ഓണമെന്നാല്‍ ഓര്‍മ്മകളുടെ ഒരുത്സവമാണെന്നാണ് പലപ്പോഴുമെനിക്കു തോന്നിയിട്ടുള്ളത്. പ്രജകളുടെ ക്ഷേമത്തിനു മറ്റെന്തിനെക്കാളും പ്രാധാന്യം നല്‍കിയിരുന്ന ഒരു രാജാവിന്റെ ഭരണകാലത്തെക്കുറിച്ചുള്ള സങ്കല്പങ്ങളില്..., കള്ളവും ചതിവുമില്ലാത്ത ഒരു കാലത്തിന്റെ സങ്കല്പങ്ങളില്..., മലയാളികൾ സമത്വസുന്ദരമായൊരു ലോകത്തെ സ്വപ്നംകാണുന്നുവെന്നതുകൊണ്ടുമാത്രമല്ല, അങ്ങനെയൊരു തോന്നല്‍...
എന്റെ ബാല്യത്തില്‍ മുതിര്‍ന്നവര്‍ പറഞ്ഞുകേട്ടിരുന്ന ഒരു പതിവുപല്ലവിയുണ്ട്: "പണ്ടായിരുന്നു, ഓണം. ഇപ്പോള്‍ എല്ലാം ഒരുതരം കാട്ടിക്കൂട്ടലുകള്മാത്രം..." ഇപ്പോള്‍ എന്റെ തലമുറയിലുള്ളവരും ഇതേ പല്ലവിതന്നെ, ഇന്നത്തെ കുട്ടികളോട് ആവര്ത്തിച്ചുപാടുന്നതു കേള്‍ക്കുമ്പോള്‍ വര്ത്തമാനത്തിലല്ല, ഭൂതകാലത്തിന്റെ ഓര്‍മ്മകളിലാണ് ഓണത്തിന്റെ പൂര്‍ണ്ണിമയെന്നു കരുതുന്നതില്‍ തെറ്റുണ്ടോ?
എന്നാല്‍പ്പിന്നെ എന്റെ ഓര്‍മ്മകളിലെ ഓണക്കാലങ്ങളിലേക്കു താങ്കള്‍കൂടെ എന്നോടൊപ്പം വരുകയല്ലേ? കുറച്ചുകാലംമുമ്പു ഞാനെഴുതിയ ഒരോണക്കവിതയുമായി തുടങ്ങാം എന്റെയോര്മ്മകളിലെയോണം...
ആടിമാസക്കാറൊഴിഞ്ഞുപോയ് മാനത്തു്;
ഓടിയണഞ്ഞല്ലോ ചിങ്ങമാസം!
എങ്ങോ മറഞ്ഞൊരെന്‍ ബാല്യസ്മരണക-
ളെന്നിലുണര്ത്തുന്നൊരോണമാസം!
പൂക്കളിറുക്കുവാന്‍ പാടവരമ്പത്തു
പൂക്കൂടയേന്തിയലഞ്ഞ ബാല്യം;
നിത്യവും മുറ്റത്തു ചേലെഴും പൂക്കളാ-
ലത്തക്കളംതീര്‍ത്ത പുണ്യകാലം.
കോടിയുടുത്തേറെക്കേമത്തംഭാവിച്ചു
കൂട്ടരോടൊപ്പം മദിച്ചകാലം;
മുറ്റത്തെ മുത്തശ്ശിമാവിലെയൂഞ്ഞാലില്‍
മാനത്തുയര്ന്നുപറന്നകാലം...
കാലപ്രവാഹത്തിനൊപ്പമൊഴുകിപ്പോയ്
നലമെഴുമക്കാലമെന്നില്‍നിന്നും!
എന്നാല്‍ മലയാളമുള്ളകാലത്തോള-
മെന്നുമോണത്തിന്‍ ഗരിമയുണ്ടാം;
നാടിന്‍പ്രജകള്‍തന്‍ ക്ഷേമൈശ്വര്യങ്ങള്‍ക്കായു്,
നന്മനിറഞ്ഞ മനസ്സുമായി,
നാടുഭരിച്ച നൃപന്റെ സ്മരണകള്‍
നാടാകെയുത്സവ ഘോഷമേകും!
ചിത്രത്തിനു കടപ്പാട്: puzha.com |
ഓണമെന്നോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നതു പൂക്കളങ്ങള്തന്നെ. പൂക്കള്‍ ശേഖരിക്കാനുള്ള ആദ്യയാത്രകള്‍ ചേച്ചിമാരോടൊപ്പമായിരുന്നു. സ്കൂളില്‍നിന്നു വന്നതിനുശേഷം പുസ്തകങ്ങള്‍ എവിടെയെങ്കിലും എറിഞ്ഞിട്ട്, ചായകുടിക്കാന്പോലുംനില്ക്കാതെ, കടലാസുകൂടകളുമായി പറമ്പുകളിലും തോട്ടിറമ്പുകളിലുമലയുകയായി! എന്തുമാത്രം തുമ്പപ്പൂക്കളായിരുന്നു ഓരോദിവസവും ശേഖരിച്ചിരുന്നത്! പിന്നെയും ഒരുപാടുതരം പൂക്കള്‍ ... ഞങ്ങള്‍ അന്നു പറഞ്ഞിരുന്ന പേരുകള്തന്നെയാണോ അവയുടെ യഥാര്‍ത്ഥപേരുകള്‍ എന്നെനിക്കറിയില്ല. പെരികിലപ്പൂവ്, മുക്കുറ്റിപ്പൂവ്, കാക്കപ്പൂവ്, പല്ലുവേദനപ്പൂവ് (സ്വര്‍ണ്ണനിറത്തില്‍ സ്തൂപരൂപത്തിലുള്ള പൂവിനെ ഞങ്ങള്‍ അങ്ങനെതന്നെയാണു വിളിച്ചിരുന്നത്.), തോട്ടിറമ്പുകളില്‍ ധാരാളമായി വളര്‍ന്നിരുന്ന മഞ്ഞനിറമുള്ള മനോഹരമായ പൂവിന്റെ പേര് ഓര്‍മ്മയില്ല, കോളാമ്പിപ്പൂവ് അങ്ങനെ പലതരം പൂവുകളുമായി കൂടകള്നിറച്ചു വീട്ടിലെത്തുമ്പോള്‍ ഇരുട്ടുവീണിരിക്കും. ഇതുകൂടാതെ വീട്ടില്‍ത്തന്നെയുള്ള ചെത്തി, പലതരം ചെമ്പരത്തികള്‍, പാരിജാതം, നന്ത്യാര്‍വട്ടം തുടങ്ങിയവയുടെ പൂക്കളും ഞങ്ങള്‍ അത്തക്കളത്തില്‍ നിറച്ചിരുന്നു.
രാവിലെ ഞാനുണര്‍ന്നുവരുമ്പോള്‍ ചേച്ചിമാര് അത്തക്കളമൊരുക്കിയിട്ടുണ്ടാകും. കുറേനേരം അതിനടുത്തിരുന്ന്, അതിന്റെ ഭംഗിയാസ്വദിച്ചതിനുശേഷമേ മറ്റു കാര്യങ്ങളിലേക്കു കടന്നിരുന്നുള്ളൂ.
ചേച്ചിമാര് മുതിര്‍ന്നപ്പോള്‍ ഞാനും അനുജത്തിയുമായി പൂക്കള്‍ ശേഖരിക്കുന്നവര്‍. അത്തക്കളമൊരുക്കാന്‍ അപ്പോഴും ചേച്ചിമാര്തന്നെയായിരുന്നു മുന്‍പന്തിയില്‍!
കസവുമുണ്ടും ജൂബയും, പിന്നെ ശംഖുമാര്‍ക്ക് കൈലി മുണ്ടുമായിരുന്നു പ്രൈമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ സ്ഥിരമായി കിട്ടിയിരുന്ന ഓണക്കോടി. മറ്റുകുട്ടികള്‍ നിക്കറുകള്‍ ധരിച്ചുവരുമ്പോള്‍ ചെറിയ മുണ്ടുടുത്ത്, അവരുടെ മുമ്പില്‍ വിലസിയിരുന്നതു തെല്ലഹങ്കാരത്തോടെതന്നെയായിരുന്നു!
ചെറിയകുട്ടിയായിരിക്കുമ്പോള്‍ ചേച്ചിമാര്‍ക്കൊപ്പം പെണ്‍കുട്ടികളുടെ ഓണക്കളികളിലാണു പങ്കെടുത്തിരുന്നത്. കലിയും പുലിയും, വട്ടക്കളി, കുമ്മയടി തുടങ്ങിയ കളികളൊക്കെ ഇപ്പോഴും ഓര്‍മ്മയിലെവിടെയോ തെളിയുന്നുണ്ട്.
മുതിര്‍ന്നപ്പോള്‍ കബഡി കളി, മണ്ണില്‍ കളംവരച്ച്, ആറു കവിടികളെറിഞ്ഞുകിട്ടുന്ന എണ്ണങ്ങള്‍ക്കനുസരിച്ച് കളങ്ങളിലൂടെ കരുക്കള്നീക്കിക്കൊണ്ടുപോകുന്ന പഞ്ചീസുകളി തുടങ്ങിയ ആണ്‍കുട്ടികളുടെ കളികളിലായി കമ്പം. ഉത്രാടരാത്രികളില്‍ കൂട്ടുകാര്‍ക്കൊപ്പം മാവേലിവേഷംകെട്ടി നാട്ടിലെ വീടുകളില്‍ കയറിയിറങ്ങുന്നതും ആഘോഷങ്ങളുടെ ഭാഗമായിരുന്നു
ഓണക്കാലത്ത്, വീട്ടിലെ മാവിന്കൊമ്പില് ഒരു ചെറിയ ഊഞ്ഞാല് കെട്ടാറുണ്ട്. എന്നാല്‍ അയല്പക്കത്തെ രാജപ്പന്‍ചേട്ടന്റെ വീട്ടിലായിരുന്നു പ്രധാന ഊഞ്ഞാലാട്ടവേദി. ആലാത്ത് എന്നറിയപ്പെടുന്ന കയറുപയോഗിച്ച് വളരെ ഉയരമുള്ള മരക്കൊമ്പില്ക്കെട്ടുന്ന വലിയ ഊഞ്ഞാലായിരുന്നു അവിടെയുണ്ടായിരുന്നത്. ചെറിയകുട്ടികള്‍ക്ക് ആ ഊഞ്ഞാലില്ക്കയറാന് അനുവാദമുണ്ടായിരുന്നില്ല. മുതിര്‍ന്നവര്‍ മാനംമുട്ടെ ഉയര്‍ന്നു പറക്കുന്നതു കാണാമെന്നുമാത്രം. ഹൈസ്കൂളിലെത്തിയപ്പോഴാണു് അതില്ക്കയറിയാടാനും ഊഞ്ഞാലിലിരുന്നുകൊണ്ട് ഉയര്ന്നകൊമ്പിലെ മാവില കടിച്ചെടുത്തു കേമത്തംകാട്ടാനും അവസരം കിട്ടിത്തുടങ്ങിയത്.

അന്നൊക്കെ നാട്ടില്‍ ഒരുപാടു് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബുകളുണ്ടായിരുന്നു. അവയുടെയെല്ലാം വാർഷികാഘോഷങ്ങള്‍ ഓണക്കാലത്താണെത്തുക. വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട മത്സരങ്ങളിലെല്ലാം പങ്കെടുക്കുക പതിവായിരുന്നു. വീട്ടില്‍നിന്നു മൂന്നുനാലുകിലോമീറ്റര്‍ അകലെയുള്ള ക്ലബ്ബുകളില്പോലും മത്സരങ്ങള്ക്കായിപ്പോയി സമ്മാനവുമായി വന്നിട്ടുണ്ട്. ക്വിസ്, ഉപന്യാസരചന, പ്രസംഗം, കഥാരചന, കവിതാരചന തുടങ്ങിയ മത്സര ഇനങ്ങളിലാണു ഞാന്‍ പൊതുവേ പങ്കെടുത്തിരുന്നത്.
(ഓണവുമായി ബന്ധമില്ലാത്ത ഒരു മത്സരവിശേഷംകൂടെ പറയാം. ഞാന്‍ പത്താംതരത്തില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ യുവജനോത്സവത്തിനു ശാസ്ത്രീയ സംഗീതമത്സരത്തിനു ചേര്‍ന്നു. പാറമേല്‍ ചിരട്ടയുരയ്ക്കുംപോലുള്ള സുന്ദരശബ്ദത്തില്‍ നാടോടിസാവേരിരാഗത്തില് സ്റ്റേജിലിരുന്നു ഞാന്‍ പാടി: "വരവീണ മൃദുപാണി വനരുഹലോചന റാണി സുരുചിരബംബരവേണി...." ഇടയ്ക്കിടെ ഓര്‍മ്മവരുമ്പോള്‍ വലതുകൈകൊണ്ടു തുടയില്‍ ആഞ്ഞടിച്ചു. മത്സരത്തിന്റെ വിധികര്‍ത്താക്കളായ ടീച്ചര്മാര് തലയറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. സംഗീതപിര്യഡില് ഈ ടീച്ചര്‍തന്നെ ക്ലാസ്സില്‍ പാടിപ്പഠിപ്പിച്ച കീര്ത്തനംകേട്ടാല് ചിരിവരുമോ? അവരുടെ ചിരിയുടെ അര്‍ത്ഥം എത്രയാലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല.വര്‍ഷങ്ങള്‍ക്കുശേഷം എന്റെ മോള് വാക്കുകള്‍ കൂട്ടിച്ചൊല്ലി സംസാരിച്ചു തുടങ്ങിയപ്പോള്‍ എന്നോടൊരുകാര്യം പറഞ്ഞു. അപ്പോഴാണ് എന്റെ ടീച്ചര്‍മാരുടെ അന്നത്തെ ചിരിയുടെ അര്‍ത്ഥം എനിക്കു മനസ്സിലായത്. എന്റെമോള് ജനിച്ചനാള്‍ മുതല്‍ ഞാന്‍ അവളെ പാടിയുറക്കുമായിരുന്നു. -അവളെയുറക്കാന് ഞാനന്നുണ്ടാക്കിയ പാട്ടുകളിലൊന്നു പില്ക്കാലത്ത് അല്‍ഫോന്‍സ് ജോസഫിന്റെ സംഗീതസംവിധാനത്തില്‍ ജ്യോത്സ്ന ആലപിച്ചിട്ടുണ്ട്. - എന്റെ മോള് സംസാരിച്ചുതുടങ്ങിയകാലത്ത്, വാക്കുകള്‍ മുറിച്ചു മുറിച്ച്, എന്നോടു പറഞ്ഞു: ചാച്ചന് പാടണ്ട, കഥ പറഞ്ഞു തന്നാല്‍മതി. ഒരുവയസ്സുള്ള കുഞ്ഞിനുപോലും എന്റെ പാട്ടിനോട് അത്ര മികച്ച അഭിപ്രായമാണെങ്കില്‍ മുതിര്‍ന്നവരുടെ കാര്യം പറയണോ! എന്തായാലും പിന്നെ കഥ കേട്ടുകേട്ട് ഏഴെട്ടുവയസ്സായപ്പോള്തന്നെ അവളൊരു കഥയെഴുത്തുകാരിയായിത്തുടങ്ങിയിരുന്നു.)
വീണ്ടുമോണത്തിലേക്കു മടങ്ങാം. ഓണത്തിന്റെ നാലുദിവസങ്ങളിലും വിഭവസമൃദ്ധമായ വെജിറ്റേറിയന്‍ ഭക്ഷണം ഉണ്ടാക്കുമെങ്കിലും പ്രഥമനും പായസവും പപ്പടവും പഴവുമൊക്കെയായുള്ള ആഘോഷകരമായ സദ്യവട്ടം ചതയദിനത്തിലായിരുന്നു. ചിങ്ങമാസത്തിലെ ചതയത്തിലാണ് അപ്പച്ചന്റെ പിറന്നാള്‍. അതിനാലാണു പിറന്നാളാഘോഷവും ഓണാഘോഷവും നാലാമോണത്തിലേക്കു മാറിയത്.
ഏതാണ്ടു പ്രീഡിഗ്രിക്കാലംവരെയേ ഓണക്കളികളും ആഘോഷവുമൊക്കെ എനിക്കുണ്ടായിരുന്നുള്ളൂ. അതിനുശേഷം എഞ്ചിനീയറിംഗ് പഠനത്തിനായി തൃശൂരിലേക്കു പോയി. പിന്നെ ജോലിക്കായുള്ള അലച്ചിലുകള്‍, നാട്ടില്‍ ഉണ്ടാകുന്നതുതന്നെ വല്ലപ്പോഴുമായപ്പോള്‍ സൗഹൃദങ്ങളുടെ ഊഷ്മളത കുറഞ്ഞുതുടങ്ങി. ജോലി ദുബായിലായപ്പോള് ചിങ്ങംതുടങ്ങിയാല് ക്രിസ്മസ് എത്തുംവരെ എല്ലാ വെള്ളിയാഴ്ചകളിലും ഏതെങ്കിലുമൊക്കെ ഗ്രൂപ്പുകളുടെ വക ഒണാഘോഷങ്ങളുണ്ടാകും. എന്നാലും ഉപ്പോളംവരില്ലല്ലോ ഉപ്പിലിട്ടത്!
ഓര്‍മ്മകളിലെ ഓണത്തിനു തുല്യമായതൊന്നുമില്ലാത്ത, ഇന്നത്തെ ഓണാഘോഷങ്ങളൊന്നും എന്റെ ഹൃദയത്തെ തൊടുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്. ഇപ്പോൾ ഓണമാഘോഷിക്കാൻ വലിയ താല്പര്യവുംതോന്നാറില്ല.