2018, മാർച്ച് 17, ശനിയാഴ്‌ച

സിസ്റ്റര്‍ ലീന

സ്കൂളില്‍ എന്റെയൊപ്പം പഠിച്ചിരുന്ന ജോണിയുടെ മൃതസംസ്കാരത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ തങ്കിപ്പള്ളിയിലെത്തിയത്. നാഡികളുടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുത്തുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന അപൂര്‍വ്വരോഗത്തിനടിപ്പെട്ട്, നാലഞ്ചുവര്‍ഷം ശയ്യാവലംബിയായി ചികിത്സയില്‍ കഴിഞ്ഞതിനുശേഷമാണ്, നാല്പത്തഞ്ചാംവയസ്സില്‍ ജോണിയുടെ ആത്മാവു ശരീരംവെടിഞ്ഞു നിത്യതയിലേക്കു യാത്രയായത്. ജോണിയുടെ വീട്ടില്‍നിന്നും സ്കൂട്ടറില്‍ പോന്നതിനാല്‍ മൃതദേഹമേന്തിയുള്ള വിലാപയാത്ര പള്ളിയിലെത്തുന്നതിനുമുമ്പേ ഞാനവിടെത്തി.

പള്ളിയില്‍ക്കയറി മുട്ടുകുത്തിയപ്പോള്‍ത്തന്നെ ഞാന്‍ കണ്ടു, അല്പം മുന്നിലായി സിസ്റ്റര്‍ ലീനയിരിക്കുന്നു. ചെറിയൊരു പ്രാര്‍ത്ഥനയ്ക്കുശേഷം ഞാന്‍ മുമ്പോട്ടുചെന്നു, സിസ്റ്റര്‍ ലീനയുടെ സമീപത്തായി മുട്ടുകുത്തി സ്തുതി പറഞ്ഞു.
"ജോസ് ജോര്ജ്ജല്ലേ?" എന്റെ കൂപ്പുകരങ്ങള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടു താഴ്ന്ന സ്വരത്തില്‍ സിസ്റ്റര്‍ ചോദിച്ചു.

സിസ്റ്റര്‍ ഇപ്പോഴുമെന്നെ തിരിച്ചറിയുന്നുവെന്നതില്‍ സന്തോഷം തോന്നി. "അതേ സിസ്റ്റര്‍" ഞാന്‍ ഭവ്യതയോടെ മറുപടി നല്കി.

എന്റെ ജോലിക്കാര്യങ്ങളും ഭാര്യയുടേയും മക്കളുടേയും വിശേഷങ്ങളും സിസ്റ്റര്‍ ചോദിച്ചറിഞ്ഞു. ഒരേ ചോദ്യങ്ങള്‍തന്നെ പലവട്ടം ആവര്ത്തിക്കപ്പെട്ടപ്പോള്‍ സിസ്റ്ററുടെ ഓര്‍മ്മകള്‍ ഭൂതകാലത്തിലൂടെ തെളിവോടെ  ഒഴുകുന്നുണ്ടെങ്കിലും വര്‍ത്തമാനകാലലെത്തുമ്പോള്‍ അല്പമൊന്നു കലങ്ങിത്തുടങ്ങിയതായി എനിക്കു മനസ്സിലായി.

"രാവിലെ കുര്‍ബ്ബാനയ്ക്കു വരാന്‍ പറ്റിയില്ല. ഇപ്പോള്‍ ഒരു കുര്‍ബ്ബാനയുണ്ടെന്നു തോന്നുന്നു. അതാ ഇപ്പോള്‍ പള്ളിയിലേക്കിറങ്ങിയത്." സിസ്റ്റര്‍ പറഞ്ഞു. "രാവിലെ കുര്‍ബ്ബാനയ്ക്കു വരുന്നതാണു നല്ലത്. അതാകുമ്പോള്‍ ആത്മാവിനു ഭക്ഷണവും ശരീരത്തിനു വ്യായാമവുമായി."

പള്ളിയില്‍നിന്നു നുറുമീറ്ററില്‍ താഴയേ ഉള്ളൂ, *മഠത്തിലേക്ക്.

ഈ പള്ളിയോടു ചേര്‍ന്നുള്ള, തങ്കി സെന്റ്‌. ജോര്‍ജ്ജസ് ഹൈസ്കൂളിലാണ് അഞ്ചാംക്ലാസ്‌ മുതല്‍ പത്താംക്ലാസ്സ് വരെ ഞാന്‍ പഠിച്ചിരുന്നത്. അഞ്ചാംതരത്തില്‍ എന്റെ ക്ലാസ്സ്‌ടീച്ചറും മലയാളം അദ്ധ്യാപികയുമായിരുന്നു സിസ്റ്റര്‍ ലീന. അഞ്ചാംക്ലാസ്സിലെ ആറുഡിവിഷനുകളില്‍ ഏറ്റവുമധികം മാര്‍ക്കുവാങ്ങി ജയിക്കാന്‍ എനിക്കു പ്രോത്സാഹനവും താങ്ങുമായതു സിസ്റ്റര്‍ ലീനയായിരുന്നു. അവധിസമയങ്ങളില്‍ സംശയംചോദിക്കാന്‍ *മഠത്തില്‍ ചെല്ലുന്നതിനും സിസ്റ്റര്‍ അനുവാദം തന്നിരുന്നു.

പാഠ്യവിഷയങ്ങളില്‍ മാത്രമല്ല, പാഠ്യേതരവിഷയങ്ങളിലും തന്റെ കുട്ടികള്‍ മികവു കാട്ടണമെന്നു സിസ്റ്റര്‍ക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു. ഓരോരുത്തരുടെയും കഴിവുകളും കഴിവുകേടുകളും കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കാനും തിരുത്താനും സിസ്റ്റര്‍ എപ്പോഴും ശ്രമിച്ചിരുന്നു.

എല്ലാ വെള്ളിയാഴ്ചകളിലും അവസാന പിര്യഡ് കുട്ടികളുടെ കലാസാഹിത്യ പ്രകടനങ്ങള്‍ക്കുള്ള സമയമായിരുന്നു. പാട്ടും കവിതയും കഥകളും നൃത്തവും നാടകവും ഓരോരുത്തര്‍ സ്വയമെഴുതിയുണ്ടാക്കിയ ഉപന്യാസങ്ങളുടെ വായനയുമൊക്കെയായി സമയം പെട്ടെന്നു പോകും. ഓരോരുത്തരുടെയും പ്രകടനങ്ങളേയും അഭിനന്ദിക്കാനും വേണ്ട തിരുത്തലുകള്‍ നല്‍കാനുമായി സിസ്റ്റര്‍ ലീന ആദ്യാവസാനം അവിടെയുണ്ടായിരുന്നു.

ഒരു വെള്ളിയാഴ്ച, ഞങ്ങളവതരിപ്പിച്ച നാടകം സിസ്റ്റര്‍ക്കു വളരെ ഇഷ്ടമായി. എന്റെ സഹപാഠിയായിരുന്ന മാര്‍ട്ടിന്റെ സഹോദരന്‍ (അന്നു പത്താംക്ലാസ് വിദ്യാര്‍ത്ഥി) എഴുതിയുണ്ടാക്കിയതായിരുന്നു നാടകം. സിസ്റ്റര്‍ അതില്‍ കുറെയേറെ തിരുത്തലുകള്‍ വരുത്തി. പിന്നീടു പലദിവസങ്ങളിലും, ഉച്ച ഭക്ഷണത്തിന്റെ ഇടവേളകളില്‍ ഞങ്ങളെ മഠത്തില്‍ കൊണ്ടുപോയി റിഹേഴ്സല്‍ ചെയ്യിച്ചു.അക്കൊല്ലത്തെ സ്കൂള്‍ യുവജനോത്സവത്തില്‍ മത്സരിച്ച എട്ടുനാടകങ്ങളില്‍ മൂന്നാം സ്ഥാനംനേടി സമ്മാനിതരാകാന്‍ സിസ്റ്റര്‍ നല്‍കിയ പരിശീലനത്തിലൂടെ ഞങ്ങള്‍ക്കു സാധിച്ചു. ഞങ്ങളൊഴികെ മത്സരത്തില്‍ പങ്കെടുത്ത നാടകങ്ങളെല്ലാം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചവയായിരുന്നുവെന്നതു ഞങ്ങളുടെ മൂന്നാംസ്ഥാനത്തിന്റെ തിളക്കം കൂട്ടി.

ഞങ്ങള്‍ ആറാംക്ലാസ്സിലെത്തിയപ്പോള്‍ സിസ്റ്റര്‍ മറ്റേതോ സ്കൂളിലേക്കും കോണ്‍വെന്റിലേക്കും സ്ഥലംമാറിപ്പോയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം എഞ്ചിനീയറിംഗ് ബിരുദംകഴിഞ്ഞുനില്‍ക്കുമ്പോള്‍ സിസ്റ്ററെ അന്വേഷിച്ചുപോയി കണ്ടിരുന്നു. കുറച്ചുകാലങ്ങള്‍ക്കുശേഷം സിസ്റ്റര്‍ തങ്കി സെന്റ്‌ റീത്താസ് കോണ്‍വെന്റില്‍ മദര്‍ സുപ്പീരിയറായി തിരികെയെത്തിയപ്പോഴും ചെന്നു കണ്ടിരുന്നു. അതിനുംശേഷം ഒന്നരവ്യാഴവട്ടക്കാലം കടന്നുപോയിരിക്കുന്നു.

പത്തുപതിനഞ്ചു മിനിട്ടുകള്‍ക്കുശേഷം സിസ്റ്റര്‍ പള്ളിയില്‍നിന്നു പുറത്തേക്കിറങ്ങുന്നതുകണ്ടു ഞാന്‍ പിന്നാലെ ചെന്നു. കൈയിലുള്ള കാലന്‍കുട നിലത്തുകുത്തി മെല്ലെയാണു നടത്തം.

"സിസ്റ്റര്‍ കുര്‍ബ്ബാനയ്ക്കു നില്‍ക്കുന്നില്ലേ?'

"നടുവും മുതുകുമെല്ലാം വേദനിക്കുന്നു. പോയിട്ടല്പനേരം കിടക്കണം." പിന്നെ എന്റെ മുഖത്തേക്കു നോക്കി ചോദിച്ചു. "നീ ജോസ്ജോര്‍ജ്ജല്ലേ?'

"അതേ സിസ്റ്റര്‍."

"നീയിപ്പോള്‍ എവിടെയാണു ജോലിചെയ്യുന്നത്?" എന്റെ ജോലിക്കാര്യങ്ങളും ഭാര്യയുടേയും മക്കളുടേയും വിശേഷങ്ങളും ഒരിക്കല്‍ക്കൂടെ സിസ്റ്റര്‍ ചോദിച്ചു. മിനിട്ടുകള്‍ക്കു മുമ്പു പലവട്ടം പറഞ്ഞ മറുപടികള്‍ ഞാനാവര്‍ത്തിച്ചു.

"ഒരു ദിവസം നിന്റെ ഭാര്യയേയും മക്കളെയുംകൂട്ടി മഠത്തിലേക്കു വരണം. നിന്റെ മകളെ ഞങ്ങളുടെ കോണ്‍ഗ്രിഗേഷനില്‍ ചേര്‍ത്തു കന്യാസ്ത്രീയാക്കണം." എന്റെ മറുപടിക്കു കാക്കാതെസിസ്റ്റര്‍ തിരിഞ്ഞുനടന്നു.

കൈയിലുള്ള കുടയെ ഊന്നുവടിയാക്കി സിസ്റ്റര്‍ നടന്നുപോകുന്നതു നോക്കി നില്‍ക്കുമ്പോള്‍ അഞ്ചാംക്ലാസ്സില്‍പ്പഠിച്ച കൃഷ്ണഗാഥയിലേയും കുചേലവൃത്തത്തിലേയുമൊക്കെ വരികള്‍ സിസ്റ്ററുടെ ശബ്ദത്തില്‍ എന്റെ മനസ്സിലെവിടെയോ മുഴങ്ങുന്നുണ്ടായിരുന്നു.

---------------------------------------
*കന്യാസ്ത്രീ മഠം - കോണ്‍വെന്റ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ