സിലും ശരീരത്തിലും കുളിരണിയിച്ചു. മഞ്ഞിന്റെ നേര്‍ത്തപാളികള്‍ക്കുമേലെ വെള്ളിത്തിളക്കംപകര്‍ന്ന നിലാവു്, ദേവാലയപരിസരത്തെ സ്വര്‍ഗ്ഗസമാനമാക്കി. പള്ളിമണികളുടെ സാന്ദ്രനിനാദം അന്തരീക്ഷത്തെ കൂടുതല്‍ ഭക്തിമയമാക്കി.

"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം;
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം!
...............................................................
...............................................................
ഇതാ നിങ്ങള്‍ക്കായിപ്പിറന്ന രക്ഷകന്‍ ,
കീറിയപിള്ളക്കച്ചയാല്‍പ്പൊതിഞ്ഞു്,
ദരിദ്രമായൊരു കാലിത്തൊഴുത്തില്‍ ... "

മാലാഖമാരുടെ ഗാനം ദേവാലയഗായകരുടെ സംഘം ഏറ്റുപാടി.

മെത്രാനോടൊപ്പം സഹകാര്‍മ്മികനായി അള്‍ത്താരയില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടിരുന്ന സമയമെല്ലാം ബര്‍ണാഡച്ചന്റെ മനസ്സില്‍ തെളിഞ്ഞുനിന്നിരുന്നതു ഫാദര്‍ ഗബ്രിയേലിന്റെ മുഖമായിരുന്നു. പുല്‍ക്കൂട്ടിലെ ഉണ്ണീശോയുടെ മുഖത്തിനുപോലും ഗബ്രിയേലച്ചന്റെ ഛായയായിരുന്നു.

*പ്രീസ്റ്റ്ഹോമില്‍ച്ചെന്നു ഗബ്രിയേലച്ചനെയൊന്നു കാണണമെന്നു പലപ്പോഴും കരുതിയിട്ടുണ്ടു്. എന്നാല്‍ ഒരിക്കലുമതു നടന്നിട്ടില്ല. അദ്ദേഹത്തോടു താന്‍ചെയ്തതു വലിയഅനീതിയാണെന്ന ചിന്ത, ബര്‍ണാഡച്ചന്റെ മനസ്സില്‍ രൂഢമൂലമായിരുന്നു. ഒരു കുറ്റബോധം മനസ്സില്‍ നിറഞ്ഞുനിന്നതിനാലാകാം പലപ്പോഴുമാഗ്രഹിച്ചിരുന്നെങ്കിലും ഒരിക്കല്‍പ്പോലും പ്രീസ്റ്റ്ഹോമില്‍ച്ചെന്നു ഗബ്രിയേലച്ചനെക്കാണാന്‍സാധിക്കാതെപോയതു്. ഇനിയും അതുമാറ്റിവച്ചുകൂടാ! രാവിലെയുള്ള ദിവ്യബലികഴിഞ്ഞാലുടന്‍ പ്രീസ്റ്റ്ഹോമില്‍പ്പോയി ഗബ്രിയലച്ചനെ നേരില്‍ക്കണ്ടു ക്രിസ്തുമസാശംസകള്‍ പങ്കുവയ്ക്കണമെന്നു ബര്‍ണാഡച്ചന്‍ നിശ്ചയിച്ചു.

ബര്‍ണാഡച്ചന്‍ പ്രീസ്റ്റ് ഹോമിലെത്തുമ്പോള്‍ അവിടുത്തെ അന്തേവാസികളായ അച്ചന്മാരെല്ലാം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. വട്ടേപ്പവും സ്റ്റൂവുമാണു പ്രധാനവിഭവങ്ങള്‍. എല്ലാവരും വലിയസന്തോഷത്തിലായിരുന്നു.

ബര്‍ണാര്‍ഡച്ചന്റെ സാമീപ്യം അവരുടെ സന്തോഷത്തിനു കൂടുതല്‍ തിളക്കമേകി. ഒരു ജീവിതകാലംമുഴുവന്‍ പലപല ഇടവകകളിലായി സേവനമനുഷ്ഠിച്ച്, പ്രായാധിക്യത്തില്‍ പ്രീസ്റ്റ്ഹോമില്‍ വിശ്രമജീവിതംനയിക്കുന്ന ആ വൃദ്ധപുരോഹിതര്‍ക്കു്, വളരെ അപൂര്‍വ്വമായിമാത്രമേ സന്ദര്‍ശകരുണ്ടാകൂ. അതുകൊണ്ടുതന്നെ മെത്രാന്റെ സെക്രട്ടറിയായ ബര്‍ണാര്‍ഡച്ചന്റെ സാന്നിദ്ധ്യം എല്ലാവര്‍ക്കും ആഹ്ലാദകരമായിരുന്നു.
ഓരോരുത്തരോടും കുശലംപറഞ്ഞും ക്ഷേമാന്വേഷണങ്ങള്‍നടത്തിയും അവിടിരിക്കുമ്പോഴും ബര്‍ണാര്‍ഡച്ചന്റെ കണ്ണുകള്‍ അവിടെയെല്ലാം ഗബ്രിയേലച്ചനെത്തിരയുന്നുണ്ടായിരുന്നു.

"അല്ല; ഗബ്രിയേലച്ചനെമാത്രം ഇവിടെയെങ്ങുംകണ്ടില്ലല്ലോ. അദ്ദേഹമെവിടെപ്പോയി?"

"പാതിരാക്കുര്‍ബ്ബാനയ്ക്കു് അയാളുണ്ടായിരുന്നു. കുര്‍ബാനകഴിഞ്ഞ് ഒരരമണിക്കൂറായപ്പോള്‍, ഒരോട്ടോറിക്ഷായില്‍ക്കയറിപ്പോകുന്നതു കണ്ടു. വെളുക്കാറായപ്പോള്‍ ഒരു ഭ്രാന്തനേയുംകൂട്ടി വന്നുകേറിയിട്ടുണ്ടെന്നു കുശിനിക്കാരന്‍ റപ്പേല്‍ പറയുന്നുണ്ടായിരുന്നു. പറഞ്ഞിട്ടുകാര്യമില്ലച്ചോ, അങ്ങേരൊട്ടും പ്രാക്ടിക്കലല്ല." നരച്ചുനീണ്ട താടിതടവിക്കൊണ്ടു ഫെര്‍ണാണ്ടസച്ചന്‍ പറഞ്ഞു.

കഴിഞ്ഞകൊല്ലം ഗബ്രിയേലച്ചനുമായുണ്ടായ കൂടിക്കാഴ്ചയാണു ബര്‍ണാര്‍ഡച്ചന്റെ മനസ്സിലെത്തിയതു്‌. അന്നദ്ദേഹത്തോടു താന്‍ പറഞ്ഞതും ഇതേ വാക്കുകളായിരുന്നുവെന്നു ബര്‍ണാര്‍ഡച്ചനോര്‍ത്തു. -

"ട്രൈ ടു ബീ പ്രാക്ടിക്കല്‍ ..."

കഴിഞ്ഞവര്‍ഷത്തെ ക്രിസ്മസ് രാത്രിയിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പാതിരാക്കുര്‍ബ്ബാനകഴിഞ്ഞ്, ബര്‍ണാര്‍ഡച്ചന്‍ മുറിയിലെത്തുമ്പോള്‍ മൊബൈല്‍ഫോണില്‍ മുപ്പതിലധികം മിസ്ഡ്കോളുകള്‍ ...

ഈ രാത്രിയില്‍ ഇത്രയധികം കോളുകള്‍ ... ക്രിസ്തുമസാശംസകള്‍നേരാനാണെങ്കില്‍ നേരംപുലര്‍ന്നിട്ടു വിളിച്ചാല്‍മതിയല്ലോ! പിന്നെന്താവും കാര്യം?

വിളിവന്ന നമ്പരുകള്‍ ഒന്നു പരിശോധിക്കുന്നതിനുമുമ്പേയെത്തി, അടുത്ത കോള്‍...

രൂപതയിലെ അതിപുരാതനമായ ഒരിടവകയിലെ പ്രമാണിയായ ഒരു വ്യക്തിയാണു ലൈനില്‍ ...

ഇടവകജനങ്ങളുടെ വിശ്വാസത്തെ ചോദ്യംചെയ്യുന്ന ഇടവകവികാരിക്കെതിരായി അടിയന്തിരമായി നടപടിയെടുക്കണം എന്നതാണാവശ്യം. രാവിലെയുള്ള കുര്‍ബാനയ്ക്കുശേഷം പിതാവുമായി സംസാരിച്ചു തീരുമാനമെടുക്കാമെന്നു പറഞ്ഞ്, സംസാരമവസാനിപ്പിച്ചു. അതുപക്ഷേ അടുത്ത ഒരു കോളിന്റെ തുടക്കംമാത്രമായിരുന്നു. തുടര്‍ച്ചയായി നാലു കോളുകള്‍ ... എല്ലാവര്‍ക്കും പറയേണ്ടതൊന്നുമാത്രം; വേണ്ടിവന്നാല്‍ ഗബ്രിയേലച്ചനെ പൗരോഹിത്യത്തില്‍നിന്നുതന്നെ വിലക്കണം. എല്ലാവര്‍ക്കും ഒരേ മറുപടിതന്നെ നല്കി - "പിതാവുമായി സംസാരിച്ചശേഷം നടപടികളെക്കുറിച്ചാലോചിക്കാം."

മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തു. ലാന്‍ഡ്ഫോണിന്റെ റിസീവര്‍ എടുത്തുമാറ്റിവച്ചു. അപ്പോഴേക്കും പിതാവിന്റെ സന്ദേശമെത്തി. ഉടനെ അദ്ദേഹത്തിന്റെ മുറിയിലെത്തണം.

വിഷയം ഗബ്രിയേലച്ചന്‍തന്നെ.

"വിളിപ്പിച്ചതെന്തിനാണെന്നു മനസ്സിലായിക്കാണുമല്ലോ. വിശ്വാസതീക്ഷ്ണതമൂലമുള്ള ചില എടുത്തുചാട്ടങ്ങളുണ്ടെന്നതൊഴിച്ചാല്‍ ഗബ്രിയേലച്ചന്‍ നല്ലൊരു പുരോഹിതനാണെന്നുതന്നെയാണു ഞാന്‍ കരുതുന്നതു്. എന്നാല്‍ ഈ രൂപതയിലെതന്നെ പാരമ്പര്യമുള്ള പുരാതനകുടുംബാംഗങ്ങളും പ്രമാണികളുമാണു് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ നടപടിയാവശ്യപ്പെടുന്നതു്.

കാര്യങ്ങളന്വേഷിച്ച്, റിപ്പോര്‍ട്ടു സമര്‍പ്പിക്കാനായി ബര്‍ണാര്‍ഡച്ചനെ ചുമതലപ്പെടുത്താമെന്നും അച്ചന്റെ റിപ്പോര്‍ട്ടനുസരിച്ചു നടപടികള്‍സ്വീകരിക്കാമെന്നും ഞാനവര്‍ക്കുറപ്പുകൊടുത്തിട്ടുണ്ടു്. നാളെത്തന്നെ അച്ചന്‍ ഇടവക സന്ദര്‍ശിച്ച്, പരാതിക്കാരില്‍നിന്നും ഗബ്രിയേലച്ചനില്‍നിന്നും വിശദാംശങ്ങള്‍ ചോദിച്ചറിയണം. ഏറെവൈകാതെ റിപ്പോര്‍ട്ടു നല്കണം.

ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം അവസാനിപ്പിക്കാനുതകുന്നവിധമാകണം അച്ചന്റെ റിപ്പോര്‍ട്ടെന്നാണു ഞാനാഗ്രഹിക്കുന്നതു്."

ക്രിസ്തുമസിന്റെ പിറ്റേന്നുതന്നെ ബര്‍ണാര്‍ഡച്ചന്‍ അന്വേഷണമാരംഭിച്ചു. പരാതിക്കാരായ ഇടവകാംഗങ്ങളെ ഒറ്റയ്ക്കും കൂട്ടായും കണ്ടു. നൂറ്റാണ്ടുകളായി ആ ദേവാലയത്തിലുപയോഗിക്കുന്ന ഉണ്ണീശോയുടെ തിരുസ്വരൂപത്തെ നിന്ദിച്ചുകൊണ്ടു ദിവ്യബലിമദ്ധ്യേ പരസ്യമായി സംസാരിച്ച ഗബ്രിയേലച്ചന്‍, പുരോഹിതനെന്ന പദവിയില്‍ ഇരിക്കാനര്‍ഹനല്ലെന്ന നിലപാടില്‍ ഇടവകജനം ഉറച്ചുനിന്നു.

"ഞങ്ങളുടെ പിതാമഹന്മാരുടെ കാലംമുതലേ വിശുദ്ധമായിക്കരുതി ഉപയോഗിക്കുന്ന ഉണ്ണീശോയുടെ തിരുസ്വരൂപത്തെ ഒന്നിലധികം തവണ നിന്ദിച്ചു സംസാരിച്ചിട്ടും കുര്‍ബ്ബാന തടസ്സപ്പെടുത്താനോ മറ്റെന്തെങ്കിലും  ബഹളമുണ്ടാക്കാനോ ഇടകജനത്തിലാരും തുനിഞ്ഞില്ലയെന്നതു രൂപതാനേതൃത്വം കണക്കിലെടുക്കും എന്നുതന്നെയാണു ഞങ്ങള്‍ കരുതുന്നതു്."

ഗബ്രിയേലച്ചനെതിരെ നടപടിയുണ്ടായേതീരൂ എന്ന അഭിപ്രായത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. എങ്കിലുമൊടുവില്‍ അദ്ദേഹം പരസ്യമായി മാപ്പുപറഞ്ഞാല്‍ കടുത്തനടപടിയൊന്നുംവേണ്ടാ എന്ന അഭിപ്രായത്തിലേക്കു് അവരെയെത്തിക്കാന്‍ ബര്‍ണാര്‍ഡച്ചനു സാധിച്ചു.

"അച്ചന്‍ ആലങ്കാരികമായിനടത്തിയ ഒരു പ്രയോഗംമാത്രമായിരുന്നു അതെന്നാണു ഞാന്‍ കരുതുന്നതു്. " ബര്‍ണാര്‍ഡച്ചന്‍ ഗബ്രിയേലച്ചനോടു പറഞ്ഞു.

"അങ്ങനെയല്ലച്ചോ, ഞാന്‍ എന്തു പറഞ്ഞോ അതുതന്നെയാണു പറയാനുദ്ദേശിച്ചിരുന്നതും! അതാലങ്കാരികപ്രയോഗമായിരുന്നുവെന്നു ഞാനിപ്പോള്‍പ്പറഞ്ഞാല്‍ അതൊരാത്മവഞ്ചനയായിപ്പോകും"

"അച്ചോ, അച്ചന്‍ കുറച്ചുകൂടെ പ്രാക്ടിക്കലാകണം. അച്ചന്‍ പറയുന്നതു പൂര്‍ണ്ണമായും തെറ്റാണെന്നു് എനിക്കഭിപ്രായമില്ല. എന്നാല്‍, ഇതു വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തേയും പാരമ്പര്യത്തേയുമെല്ലാം ചോദ്യംചെയ്യുന്നതിനുതുല്യമാണു്."

''ഒട്ടും പ്രാക്ടിക്കലല്ലാതെ കാല്‍വരിക്കുരിശില്‍ നഗ്നനായി മരിച്ച *നസറായനെമാത്രംകണ്ടാണ്, ഞാന്‍ ഈ *ളോഹ തിരഞ്ഞെടുത്തതു്. കുറച്ചുകൂടെ പ്രാക്ടിക്കലായി ചിന്തിച്ചിരുന്നെങ്കില്‍ അവനൊരു ചക്രവര്‍ത്തിയാകാമായിരുന്നല്ലോ! എന്നാല്‍‍ അവന്‍ തിരഞ്ഞെടുത്തതു കാല്‍വരിയിലെ കുരിശിലേക്കുള്ള വഴിയല്ലേ? അവന്റെ കുരിശുനല്കുന്ന സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍മാത്രമേ ഞാനാഗ്രഹിക്കുന്നുള്ളു. അതിന്റെപേരില്‍ അനുഭവിക്കേണ്ടിവരുന്ന ഏതു ശിക്ഷയുമേറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറുമാണു്."

"ശിക്ഷയുടെ കാര്യമൊക്കെ നില്കട്ടെ, അച്ചന്‍ ആലങ്കാരികമായി പറഞ്ഞതാണെന്നും അതു വിശ്വാസികളിലുണ്ടാക്കിയ മുറിവുകള്‍ക്കു മാപ്പുപറയുന്നുവെന്നുംമാത്രം അച്ചന്‍ കുര്‍ബാനമദ്ധ്യേ, ഇടവകജനങ്ങളെയറിയിച്ചാല്‍ മതി."

ഇന്നലെനടന്ന സംഭവങ്ങള്‍പോലെയാണു തോന്നുന്നതു്. ഒരു വര്‍ഷം എത്രപെട്ടന്നു കഴിഞ്ഞുപോയിരിക്കുന്നു!

"ഗബ്രിയേലച്ചന്റെ മുറിഎവിടെയാണു്? ഞാനദ്ദേഹത്തെ മുറിയില്‍പ്പോയി കണ്ടുകൊള്ളാം."

"ഞാന്‍ ഫാദര്‍ ബര്‍ണാര്‍ഡാണു്." കുശിനിക്കാരന്‍ റപ്പേല്‍ കാണിച്ചുകൊടുത്ത മുറിയുടെ വാതില്‍ക്കല്‍ മൃദുവായി മുട്ടിക്കൊണ്ടു ബര്‍ണാര്‍ഡച്ചന്‍ പറഞ്ഞു.

"പുതിയ അന്വേഷണം വല്ലതുമാണോ? എന്തായാലും അകത്തേക്കു വരാം, വാതില്‍ ചാരിയിട്ടേയുള്ളൂ." ഗബ്രിയേലച്ചന്‍ മറുപടിനല്കി.

"ഒരു സൗഹൃദസന്ദര്‍ശനത്തിനായിമാത്രം വന്നതാണച്ചോ. ഹാപ്പി ക്രിസ്തുമസ്" വാതില്‍ തുറന്ന്‍, അകത്തേക്കു കയറുന്നതിനിടയില്‍ ബര്‍ണാഡച്ചന്‍ ക്രിസ്തുമസ് ആശംസകള്‍ കൈമാറി.

ഗബ്രിയെലച്ചന്റെ സമീപത്തു മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യനിരിക്കുന്നുണ്ടായിരുന്നു. അയാള്‍ വൃത്തിയായി ഷേവു ചെയ്തിട്ടുണ്ടു്. അലക്കിത്തേച്ച വസ്ത്രമാണ്. എങ്കിലും അയാളില്‍ എന്തോ ഒരസാധാരണത്തം ദൃശ്യമാണു്. അയാളുടെ ചുണ്ടിലും മുഖത്തുമെല്ലാം അപ്പത്തിന്റെ തരിയും ഇറച്ചിച്ചാറുമെല്ലാം പറ്റിയിരിക്കുന്നു.

ഗബ്രിയേലച്ചന്‍ അപ്പവും ഇറച്ചിക്കറിയും അയാളുടെ വായില്‍വച്ചു കൊടുക്കുകയാണു്.

ബര്‍ണാഡച്ചനെക്കണ്ടപ്പോള്‍ അയാള്‍ വായ്‌ തുറന്നു ചിരിച്ചു. അതോടെ വായിലുണ്ടായിരുന്ന ഭക്ഷണം വായുടെ വശത്തുകൂടെ പുറത്തേക്കു ചാടി.

"വെരി ഹാപ്പി ക്രിസ്തുമസ്... മേ ഗോഡ് ബ്ലെസ് യൂ, അച്ചനിരിക്കൂ." ഗബ്രിയേലച്ചന്‍ അതിഥിയെ സ്വാഗതംചെയ്തു.

മുന്‍വര്‍ഷത്തെ ക്രിസ്തുമസ് രാത്രിയിലെ സംഭവങ്ങള്‍ അപ്പോള്‍ ഗബ്രിയേലച്ചന്റെ മനോമുകുരത്തിലേക്കു തെളിഞ്ഞുവരുന്നുണ്ടായിരുന്നു.

തിരുപ്പിറവിയാഘോഷത്തിനായി അണിഞ്ഞൊരുങ്ങിയ ദേവാലയത്തില്‍ പള്ളിമണികള്‍ മുഴങ്ങി. കുര്‍ബാനമദ്ധ്യേ തിരുപ്പിറവിയുടെ പ്രതീകമായി ഉണ്ണിയേശുവിന്റെ തിരുസ്വരൂപം അള്‍ത്താരയോടു ചേര്‍ത്തൊരുക്കിയ പുല്‍ത്തൊഴുത്തില്‍ക്കിടത്തി. ഗബ്രിയേലച്ചന്‍ അള്‍ത്താരയില്‍ ദിവ്യബലി തുടര്‍ന്നു. ദേവാലയത്തിലുണ്ടായിരുന്ന ഭൂരിപക്ഷംപേരും പുല്‍ക്കൂടിനുമുന്നില്‍ തിരക്കു കൂട്ടുകയായിരുന്നൂ, അപ്പോൾ.

"ഇവിടെ പുല്‍ക്കൂട്ടില്‍ക്കാണുന്നത്, ഒരു കളിമണ്‍ശില്പം മാത്രമാണു്. ദിവ്യബലിക്കുശേഷവും നിങ്ങള്‍ക്കു പുല്‍ക്കൂടു സന്ദര്‍ശിക്കാന്‍ സാധിക്കുമല്ലോ, ദയവായി എല്ലാവരും വിശുദ്ധകുര്‍ബ്ബാനയില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുക."കുര്‍ബ്ബാനമദ്ധ്യേ ഗബ്രിയേലച്ചന്‍നടത്തിയ അഭ്യര്‍ത്ഥന ബധിരകര്‍ണ്ണങ്ങളിലാണു പതിച്ചതു്...

സുവിശേഷവായനയ്ക്കുശേഷമുള്ള പ്രസംഗത്തില്‍ ഗബ്രിയേലച്ചന്‍ കുറച്ചുകൂടെ കടുത്തഭാഷയിലാണു സംസാരിച്ചതു്.

"ഇവിടെ, ഈ പുല്‍ക്കൂട്ടില്‍ നിങ്ങള്‍ കാണുന്നതു വെറും മണ്ണുണ്ണിയെയാണു് , യഥാര്‍ത്ഥപൊന്നുണ്ണി ഈ ദേവാലയത്തിനു വെളിയിലാണുള്ളതു്. തെരുവില്‍ അനാഥരും അവശരും ആലംബഹീനരുമായ അനേകരിലാണ്, ഉണ്ണിയേശു ഇന്നു ജീവിക്കുന്നതു്; അവരിലെക്കിറങ്ങിച്ചെല്ലാനും അവരെ സേവിക്കാനും നമ്മള്‍ തയ്യാറാകുമ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍, ഉണ്ണിയേശുപിറന്ന, ബെത്‌ലഹേമിലെ യഥാര്‍ത്ഥപുല്‍ക്കൂടായിമാറും. നമ്മളെക്കാണുന്നവർ, നമ്മുടെ പ്രവൃത്തികളിലൂടെ യേശുവിനെക്കാണുകയും നമ്മളവനു സാക്ഷികളാകുകയുംചെയ്യും.  കേവലം അനുസ്മരണങ്ങള്‍ക്കായിമാത്രമുപയോഗിക്കുന്ന ബിംബങ്ങള്‍ നമ്മളെ യഥാര്‍ത്ഥ ആത്മീയതയില്‍നിന്നകറ്റാനുള്ള ഉപാധികളായിമാറരുതു്. ഈ മണ്ണുണ്ണിയെവിട്ടു്, നമുക്കു പൊന്നുണ്ണിയേശുവിനെ അന്വേഷിച്ചിറങ്ങുന്നവരായിമാറാം..."

കുര്‍ബ്ബാനകഴിയുന്നതുവരെ നിശ്ശബ്ദരായിരുന്ന ജനങ്ങള്‍, കുര്‍ബാനയ്ക്കുശേഷം പള്ളിമുറ്റത്തു തടിച്ചുകൂടി. ഗബ്രിയേലച്ചനെ പള്ളിമേടയിലേക്കു പോകാനനുവദിക്കാതെ തടഞ്ഞുനിറുത്തി...

പ്രമാണികള്‍ മെത്രാനെയും അദ്ദേഹത്തിന്റെ സെക്രട്ടറിയേയും വിളിച്ചുസംസാരിച്ചു. പുല്‍ക്കൂട്ടിലെ ഉണ്ണീശോയെ മണ്ണുണ്ണി എന്നാക്ഷേപിച്ചയാള്‍ പുരോഹിതനായിത്തുടരാന്‍ അനുവദിക്കില്ലെന്നു ജനക്കൂട്ടം വാശിപിടിച്ചു. അന്വേഷിച്ച്, നടപടിസ്വീകരിക്കാമെന്ന മെത്രാന്റെ ഉറപ്പുലഭിക്കുന്നതുവരെ അതു തുടര്‍ന്നു....

പിറ്റേന്നുതന്നെ ഏകാംഗ അന്വേഷണക്കമ്മീഷനായി ബര്‍ണാര്‍ഡച്ചനെത്തി. കൂടിക്കാഴ്ചയ്ക്കിടയില്‍ ജീവിതത്തില്‍ അവശ്യംവേണ്ട പ്രായോഗികതകളെക്കുറിച്ച്, അദ്ദേഹം ഗബ്രിയേലച്ചനെ ഉപദേശിക്കുകയുംചെയ്തു.

ബര്‍ണാര്‍ഡച്ചന്റെ മുഖത്തുനോക്കി പുഞ്ചിരിച്ചുകൊണ്ടാണന്നു ഗബ്രിയേലച്ചന്‍ മറുപടിനല്കിയതു് :

'മാപ്പുപറയേണ്ട തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല, പറഞ്ഞകാര്യങ്ങള്‍ സത്യമായതുകൊണ്ട്, എന്റെ വാക്കുകളില്‍ ഞാന്‍ ഖേദിക്കുന്നുമില്ല. അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമായതിനാല്‍ സഭാനേതൃത്വത്തിന്റെ ഏതു നടപടിയോടും ഞാന്‍ അനുസരണമുള്ളവനായിരിക്കും."

ഗബ്രിയേലച്ചന്റെ മറുപടിയില്‍ അനുരഞ്ജനത്തിനുള്ള അവസാനവഴിയുമടയുകയായിരുന്നു. ബര്‍ണാര്‍ഡച്ചന്റെ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍, സഭാചുമതലകളില്‍നിന്നു വിട്ടുമാറി, ഗബ്രിയേലച്ചന്‍ കുറച്ചുകാലം വിശ്രമജീവിതം നയിക്കട്ടെയെന്നാണു മെത്രാന്‍ ‍തീരുമാനിച്ചതു്. അങ്ങനെ നാല്പതുവയസ്സു തികയുന്നതിനുമുമ്പേ ഗബ്രിയേലച്ചന്‍ പ്രീസ്റ്റ്ഹോമിലെ അന്തേവാസിയായി ...

"ഇതാരാണു്, അച്ചന്റെ ഗസ്റ്റ് ?" ബെര്‍ണാഡച്ചന്‍ ചോദിച്ചു.

"ഇതാണു ബെത്‌ലഹേമിലെ യഥാര്‍ത്ഥ പൊന്നുണ്ണി..."

ഗബ്രിയേലച്ചന്‍ ഒരു പുഞ്ചിരിയോടെ തുടര്‍ന്നു:

"ഞാനിപ്പൊഴും പ്രാക്ടിക്കലായിട്ടില്ലച്ചോ, പകരം എന്നെപ്പോലെ പ്രാക്ടിക്കലല്ലാത്ത കുറേ സഹപ്രവര്‍ത്തകരെക്കൂടെ കിട്ടിയിട്ടുുണ്ടു്. അക്കൂട്ടത്തിലൊരാളാണു പാതിരാക്കുര്‍ബ്ബാനകഴിഞ്ഞുമടങ്ങുമ്പോള്‍ വഴിയരുകില്‍ തണുത്തുവിറച്ചുനിന്നിരുന്ന മനോനിലതെറ്റിയ ഇയാളുടെകാര്യം എന്നെ വിളിച്ചറിയിച്ചതു്. ഞങ്ങള്‍ രണ്ടാളുംചേര്‍ന്നു്, ഇദ്ദേഹത്തെ ഇങ്ങോട്ടു കൊണ്ടുപോന്നു. മുടിയൊക്കെ വെട്ടി, ഷേവുചെയ്തു കുളിപ്പിച്ചുകഴിഞ്ഞപ്പോള്‍ ആളെത്ര സുന്ദരനായി!

ഇനി വേണ്ടതു നല്ലൊരു മനോരോഗവിദഗ്ദ്ധന്റെ ചികിത്സയാണു്. ഇയാളെ ജീവിതത്തിലേയ്ക്കു തിരികെയെത്തിക്കാനുള്ള സ്നേഹപരിചരണവും ...''

"വലിയസേവനമാണച്ചന്‍ ചെയ്യുന്നതു്‌."

"യഥാര്‍ത്ഥയേശുവിനെ ശുശ്രൂഷിക്കാനുള്ള എന്റെ എളിയപരിശ്രമംമാത്രമാണിതു്. ഇങ്ങനെയുള്ളവരെ കൊണ്ടുനിറു‍ത്തി പരിചരിക്കുന്നതിനുള്ള സൗകര്യമൊന്നും ഇവിടില്ല. ക്രിസ്തുമസ് ദിനത്തില്‍ ഈശോ എന്നോടൊപ്പമുണ്ടാകട്ടെ എന്നൊരു സ്വാര്‍ത്ഥതകൊണ്ടു്, ഇന്നത്തേക്കിവിടെ നിര്‍ത്തിയതാണു്. പ്രീസ്റ്റ്ഹോമില്‍ ഇങ്ങനെയൊരാളെക്കൊണ്ടു നിറുത്തിയതിനു് എന്തുശിക്ഷയാണിനി എന്നെക്കാത്തിരിക്കുന്നതെന്നെറിയില്ല. "

ബര്‍ണാര്‍ഡച്ചന്‍ അതിനു മറുപടി പറഞ്ഞില്ല. പകരം ആ മനോരോഗിയുടെ മുന്നില്‍ മുട്ടുകുത്തി. അയാളുടെ നെഞ്ചിലേക്കു തന്റെ ശിരസ്സുചേര്‍ത്തു.
----------------------------------------------------------------------------------------------------------- *പ്രീസ്റ്റ് ഹോം. - പ്രായമായ പുരോഹിതര്‍ വിശ്രമജീവിതം നയിക്കുന്ന സ്ഥലം.
*നസറായന്‍ - ഇസ്രായേലിലെ നസറത്ത് എന്ന പ്രദേശത്തുനിന്നുള്ളവരെ വിളിക്കുന്നത്. ഈശോ വളര്‍ന്നത് നസറത്തിലാണ്.
*ളോഹ - കത്തോലിക്കാ പുരോഹിതര്‍ ഉപയോഗിക്കുന്ന വസ്ത്രം.