2015, മേയ് 14, വ്യാഴാഴ്‌ച

കാറ്റില്‍ പറന്ന മണല്‍ത്തരികള്‍

"ഈ കടലീക്കാണണ തെരകള് നെനക്കക്ക എണ്ണി തീര്‍ക്കാമ്പറ്റുവാടാ? അതുപോല തന്നാ, ഈ ദേവസ്തീടെ കൈയ്യില കാശ്! ഒരുത്തനും ഒരു കാലത്തും എണ്ണിത്തീര്‍ക്കാമ്പറ്റുകേല..."

കടപ്പുറത്തു വലയുടെ കേടുപാടുകള്‍ തീര്‍ത്തു കൊണ്ടിരുന്നവരെ നോക്കി ഉറക്കെ അട്ടഹസിച്ചു കൊണ്ടു ദേവസ്സി പറഞ്ഞു. പിന്നെ രണ്ടു കൈയ്യും ചേര്‍ത്തു കടല്‍പ്പുറത്തെ പഞ്ചാര മണല്‍ വാരി മുകളിലേക്കെറിഞ്ഞു.

"അല്ലെങ്കി ദേ, ഈ മണലു പോലാ ദേവസ്തീടെ കാശു്. എണ്ണിത്തീര്‍ക്കാനുമ്പറ്റുകേല, കാറ്റത്തു പറന്നാപ്പിന്ന പോയ വഴീം കാണുകേല."

വലക്കുറ്റം തീര്‍ത്തു കൊണ്ടിരുന്നവരുടെ ദേഹത്തും മുഖത്തുമെല്ലാം മണല്‍ പറന്നുവീണു.

"പോണ വഴിയക്ക ഞാനിപ്പ കാണിച്ചു തരാം പരട്ടക്കെളവാ!"

തലയില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ടഴിച്ചു മുഖവും ദേഹവും തുടച്ചു കൊണ്ട് അന്തപ്പന്‍ ചാടിയെണീറ്റു.

"വിട്ടു കളയെടാ, പാവം!"

ദേഹത്തു നിന്നു മണല്‍ തട്ടിക്കൊണ്ടു ക്ലീറ്റന്‍ അയാളെ തടഞ്ഞു.

"ഇതു വട്ടൊന്നുമല്ല, ഒന്നാന്തരം *അഹമ്മതിയാ, ആയ കാലത്ത് കടപ്പുറം മുഴുവനും അയാളു പിടിച്ചടക്കി.  എനിക്കുവൊണ്ടാരുന്നതാ ഒരു ഫൈബറു *മഞ്ചീം വലേം. ഈ തന്തയ്ക്ക് പിറക്കാത്തോനാ കണ്ണീച്ചോരയില്ലാത അതു തട്ടിപ്പറിച്ചതു്. നശിച്ചു നാറാണക്കല്ലു പിഴുതിട്ടും അയാക്കട അഹങ്കാരം തീര്‍ന്നട്ടില്ലല്ലാ."


" നിങ്ങ വലേടെ *കീറ്റ് തീര്‍ക്കു്, ഞാനിവന ആ *ചാപ്രേല്‍ കൊണ്ടാക്കീട്ടു വരാം" ക്ലീറ്റന്‍ ദേവസ്സിയുടെ നേര്‍ക്കു നടന്നു.

"ങ്ഹാ, ചെല്ലു ചെല്ല്: വല്യേ ചങ്ങാതിമാരല്ലാരുന്നോ, എന്നിട്ടും നിങ്ങക്കട ഒരാവശ്യത്തിനു ചെന്നപ്പ ഈ തലതെറിച്ചവന്‍ എന്താണു ചെയ്തതെന്നോര്‍മ്മയൊണ്ടാ ക്ലീറ്റാ....!"

"അതൊക്ക ഇപ്പ ഓര്‍ത്തിട്ടെന്താ തോമാച്ചാ കാര്യം? നുമ്മക്കു ദൈവത്തെ മറന്നു ജീവിക്കാനൊക്കുവാടാ! നീ വാടാ ദേവസ്തീ?, അവരങ്ങനൊക്കപ്പറയും, നുമ്മക്കാ മത്തായീടെ ചായക്കടേന്നു് ഓരോ കാലിച്ചായേം കുടിച്ച് നുമ്മട ചാപ്രേലാട്ട് പോകാം. "

ക്ലീറ്റന്‍ ദേവസ്സിയെ ചേര്‍ത്തു പിടിച്ചു നടന്നു. അനുസരണയുള്ളൊരു കുട്ടിയെപ്പോലെ ദേവസ്സി ക്ലീറ്റനോടൊപ്പം ചെന്നു.

ചെറിയ പ്രായത്തിലേ കളിക്കൂട്ടുകാരായിരുന്നവരാണു ക്ലീറ്റനും ദേവസ്സിയും; അയല്‍പക്കത്തെ സമപ്രായക്കാരായ ചങ്ങാതിമാര്‍ ... അവര്‍ക്കു രണ്ടോ മൂന്നോ വയസ്സുള്ളപ്പോഴാണു് ഒരു തുലാവര്‍ഷക്കോളില്‍ ദേവസ്സിയുടെ അപ്പന്‍ കടലില്‍ വഞ്ചി മുങ്ങി മരിച്ചതു്.

സ്വന്തമെന്നു പറയാന്‍ ആരുമില്ലാതായിപ്പോയ ഒരമ്മയും മകനും ഒരുപാടു ദുരന്തങ്ങളിലൂടെയാണു് പിന്നീടു ജീവിതം മുന്നോട്ടു തള്ളി നീക്കിയതു്. തലച്ചുമടായി മീന്‍ വിറ്റും മറ്റുള്ളവരുടെ അടുക്കളകളില്‍ പാത്രം കഴുകിയും ജീവിതത്തിന്റെ ദുരിതപര്‍വ്വം തരണം ചെയ്യാന്‍ പണിപ്പെടുന്ന അമ്മയ്ക്കു തണലാകാനാണു്, കൗമാരം തുടങ്ങിയ കാലത്തു തന്നെ ദേവസ്സി കടലില്‍ പണിക്കു പോയി തുടങ്ങിയതു്. എന്നാല്‍ അധികനാള്‍  കഴിയും മുമ്പേ അടുത്ത ദുരിതവും അവനെ തേടിയെത്തി. തലയില്‍ മീന്‍ ചുമടുമായി ചന്തയിലേക്കു നടക്കുമ്പോള്‍ പിന്നില്‍ നിന്നും വന്നിടിച്ച കാര്‍ വിരോണിച്ചേടത്തിയുടെ ജീവനെടുത്തതോടെ ദേവസ്സി തീര്‍ത്തും ഒറ്റക്കായി.

അക്കാലത്തു ക്ലീറ്റന്റെ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തില്‍ ഒരു പങ്കു ദേവസ്സിക്കായി മാറ്റി വച്ചിരുന്നു. ദിവസവും പുസ്തകക്കെട്ടുകളുമായി പള്ളിക്കൂടത്തില്‍ പോകുന്നതിനേക്കാള്‍ നല്ലതു കടലില്‍ പോകുന്നതാണെന്ന തിരിച്ചറിവുണ്ടായപ്പോള്‍ ക്ലീറ്റനും ദേവസിക്കൊപ്പം പണിക്കു പോയിത്തുടങ്ങി.

"നല്ല കടുപ്പത്തീ രണ്ടു ചായേം രണ്ടു സുഹിയേനും എടുത്തോ മത്തായിച്ചാ." ചായക്കടയിലേക്കു കടക്കുമ്പോള്‍ തന്നെ ക്ലീറ്റന്‍ വിളിച്ചു പറഞ്ഞു.

ചായക്കടയിലെ ബെഞ്ചില്‍ ക്ലീറ്റന്റെ അടുത്തു ദേവസ്സി ശാന്തനായിരുന്നു, ഏതോ അപരിചിതരോടെന്ന പോലെ ചുറ്റുമുള്ളവരെ നോക്കി നിര്‍വികാരമായി ചിരിച്ചു. 

"എങ്ങനത്ത പ്രതാപത്തീ ജീവിച്ചേച്ച മനുഷ്യേനാണു്. ഇപ്പ കണ്ടില്ലേ തെണ്ടിത്തിരിഞ്ഞു നടക്കണതു്. ഇത്രക്കേ ഒള്ളൂ മനുഷ്യേമ്മാരുടെ കാര്യം" ചായക്കടയില്‍ നാട്ടുവര്‍ത്തമാനം പറഞ്ഞിരുന്നവരിലാരോ ദേവസ്സിയെക്കണ്ടു പറഞ്ഞു.

കടലില്‍ നിന്നും കിട്ടിയ സമ്പാദ്യത്തില്‍ നിന്നു മീന്‍ കച്ചവടക്കാരി സ്ത്രീകള്‍ക്കു പണം പലിശയ്ക്കു കൊടുത്തു കൊണ്ടാണു ദേവസ്സി ബിസിനസ്സ് ലോകത്തേക്കു കാലെടുത്തു വച്ചതു്. രാവിലെ ദേവസ്സിയുടെ കൈയ്യില്‍ നിന്നും വാങ്ങിയ 90 രൂപ മൂലധനമാക്കി മീന്‍ കച്ചവടത്തിനിറങ്ങിയവര്‍ വൈകുന്നേരം 100 രൂപ അയാള്‍ക്കു തിരികെ നല്കി.

"ആ ചെറുക്കനൊള്ളതു കൊണ്ടാണു് ഈ കച്ചോടം നടക്കണതു്. വൈകന്നേരം അവനു പത്തുരൂപാ കൂടുതല്‍  കൊടുത്താലെന്താ? വീട്ടുചെലവും കഴിച്ചു ചിട്ടിക്കു വെക്കാനുമൊള്ള കാശ് ദെവസോം ഒണ്ടാക്കാന്‍ പറ്റണതു് അവന്‍ കാലത്തു തരണ കാശു കൊണ്ടാ. അതെങ്ങനാ കുടുംബത്തൊരാളൊള്ളതു പണിയെടുത്താ കിട്ടണതു ഷാപ്പീ കൊടുക്കാനേ തെകയത്തൊള്ള്. " കടപ്പുറത്തെ സ്ത്രീകള്‍ക്കു ദേവസ്സി ദേവദൂതനായപ്പോള്‍ അയാളുടെ ബിസിനസ്സ് പുരോഗതി പ്രാപിച്ചു.

കൂടുതല്‍ പണം കൈയ്യില്‍ വന്നു തുടങ്ങിയപ്പോള്‍ അയാളില്‍ പുതിയ മാറ്റങ്ങള്‍ വന്നു തുടങ്ങി. പതിയെപ്പതിയെ ദേവസ്സി കടലില്‍ പണിക്കു പോകുന്നതു നിര്‍ത്തി. വളളങ്ങളുടെയും വലയുടെയും അറ്റകുറ്റപ്പണികള്‍ക്കുള്ള പണത്തിനായി പലരും ദേവസ്സിയെ സമീപിച്ചു തുടങ്ങി. ചിലരെല്ലാം ദേവസ്സിയോടു പണം കടം വാങ്ങി പുതിയ വഞ്ചിയും വലയും ഔട്ട് ബോഡു് എഞ്ചിനും സ്വന്തമാക്കി. ദേവസ്സി കടപ്പുറത്തെ തരകനായി വളര്‍ന്നപ്പോള്‍ പണം വാങ്ങുന്നവര്‍ പലിശ നല്കുന്നതിനു പുറമേ പുറമേ മറ്റൊരു അലിഖിത കരാറിനു കൂടി ബാദ്ധ്യസ്ഥരായി. വഞ്ചി നിറയെ മത്സ്യവുമായി കരയിലടുത്തല്‍ ദേവസ്സി പറയുന്നതാണു വില. ദേവസ്സിക്കല്ലാതെ മറ്റൊരാള്‍ക്കും മീന്‍ വില്‍ക്കുവാന്‍ ദേവസ്സിയോടു പണം കടം വാങ്ങിയ വഞ്ചിക്കാര്‍ക്കാവാതെയായി. 

ദേവസ്സിയുടെ ബിസിനസ്സ് മേഖലകള്‍ അനുദിനം വളരുകയായിരുന്നു.

പണത്തിന്റെ തിരയിളക്കത്തിനു മുകളിലൂടെ പായുമ്പോള്‍ ദേവസ്സി ബന്ധങ്ങളും സൗഹൃദങ്ങളും മറന്നു. എങ്കിലും പ്രായം തെറ്റുന്നതിനു മുമ്പേ വിവാഹിതനായി ഒരു കുടുംബ ജീവിതത്തിലേക്കു കടക്കാന്‍ ക്ലീറ്റനും മാതാപിതാക്കളും പലവുരു ഉപദേശിച്ചു നോക്കിയതാണു്.

"കല്യാണം കഴിച്ചു ഭാര്യേം മക്കളുമൊക്കെയായാ അതൊക്ക വല്യേ ബാദ്ധ്യതയാണെടാ കൂവേ! കാശു കൈയ്യിലൊണ്ടേ എത്ര പെണ്ണിനെ വേണേലും കിട്ടും. അതിനിപ്പ കല്യാണം കഴിക്കാമ്പോണതെന്നാത്തിനാ?" ദേവസ്സി ക്ലീറ്റനോട് ചോദിച്ചു.

"ഈ ചെറുപ്പോം ആവേശോമക്ക അങ്ങാട്ട് പോകും. വയസ്സുകാലത്തു വയ്യാണ്ടാകുമ്പ ഒരു ഗ്ലാസ്സ് വെള്ളം *അനത്തിത്തരാന്‍ ആരെങ്കിലും വേണവെങ്കി നല്ല പ്രായത്തീ കല്യാണം കഴിക്കണം."

"ഓ, പിന്നേ! ഒരുപദേശി വന്നേക്കണു്. ഏതു പ്രായത്തിലും കൈയ്യീ *പുത്തനൊണ്ടെങ്കി നൂറാളൊണ്ടാകും താങ്ങിക്കൊണ്ടു നടക്കാന്‍ "

ദേവസ്സിയുടെ മത്സ്യവണ്ടികള്‍ കേരളത്തിലെ എല്ലാ പ്രധാന മാര്‍ക്കറ്റുകളിലേക്കും പാഞ്ഞെത്തിക്കൊണ്ടിരുന്നു. പുതിയ ഐസ് ഫാക്ടറിയും ചെമ്മീന്‍ പീലിംഗ് ഷെഡ്ഡുകളും ഫിനാന്‍സ് കമ്പനിയും ദേവസ്സിയുടെ ഉടമസ്ഥതയിലുയര്‍ന്നു. ദേവസ്സിയുടെ ഫിനാന്‍സ് കമ്പനിയില്‍ നിന്നു കടമെടുത്തവരുടെ ഈടു വസ്തുക്കളിലധികവും ദേവസ്സിയുടെ സ്വന്തമായിക്കൊണ്ടുമിരുന്നു!

ദേവസ്സിയുടെ സാമൂഹിക ബന്ധങ്ങളും വളര്‍ന്നു. പ്രമുഖ രാഷ്ട്രീയക്കാരും പോലീസ് മേധാവികളും ദേവസ്സിയുടെ സൗഹൃദവലയത്തിലും ബിസിനിസ് പങ്കാളിത്തത്തിലുമെത്തി.

വൃക്കരോഗം മൂര്‍ച്ഛിച്ചു് അപ്പന്‍ ആശുപത്രിയിലായപ്പോള്‍ സാമ്പത്തിക സഹായം തേടി ക്ലീറ്റന്‍ ദേവസ്സിയെ കണ്ടിരുന്നു.

"*കിഷ്ണി മാറ്റി വെച്ചാലേ കാര്യമൊള്ളെന്നാണു ഡോക്കിട്ടര്‍മാരു പറേണതു്. അതൊക്കെ നുമ്മ കൂട്ടിയാ കൂടണ ചെലവാണാ? ഇപ്പത്തന്നേ മൂന്നു ദിവസം കൂടുമ്പ ചോര മാറ്റിക്കൊണ്ടിരിക്കേണ്. അതും വല്യേ ചെലവു തന്യേണു്; എന്റെ ദേവസ്തീ, നീയെന്നെ കാര്യമായിട്ടൊന്നു സഹായിക്കണം."

"എനിക്കാരുമില്ലാഞ്ഞ കാലത്തു നിന്റപ്പനും അമ്മേവല്ലേടാ എന്നെ താങ്ങിയതു്! എനിക്കതൊക്കെ മറക്കാമ്പറ്റുവാടാ ? ദേ, നിനക്കറിയാവാ ക്ലീറ്റാ, ഇന്നു കാലത്തും ശൗര്യാരു പുണ്യാളന്റെ കുരിശടീല്‍നിന്റപ്പനു വേണ്ടി മെഴുതിരി കത്തിച്ചു പ്രാര്‍ത്ഥിച്ചതാണു ഞാന്‍ . നെനക്കെത്ര രൂപയാണു വേണ്ടതെന്നു വച്ചാ എന്റെ ചിട്ടിക്കമ്പനീ ചെന്നു മേടിച്ചോ! ഞാന്‍ മാനേയരോടു് പറഞ്ഞേക്കാം. പിന്നെ ചെല്ലുമ്പ നെന്റ പെരേടത്തിന്റ ആധാരോം കൂടി കൊണ്ടു ചെന്നേക്കണേ; ഒപ്പിടാനൊള്ള മുദ്രക്കടലാസൊക്കെ മാനേയരു തന്നോളും. നിന്ന വിച്വാസമില്ലാഞ്ഞിട്ടൊന്നുമല്ല കേട്ടാ, ആധാരത്തിന്റെ കാര്യം പറഞ്ഞതു്. കാശിന്റ കാര്യമല്ലേ ക്ലീറ്റാ, അപ്പ എല്ലാം അതിന്റ ഒരു മൊറക്കു നടക്കണതല്ലേ ശരി?"

ക്ലീറ്റന്റെ അപ്പന്‍ പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമത്തിനെത്തുന്നതിനു മുമ്പു  തന്നെ വീടും പറമ്പും ദേവസ്സിയുടെ പേരില്‍  എഴുതിക്കൊടുത്തു ക്ലീറ്റനു പടിയിറങ്ങേണ്ടി  വന്നു.

വീടും പറമ്പും ദേവസ്സിയുടെ കൈയ്യിലായപ്പോള്‍ തീരത്തോടു് ചേര്‍ന്ന പുറമ്പോക്കു ഭുമിയില്‍ ക്ലീറ്റന്‍ ഒരു കൂരയുണ്ടാക്കി. അതിനു പിന്നിലായി ചെറു മത്സ്യങ്ങളുണക്കി സൂക്ഷിക്കാനായി ഉണ്ടാക്കിയ ചാപ്രയും.

വിദേശത്തേക്കു കയറ്റി അയച്ച ചില ചെമ്മീന്‍ കണ്ടെയ്നറുകള്‍ തിരിച്ചെത്തിയതായിരുന്നു ദേവസ്സിയുടെ തകര്‍ച്ചകളുടെ തുടക്കം. നഷ്ടം ദേവസ്സിയുടെ മാത്രം ബാദ്ധ്യതയാക്കാന്‍ കൂട്ടാളികള്‍ പദ്ധതി മെനഞ്ഞു. ദേവസ്സി അതിനു തയ്യാറാകാതെ വന്നപ്പോള്‍പങ്കുകച്ചവടക്കാരായിരുന്ന ചില പ്രമുഖ രാഷ്ടീയ നേതാക്കളുമായുള്ള ബന്ധങ്ങള്‍ ഉലഞ്ഞു തുടങ്ങി.

ബ്ലേഡു മാഫിയയെ തകര്‍ക്കാനായി നടപ്പാക്കിയ 'ഓപ്പറേഷന്‍ കുബേര"യുടെ ഭാഗമായി ദേവസ്സിയുടെ ധനകാര്യ സ്ഥാപനങ്ങളിലും റെയ്ഡു നടന്നു. പിണങ്ങി പിരിഞ്ഞ പഴയ പങ്കു കച്ചവടക്കാര്‍ പിന്നാമ്പുറത്തു ചരടുവലികള്‍ നടത്തിയപ്പോള്‍ സ്ഥാപനങ്ങള്‍ ഒന്നൊന്നായി അടച്ചു പൂട്ടി.

പല കേസുകളും ഒതുക്കിത്തീര്‍ക്കാനായി ആസ്തികള്‍ പലതും കിട്ടിയ വിലയ്ക്കു വില്ക്കേണ്ടി വന്നു.  ജയില്‍വാസം ഒഴിവാക്കാനായെങ്കിലും ഒടുവില്‍ വെറുംകൈയ്യോടെ കടപ്പുറത്തേക്കു മടങ്ങാനായിരുന്നു ദേവസ്സിയുടെ നിയോഗം.

ഉറക്കെ പൊട്ടിച്ചിരിച്ചും പ്രതാപകാലത്തെ കഥകള്‍ വിളിച്ചു കൂവിയും ചിലപ്പോള്‍ തേങ്ങിക്കരഞ്ഞും കടപ്പുറത്തലഞ്ഞ ദേവസ്സിയെ കൂകി വിളിച്ചു കൊണ്ടു കുട്ടികള്‍ പിന്നാലെ കൂടി.  അയാളോടു സഹതപിക്കാന്‍ ആ തുറയില്‍ ആരുമുണ്ടായില്ല. കടപ്പുറത്തെ മണല്‍, രാത്രികളിള്‍ അയാള്‍ക്കു മെത്തയായി.

"എടീ ഗ്രേസമ്മേ, ഞാനവന ഇങ്ങാട്ടു വിളിച്ചൊണ്ടു വാരാമ്പോകേണു്... നുമ്മ  വീട്ടീ ഒണ്ടാക്കണതലിത്തിരി വല്ലതും കൊടുത്താ, അതും വാരിത്തിന്നു് അവനാ ചാപ്രേലെവിടേങ്കിലും കെടന്നോളും..."

"ആരിക്കട കാര്യാ മനുഷേനേ, നിങ്ങ ഈ പറയണതു് ?" ഗ്രേസമ്മ കാര്യം മനസ്സിലാകാതെ ചോദിച്ചു.

"വേറാരിക്കട കാര്യാ, നുമ്മട ദേവസ്തീട കാര്യം തന്നെ. അവനീ കടപ്പൊറം മുഴ്വോനും തെണ്ടി നടക്കണതു നീയും കാണണതല്ലേ?"

" നിങ്ങക്കിതെന്നാത്തിന്റെ കേടാണു്? രണ്ടു പുള്ളേരേം കൊണ്ടു നുമ്മ ഈ പൊറമ്പോക്കിലേക്കെറങ്ങണ്ടി വന്നതു് അതിയാന്‍ കാരണവല്ലേ? ഇപ്പ തെണ്ടി നടക്കണെങ്കി അതു ദൈവശിക്ഷേണന്നു കരുതിയാ മതി."

"കൈയ്യിലിച്ചിരി പുത്തന്‍ വന്നപ്പ അവനിച്ചിരി അഹങ്കരിച്ചു് ! അതിനൊള്ള ശിക്ഷേം കിട്ടിയെന്നു കരുതിക്കോ. ഒടേതമ്പുരാന്‍ ശിക്ഷിച്ച ആള ഇഞ്ഞി നുമ്മളും കൂടി ശിക്ഷിക്കണാടീ?"

"ഞാനെന്റ മനസ്സിത്തോന്നിയതു പറഞ്ഞന്നേയൊള്ള്. നിങ്ങ എന്താന്നു വെച്ചാ ചെയ്യു്; ഞാനെന്നെങ്കിലും നിങ്ങക്കട ഇഷ്ടത്തിനെതിരു നിന്നിട്ടൊണ്ടാ?"

അന്നു മുതല്‍ ദേവസ്സിയുടെ താമസം ക്ലീറ്റന്റെ ചാപ്രയിലായി. ഗ്രേസമ്മയുണ്ടാക്കുന്ന ഭക്ഷണത്തില്‍ ഒരു പങ്കു്  അയാള്‍ക്കും ലഭിച്ചു.

ചായക്കടയില്‍ നിന്നിറങ്ങിയ ക്ലീറ്റനും ദേവസ്സിയും ക്ലീറ്റന്റെ ചാപ്രയിലെത്തി. ചാപ്രയുടെ മൂലയില്‍ ചുരുട്ടി വച്ചിരുന്ന പായ തറയില്‍ വിരിച്ചു  ക്ലീറ്റന്‍ ദേവസ്സിയെ കിടത്തി.

"നീ ഇവിടക്കെടന്നൊന്നൊറങ്ങ്! സന്ധ്യ മയങ്ങീട്ടേ വലപ്പണീം കഴിച്ചു ഞാനിങ്ങാട്ടു വരത്തൊള്ള്. ഞാന്തിരിച്ച് വരാത എങ്ങും പോയ്ക്കളയരുതു കേട്ടാ."

ചാപ്രയുടെ വാതില്‍ മെല്ലെ ചാരി ക്ലീറ്റന്‍ പുറത്തേക്കു നടന്നു.

"എട ക്ലീറ്റാ " 

ദേവസ്സിയുടെ വിളി കേട്ടു് ക്ലീറ്റന്‍ അത്ഭുതത്തോടെ പിന്തിരിഞ്ഞു നോക്കി.

"നെനക്കെന്ന തിരിച്ചറിയാമ്പറ്റണൊണ്ടാടാ ദേവസ്തീ? ഏത്ര നാളിനു ശേഷമാണു് നീയെന്ന പേരു വിളിക്കണതു്!"

"എനിക്കു് ശരിക്കും വട്ടാണന്നു നെനക്കു തോന്നണൊണ്ടാ? അങ്ങനാരുന്നേ എത്ര നല്ലതാരുന്നു്!"

" അപ്പ ഇതക്ക നെന്റ അപിനയമാണാ? നീ പിന്നേം കരക്കാര മുഴ്വോം പറ്റിച്ചോണ്ടിരിക്കേണല്ലേ!"

"കരക്കാരു് പറേണതു് നേരാണു് ക്ലീറ്റാ! എന്റ അഹമ്മതിക്കൊള്ള ദൈവശിക്ഷ തന്നേണ് എനിക്കു കിട്ടിയതു്. നെന്ന പോലും ഈ ഗതിലാക്കിയതു് ഞാനല്ലേടാ! എന്നിട്ടും നീ എന്തിനാ എന്നെ ഇതിനും മാത്രം സ്നേഹിക്കണതു്? എനിക്കു നുമ്മട കരക്കാരുടെ ആരുടേം മൊഹത്ത് നോക്കാമ്പറ്റാത്തതു് കൊണ്ടാണെട കൂവേ, ഇങ്ങനയൊക്ക കാണിക്കണതു്; ശരിക്കും വട്ടായി കിട്ടിയെങ്കി ചങ്കിനിത്ര നീറ്റലൊണ്ടാകേലാര്‍ന്നു്..."

ദേവസ്സി മണലില്‍ കുന്തിച്ചിരുന്നു കൈകള്‍ തലയില്‍ ചേര്‍ത്തു് പിടിച്ചു കൊണ്ടു് കരഞ്ഞു. ക്ലീറ്റന്‍ കുനിഞ്ഞു് ദേവസ്സിയെ പിടിച്ചുയര്‍ത്തി. നെഞ്ചോടു് ചേര്‍ത്തു നിര്‍ത്തി മൂര്‍ദ്ധാവില്‍ ചുംബിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ടു് ദേവസ്സി ക്ലീറ്റന്റെ നെഞ്ചില്‍ തല ചേര്‍ത്തു.
----------------------------------------------------------------------------------------------------------
*അഹമ്മതി - അഹങ്കാരം
*മഞ്ചീം - വഞ്ചിയും
*കീറ്റ് - കീറല്‍
*ചാപ്ര - മത്സ്യ ബന്ധനോപാധികളും  ഉണക്കിയ മത്സ്യവുമൊക്കെ സൂക്ഷിക്കാനായുണ്ടാക്കുന്ന കൂടാരം
*അനത്തി - ചൂടാക്കി
*പുത്തന്‍ - പണം.
*കിഷ്ണി  - കിഡ്നി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ