2016, ഏപ്രിൽ 29, വെള്ളിയാഴ്‌ച

ഓര്‍മ്മയില്‍

ഓര്‍മ്മയിലെന്നും തെളിയുന്നു സഖി നിന്റെ
ഓമനത്തൂമുഖപ്പാര്‍വണേന്ദു!
പ്രിയസഖീ നീയെന്റെ ഹൃദയത്തിലേകിയ
പ്രണയനിലാവൊളി സാന്ദ്രമിന്നും!

നിളയുടെ കരയിലെ മണലിലിരുന്നു നാം
നിറമുള്ള കനവുകള്‍ നെയ്തിരുന്നു;
പിരിയാതെയൊരു മനസ്സോടെ നാം വാഴുന്ന
പ്രണയസാമ്രാജ്യം കിനാവുകണ്ടു!

നീലനഭസ്സിനുമപ്പുറത്തെവിടെയോ
നിയതിയെന്തേ നിന്നെക്കൊണ്ടു പോയി?
നിന്നോര്‍മ്മകള്‍ മാത്രം മതിയെനിക്കോമനേ,
നിത്യതതന്നില്‍ ഞാനെത്തുവോളം!

2015, ഡിസംബർ 11, വെള്ളിയാഴ്‌ച

കാലിത്തൊഴുത്തില്‍

മാമരം തണുപ്പിൽ, ഒരു
കാലിത്തൊഴുത്തിന്റെയുള്ളില്‍

കരചരണങ്ങള്‍ കുടഞ്ഞും - ചേലില്‍
മോണകള്‍ കാട്ടിച്ചിരിച്ചും

കണ്‍കള്‍ തുറന്നു കിടന്നൂ, ഉണ്ണി
കന്യകാമാതാവിന്‍ ചാരെ!
താരകങ്ങള്‍ പുഞ്ചിരിച്ചൂ, വാനി-
ലമ്പിളിയും ചിരി തൂകി!

എറിടുമാനന്ദമോടെ നന്നായ്
ആനന്ദ നൃത്തം ചവിട്ടി

ആട്ടിടയന്മാര്‍ വന്നെത്തീ, ഉണ്ണി-
യേശുവേക്കണ്ടു വണങ്ങി!

താരകം നേര്‍വഴി കാട്ടി, പൂജ-
രാജാക്കള്‍ ദൂരെ നിന്നെത്തി!

കുന്തിരിക്കം, മീറ, സ്വര്‍ണ്ണം; കാഴ്ച-
ദ്രവ്യങ്ങളുണ്ണിക്കു നല്‍കി!

ജോസഫും മേരിയുമപ്പോള്‍ മോദാല്‍
ഉള്‍പ്പുളകത്തോടെ നിന്നു!

ലോകപാപങ്ങള്‍ ഹരിക്കാന്‍ വന്ന
ലോകേശ പുത്രനെന്‍ സ്തോത്രം!

(ഒന്നാം വര്‍ഷപ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ (1987)  എഴുതിയ കവിത. 1988 ഡിസംബര്‍ ലക്കം 'സ്നേഹസേന' മാസികയില്‍ പ്രസിദ്ധീകരിച്ചു.) 

2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ഓണക്കാലം

ടിമാസക്കാറൊഴിഞ്ഞു പോയ് മാനത്തു്;
ഓടിയണഞ്ഞല്ലോ ചിങ്ങമാസം!
എങ്ങോ മറഞ്ഞൊരെന്‍ ബാല്യസ്മരണക-
ളെന്നിലുണര്‍ത്തുന്നൊരോണ മാസം!
പൂക്കളിറുക്കുവാന്‍ പാടവരമ്പത്തു
പൂക്കൂടയേന്തിയലഞ്ഞ ബാല്യം;
നിത്യവും മുറ്റത്തു ചേലെഴും പൂക്കളാ-
ലത്തക്കളം തീര്‍ത്ത പുണ്യകാലം.

കോടിയുടുത്തേറെക്കേമത്തം ഭാവിച്ചു
കൂട്ടരോടൊപ്പം മദിച്ച കാലം;
മുറ്റത്തെ മുത്തശ്ശിമാവിലെയൂഞ്ഞാലില്‍
മാനത്തുയര്‍ന്നു പറന്ന കാലം...
കാലപ്രവാഹത്തിനൊപ്പമൊഴുകിപ്പോയ്
നലമെഴുമക്കാലമെന്നില്‍ നിന്നും!
എന്നാല്‍ മലയാളമുള്ള കാലത്തോള-
മെന്നുമോണത്തിന്‍ ഗരിമയുണ്ടാം;
നാടിന്‍ പ്രജകള്‍ തന്‍ ക്ഷേമൈശ്വര്യങ്ങള്‍ക്കായു്,
നന്മ നിറഞ്ഞ മനസ്സുമായി,
നാടു ഭരിച്ച നൃപന്റെ സ്മരണകള്‍
നാടാകെയുത്സവ ഘോഷമേകും!