2015, മേയ് 15, വെള്ളിയാഴ്‌ച

അന്വേഷണം.



"സത്യത്തില്‍ ഇവനെയൊന്നും ഈ ഭൂമിക്കുമേല്‍ ജീവിക്കാനനുവദിക്കരുതു്. അതാണു വേണ്ടതു്. "

"നമുക്കതു പറ്റില്ലല്ലോ! ഏതു മഹാപാപിയേയും ശുശ്രൂഷിച്ചു ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരികയല്ലേ നമ്മുടെ ജോലി "

"ഇവനൊക്കെ ജീവിതത്തിലേക്കു തിരിച്ചുവന്നിട്ടെന്തിനാണു്? ഇനിയുമൊരുപാടു പാവം സ്ത്രീകള്‍ക്കു ദുരന്തമാകാനോ?"

ബോധത്തിനും അബോധത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ കടന്നുപോകുന്നതിനിടയിലെപ്പോഴോ ഐ.സി.യുവിലെ നേഴ്സുമാരുടെ സംസാരം സജീഷിന്റെ കര്‍ണ്ണപുടങ്ങളിലെത്തുന്നുണ്ടായിരുന്നു.

ശരീരത്തിലെവിടൊക്കെയോ അസഹ്യമായ വേദന! എങ്കിലും കാറ്റില്‍പ്പറക്കുന്ന അപ്പുപ്പന്‍താടിപോലെ ശരീരത്തിനു വല്ലാത്ത ലാഘവം. താനെവിടെയാണുള്ളതെന്നു തിരിച്ചറിയാന്‍ സജീഷിനായില്ല. എന്തൊക്കെയോ ഓര്‍മ്മകള്‍ മാത്രം ഇരുട്ടില്‍നിന്നു മുന്നോട്ടുവന്നെത്തുന്നുണ്ടു്...

അര്‍ച്ചനാ ലോഡ്ജിലെ മുറിയില്‍നിന്നു വ്യക്തമായി കാണാമായിരുന്നു, ടൗണ്‍ഹാള്‍ ഗേറ്റിനുമുന്നിലെ വൃക്ഷത്തറയിലിരുന്നു ഭിക്ഷാടനംനടത്തുന്ന ചെറുപ്പക്കാരിയായ യാചകിയെയും അവരുടെ മടിയില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെയും.

താന്‍ കാണുമ്പോഴെല്ലാം ആ കുഞ്ഞുറങ്ങുകയാണെന്നു സജീഷ് ശ്രദ്ധിച്ചതു വളരെ യാദൃശ്ചികമായാണു്. ആദ്യം വല്ലാത്തൊരു കൗതുകമാണു തോന്നിയതെങ്കിലും പിന്നീടതിലെന്തോ അസ്വഭാവികതതോന്നി. അങ്ങനെയാണു തുടര്‍ച്ചയായ രണ്ടുദിവസങ്ങള്‍ അവധിയെടുത്തു് ആ സ്ത്രീയേയും കുട്ടിയേയും നിരീക്ഷിക്കാന്‍ അയാള്‍ തീരുമാനിച്ചതു്.

ഉറങ്ങുന്ന കുട്ടിയുമായി, പ്രഭാതത്തില്‍ത്തന്നെ, ഭിക്ഷക്കാരി തന്റെ പതിവുസ്ഥലത്തെത്തി. കൃത്യം രണ്ടുമണിക്കൂറുകളുടെ ഇടവേളകളില്‍ ഒരാളെത്തി ആ സ്ത്രീയ്ക്കതുവരെലഭിച്ച പണംവാങ്ങി പോകുന്നുണ്ടു്. ഒമ്പതുമണിക്കു പ്രഭാതഭക്ഷണവും ഒരു മണിക്കുച്ചഭക്ഷണവും നാലുമണിക്കു ചായയുമായി അവരെ സന്ദര്‍ശിച്ചതു മറ്റൊരാളാണു്. 

എന്നാല്‍ പ്രഭാതംമുതല്‍ പ്രദോഷംവരെ അവരുടെ കുഞ്ഞ് ഉണര്‍ന്നില്ല. കരയുകയോ ചിരിക്കുകയോചെയ്തില്ല. ആ സ്ത്രീ ഒരിക്കലെങ്കിലും കുഞ്ഞിനെ മുലയൂട്ടുന്നതോ, കുഞ്ഞ് എന്തെങ്കിലും ഭക്ഷണംകഴിക്കുന്നതോ കണ്ടില്ല.

അവര്‍ കുഞ്ഞിനു് എന്തെങ്കിലും തരത്തിലുള്ള മയക്കുമരുന്നു നല്കിയിട്ടുണ്ടാകുമോ? സ്വന്തം കുഞ്ഞിനെ അങ്ങനെ മയക്കിക്കിടത്താന്‍ ഒരമ്മയ്ക്കാകുമോ?

പിറ്റേന്നു യാചകി പതിവുസ്ഥലത്തെത്തിയപ്പോള്‍, സജീഷ് അവരുടെ സമീപത്തെത്തി.

"ഈ കുഞ്ഞ്, പകല്‍മുഴുവന്‍ ഉറങ്ങുന്നതെന്തുകൊണ്ടാണു്?"
യാചകി മറുപടിയൊന്നും നല്കിയില്ല.

അല്പംകൂടെ ഉയര്‍ന്ന ശബ്ദത്തില്‍ സജീഷ് ചോദ്യമാവര്‍ത്തിച്ചു. പകച്ചുനോക്കിയതല്ലാതെ ആ സ്ത്രീ മറുപടി പറഞ്ഞില്ല. പിന്നില്‍നിന്ന് ആരോ സജീഷിന്റെ തോളില്‍ മൃദുവായി തട്ടുന്നതറിഞ്ഞ് അയാൾ തിരിഞ്ഞുനോക്കി. മുപ്പതു വയസ്സുതോന്നുന്ന സുമുഖനായ ഒരു ചെറുപ്പക്കാരന്‍.

"എന്തിനാ സാറേ, ആ പാവത്തിനെ ശല്യപ്പെടുത്തുന്നതു്? അവര്‍ക്കും ജീവിച്ചുപോകണ്ടേ? സഹായിച്ചില്ലെങ്കില്‍ പോട്ടേ. ഉപദ്രവിക്കാതിരിക്കരുതോ?"

പത്തുരൂപയുടെ ഒരു നോട്ടു് ആ സ്ത്രീയുടെ മുന്നില്‍ വിരിച്ചിരുന്ന തുണിയിലേക്കിട്ടു് ആ ചെറുപ്പക്കാരന്‍ കടന്നുപോയി. സമീപത്തുകൂടെ നിരവധിപേര്‍ നടന്നുപോകുന്നുണ്ടായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന ബസ് സ്റ്റോപ്പിലും പലരും വന്നുപോകുന്നു. നഗരത്തിന്റെ തിരക്കില്‍ ആര്‍ക്കും ഒന്നുംശ്രദ്ധിക്കാന്‍ സമയമില്ല. കുറച്ചുനേരംകൂടെ അവിടെ നിന്ന സജീഷ്, അപ്പുറത്തുളള ബസ് സ്റ്റോപ്പിലേക്കു മാറിനിന്ന്, യാചകിയെ നിരീക്ഷിക്കാന്‍ നിശ്ചയിച്ചു. പതിവില്‍നിന്നു വ്യത്യസ്തമായി ഒന്നുമില്ല. കുഞ്ഞ് ഉറക്കമുണര്‍ന്നുമില്ല. അയാള്‍ ഒരിക്കല്‍ക്കൂടെ ഭിക്ഷക്കാരിയുടെ അരികിലെത്തി.

"ഈ കുഞ്ഞെന്താണെപ്പോഴും ഉറങ്ങിക്കൊണ്ടിരിക്കുന്നതു്?" പഴയ ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. സ്ത്രീ പകച്ചമുഖത്തോടെ അയാളെ നോക്കി. പതിവുപോലെ അവള്‍ മറുപടി പറഞ്ഞില്ല. അല്പംകൂടെ ഉയര്‍ന്ന ശബ്ദത്തില്‍ സജീഷ് വീണ്ടും ചോദിച്ചു.

"ഈ കുഞ്ഞൊരിക്കലുമുറക്കമുണരാത്തതെന്തേ?"

വാടിയ വാഴയിലപോലെ തളര്‍ന്നുകിടന്നിരുന്ന കുട്ടിയെ തോളില്‍ക്കിടത്തിക്കൊണ്ടു് ആ സ്ത്രീ അവിടെനിന്നെഴുന്നേറ്റു.

"ഇയാള്‍ക്കെന്താണറിയേണ്ടതു്?"

കനത്ത ഒരു പുരുഷശബ്ദം കേട്ട്, സജീഷ് തിരിഞ്ഞു നോക്കി. രാവിലെ കണ്ട ചെറുപ്പക്കാരനടക്കം ആറുപേര്‍.

"അവളെ ശല്യപ്പെടുത്തേണ്ട. നിങ്ങള്‍ക്കെന്താണറിയേണ്ടതു്? ഞങ്ങള്‍ പറഞ്ഞുതരാം."

"ഈ കുഞ്ഞ്..... "

"അതവളുടെ കുഞ്ഞല്ല; രാവിലെ ജോലിക്കെത്തുമ്പോള്‍ അവള്‍ക്കുകിട്ടുന്ന ഒരു തൊഴിലുപകരണംമാത്രം! വൈകുന്നേരം അവളതിനെ തിരിച്ചേല്പിക്കും."  വളരെ സൗമ്യമായ ശബ്ദത്തിലുള്ള മറുപടി.

"ഈ കുഞ്ഞൊരിക്കലും ഉറക്കമുണരാത്തതെന്താണ്?"

ഇതിനിടയില്‍ ആ സ്ത്രീ, കുഞ്ഞിനേയുംകൊണ്ടു് എവിടെയോ അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു.

"ഇയാള്‍ ആവശ്യമില്ലാത്ത കാര്യങ്ങളാണു് അന്വേഷിക്കുന്നതു്. എങ്കിലും പറയാം. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു രാവിലെ അല്പം തിളപ്പിച്ചാറ്റിയ വെള്ളം നല്കും; അല്പം കഞ്ചാവൊക്കെയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം! കുഞ്ഞുങ്ങളല്ലേ, അവര്‍ ചുമ്മാ കരഞ്ഞുബഹളമുണ്ടാക്കിയാല്‍ അതു തൊഴിലിനെ ബാധിക്കില്ലേ? അതൊഴിവാക്കാനുള്ള ഒരു മുന്‍കരുതല്‍മാത്രം! ഇത്രയുമറിഞ്ഞാല്‍പ്പോരേ? നിങ്ങളുടെ സംശയം തീര്‍ന്നെന്നു കരുതുന്നു. ഇനി ശല്യപ്പെടുത്താന്‍ വരരുതു്"

"ഇതു വലിയ ക്രൂരതയാണു്; ഞാനിതു സമ്മതിക്കില്ല...... ഐ'ല്‍ ഇന്‍ഫോം ദിസ് ടു ദ പോലീസ്...."

"ഈ സാറിന്റെയടുത്തു മര്യാദയ്ക്കു പറഞ്ഞാല്‍ മനസ്സിലാകില്ല. മനോജേ, സാറു പറഞ്ഞതുപോലെ നീ പോലീസിനെ വിളിക്കു്, അല്ലാതെ ഇനി വേറെ മാര്‍ഗ്ഗമില്ല...."

പറഞ്ഞുതീരുന്നതിനുമുമ്പേ, അയാള്‍ കൈമുട്ടു മടക്കി സജീഷിന്റെ ഇടനെഞ്ചിലേക്കാഞ്ഞിടിച്ചു. അടുത്ത നിമിഷാര്‍ദ്ധത്തില്‍ അയാളുടെ ചുരുട്ടിയ മുഷ്ടി, അവൻ്റെ താടിയെല്ലിലും കനത്തപ്രഹരമേല്പിച്ചു. പിന്നിലേക്കു മലര്‍ന്നുപോയ സജീഷിനെ ആരോ താങ്ങി, നിവര്‍ത്തിനിറു‍ത്തി. അതേ നിമിഷത്തില്‍ത്തന്നെ മുന്നില്‍ നിന്നിരുന്നയാളുടെ മുട്ടുകാല്‍ സജീഷിന്റെ അടിവയറ്റില്‍ ശക്തിയോടെ പതിച്ചു. ഉറക്കെക്കരഞ്ഞുകൊണ്ടു് അയാള്‍ കുനിഞ്ഞു നിലത്തിരുന്നുപോയി. പിന്നില്‍ നിന്നയാള്‍ ഊക്കില്‍ ചവിട്ടി. നിലത്തേയ്ക്കു മൂക്കിടിച്ചുവീണ അയാളുടെ ശരീരത്തിലെങ്ങും ചുറ്റുമുള്ളവരുടെ കാലുകള്‍ ആഞ്ഞുപതിച്ചുകൊണ്ടിരുന്നു.

"മതിയെടാ, നിര്‍ത്ത്, പോലീസ് എത്തി, ബാക്കി അവരു ചെയ്തോളും."

സമീപത്തു വന്നുനിന്ന ജീപ്പില്‍നിന്നു രണ്ടുപോലീസുകാര്‍ ഇറങ്ങി. അവര്‍ സജീഷിനെ തൂക്കിയെടുത്തു വണ്ടിയിലേക്കിട്ടു.

"ഇവന്റെ സംശയമെല്ലാം ഞങ്ങളിന്നുതന്നെ തീര്‍ത്തേക്കാം."

പോലീസ്സ്റ്റേഷനിലും കൊടിയമര്‍ദ്ദനംതന്നെയാണു സജീഷിനെ കാത്തിരുന്നതു്.... പീഡനങ്ങള്‍ക്കൊടുവില്‍ തളര്‍ന്നു ചോരയില്‍മുങ്ങി നിലത്തുവീണപ്പോള്‍ ആരുടേയോ നിര്‍ദ്ദേശം കേട്ടു.

"ലോക്കപ്പ് മരണമൊന്നും വേണ്ട; എന്തെങ്കിലും കുടിക്കാന്‍കൊടുത്തു് അവനെയേതെങ്കിലും ആശുപത്രിയിലാക്ക്..."

റമ്മിന്റെ രൂക്ഷഗന്ധം! 

തുറന്നകുപ്പി ,ആരൊക്കെയോചേര്‍ന്നു ബലമായി വായിലേക്കു തള്ളിക്കയറ്റിയതാണ്, അവസാനത്തെയോര്‍മ്മ...

"ഗ്ലാഡിസ്സ്, പെട്ടന്നു ഡോക്ടറെ വിളിക്കൂ, ഇയാളുടെ ഇ.സി.ജി. അബ്നോര്‍മ്മലാകുന്നു."

ഐ.സി.യു വിലെ നേഴ്സുമാര്‍ അവര്‍ക്കാവുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി.

സജീഷ് ഒന്നുമറിയുന്നുണ്ടായിരുന്നില്ല, അയാളപ്പോള്‍ കുറേ മാലാഖക്കുഞ്ഞുങ്ങളുടെ നടുവിലായിരുന്നു. അവര്‍ക്കൊപ്പം, അവരിലൊരാളായി പുതിയൊരു ലോകത്തേക്കയാള്‍ പറന്നുയര്‍ന്നു.

മദ്യലഹരിയില്‍ നാടോടി സ്ത്രീയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരുടെ മർദ്ദനമേറ്റ യുവാവു് ആശുപത്രിയില്‍ മരിച്ചു എന്ന സ്ക്രോള്‍ ന്യൂസ് കുറച്ചുസമയത്തിനപ്പുറം എല്ലാ ടി.വി. ചാനലുകളിലും തെളിഞ്ഞുതുടങ്ങി.

5 അഭിപ്രായങ്ങൾ:

  1. ഈ കഥയുടെ പ്രേരണ

    https://www.youtube.com/watch?v=hqo6ezvld_k

    മറുപടിഇല്ലാതാക്കൂ
  2. ഇഷ്ട്ടമായി - വേണ്ടും എഴുതൂ... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ഇവനെയൊന്നും ഈ ഭൂമിക്കു മേല്‍ ജീവിക്കാന്‍ അനുവദിക്കരുതു്. അതാണു് ചെയ്യേണ്ടതു്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനയ്ക്കും അഭിപ്രായക്കുറിപ്പിനും നന്ദി ഷാഹിദ്

      ഇല്ലാതാക്കൂ