2018, മാർച്ച് 10, ശനിയാഴ്‌ച

റോസി ടീച്ചര്‍


NH 66ല്‍ ചേര്‍ത്തല പ്രോവിഡന്‍സ് ജംഗ്ഷനിലെ തിരക്കില്‍, വണ്ടി നിറുത്തേണ്ടതായിവന്നപ്പോഴാണു റോഡിനു സമീപത്തെ മതിലിലൊട്ടിച്ചിരുന്ന പോസ്റ്റര്‍ ശ്രദ്ധിച്ചത്. ആദരാഞ്ജലികള്‍ എന്നെഴുതിയ വലിയ അക്ഷരങ്ങള്‍ക്കുതാഴെ, ചിരിക്കുന്ന മുഖത്തോടെയുള്ള ബാബുച്ചേട്ടന്റെ ഫോട്ടോ. അതിനും താഴെ  ജയപ്രസാദ് മറ്റത്തില്‍ എന്ന പേരും മരണസമയവും സംസ്കാരസമയവും അച്ചടിച്ചിരിക്കുന്നു. എന്നെ ഒന്നാംക്ലാസ്സില്‍ പഠിപ്പിച്ചിരുന്ന റോസി ടീച്ചറുടെ ഭര്‍ത്താവാണു മരിച്ച വ്യക്തി. മരണവും ദഹനവും കഴിഞ്ഞിട്ടു മൂന്നുനാലു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഞാനറിഞ്ഞില്ലല്ലോ ദൈവമേയെന്നോര്‍ത്തുകൊണ്ട് അപ്പോള്‍ത്തന്നെ ടീച്ചറുടെ വീട്ടിലേക്കു വണ്ടിവിട്ടു.

ഒരുരാത്രിയില്‍ ഉറക്കമുണര്‍ന്ന്, ശരീരംകുഴയുന്നുവെന്നു പറഞ്ഞു. പെട്ടെന്നുതന്നെ അടുത്തുള്ള ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാനാകുംമുമ്പ് അദ്ദേഹം വീണ്ടും ഉറക്കത്തിലേക്കു വഴുതി. പിന്നെ ഒരിക്കലും ഉണരേണ്ടതില്ലാത്ത ഉറക്കം. ഒരിക്കല്‍ വലിയ സംസാരവിഷയമായിരുന്ന പ്രണയകഥയിലെ നായികയാണു മുന്നറിയിപ്പില്ലാതെ തന്നെവിട്ടുപോയ തന്റെ പ്രിയനായകന്റെ അന്ത്യയാത്രയെക്കുറിച്ചെന്നോടു സംസാരിക്കുന്നതെന്നു ഞാനോര്‍ത്തു. ക്രിസ്ത്യാനിയായ റോസി ഡിസൂസ, ഹിന്ദുവായ ജയപ്രസാദിനെ വിവാഹംകഴിച്ചു ജോയ് ജയപ്രസാദായതിനെ രണ്ടുപേരുടെയും വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വീടുകളില്‍നിന്നു രണ്ടാളുകളും പുറത്താവുകയുംചെയ്തു. എങ്കിലും കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ. കാലാന്തരത്തില്‍ എല്ലാവരും പിണക്കങ്ങള്‍ മറന്നു.

അന്ധകാരനഴി ബി.ബി.എം. എല്‍.പി. സ്കൂളിലാണ് ഒന്നുമുതല്‍ നാലുവരെ  ഞാന്‍ പഠിച്ചിരുന്നത്. എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്ന സ്കൂളായിരുന്നെങ്കിലും ആദ്യമായി ക്ലാസ്സിലെത്തുമ്പോള്‍ മനസ്സില്‍ ഭയമുണ്ടായിരുന്നു. എന്നാല്‍  ആ ഭയമെല്ലാം ദൂരെയകറ്റിയതു ക്ലാസ് ടീച്ചറായിരുന്ന റോസി ടീച്ചറുടെ സ്നേഹപൂര്‍ണ്ണമായ ഇടപെടലുകളാണ്. ഒന്നാംക്ലാസ്സില്‍നിന്നു രണ്ടാം ക്ലാസ്സിലേക്കെത്തിയപ്പോള്‍ ഏറ്റവുമധികം സന്തോഷമുണ്ടായത് റോസിടീച്ചറും ഞങ്ങള്‍ക്കൊപ്പം ജയിച്ചതിനാലാണ്. ഞാന്‍ എ ഡിവിഷനിലായിരുന്നു. ബി ഡിവിഷനിലെ കുട്ടികളെല്ലാവരും  ജയിച്ചപ്പോള്‍ അവിടുത്തെ ടീച്ചര്‍മാത്രം തോറ്റു.എന്നാല്‍ ഞങ്ങളുടെ റോസിടീച്ചര്‍ ജയിച്ചു 2 എയിലെ ക്ലാസ് ടീച്ചറായി. മൂന്നാം ക്ലാസ്സിലും റോസിടീച്ചര്‍തന്നെയായിരുന്നു ക്ലാസ് ടീച്ചര്‍.

നിനക്കും നിന്റെ ടീച്ചര്‍ക്കുമല്ലാതെ വേറാര്‍ക്കും നീയെഴുതുന്നതു വായിച്ചെടുക്കാനാകില്ലെന്നു എന്റെ അമ്മയെപ്പോഴും പറയുമായിരുന്നു. (കാക്ക മണ്ണില്‍ചികഞ്ഞതുപോലെ എന്നായിരുന്നു എന്റെ എഴുത്തിനെ അമ്മ വിശേഷിപ്പിച്ചിരുന്നത്.) എന്തായാലും എനിക്കു പഠനത്തില്‍ പിന്നീടുണ്ടായ നേട്ടങ്ങള്‍ക്കെല്ലാം പ്രധാനകാരണം റോസി ടീച്ചര്‍ അന്നുറപ്പിച്ച അടിസ്ഥാനങ്ങള്‍തന്നെയാണ്. (ഒന്നു ഞാന്‍ പറയാം, പഠനത്തെ സ്നേഹിക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്നത് ചെറിയ ക്ലാസ്സുകളിലെ അദ്ധ്യാപകരാണ്. അടിച്ചും പേടിപ്പിച്ചും പഠിപ്പിക്കുന്നതിനു പകരം കളികളിലൂടെയും ലളിതമായ പ്രായോഗികപരിശീലനങ്ങളിലൂടെയും പഠിപ്പിക്കുന്ന പ്രൈമറി അദ്ധ്യാപകരുടെ വിദ്ദ്യാര്‍ത്ഥികള്‍ ഗണിതത്തിലായാലും ശാസ്ത്രവിഷയങ്ങളിലായാലും ഭാഷയിലായാലും മികവു കാണിക്കും, കാരണം അവര്‍ ഇഷ്ടത്തോടെ പഠിക്കാന്‍ പരിശീലനം ലഭിച്ചവരാണ്. അടിവാങ്ങി സങ്കലനപ്പട്ടികയും ഗുണനപ്പട്ടികയും പഠിക്കുന്നവര്‍ ജീവിതാന്ത്യംവരെ ഗണിതത്തെ ഭയക്കും.)

കിട്ടുന്ന സമയത്തിലധികവും പകല്‍ക്കിനാവുകളുമായോ പുസ്തകവായനയുമായോ ഒറ്റയ്ക്കു ചെലവഴിക്കുന്നതിനായിരുന്നു, കുട്ടിക്കാലത്ത് എനിക്കേറെ താല്പര്യം. ഇടവേളകളില്‍, സ്കൂള്‍വരാന്തയില്‍ ഒറ്റയ്ക്കിരുന്നു കിനാവുകാണുമ്പോള്‍ "ചിന്താവിഷ്ടയായ സീതയെപ്പോലിരിക്കാതെ, പോയി കളിക്കെടാ" എന്നു പറഞ്ഞു സ്കൂള്‍ ഗ്രൌണ്ടിലെക്കോടിക്കുമായിരുന്നു, റോസി ടീച്ചര്‍. എന്റെവീട്ടില്‍നിന്നും ഒന്‍പതുകിലോമീറ്റര്‍ അകലെയായിരുന്നു ടീച്ചറും ബാബുച്ചേട്ടനും താമസിച്ചിരുന്നതെങ്കിലും ഇടയ്ക്കു ചില ശനിയാഴ്ചകളില്‍ ഞാന്‍ ചേച്ചിമാര്‍ക്കൊപ്പം ടീച്ചറുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. അവിടെച്ചെന്നാല്‍ വയറുനിറയെ ഐസ്ക്രീം കിട്ടുമായിരുന്നുവെന്ന പ്രലോഭനമായിരുന്നു യാത്രയ്ക്കു പിന്നില്‍. ഇടയ്ക്കു ടീച്ചര്‍ പറയും, ശനിയാഴ്ചയോ ഞായറാഴ്ചയോ വന്നോളൂ, ഞാന്‍ ഐസ്ക്രീം ഉണ്ടാക്കിവയ്ക്കാമെന്ന്. അങ്ങനെയുള്ള ദിവസങ്ങളിലായിരുന്നു, യാത്ര. (എന്റെ വീട്ടില്‍ അന്നു ഫ്രിഡ്ജൊന്നുമില്ല.)

ഞാനിന്നെന്തായിരിക്കുന്നുവോ, അതിനടിസ്ഥാനമിട്ട റോസിടീച്ചറെ ഒരിക്കല്‍ക്കൂടി ആദരവോടെ നമിക്കുന്നു. മക്കളോടും മരുമാക്കളോടും പെരക്കുട്ടികളോടുമോപ്പം സന്തോഷകരമായി ജീവിതസായാഹ്നം ചെലവഴിക്കാന്‍ ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കി റോസിടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ. ഒപ്പം ബാബുച്ചേട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ഒരിക്കല്‍ക്കൂടി പ്രാര്‍ത്ഥിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ