വിവേക് പ്രധാന്‍ ഒരിക്കലും സന്തുഷ്ടനായിരുന്നില്ല.
വളരെ പ്രശസ്തമായ ഒരു ഐ.ടി. സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന വിവേക്, ഔദ്യോഗികാവശ്യത്തിനായുള്ള യാത്രയിലായിരുന്നു. ശതാബ്ദി എക്സ്പ്രസ്സിലെ എ.സി. കമ്പാര്‍ട്ട്മെന്റിന്റെ സുഖശീതളിമപോലും അയാളുടെ അസ്വസ്ഥമായ നാഡീവ്യൂഹത്തെ തണുപ്പിച്ചില്ല.
പ്രോജക്റ്റ് മാനേജര്‍ തസ്തികയിലാണു ജോലിചെയ്യുന്നതെങ്കിലും ഔദ്യോഗികാവശ്യങ്ങള്‍ക്കു വിമാനത്തില്‍ യാത്രചെയ്യാനുള്ള അനുമതി വിവേകിനിനിയും ലഭിച്ചിട്ടില്ല. ഈ യാത്രയ്ക്കുമുമ്പായി വിമാനയാത്ര അനുവദിക്കണമെന്ന ആവശ്യവുമായി അയാള്‍ ഹെയ്ച്ച്. ആര്‍. മാനേജരെക്കണ്ടു സംസാരിച്ചതുമാണു്. എന്നിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. ഔദ്യോഗികയാത്രകള്‍ വിമാനത്തില്‍വേണമെന്നുള്ളതു് ഒരു പ്രസ്റ്റീജ് ഇഷ്യു ആയി വിവേക് ഒരിക്കലും കരുതിയിട്ടില്ല. മറിച്ച്, യാത്രാസമയത്തില്‍ ലഭിക്കാവുന്ന നേട്ടംതന്നെയാണു് അയാള്‍ കണക്കിലെടുത്തിരുന്നതു്. ഒരു പ്രോജക്റ്റ് മാനേജരെന്നനിലയില്‍ തീര്‍ത്താല്‍ത്തീരാത്തത്ര ജോലികളാണുള്ളതു്. അതിനിടയില്‍ ഇത്രയേറെ സമയം യാത്രകള്‍ക്കായി മാറ്റിവയ്ക്കേണ്ടിവരുന്നതു കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടു്.
എന്തായാലും വെറുതേകളയാന്‍ സമയമില്ലാത്തതിനാല്‍ വിവേക് ബാഗുതുറന്നു ലാപ്ടോപ്പ് പുറത്തെടുത്തു. ചില അത്യാവശ്യജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ടു്.
"ഗുഡ് മോണിംഗ് സര്‍, ലഗ്താ ഹേ ആപ് സോഫ്റ്റ്‌വേര്‍ ഇന്‍ഡസ്ട്രി മേം കാം കര്‍രേ ഹേ!"
("ഗുഡ് മോണിംഗ് സര്‍, താങ്കള്‍ സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രിയിലാണു ജോലി ചെയ്യുന്നതെന്നു തോന്നുന്നു")
തൊട്ടടുത്ത സീറ്റിലിരുന്നിരുന്ന മനുഷ്യന്‍, വളരെ ബഹുമാനത്തോടെ വിവേകിനെ നോക്കിക്കൊണ്ടു പറഞ്ഞു.
"മ്ഹും" വിവേക് ഒട്ടും താല്പര്യമില്ലാത്ത ഒരു മൂളലില്‍ മറുപടിയൊതുക്കി. ലാപ്ടോപ് ഓണ്‍ചെയ്ത്, അയാള്‍ അതിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു.
"നിങ്ങളെപ്പോലെയുള്ള ആളുകളാണു നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നതു്. ഇപ്പോള്‍ എല്ലാം കമ്പ്യൂട്ടര്‍വല്‍കൃതമല്ലേ?"
ശല്യക്കാരനെന്നു കരുതിയെങ്കിലും അയാളുടെ അഭിനന്ദനവാക്കുകള്‍ വിവേകിനിഷ്ടമായി. തല അല്പമൊന്നു ചരിച്ച്, അയാളെ നോക്കി, വിവേക് നന്ദി പറഞ്ഞു.
മുപ്പതുവയസ്സില്‍ത്താഴെ പ്രായംതോന്നുന്ന ആ ചെറുപ്പക്കാരന്‍ അരോഗദൃഢഗാത്രനായിരുന്നു. മസിലുകള്‍ ഉരുണ്ടുനില്‍ക്കുന്ന ശരീരം. ഒരു സ്പോര്‍ട്സ്മാനാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ തോന്നും. സൗജന്യപാസുമായി യാത്രചെയ്യുന്ന, റെയില്‍വേ സ്പോര്‍ട്സ് ടീമിലെ ഒരംഗമാകും അയാളെന്നു വിവേക് പ്രധാന്‍ ഊഹിച്ചു.
"നിങ്ങളെപ്പോലുള്ള ആളുകള്‍ എല്ലായ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ടു സര്‍ "
അയാള്‍ സംസാരം തുടരാനുള്ള ഭാവമാണു്. "നിങ്ങള്‍ ഏതെങ്കിലും ഓഫീസ് മുറിക്കുള്ളിലിരുന്നു കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ടൈപ്പുചെയ്യുന്നു. എന്നാല്‍ രാജ്യത്തെ വലിയ പുരോഗതിയിലേക്കുനയിക്കുന്ന, വിസ്മയാവഹമായ നേട്ടങ്ങളാണതു നമ്മുടെ സമൂഹത്തിനു നല്കുന്നത്."
കമ്പ്യൂട്ടര്‍പ്രോഗ്രാമറുടെ ജോലിയെ നിസ്സാരവല്കരിക്കുന്ന ഒരു പരാമര്‍ശമാണതെന്നു വിവേകിനു തോന്നി. ദേഷ്യംതോന്നിയെങ്കിലും അയാളതു പ്രകടിപ്പിച്ചില്ല. ദേഷ്യപ്പെടുന്നതിനുപകരം മറ്റെയാള്‍ പറയുന്നതു തെറ്റാണെന്നതിനു ന്യായീകരണങ്ങള്‍ മുന്നോട്ടുവയ്ക്കുക എന്നതായിരുന്നു, ഭൂരിപക്ഷം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെയുംപോലെ വിവേകിന്റെയും പ്രകൃത്യായുള്ള ശീലം.
"താങ്കള്‍ കരുതുന്നതുപോലെ അതത്ര നിസ്സാരകാര്യമല്ല സുഹൃത്തേ. വെറുതെ എന്തെങ്കിലും ഒരു കമ്പ്യൂട്ടറില്‍ ടൈപ്പുചെയ്തു വയ്ക്കുന്നതല്ല പ്രോഗ്രാം റൈറ്റിംഗ്. അതിനുപിന്നില്‍ ഒരുപാടു നൂലാമാലകളും കണക്കുകൂട്ടലുകളുമൊക്കെയുണ്ടു്." ഉള്ളിൽനുരഞ്ഞ ദേഷ്യം പ്രകടിപ്പിക്കാതെ, സൗമ്യതയോടെ വിവേക് പറഞ്ഞു.
സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്മെന്റ് ലൈഫ് സര്‍ക്കിള്‍തന്നെ വിശദീകരിക്കേണ്ടതുണ്ടെന്ന് ഒരു നിമിഷം തോന്നിയെങ്കിലും അടുത്തനിമിഷം അതു വേണ്ടെന്നുവച്ച്, രണ്ടു വാക്കുകളില്‍ അയാള്‍ മറുപടിയവസാനിപ്പിച്ചു.
"ഇറ്റ്‌സ് കോംപ്ലക്സ്, വെരി കോംപ്ലക്സ്" (അത് ഒരുപാടു സങ്കീര്‍ണ്ണമാണു്.)
"തീര്‍ച്ചയായും അതങ്ങനെതന്നെയാകുമെന്നെനിക്കറിയാം, അതുകൊണ്ടല്ലേ നിങ്ങള്‍ക്കു വലിയ ശമ്പളം ലഭിക്കുന്നതു്?"
വിവേക് ചിന്തിച്ചതുപോലൊരു മറുപടിയല്ല ആ മനുഷ്യനില്‍നിന്നു വന്നതു്. സൗമ്യമായ ഭാവത്തോടെയുള്ള ആ മറുപടിയില്‍ എന്തോ ഒരസഹിഷ്ണുതയുള്ളതുപോലെ വിവേകിനു തോന്നി.
"എല്ലാവരും പണംമാത്രമാണു കാണുന്നതു്. എത്രവലിയ മാനസികപിരിമുറുക്കവും കഠിനാദ്ധ്വാനവുമാണു പിന്നിലുള്ളതെന്നു് ആരും ചിന്തിക്കുന്നില്ല. കഠിനാദ്ധ്വാനത്തെക്കുറിച്ചു്, ഇന്ത്യക്കാര്‍ക്കു പൊതുവേയുള്ള ഇടുങ്ങിയ മനോഭാവംതന്നെയാണിതു്. എ.സി. മുറിയിലിരുന്നു ജോലിചെയ്യുന്നതുകൊണ്ടു ഞങ്ങളുടെ നെറ്റി വിയര്‍ക്കുന്നില്ലെന്നു കരുതേണ്ടതുണ്ടോ? നിങ്ങള്‍ നിങ്ങളുടെ മസിലുകളുപയോഗിച്ചദ്ധ്വാനിക്കുന്നു, ഞങ്ങള്‍ ചിന്തകളും തലച്ചോറുമുപയോഗിച്ചദ്ധ്വാനിക്കുന്നു. അതു വിലകുറച്ചുകാണുന്നതെന്തിനാണ്?"
അടികിട്ടിയതുപോലുള്ള ആ മനുഷ്യന്റെ മുഖഭാവം വിവേകിനു കാണാന്‍കഴിഞ്ഞു. തന്റെ ഭാഗം ന്യായീകരിക്കാനുള്ള ഏറ്റവുംപറ്റിയ അവസരമായി വിവേക് ആ സന്ദര്‍ഭത്തെ കണ്ടു.
"ഞാനൊരുദാഹരണം പറയാം. ഈ തീവണ്ടിയുടെ കാര്യംതന്നെയെടുക്കൂ. റെയില്‍വേ ടിക്കറ്റിംഗ് സംവിധാനം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിനു സ്റ്റേഷനുകളില്‍ ഒന്നില്‍നിന്നു മറ്റൊന്നിലേക്കു പോകാനായി രാജ്യത്തെ ഏതുകോണിലുമുള്ള കമ്പ്യൂട്ടറൈസ്ഡ് ബുക്കിംഗ് സെന്ററില്‍നിന്നോ അതല്ലെങ്കില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള കംപ്യൂട്ടറിലോ മൊബൈല്‍ ഫോണിലോനിന്നുപോലും താങ്കള്‍ക്കു ടിക്കറ്റെടുക്കാം. ഒരേ സമയത്ത്, ഒരൊറ്റ ഡാറ്റാബേസിലേക്ക്, ആയിരക്കണക്കിനിടപാടുകളാണു നടക്കുന്നതു്. ഡാറ്റയുടെ സമഗ്രത, യഥാക്രമത്തിലും യഥാസമയത്തുമുള്ള ഡാറ്റാ ലോക്കിംഗ്, ഡാറ്റയുടെ സുരക്ഷിതത്വം ഇതെല്ലാം ഉറപ്പുവരുത്താനായില്ലെങ്കില്‍ എത്രവലിയ കുഴപ്പങ്ങളാണുണ്ടാകുക? ഇത്തരത്തിലുള്ള ഒരു സംവിധാനം ഡിസൈന്‍ചെയ്തു കോഡുചെയ്തെടുക്കുകയെന്നതു് എത്ര സങ്കീര്‍ണ്ണമാണെന്നു താങ്കള്‍ക്കൂഹിക്കാന്‍ കഴിയുമോ?"
ആ മനുഷ്യന്‍ ചകിതനായാണു വിവേകിന്റെ വാക്കുകള്‍ കേട്ടതു്, ആദ്യമായി പ്ലാനറ്റേറിയംകാണുന്ന കുട്ടിയെപ്പോലെ അയാള്‍ നിശബ്ദനായി. അയാള്‍ക്കു സങ്കല്പിക്കാനാവുന്നതിനുമപ്പുറത്തായിരുന്നു കേട്ടകാര്യങ്ങള്‍ ...
"സര്‍, താങ്കള്‍ ഇതുപോലുള്ളതെന്തെങ്കിലും ഡിസൈന്‍ചെയ്യുകയോ കോഡ്ചെയ്യുകയോ ചെയ്തിട്ടുണ്ടോ?"
"തീര്‍ച്ചയായും," അല്പമൊന്നു നിറുത്തിയിട്ട്, വിവേക് തുടര്‍ന്നു: "പക്ഷേ, ഇപ്പോള്‍ ഞാന്‍ പ്രോജക്റ്റ് മാനേജരാണ്"
"ഓ," ഒരു കൊടുങ്കാറ്റു നിലച്ച സന്തോഷത്തോടെ ആ മനുഷ്യന്‍ ദീര്‍ഘനിശ്വാസമുതിർത്തു.
"ഇപ്പോള്‍ താങ്കള്‍ക്കു വലിയ ടെന്‍ഷനുള്ള ജോലിയൊന്നുമില്ല, അല്ലേ?"
തന്റെ തലയിലേക്ക് ഒരാണി അടിച്ചിറക്കുന്നതുപോലെയാണ് ആ വാക്കുകള്‍കേട്ടപ്പോള്‍ വിവേകിനു തോന്നിയത്. അയാള്‍ ഒരു പ്രതിവാദത്തിനുകൂടെ തയ്യാറായി.
"കൂടുതല്‍ ഉയരങ്ങളിലേക്കു പോകുമ്പോള്‍ എങ്ങനെയാണു ടെന്‍ഷന്‍ കുറയുക? ഉത്തരവാദിത്തങ്ങള്‍ കൂടുമ്പോള്‍ ജോലിഭാരവും കൂടും. ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ സംബന്ധിച്ചിടത്തോളം ഡിസൈന്‍ ആന്‍ഡ് കോഡിംഗ് എന്നത് ഏറ്റവും നിസ്സാരമായ ജോലിയാണ്. കരിയറിന്റെ തുടക്കം. ഇപ്പോള്‍ ഞാന്‍ അതു ചെയ്യുന്നില്ല, എന്നാല്‍ ഡിസൈന്‍ ആന്‍ഡ് കോഡിംഗ് ഇപ്പോഴും എന്റെ ഉത്തരവാദിത്വമാണ്. കൂടുതല്‍ സങ്കീര്‍ണ്ണമായ ജോലിയാണു ഞാനിപ്പോള്‍ ചെയ്യുന്നതു്. കൃത്യസമയത്ത്, മേന്മയോടെ, പരമാവധി ജോലികള്‍ ചെയ്തുതീര്‍ക്കുകയെന്നതു വളരെ വിഷമകരമാണ്. എല്ലായ്പോഴും റിക്വയര്‍മെന്റ്സ് മാറ്റികൊണ്ടിരിക്കുന്ന കസ്റ്റമര്‍ ഒരുവശത്ത്, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മറ്റൊരു വശത്ത്, പത്തു ദിവസംകൊണ്ടു തീര്‍ക്കാന്‍പറ്റുന്ന ജോലി, അഞ്ചു ദിവസംകൊണ്ടു തീര്‍ക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന ഹയര്‍ മാനേജ്മെന്റ് വേറൊരു വശത്ത്.. ജോലിയിലെ സമ്മര്‍ദ്ദത്തെക്കുറിച്ചു പറഞ്ഞാല്‍ നിങ്ങള്‍ക്കു മനസ്സിലാകില്ല."
താന്‍ തെറ്റായതെന്തോ പറഞ്ഞു എന്ന ചിന്തയില്‍, വിളറിയ മുഖത്തോടെയിരുന്ന എതിരാളിയെ നോക്കി, വിവേക് തുടര്‍ന്നു.
"മൈ ഫ്രണ്ട്, യു ഡോണ്ട് നോ, വോട്ടീസ് ടുബീ ഇന്‍ ദ് ലൈന്‍ ഒഫ് ഫയര്‍ "
(എന്റെ ചങ്ങാതീ, യുദ്ധമുഖത്തായിരിക്കുക എന്നാല്‍ എന്താണെന്നു താങ്കള്‍ക്കറിയില്ല)
ആ മനുഷ്യന്‍ തന്റെ സീറ്റില്‍ ചാഞ്ഞിരുന്നു. ധ്യാനത്തിലെന്നവണ്ണം കണ്ണുകളടച്ചു. അല്പസമയത്തിനുശേഷം വിവേകിനെ അതിശയിപ്പിക്കുന്നത്ര ശാന്തഗൗരവഭാവത്തില്‍ അയാള്‍ സംസാരിച്ചു തുടങ്ങി.
"ഐ നോ സര്‍, ഐ നോ വോട്ടീസ് ടുബീ ഇന്‍ ദ് ലൈന്‍ ഒഫ് ഫയര്‍ "
താന്‍ തീവണ്ടിയിലാണെന്നതും ചുറ്റും മറ്റുയാത്രികരുണ്ടെന്നതും വിസ്മരിച്ചതുപോലെ അയാളുടെ കണ്ണുകളപ്പോള്‍ ഏതോ ശൂന്യതയിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു.
"ആ രാത്രിയില്‍ പോയന്റ് 4875 തിരികെപ്പിടിക്കാനുള്ള ഉത്തരവു ലഭിക്കുമ്പോള്‍ ഞങ്ങളുടെ സംഘത്തില്‍ 30 മുപ്പതു പേരാണുണ്ടായിരുന്നതു്. സമുദ്രനിരപ്പില്‍നിന്നു 4875 മീറ്റര്‍ ഉയരമുള്ള, മഞ്ഞുറഞ്ഞ ഒരു മലയാണതു്.
ശത്രുക്കള്‍ അതിനുമുയരെയുള്ള ടൈഗര്‍ ഹില്ലിന്റെ മുകളില്‍നിന്നു വെടിയുതിര്‍ക്കുകയായിരുന്നു. അടുത്ത ബുള്ളറ്റ്, എപ്പോള്‍ എവിടെനിന്നു വരുമെന്നോ ആരുടെമേല്‍ പതിക്കുമെന്നോ ഒരു നിശ്ചയവുമില്ലായിരുന്നൂ, ഞങ്ങളിലാര്‍ക്കും.
പിറ്റേന്നു പുലര്‍ച്ചേ, ഞങ്ങള്‍ ആ കുന്നിനുമുകളില്‍ ത്രിവര്‍ണ്ണപതാകയുയര്‍ത്തുമ്പോള്‍ വെറും നാലുപേര്‍മാത്രമാണു ജീവനോടെ അവശേഷിച്ചിരുന്നതു്."
"നിങ്ങള്‍?.."
"ക്യാപ്റ്റൻ സുശാന്ത്, 13 ജെ. & കെ. റൈഫിള്‍സ്.
എന്റെ ടേം പൂര്‍ത്തിയായപ്പോള്‍ എന്തെങ്കിലും സോഫ്റ്റ് അസൈന്‍മെന്റ്സ് ആകാമെന്ന് അധികാരികള്‍ പറഞ്ഞിരുന്നു. ഞാനതു സ്വീകരിച്ചില്ല. ടെന്‍ഷനൊഴിവാക്കാന്‍വേണ്ടി ആര്‍ക്കെങ്കിലും സ്വന്തം ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാകുമോ സര്‍?"
അയാള്‍ അല്പനേരം ഏതോ ഓര്‍മ്മയില്‍ സ്വയംനഷ്ടപ്പെട്ടവനായി. പിന്നെ വീണ്ടും പറഞ്ഞു:
"അന്നു ഞാൻ സുബേദാർ റാങ്കിലായിരുന്നു. ഞങ്ങള്‍ പോയന്റ് 4875 തിരിച്ചുപിടിക്കുന്നതിനു മണിക്കൂറുകള്‍മുമ്പ്, ഞങ്ങളിലൊരാള്‍ വെടിയേറ്റു മഞ്ഞുകട്ടകള്‍ക്കു മുകളില്‍ വീണു. ശത്രുവിന്റെ തോക്കുകള്‍ക്കുമുന്നില്‍, തുറസ്സായ സ്ഥലത്തുകിടന്ന്, അവന്‍ ജീവനുവേണ്ടിപ്പിടയുമ്പോള്‍ ഞങ്ങള്‍ ബങ്കറിലായിരുന്നു. അവനെ സുരക്ഷിതമായി ബങ്കറിലെത്തിക്കേണ്ടതു് എന്റെ ചുമതലയായിരുന്നു. എന്നാല്‍ എന്റെ ക്യാപ്റ്റന്‍ സാബ്, ക്യാപ്റ്റന്‍ വിക്രം ബത്ര, അതിനെന്നെയനുവദിച്ചില്ല. പകരം, അദ്ദേഹം അവന്റെയടുത്തേക്കു പോയി.
ഈ രാജ്യത്തിന്റെ സുരക്ഷയും താന്‍ കമാന്‍ഡ്ചെയ്യുന്ന സൈനികരുടെ സുരക്ഷയുംകഴിഞ്ഞേ, തന്റെ സുരക്ഷയ്ക്കു സ്ഥാനമുള്ളൂ എന്നാണ് ക്യാപ്റ്റന്‍ ബത്ര അന്നെന്നോടു പറഞ്ഞത്. മുറിവേറ്റുകിടന്ന സൈനികനെ സുരക്ഷിതമായി അദ്ദേഹം ബങ്കറിലെത്തിച്ചു, ശത്രുവിന്റെ വെടിയുണ്ടകള്‍ക്കു തന്റെ ശരീരം വിട്ടുകൊടുത്തുകൊണ്ട്! കീഴുദ്യോഗസ്ഥനെ വെടിയുണ്ടകളില്‍നിന്നു മറയ്ക്കുവാനായി, അദ്ദേഹം സ്വന്തം ശരീരംകൊണ്ടാണു കവചംതീര്‍ത്തതു്.
ഇന്നുമെന്റെ കണ്ണൊന്നടച്ചാല്‍ എനിക്കു കാണാം സര്‍, നിരവധി വെടിയുണ്ടകളേറ്റു തുളഞ്ഞ ശരീരവുമായി മരിച്ചുവീണ, ക്യാപ്റ്റന്റെ മുഖം. ആ വെടിയുണ്ടകളെല്ലാം എന്റെമേല്‍ പതിക്കേണ്ടവയായിരുന്നു.
എനിക്കറിയാം സര്‍ മേലുദ്യോഗസ്ഥന്‍ ആകുകയെന്നത് എത്ര ത്യാഗപൂര്‍ണ്ണമാണെന്നു്, ആന്‍ഡ് ഐ നോ സര്‍, വോട്ടീസ് ടുബീ ഇന്‍ ദ് ലൈന്‍ ഒഫ് ഫയര്‍ ..."
എങ്ങനെയാണു പ്രതികരിക്കേണ്ടതെന്നു വിവേകിനറിയില്ലായിരുന്നു. എപ്പോഴോ അയാള്‍ ലാപ്ടോപ് ഷട്ട്ഡൗൺചെയ്തിരുന്നു. ജോലിയിലെ ഉത്തരവാദിത്വവും ആത്മാര്‍ത്ഥതയും ജീവിതവ്രതമായെടുത്ത ആ മനുഷ്യനു മുന്നിലിരുന്ന്, ഒരു വേഡ് ഡോക്യുമെന്റ് എഡിറ്റുചെയ്യുന്നതുപോലും അധിക്ഷേപമായേക്കുമെന്നു വിവേക് ഭയന്നിരിക്കാം.
ശതാബ്ദി എക്സ്പ്രസ് അതിന്റെ അടുത്തസ്റ്റോപ്പില്‍ നിറുത്തുന്നതിനായി വേഗം കുറച്ചുതുടങ്ങി. ക്യാപ്റ്റൻ സുശാന്ത് തന്റെ ബാഗുകളെടുത്ത്, വണ്ടിയില്‍നിന്നിറങ്ങാൻ തയ്യാറെടുത്തു.
"ഇറ്റ് വോസ് ... നൈസ് മീറ്റിങ്ങ്.... സര്‍... " വിവേക് എഴുന്നേറ്റു നിന്നു്, ഇടറിയശബ്ദത്തില്‍ തപ്പിത്തടഞ്ഞു പറഞ്ഞു.
സുശാന്ത് അയാളുടെനേരെ കൈനീട്ടി, ഹസ്തദാനം നല്കി.
ഈ കൈകള്‍ ... മഞ്ഞുമലകള്‍ പിടിച്ചുകയറിയ കൈകള്‍, രാജ്യത്തിന്റെ ശത്രുവിനുനേരെനീട്ടിയ തോക്കിന്റെ ട്രിഗറമര്‍ത്തിയ കൈകള്‍, ത്രിവര്‍ണ്ണപതാക ഉയര്‍ത്തിപ്പറത്തിയ കൈകള്‍ ...
വിവേക് പെട്ടന്നു ക്യാപ്റ്റൻ സുശാന്തിന്റെ കൈയില്‍നിന്നു പിടിവിട്ടു. അറ്റന്‍ഷനായിനിന്ന്, കൈ, നെറ്റിയിലേക്കു ചേര്‍ത്ത്, ആ ധീരയോദ്ധാവിന് ഒരു സല്യൂട്ട് നല്കി....
അതില്‍ക്കൂടുതല്‍ മറ്റെന്താണ് അയാള്‍ക്കു ചെയ്യാന്‍കഴിയുക?
--------------------------------------------------------------------------------------------
കുറിപ്പുകള്‍
1.പോയന്റ് 4875ലെ പോരാട്ടം യഥാര്‍ത്ഥത്തില്‍ നടന്നതാണ് (1999 കാര്‍ഗില്‍ യുദ്ധം). തന്റെ കീഴിലെ പടയാളികളില്‍ ഒരുവനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ശത്രുക്കളുടെ വെടിയേറ്റു മരിച്ച ക്യാപ്ടന്‍ വിക്രം ബത്രയെ മരണാനന്തര ബഹുമതിയായി പരമവീര ചക്രം നല്കി രാജ്യം ആദരിച്ചു.
2. ഇത് ഒരു വിവര്‍ത്തനമാണ്. 'The line of fire' എന്ന ആംഗലേയ കഥയാണ് ഇതിന്റെ മൂലം. ഇതിന്റെ രചയിതാവ് ആരാണെന്നറിയില്ല. 2004ൽ ഈ കഥ (English) പ്രസിദ്ധീകരിച്ച ബ്ലോഗിന്റെ ലിങ്ക് താഴെക്കൊടുക്കുന്നു. അതിൽനിന്നാണ് ഈ പരിഭാഷനടത്തിയിട്ടുള്ളത്.
Kris' short stories: The Line of fire (theicywindblows2.blogspot.com)
3. പോയന്റ് 4875, കാര്‍ഗില്‍ യുദ്ധം എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കു കാണുക
http://ml.wikipedia.org/wiki/Kargil_War
4. ക്യാപ്റ്റൻ വിക്രം ബത്രയെക്കുറിച്ചു കൂടുതലറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
http://ml.wikipedia.org/wiki/Vikram_Batra
3. പോയന്റ് 4875, കാര്‍ഗില്‍ യുദ്ധം എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കു കാണുക
http://ml.wikipedia.org/wiki/Kargil_War
4. ക്യാപ്റ്റൻ വിക്രം ബത്രയെക്കുറിച്ചു കൂടുതലറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
http://ml.wikipedia.org/wiki/Vikram_Batra
ക്യാപ്റ്റൻ വിക്രം ബത്ര |