2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച

ബെത്‌ലഹേമിലെ പൊന്നുണ്ണി

ധനുമാസപൗര്‍ണ്ണമി പാല്‍നിലാവുവര്‍ഷിച്ച ഒരു രാത്രിയായിരുന്നു അന്നു്; പൂര്‍ണ്ണചന്ദ്രാലംകൃതമായ ക്രിസ്തുമസ് രാത്രി! 

നനുത്തമഞ്ഞിന്റെ കുളിരലകള്‍ ക‍ത്തീഡ്രല്‍ ദേവാലയത്തില്‍ പാതിരാക്കുര്‍ബാനയ്ക്കെത്തിയ മനുഷ്യരുടെ മനസ്സിലും ശരീരത്തിലും കുളിരണിയിച്ചു. മഞ്ഞിന്റെ നേര്‍ത്ത പാളികള്‍ക്കുമേലെ വെള്ളിത്തിളക്കംപകര്‍ന്ന നിലാവു്, ദേവാലയപരിസരത്തെ സ്വര്‍ഗ്ഗസമാനമാക്കി. പള്ളിമണികളുടെ സാന്ദ്രനിനാദം അന്തരീക്ഷത്തെ കൂടുതല്‍ ഭക്തിമയമാക്കി.

"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം;
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം!
...............................................................
...............................................................
ഇതാ നിങ്ങള്‍ക്കായി പിറന്ന രക്ഷകന്‍ ,
കീറിയ പിള്ളക്കച്ചയാല്‍ പൊതിഞ്ഞു്,
ദരിദ്രമായൊരു കാലിത്തൊഴുത്തില്‍ ... "

മാലാഖമാരുടെ ഗാനം ദേവാലയഗായകരുടെ സംഘം ഏറ്റുപാടി.

മെത്രാനോടൊപ്പം സഹകാര്‍മ്മികനായി അള്‍ത്താരയില്‍ ദിവ്യബലിര്‍പ്പിച്ചുകൊണ്ടിരുന്ന സമയമെല്ലാം ബര്‍ണാഡച്ചന്റെ മനസ്സില്‍ തെളിഞ്ഞുനിന്നിരുന്നതു ഫാദര്‍ ഗബ്രിയേലിന്റെ മുഖമായിരുന്നു. പുല്‍ക്കൂട്ടിലെ ഉണ്ണീശോയുടെ മുഖത്തിനുപോലും ഗബ്രിയേലച്ചന്റെ ഛായയായിരുന്നു.

*പ്രീസ്റ്റ് ഹോമില്‍ ചെന്നു ഗബ്രിയേലച്ചനെ ഒന്നു കാണണമെന്നു പലപ്പോഴും കരുതിയിട്ടുണ്ടു്. എന്നാല്‍ ഒരിക്കലുമതു നടന്നിട്ടില്ല. അദ്ദേഹത്തോടു താന്‍ചെയ്തതു വലിയ അനീതിയാണെന്ന ചിന്ത ബര്‍ണാഡച്ചന്റെ മനസ്സില്‍ രൂഢമൂലമായിരുന്നു. ഒരു കുറ്റബോധം മനസ്സില്‍ നിറഞ്ഞുനിന്നതിനാലാകാം പലപ്പോഴും ആഗ്രഹിച്ചിരുന്നെങ്കിലും ഒരിക്കല്‍പ്പോലും പ്രീസ്റ്റ്ഹോമില്‍ച്ചെന്നു ഗബ്രിയേലച്ചനെ കാണാന്‍ സാധിക്കാതെ പോയതു്. ഇനിയും അതുമാറ്റിവച്ചുകൂടാ! രാവിലെയുള്ള ദിവ്യബലി കഴിഞ്ഞാലുടന്‍ പ്രീസ്റ്റ് ഹോമില്‍ പോയി ഗബ്രിയലച്ചനെ നേരില്‍ക്കണ്ടു ക്രിസ്മസ് ആശംസകള്‍ പങ്കുവയ്ക്കണമെന്നു ബര്‍ണാഡച്ചന്‍ നിശ്ചയിച്ചു.

ബര്‍ണാഡച്ചന്‍ പ്രീസ്റ്റ് ഹോമിലെത്തുമ്പോള്‍ അവിടുത്തെ അന്തേവാസികളായ അച്ചന്‍മാരെല്ലാം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. വട്ടേപ്പവും സ്റ്റൂവുമാണു പ്രധാന വിഭവങ്ങള്‍. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു.

ബര്‍ണാര്‍ഡച്ചന്റെ സാമീപ്യം അവരുടെ സന്തോഷത്തിനു കൂടുതല്‍ തിളക്കമേകി. ഒരു ജീവിതകാലം മുഴുവന്‍ പലപല ഇടവകകളിലായി സേവനമനുഷ്ഠിച്ച്, പ്രായാധിക്യത്തില്‍ പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുന്ന ആ വൃദ്ധപുരോഹിതര്‍ക്കു്, വളരെ അപൂര്‍വ്വമായി മാത്രമേ സന്ദര്‍ശകരുണ്ടാകൂ. അതുകൊണ്ടുതന്നെ മെത്രാന്റെ സെക്രട്ടറിയായ ബര്‍ണാര്‍ഡച്ചന്റെ സാന്നിദ്ധ്യം എല്ലാവര്‍ക്കും ആഹ്ലാദകരമായിരുന്നു.
ഓരോരുത്തരോടും കുശലം പറഞ്ഞും ക്ഷേമാന്വേഷണങ്ങള്‍നടത്തിയും അവിടിരിക്കുമ്പോഴും ബര്‍ണാര്‍ഡച്ചന്റെ കണ്ണുകള്‍ അവിടെയെല്ലാം ഗബ്രിയേലച്ചനെ തെരയുന്നുണ്ടായിരുന്നു.

"അല്ല; ഗബ്രിയേലച്ചനെമാത്രം ഇവിടെയെങ്ങും കണ്ടില്ലല്ലോ. അദ്ദേഹം എവിടെപ്പോയി?"

"പാതിരാക്കുര്‍ബ്ബാനയ്ക്കു് അയാളുണ്ടായിരുന്നു. കുര്‍ബാന കഴിഞ്ഞ് ഒരര മണിക്കൂറായപ്പോള്‍, ഒരോട്ടോറിക്ഷായില്‍ കയറിപ്പോകുന്നതു കണ്ടു. വെളുക്കാറായപ്പോള്‍ ഒരു ഭ്രാന്തനേയും കൂട്ടി വന്നുകേറിയിട്ടുണ്ടെന്നു കുശിനിക്കാരന്‍ റപ്പേല്‍ പറയുന്നുണ്ടായിരുന്നു. പറഞ്ഞിട്ടു കാര്യമില്ലച്ചോ, അങ്ങേരൊട്ടും പ്രാക്ടിക്കലല്ല." നരച്ചു നീണ്ട താടിതടവിക്കൊണ്ടു ഫെര്‍ണാണ്ടസച്ചന്‍ പറഞ്ഞു.

കഴിഞ്ഞ കൊല്ലം ഗബ്രിയേലച്ചനുമായുണ്ടായ കൂടിക്കാഴ്ചയാണു ബര്‍ണാര്‍ഡച്ചന്റെ മനസ്സിലെത്തിയതു്‌. അന്നദ്ദേഹത്തോടു താന്‍ പറഞ്ഞതും ഇതേ വാക്കുകളായിരുന്നുവെന്നു ബര്‍ണാര്‍ഡച്ചനോര്‍ത്തു. -

"ട്രൈ ടു  ബീ പ്രാക്ടിക്കല്‍ ..."

കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് രാത്രിയിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പാതിരാക്കുര്‍ബ്ബാന കഴിഞ്ഞു ബര്‍ണാര്‍ഡച്ചന്‍ മുറിയിലെത്തുമ്പോള്‍ മൊബൈല്‍ ഫോണില്‍ മുപ്പതിലധികം മിസ്ഡ് കോളുകള്‍ ...

ഈ രാത്രിയില്‍ ഇത്രയധികം കോളുകള്‍ ... ക്രിസ്തുമസ് ആശംസകള്‍ നേരാനാണെങ്കില്‍ നേരംപുലര്‍ന്നിട്ടു വിളിച്ചാല്‍ മതിയല്ലോ! പിന്നെന്താവും കാര്യം?

വിളിവന്ന നമ്പരുകള്‍ ഒന്നു പരിശോധിക്കുന്നതിനുമുമ്പേയെത്തി അടുത്ത കോള്‍
രൂപതയിലെ അതിപുരാതനമായ ഒരിടവകയിലെ പ്രമാണിയായ ഒരു വ്യക്തിയാണു ലൈനില്‍ ...

ഇടവകജനങ്ങളുടെ വിശ്വാസത്തെ ചോദ്യംചെയ്യുന്ന ഇടവകവികാരിക്കെതിരായി അടിയന്തിരമായി നടപടിയെടുക്കണം എന്നതാണാവശ്യം. രാവിലെയുള്ള കുര്‍ബാനയ്ക്കുശേഷം പിതാവുമായി സംസാരിച്ചു തീരുമാനമെടുക്കാമെന്നു പറഞ്ഞു സംസാരമവസാനിപ്പിച്ചു. അതുപക്ഷേ അടുത്ത ഒരു കോളിന്റെ തുടക്കംമാത്രമായിരുന്നു. തുടര്‍ച്ചയായി നാലു കോളുകള്‍ ... എല്ലാവര്‍ക്കും പറയേണ്ടതൊന്നു മാത്രം; വേണ്ടി വന്നാല്‍ ഗബ്രിയേലച്ചനെ പൗരോഹിത്യത്തില്‍നിന്നുതന്നെ വിലക്കണം. എല്ലാവര്‍ക്കും ഒരേ മറുപടി തന്നെ നല്കി - "പിതാവുമായി സംസാരിച്ചശേഷം നടപടികളെക്കുറിച്ചാലോചിക്കാം."

മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ലാന്‍ഡ് ഫോണിന്റെ റിസീവര്‍ എടുത്തു മാറ്റിവച്ചു. അപ്പോഴേക്കും പിതാവിന്റെ സന്ദേശമെത്തി. ഉടനെ  അദ്ദേഹത്തിന്റെ മുറിയിലെത്തണം. 

വിഷയം ഗബ്രിയേലച്ചന്‍ തന്നെ.

"വിളിപ്പിച്ചതെന്തിനാണെന്നു മനസ്സിലായിക്കാണുമല്ലോ. വിശ്വാസതീക്ഷ്ണതമൂലമുള്ള ചില എടുത്തുചാട്ടങ്ങളുണ്ടെന്നതൊഴിച്ചാല്‍ ഗബ്രിയേലച്ചന്‍ നല്ലൊരു പുരോഹിതനാണെന്നുതന്നെയാണു ഞാന്‍ കരുതുന്നതു്. എന്നാല്‍ ഈ രൂപതയിലെതന്നെ പാരമ്പര്യമുള്ള പുരാതന കുടുംബാംഗങ്ങളും പ്രമാണികളുമാണു് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ നടപടിയാവശ്യപ്പെടുന്നതു്. 

കാര്യങ്ങള്‍ അന്വേഷിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാനായി ബര്‍ണാര്‍ഡച്ചനെ ചുമതലപ്പെടുത്താമെന്നും അച്ചന്റെ റിപ്പോര്‍ട്ടനുസരിച്ചു നടപടികള്‍ സ്വീകരിക്കാമെന്നും ഞാനവര്‍ക്കുറപ്പു കൊടുത്തിട്ടുണ്ടു്. നാളെത്തന്നെ അച്ചന്‍ ഇടവക സന്ദര്‍ശിച്ച്, പരാതിക്കാരില്‍നിന്നും ഗബ്രിയേലച്ചനില്‍നിന്നും വിശദാംശങ്ങള്‍ ചോദിച്ചറിയണം. ഏറെ വൈകാതെ റിപ്പോര്‍ട്ടു നല്കണം. 

ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം അവസാനിപ്പിക്കാനുതകുന്നവിധമാകണം അച്ചന്റെ റിപ്പോര്‍ട്ടു്, എന്നാണു ഞാനാഗ്രഹിക്കുന്നതു്."

ക്രിസ്തുമസിന്റെ പിറ്റേന്നുതന്നെ ബര്‍ണാര്‍ഡച്ചന്‍ അന്വേഷണമാരംഭിച്ചു. പരാതിക്കാരായ ഇടവകാംഗങ്ങളെ ഒറ്റയ്ക്കും കൂട്ടായും കണ്ടു. നൂറ്റാണ്ടുകളായി ആ ദേവാലയത്തിലുപയോഗിക്കുന്ന ഉണ്ണീശോയുടെ തിരുസ്വരൂപത്തെ നിന്ദിച്ചുകൊണ്ടു ദിവ്യബലിമദ്ധ്യേ പരസ്യമായി സംസാരിച്ച ഗബ്രിയേലച്ചന്‍, പുരോഹിതന്‍ എന്ന പദവിയില്‍ ഇരിക്കാനര്‍ഹനല്ലെന്ന നിലപാടില്‍ ഇടവകജനം ഉറച്ചുനിന്നു.  

"ഞങ്ങളുടെ പിതാമഹന്മാരുടെ കാലംമുതലേ വിശുദ്ധമായിക്കരുതി ഉപയോഗിക്കുന്ന ഉണ്ണീശോയുടെ തിരുസ്വരൂപത്തെ ഒന്നിലധികം തവണ നിന്ദിച്ചു സംസാരിച്ചിട്ടും കുര്‍ബ്ബാന തടസ്സപ്പെടുത്താനോ മറ്റെന്തെങ്കിലും അക്രമങ്ങളഴിച്ചുവിടാനോ ഇടവകജനത്തിലാരും തുനിഞ്ഞില്ലയെന്നതു രൂപതാനേതൃത്വം കണക്കിലെടുക്കും എന്നുതന്നെയാണു ഞങ്ങള്‍ കരുതുന്നതു്."

ഗബ്രിയേലച്ചനെതിരെ നടപടിയുണ്ടായേതീരൂ എന്ന അഭിപ്രായത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. എങ്കിലുമൊടുവില്‍  അദ്ദേഹം പരസ്യമായി മാപ്പുപറഞ്ഞാല്‍ കടുത്ത നടപടിയൊന്നും വേണ്ടാ എന്ന അഭിപ്രായത്തിലേക്കു് അവരെയെത്തിക്കാന്‍ ബര്‍ണാര്‍ഡച്ചനു സാധിച്ചു.

"അച്ചന്‍ ആലങ്കാരികമായി നടത്തിയ ഒരു പ്രയോഗം മാത്രമായിരുന്നു അതെന്നാണു ഞാന്‍ കരുതുന്നതു്. " ബര്‍ണാര്‍ഡച്ചന്‍ ഗബ്രിയേലച്ചനോടു പറഞ്ഞു.


"അങ്ങനെയല്ലച്ചോ, ഞാന്‍ എന്തു പറഞ്ഞോ അതുതന്നെയാണു പറയാന്‍ ഉദ്ദേശിച്ചിരുന്നതും! അതാലങ്കാരികപ്രയോഗമായിരുന്നുവെന്നു ഞാനിപ്പോള്‍ പറഞ്ഞാല്‍ അതൊരാത്മവഞ്ചനയായിപ്പോകും"


"അച്ചോ, അച്ചന്‍ കുറച്ചുകൂടെ പ്രാക്ടിക്കലാകണം. അച്ചന്‍  പറയുന്നതു പൂര്‍ണ്ണമായും തെറ്റാണെന്നു് എനിക്കഭിപ്രായമില്ല. എന്നാല്‍  ഇതു വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തേയും പാരമ്പര്യത്തേയുമെല്ലാം ചോദ്യംചെയ്യുന്നതിനു തുല്യമാണു്."

''ഒട്ടും പ്രാക്ടിക്കലല്ലാതെ കാല്‍വരിക്കുരിശില്‍ നഗ്നനായി മരിച്ച *നസറായനെമാത്രം കണ്ടാണു ഞാന്‍ ഈ *ളോഹ തെരഞ്ഞെടുത്തതു്. കുറച്ചുകൂടി പ്രാക്ടിക്കലായി ചിന്തിച്ചിരുന്നെങ്കില്‍ അവനൊരു ചക്രവര്‍ത്തിയാകാമായിരുന്നല്ലോ! എന്നാല്‍‍ അവന്‍ തെരഞ്ഞെടുത്തതു കാല്‍വരിയിലെ കുരിശിലേക്കുള്ള വഴിയല്ലേ? അവന്റെ കുരിശു നല്കുന്ന സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍മാത്രമേ ഞാനാഗ്രഹിക്കുന്നുള്ളു. അതിന്റെപേരില്‍ അനുഭവിക്കേണ്ടിവരുന്ന ഏതു ശിക്ഷയുമേറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറുമാണു്."

"ശിക്ഷയുടെ കാര്യമൊക്കെ നില്കട്ടെ, അച്ചന്‍ ആലങ്കാരികമായി പറഞ്ഞതാണെന്നും അതു വിശ്വാസികളിലുണ്ടാക്കിയ മുറിവുകള്‍ക്കു മാപ്പുപറയുന്നുവെന്നുംമാത്രം അച്ചന്‍ കുര്‍ബാനമദ്ധ്യേ, ഇടവകജനങ്ങളെയറിയിച്ചാല്‍ മതി."


ഇന്നലെ നടന്ന സംഭവങ്ങള്‍പോലെയാണു തോന്നുന്നതു്. ഒരു വര്‍ഷം എത്രപെട്ടന്നു കഴിഞ്ഞുപോയിരിക്കുന്നു!

"ഗബ്രിയേലച്ചന്റെ മുറിഎവിടെയാണു്? ഞാനദ്ദേഹത്തെ മുറിയില്‍പ്പോയി കണ്ടുകൊള്ളാം."

"ഞാന്‍ ഫാദര്‍ ബര്‍ണാര്‍ഡാണു്." കുശിനിക്കാരന്‍ റപ്പേല്‍ കാണിച്ചുകൊടുത്ത മുറിയുടെ വാതില്‍ക്കല്‍ മൃദുവായി മുട്ടിക്കൊണ്ടു ബര്‍ണാര്‍ഡച്ചന്‍  പറഞ്ഞു.

"പുതിയ അന്വേഷണം വല്ലതുമാണോ? എന്തായാലും അകത്തേക്കു വരാം, വാതില്‍ പൂട്ടിയിട്ടില്ല" ഗബ്രിയേലച്ചന്‍ മറുപടി നല്കി. 

"ഒരു സൗഹൃദസന്ദര്‍ശനത്തിനായിമാത്രം വന്നതാണച്ചോ. ഹാപ്പി ക്രിസ്തുമസ്"  വാതില്‍ തുറന്ന്‍അകത്തേക്കു കയറുന്നതിനിടയില്‍ ബര്‍ണാഡച്ചന്‍ ക്രിസ്തുമസ് ആശംസകള്‍ കൈമാറി.

ഗബ്രിയെലച്ചന്റെ സമീപത്തു മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യനിരിക്കുന്നുണ്ടായിരുന്നു. അയാള്‍ വൃത്തിയായി ഷേവു ചെയ്തിട്ടുണ്ടു്. അലക്കിത്തേച്ച വസ്ത്രമാണ്. എങ്കിലും അയാളില്‍ എന്തോ ഒരസാധാരണത്തം ദൃശ്യമാണു്. അയാളുടെ ചുണ്ടിലും മുഖത്തുമെല്ലാം അപ്പത്തിന്റെ തരിയും ഇറച്ചിച്ചാറുമെല്ലാം പറ്റിയിരിക്കുന്നു.

ഗബ്രിയേലച്ചന്‍ അപ്പവും ഇറച്ചിക്കറിയും അയാളുടെ വായില്‍വച്ചു കൊടുക്കുകയാണു്.

ബര്‍ണാഡച്ചനെ കണ്ടപ്പോള്‍ അയാള്‍ വായ്‌ തുറന്നു ചിരിച്ചു.  അതോടെ വായിലുണ്ടായിരുന്ന ഭക്ഷണം വായുടെ വശത്തുകൂടെ പുറത്തേക്കു ചാടി.

"വെരി ഹാപ്പി ക്രിസ്തുമസ്... മേ ഗോഡ് ബ്ലെസ് യൂ, അച്ചനിരിക്കൂ." ഗബ്രിയേലച്ചന്‍ അതിഥിയെ സ്വാഗതം ചെയ്തു.

മുന്‍വര്‍ഷത്തെ ക്രിസ്തുമസ് രാത്രിയിലെ സംഭവങ്ങള്‍ അപ്പോള്‍ ഗബ്രിയേലച്ചന്റെ മനോമുകുരത്തിലേക്കു തെളിഞ്ഞു വരുന്നുണ്ടായിരുന്നു.

തിരുപ്പിറവിയാഘോഷത്തിനായി അണിഞ്ഞൊരുങ്ങിയ ദേവാലയത്തില്‍ പള്ളിമണികള്‍ മുഴങ്ങി. കുര്‍ബാനമദ്ധ്യേ തിരുപ്പിറവിയുടെ പ്രതീകമായി ഉണ്ണിയേശുവിന്റെ തിരുസ്വരൂപം അള്‍ത്താരയോടു ചേര്‍ത്തൊരുക്കിയ പുല്‍ത്തൊഴുത്തില്‍ കിടത്തി. ഗബ്രിയേലച്ചന്‍ അള്‍ത്താരയില്‍ ദിവ്യബലി തുടര്‍ന്നു. ദേവാലയത്തിലുണ്ടായിരുന്ന ഭൂരിപക്ഷംപേരും പുല്‍ക്കൂടിനുമുന്നില്‍ തിരക്കു കൂട്ടുകയായിരുന്നൂ, അപ്പോഴും. 

"ഇവിടെ പുല്‍കൂട്ടില്‍ക്കാണുന്നത്, ഒരു കളിമണ്‍ശില്പം മാത്രമാണു്. ദിവ്യബലിക്കുശേഷവും നിങ്ങള്‍ക്കു പുല്‍ക്കൂടു സന്ദര്‍ശിക്കാന്‍ സാധിക്കുമല്ലോ, ദയവായി എല്ലാവരും വിശുദ്ധ കുര്‍ബ്ബാനയില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുക." കുര്‍ബ്ബാനമദ്ധ്യേ ഗബ്രിയേല്‍ അച്ചന്‍ നടത്തിയ അഭ്യര്‍ത്ഥന ബധിര കര്‍ണ്ണങ്ങളിലാണു പതിച്ചതു്...

സുവിശേഷ വായനയ്ക്കുശേഷമുള്ള പ്രസംഗത്തില്‍ ഗബ്രിയേലച്ചന്‍ കുറച്ചുകൂടെ കടുത്ത ഭാഷയിലാണു സംസാരിച്ചതു്.

"ഇവിടെ, ഈ പുല്‍ക്കൂട്ടില്‍ നിങ്ങള്‍ കാണുന്നതു വെറും മണ്ണുണ്ണിയെയാണു് , യഥാര്‍ത്ഥ പൊന്നുണ്ണി ഈ ദേവാലയത്തിനു വെളിയിലാണുള്ളതു്. തെരുവില്‍ അനാഥരും അവശരും ആലംബഹീനരുമായ അനേകരിലാണു് ഉണ്ണിയേശു ഇന്നു ജീവിക്കുന്നതു്; അവരിലെക്കിറങ്ങിച്ചെല്ലാനും അവരെ സേവിക്കാനും നമ്മള്‍ തയ്യാറാകുമ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍, ഉണ്ണിയേശു പിറന്ന, ബെത്‌ലഹേമിലെ യഥാര്‍ത്ഥ പുല്‍ക്കൂടായി മാറും. കേവലം ചില അനുസ്മരണങ്ങള്‍ക്കായി മാത്രമുപയോഗിക്കുന്ന ബിംബങ്ങള്‍  നമ്മളെ യഥാര്‍ത്ഥ ആത്മീയതയില്‍നിന്നകറ്റാനുള്ള ഉപാധികളായി മാറരുതു്. ഈ മണ്ണുണ്ണിയെ വിട്ടു്, നമുക്കു പൊന്നുണ്ണിയേശുവിനെ അന്വേഷിച്ചിറങ്ങുന്നവരായി മാറാം..."

കുര്‍ബ്ബാന കഴിയുന്നതുവരെ നിശ്ശബ്ദരായിരുന്ന ജനങ്ങള്‍, കുര്‍ബാനയ്ക്കുശേഷം പള്ളിമുറ്റത്തു തടിച്ചുകൂടി. ഗബ്രിയേലച്ചനെ പള്ളിമേടയിലേക്കു പോകാനനുവദിക്കാതെ തടഞ്ഞു നിറുത്തി...

പ്രമാണികള്‍ മെത്രാനെയും അദ്ദേഹത്തിന്റെ സെക്രട്ടറിയേയും വിളിച്ചു സംസാരിച്ചു. പുല്‍ക്കൂട്ടിലെ ഉണ്ണീശോയെ മണ്ണുണ്ണി എന്നാക്ഷേപിച്ചയാള്‍ പുരോഹിതനായിത്തുടരാന്‍ അനുവദിക്കില്ലെന്നു ജനക്കൂട്ടം വാശിപിടിച്ചു.  അന്വേഷിച്ചു നടപടി സ്വീകരിക്കാമെന്ന മെത്രാന്റെ ഉറപ്പു ലഭിക്കുന്നതുവരെ അതു തുടര്‍ന്നു....

പിറ്റേന്നുതന്നെ ഏകാംഗ അന്വേഷണക്കമ്മീഷനായി ബര്‍ണാര്‍ഡച്ചനെത്തി. കൂടിക്കാഴ്ചയ്ക്കിടയില്‍ ജീവിതത്തില്‍ അവശ്യംവേണ്ട പ്രായോഗികതകളെക്കുറിച്ച് അദ്ദേഹം ഗബ്രിയേലച്ചനെ ഉപദേശിക്കുകയും ചെയ്തു.

ബര്‍ണാര്‍ഡച്ചന്റെ മുഖത്തുനോക്കി പുഞ്ചിരിച്ചു കൊണ്ടാണന്നു ഗബ്രിയേലച്ചന്‍ മറുപടി നല്കിയതു് : 

'മാപ്പു പറയേണ്ട തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല, പറഞ്ഞ കാര്യങ്ങള്‍ സത്യമായതുകൊണ്ടു് എന്റെ വാക്കുകളില്‍ ഞാന്‍ ഖേദിക്കുന്നുമില്ല. അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമായതിനാല്‍ സഭാനേതൃത്വത്തിന്റെ ഏതു നടപടിയോടും ഞാന്‍ അനുസരണമുള്ളവനായിരിക്കും."

ഗബ്രിയേല്‍ അച്ചന്റെ മറുപടിയില്‍ അനുരഞ്ജനത്തിനുള്ള അവസാന വഴിയുമടയുകയായിരുന്നു. ബര്‍ണാര്‍ഡച്ചന്റെ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍, സഭാ ചുമതലകളില്‍നിന്നും വിട്ടുമാറി, ഗബ്രിയേലച്ചന്‍  കുറച്ചുകാലം വിശ്രമജീവിതം നയിക്കട്ടെയെന്നാണു മെത്രാന്‍ ‍തീരുമാനിച്ചതു്. അങ്ങനെ നാല്പതു വയസ്സു തികയുന്നതിനുമുമ്പേ ഗബ്രിയേലച്ചന്‍ പ്രീസ്റ്റ്ഹോമിലെ അന്തേവാസിയായി. 



"ഇതാരാണു്, അച്ചന്റെ ഗസ്റ്റ് ?"  ബെര്‍ണാഡച്ചന്‍ ചോദിച്ചു.

"ഇതാണു ബെത്‌ലഹേമിലെ യഥാര്‍ത്ഥ പൊന്നുണ്ണി..."

ഗബ്രിയേലച്ചന്‍ ഒരു പുഞ്ചിരിയോടെ തുടര്‍ന്നു:

"ഞാനിപ്പൊഴും പ്രാക്ടിക്കലായിട്ടില്ലച്ചോ, പകരം എന്നെപ്പോലെ പ്രാക്ടിക്കലല്ലാത്ത കുറേ സഹപ്രവര്‍ത്തകരെക്കൂടി കിട്ടിയിട്ടുുണ്ടു്. അക്കൂട്ടത്തിലൊരാളാണു പാതിരാക്കുര്‍ബ്ബാനകഴിഞ്ഞു മടങ്ങുമ്പോള്‍ വഴിയരുകില്‍ തണുത്തു വിറച്ചുനിന്നിരുന്ന മനോനില തെറ്റിയ ഇയാളുടെ കാര്യം എന്നെ വിളിച്ചറിയിച്ചതു്. ഞങ്ങള്‍ രണ്ടാളും ചേര്‍ന്നു്, ഇദ്ദേഹത്തെ ഇങ്ങോട്ടു  കൊണ്ടുപോന്നു. മുടിയൊക്കെ വെട്ടി, ഷേവുചെയ്തു കുളിപ്പിച്ചു കഴിഞ്ഞപ്പോള്‍ ആളെത്ര സുന്ദരനായി!
ഇനി വേണ്ടതു നല്ലൊരു മനോരോഗവിദഗ്ദ്ധന്റെ ചികിത്സയാണു്.ജീവിതത്തിലേക്കു് ഇയാളെ തിരികെയെത്തിക്കാനുള്ള സ്നേഹപരിചരണവും ...''

"വലിയ സേവനമാണച്ചന്‍ ചെയ്യുന്നതു്‌."

"യഥാര്‍ത്ഥ യേശുവിനെ ശുശ്രൂഷിക്കാനുള്ള എന്റെ എളിയ പരിശ്രമം മാത്രമാണിതു്. ഇങ്ങനെയുള്ളവരെ കൊണ്ടു നിറു‍ത്തി പരിചരിക്കുന്നതിനുള്ള സൗകര്യമൊന്നും ഇവിടില്ല. ക്രിസ്തുമസ് ദിനത്തില്‍ ഈശോ എന്നോടൊപ്പമുണ്ടാകട്ടെ എന്നൊരു സ്വാര്‍ത്ഥതകൊണ്ടു്, ഇന്നത്തേക്കിവിടെ നിര്‍ത്തിയതാണു്. പ്രീസ്റ്റ് ഹോമില്‍ ഇങ്ങനെയൊരാളെക്കൊണ്ടു നിര്‍ത്തിയതിനു് എന്തു ശിക്ഷയാണിനി കാത്തിരിക്കുന്നതെന്നെനിക്കറിയില്ല. "

ബര്‍ണാര്‍ഡച്ചന്‍ അതിനു മറുപടി പറഞ്ഞില്ല. പകരംആ മനോരോഗിയുടെ മുന്നില്‍ മുട്ടുകുത്തി. അയാളുടെ നെഞ്ചിലേക്കു തന്റെ ശിരസ്സു ചേര്‍ത്തു.
-----------------------------------------------------------------------------------------------------------
*പ്രീസ്റ്റ് ഹോം. - പ്രായമായ പുരോഹിതര്‍ വിശ്രമജീവിതം നയിക്കുന്ന സ്ഥലം.
*നസറായന്‍ - ഇസ്രായേലിലെ നസറത്ത് എന്ന പ്രദേശത്തുനിന്നുള്ളവരെ വിളിക്കുന്നത്. ഈശോ വളര്‍ന്നത് നസറത്തിലാണ്. 
*ളോഹ  - കത്തോലിക്കാ പുരോഹിതര്‍ ഉപയോഗിക്കുന്ന വസ്ത്രം.

8 അഭിപ്രായങ്ങൾ:

  1. Very Good story Jose. Really a revolutionary priest following jesus
    Congrats

    മറുപടിഇല്ലാതാക്കൂ
  2. വായിച്ച് അഭിപ്രായം അറിയിച്ചതിനു നന്ദി വിനോദ്.

    മറുപടിഇല്ലാതാക്കൂ
  3. യേശുവിനെ അനുഗമിക്കുന്നവര്‍ക്ക് പുരോഹിതരായിരിക്കാന്‍ സാദ്ധ്യമല്ല എന്നാണു ഞാന്‍ ബൈബിള്‍ വായിച്ചതില്‍ നിന്ന് അറിഞ്ഞത്.
    കഥ വളരെ മനോഹരമായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിച്ചു് അഭിപ്രായം അറിയിച്ചതിനു നന്ദി.
      യേശുവിന്റെ കാലത്തെ ജറുസലേമിലെ പ്രധാന പുരോഹിതന്‍ യേശുവിനെതിരായിരുന്നു. അതുകൊണ്ടു് എല്ലാവരും അങ്ങനെയാകണമെന്നുണ്ടോ?

      ഇല്ലാതാക്കൂ
  4. യേശുവിന്‍റെ യഥാര്‍ത്ഥ ശിക്ഷ്യരാവാന്‍ ശ്രമിക്കുന്നവരും അല്ലാത്തവരും ചുറ്റുമുണ്ട്. കഥ നന്നായി..

    മറുപടിഇല്ലാതാക്കൂ
  5. വെട്ടത്താന്‍ സര്‍, സന്ദര്‍ശനത്തിനു നന്ദി. സ്നേഹം...

    മറുപടിഇല്ലാതാക്കൂ
  6. വായിച്ച് അഭിപ്രായം കുറിച്ചതിനു നന്ദി, പ്രവീൺ ..

    മറുപടിഇല്ലാതാക്കൂ