2015, മേയ് 15, വെള്ളിയാഴ്‌ച

അന്വേഷണം.

"സത്യത്തില്‍ ഇവനെയൊന്നും ഈ ഭൂമിക്കുമേല്‍ ജീവിക്കാനനുവദിക്കരുതു്. അതാണു വേണ്ടതു്. "

"നമുക്കതു പറ്റില്ലല്ലോ! ഏതു മഹാപാപിയേയും ശുശ്രൂഷിച്ചു ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയല്ലേ നമ്മുടെ ജോലി "

"ഇവനൊക്കെ ജീവിതത്തിലേക്കു തിരിച്ചു വന്നിട്ടെന്തിനാണു്? ഇനിയുമൊരുപാടു പാവം സ്ത്രീകള്‍ക്കു ദുരന്തമാകാനോ?"

ബോധത്തിനും അബോധത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ കടന്നു പോകുന്നതിനിടയിലെപ്പോഴോ ഐ.സി.യുവിലെ നേഴ്സുമാരുടെ സംസാരം സജീഷിന്റെ കര്‍ണ്ണപുടങ്ങളിലെത്തുന്നുണ്ടായിരുന്നു.

ശരീരത്തിലെവിടൊക്കെയോ അസഹ്യമായ വേദന! എങ്കിലും കാറ്റില്‍പ്പറക്കുന്ന അപ്പുപ്പന്‍താടിപോലെ ശരീരത്തിനു വല്ലാത്ത ലാഘവം. താനെവിടെയാണുള്ളതെന്നു തിരിച്ചറിയാന്‍ സജീഷിനായില്ല. എന്തൊക്കെയോ ഓര്‍മ്മകള്‍ മാത്രം ഇരുട്ടില്‍ നിന്നും മുന്നോട്ടു വന്നെത്തുന്നുണ്ടു്...

അര്‍ച്ചനാ ലോഡ്ജിലെ മുറിയില്‍നിന്നും വ്യക്തമായി കാണാമായിരുന്നു, ടൗണ്‍ഹാള്‍ ഗേറ്റിനു മുന്നിലെ വൃക്ഷത്തറയിലിരുന്നു ഭിക്ഷാടനം നടത്തുന്ന ചെറുപ്പക്കാരിയായ യാചകിയെയും അവരുടെ മടിയില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെയും.

താന്‍ കാണുമ്പോഴെല്ലാം ആ കുഞ്ഞുറങ്ങുകയാണെന്നു സജീഷ് ശ്രദ്ധിച്ചതു വളരെ യാദൃശ്ചികമായാണു്. ആദ്യം വല്ലാത്തൊരു കൗതുകമാണു തോന്നിയതെങ്കിലും പിന്നീടതിലെന്തോ അസ്വഭാവികത തോന്നി. അങ്ങനെയാണു തുടര്‍ച്ചയായ രണ്ടുദിവസങ്ങള്‍ അവധിയെടുത്തു് ആ സ്ത്രീയേയും കുട്ടിയേയും നിരീക്ഷിക്കാന്‍ അയാള്‍ തീരുമാനിച്ചതു്.

പ്രഭാതത്തില്‍ത്തന്നെ ഉറങ്ങുന്ന കുട്ടിയുമായി ഭിക്ഷക്കാരി തന്റെ പതിവു സ്ഥലത്തെത്തി. കൃത്യം രണ്ടുമണിക്കൂറുകളുടെ ഇടവേളകളില്‍ ഒരാളെത്തി ആ സ്ത്രീയ്ക്കതുവരെ ലഭിച്ച പണം വാങ്ങി പോകുന്നുണ്ടു്. ഒമ്പതു മണിക്കു പ്രഭാത ഭക്ഷണവും ഒരു മണിക്കുച്ചഭക്ഷണവും നാലു മണിക്കു ചായയുമായി അവരെ സന്ദര്‍ശിച്ചതു മറ്റൊരാളാണു്.

എന്നാല്‍ പ്രഭാതംമുതല്‍ പ്രദോഷംവരെ അവരുടെ കുഞ്ഞ് ഉണര്‍ന്നില്ല. കരയുകയോ ചിരിക്കുകയോ ചെയ്തില്ല. ആ സ്ത്രീ ഒരിക്കലെങ്കിലും കുഞ്ഞിനെ മുലയൂട്ടുന്നതോ, കുഞ്ഞ് എന്തെങ്കിലും ഭക്ഷണം കഴിക്കുന്നതോ കണ്ടില്ല.

അവര്‍ കുഞ്ഞിനു് എന്തെങ്കിലും തരത്തിലുള്ള മയക്കു മരുന്നു നല്കിയിട്ടുണ്ടാകുമോ? സ്വന്തം കുഞ്ഞിനെ അങ്ങനെ മയക്കിക്കിടത്താന്‍ ഒരമ്മയ്ക്കാകുമോ?

പിറ്റേന്നു യാചകി പതിവു സ്ഥലത്തെത്തിയപ്പോള്‍, സജീഷ് അവരുടെ സമീപത്തെത്തി.

"ഈ കുഞ്ഞു പകല്‍ മുഴുവന്‍ ഉറങ്ങുന്നതെന്തു കൊണ്ടാണു്?"

യാചകി മറുപടിയൊന്നും നല്കിയില്ല. 

അല്പം കൂടി ഉയര്‍ന്ന ശബ്ദത്തില്‍ സജീഷ് ചോദ്യം ആവര്‍ത്തിച്ചു. പകച്ചു നോക്കിയതല്ലാതെ ആ സ്ത്രീ മറുപടി പറഞ്ഞില്ല. പിന്നില്‍ നിന്നും ആരോ സജീഷിന്റെ തോളില്‍ മൃദുവായി തട്ടുന്നതറിഞ്ഞ അയാൾ തിരിഞ്ഞു നോക്കി. മുപ്പതു വയസ്സു തോന്നുന്ന സുമുഖനായ ഒരു ചെറുപ്പക്കാരന്‍.

"എന്തിനാ സാറേ, ആ പാവത്തിനെ ശല്യപ്പെടുത്തുന്നതു്? അവര്‍ക്കും ജീവിച്ചു പോകണ്ടേ? സഹായിച്ചില്ലെങ്കില്‍ പോട്ടേ. ഉപദ്രവിക്കാതിരിക്കരുതോ?"

പത്തുരൂപയുടെ ഒരു നോട്ടു് ആ സ്ത്രീയുടെ മുന്നില്‍ വിരിച്ചിരുന്ന തുണിയിലേക്കിട്ടു് ആ ചെറുപ്പക്കാരന്‍ കടന്നു പോയി. സമീപത്തുകൂടെ നിരവധി പേര്‍ നടന്നുപോകുന്നുണ്ടായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന ബസ് സ്റ്റോപ്പിലും പലരും വന്നുപോകുന്നു. നഗരത്തിന്റെ തിരക്കില്‍ ആര്‍ക്കും ഒന്നും ശ്രദ്ധിക്കാന്‍ സമയമില്ല. കുറച്ചുനേരംകൂടി അവിടെ നിന്ന സജീഷ്,  അപ്പുറത്തുളള ബസ് സ്റ്റോപ്പിലേക്ക് മാറിനിന്നു യാചകിയെ നിരീക്ഷിക്കാന്‍ നിശ്ചയിച്ചു. പതിവില്‍നിന്നും വ്യത്യസ്തമായി ഒന്നുമില്ല. കുഞ്ഞ് ഉറക്കമുണര്‍ന്നുമില്ല. അയാള്‍ ഒരിക്കല്‍ക്കൂടി ഭിക്ഷക്കാരിയുടെ അരികിലെത്തി.

"ഈ കുഞ്ഞെന്താണെപ്പോഴും ഉറങ്ങിക്കൊണ്ടിരിക്കുന്നതു്?" പഴയ ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. സ്ത്രീ പകച്ച മുഖത്തോടെ അയാളെ നോക്കി. പതിവുപോലെ അവള്‍ മറുപടി പറഞ്ഞില്ല. അല്പം കൂടി ഉയര്‍ന്ന ശബ്ദത്തില്‍ സജീഷ് വീണ്ടും ചോദിച്ചു.

"ഈ കുഞ്ഞൊരിക്കലുമുറക്കമുണരാത്തതെന്തേ?"

വാടിയ വാഴയിലപോലെ തളര്‍ന്നു കിടന്നിരുന്ന കുട്ടിയെ തോളില്‍ കിടത്തിക്കൊണ്ടു് ആ സ്ത്രീ അവിടെ നിന്നെഴുന്നേറ്റു.

"ഇയാള്‍ക്കെന്താണറിയേണ്ടതു്?"

കനത്ത പുരുഷശബ്ദം കേട്ടു സജീഷ് തിരിഞ്ഞു നോക്കി. രാവിലെ കണ്ട ചെറുപ്പക്കാരനടക്കം ആറു പേര്‍.

"അവളെ ശല്യപ്പെടുത്തേണ്ട. നിങ്ങള്‍ക്കെന്താണറിയേണ്ടതു്? ഞങ്ങള്‍ പറഞ്ഞു തരാം."

"ഈ കുഞ്ഞ്..... "

"അതവളുടെ കുഞ്ഞല്ല; രാവിലെ ജോലിക്കെത്തുമ്പോള്‍ അവള്‍ക്കു കിട്ടുന്ന തൊഴിലുപകരണം മാത്രം! വൈകുന്നേരം അവളതിനെ തിരിച്ചേല്പിക്കും." 

വളരെ സൗമ്യമായ ശബ്ദത്തിലുള്ള മറുപടി.

"ഈ കുഞ്ഞൊരിക്കലും ഉറക്കമുണരാത്തതെന്താണ്?"

ഇതിനിടയില്‍ ആ സ്ത്രീ കുഞ്ഞിനേയും കൊണ്ടു് എവിടെയോ അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു.

"ഇയാള്‍ ആവശ്യമില്ലാത്ത കാര്യങ്ങളാണു് അന്വേഷിക്കുന്നതു്. എങ്കിലും പറയാം. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു രാവിലെ അല്പം തിളപ്പിച്ചാറ്റിയ വെള്ളം നല്കും; അല്പം കഞ്ചാവിട്ട് തിളപ്പിച്ചാറ്റിയ വെള്ളം! കുഞ്ഞുങ്ങളല്ലേ, അവര്‍ ചുമ്മാ കരഞ്ഞുബഹളമുണ്ടാക്കിയാല്‍ അതു തൊഴിലിനെ ബാധിക്കില്ലേ? അതൊഴിവാക്കാനുള്ള ഒരു മുന്‍കരുതല്‍ മാത്രം! ഇത്രയുമറിഞ്ഞാല്‍പ്പോരേ? നിങ്ങളുടെ സംശയം തീര്‍ന്നെന്നു കരുതുന്നു. ഇനി ശല്യപ്പെടുത്താന്‍ വരരുതു്"

"ഇതു വലിയ ക്രൂരതയാണു്; ഞാനിതു സമ്മതിക്കില്ല...... ഐ'ല്‍ ഇന്‍ഫോം ദിസ് ടു ദ പോലീസ്...."

"ഈ സാറിന്റെയടുത്തു് മര്യാദയ്ക്കു പറഞ്ഞാല്‍ മനസ്സിലാകില്ല. മനോജേ, സാറു പറഞ്ഞതുപോലെ നീ പോലീസിനെ വിളിക്കു്, അല്ലാതെ ഇനി വേറെ മാര്‍ഗ്ഗമില്ല...."

പറഞ്ഞു തീരുന്നതിനു മുമ്പേ, അയാള്‍ കൈമുട്ടു മടക്കി സജീഷിന്റെ ഇടനെഞ്ചിലേക്കാഞ്ഞിടിച്ചു. അടുത്ത നിമിഷാര്‍ദ്ധത്തില്‍ അയാളുടെ ചുരുട്ടിയ മുഷ്ടി സജീഷിന്റെ താടിയെല്ലിലും കനത്ത പ്രഹരമേല്പിച്ചു. പിന്നിലേക്കു മലര്‍ന്നുപോയ സജീഷിനെ ആരോ താങ്ങിനിവര്‍ത്തി നിറു‍ത്തി. അതേ നിമിഷത്തില്‍ത്തന്നെ  മുന്നില്‍ നിന്നിരുന്നയാളുടെ മുട്ടുകാല്‍ സജീഷിന്റെ അടിവയറ്റില്‍ ശക്തിയോടെ പതിച്ചു. ഉറക്കെക്കരഞ്ഞുകൊണ്ടു് അയാള്‍ കുനിഞ്ഞു നിലത്തിരുന്നുപോയി. പിന്നില്‍ നിന്നയാള്‍ ഊക്കില്‍ ചവിട്ടി. നിലത്തേക്കു മൂക്കിടിച്ചു വീണ അയാളുടെ ശരീരത്തിലെങ്ങും ചുറ്റുമുള്ളവരുടെ കാലുകള്‍ ആഞ്ഞു പതിച്ചുകൊണ്ടിരുന്നു.

"മതിയെടാ, നിര്‍ത്ത്, പോലീസ് എത്തി, ബാക്കി അവരു ചെയ്തോളും."

സമീപത്തു വന്നുനിന്ന ജീപ്പില്‍ നിന്നും രണ്ടുപോലീസുകാര്‍ ഇറങ്ങി. അവര്‍ സജീഷിനെ തൂക്കിയെടുത്തു വണ്ടിയിലേക്കിട്ടു.

"ഇവന്റെ സംശയമെല്ലാം ഞങ്ങളിന്നുതന്നെ തീര്‍ത്തേക്കാം." 

പോലീസ് സ്റ്റേഷനിലും കൊടിയ മര്‍ദ്ദനം തന്നെയാണു സജീഷിനെ കാത്തിരുന്നതു്.... പീഡനങ്ങള്‍ക്കൊടുവില്‍ തളര്‍ന്നു ചോരയില്‍മുങ്ങി നിലത്തുവീണപ്പോള്‍ ആരുടേയോ നിര്‍ദ്ദേശം കേട്ടു.

"ലോക്കപ്പ് മരണമൊന്നും വേണ്ട; എന്തെങ്കിലും കുടിക്കാന്‍കൊടുത്തു് അവനെയേതെങ്കിലും ആശുപത്രിയിലാക്ക്..."

റമ്മിന്റെ രൂക്ഷഗന്ധം;  
തുറന്നകുപ്പി ആരൊക്കെയോചേര്‍ന്നു ബലമായി വായിലേക്കു തള്ളിക്കയറ്റിയതാണവസാനത്തെയോര്‍മ്മ...

"ഗ്ലാഡിസ്സ്, പെട്ടന്നു ഡോക്ടറെ വിളിക്കൂ, ഇയാളുടെ ഇ.സി.ജി. അബ്നോര്‍മ്മലാകുന്നു."
ഐ.സി.യു വിലെ നേഴ്സുമാര്‍ അവര്‍ക്കാവുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി.

സജീഷ്  ഒന്നും അറിയുന്നുണ്ടായിരുന്നില്ല, അയാളപ്പോള്‍ കുറേ മാലാഖക്കുഞ്ഞുങ്ങളുടെ നടുവിലായിരുന്നു. അവര്‍ക്കൊപ്പം, അവരിലൊരാളായി  പുതിയൊരു ലോകത്തേക്കയാള്‍ പറന്നുയര്‍ന്നു.

മദ്യലഹരിയില്‍ നാടോടി സ്ത്രീയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരുടെ മർദ്ദനമേറ്റ യുവാവു് ആശുപത്രിയില്‍ മരിച്ചു എന്ന സ്ക്രോള്‍ ന്യൂസ് കുറച്ചുസമയത്തിനപ്പുറം എല്ലാ ടി.വി. ചാനലുകളിലും തെളിഞ്ഞു തുടങ്ങി.

2015, മേയ് 14, വ്യാഴാഴ്‌ച

കാറ്റില്‍ പറന്ന മണല്‍ത്തരികള്‍

"ഈ കടലീക്കാണണ തെരകള് നെനക്കക്ക എണ്ണി തീര്‍ക്കാമ്പറ്റുവാടാ? അതുപോല തന്നാ, ഈ ദേവസ്തീടെ കൈയ്യില കാശ്! ഒരുത്തനും ഒരു കാലത്തും എണ്ണിത്തീര്‍ക്കാമ്പറ്റുകേല..."

കടപ്പുറത്തു വലയുടെ കേടുപാടുകള്‍ തീര്‍ത്തു കൊണ്ടിരുന്നവരെ നോക്കി ഉറക്കെ അട്ടഹസിച്ചു കൊണ്ടു ദേവസ്സി പറഞ്ഞു. പിന്നെ രണ്ടു കൈയ്യും ചേര്‍ത്തു കടല്‍പ്പുറത്തെ പഞ്ചാര മണല്‍ വാരി മുകളിലേക്കെറിഞ്ഞു.

"അല്ലെങ്കി ദേ, ഈ മണലു പോലാ ദേവസ്തീടെ കാശു്. എണ്ണിത്തീര്‍ക്കാനുമ്പറ്റുകേല, കാറ്റത്തു പറന്നാപ്പിന്ന പോയ വഴീം കാണുകേല."

വലക്കുറ്റം തീര്‍ത്തു കൊണ്ടിരുന്നവരുടെ ദേഹത്തും മുഖത്തുമെല്ലാം മണല്‍ പറന്നുവീണു.

"പോണ വഴിയക്ക ഞാനിപ്പ കാണിച്ചു തരാം പരട്ടക്കെളവാ!"

തലയില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ടഴിച്ചു മുഖവും ദേഹവും തുടച്ചു കൊണ്ട് അന്തപ്പന്‍ ചാടിയെണീറ്റു.

"വിട്ടു കളയെടാ, പാവം!"

ദേഹത്തു നിന്നു മണല്‍ തട്ടിക്കൊണ്ടു ക്ലീറ്റന്‍ അയാളെ തടഞ്ഞു.

"ഇതു വട്ടൊന്നുമല്ല, ഒന്നാന്തരം *അഹമ്മതിയാ, ആയ കാലത്ത് കടപ്പുറം മുഴുവനും അയാളു പിടിച്ചടക്കി.  എനിക്കുവൊണ്ടാരുന്നതാ ഒരു ഫൈബറു *മഞ്ചീം വലേം. ഈ തന്തയ്ക്ക് പിറക്കാത്തോനാ കണ്ണീച്ചോരയില്ലാത അതു തട്ടിപ്പറിച്ചതു്. നശിച്ചു നാറാണക്കല്ലു പിഴുതിട്ടും അയാക്കട അഹങ്കാരം തീര്‍ന്നട്ടില്ലല്ലാ."


" നിങ്ങ വലേടെ *കീറ്റ് തീര്‍ക്കു്, ഞാനിവന ആ *ചാപ്രേല്‍ കൊണ്ടാക്കീട്ടു വരാം" ക്ലീറ്റന്‍ ദേവസ്സിയുടെ നേര്‍ക്കു നടന്നു.

"ങ്ഹാ, ചെല്ലു ചെല്ല്: വല്യേ ചങ്ങാതിമാരല്ലാരുന്നോ, എന്നിട്ടും നിങ്ങക്കട ഒരാവശ്യത്തിനു ചെന്നപ്പ ഈ തലതെറിച്ചവന്‍ എന്താണു ചെയ്തതെന്നോര്‍മ്മയൊണ്ടാ ക്ലീറ്റാ....!"

"അതൊക്ക ഇപ്പ ഓര്‍ത്തിട്ടെന്താ തോമാച്ചാ കാര്യം? നുമ്മക്കു ദൈവത്തെ മറന്നു ജീവിക്കാനൊക്കുവാടാ! നീ വാടാ ദേവസ്തീ?, അവരങ്ങനൊക്കപ്പറയും, നുമ്മക്കാ മത്തായീടെ ചായക്കടേന്നു് ഓരോ കാലിച്ചായേം കുടിച്ച് നുമ്മട ചാപ്രേലാട്ട് പോകാം. "

ക്ലീറ്റന്‍ ദേവസ്സിയെ ചേര്‍ത്തു പിടിച്ചു നടന്നു. അനുസരണയുള്ളൊരു കുട്ടിയെപ്പോലെ ദേവസ്സി ക്ലീറ്റനോടൊപ്പം ചെന്നു.

ചെറിയ പ്രായത്തിലേ കളിക്കൂട്ടുകാരായിരുന്നവരാണു ക്ലീറ്റനും ദേവസ്സിയും; അയല്‍പക്കത്തെ സമപ്രായക്കാരായ ചങ്ങാതിമാര്‍ ... അവര്‍ക്കു രണ്ടോ മൂന്നോ വയസ്സുള്ളപ്പോഴാണു് ഒരു തുലാവര്‍ഷക്കോളില്‍ ദേവസ്സിയുടെ അപ്പന്‍ കടലില്‍ വഞ്ചി മുങ്ങി മരിച്ചതു്.

സ്വന്തമെന്നു പറയാന്‍ ആരുമില്ലാതായിപ്പോയ ഒരമ്മയും മകനും ഒരുപാടു ദുരന്തങ്ങളിലൂടെയാണു് പിന്നീടു ജീവിതം മുന്നോട്ടു തള്ളി നീക്കിയതു്. തലച്ചുമടായി മീന്‍ വിറ്റും മറ്റുള്ളവരുടെ അടുക്കളകളില്‍ പാത്രം കഴുകിയും ജീവിതത്തിന്റെ ദുരിതപര്‍വ്വം തരണം ചെയ്യാന്‍ പണിപ്പെടുന്ന അമ്മയ്ക്കു തണലാകാനാണു്, കൗമാരം തുടങ്ങിയ കാലത്തു തന്നെ ദേവസ്സി കടലില്‍ പണിക്കു പോയി തുടങ്ങിയതു്. എന്നാല്‍ അധികനാള്‍  കഴിയും മുമ്പേ അടുത്ത ദുരിതവും അവനെ തേടിയെത്തി. തലയില്‍ മീന്‍ ചുമടുമായി ചന്തയിലേക്കു നടക്കുമ്പോള്‍ പിന്നില്‍ നിന്നും വന്നിടിച്ച കാര്‍ വിരോണിച്ചേടത്തിയുടെ ജീവനെടുത്തതോടെ ദേവസ്സി തീര്‍ത്തും ഒറ്റക്കായി.

അക്കാലത്തു ക്ലീറ്റന്റെ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തില്‍ ഒരു പങ്കു ദേവസ്സിക്കായി മാറ്റി വച്ചിരുന്നു. ദിവസവും പുസ്തകക്കെട്ടുകളുമായി പള്ളിക്കൂടത്തില്‍ പോകുന്നതിനേക്കാള്‍ നല്ലതു കടലില്‍ പോകുന്നതാണെന്ന തിരിച്ചറിവുണ്ടായപ്പോള്‍ ക്ലീറ്റനും ദേവസിക്കൊപ്പം പണിക്കു പോയിത്തുടങ്ങി.

"നല്ല കടുപ്പത്തീ രണ്ടു ചായേം രണ്ടു സുഹിയേനും എടുത്തോ മത്തായിച്ചാ." ചായക്കടയിലേക്കു കടക്കുമ്പോള്‍ തന്നെ ക്ലീറ്റന്‍ വിളിച്ചു പറഞ്ഞു.

ചായക്കടയിലെ ബെഞ്ചില്‍ ക്ലീറ്റന്റെ അടുത്തു ദേവസ്സി ശാന്തനായിരുന്നു, ഏതോ അപരിചിതരോടെന്ന പോലെ ചുറ്റുമുള്ളവരെ നോക്കി നിര്‍വികാരമായി ചിരിച്ചു. 

"എങ്ങനത്ത പ്രതാപത്തീ ജീവിച്ചേച്ച മനുഷ്യേനാണു്. ഇപ്പ കണ്ടില്ലേ തെണ്ടിത്തിരിഞ്ഞു നടക്കണതു്. ഇത്രക്കേ ഒള്ളൂ മനുഷ്യേമ്മാരുടെ കാര്യം" ചായക്കടയില്‍ നാട്ടുവര്‍ത്തമാനം പറഞ്ഞിരുന്നവരിലാരോ ദേവസ്സിയെക്കണ്ടു പറഞ്ഞു.

കടലില്‍ നിന്നും കിട്ടിയ സമ്പാദ്യത്തില്‍ നിന്നു മീന്‍ കച്ചവടക്കാരി സ്ത്രീകള്‍ക്കു പണം പലിശയ്ക്കു കൊടുത്തു കൊണ്ടാണു ദേവസ്സി ബിസിനസ്സ് ലോകത്തേക്കു കാലെടുത്തു വച്ചതു്. രാവിലെ ദേവസ്സിയുടെ കൈയ്യില്‍ നിന്നും വാങ്ങിയ 90 രൂപ മൂലധനമാക്കി മീന്‍ കച്ചവടത്തിനിറങ്ങിയവര്‍ വൈകുന്നേരം 100 രൂപ അയാള്‍ക്കു തിരികെ നല്കി.

"ആ ചെറുക്കനൊള്ളതു കൊണ്ടാണു് ഈ കച്ചോടം നടക്കണതു്. വൈകന്നേരം അവനു പത്തുരൂപാ കൂടുതല്‍  കൊടുത്താലെന്താ? വീട്ടുചെലവും കഴിച്ചു ചിട്ടിക്കു വെക്കാനുമൊള്ള കാശ് ദെവസോം ഒണ്ടാക്കാന്‍ പറ്റണതു് അവന്‍ കാലത്തു തരണ കാശു കൊണ്ടാ. അതെങ്ങനാ കുടുംബത്തൊരാളൊള്ളതു പണിയെടുത്താ കിട്ടണതു ഷാപ്പീ കൊടുക്കാനേ തെകയത്തൊള്ള്. " കടപ്പുറത്തെ സ്ത്രീകള്‍ക്കു ദേവസ്സി ദേവദൂതനായപ്പോള്‍ അയാളുടെ ബിസിനസ്സ് പുരോഗതി പ്രാപിച്ചു.

കൂടുതല്‍ പണം കൈയ്യില്‍ വന്നു തുടങ്ങിയപ്പോള്‍ അയാളില്‍ പുതിയ മാറ്റങ്ങള്‍ വന്നു തുടങ്ങി. പതിയെപ്പതിയെ ദേവസ്സി കടലില്‍ പണിക്കു പോകുന്നതു നിര്‍ത്തി. വളളങ്ങളുടെയും വലയുടെയും അറ്റകുറ്റപ്പണികള്‍ക്കുള്ള പണത്തിനായി പലരും ദേവസ്സിയെ സമീപിച്ചു തുടങ്ങി. ചിലരെല്ലാം ദേവസ്സിയോടു പണം കടം വാങ്ങി പുതിയ വഞ്ചിയും വലയും ഔട്ട് ബോഡു് എഞ്ചിനും സ്വന്തമാക്കി. ദേവസ്സി കടപ്പുറത്തെ തരകനായി വളര്‍ന്നപ്പോള്‍ പണം വാങ്ങുന്നവര്‍ പലിശ നല്കുന്നതിനു പുറമേ പുറമേ മറ്റൊരു അലിഖിത കരാറിനു കൂടി ബാദ്ധ്യസ്ഥരായി. വഞ്ചി നിറയെ മത്സ്യവുമായി കരയിലടുത്തല്‍ ദേവസ്സി പറയുന്നതാണു വില. ദേവസ്സിക്കല്ലാതെ മറ്റൊരാള്‍ക്കും മീന്‍ വില്‍ക്കുവാന്‍ ദേവസ്സിയോടു പണം കടം വാങ്ങിയ വഞ്ചിക്കാര്‍ക്കാവാതെയായി. 

ദേവസ്സിയുടെ ബിസിനസ്സ് മേഖലകള്‍ അനുദിനം വളരുകയായിരുന്നു.

പണത്തിന്റെ തിരയിളക്കത്തിനു മുകളിലൂടെ പായുമ്പോള്‍ ദേവസ്സി ബന്ധങ്ങളും സൗഹൃദങ്ങളും മറന്നു. എങ്കിലും പ്രായം തെറ്റുന്നതിനു മുമ്പേ വിവാഹിതനായി ഒരു കുടുംബ ജീവിതത്തിലേക്കു കടക്കാന്‍ ക്ലീറ്റനും മാതാപിതാക്കളും പലവുരു ഉപദേശിച്ചു നോക്കിയതാണു്.

"കല്യാണം കഴിച്ചു ഭാര്യേം മക്കളുമൊക്കെയായാ അതൊക്ക വല്യേ ബാദ്ധ്യതയാണെടാ കൂവേ! കാശു കൈയ്യിലൊണ്ടേ എത്ര പെണ്ണിനെ വേണേലും കിട്ടും. അതിനിപ്പ കല്യാണം കഴിക്കാമ്പോണതെന്നാത്തിനാ?" ദേവസ്സി ക്ലീറ്റനോട് ചോദിച്ചു.

"ഈ ചെറുപ്പോം ആവേശോമക്ക അങ്ങാട്ട് പോകും. വയസ്സുകാലത്തു വയ്യാണ്ടാകുമ്പ ഒരു ഗ്ലാസ്സ് വെള്ളം *അനത്തിത്തരാന്‍ ആരെങ്കിലും വേണവെങ്കി നല്ല പ്രായത്തീ കല്യാണം കഴിക്കണം."

"ഓ, പിന്നേ! ഒരുപദേശി വന്നേക്കണു്. ഏതു പ്രായത്തിലും കൈയ്യീ *പുത്തനൊണ്ടെങ്കി നൂറാളൊണ്ടാകും താങ്ങിക്കൊണ്ടു നടക്കാന്‍ "

ദേവസ്സിയുടെ മത്സ്യവണ്ടികള്‍ കേരളത്തിലെ എല്ലാ പ്രധാന മാര്‍ക്കറ്റുകളിലേക്കും പാഞ്ഞെത്തിക്കൊണ്ടിരുന്നു. പുതിയ ഐസ് ഫാക്ടറിയും ചെമ്മീന്‍ പീലിംഗ് ഷെഡ്ഡുകളും ഫിനാന്‍സ് കമ്പനിയും ദേവസ്സിയുടെ ഉടമസ്ഥതയിലുയര്‍ന്നു. ദേവസ്സിയുടെ ഫിനാന്‍സ് കമ്പനിയില്‍ നിന്നു കടമെടുത്തവരുടെ ഈടു വസ്തുക്കളിലധികവും ദേവസ്സിയുടെ സ്വന്തമായിക്കൊണ്ടുമിരുന്നു!

ദേവസ്സിയുടെ സാമൂഹിക ബന്ധങ്ങളും വളര്‍ന്നു. പ്രമുഖ രാഷ്ട്രീയക്കാരും പോലീസ് മേധാവികളും ദേവസ്സിയുടെ സൗഹൃദവലയത്തിലും ബിസിനിസ് പങ്കാളിത്തത്തിലുമെത്തി.

വൃക്കരോഗം മൂര്‍ച്ഛിച്ചു് അപ്പന്‍ ആശുപത്രിയിലായപ്പോള്‍ സാമ്പത്തിക സഹായം തേടി ക്ലീറ്റന്‍ ദേവസ്സിയെ കണ്ടിരുന്നു.

"*കിഷ്ണി മാറ്റി വെച്ചാലേ കാര്യമൊള്ളെന്നാണു ഡോക്കിട്ടര്‍മാരു പറേണതു്. അതൊക്കെ നുമ്മ കൂട്ടിയാ കൂടണ ചെലവാണാ? ഇപ്പത്തന്നേ മൂന്നു ദിവസം കൂടുമ്പ ചോര മാറ്റിക്കൊണ്ടിരിക്കേണ്. അതും വല്യേ ചെലവു തന്യേണു്; എന്റെ ദേവസ്തീ, നീയെന്നെ കാര്യമായിട്ടൊന്നു സഹായിക്കണം."

"എനിക്കാരുമില്ലാഞ്ഞ കാലത്തു നിന്റപ്പനും അമ്മേവല്ലേടാ എന്നെ താങ്ങിയതു്! എനിക്കതൊക്കെ മറക്കാമ്പറ്റുവാടാ ? ദേ, നിനക്കറിയാവാ ക്ലീറ്റാ, ഇന്നു കാലത്തും ശൗര്യാരു പുണ്യാളന്റെ കുരിശടീല്‍നിന്റപ്പനു വേണ്ടി മെഴുതിരി കത്തിച്ചു പ്രാര്‍ത്ഥിച്ചതാണു ഞാന്‍ . നെനക്കെത്ര രൂപയാണു വേണ്ടതെന്നു വച്ചാ എന്റെ ചിട്ടിക്കമ്പനീ ചെന്നു മേടിച്ചോ! ഞാന്‍ മാനേയരോടു് പറഞ്ഞേക്കാം. പിന്നെ ചെല്ലുമ്പ നെന്റ പെരേടത്തിന്റ ആധാരോം കൂടി കൊണ്ടു ചെന്നേക്കണേ; ഒപ്പിടാനൊള്ള മുദ്രക്കടലാസൊക്കെ മാനേയരു തന്നോളും. നിന്ന വിച്വാസമില്ലാഞ്ഞിട്ടൊന്നുമല്ല കേട്ടാ, ആധാരത്തിന്റെ കാര്യം പറഞ്ഞതു്. കാശിന്റ കാര്യമല്ലേ ക്ലീറ്റാ, അപ്പ എല്ലാം അതിന്റ ഒരു മൊറക്കു നടക്കണതല്ലേ ശരി?"

ക്ലീറ്റന്റെ അപ്പന്‍ പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമത്തിനെത്തുന്നതിനു മുമ്പു  തന്നെ വീടും പറമ്പും ദേവസ്സിയുടെ പേരില്‍  എഴുതിക്കൊടുത്തു ക്ലീറ്റനു പടിയിറങ്ങേണ്ടി  വന്നു.

വീടും പറമ്പും ദേവസ്സിയുടെ കൈയ്യിലായപ്പോള്‍ തീരത്തോടു് ചേര്‍ന്ന പുറമ്പോക്കു ഭുമിയില്‍ ക്ലീറ്റന്‍ ഒരു കൂരയുണ്ടാക്കി. അതിനു പിന്നിലായി ചെറു മത്സ്യങ്ങളുണക്കി സൂക്ഷിക്കാനായി ഉണ്ടാക്കിയ ചാപ്രയും.

വിദേശത്തേക്കു കയറ്റി അയച്ച ചില ചെമ്മീന്‍ കണ്ടെയ്നറുകള്‍ തിരിച്ചെത്തിയതായിരുന്നു ദേവസ്സിയുടെ തകര്‍ച്ചകളുടെ തുടക്കം. നഷ്ടം ദേവസ്സിയുടെ മാത്രം ബാദ്ധ്യതയാക്കാന്‍ കൂട്ടാളികള്‍ പദ്ധതി മെനഞ്ഞു. ദേവസ്സി അതിനു തയ്യാറാകാതെ വന്നപ്പോള്‍പങ്കുകച്ചവടക്കാരായിരുന്ന ചില പ്രമുഖ രാഷ്ടീയ നേതാക്കളുമായുള്ള ബന്ധങ്ങള്‍ ഉലഞ്ഞു തുടങ്ങി.

ബ്ലേഡു മാഫിയയെ തകര്‍ക്കാനായി നടപ്പാക്കിയ 'ഓപ്പറേഷന്‍ കുബേര"യുടെ ഭാഗമായി ദേവസ്സിയുടെ ധനകാര്യ സ്ഥാപനങ്ങളിലും റെയ്ഡു നടന്നു. പിണങ്ങി പിരിഞ്ഞ പഴയ പങ്കു കച്ചവടക്കാര്‍ പിന്നാമ്പുറത്തു ചരടുവലികള്‍ നടത്തിയപ്പോള്‍ സ്ഥാപനങ്ങള്‍ ഒന്നൊന്നായി അടച്ചു പൂട്ടി.

പല കേസുകളും ഒതുക്കിത്തീര്‍ക്കാനായി ആസ്തികള്‍ പലതും കിട്ടിയ വിലയ്ക്കു വില്ക്കേണ്ടി വന്നു.  ജയില്‍വാസം ഒഴിവാക്കാനായെങ്കിലും ഒടുവില്‍ വെറുംകൈയ്യോടെ കടപ്പുറത്തേക്കു മടങ്ങാനായിരുന്നു ദേവസ്സിയുടെ നിയോഗം.

ഉറക്കെ പൊട്ടിച്ചിരിച്ചും പ്രതാപകാലത്തെ കഥകള്‍ വിളിച്ചു കൂവിയും ചിലപ്പോള്‍ തേങ്ങിക്കരഞ്ഞും കടപ്പുറത്തലഞ്ഞ ദേവസ്സിയെ കൂകി വിളിച്ചു കൊണ്ടു കുട്ടികള്‍ പിന്നാലെ കൂടി.  അയാളോടു സഹതപിക്കാന്‍ ആ തുറയില്‍ ആരുമുണ്ടായില്ല. കടപ്പുറത്തെ മണല്‍, രാത്രികളിള്‍ അയാള്‍ക്കു മെത്തയായി.

"എടീ ഗ്രേസമ്മേ, ഞാനവന ഇങ്ങാട്ടു വിളിച്ചൊണ്ടു വാരാമ്പോകേണു്... നുമ്മ  വീട്ടീ ഒണ്ടാക്കണതലിത്തിരി വല്ലതും കൊടുത്താ, അതും വാരിത്തിന്നു് അവനാ ചാപ്രേലെവിടേങ്കിലും കെടന്നോളും..."

"ആരിക്കട കാര്യാ മനുഷേനേ, നിങ്ങ ഈ പറയണതു് ?" ഗ്രേസമ്മ കാര്യം മനസ്സിലാകാതെ ചോദിച്ചു.

"വേറാരിക്കട കാര്യാ, നുമ്മട ദേവസ്തീട കാര്യം തന്നെ. അവനീ കടപ്പൊറം മുഴ്വോനും തെണ്ടി നടക്കണതു നീയും കാണണതല്ലേ?"

" നിങ്ങക്കിതെന്നാത്തിന്റെ കേടാണു്? രണ്ടു പുള്ളേരേം കൊണ്ടു നുമ്മ ഈ പൊറമ്പോക്കിലേക്കെറങ്ങണ്ടി വന്നതു് അതിയാന്‍ കാരണവല്ലേ? ഇപ്പ തെണ്ടി നടക്കണെങ്കി അതു ദൈവശിക്ഷേണന്നു കരുതിയാ മതി."

"കൈയ്യിലിച്ചിരി പുത്തന്‍ വന്നപ്പ അവനിച്ചിരി അഹങ്കരിച്ചു് ! അതിനൊള്ള ശിക്ഷേം കിട്ടിയെന്നു കരുതിക്കോ. ഒടേതമ്പുരാന്‍ ശിക്ഷിച്ച ആള ഇഞ്ഞി നുമ്മളും കൂടി ശിക്ഷിക്കണാടീ?"

"ഞാനെന്റ മനസ്സിത്തോന്നിയതു പറഞ്ഞന്നേയൊള്ള്. നിങ്ങ എന്താന്നു വെച്ചാ ചെയ്യു്; ഞാനെന്നെങ്കിലും നിങ്ങക്കട ഇഷ്ടത്തിനെതിരു നിന്നിട്ടൊണ്ടാ?"

അന്നു മുതല്‍ ദേവസ്സിയുടെ താമസം ക്ലീറ്റന്റെ ചാപ്രയിലായി. ഗ്രേസമ്മയുണ്ടാക്കുന്ന ഭക്ഷണത്തില്‍ ഒരു പങ്കു്  അയാള്‍ക്കും ലഭിച്ചു.

ചായക്കടയില്‍ നിന്നിറങ്ങിയ ക്ലീറ്റനും ദേവസ്സിയും ക്ലീറ്റന്റെ ചാപ്രയിലെത്തി. ചാപ്രയുടെ മൂലയില്‍ ചുരുട്ടി വച്ചിരുന്ന പായ തറയില്‍ വിരിച്ചു  ക്ലീറ്റന്‍ ദേവസ്സിയെ കിടത്തി.

"നീ ഇവിടക്കെടന്നൊന്നൊറങ്ങ്! സന്ധ്യ മയങ്ങീട്ടേ വലപ്പണീം കഴിച്ചു ഞാനിങ്ങാട്ടു വരത്തൊള്ള്. ഞാന്തിരിച്ച് വരാത എങ്ങും പോയ്ക്കളയരുതു കേട്ടാ. അല്ലങ്കി വേണ്ട. നീയൊറങ്ങീട്ടേ ഞാമ്പോണൊള്ളൂ"

ക്ലീറ്റന്‍ ദേവസ്സിയുടെ തലയ്ക്കല്‍ പായയിലിരുന്നു. ദേവസ്സിയുടെ മുടിയിഴകളിലൂടെ മെല്ലെ വിരലോടിച്ചു. കുറച്ചുനേരം ക്ലീറ്റന്റെ മുഖത്തേക്കു നട്ടിരുന്ന ദേവസ്സിയുടെ മിഴികള്‍ മെല്ലെയടഞ്ഞു. പിതാവിന്റെ വാത്സല്യപൂര്‍വ്വമായ തലോടലേറ്റു മയങ്ങുന്ന കുഞ്ഞിനെപ്പോലെ അയാള്‍ നിദ്രയിലേക്കു വഴുതി.

ശാന്തനായുറങ്ങുന്ന ദേവസ്സിയുടെ മുഖത്തേക്കു നോക്കി ക്ലീറ്റന്‍ കുറച്ചുനേരമിരുന്നു. പിന്നെ അയാളെ ഉണര്‍ത്താതെ സാവധാനമെഴുന്നേറ്റു. ചാപ്രയുടെ വാതില്‍ മെല്ലെ ചാരി ക്ലീറ്റന്‍ പുറത്തേക്കു നടന്നു. 


----------------------------------------------------------------------------------------------------------
*അഹമ്മതി - അഹങ്കാരം
*മഞ്ചീം - വഞ്ചിയും
*കീറ്റ് - കീറല്‍
*ചാപ്ര - മത്സ്യ ബന്ധനോപാധികളും  ഉണക്കിയ മത്സ്യവുമൊക്കെ സൂക്ഷിക്കാനായുണ്ടാക്കുന്ന കൂടാരം
*അനത്തി - ചൂടാക്കി
*പുത്തന്‍ - പണം.
*കിഷ്ണി  - കിഡ്നി

2015, മേയ് 1, വെള്ളിയാഴ്‌ച

പരോപകാരം

ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍, എമിഗ്രേഷന്‍ കൌണ്ടറിന്റെ ഗേറ്റിനു മുന്നില്‍ വച്ചു സിന്ധുവിന്റെ കൈയ്യിലേക്കു ശ്രീദേവി പാസ്പോര്‍ട്ടും ബോര്‍ഡിംഗ് പാസും ഹാന്‍ഡ് ലഗേജും നല്കി.

"ഇതിനപ്പുറത്തേക്കു യാത്രക്കാര്‍ക്കു മാത്രമേ പോകാനാവൂ. സന്തോഷമായി പോയ്‌ക്കൊള്ളൂ. മൂന്നു മാസത്തെ വിസിറ്റ് വിസയുടെ കാലാവധിക്കുള്ളില്‍ എനിക്കു ചെയ്യാന്‍ പറ്റുന്ന പരമാവധി സഹായം ഞാന്‍ മോള്‍ക്കു ചെയ്തിട്ടുണ്ടു്. മോളുടെ ആത്മാര്‍ത്ഥമായ സഹകരണം എനിക്കു ലഭിച്ചതുകൊണ്ടുകൂടിയാണു് എനിക്കതിനു സാധിച്ചതു്.

ഒരു ശ്രമം കൂടി നടത്തണമെന്നു തോന്നിയാല്‍ എന്നെ വിളിക്കാന്‍ മടിക്കേണ്ട. ആറുമാസത്തിനു ശേഷമേ ഇങ്ങോട്ടു വീണ്ടുമൊരു വിസിറ്റ് വിസ ലഭിക്കൂ. കാടാറുമാസം നാടാറുമാസം എന്നു പറയുന്നതു പോലെ അവിടെയും ഇവിടെയുമായി സന്തോഷമായി പോകാം.

പക്ഷേ മറ്റുള്ളോരു നന്നാകുന്നതു കണ്ടാല്‍ കണ്ണുകടി തുടങ്ങുന്ന നമ്മുടെ കൊറേ നാട്ടുകാരുണ്ടല്ലോ, അവന്മാരും അവളുമാരുമൊക്കെ ചുമ്മാ ഓരോരോ കുത്തിക്കുത്തി ചോദ്യങ്ങളുമായി ഇറങ്ങും. അതിനൊന്നും മറുപടി പറയാന്‍ നില്കേണ്ട!

വേണമെങ്കില്‍ ഈ ആറുമാസക്കാലത്തിനിടയ്ക്കു സിംഗപ്പൂരോ മലെഷ്യയിലോ ഒക്കെ ഒന്നു സന്ദര്‍ശിച്ചു വരാം... അവിടെയും നമുക്കു വേണ്ടപ്പെട്ട ചിലരൊക്കെയുണ്ടെന്നേ! അതാവുമ്പോള്‍ ഒന്നോ രണ്ടോ വര്‍ഷത്തിലൊരിക്കല്‍ നാട്ടിലെത്തിയാല്‍ മതി, നാട്ടുകാരുടെ കുനുഷ്ട്ട് ചോദ്യങ്ങള്‍ ഒഴിവാക്കുകയുമാകാം. പിന്നീടു സൗകര്യം പോലെ വേണമെങ്കില്‍ ഇവിടെത്തന്നെ ഒരു പെര്‍മനന്റ് വിസയും നോക്കാം. എന്താ വേണ്ടതെന്നു മോള്‍ തന്നെ ആലോചിച്ചു തീരുമാനിച്ചാല്‍ മതി. എന്നിട്ടെന്നെ വിളിക്കു്.

പിന്നൊരു കാര്യം, ഞാന്‍ വീണ്ടും പറയുകയാണു്, നാട്ടില്‍ ചെന്നു ഓരോന്നു പൊടിപ്പും തൊങ്ങലും ചേര്‍ത്തു്  ആരോടും പറയാന്‍ നില്‍ക്കേണ്ട. ഞാന്‍ നേരത്തേ പറഞ്ഞതു പോലെ ആരേലും നന്നാവുന്നതു കണ്ടാല്‍ പരദൂഷണവുമായി ഇറങ്ങുന്ന വര്‍ഗ്ഗങ്ങളാണെല്ലാം.

എന്നാല്‍ ശരി, മോള്‍ പോയി വാ"
ശ്രീദേവി, സിന്ധുവിനെ കവിളില്‍ ചുംബിച്ചു യാത്രയാക്കി.
അണ്ണാറക്കണ്ണനും തന്നാലായതു്. ഇങ്ങനെയൊക്കെയല്ലേ മറ്റുള്ളവരെ സഹായിക്കാനാകുന്നതു്. ഇവിടെയായതു കൊണ്ടു്  ഇങ്ങനെ ചില സഹായങ്ങളൊക്കെ ചെയ്യാനാകുന്നു. നാട്ടിലായിരുന്നെങ്കില്‍ വാണിഭം, പീഡനം തുടങ്ങിയ ചില പ്രത്യേക പദങ്ങളുമായി പത്രക്കാരും ചാനലുകാരുമൊക്കെ ചേര്‍ന്ന്‍ പരമ്പരകളുണ്ടാക്കിയേനെ!

ചുമ്മാതല്ല, ആ നാടു നന്നാവാത്തതു്!
ഓരോന്നോര്‍ത്തു്  ശ്രീദേവി തിരക്കിട്ടു് അറൈവല്‍ ടെര്‍മിനലിലേക്കു നടന്നു. രണ്ടു പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കു കൂടി സൗജന്യമായി വിസിറ്റ് വിസ നല്കിയിരുന്നു. അവരുടെ ഫ്ലൈറ്റ് എത്തിയിട്ട് അരമണിക്കൂര്‍ ആയിട്ടുണ്ടാകും. എമിഗ്രേഷന്‍ നടപടികള്‍ കഴിഞ്ഞ് അവര്‍ പുറത്തെത്തുന്നതിനു മുമ്പ് അങ്ങെത്തണം. 
"രണ്ടാള്‍ രക്ഷപ്പെട്ടാല്‍ രണ്ടു കുടുംബങ്ങളാണു  രക്ഷപ്പെടുന്നതു്. അതിലൊരുപങ്ക് എനിക്കും അവകാശപ്പെട്ടതു തന്നെ!" ശ്രീദേവിയുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു.

വിഷുക്കൈനീട്ടം

ഓഫീസില്‍ നിന്നും വീട്ടിലെത്തി ചായ വച്ചു. മക്കള്‍ സ്കൂളില്‍ നിന്നെത്തുന്നതിനു മുമ്പേ അവര്‍ക്കായി ലഘുപലഹാരവും തയ്യാറാക്കി. അപ്പോഴാണു് അനിത പണത്തിന്റെ കാര്യമോര്‍ത്തതു്.
പി. ഡബ്ല്യൂ.ഡി. ഓഫീസില്‍  എല്‍. ഡി. ക്ലാര്‍ക്കാണു് അനിത. ഇന്നു് ഏഴു കോണ്ട്രാക്ടര്‍മാരുടെ ബില്ലുകള്‍ പാസ്സായി. എക്സിക്യുട്ടീവു് എന്‍ജിനീയര്‍ മുതല്‍ പ്യൂണ്‍ വരെയുള്ളവര്‍ക്കുള്ള വിഹിതം കൃത്യമായി പേരെഴുതിയ കവറുകളിലാക്കി പ്യൂണ്‍ ശിവരാമനെയാണു കോണ്ട്രാക്ടര്‍മാരുടെ പ്രതിനിധികള്‍ ഏല്പിക്കുക. അയാള്‍ അതെല്ലാം കൃത്യമായി ഓരോരുത്തരുടെയും മേശയില്‍ എത്തിക്കും. അനിതയുടെ വിഹിതം ആയിരം രൂപയാണു്ആയിരത്തിന്റെ എഴു നോട്ടുകള്‍ പേഴ്സില്‍ വച്ചു് അനിത പേഴ്സ് ബാഗിനുള്ളിലാക്കി. പിന്നെ പതിവു ജോലികളില്‍ വ്യാപൃതയായി.

വിഷുവിനിനി കുറച്ചു ദിവസങ്ങളേ ബാക്കിയുള്ളൂ. ഇത്തവണത്തെ വിഷു ആഘോഷമാക്കാനുള്ള പണമാണു കൈയ്യില്‍ വന്നതു്. എന്നിട്ടും അക്കാര്യം പിന്നീടെന്തേ ഓര്‍മ്മ വരാതിരുന്നതു്?


കൃഷ്ണാ, ഗുരുവായുരപ്പാ..!” അനിത ഉത്സാഹത്തോടെ ബാഗില്‍ നിന്നും പഴ്സ് എടുത്തു തുറന്നു.

അയ്യോ, ചതിച്ചല്ലോ കൃഷ്ണാ...”

നോട്ടുകളില്‍ ഒന്നുപോലും പേഴ്സിലില്ല. കവറുകളില്‍ നിന്നും പണം പേഴ്സിലേക്ക് മാറ്റി, പേഴ്സ് ബാഗില്‍ വച്ചതായി ഓര്‍മ്മയുണ്ടു്. പിന്നീടെന്താണു സംഭവിച്ചതു്?

ഏഴു കോണ്ട്രാക്ടര്‍മാര്‍ക്കു് ഒരുമിച്ചു ബില്‍ മാറിക്കിട്ടിയതിന്റെ സന്തോഷം ഓഫീസില്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു. അതിന്റെ ഭാഗമായ നര്‍മ്മസല്ലാപങ്ങളും അല്പം ജോലിയുമൊക്കെയായി സമയം പോയതറിഞ്ഞില്ല. അതിനിടയില്‍ ആരാണു പേഴ്സില്‍നിന്നും പണം മോഷ്ടിച്ചതു്?

അതാരായാലും ആ കള്ളന്റെ തലയില്‍ ഇടിത്തീ വീഴണേ, ഭഗവാനേ...!” ആത്മാര്‍ത്ഥമായിത്തന്നെ അനിത കള്ളനെ ശപിച്ചു.

മനസ്സു് ആകെ പ്രക്ഷുബ്ധമായി. ഒരു മനസ്സമാധാനവുമില്ലാത്ത മണിക്കൂറുകളായിരുന്നു പിന്നീടു്. രമേശനോടും മക്കളോടുമെല്ലാം വഴക്കടിച്ചു. അത്താഴമുണ്ടാക്കാന്‍ പോലും നില്‍ക്കാതെ തലവേദനയെന്നു പറഞ്ഞു കിടന്നു. രമേശന്‍ ചപ്പാത്തിയും പരിപ്പുമുണ്ടാക്കി മക്കള്‍ക്കു കൊടുത്തു. അനിതയേയും വിളിച്ചെങ്കിലും എഴുന്നേറ്റില്ല. കള്ളന്‍ കൊണ്ടുപോയ ഏഴായിരം രൂപയെക്കുറിച്ചു മാത്രം ഓര്‍ത്തും കള്ളനെ ശപിച്ചും അനിത എപ്പോഴോ ഉറക്കത്തിലേക്കു വഴുതി

ഈ വിഷുവിനു രമേശനും മക്കള്‍ക്കും എടുക്കേണ്ട വസ്ത്രങ്ങളെക്കുറിച്ചും താനെടുക്കാന്‍ ഉദ്ദേശിക്കുന്ന സാരിയെക്കുറിച്ചുമെല്ലാം യു. ഡി. ക്ലാര്‍ക്ക് ഗായത്രിയോടു് അനിത വാചാലയായിക്കൊണ്ടിരുന്നു. അപ്പോള്‍ മഞ്ഞപ്പട്ടുടുത്തു, പീലിത്തിരുമുടിയണിഞ്ഞു് അമ്പാടിക്കണ്ണന്‍ ആ മുറിയിലേക്കു കടന്നു വന്നു. മേശപ്പുറത്തിരിക്കുന്ന അനിതയുടെ പേഴ്സിനു നേരെ കൃഷ്ണന്‍ മലര്‍ത്തിപ്പിടിച്ച വലതു കരം നീട്ടി. ബാഗില്‍നിന്നും ഒന്നിനു പിന്നാലെ ഒന്നായി ആയിരത്തിന്റെ ഏഴു നോട്ടുകള്‍ കൃഷ്ണന്റെ കൈപ്പത്തിയിലേക്കു വിലയം കൊണ്ടു.

"കൃഷ്ണാ, നീ..."

അനിത കണ്ണു തുറന്നു. ഓഫീസും ഗായത്രിയും കൃഷ്ണനും ഒന്നുമില്ല. ചുറ്റും ഇരുട്ടു മാത്രം!
അനിതയ്ക്കു വീണ്ടും ദേഷ്യം വന്നു

കള്ളക്കൃഷ്ണാ, ഓര്‍മ്മവച്ചനാള്‍ മുതല്‍ ഇന്നിതുവരെ നിന്റെ വിഗ്രഹത്തിനു മുന്നില്‍ തിരി തെളിച്ചിട്ടല്ലേ ഞാനെന്റെ ദിവസങ്ങള്‍ തുടങ്ങിയിട്ടുള്ളൂ! നിന്നോടുള്ളത്ര ഭക്തി വേറെയേതു ദൈവത്തോടാണു് എനിക്കുണ്ടായിട്ടുള്ളതു്? എന്നിട്ടും നീയെന്നോടിതു ചെയ്തല്ലോ. എന്റെ വിഷുപോലും നീ അലങ്കോലമാക്കിയില്ലേ! ഇനി എനിക്കു നിന്നെ വേണ്ട; ഇനി വിഷുവുമില്ല, വിഷുക്കണിയുമില്ല...” കൃഷ്ണനോടു പരിഭവം പറഞ്ഞു പറഞ്ഞു് അനിത വീണ്ടും ഉറക്കത്തിലേക്കു വഴുതി.

ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടക്കുന്നു. അനിതയുടെ കൈകളില്‍ വിലങ്ങു വച്ച വനിതാപോലീസുകാര്‍ അവളെ ഓഫീസില്‍ നിന്നും പുറത്തേക്കു നയിച്ചു. ഓഫീസിനു പുറത്തു ചാനല്‍ കാമറകള്‍ നിറഞ്ഞിരിക്കുന്നു. 

"ഭഗവാനേ, കൃഷ്ണാ, ഈ ദൃശ്യങ്ങള്‍ ഇന്നു ലോകം മുഴുവനുമെത്തും. ഇനിയെങ്ങനെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മുഖത്തു നോക്കും..! രമേശേട്ടനും മക്കളും എങ്ങനെയാവും പ്രതികരിക്കുക..."

കൃഷ്ണാ.......” അനിത ഉറക്കെക്കരഞ്ഞു വിളിച്ചു.

പെട്ടന്നു ചുറ്റുമുണ്ടായിരുന്നവര്‍ വിടെയോ പോയ്‌മറഞ്ഞു.. മുന്നില്‍ ള്ളച്ചിരിയുമായി അമ്പാടിക്കണ്ണന്‍ മാത്രം. കണ്ണന്റെ കയ്യില്‍നിന്നും ആയിരത്തിന്റെ ഏഴു നോട്ടുകള്‍ അന്തരീക്ഷത്തിലേക്കുയര്‍ന്നു പറന്നു. പിന്നെവിടെയോ അപ്രത്യക്ഷമായി.
അനിത കട്ടിലില്‍നിന്നും ചാടിയുണര്‍ന്നു. നേരം പുലര്‍ന്നു തുടങ്ങുന്നു. പൂജാമുറിയിലെ ഗുരുവായൂരപ്പന്റെ വിഗ്രഹത്തിലേക്കു നോക്കി അവള്‍ കൈകള്‍ കൂപ്പി.

സ്വന്തം അദ്ധ്വാനത്തിന്റെ വിലയല്ലാത്ത ഒരു സമ്പാദ്യവും എനിക്കിനി വേണ്ട കൃഷ്ണാ... വിഷുവിനു മുമ്പേ നീയെനിക്കു നല്കിയ വിഷുക്കൈനീട്ടമാണു് ഈ ദര്‍ശനം...” അനിതയുടെ കണ്ണില്‍നിന്നും കണ്ണുനീര്‍ ‍ധാരയായൊഴുകി....