2020, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഉപ്പ്, മുളക്, തിപ്പലി.

കാലമല്പം പഴയതാണ്.

വീടിനടുത്തുള്ള കടയിൽനിന്നു മൂന്നുകൂട്ടം സാധനങ്ങൾ വാങ്ങാൻ മുത്തശ്ശി കൊച്ചുമോനെ പറഞ്ഞയച്ചു.

ഉപ്പ്, മുളക്, തിപ്പലി എന്നിവയാണു വേണ്ടത്.

വേഗംവന്നു കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകേണ്ടതാണ്. അതിനാൽ മുത്തശ്ശി കൊടുത്ത പണം, കൈയിൽ ചുരുട്ടിപ്പിടിച്ച്, അവൻ കടയിലേക്കോടി. വേണ്ട സാധനങ്ങളുടെ പേരു മറക്കാതിരിക്കാൻ ഓട്ടത്തിനിടയിൽ അത് ആവർത്തിച്ചുരുവിട്ടുകൊണ്ടിരുന്നു.

ഓടിക്കിതച്ചു കടയിലെത്തി, പണം മുഴുവൻ കടക്കാരനുകൊടുത്തുകൊണ്ട് അവൻ പറഞ്ഞു.

"മൂന്നൂട്ടം സാധനം വേണം. ഉപ്പുമു, ളകുതി, പല്ലി"

"ആദ്യം പറഞ്ഞതു രണ്ടും ഇവിടില്ല. മൂന്നാമത്തേത് ഇവിടുണ്ട്. എത്രണ്ണം വേണമെങ്കിലും നീ പിടിച്ചെടുത്തുകൊണ്ടു പോയിക്കൊള്ളൂ. അതിനു പൈസയൊന്നും തരേണ്ടാ."

വാക്കുകൾ തോന്നിയതുപോലെ ചേർത്തും അകത്തിയുമെഴുതുന്ന ചില സോഷ്യൽമീഡിയാരചനകളിലൂടെ കടന്നുപോകുമ്പോൾ ഇക്കഥ പലപ്പോഴുമോർക്കാറുണ്ട്. നല്ല ആശയങ്ങളൊക്കെയാകും പകർത്താൻശ്രമിക്കുന്നത്. എന്നാൽ വായിക്കുന്നവർക്ക് കടലാണോ കടലാടിയാണോ എന്നു മനസ്സിലാകില്ലെന്നുമാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ